PRAVASI

ഒരു നല്ല രാഷ്ട്രീയ നേതാവിന്റെ ഗുണങ്ങൾ എന്താണെന്നാണ് നിങ്ങൾ കരുതുന്നത്?

Blog Image

വിരലിലെണ്ണാവുന്ന ചിലർ തങ്ങളുടെ സ്വാഭാവികമായിട്ടുള്ള ഗുണങ്ങൾ കൊണ്ടും ജന്മനാ ഉള്ള കഴിവുകൾ കൊണ്ടും രാഷ്ട്രീയത്തിൽ എത്തപ്പെടാറുണ്ട്. നമ്മുടെ സ്വന്തം ശശിതരൂരിനെ പോലെ. അവർക്ക് വ്യക്തമായ കാഴ്ചപ്പാടുകളും (vision), മറ്റുള്ളവർക്ക് പ്രചോദനമാകാനുള്ള കഴിവും (inspiration), പ്രസംഗിക്കാനും ആളുകളോട് ഇടപഴകാനുമുള്ള (interpersonal communication) കഴിവുകളും, തുറന്ന മനസ്സും, ക്ഷമയും, ആധികാരികതയും നേതൃത്വപരമായ കഴിവുകളും ഒക്കെ ഉണ്ടാവും.

എന്നാൽ ഇന്ന് സാധാരണയായി രാഷ്ട്രീയ നേതൃത്വത്തിലുള്ള പല ആളുകളും ആ പദവിയിലേക്ക് എത്തുന്നത് ഒരു നല്ല നേതാവിന് ആവശ്യം വേണ്ട കഴിവുകൾ കൊണ്ടൊന്നുമല്ല. സമരം ചെയ്തും കല്ലെറിഞ്ഞും തരാതരം വർഗീയത വിളമ്പിയും പാർട്ടിയിലെ ഉയർന്ന നേതാക്കൾക്ക് നാരിയൽ പാനി കൊടുത്തും ചെരിപ്പെടുത്തും സുഖിപ്പിച്ചുമൊക്കെയാണ് ഉന്നത സ്ഥാനങ്ങളിലേക്ക് എത്തുന്നത്. ഇങ്ങനെയുള്ള ഒരു സെറ്റപ്പിൽ ഉയർന്ന നേതാക്കൾക്ക് ചോട്ടാ നേതാക്കളും ചെറിയവർക്ക് ബഡാനേതാക്കളും നിലനിൽപ്പിന് വളരെ പ്രധാനമാണ്. *ഒരു പരസ്പര സഹായ സഹകരണ സംഘം.*

ഇങ്ങനെയുള്ളവർക്ക് നേതാക്കളാവാൻ എത്തിക്സോ എന്തെങ്കിലും ഗുണങ്ങളോ ഒന്നും തന്നെ വേണ്ട. ഒരു ഇന്ത്യൻ പ്രണയകഥയിലെ അയ്മനം സിദ്ധാർത്ഥിനെ പോലെ. *അവർക്ക് ആകെ വേണ്ടത് വാളെടുക്കണം വലവിരിക്കണം*

*വേണ്ടിടത്തു വേണ്ട പോലെ വാൽ മടക്കണം*

*വേഷം കെട്ടണം നാണം മാറ്റണം*

*വേണ്ടീ വന്നാൽ വായ പൊത്തി ഇലയെടുക്കണം*

*മളോരെ കാണുമ്പോൾ നേരേ നിൽക്കണം*

*മേലോരെ കാലു തൊട്ട് തലയിൽ വയ്ക്കണം*

ഈ പാട്ട് കേൾക്കുമ്പോഴൊക്കെ എനിക്ക് ഓർമ്മ വരുന്നത് എന്റെ പരിചയത്തിൽ ഉള്ള ഒരു കുട്ടി രാഷ്ട്രീയ നേതാവിനെയാണ്. കക്ഷിയുടെ എക്സ്റ്റൻഡഡ് കുടുംബത്തിൽ കുറച്ചു വർഷങ്ങൾക്കു മുമ്പ് മരിച്ചുപോയ രണ്ടു നേതാക്കൾ ഉണ്ടായിരുന്നു. സാമുദായികമായും സാമൂഹികമായും രാഷ്ട്രീയമായും സ്വന്തം പരിശ്രമത്താൽ ഉയർന്നുവന്നവർ. ആ നാടിനു വേണ്ടപ്പെട്ടവർ.

എല്ലാവർഷവും രണ്ടുപ്രാവശ്യം സാമൂഹിക മാധ്യമങ്ങളിൽ ഈ കക്ഷിയുടെ പോസ്റ്റുകൾ പ്രത്യക്ഷപ്പെടും. അവരുടെ ഗുണഗണങ്ങൾ പ്രകീർത്തിച്ചുകൊണ്ട് കണ്ണീർ വാർത്ത് ഹൃദയം പൊട്ടിയുള്ള എഴുത്തുകൾ. അവരുടെ കുടുംബാംഗങ്ങളുടെയും നാട്ടുകാരുടെയും കമന്റും ലൈക്കുകളും വാങ്ങി നിറച്ചുകൊണ്ട്. സ്വന്തം അച്ഛനെക്കുറിച്ചോ മുത്തച്ഛനെ കുറിച്ചോ ഒരു ഓർമ്മക്കുറിപ്പ് പോലും എഴുതാത്ത, പ്രശസ്തിയും രാഷ്ട്രീയ ഭാവിയും നോക്കി ഗദ്ഗത കണ്ടനാകുന്ന ഈ കുട്ടിനേതാവിന്റെ പോസ്റ്റ് പ്രത്യക്ഷപ്പെടുമ്പോൾ എന്തോ എനിക്ക് അയ്മനം സിദ്ധാർത്ഥിനുമായി ഒരു സജീവ അന്തർധാര ഉള്ളതായി തോന്നാറുണ്ട്.
—————-///——————
നേരാനേരത്തു വാക്കു മാറ്റണം

കാലുമാറണം ചോടു മാറ്റണം

നാലാളു കൂടുമ്പോൾ കേറി നിൽക്കണം

ഓടിയേത്തേണം വീറു കാട്ടേണം

ആളുന്ന തീയിലു പിരിയെണ്ണ പാരണം

ആപത്തിൽ അവനോന്റെ തടി നോക്കണം
രാഷ്ട്രീയ ധാർമികത എന്നത് അശ്ലീലമായ ഈ കാലഘട്ടത്തിൽ വെറും 'ഉല്ലൂ ക്ക പട്ട' കളായി മാറിയ നമ്മുടെ നേതാവാകാൻ ഈ കഴിവുകളൊക്കെത്തന്നെ ധാരാളം.

 ആന്റണി ഫ്രാൻസിസ്

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.