PRAVASI

പവർ ഗ്രൂപ്പിനെതിരെ ശ്വേത ആത്മാർത്ഥമായി നിലകൊള്ളുമോ? ഹേമ കമ്മിറ്റി വിഷയത്തിൽ ചോദ്യങ്ങളുമായി വിനയൻ

Blog Image

താര സംഘടനയായ ‘അമ്മ’യിലെ തർക്കങ്ങൾക്കിടെ ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ശ്വേതാ മേനോന്റെ പരാമർശങ്ങളിൽ ചോദ്യങ്ങളുമായി സംവിധായകൻ വിനയൻ. അമ്മയിലെ പവർ ഗ്രൂപ്പിനെതിരെ ശ്വേത ആത്മാർത്ഥമായി നിലകൊള്ളുമോയെന്നും റിപ്പോർട്ടിലെ അന്വേഷണം പുനരാരംഭിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുമോയെന്നും അദ്ദേഹം ചോദിച്ചു. നാളിതുവരെ സംഘടനയിലെ ആരും ഹേമ കമ്മിറ്റി റിപ്പോർട്ടിനെ പിന്തുണച്ചിട്ടില്ലെന്നും റിപ്പോർട്ടിലെ 141 മുതൽ 144 വരെയുള്ള പേജുകളിൽ തങ്ങളെ വിലക്കിയ പവർ ഗ്രൂപ്പിനെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ടെന്നും വിനയൻ ചൂണ്ടിക്കാട്ടി.

അമ്മയിലെ ഗുരുതര ആരോപണങ്ങൾ നേരിടുന്ന പവർ ഗ്രൂപ്പിനെതിരെയാണ് തന്റെ പോരാട്ടമെന്നും അവർ ഒരിക്കലും സംഘടനയുടെ തലപ്പത്ത് വരില്ലെന്നും വ്യക്തമാക്കി ശ്വേതാ മേനോൻ മുൻപ് ഫേസ്ബുക്കിൽ കുറിച്ചിരുന്നു. സംഘടനയിൽ ചിലരുടെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് ചോദിച്ചപ്പോൾ വ്യക്തിപരമായ അധിക്ഷേപങ്ങളാണ് നേരിടേണ്ടി വന്നതെന്നും താൻ എപ്പോഴും ഇരകൾക്കൊപ്പമാണെന്നും ശ്വേത അവകാശപ്പെട്ടിരുന്നു.

അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ടതും എന്നാൽ സംഘടനയുടെ തലപ്പത്ത് വരാൻ ശ്രമിക്കുന്നതുമായ വ്യക്തികൾ ആരൊക്കെയാണെന്ന് ശ്വേത വ്യക്തമാക്കണമെന്ന് നടി മാലാ പാർവതിയും ആവശ്യപ്പെട്ടു. ‘അമ്മ’ സംഘടനയ്ക്കുള്ളിൽ ഭരണപരമായ തർക്കങ്ങളും പവർ ഗ്രൂപ്പിനെച്ചൊല്ലിയുള്ള വാഗ്വാദങ്ങളും മുറുകുന്ന സാഹചര്യത്തിലാണ് നേതാക്കളുടെ പരസ്യമായ ചേരിതിരിവ്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.