PRAVASI

സ്നേഹപൂർവ്വം ചാണ്ടി ഉമ്മന്

Blog Image

വി ഡി സതീശൻ മന്ത്രിസഭയിൽ നിന്നും ചാണ്ടി ഉമ്മൻ ഒഴിവായത് നന്നായി എന്ന് വിശ്വസിക്കുന്ന ആളാണ്‌ ഞാൻ. രണ്ടും മൂന്നും തവണ MLA ആയിട്ടുള്ള മറ്റു പലർക്കും കപ്പിനും ചുണ്ടിനും ഇടയിലൂടെ മന്ത്രിസ്ഥാനം നഷ്ടപ്പെട്ട സാഹചര്യങ്ങൾ വാർത്താമാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നു. അക്കൂട്ടത്തിൽ അവസാന നിമിഷംവരെ പരിഗണിക്കപ്പെട്ട താരതമ്യേന തുടക്കക്കാരനായ ആളായിരുന്നു ശ്രീ ചാണ്ടി ഉമ്മൻ. മറ്റുള്ളവർക്ക് വേണ്ടി മന്ത്രി പദം പലവട്ടം പരിത്യജിച്ചിട്ടുള്ള എക്കാലത്തെയും ജനകീയനായ കൊണ്ഗ്രെസ്സ് നേതാവ് ശ്രീ ഉമ്മൻ ചാണ്ടിയുടെ മകൻ, മറ്റുള്ളവർക്ക് വേണ്ടി സ്വയം മാറി നിൽക്കുമ്പോഴാണ് യഥാർത്ഥത്തിൽ ആ അതികായനായ അച്ഛന്റെ മകനാകുന്നത് . ഉമ്മൻ ചാണ്ടിയുടെ legacy ചാണ്ടി ഉമ്മനിലും പ്രതീക്ഷിക്കുന്ന കൊണ്ഗ്രെസ്സ് വികാരമുള്ള സാമാന്യ ജനം അദ്ദേഹത്തിൽ നിന്നും പ്രതീക്ഷിക്കുന്നതും ത്യാഗത്തിന്റെയും മറ്റുള്ളവരെക്കുറിച്ചുള്ള കരുതലിന്റെയും നിലപാടുകളാണ്.

വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ കടന്നുവന്ന്, യൂത്ത് കോൺഗ്രസിന്റെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും നേതൃനിരയിലേക്ക് ഉയർന്ന ഉമ്മൻ ചാണ്ടി 1970-ലാണ് ആദ്യമായി നിയമസഭയിൽ എത്തിയത്. 1977-ൽ സംസ്ഥാനത്ത് ആദ്യമായി തുടർഭരണം ഉണ്ടായപ്പോൾ, മന്ത്രിസഭയിലെ ഏറ്റവും ചെറുപ്പക്കാരനായ മന്ത്രിയായി ഉമ്മൻ ചാണ്ടി 33-ആം വയസ്സിൽ സത്യപ്രതിജ്ഞ ചെയ്തു.

1978 -ൽ ഇന്ദിരാഗാന്ധിയിൽ നിന്നും അകന്ന് ആന്റണി പക്ഷം ദേവരാജ് അരശിൻറെ നേതൃത്വത്തിൽ വേറെ പാർട്ടി ഉണ്ടാക്കുകയും ,1980 - നടന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ സിപിഎമുമായും കേരള കൊണ്ഗ്രെസ്സ് മാണി വിഭാഗവുമായും ചേർന്ന് പുതിയ സഖ്യം ഉണ്ടാക്കി അധികാരത്തിൽ എത്തുകയും ചെയ്തു. അന്ന് ‘എ’ കോൺഗ്രസിന്റെ മന്ത്രിമാരുടെ പട്ടികയിൽ ആദ്യം പരിഗണിക്കപ്പെട്ടത് ഉമ്മൻ ചാണ്ടിയുടെ പേരായിരുന്നു. എന്നാൽ ആ മന്ത്രി സഭയിൽ ചേരാതെ മാറി നിന്ന ആളാണ് ഉമ്മൻ ചാണ്ടി.

1982-ൽ വീണ്ടും ഇന്ദിരാ കോൺഗ്രെസ്സുമായി ചേർന്ന് തെരെഞ്ഞെടുപ്പ് വിജയം നേടിയപ്പോൾ, ദേശീയ രാഷ്ട്രീയത്തിൽ നിന്നും കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തിയ തന്നെക്കാൾ സീനിയറായ വയലാർ രവിക്ക് വേണ്ടി ആഭ്യന്തര മന്ത്രി സ്ഥാനവും ഒഴിഞ്ഞുകൊടുത്ത നേതാവാണ് ഉമ്മൻ ചാണ്ടി. 2001ൽ, ഇക്കഴിഞ്ഞ തെരെഞ്ഞെടുപ്പ് വിജയത്തിന് സമാനമായ ജനവിധിയിലൂടെ A K ആന്റണി സർക്കാർ അധികാരത്തിലേറിയപ്പോഴും, ലത്തീൻ കത്തോലിക്കാനായ കെ വി തോമസിന് വേണ്ടിയും മന്ത്രി സ്ഥാനം ത്യജിച്ച ചരിത്രം ഉമ്മൻ ചാണ്ടിക്കുണ്ട് .

പ്രിയപ്പെട്ട ചാണ്ടി ഉമ്മൻ... താങ്കളുടെ പിതാവ് പറഞ്ഞ പോലെ, മന്തിയുടെ അധികാരത്തെക്കാളും എത്രയോ വലിയ സ്ഥാനമാണ് ജനമനസ്സുകളിൽ ലഭിക്കുന്ന പവിത്രമായ സ്ഥാനം. ആ സ്ഥാനം നിലനിർത്താനായി ലാളിത്യത്തോടെ ജനങ്ങൾക്ക് വേണ്ടി പരിശ്രമിക്കൂ... അധികാരം നിശ്ചയമായും താങ്കളെ തേടിയെത്തും. 

 ചാണ്ടി കറുകപ്പറമ്പിൽ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.