PRAVASI

തിരുവല്ലയിൽ സ്വതന്ത്ര സ്ഥാനാര്‍ഥിയായി യൂട്യൂബര്‍ ചെകുത്താന്‍ അജു അലക്‌സ്

Blog Image

നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവല്ല മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരത്തിനിറങ്ങി യൂട്യൂബര്‍ ചെകുത്താന്‍ എന്ന അജു അലക്‌സ്. സൂക്ഷ്മ പരിശോധനയില്‍ അജു അലക്സിന്‍റെ പത്രിക സ്വീകരിച്ചു. സിനിമാ താരങ്ങൾ അടക്കം പ്രമുഖ വ്യക്തികൾക്കെതിരെ മോശം പരാമ‍ർശം നടത്തി പൊലീസ് കേസ് അടക്കം നേരിട്ട വ്യക്തിയാണ് അജു അലക്സ്. തിരുവല്ല മണ്ഡലത്തിന്റെ സമഗ്രമായ പുരോഗതി ലക്ഷ്യമിട്ടാണ് സ്വതന്ത്ര സ്ഥാനാർത്ഥിയായുള്ള മത്സരമെന്നാണ് അജു അലക്സ് ഫേസ്ബുക്ക് കുറിപ്പിൽ വിശദമാക്കുന്നത്. രാഷ്ട്രീയത്തിനതീതമായി ജനങ്ങളുടെ യഥാർത്ഥ ആവശ്യങ്ങൾ തിരിച്ചറിയുന്നതിനും അവയ്ക്ക് ശാശ്വത പരിഹാരം കാണുന്നതിനാണ് മുൻഗണന. തകർന്നു കിടക്കുന്ന റോഡുകളുടെ പുനരുദ്ധാരണം, സർക്കാർ ആശുപത്രികളുടെയും വിദ്യാലയങ്ങളുടെയും നിലവാരം ഉയർത്തൽ, കർഷകർ നേരിടുന്ന കടുത്ത പ്രതിസന്ധികൾക്ക് ശാസ്ത്രീയമായ പരിഹാരം കണ്ടെത്തൽ എന്നിവയാണ് പ്രഥമ ലക്ഷ്യങ്ങൾ. 

തിരുവല്ലയില്‍ 16 പേര്‍ പത്രിക നല്‍കിയിരുന്നെങ്കിലും 10 പത്രികകളാണ് സ്വീകരിച്ചത്. യു.ഡി.എഫില്‍ കേരള കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റില്‍ വര്‍ഗീസ് മാമനാണ് സ്ഥാനാര്‍ഥി. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാത്യു ടി. തോമസാണ്. ബി.ജെ.പിയുടെ അനൂപ് ആന്‍റണിയാണ് എന്‍.ഡി.എ സ്ഥാനാര്‍ഥി. നടൻ മോഹൻലാലിനെതിരെ അപകീർത്തിപരമായ പരമാർശം നടത്തിയതിന് ചെകുത്താൻ എന്ന അജു അലക്സിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. മോഹൻലാൽ പട്ടാള യൂണിഫോമിൽ വയനാട് ഉരുൾപൊട്ടൽ സ്ഥലം സന്ദർശിച്ചതിന് എതിരെയാണ് ചെകുത്താൻ യൂട്യൂബ് ചാനലിലൂടെ അപകീർത്തിപ്പെടുത്തി പരാമർശം നടത്തിയത്. ശ്രീനിവാസന്‍റെ മരണത്തെയും അയാള്‍ അപമാനിച്ചിരുന്നു.

അജു അലക്സിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

പ്രിയപ്പെട്ട വോട്ടർമാരെ,

തിരുവല്ലയുടെ മണ്ണും മനസ്സും അറിഞ്ഞുകൊണ്ട്, നമ്മുടെ മണ്ഡലത്തിന്റെ സമഗ്രമായ പുരോഗതി ലക്ഷ്യമിട്ടാണ് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഞാൻ ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയായി നിങ്ങളുടെ മുന്നിലെത്തുന്നത്. രാഷ്ട്രീയത്തിനതീതമായി ജനങ്ങളുടെ യഥാർത്ഥ ആവശ്യങ്ങൾ തിരിച്ചറിയുന്നതിനും അവയ്ക്ക് ശാശ്വത പരിഹാരം കാണുന്നതിനുമാണ് എന്റെ മുൻഗണന.

അഴിമതിരഹിതമായ ഭരണവും സുതാര്യമായ പ്രവർത്തനശൈലിയും ഉറപ്പുവരുത്താൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്. നമ്മുടെ മണ്ഡലത്തിലെ തകർന്നു കിടക്കുന്ന റോഡുകളുടെ പുനരുദ്ധാരണം, സർക്കാർ ആശുപത്രികളുടെയും വിദ്യാലയങ്ങളുടെയും നിലവാരം ഉയർത്തൽ, കർഷകർ നേരിടുന്ന കടുത്ത പ്രതിസന്ധികൾക്ക് ശാസ്ത്രീയമായ പരിഹാരം കണ്ടെത്തൽ എന്നിവ എന്റെ പ്രഥമ ലക്ഷ്യങ്ങളാണ്. കൂടാതെ, നമ്മുടെ യുവാക്കൾക്ക് മെച്ചപ്പെട്ട തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കായിക വിനോദ സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും ഞാൻ മുൻകൈ എടുക്കും.വാഗ്ദാനങ്ങൾ നൽകുന്നതിലുപരി പ്രവൃത്തിയിൽ വിശ്വസിക്കുന്ന ഒരാളായി നിങ്ങളുടെ ഇടയിൽ പ്രവർത്തിക്കാൻ എനിക്ക് ഒരു അവസരം നൽകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. തിരുവല്ലയുടെ നന്മയ്ക്കായി, നാളെയുടെ മാറ്റത്തിനായി നിങ്ങളുടെ ഓരോ വോട്ടും എനിക്ക് നൽകി അനുഗ്രഹിക്കണം. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ എനിക്ക് വോട്ട് രേഖപ്പെടുത്തി വിജയിപ്പിക്കുക.


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.