തിരുവനന്തപുരം മേയറായി ആര്യ രാജേന്ദ്രൻ തിരഞ്ഞെടുക്കപ്പെട്ടത് ന്യൂയോര്‍ക്ക് മേയറായി കഴിഞ്ഞ ദിവസം തിരഞ്ഞെടുക്കപ്പെട്ട സൊഹ്‌റാന്‍ മംദാനിയെ സ്വാധീനിച്ചിരുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ചെറുപ്പക്കാരായ ഒരു മേയര്‍ എന്നാണു ന്യൂയോര്‍ക്കില്‍ ഉണ്ടാകുക എന്നാണ് അഞ്ചു വര്‍ഷം മുന്‍പ് മംദാനി ട്വിറ്ററില്‍ കുറിച്ചത്. 21-ാം വയസില്‍ ആര്യ മേയറായതിനെ അഭിവാദ്യം ചെയ്തുകൊണ്ടാണ് അദ്ദേഹം കുറിപ്പിട്ടത്. മേയറാകാനുള്ള ശ്രമം അന്നു മുതല്‍ അദ്ദേഹം തുടങ്ങിയിരുന്നുവെന്നു വേണം കരുതാന്‍. ഒരു ഇടതുപക്ഷധാര അമേരിക്ക ഉള്‍പ്പെടെ ലോകത്ത് ശക്തിപ്പെടുന്നുണ്ട്. ട്രംപ് അടക്കം ആരു ശ്രമിച്ചാലും ലോകത്തിന്റെ ഭാവി നിശ്ചയിക്കുന്നതില്‍ സോഷ്യലിസത്തിനും അതിന്റെ ആശയങ്ങളുടെയും പ്രസക്തി കൂടി വരുന്നുവെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
തിരുവനന്തപുരം മേയറായി ആര്യാ രാജേന്ദ്രന്‍ തിരഞ്ഞെടുക്കപ്പെട്ട വാര്‍ത്ത 'ഇങ്ങനെയൊരു മേയര്‍ ന്യൂയോര്‍ക്കിനും വേണ്ടേ' എന്ന് ചോദിച്ചുകൊണ്ട് മംദാനി ഷെയര്‍ ചെയ്തിരുന്നു.

