"വഴി അറിയുന്നവനും, വഴിയേ പോകുന്നവനും ശരിയായ വഴി കാണിക്കുന്നവനുമാണ് യഥാര്‍ത്ഥ നേതാവ്"
നേതൃത്വം എന്നത് ഒരു വ്യക്തിയുടെ ഉയര്‍ന്ന കാഴ്ചകളിലേക്ക് ഉയര്‍ത്തുകയും സാധാരണ പരിമിതികള്‍ക്കപ്പുറം ഒരു വ്യക്തിത്വം കെട്ടിപ്പടുക്കുവാന്‍ സഹായിക്കുന്നതും കൂടിയാണെന്ന് തന്‍റെ പ്രവര്‍ത്തനത്തിലൂടെ പഠിപ്പിച്ച ഒരു വ്യക്തിത്വമുണ്ട് അമേരിക്കയിലെ വാഷിംഗ്ടണ്‍ ഡി.സിയില്‍,
ഡോ. ബാബു സ്റ്റീഫന്‍.
ഫൊക്കാനയുടെ ആദരണീയനായ പ്രസിഡന്റ് .
അമേരിക്കന്‍ ഇന്ത്യക്കാരുടെയിടയില്‍ നിറസാന്നിദ്ധ്യമായ മാദ്ധ്യമ പ്രവര്‍ത്തകന്‍, സാമൂഹ്യ പ്രവര്‍ത്തകന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍, നിരീക്ഷകന്‍, ബിസിനസ് സംരംഭകന്‍, ജീവകാരുണ്യ പ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം തന്‍റേതായ വ്യക്തിത്വം നിലനിര്‍ത്തുന്ന ഡോ. ബാബു സ്റ്റീഫന്‍റെ വഴിത്താരകള്‍ ആഗോള മലയാളി സമൂഹം മനസ്സിരുത്തി വിലയിരുത്തേണ്ട ചരിത്രമാണ്.
കേരളമെന്ന ഭൂമികയില്‍ നിന്ന് അമേരിക്കയെന്ന സാമ്രാജ്യത്തിലേക്ക് വളര്‍ന്ന, ഒരു പദവിയോ, സ്ഥാനമോ ഇല്ലെങ്കില്‍ പോലും നമുക്കെല്ലാം അഭിമാനകരമായി വളരുവാനും, ആളുകള്‍ സ്വമേധയാ പിന്തുടരുന്ന തരത്തിലുള്ള മാതൃകയാകുവാന്‍ സാധിച്ചത് ഡോ. ബാബു സ്റ്റീഫന്‍റെ സ്ഥിരോത്സാഹവും സ്വയം വളരുവാനുള്ള ആഗ്രഹവും, മറ്റുള്ളവരെ വളര്‍ത്തുവാനുമുള്ള ശ്രമവും ആണെന്ന് നിസംശയം പറയാം.
അമേരിക്കന്‍ ഇന്ത്യന്‍ സമൂഹത്തില്‍ നിന്നുകൊണ്ട് അമേരിക്കന്‍ രാഷ്ട്രീയാവസ്ഥകളിലേക്ക് നടന്നടുക്കുവാന്‍ ഇന്ത്യന്‍ സമൂഹത്തെ പ്രാപ്തരാക്കുവാന്‍ ഒരു മലയാളിക്ക് കഴിയുമെന്ന് തെളിയിക്കുവാന്‍, മലയാളി സമൂഹത്തിന്‍റെ സംഘടനാ പ്രവര്‍ത്തനത്തിന്‍റെ അമരത്തേക്ക് കടന്നുവന്നു 2022-2024 കാലയളവിലെ ഫൊക്കാന പ്രസിഡന്‍റായി തന്റെ പൊതുജീവിതത്തിന്റെ പ്രസക്തി ലോകമലയാളികൾക്ക് മുന്നിൽ അവതരിപ്പിക്കുകയാണ് ഡോ. ബാബു സ്റ്റീഫന്‍.
അമേരിക്കന്‍ ഇന്ത്യന്‍ പൊതുധാരയില്‍ നിന്ന് അമേരിക്കന്‍ രാഷ്ട്രീയ ധാരയിലേക്ക് കടക്കുവാന്‍ നിഷ്പ്രയാസം സാധിക്കുമായിരുന്ന ഒരാള്‍ ജനിച്ച നാടിന്‍റെ നന്മകളെ ഒപ്പം കൂട്ടി, തന്‍റെ പിന്‍തലമുറയെക്കൂടി അമേരിക്കയുടെ രാഷ്ട്രീയ ചരിത്രത്തിന്‍റെ ഭാഗമാക്കി മാറ്റാന്‍ ഫൊക്കാന പോലെ ജനകീയമായ ഒരു പ്രസ്ഥാനത്തെ തെരഞ്ഞെടുത്തതില്‍ യാതൊരു തെറ്റുമില്ല. അദ്ദേഹത്തിന്‍റെ ഈ വഴിത്താരയില്‍ അമേരിക്കന്‍ മലയാളികള്‍ ഒപ്പം കൂടിയാല്‍ മാത്രം മതി. ബാക്കിയെല്ലാം മുന്‍പില്‍ നിന്ന് നയിക്കുവാന്‍ അദ്ദേഹം തയ്യാര്‍.
മികച്ച നേതൃത്വം ഒരു സ്വാധീനമാണ്
'ഞാന്‍ ആഗ്രഹിക്കുന്നത് നല്ലത് ചെയ്യുവാന്‍ നല്ല മനുഷ്യരെ ഒപ്പം കൂട്ടുക എന്നതാണ്. നല്ലത് തെരഞ്ഞെടുക്കുവാനുള്ള വിവേകം അവര്‍ കാട്ടുമ്പോള്‍ അവര്‍ക്കൊപ്പം നില്‍ക്കുക എന്നതാണ് എന്‍റെ നയം'.
ഡോ. ബാബു സ്റ്റീഫന്‍ ഇത് പറയുമ്പോള്‍ നിശ്ചയദാര്‍ഢ്യമുള്ള ഒരു നേതാവിനെ നമുക്ക് കാണാം. ഇതിനോടകം ഫൊക്കാനയില്‍ മൂന്നു കേസുകള്‍ക്കായി ഏകദേശം 70,000 ഡോളര്‍ ചിലവാക്കി കഴിഞ്ഞു. എന്തിന്? ആര്‍ക്കുവേണ്ടി? ഫൊക്കാനയെ കേസുകളിലേക്ക്
വലിച്ചിഴച്ചവരും അവരുടെ സഹായികളും ഫൊക്കാനാ നേതൃത്വത്തില്‍ വീണ്ടും വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട സമയമാണിത്. സംഘടനയിലെ ഐക്യം വീണ്ടെടുത്ത് പുതിയ തലമുറയ്ക്കായി നമ്മള്‍ പ്രവര്‍ത്തിക്കണം. ലോകം മാറുന്നതിനനുസരിച്ച് സംഘടനാ സംവിധാനത്തിലും മാറ്റമുണ്ടാവണം. പുതുതലമുറ സജ്ജമാവണം. അവരെ ഒപ്പം കൂട്ടാന്‍ സജീവമായ ഇടപെടലുകള്‍ ഉണ്ടാവണം. അതിനു നിശ്ചയദാര്‍ഢ്യമുള്ള നേതൃത്വം വേണം. ബാബു സ്റ്റീഫന്‍റെ വാക്കുകള്‍ ദൃഢമാണ്.
ഫൊക്കാനയെ അടുത്തറിയാന്‍ മോഡി മുതല്‍
ബൈഡന്‍ വരെ
സ്വപ്നം കാണുമ്പോള്‍ രാജാവായിത്തന്നെ കാണുക എന്നതാണ് ഡോ. ബാബു സ്റ്റീഫന്‍റെ നയം. ഫൊക്കാനാ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ എന്നിവരെ നേരിട്ടു കാണും. നാല്‍പ്പത് വര്‍ഷമായി കേരളത്തിലും അമേരിക്കയിലുമായി പ്രവര്‍ത്തിച്ചു വരുന്ന, നാല്‍പ്പത് വര്‍ഷം കൊണ്ട് മാതൃരാജ്യത്തിന് കോടിക്കണക്കിന് രൂപയുടെ സഹായമെത്തിച്ച, സാമ്പത്തിക വരുമാനമെത്തിച്ച ഒരു പ്രവാസി സമൂഹത്തെക്കുറിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രിയേയും, അമേരിക്കന്‍ മണ്ണിലെ മലയാളി പ്രഭാവത്തെ അമേരിക്കന്‍ പ്രസിഡന്‍റിനേയും ധരിപ്പിക്കുവാന്‍ സാധിക്കണം. അതിന് ഫൊക്കാനയുടെ സംഘടനാശക്തി എല്ലാ തലത്തിലും വര്‍ദ്ധിപ്പിക്കണം. ലീഡര്‍ഷിപ്പ് വേണോ കസേരകളി വേണോ എന്ന് വോട്ടു ചെയ്യുന്നവര്‍ തീരുമാനിച്ചാല്‍ മാത്രം മതി. ഏത് ഭരണവ്യവസ്ഥയേയും നേരെ കൊണ്ടുവരുവാന്‍ സാധിക്കുമെന്ന് ഡോ. ബാബു സ്റ്റീഫന്‍ പറയുന്നു.ഫൊക്കാന പ്രസിഡന്റ് ആയ ശേഷം അദ്ദേഹം നടത്തിയ പ്രവർത്തന പദ്ധതികൾക്ക് നന്മയുടെ കണികകൾ ഏറെയുണ്ട് .കേരളത്തിൽ വീടില്ലാത്തവർക്ക് വീട് ,വിദ്യാഭ്യാസ സഹായം അദ്ദേഹത്തിന്റെ കരുതൽ എത്താത്ത ഇടങ്ങൾ ഇല്ല എന്നുതന്നെ പറയാം .അമേരിക്കയിലെ യുവ തലമുറയെ അമേരിക്കൻ രാഷ്ട്രീയത്തിന്റെ ഭാഗമാക്കുവാൻ രണ്ടു തരത്തിലുള്ള സ്‌കോളർഷിപ്പ് പദ്ധതികൾക്കാണ് അദ്ദേഹം തുടക്കം കുറിച്ചത് .ഫൊക്കാന ഇതുവരെ കാണാത്ത കൺവൻഷൻ വാഷിംഗ്ടൺ ഡിസിയിൽ നടത്തുവാൻ വേണ്ട ഒരുക്കത്തിലാണ് അദ്ദേഹം .
മാദ്ധ്യമ പ്രവര്‍ത്തനത്തില്‍ നിന്ന് നേതൃത്വ നിരയിലേക്ക്
ജനാധിപത്യ വ്യവസ്ഥയുടെ നാലാംതൂണാണ് മാദ്ധ്യമ പ്രവര്‍ത്തനം. അവിടെ നിന്നുമാണ് ഡോ. ബാബു സ്റ്റീഫന്‍റെ വരവ്. അമേരിക്കന്‍ ഇന്ത്യന്‍ സമൂഹത്തില്‍ ശ്രദ്ധേയമായ എക്സ്പ്രസ് ഇന്ത്യ, ഇന്ത്യ ദിസ് വീക്ക് എന്നീ പത്രങ്ങളുടെ പത്രാധിപര്‍ എന്ന നിലയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചാണ് മാദ്ധ്യമ പ്രവര്‍ത്തന രംഗത്ത് സജീവമായത്. പ്രാദേശിക മാദ്ധ്യമങ്ങള്‍ നിലനില്പിന്‍റെ ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ മാധ്യമം എന്ന നിലയില്‍ സ്വന്തം പത്രങ്ങളെ നിലനിര്‍ത്തുവാന്‍ ശ്രമിച്ചതും അദ്ദേഹത്തിന്‍റെ നിശ്ചയദാര്‍ഢ്യമാണ് എന്ന് ചിന്തിക്കുന്നതില്‍ അത്ഭുതമില്ല.
അമേരിക്കയിലെ ഇന്ത്യന്‍ മാദ്ധ്യമ പ്രവര്‍ത്തകരുടെ സംഘടനയായ ഇന്‍ഡോ അമേരിക്കന്‍ പ്രസ്ക്ലബിന്‍റെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍, കൈരളി ടിവിയുടെ സ്ഥാപകാംഗം, വാഷിംഗ്ടണ്‍ ഡിസിയിലെ ദര്‍ശന്‍ ടി.വി സ്ഥാപക പ്രൊഡ്യൂസര്‍ എന്നീ നിലകളിലെ മികച്ച പ്രവര്‍ത്തനം അദ്ദേഹത്തിന്‍റെ മാദ്ധ്യമപ്രവര്‍ത്തന ചരിത്രത്തിലെ ഏടുകളാണ്. കൈരളി ടി.വിയില്‍ 88 എപ്പിസോഡുകളിലായി സംപ്രേക്ഷണം ചെയ്ത ഷാജി എം. സംവിധാനം ചെയ്ത സമ്മര്‍ ഇന്‍ അമേരിക്കയുടെ നിര്‍മാതാവുമായിരുന്നു ഡോ. ബാബു സ്റ്റീഫന്.
ബിസിനസ്, രാഷ്ട്രീയം, സംഘാടനം
ഡോ. ബാബു സ്റ്റീഫന് ബിസിനസ് രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന ഒന്നാണ്. പിതാവ് ജോര്‍ജ് സ്റ്റീഫന്‍ കേരളത്തിലെ അറിയപ്പെടുന്ന ഏലം എസ്റ്റേറ്റ് ഉടമയായിരുന്നു. ദേവികുളം, ഉടുമ്പന്‍ചോല എന്നിവിടങ്ങളില്‍ ഉണ്ടായിരുന്ന ബിസിനസുകള്‍ക്ക് പുറമെ നാസിക്കിലും ബിസിനസ് സംരംഭങ്ങള്‍ ഉണ്ടായിരുന്നു അദ്ദേഹത്തിന്. അതുകൊണ്ട് ഇന്ത്യ മുഴുവന്‍ ബിസിനസ് സംബന്ധമായ യാത്രകളിലെല്ലാം ചെറുപ്പം മുതല്‍ ഡോ. ബാബു സ്റ്റീഫനും പിതാവിനൊപ്പം ഉണ്ടായിരുന്നു. പിന്നീട് ഡോ.
ബാബു സ്റ്റീഫന്‍ അമേരിക്കയില്‍ എത്തി റിയല്‍ എസ്റ്റേറ്റ്, ഹെല്‍ത്ത് കെയര്‍ ബിസിനസിലും സജീവമായി.
വാഷിംഗ്ടണ്‍ ഡി.സിയില്‍ നിന്ന് എം.ബി.എയും 2006-ല്‍ പിഎച്ച്.ഡിയും കരസ്ഥമാക്കുകയും ചെയ്തു. ഇന്ത്യന്‍ കള്‍ച്ചറല്‍ ഏകോപന സമിതിയുടെ പ്രസിഡന്‍റ്, യുണൈറ്റഡ് സ്റ്റേറ്റ് കോണ്‍ഗ്രസ് ഉപദേശക സമിതിയംഗം, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍സ് ഇന്‍ അമേരിക്ക റീജിയണല്‍ വൈസ് പ്രസിഡന്‍റ്, അസ്സോസിയേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ അമേരിക്കയുടെ പ്രസിഡന്‍റ് എന്നീ നിലകളിലെ പ്രവര്‍ത്തനം ഫൊക്കാനയെ ആഗോളതലത്തില്‍ അവതരിപ്പിക്കുന്നതിന് അദ്ദേഹത്തിന് മുതല്‍ക്കൂട്ടാവും. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വക്താവായ അദ്ദേഹം വാഷിംഗ്ടണ്‍ ഡി.സി മേയറുടെ ആദരവ് സ്വീകരിച്ചിട്ടുണ്ട്. അമേരിക്കയിലെ മികച്ച ബിസിനസ് സംരംഭകരെ മാത്രം ഉള്‍പ്പെടുത്തി വാഷിംഗ്ടണ്‍ ഡിസി മേയര്‍ നടത്തിയ ചൈനാ യാത്രാ സംഘത്തില്‍ പ്രത്യേക ക്ഷണിതാവായി ഡോ. ബാബു സ്റ്റീഫനും ഉണ്ടായിരുന്നു. സ്വന്തം ബിസിനസ് സംരംഭമായ ഡി.ഡി. ഹെല്‍ത്ത് കെയര്‍ ഐ.എന്‍. സിയുടെ സി.ഇ.ഒ, എസ്.എം റിയാലിറ്റി എല്‍. എല്‍. സിയുടെ പ്രസിഡന്‍റുമാണ് അദ്ദേഹം ഇപ്പോള്‍.
ഈ തിളക്കമാര്‍ന്ന അനുഭവങ്ങളില്‍ നിന്ന് അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ നേതൃത്വനിരയിലേക്ക് അദ്ദേഹം കടന്നുവന്നപ്പോൾ കഴിഞ്ഞ നാല്‍പ്പതു വര്‍ഷമായി ഫൊക്കാനയ്ക്ക് ഉണ്ടായിരുന്ന നേതൃത്വ സംവിധാനത്തിന് ഭാവി മലയാളി തലമുറയ്ക്ക് ഉതകുന്ന തരത്തില്‍ ഒരു പരിവര്‍ത്തനം ഉണ്ടാവുകയും ഫൊക്കാന ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെടുന്നതിന് വഴിയൊരുക്കുകയും ചെയ്യുമെന്ന് അദ്ദേഹം നമുക്ക് വാക്കുതരുന്നു.
കേരളവും ഫൊക്കാനയും; തുടക്കമായി 25 വീടുകളും
ഒരു നേതാവിന്‍റെ കാഴ്ചപ്പാട് നിറവേറ്റാനുള്ള ധൈര്യം ഉണ്ടാകുന്നത് അദ്ദേഹത്തിന് ലഭിക്കുന്ന സ്ഥാനമാനങ്ങളില്‍ നിന്നല്ല, മറിച്ച് അദ്ദേഹത്തിന്‍റെ അഭിനിവേശത്തില്‍ നിന്നുമാണ്. ഒരു യഥാര്‍ത്ഥ നേതാവിന് ഒറ്റയ്ക്ക് നില്‍ക്കുവാനുള്ള ആത്മവിശ്വാസത്തിന് പുറമെ മറ്റുള്ളവരുടെ ആവശ്യങ്ങള്‍ ശ്രദ്ധിക്കാനുള്ള അനുകമ്പകൂടി ഉണ്ടാകണം. ഡോ. ബാബു സ്റ്റീഫന്‍ തന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിനൊപ്പം തിരുവനന്തപുരം ജില്ലയിലെ നിര്‍ദ്ധനരായ 25 കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന പ്രഖ്യാപനവുമായാണ് രംഗത്ത് വന്നത്. 2022-2024 കാലയളവില്‍ തന്നെ പണി പൂര്‍ത്തിയാക്കി താക്കോല്‍ ദാനം നിര്‍വ്വഹിച്ചു തുടങ്ങി . കേരളത്തിന്‍റെ പ്രളയകാലത്ത് ഒരു കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.
ഇന്ത്യയിലെ മുപ്പതിലധികം എയര്‍ പോര്‍ട്ടില്‍ ഒ.സി. എ കാര്‍ഡ് കൗണ്ടര്‍ ഉണ്ടെങ്കിലും തിരുവനന്തപുരം, കൊച്ചി എയര്‍ പോര്‍ട്ടുകളില്‍ ഈ സൗകര്യം ഇല്ല. അതിനുള്ള ശ്രമം നടത്തും. പ്രവാസികളുടെ സ്വത്ത് സംരക്ഷണത്തിനായി പ്രവാസി ട്രൈബൂണല്‍ സ്ഥാപിക്കുവാന്‍ ശ്രമിക്കും. അമേരിക്കയില്‍ എത്തുന്ന ഇന്ത്യക്കാര്‍ക്കായി എംപ്ലോയ്മെന്‍റ് ഗൈഡന്‍സ് സെന്‍റര്‍ , ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അമേരിക്കന്‍ പഠനത്തിനായുള്ള ഗൈഡന്‍സ് പ്രോഗ്രാമുകള്‍ സംഘടിപ്പിക്കും.
കേരളത്തിനും, അമേരിക്കന്‍ മലയാളികള്‍ക്കും, ഇന്ത്യന്‍ സമൂഹത്തിനും കരുതലായി മുന്നോട്ട് പോകുമ്പോള്‍, രാഷ്ട്രീയ തലങ്ങളിലും ശ്രദ്ധ കൊടുക്കുമ്പോള്‍ ഫൊക്കാനയും ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെടുമെന്ന് ഡോ. ബാബു സ്റ്റീഫന്‍ വിശ്വസിക്കുന്നു.
കുടുംബം, വളര്‍ച്ച, ശക്തി
കോട്ടയം പാമ്പാടി പാലത്തിങ്കല്‍ ജോര്‍ജ് സ്റ്റീഫന്‍റേയും മേരിക്കുട്ടിയുടെയും മൂന്ന് മക്കളില്‍ മൂത്ത മകനാണ് ഡോ. ബാബു സ്റ്റീഫന്‍. പിതാവിന് ഏലം എസ്റ്റേറ്റും, ബിസിനസും ആയതിനാല്‍ വിവിധ സ്ഥലങ്ങളിലായിരുന്നു ബാല്യകാലവും പഠനവും ഏഴാം ക്ലാസ് വരെ കൊട്ടാരക്കരയിലും, എട്ടാം ക്ലാസ് മുതല്‍ പന്ത്രണ്ടാംതരം വരെ നാസിക്കിലും പഠനം. ബി.കോം ഡിഗ്രി പൂനയില്‍നിന്ന്. തുടര്‍പഠനങ്ങള്‍ അമേരിക്കയില്‍. 1975- ല്‍ പുനലൂര്‍ സ്വദേശി ഗ്രേസിയെ വിവാഹം ചെയ്തു. ഇപ്പോള്‍ ഗ്രേസി സ്റ്റീഫന്‍ ഡി.സി. ഹെല്‍ത്ത് കെയര്‍ പ്രസിഡന്‍റ്. ഏകമകള്‍ സിന്ധു സ്റ്റീഫന്‍ (എം.ഡി. ഗാസ്ട്രോ എന്‍ട്രോളജിസ്റ്റ്). ജിം ജോര്‍ജ് ആണ്
മരുമകന്‍.
ഏതൊരു വ്യക്തിയുടെയും ജീവിത വിജയത്തിന് പിന്നില്‍ അദ്ദേഹത്തിന്‍റെ കുടുംബം ഒരു നിര്‍ണ്ണായക ശക്തിയാകും എന്നതുപോലെ തന്നെ ഡോ. ബാബു സ്റ്റീഫന്‍റേയും വിജയത്തിന്‍റെ പിന്നിലെ ശക്തി അദ്ദേഹത്തിന്‍റെ കുടുംബം തന്നെ. ഈ ശക്തിയില്‍ നിന്നു തന്നെയാണ് ഫൊക്കാനയെന്ന പ്രസ്ഥാനത്തിന്‍റെ അമരത്തേക്ക് അദ്ദേഹം നടന്നടുക്കുന്നത്. ഒരു നേതാവ് പ്രായോഗികവും യാഥാര്‍ത്ഥ്യ ബോധത്തോടെ ചിന്തിക്കുന്നവനും, എന്നാല്‍ ഒരു ദര്‍ശകന്‍റേയും ആദര്‍ശവാദിയുടേയും ഭാഷ സംസാരിക്കുകയും ചെയ്യണം എന്നു പറയുന്നത് പോലെ ഡോ. ബാബു സ്റ്റീഫനും ചിന്തിക്കുന്നു.
ലോകം മാറുന്നതനുസരിച്ച് മാറ്റാന്‍, അമേരിക്ക മാറുന്നതനുസരിച്ച് അമേരിക്കന്‍ മലയാളികള്‍ മാറാന്‍, അമേരിക്കന്‍ രാഷ്ട്രീയ രംഗത്തേക്ക് മലയാളികളുടെ ഒരു പ്രതിനിധിയെ അയയ്ക്കാന്‍, ഉജ്വലമായ ഒരു സംസ്കാരം വളര്‍ത്തിയെടുക്കുവാന്‍ മലയാളി മാറിയെ പറ്റൂ.
എല്ലാവര്‍ക്കും ഒരേമനസ്സോടെ, പരാതിയും പരിഭവവും ഇല്ലാതെ, കേസുകള്‍ ഇല്ലാതെ, ഭിന്നതകള്‍ ഇല്ലാതെ ഫൊക്കാനയെ മുന്നോട്ട് കൊണ്ടു പോകണം. അതിന് ഒന്നായി നില്‍ക്കണം.
ഈ ചെറിയ കിണറിന് പുറത്ത് വിശാലമായ ലോകമുണ്ടെന്ന് സ്വയം തിരിച്ചറിയണം. 'അതിനാണ് ഡോ. ബാബു സ്റ്റീഫന്‍ എന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍റെ, ബിസിനസ് സംരംഭകന്‍റെ, സാമൂഹ്യ പ്രവര്‍ത്തകന്‍റെ ശ്രമം.
ഇതൊരു നല്ല സമയമാണ്. ആളും അര്‍ത്ഥവും റെഡി. ഇനി അമേരിക്കന്‍ മലയാളികള്‍ ഒപ്പം നിന്നാല്‍ മതി. ഡോ. ബാബു സ്റ്റീഫന്‍റെ വാക്കുകള്‍ വെറും വാക്കല്ല എന്ന് കാലം തെളിയിക്കുന്ന കാലം വിദൂരമല്ല. ഈ വഴിത്താരയില്‍ അദ്ദേഹത്തെ കാത്തിരിക്കുന്നത് നന്മയുടെ നിമിഷങ്ങളാണ്. ഫൊക്കാനയുടെ ആഗോള വളര്‍ച്ചയുടെ കാലങ്ങളാണ്. അതിന് അദ്ദേഹത്തിന് ലോകമലയാളികളുടെ പിന്തുണയുണ്ടാവട്ടെ..
അവരുടെ കൂടിച്ചേരലുകള്‍ ഉണ്ടാകട്ടെ. അവരുടെ സ്വപ്നങ്ങള്‍ പൂവണിയട്ടെ. അതിന് ഡോ. ബാബു സ്റ്റീഫന്‍റെ നേതൃത്വം തണലാകട്ടെ.