VAZHITHARAKAL

ഡോ. സജിമോന്‍ ആന്‍റണി; ഫൊക്കാനയുടെ പ്രൊഫഷണൽ മുഖം

Blog Image
നിങ്ങളുടെ പ്രവർത്തനങ്ങൾ മറ്റുള്ളവരെ കൂടുതൽ സ്വപ്നം കാണുവാനും പഠിക്കാനും, പ്രവർത്തിക്കുവാനും പ്രേരിപ്പിക്കുകയാണെങ്കിൽ നിങ്ങൾ നല്ല ഒരു സാമൂഹ്യ പ്രവർത്തകനാണ്

രു വ്യക്തിയുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചില സംഭവങ്ങള്‍ ഉണ്ട്. അവ ചിലപ്പോള്‍ അദ്ദേഹത്തിന്‍റെ ജീവിത ഗതിയെ തന്നെ മാറ്റിമറിച്ചേക്കാം. അത്തരം സംഭവങ്ങളെ തന്‍റെ  ജീവിതവിജയത്തിനായും, സമൂഹത്തിന്  മാതൃകയായും രൂപപ്പെടുത്തിയെടുക്കുന്നതിനെയാണ് പ്രൊഫഷണലിസം എന്ന് സാധാരണയായി അര്‍ത്ഥമാക്കുന്നത്. തന്‍റെ ജീവിത വിജയങ്ങളെ താന്‍ ഏര്‍പ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം  സജ്ജമാക്കി അവിടെയും വിജയത്തിന്‍റെ ഗാഥകള്‍ രചിക്കുന്ന നിരവധി വ്യക്തികളെ ഈ വഴിത്താരയില്‍ നാം കണ്ടുമുട്ടിയിട്ടുണ്ട്. പക്ഷെ തൊട്ടതെല്ലാം പൊന്നാക്കിയ ഒരു പ്രൊഫഷണല്‍ മുഖമുണ്ട് അമേരിക്കന്‍ മലയാളി സമൂഹത്തില്‍. ഫൊക്കാനയുടെ മുൻ ജനറല്‍ സെക്രട്ടറിയും 2024-2026 പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ  ഡോ. സജിമോന്‍ ആന്‍റണി. പുതിയ തലമുറ പഠിച്ച് അറിയേണ്ട ഒരു വ്യക്തിത്വം.


ഒരു മെഡിക്കല്‍ റപ്പില്‍ നിന്ന് അമേരിക്കയിലെ ബിസിനസ് മേഖലയിലേക്കും, സാമൂഹ്യ പ്രവര്‍ത്തനത്തിന്‍റെ മേഖലകളിലേക്കും പകരക്കാരില്ലാതെ സ്വന്തം  അദ്ധ്വാനം കൊണ്ട് വളര്‍ന്നു വന്ന ഒരു മലയാളി ചെറുപ്പക്കാരന്‍റെ  ഈ ജീവിത കഥയ്ക്ക് കൈപ്പില്ല, മറിച്ച് തനി മധുരമാണ്.

കോട്ടയത്തുനിന്ന് നോര്‍ത്ത് ഇന്ത്യയിലേക്ക്
കോട്ടയം, മറ്റക്കര കരിമ്പാനി പുളിക്കമൂഴിയില്‍ പരേതരായ പി. വി. ആന്‍റണിയുടെയും, ഏലിക്കുട്ടി ആന്‍റണിയുടെയും അഞ്ചാമത്തെ മകനാണ് സജിമോന്‍. പരമ്പരാഗത കര്‍ഷക കുടുംബമായിരുന്നു പിതാവിന്‍റേത്. മക്കള്‍ക്കെല്ലാം കൃത്യമായ വിദ്യാഭ്യാസം നല്‍കാന്‍ മറക്കാതിരുന്ന മാതാപിതാക്കളുടെ ശ്രദ്ധയില്‍ ഒന്നുമുതല്‍ പത്താം ക്ലാസ് വരെ മണലുങ്കല്‍ സെന്‍റ് അലോഷ്യസ് സ്കൂളിലായിരുന്നു സജിമോന്‍  ആന്‍റണിയുടെ പ്രാഥമിക, ഹൈസ്കൂള്‍ വിദ്യാഭ്യാസം. സെന്‍റ് തോമസ് കോളജ്  പാലായില്‍ ഡിഗ്രി സുവോളജി ബിരുദ പഠനം.  ഇടയ്ക്ക് പത്ത് ദിവസത്തെ വെക്കേഷന് ഭോപ്പാലില്‍ സഹോദരന്‍റെയടുത്തേക്ക് പോയി. അവിടെവച്ച്  ഒരു മെഡിക്കല്‍ റപ്പിന്‍റെ വേക്കന്‍സിയിലേക്ക് തമാശയ്ക്ക് ഒരു അപേക്ഷ അയയ്ക്കുന്നു. കമ്പനി അഭിമുഖത്തിന് വിളിക്കുന്നു. ജോലി ലഭിക്കുന്നു. സജിമോന്‍  ആന്‍റണിയുടെ ജീവിതത്തിന്‍റെ ടേണിംഗ് പോയിന്‍റിന് തുടക്കമായ അസുലഭ നിമിഷമായിരുന്നു ആ അപേക്ഷയും, ലഭിച്ച ജോലിയും.അതോടൊപ്പം  ഇന്ദിരാഗാന്ധി യൂണിവേഴ്സിറ്റിയില്‍ മാര്‍ക്കറ്റിംഗ് മാനേജ്മെന്‍റ് പഠനത്തിന് ചേര്‍ന്നു.


മാര്‍ക്കറ്റിംഗ് മാനേജ്മെന്‍റിന്‍റെ സാധ്യതകള്‍ എങ്ങനെ മരുന്ന് വിതരണ മേഖലയില്‍ പ്രയോജനപ്പെടുത്താം എന്ന ചിന്തയില്‍ സ്വീകരിച്ച ജോലി. മെഡിക്കല്‍ റപ്പ് ജോലിയുടെ വിജയം തലയെടുപ്പുള്ള കമ്പനിയുടെ ജോലിക്കാരനാവുക എന്നതു തന്നെയാണ്. ആദ്യ കമ്പനിയില്‍ നിന്ന് ടാബ്ലെറ്റ് ഇന്ത്യയിലേക്ക്, അവിടെനിന്ന്  സിപ്ല ലിമിറ്റഡ്, തുടര്‍ന്ന് പ്രശസ്തമായ നോവാര്‍ട്ടീസിലേക്ക്. നോവാര്‍ട്ടീസില്‍ എത്തിയതോടെ കരിയര്‍ പൂര്‍ണ്ണമായും മാറ്റത്തിന് വിധേയമായി. വളരെ വേഗം കമ്പനിയുടെ സെയില്‍സ് എക്സിക്യൂട്ടീവ് ഏരിയാ  മാനേജര്‍, മധ്യപ്രദേശ് - ഛത്തിസ്ഗഡ്, മഹാരാഷ്ട തുടങ്ങിയ വെസ്റ്റേണ്‍ റീജിയന്‍റെ ഇന്‍ ചാര്‍ജ് ആയി. 'ബെസ്റ്റ് മാനേജര്‍ ഓഫ് ദി കണ്‍ട്രി' പുരസ്കാര നിറവില്‍ സിംഗപ്പൂരിലേക്ക്  സ്പെഷ്യല്‍  പ്രോഗ്രാമിന് അയച്ചു. തിരിച്ച് ഇന്ത്യയില്‍ എത്തിയ  സജിമോന്‍  ആന്‍റണി  ടീമിനെ  ഗ്ലോബല്‍ ലെവലില്‍  ഒന്നാം സ്ഥാനത്തേക്ക് എത്തിക്കുവാനുള്ള പ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.
പ്രൊഫഷണല്‍ തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുവാന്‍ സാധിച്ചതാണ് തന്‍റെയും ടീമിന്‍റെയും വിജയമായി സജിമോന്‍  ആന്‍റണി വിലയിരുത്തുന്നത്. ഒരു കമ്പനി  വിശ്വസിച്ച് ഏല്‍പ്പിച്ച ഒരു ദൗത്യത്തില്‍ തന്‍റെ വിജയത്തിനായി മാത്രം പരിശ്രമിക്കാതെ, കമ്പനിയുടെയും, അവിടെ തൊഴിലെടുക്കുന്നവരുടെയും  സമഗ്രമായ വിജയത്തിനും പ്രാഥമിക പരിഗണന നല്‍കിയുള്ള പ്രവര്‍ത്തനം കൊണ്ട് ഗ്ലോബല്‍ തലത്തില്‍ സെയില്‍സ്, മാര്‍ക്കറ്റിംഗ്, സെയില്‍സ് ഓപ്പറേഷന്‍സ്  എന്നിവയില്‍ ഒന്നാം സ്ഥാനത്തേക്ക് തന്‍റെ ടീമിനെ  നയിക്കുകയായിരുന്നു.

 പ്രതിസന്ധികളില്‍ തളരാതെ
ജീവിതത്തിലെ പ്രതിസന്ധികള്‍ പലര്‍ക്കും വ്യത്യസ്ത തരത്തിലാണ്. കാര്‍ഷിക കുടുംബമാണെങ്കിലും സാമ്പത്തിക പ്രതിസന്ധി കാര്യമായി ബാധിക്കാത്ത കുടുംബമായിരുന്നു സജിമോന്‍  ആന്‍റണിയുടേത്. വിവിധ കാലയളവുകളില്‍   പിതാവിന്‍റെ മരണം, ജേഷ്ഠന്‍റെ മരണം, രോഗം കൊണ്ട്  അമ്മ കോമാ സ്റ്റേജിലേക്ക് പോയ സമയത്താണ് നോവാര്‍ട്ടീസ് കമ്പനി ഗ്ലോബല്‍ തലത്തില്‍ ജോലി ചെയ്യുന്നതിനായി വിവിധ രാജ്യങ്ങളില്‍ നിന്ന് എട്ട് പേരെ നിയമിച്ചത്. ഇന്ത്യയില്‍ നിന്ന് രണ്ട്പേരെ തെരഞ്ഞെടുക്കുന്നതിനായി മുംബൈയില്‍ അഭിമുഖം. തിരികെ ഭോപ്പാലില്‍  എത്തിയപ്പോഴേക്കും കമ്പനിയില്‍ നിന്നും വിളിവന്നു. ഇന്ത്യയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട രണ്ടു പേരില്‍  സജിമോന്‍  ആന്‍റണിയും. കമ്പനിയെ പ്രൊഫഷണല്‍ രീതിയില്‍ വളര്‍ത്തിയതിനുള്ള അംഗീകാരമായി അത്. വിവിധ രാജ്യങ്ങളിലേക്കുള്ള യാത്രകള്‍, കമ്പനിയുടെ സമഗ്രമായ വളര്‍ച്ച, മറ്റു രാജ്യങ്ങളിലെ കമ്പനികളുടെ പ്രൊഫഷണിലസമായിരുന്നു തനിക്ക് പ്രചോദനം. എത്ര ചെറിയ റിസള്‍ട്ടാണ് കിട്ടുന്നതെങ്കിലും വീണ്ടും വീണ്ടും വിജയത്തിലെത്താനുള്ള ശ്രമമായിരുന്നു ലക്ഷ്യത്തിലേക്കുള്ള വഴിയായി  സജിമോന്‍  ആന്‍റണി കണ്ടിരുന്നത്.
ഇവിടെയെല്ലാം വഴികാട്ടിയായി മാതാപിതാക്കളില്‍ നിന്നും, കുടുംബത്തില്‍ നിന്നും ലഭിച്ച നന്മകള്‍ കൂടെയുണ്ടായിരുന്നു. വേദനകള്‍ എല്ലാം വലുതായിരുന്നു എങ്കിലും അവയെ എല്ലാം ചെറുതായി മനസ്സില്‍ സൂക്ഷിക്കുകയും തന്‍റെ പ്രവര്‍ത്തനത്തിന് അവയെ വിശുദ്ധിയുടെ തണലായി ഒപ്പം കൂട്ടുകയും ചെയ്തു. പക്ഷെ ഇതിനിടയില്‍ അമ്മയുടെ മരണം വല്ലാതെ തളര്‍ത്തി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
അമേരിക്ക; അവസരങ്ങളുടെ നാടും സ്വയം നേടിയ വിജയവും
2005 ല്‍ ന്യൂജേഴ്സിയിലെ ഈസ്റ്റ് ഹാനോവറിലുളള നോവാര്‍ട്ടീസ് ഇന്‍റര്‍നാഷണലില്‍ ഗ്ലോബല്‍ ലീഡറില്‍ ഒരാളായി നിയമനം ലഭിച്ചത് കരിയറില്‍ വലിയ വഴിത്തിരിവായി. നേടാവുന്നതിന്‍റെ ഏറ്റവും വലിയ പദവിയിലേക്ക് സ്വന്തം അദ്ധ്വാനം കൊണ്ട് നടന്നടുത്ത സജിമോന്‍  ആന്‍റണി ആ സമയത്ത് ഒരു തീരുമാനമെടുത്തു.
മാറ്റം അനിവാര്യമാണ്. കുടുംബമായി അമേരിക്കയില്‍ സെറ്റിലാവണം. രണ്ട്  വര്‍ഷം നൊവാര്‍ട്ടിസ് ഫാര്‍മസ്യൂട്ടിക്കല്‍ യു.എസ്.എയില്‍ സേവനമനുഷ്ടിച്ച ശേഷം ഫിനാഷ്യല്‍ പ്ലാനിംഗ്, ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്‍റ് ആയി ജോലി തുടങ്ങി. ജീവിതത്തില്‍ പുതിയത് കണ്ടെത്തുവാനും, അവയെ രാകിമിനുക്കിയെടുക്കുവാനുമുള്ള കഴിവിന് പുതിയ മേഖലയിലും അംഗീകാരം ലഭിച്ചു. അതിനിടയില്‍ വീണ്ടും പഠിക്കുവാന്‍ അവസരം കണ്ടെത്തി. ഫിലോസഫിയില്‍  ഡോക്ടറേറ്റ് നേടി സജിമോന്‍ ആന്‍റണി ഡോ. സജിമോന്‍ ആന്‍റണിയായി.

ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്‍റ്, റിയല്‍ എസ്റ്റേറ്റ്, എം.സ്.ബി.ബില്‍ഡേഴ്സ്, ഹെല്‍ത്ത് കെയര്‍.
വിജയഗാഥയുടെ നാള്‍വഴികള്‍

ഏതൊരു വ്യക്തിയുടെയും  വിജയത്തിന് പിന്നില്‍  കൂട്ടായി നില്‍ക്കുന്നത് അദ്ദേഹത്തിന്‍റെ സ്ഥിരോത്സാഹമാണ്. സജിമോന്‍  ആന്‍റണിയുടെ വിജയഗാഥയുടെ വഴിയില്‍ കൂട്ടായി നിന്നതും അദ്ദേഹത്തിന്‍റെ നിശ്ചയദാര്‍ഢ്യവും പ്രൊഫഷണല്‍ കാഴ്ചപ്പാടുമാണെന്ന് തെളിയിച്ച രണ്ട് ഇടങ്ങള്‍ ആയിരുന്നു  റിയല്‍ എസ്റ്റേറ്റും, കണ്‍സ്ട്രക്ഷന്‍ മേഖലയും. എം. എസ്. ബി. ബില്‍ഡേഴ്സിന്‍റെ തുടക്കവും വളര്‍ച്ചയും വളരെ പെട്ടെന്നായിരുന്നു. ന്യൂജേഴ്സിയില്‍ നിരവധി കുടുംബങ്ങള്‍ക്ക് വീടുകള്‍ വാങ്ങി നല്‍കുകയും, ഏറ്റവും കൂടുതല്‍ വീടുകള്‍ വില്‍പ്പന നടത്തുകയും ചെയ്ത് ശ്രദ്ധേയമായ പുരസ്കാരങ്ങളും നേടി. രണ്ടിടങ്ങളില്‍  വിജയഗാഥ രചിച്ച ശേഷം ഹെല്‍ത്ത് കെയര്‍ മേഖലയിലേക്ക് തിരിഞ്ഞു. 2019 ല്‍ 'മോം ആന്‍ഡ് ഡാഡ്' എന്ന ഹെല്‍ത്ത് കെയര്‍ സ്ഥാപനം തുടങ്ങി. മാതാവിന്‍റേയും, പിതാവിന്‍റെയും ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ പ്രണാമമര്‍പ്പിച്ച് തുടങ്ങിയ പ്രസ്ഥാനം കരുതലിന്‍റേയും കരുണയുടേയും വളര്‍ച്ചയുടെ പാതയിലാണിപ്പോള്‍.

വാഗ്മി, അവതാരകന്‍
അപ്രതീക്ഷിതമായി മെഡിക്കല്‍ റപ്പായി സേവനം തുടങ്ങിയ സജിമോന്‍  ആന്‍റണി ഈ മേഖലയിലേക്ക് വന്നില്ലായിരുന്നു  എങ്കില്‍ ഒരു മെഡിക്കല്‍ ഡോക്ടറോ , ഒരു ഡിബേറ്ററോ, ഒരു മാദ്ധ്യമ പ്രവര്‍ത്തകനോ, ഒരു രാഷ്ട്രീയക്കാരനൊ ഒക്കെ ആയി മാറിയേനെ. അതിനുള്ള വഴിമരുന്നുകള്‍ ചെറുപ്പം മുതല്‍ക്കെ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. പ്രസംഗത്തിനും, ഡിബേറ്റിനും ചെറുപ്പം മുതല്‍ക്കെ ഉണ്ടായിരുന്ന കമ്പം യാഥാര്‍ത്ഥ്യമാകുന്നത് പേരപ്പന്‍റെ  കൊപ്രാ അട്ടിപ്പുരയില്‍ ജോലിക്കെത്തുന്നവരുടെ മുമ്പിലായിരുന്നു. തന്‍റെ പ്രസംഗം ഇഷ്ടപ്പെടുന്ന പിതാവും, ജോലിക്കാരുമൊക്കെ കടല മിഠായി, നാരങ്ങാ മിഠായി ഒക്കെ സമ്മാനമായി നല്‍കി പ്രോത്സാഹിപ്പിച്ചത് ജീവിത വിജയത്തിന്‍റെ മേമ്പൊടിയായി മാറി. ഒരു സദസിന്‍റെ മുന്‍പില്‍ നിന്ന് ഭയം കൂടാതെ സംസാരിക്കാനുള്ള ബാലപാഠം ലഭിച്ചത് സ്വന്തം വീട്ടില്‍ നിന്നു തന്നെ. പ്രസംഗത്തിനും, ഡിബേറ്റിനും, പാട്ട് മത്സരത്തിനും സ്കൂള്‍, ഡിസ്ട്രിക്ട്, കോളജ് തലത്തിലും സമ്മാനം. തുടര്‍ന്ന് എത്തിപ്പെട്ട സ്ഥലങ്ങളിലെല്ലാം പേഴ്സണാലിറ്റി ഡവലപ്പ്മെന്‍റ് ക്ലാസുകള്‍, മോട്ടിവേഷണല്‍ ക്ലാസുകള്‍, ഏത് വിഷയങ്ങളെക്കുറിച്ചും സംസാരിക്കുവാനുള്ള കഴിവ്, ന്യൂസ് 18 ചാനലില്‍ പാനല്‍ ഗസ്റ്റായി അവസരം ലഭിച്ചത് മാദ്ധ്യമ രംഗത്തേക്കും വഴികള്‍ തുറന്നു. 2020ലെ ട്രംപും ബൈഡനുമായുള്ള പ്രസിഡന്‍റ് ഇലക്ഷന്‍റെ റിപ്പോര്‍ട്ടിങ് ആണ് ആദ്യത്തെ ടി.വി. അവതരണം ,  പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അമേരിക്കന്‍ സന്ദര്‍ശനവും, റഷ്യ ഉക്രൈന്‍ യുദ്ധവും റിപ്പോര്‍ട്ടിംഗ് ഇവയെല്ലാം തന്‍റെ കരിയറിനെ മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സജിമോന്‍  ആന്‍റണിയെ ബലപ്പെടുത്തി നിര്‍ത്തിയ അനര്‍ഘ നിമിഷങ്ങളാണെന്ന് പറയാം.

മികച്ച സംഘാടനത്തിലൂടെ ഫൊക്കാനയിലേക്ക്
സദാ കര്‍മ്മനിരതനായ ഒരാള്‍ക്ക് ഓരോ സമയവും വിലപ്പെട്ടതാണ്. കരിമ്പാനി പള്ളിയില്‍  എല്ലാ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കും ചെറുപ്പം മുതല്‍ സജീവമായിരുന്നു സജിമോന്‍  ആന്‍റണി. ചെറുപുഷ്പ  മിഷന്‍ ലീഗ്, സി. വൈ. എം എന്നിവയുടെ പ്രസിഡന്‍റായിരുന്നു. പ്രധാന പ്രവര്‍ത്തനം  ഇലക്ട്രിസിറ്റി ബോര്‍ഡിനെ സഹായിക്കലായിരുന്നു. ഒരു ചെറിയ കാറ്റ് വന്നാലും നാട്ടിലെ  മരങ്ങള്‍ ലൈന്‍ കമ്പികളിലേക്ക് വീഴും. കറണ്ട് പോകുന്ന അവസ്ഥ. ഇതൊഴിവാക്കാന്‍ പള്ളിയുടെ നേതൃത്വത്തില്‍ കമ്പ് മുറിക്കല്‍ പരിപാടിയായിരുന്നു പല ഞായറാഴ്ചകളിലും. മലിനജലം ഒഴുകിപ്പോകുവാനും, ശുദ്ധജല സംഭരണത്തിനുമായി   ഓടകള്‍ തെളിക്കുക, വീടില്ലാത്ത കുടുംബങ്ങള്‍ക്ക് വീടു വെച്ചു  നല്‍കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സജീവമായി. അമേരിക്കയില്‍ എത്തിയ ശേഷം ഫാ.മാത്യു കുന്നത്ത് ചാരിറ്റബിള്‍ ഫൗണ്ടേഷനിലൂടെ സജിമോന്‍  ആന്‍റണി സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഫൗണ്ടേഷന്‍റെ ജൂബിലി സുവനീറിന്‍റെ എഡിറ്റോറിയല്‍ ബോര്‍ഡില്‍ പ്രവര്‍ത്തിച്ച അദ്ദേഹം അമേരിക്കന്‍ പ്രസിഡന്‍റ് ബറാക്ക് ഒബാമ മുതല്‍ ഇന്ത്യന്‍ പ്രസിഡന്‍റ് പ്രതിഭാപാട്ടീലിനെ വരെ അണിനിരത്തിയാണ് സൂവനീര്‍ പുറത്തിറക്കിയത്. തുടര്‍ന്ന് കുന്നത്ത് ഫൗണ്ടേഷന്‍ പ്രസിഡന്‍റ്, മലയാളി  അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിയുടെ സ്ഥാപക വൈസ് പ്രസിഡന്‍റ്, പിന്നീട് പ്രസിഡന്‍റ് ആയി, 2013 ല്‍ ഫൊക്കാനയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചു. 2016ല്‍ നാഷണല്‍ കമ്മറ്റി മെമ്പര്‍ ആയി. 2018-2020 ട്രഷറര്‍. 2020 - 2022 കാലയളവില്‍ ജനറല്‍ സെക്രട്ടറി,2024 - 2026  കാലയളവിൽ ഫൊക്കാന പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിക്കുമ്പോൾ ഒരു മികച്ച ടീമിനെ അദ്ദേഹം അമേരിക്കൻ മലയാളികൾക്ക് മുൻപിൽ അവതരിപ്പിക്കുന്നു 

ഫൊക്കാനയില്‍ പ്രൊഫഷണലിസം
കൊണ്ടു വന്ന ട്രഷററും, ജനറല്‍ സെക്രട്ടറിയും

ന്യൂജേഴ്സിയിലെ സാംസ്കാരിക സാമൂഹിക മേഖലയില്‍ സജിമോന്‍  ആന്‍റണിയുടെ നേതൃത്വ പാടവമാണ് 2018 ല്‍ ഫൊക്കാന ട്രഷററും 2020 ല്‍ ജനറല്‍ സെക്രട്ടറിയായും  തെരഞ്ഞെടുക്കപ്പെടുവാനുള്ള  സാഹചര്യം ഉണ്ടായത്. ഫൊക്കാന ട്രഷറര്‍ ആയിരിക്കുമ്പോള്‍ ഫൊക്കാന  ഭവനം പ്രോജക്ടില്‍ ഒരു വീടിനുള്ള തുക നല്‍കിക്കൊണ്ട് ഒരു വലിയ പദ്ധതിക്ക് തുടക്കമിട്ടു.  'ഫൊക്കാന ഭവനം പ്രോജക്ട്' . ഇടുക്കിയിലെ ഭവനരഹിതരായ  തോട്ടം തൊഴിലാളികള്‍ക്ക് പാര്‍പ്പിടം നല്‍കുന്ന ഒരു പദ്ധതി. 'ഒരു ലീഡര്‍ഷിപ്പില്‍ നില്‍ക്കുമ്പോള്‍ നമ്മള്‍ സഹായിച്ച ശേഷം തുടങ്ങുക' എന്നതാണ് തന്‍റെ സാമൂഹ്യപ്രവര്‍ത്തനത്തിന്‍റെ ശൈലി എന്ന് സജിമോന്‍  ആന്‍റണിപറയുന്നു. നാല് വര്‍ഷങ്ങളില്‍ ഫൊക്കാനയ്ക്കൊപ്പം നിന്നു കൊണ്ട് ഒരു പ്രൊഫഷണല്‍ ശൈലി സംഘടനയ്ക്ക് കൊണ്ടുവന്നിട്ടുണ്ട്. ഫൊക്കാന മെഡിക്കല്‍ കാര്‍ഡിന് തുടക്കം കുറിച്ചു. അമേരിക്കന്‍, കനേഡിയന്‍ മലയാളികള്‍ക്കും നാട്ടിലുള്ള  ബന്ധുക്കള്‍ക്കുമാണ്  ഈ പദ്ധതികൊണ്ട് ഗുണം ലഭിക്കുക. 2000 ആളുകള്‍ ഈ പദ്ധതിയുടെ ഗുണഭോക്താക്കളാണ് ഇപ്പോള്‍.
സെക്കന്‍റ് ജനറേഷനെ ആകര്‍ഷിക്കുവാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങുവാന്‍ യൂത്ത് എംപവര്‍മെന്‍റ് പ്രോഗ്രാം, മെന്‍റെര്‍ഷിപ്പ് പ്രോഗ്രാം തുടങ്ങിയവ ആരംഭിച്ച് പ്രവര്‍ത്തനം തുടങ്ങുവാന്‍ സാധിച്ചിട്ടുണ്ട്. വോളണ്ടിയര്‍ പ്രസിഡന്‍ഷ്യല്‍ സര്‍വ്വീസ് എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ് ഫൊക്കാനയ്ക്ക്  നേടിയെടുക്കുവാന്‍ സാധിച്ചു. കോവിഡ്  കാലത്ത് ഒരു ടാസ്ക് ഫോഴ്സിനെ ചുമതലപ്പെടുത്തി. ടാസ്ക്ഫോഴ്സിന്‍റെ കോര്‍ഡിനേറ്റര്‍ ആയിരുന്ന സജിമോന്‍ ആന്‍റണിയുടെ നേതൃത്വത്തില്‍ ഒന്നര കോടി വിലയുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ നാട്ടിലെത്തിച്ചു. അമേരിക്കയിലെ യുവതലമുറയെ സജ്ജരാക്കി കോവിഡ് കാലത്ത് നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. കേരളത്തില്‍ ഗംഭീരമായ കേരളാ കണ്‍വന്‍ഷന്‍ നടത്തുവാന്‍ സാധിച്ചു. ഇവിടെയെല്ലാം ഭാവി ഫൊക്കാനയുടെ ഒരു പുതിയ ശൈലിക്ക്  തുടക്കം കുറിക്കുവാന്‍  സജിമോന്‍  ആന്‍റണിയുടെ നേതൃത്വത്തിന് സാധിച്ചു. പ്രസിഡന്‍റ് ജോര്‍ജി വര്‍ഗീസ് ഉള്‍പ്പെടെയുള്ളവരുടെ പിന്തുണയും കരുത്തായി എന്ന് അദ്ദേഹം പറയുന്നു. ഒരേ മനസോടെയുള്ള പ്രവര്‍ത്തനമാണ് ഫൊക്കാനയുടെ നാളിതുവരെയുള്ള വിജയത്തിനാധാരം.

കുടുംബം ശക്തി , സമ്പത്ത്
എന്നും കുടുംബത്തിന്‍റെ തണലാണ് തന്‍റെ വിജയത്തിന്‍റെ ആത്മ ബലമെന്ന് സജിമോന്‍  ആന്‍റണി വിശ്വസിക്കുന്നു. ഭാര്യ ഷീന സജിമോന്‍ (നേഴ്സ് എജ്യുക്കേറ്റര്‍, മോം ആന്‍ഡ് ഡാഡ് ഹെല്‍ത്ത് കെയര്‍ ഡയറക്ടര്‍) മക്കള്‍ ഇവ (ഒന്നാം വര്‍ഷ കോളേജ്), എവിന്‍ (പത്താം ക്ലാസ്), ഈഥന്‍ (മൂന്നാം ക്ലാസ്) എന്നിവരുടെ അകമഴിഞ്ഞ പിന്തുണ കൂടിയാകുമ്പോള്‍ തന്‍റെ വിജയത്തിന് നൂറുമേനി തിളക്കമാകുന്നു.
സജിമോന്‍ ആന്‍റണി നേടിയതെല്ലാം ആരുടെയും ഔദാര്യത്തിന് കാത്തു നില്‍ക്കാതെ നേടിയതാണ്. അവിടെയെല്ലാം തന്‍റെ കഷ്ടപ്പാടിന്‍റെ വഴിത്താരകള്‍ ഉണ്ട്. ഒരു സജിമോന്‍ സ്റ്റൈല്‍ ഉണ്ട്. ഒരു പ്രൊഫഷണല്‍ ടച്ചുണ്ട്. നേടിയതിനേക്കാള്‍ ഇനിയും നേടാനുണ്ട് എന്ന വിശ്വാസവും ഇവിടെ മരുഭൂമിയായാണെങ്കില്‍  അങ്ങകലെ ഒരു തെളിനീരുറവ നമ്മെ കാത്തിരിക്കുന്നുണ്ടെന്നു  ഒപ്പം നില്‍ക്കുന്നവരെ ബോദ്ധ്യപ്പെടുത്തുവാനും അവര്‍ക്ക് മുന്‍പില്‍ നിന്ന് ലക്ഷ്യത്തിലെത്തുവാനും സജിമോന്‍ ആന്‍റണിക്ക്  മടിയില്ല.കാരണം ആ മടിയില്ലായ്മയാണ് തന്‍റെ വിജയത്തിന്‍റെ കാതല്‍ എന്ന് പുതുതലമുറയ്ക്ക് കാണിച്ചു കൊടുക്കുകയാണ് അദ്ദേഹം.


'ജീവിതം അര്‍ത്ഥമാകണമെങ്കില്‍ ജീവിച്ചിരിക്കുന്ന സമയത്ത് നമ്മളാല്‍ കഴിയുന്ന രീതിയില്‍ സമൂഹത്തിനു നന്മകള്‍ ചെയ്യുവാന്‍ സാധിക്കുന്നില്ലായെങ്കില്‍  നമ്മുടെ ജീവിതത്തിന് യാതൊരു അര്‍ത്ഥവുമില്ല' എന്ന് സജിമോന്‍ ആന്‍റണി വിശ്വസിക്കുന്നു.
ഇങ്ങനെ ഏവര്‍ക്കും പിന്തുടരാവുന്ന ഒരു ശൈലി ഒരു സമൂഹത്തിന് സമ്മാനിക്കുന്നത് വരുംകാലത്തിന് ഒരു കരുതല്‍ കൂടിയാണ്. ഈ മനുഷ്യന്‍ വരും കാലത്തിനെ ഇപ്പോഴെ മനസില്‍ നിര്‍മ്മിക്കുന്നവനാണ്. അമേരിക്കന്‍ പുതുതലമുറയ്ക്ക്  ധൈര്യമായി ഡോ. സജിമോന്‍ ആന്‍റണിയെ പിന്തുടരാം. അത് നന്മയുടെ വഴിത്താര ആയിരിക്കുമെന്നു ഹൃദയത്തില്‍തൊട്ടു നമുക്ക് പറയാം... തീര്‍ച്ച...

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.