"ജീവിതത്തിൽ വിജയിക്കുവാനുള്ള ഏറ്റവും നല്ല മാർഗം നിങ്ങൾ ഇഷ്ടപ്പെടുന്നത് കണ്ടെത്തുകയും സേവനത്തിന്റെ രൂപത്തിൽ മറ്റുള്ളവർക്ക് അത് നൽകാനുള്ള വഴി കണ്ടെത്തുകയും ചെയ്യുക എന്നതാണ് "
ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം എന്താണ്?
നിങ്ങള്‍ മറ്റുള്ളവര്‍ക്കായി എന്തു ചെയ്യുന്നു എന്നതാണ് ഉത്തരം. നമ്മള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുമ്പോള്‍ നമ്മുടെ ജീവിതം ചിലപ്പോള്‍ ബുദ്ധിമുട്ടിലാവും. പക്ഷെ അത് കൂടുതല്‍ സമ്പന്നവും സന്തോഷകരവുമാണെന്ന് കാലങ്ങള്‍ക്ക് മുന്‍പേ തെളിയിച്ച ഒരു വ്യക്തിയുണ്ട് ന്യൂയോര്‍ക്കില്‍. പി. റ്റി., പിറ്റിച്ചായന്‍ എന്ന് സ്നേഹപൂര്‍വ്വം അമേരിക്കന്‍ മലയാളികള്‍ വിളിക്കുന്ന പി. റ്റി. തോമസ്.
അമേരിക്കന്‍ മലയാളി സംഘടനകള്‍ കേരളവുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തില്‍ വ്യത്യസ്തമായ സാമൂഹ്യ പ്രവര്‍ത്തനത്തിന് തുടക്കമിട്ട പി. റ്റി. തോമസ് തന്‍റെ വൈവിദ്ധ്യമായ ജീവിതം നമുക്ക് മുന്നില്‍ തുറന്നു വയ്ക്കുന്നു. വായിച്ചു തീരാത്ത പുസ്തകം പോലെ...
കീക്കൊഴൂരിന്‍റെ നന്മ
ഗ്രാമനന്മകളാല്‍ സമൃദ്ധമായ പത്തനംതിട്ട കീക്കൊഴൂര്‍ ഏറാട്ട് പൊട്ടക്കുളത്ത് കര്‍ഷകരായ എ.കെ. തോമസിന്‍റേയും മറിയാമ്മ തോമസിന്‍റേയും മകനായി ജനനം. കീക്കൊഴൂര്‍ ഗവണ്മെന്‍റ് എല്‍. പി. സ്കൂളിലും എന്‍. എം. യു. പി. സ്കൂളിലും പ്രാഥമിക വിദ്യാഭ്യാസം. റാന്നി എം. എസ്. ഹൈസ്കൂളില്‍ എസ്. എസ്. എല്‍. സി , കോഴഞ്ചേരി സെന്‍റ് തോമസ് കോളേജില്‍ നിന്ന് പ്രീഡിഗ്രിയും പാസ്സായി. തുടര്‍ന്ന് എയര്‍ഫോഴ്സില്‍ ജോലി നേടി. ജോലിക്കൊപ്പം കേരളാ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും മീററ്റ് സര്‍വ്വകലാശാലയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിലും, രാഷ്ട്രതന്ത്രത്തിലും ബിരുദാനന്തര ബിരുദവും നേടി. ഈ വിജയങ്ങള്‍ പി. റ്റി. തോമസ് എന്ന വിദ്യാര്‍ത്ഥിയുടെ ജീവിത വഴിത്തിരുവുകളുടെ ആദ്യ പടിയായിരുന്നു.
അദ്ധ്യാപകന്‍, കോളേജ് ജീവിതം
ഡല്‍ഹി ജീവിതം പി.റ്റി തോമസിന് ജീവിതത്തിന്‍റെ ചവിട്ടുപടിയായിരുന്നു. എയര്‍ ഫോഴ്സില്‍ നിന്ന് ഒന്‍പത് വര്‍ഷത്തെ സേവനത്തിന് ശേഷം പിരിഞ്ഞു. ഇതിനിടയില്‍ ഡല്‍ഹിയില്‍ നേഴ്സായ മേരിക്കുട്ടിയുമായി (ലീലാമ്മ) വിവാഹം. 1976ല്‍ അമേരിക്കയില്‍ പോകാനുള്ള ശ്രമം നടത്തി. പക്ഷെ വിസ ലഭിച്ചില്ല. ആ സമയത്ത് ഡല്‍ഹിയില്‍ ഒരു കോളേജ് ആരംഭിച്ചു. നിരവധി വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്ന കോളേജില്‍ ഇംഗ്ലീഷും, പൊളിറ്റിക്സും പഠിപ്പിക്കുന്ന അദ്ധ്യാപകനുമായി. 1983 ല്‍ വിസ റീ ഓപ്പണ്‍ ചെയ്തതോടെ അമേരിക്കയിലേക്ക്. നല്ല രീതിയില്‍ നടത്തിക്കൊണ്ടിരുന്ന കോളേജ് ഉപേക്ഷിച്ച് അമേരിക്കയിലേക്ക് പോയി.
എട്ട് ഡോളറില്‍ തുടങ്ങിയ അമേരിക്കന്‍ ജീവിതം
അമേരിക്കയുടെ സമൃദ്ധിയിലേക്ക് വന്നിറങ്ങുമ്പോള്‍ നല്ലൊരു അടിത്തറയാണ് പി. റ്റി. ആദ്യം സ്വപ്നം കണ്ടത്. വെറും എട്ട് ഡോളറുമായി അമേരിക്കയിലെത്തിയ പി. റ്റി. തോമസും ലീലാമ്മയും ജീവിതത്തിന്‍റെ പുതിയ പാഠങ്ങളിലേക്ക് ചേക്കേറി. ലീലാമ്മ നേഴ്സായി ജോലിക്ക് കയറി.പി റ്റിക്ക് കവിത ഇന്ത്യന്‍ ഗ്രോസറീസ് എന്ന സ്റ്റോറിലായിരുന്നു ആദ്യ ജോലി. അതിനിടയില്‍ ഡ്രു യൂണിവേഴ്സ്റ്റിയില്‍ നിന്ന് ഡിവിനിറ്റിയിലും. ഫോഡാം യൂണിവേഴ്സിറ്റിയില്‍ നിന്ന് സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദവും, ഡൊമിനിക്കന്‍ കോളേജില്‍ നിന്ന് അക്കൗണ്ടിംങ്ങും, അമേരിക്കന്‍ പസഫിക്ക് യൂണിവേഴ്സിറ്റിയില്‍ നിന്ന് ന്യൂറോ ലിംഗ്വിസ്റ്റിറ്റ് പ്രോഗ്രാമും കരസ്ഥമാക്കി.
തെറാപ്പി അസിസ്റ്റന്‍റ് മുതല്‍ ടാക്സ്
പ്രാക്ടീഷണര്‍ വരെ
ഏതൊരു ജോലി ഏറ്റെടുത്താലും ആത്മാര്‍ത്ഥമായി അത് ചെയ്യുക എന്നതാണ് പി. റ്റി. തോമസിന്‍റെ എക്കാലത്തേയും നയം. ന്യൂയോര്‍ക്കില്‍ തെറാപ്പി അസിസ്റ്റന്‍റ് ജോലിക്ക് ശേഷം റോക്ക് ലാന്‍ഡ് കൗണ്ടിയില്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് സോഷ്യല്‍ സര്‍വ്വീസില്‍ ചൈല്‍ഡ് പ്രൊട്ടക്ടീവ് സര്‍വ്വീസില്‍ ജോലിക്ക് ചേര്‍ന്നു. വളരെ പ്രിയപ്പെട്ട ഒരു ജോലിയായിരുന്നു അത്. 31 വര്‍ഷം തുടര്‍ന്ന ജോലി. കൗണ്‍സിലിംഗ് മുതല്‍ നിരവധി പ്രവര്‍ത്തനങ്ങളുമായി നിരവധി വ്യക്തികളും കുടുംബങ്ങളുമായി അടുത്ത ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞത് നേട്ടം.
ഈ ജോലിക്കിടയില്‍ അക്കൗണ്ടിംഗ് ആന്‍ഡ് ടാക്സ് ഫേമും തുടങ്ങി. ടാക്സ് പ്രാക്ടീഷണര്‍ ആയി ജോലി തുടങ്ങിയതിനെ ഒരു സേവനമായി തന്നെയാണ് പി. റ്റി. തോമസ് കണ്ടത്. അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശങ്ങള്‍ കൊണ്ട് നിരവധി കുടുംബങ്ങള്‍ക്ക് സ്വന്തമായി വീട് വാങ്ങാന്‍ സാധിച്ചത് മറ്റൊരു സന്തോഷമായി മനസ്സില്‍ സൂക്ഷിക്കുന്നു. ഐ. ആര്‍. എസ് ഇലക്ട്രോണിക്ക് ഫയലിംഗ് തുടങ്ങിയ സമയത്ത് എക്സലന്‍സ് ഇന്‍ ഇലക്ട്രോണിക് ഫയലിംഗ് പുരസ്കാരം, ഐ. ആര്‍. എസ് നേഷന്‍ വൈഡ് ടാക്സ് ഫോറത്തില്‍ നിര്‍ദ്ദേശകനായും പ്രവര്‍ത്തിച്ചു.
പി. റ്റി. തോമസ് വിജയിച്ചത് രണ്ട് ജോലിയോടും ഉണ്ടായിരുന്ന പാഷനും അവ തനിക്കു തന്ന സ്പേസുമാണ് എന്ന് പറയുമ്പോള്‍ പുതു തലമുറയ്ക്ക് പി.റ്റി ഒരു പാഠപുസ്തകവുമാകുന്നു.
സംഘടനാ പ്രവര്‍ത്തനത്തിന്‍റെ മാതൃക
സാമൂഹ്യ പ്രവര്‍ത്തനവും, സംഘടനാപ്രവര്‍ത്തനവും ഒരു മാതൃകയാക്കിയ വ്യക്തിത്വമാണ് പി. റ്റി. തോമസ്. ന്യൂയോര്‍ക്കില്‍ എത്തിയ സമയത്തുതന്നെ ഹഡ്സണ്‍വാലി മലയാളി അസ്സോസിയേഷനില്‍ അംഗമായി. 1986ല്‍ സംഘടനയുടെ പ്രസിഡന്‍റായി മാറാന്‍ സാധിച്ചത് അദ്ദേഹത്തിന്‍റെ നേതൃത്വ പാടവത്തിന് ലഭിച്ച അംഗീകാരം തന്നെയായിരുന്നു. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസ്സോസിയേഷന്‍ ജോയിന്‍റ് സെക്രട്ടറി, ട്രഷറര്‍, ഫിനാന്‍സ് കമ്മറ്റി ചെയര്‍മാന്‍, സുവനീര്‍ കമ്മിറ്റി ചെയര്‍മാന്‍, റോക്ലാന്‍ഡ് കൗണ്ടി ഏഷ്യന്‍ അമേരിക്കന്‍സ് ഓഫ് റോക് ലാന്‍ഡിന്‍റെ സെക്രട്ടറി, അലൈന്‍സ് ഓഫ് സൗത്ത് ഏഷ്യന്‍ ലേബറിന്‍റെ എക്സിക്യുട്ടീവ് വൈസ് പ്രസിഡന്‍റ്, ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗം, ഫൊക്കാന ഷിക്കാഗോ കണ്‍വന്‍ഷന്‍ സുവനീര്‍ എഡിറ്റര്‍, ഫൊക്കാനയുടെ പിളര്‍പ്പിന് ശേഷം ഫോമയിലും, ഫോമയുടെ ഓഡിറ്ററായി നാല് വര്‍ഷമായി സജീവവുമാണ് പി. റ്റി. തോമസ്. ഇന്ത്യാ ഡേ ആഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന മിസ് ഇന്ത്യ റോക് ലാന്‍ഡ്, മിസ് ഇന്ത്യ ന്യൂയോര്‍ക്ക്, ന്യൂജേഴ്സി ബ്യൂട്ടി പേജന്‍റുകള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കിയിട്ടുണ്ട്. സംഘടനാ പ്രവര്‍ത്തനം എങ്ങനെ നടത്തണമെന്ന കൃത്യമായ ധാരണയുള്ള വ്യക്തി കൂടിയാണ് പി.റ്റി. തോമസ്. 2014ല്‍ ന്യൂയോര്‍ക്ക് സ്റ്റേറ്റ് അസംബ്ലി മെമ്പറായും 2015ല്‍ റോക്ലാന്‍റ് കൗണ്ടി ലെജിസ്ലേറ്റര്‍ ആയും അദ്ദേഹം മത്സരിച്ചു. വിജയി ആയില്ലെങ്കിലും ഒരു മലയാളിയെ സംബന്ധിച്ച് അത് അഭിമാന നിമിഷങ്ങളായിരുന്നു. അദ്ദേഹത്തിന് അത് ഒരു നല്ല അനുഭവവും ആയിരുന്നു.
രാമപ്പോ മുതല്‍ തിരുവല്ല വരെ
അമേരിക്കന്‍ മലയാളി സംഘടനകള്‍ കേരളത്തില്‍ പ്രവര്‍ത്തനനങ്ങള്‍ അത്ര സജീവമല്ലാതിരുന്ന സമയത്താണ് അതിനൂതനമായ ഒരാശയവുമായി പി.റ്റി. തോമസ് പ്രവാസി മലയാളികളുടെ മാതൃ തലസ്ഥാനം എന്നറിയപ്പെടുന്ന തിരുവല്ലയിലേക്ക് ഒരു പറ്റം അമേരിക്കന്‍ വിദ്യാര്‍ത്ഥികളേയും കൊണ്ട് ഒരു എക്സ്ചേഞ്ച് പ്രോഗ്രാമിനായി എത്തുന്നത്. ന്യൂയോര്‍ക്കില്‍ ടൗണ്‍ ഓഫ് രാമപ്പോ ഇന്ത്യ ഹെറിട്ടേജ് അസ്സോസിയേഷന്‍ പ്രസിഡന്‍റായി പ്രവര്‍ത്തിച്ച സമയത്താണ് ഒരു എക്സ്ചേഞ്ച് പ്രോഗ്രാമിനെ കുറിച്ച് അദ്ദേഹം ചിന്തിച്ചത്. രാമപ്പോ ടൗണിന്‍റെ സോണിംഗ് ബോര്‍ഡ് ഓഫ് അപ്പീല്‍സ് മെമ്പറായി 25 വര്‍ഷം പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം രാമപ്പോ നഗരവും തിരുവല്ല നഗരവും തമ്മില്‍ സഹോദരി നഗരബന്ധം സ്ഥാപിക്കുന്ന ഒരു തുടര്‍ പദ്ധതിയായിരുന്നു അത്. ന്യൂയോര്‍ക്കില്‍ നിന്നും തിരുവല്ലയിലേക്കും, തിരുവല്ലയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കും നഗരങ്ങള്‍ തമ്മിലും വിദ്യാര്‍ത്ഥികള്‍ തമ്മിലും എക്സ്ചേഞ്ച് പ്രോഗാമുകള്‍ നടന്നു. രണ്ട് സംസ്കാരങ്ങള്‍ തമ്മില്‍, വ്യത്യസ്തമായ രണ്ട് നഗരങ്ങള്‍ തമ്മില്‍ ബന്ധം ഉണ്ടാക്കുന്ന ബൃഹത്തായ ഒരു പദ്ധതിയായിരുന്നു അത്. വന്‍ വിജയമായ ഒരു പദ്ധതിക്ക് കേരളത്തില്‍ വലിയ മാധ്യമശ്രദ്ധയും ലഭിച്ചു. ടൗണ്‍ ഓഫ് രാമപ്പോ സൂപ്പര്‍വൈസര്‍ ഹെര്‍ബര്‍ട്ട് റെയ്സ്മാനും ഭാര്യയും തിരുവല്ലയിലെത്തിയതും നഗരത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയതും തിരുവല്ലയ്ക്ക് പുതിയ അനുഭവം ആയിരുന്നു.
ആത്മീയതയും പി.റ്റിയും
ജീവിതത്തിലെ ഏത് പ്രതിസന്ധിയിലും ഈശ്വരന്‍ ഒപ്പമുണ്ട് എന്ന് വിശ്വസിക്കുന്ന പി. റ്റി. തോമസ് നാട്ടിലും അമേരിക്കയിലും തികഞ്ഞ സഭാ വിശ്വാസിയായി തുടര്‍ന്നു. ന്യൂയോര്‍ക്ക് സെന്‍റ് തോമസ് മാര്‍ത്തോമാ ഇടവക അക്കൗണ്ട് ട്രസ്റ്റി, വൈസ് പ്രസിഡന്‍റ്, സെക്രട്ടറി, യുവജന സഖ്യം വൈസ് പ്രസിഡന്‍റ്, സെക്രട്ടറി, ഭദ്രാസന അസംബ്ലി അംഗം, സഭാമണ്ഡല അംഗം, ഇടവക മിഷന്‍ വൈസ് പ്രസിഡന്‍റ്, സണ്‍ഡേ സ്കൂള്‍ അദ്ധ്യാപകന്‍ എന്നീ നിലകളിലെല്ലാം മികച്ച സേവനം കാഴ്ചവെച്ചു. സെന്‍റ് തോമസ് മാര്‍ത്തോമ്മാ ഇടവകയുടെ ഇപ്പോഴത്തെ സെക്രട്ടറിയായും തുടരുന്ന അദ്ദേഹം ആത്മീയതയും ഒരു തികഞ്ഞ സാമൂഹ്യ പ്രവര്‍ത്തനമെന്ന് വിശ്വസിക്കുന്നു. കാരണം ജീവിതത്തിന്‍റെ പ്രയാസങ്ങളില്‍ നിന്ന് മാറ്റം ഉണ്ടാകുവാന്‍ ആത്മീയ കൂട്ടായ്മകള്‍ സഹായിക്കുമെന്ന് അദ്ദേഹം പറയുന്നു. ചില ചിന്തകളില്‍ നിന്ന് അല്പം മാറിനില്‍ക്കാന്‍ നമുക്ക് ആത്മീയ അനുഭവങ്ങള്‍ ഗുണം ചെയ്യും. അത്തരമൊരു കാലഘട്ടം തന്‍റെ ജീവിതത്തില്‍ ഉണ്ടായിരുന്നതായി പി.റ്റി. തോമസ് അടിവരയിടുന്നു.
യൂണിയന്‍ നേതൃത്വം
ന്യൂയോര്‍ക്കിലെ ഏറ്റവും വലിയ തൊഴിലാളി യൂണിയനായ സിവില്‍ സര്‍വ്വീസ് എംപ്ലോയീസ് അസോസിയേഷന്‍റെ റോക്ലാന്‍ഡ് കൗണ്ടി യൂണിറ്റിന്‍റെ ട്രഷറര്‍ ആയി ഏഴു വര്‍ഷവും പ്രസിഡന്‍റ് ആയി എട്ടു വര്‍ഷവും പി. റ്റി. തോമസ് സേവനം അനുഷ്ടിച്ചു. കൗണ്ടി ജീവനക്കാരുടെ അനുദിന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും, വേതന പരിഷ്കാരത്തിനും ലെ ഓഫ് തടയുന്നതിനും ജീവനക്കാരോടൊപ്പം നിന്നു പ്രവര്‍ത്തിച്ചു.
മനസ്സ് തളര്‍ത്തിയ രണ്ട് വിയോഗങ്ങള്‍
എന്നെന്നേക്കുമായുള്ള ചില വിയോഗങ്ങള്‍ മനുഷ്യരുടെ ഹൃദയം നുറുക്കും. അത്രത്തോളം സ്നേഹിച്ചിരുന്നവര്‍ കടന്നുപോകുമ്പോള്‍ പ്രത്യേകിച്ചും. പി.റ്റി. തോമസ് ഇപ്പോള്‍ രണ്ട് വിയോഗങ്ങളുടെ വേദനയിലൂടെ കടന്നുപോകുന്നു. തന്‍റെ ജീവിതത്തിന് ഊടും പാവും നല്‍കിയ ഭാര്യ ലീലാമ്മയുടേയും, സഹോദരന്‍ മാത്തുക്കുട്ടിയുടേയും മരണം ഇപ്പോഴും അദ്ദേഹത്തിന് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല. കൊറോണ കാലത്തായിരുന്നു ഭാര്യ ലീലാമ്മ മരിക്കുന്നത്. കാന്‍സര്‍ ബാധിതയായി 2020 ഏപ്രില്‍ 8ന് മരണം. ഒക്ടോബര്‍ 24നായിരുന്നു അനുജന്‍ മാത്തുക്കുട്ടിയുടെ മരണം. തന്‍റെ എല്ലാ വിജയങ്ങള്‍ക്കും പകുതി അവകാശി ഭാര്യ ലീലാമ്മയാണ്.
വിജയിച്ച ഓരോ പുരുഷന്‍റെ പിന്നിലും ഒരു സ്ത്രീയുണ്ട് എന്ന് പറയുന്നത് എത്ര ശരിയാണ് എന്ന് ലീലാമ്മയെ ഓര്‍മ്മിക്കുമ്പോള്‍ തോന്നാറുണ്ട് എന്ന് പറയുമ്പോള്‍ അദ്ദേഹത്തിന്‍റെ ശബ്ദം ഇടറി. ചില അസാന്നിദ്ധ്യങ്ങള്‍ സൃഷ്ടിക്കുന്ന ശൂന്യത നിര്‍വ്വചനങ്ങള്‍ക്കും അപ്പുറമാണല്ലോ.
മേരിക്കുട്ടി തോമസ് ചില്‍ഡ്രന്‍സ് ഹോം
തന്‍റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പ്രചോദനം എക്കാലവും ഭാര്യ ലീലാമ്മയായിരുന്നു. സഹായം അഭ്യര്‍ത്ഥിച്ച് എത്തുന്ന ഏതൊരു കോളിനും ലീലാമ്മയായിരുന്നു വേഗം പരിഹാരം നിര്‍ദ്ദേശിക്കുക. തന്‍റെ രോഗം ഭേദമായാല്‍ ഇന്ത്യയില്‍ പിന്നോക്കം നില്‍ക്കുന്ന ഒഡീഷയില്‍ ജീവകാരുണ്യ പ്രവര്‍ത്തനം ആരംഭിക്കണമെന്ന് ലീലാമ്മ പറയുമായിരുന്നു. പി. റ്റി. തോമസ് അന്നത് അത്ര കാര്യമായി എടുത്തിരുന്നില്ല. പക്ഷെ ഭാര്യയുടെ മരണശേഷം രണ്ട് മാസം കഴിഞ്ഞപ്പോള്‍ ഒഡീഷയില്‍ നിന്ന് ജഗനാഥ് ജാനി എന്നൊരാള്‍ വിളിക്കുന്നു. വെള്ളപ്പൊക്കം അനാഥമാക്കിയ ഒരു ഗ്രാമത്തെക്കുറിച്ചും, അവിടുത്തെ കുട്ടികളെക്കുറിച്ചും സംസാരിച്ചു. കുട്ടികളുടെ വിദ്യാഭ്യാസത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കാമെന്ന് ഏറ്റു. അതൊരു നിയോഗമായിരുന്നു. അങ്ങനെ ഒഡീഷയില്‍ 'മേരിക്കുട്ടി തോമസ് ചില്‍ഡ്രന്‍സ് ഹോം' എന്ന പേരില്‍ ഒരു സ്ഥാപനം തുടങ്ങി. ലീലാമ്മയുടെ ആഗ്രഹം അങ്ങനെ പൂവണിയുന്നു എന്നതില്‍ വലിയ സന്തോഷമുണ്ട്. ഓരോ തവണ നാട്ടില്‍ വരുമ്പോഴും ഒഡീഷയ്ക്ക് പോകും. അവിടുത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. കുട്ടികള്‍ക്ക് വേണ്ടതെല്ലാം നല്‍കും. ഒരു വലിയ പ്രസ്ഥാനമായി ഈ സ്ഥാപനം വളരുമ്പോള്‍ ഏറ്റവും കൂടുതല്‍ ധന്യയാകുന്നത് ലീലാമ്മയുടെ ആത്മാവ് ആയിരിക്കും എന്നതില്‍ യാതൊരു സംശയവും ഇല്ല. കാരണം ഭാര്യയുടെ അവസാന നാളുകളിലെ ആഗ്രഹത്തിന് വേദനയുടേയും പ്രതീക്ഷയുടേയും സ്പര്‍ശമുണ്ട്.
അത് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന പി. റ്റി. തോമസ് ഊര്‍ജ്വസ്വലനാകുന്നത് ഈ ഓര്‍മ്മകളുടെ ബലത്തിലാണ്.കീക്കൊഴൂര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ബിഷപ്പ്
ജോര്‍ജ് നൈനാന്‍ മെമ്മോറിയല്‍ മിഷന്‍
ഒഡീഷയിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ പി. റ്റി. തോമസ് ജന്മനാട്ടില്‍ കീക്കൊഴൂര്‍ ചാരിറ്റബള്‍ ട്രസ്റ്റിന്‍റെ എക്സിക്യുട്ടീവ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിക്കുന്നു. നിര്‍ദ്ധനരായ ഭവന രഹിതര്‍ക്ക് ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കുക, ചികിത്സാ സഹായം, വിദ്യാഭ്യാസ സഹായം, അന്നദാനം തുടങ്ങി നിരവധി സഹായങ്ങള്‍ ഈ ട്രസ്റ്റു വഴി നല്‍കുന്നുണ്ട്. കൂടാതെ ഔറംഗബാദില്‍ ബിഷപ്പ് ജോര്‍ജ് നൈനാന്‍ മെമ്മോറിയല്‍ മിഷന്‍ എന്ന പേരിലുള്ള ജീവകാരുണ്യ സംഘടനയുടെ സെക്രട്ടറിയാണ്. വിവിധ സ്ഥലങ്ങളില്‍ ചേക്കേറി തൊഴിലെടുക്കുന്ന തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഈ സംഘടന വളരെ വ്യത്യസ്തമായ കാഴ്ചപ്പാടോടെയാണ് തൊഴിലാളികളുടെ ജീവിതപ്രശ്നങ്ങളെ കാണുന്നതെന്ന് പി. റ്റി. തോമസ് പറഞ്ഞു. ഒരു നേരത്തെ അന്നത്തിനായി നാട് വിട്ടുപോകുന്ന തൊഴിലാളികള്‍ക്ക് താങ്ങാവുക എന്നത് സ്വന്തം ഹൃദയത്തെ തിരിച്ചറിയുന്നതുപോലെയാണെന്നാണ് പി.റ്റിയുടെ പക്ഷം.
കോവിഡ് കാലം സേവന കാലം
കോവിഡ് സമയത്തായിരുന്നു ഭാര്യയുടേയും അനുജന്‍റെയും മരണം. ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത കാലം ആണത്. ലോക ജനത പരസ്പരം പെട്ടെന്ന് അന്യരായതുപോലെ. പക്ഷെ ഈ ശൂന്യതയില്‍ നിന്നും തിരിച്ചു വരേണ്ടത് ഓരോ ജീവജാലങ്ങളുടേയും കടമയാണ്. തളര്‍ന്നു പോകുമ്പോള്‍ കരുത്താവണം നമ്മെ നയിക്കേണ്ടത് എന്ന ബോധത്തില്‍ നിന്നും ഊര്‍ജ്വസ്വലനായി തിരികെ വന്നു. നിരവധി സെമിനാറുകള്‍ ഓണ്‍ലൈനില്‍ സംഘടിപ്പിക്കപ്പെട്ടു. നഷ്ടപ്പെട്ടതിന് പുഃനസ്ഥാപിക്കുവാന്‍ ഒരു ശ്രമം വിജയം കണ്ടു. നിരവധി മനസുകള്‍ക്ക് ആശ്വാസവും പരിഹാരവുമായി പി.റ്റിയുടെ വാക്കുകള്‍. നിരവധി പേരുടെ ദുഃഖങ്ങള്‍ കേട്ടു. പരിഹാരങ്ങള്‍ അവര്‍ക്ക് ആശ്വാസമായത് പി.റ്റി ക്കും കരുത്തുനല്‍കി. തന്‍റെ ജീവിതത്തിലെ ചില അനുഭവങ്ങള്‍ തന്നെ കേട്ടവര്‍ക്കും തണല്‍ നല്‍കി. അതിജീവന കാലത്തെ നഷ്ടം കനത്തതാണെങ്കിലും മറ്റുള്ളവര്‍ തന്‍റെ വാക്കുകള്‍ കൊണ്ട് കണ്ണുനീര്‍ തുടച്ചത് മനസ്സിന് സന്തോഷം നല്‍കി. ജീവിതം അങ്ങനെയാണ്. നഷ്ടങ്ങളില്‍ കരുത്താവുക,സമാന അനുഭവങ്ങളും ചിന്തകളും കേള്‍ക്കുകയും അവയെ അതിജീവിക്കുന്ന നിമിഷങ്ങളുമായിരിക്കും. അതെ, പി. റ്റി. തോമസ് അത്തരം അനുഭവങ്ങള്‍ക്ക് മറുമരുന്ന് നിര്‍ദ്ദേശിക്കുന്ന ഒരാള്‍കൂടിയാകുന്നു.
റിട്ടയര്‍മെന്‍റില്ലാത്ത ജീവിതം
പി. റ്റി. തോമസിന്‍റെ ജീവിതത്തില്‍ റിട്ടയര്‍മെന്‍റില്ല. കാരണം അതിന് അദ്ദേഹത്തിന് സമയം ഇല്ല എന്നതാണ് പ്രധാന പ്രശ്നം. അമേരിക്കയില്‍ വലിയ തൊഴില്‍ സാധ്യതയുള്ള ഒരു മേഖലയാണ് ടാക്സ് മേഖല. ഒരു ടാക്സ് പ്രാക്ടീഷണറായി വര്‍ഷങ്ങളായി സേവനം തുടരുന്ന പി.റ്റി. തോമസ് ഈ രംഗത്ത് അഗ്രഗണ്യനാണ്. ജീവിതത്തിന്‍റെ ഓട്ടപ്പാച്ചിലുകള്‍ക്കിടയില്‍ സുഹൃത്തുക്കള്‍ ഉള്‍പ്പെടെ തന്നെ തേടിയെത്തുമ്പോള്‍ ഊര്‍ജ്വസ്വലനായ ഒരു ടാക്സ് പ്രാക്ടീഷണറായി എല്ലാവരുടേയും സഹായിയാകുന്നു. സദാ പ്രവര്‍ത്തന നിരതനാവുക എന്നതു തന്നെയാണ് പി.റ്റിയുടെ തത്വം. ന്യൂയോര്‍ക്ക് സെന്‍റ് തോമസ് മാര്‍ത്തോമ ഇടവക സീനിയര്‍ സിറ്റിസണ്‍ ഫെലോഷിപ്പിലും, ഇടവക മിഷനിലും ക്ലാസുകള്‍ എടുക്കാറുണ്ട്. ഫോമയില്‍ സൂം വഴി നിരവധി വിഷയങ്ങളെക്കുറിച്ച് ക്ളാസുകള്‍ എടുക്കുന്നുണ്ട്. സ്വന്തം കഴിവുകളില്‍ സജീവമാകാന്‍ മുതിര്‍ന്നവരെയും കുട്ടികളേയും ഉപദേശിക്കും. ഇത്തരം ചിന്തകള്‍ കൂട്ടിയിണക്കി കോവിഡ് കാലത്ത് 'വെറുതെ വേദനിപ്പിക്കരുതേ' എന്ന് ഒരു പരമ്പര എഴുതിയിരുന്നു.
കുടുംബം , നന്മയുടെ വിളനിലം
മനുഷ്യനിലും മനുഷ്യത്വത്തിലുമുള്ള വിശ്വാസമാണ് വ്യക്തികളുടെ വിജയത്തിനാധാരം. മനുഷ്യത്വം ഒരു കടല്‍ പോലെയാണ്. അവിടം മലിനമാകാന്‍ പാടില്ല. ഒരു കുടുംബത്തിന്‍റെ യഥാര്‍ത്ഥ സമ്പത്ത് മനുഷ്യത്വമാണ്. അങ്ങനെയുള്ള മാതാപിതാക്കള്‍, സഹോദരങ്ങള്‍, ഭാര്യ, മക്കള്‍, കൊച്ചുമക്കള്‍ എല്ലാവരും അടങ്ങിയ വലിയ കുടുംബമാണ് പി.റ്റി. തോമസിന്‍റേത്. തന്‍റെ വിജയ വഴികളിലെ പ്രചോദനമാണവര്‍. മാതാപിതാക്കളും, ഭാര്യയും, സഹോദരനും തന്നെ വിട്ടുപോയെങ്കിലും കരുത്തും തണലുമായി നാല് മക്കളും ഒന്‍പത് കൊച്ചുമക്കളും പി.റ്റി. തോമസിന്‍റെ ജീവിതത്തിനൊപ്പം ഉണ്ട്. മൂത്ത മകള്‍ ലിസ്റ്റി തോമസ് (കണക്ടിക്കട്ട് സെന്‍റ് വിന്‍സെന്‍റ് ഹോസ്പിറ്റലില്‍ ഇന്‍റേണല്‍ മെഡിസിന്‍ ചെയര്‍, ക്യൂണിപ്പിയാക് യൂണിവേഴ്സിറ്റി ഡീന്‍). മൂന്ന് മക്കളുണ്ട്. രണ്ടാമത്തെ മകന്‍ ലിറ്റന്‍ തോമസ് (ഐ ടി. പ്രൊഫഷണല്‍) ഭാര്യ ബെറ്റ്സി (ഫിസിക്കല്‍ തെറാപ്പിസ്റ്റ്) മൂന്ന് മക്കളുണ്ട്. മൂന്നാമത്തെ മകള്‍ ലിന്‍സി (അറ്റോര്‍ണി) ഭര്‍ത്താവ് സോണി ജേക്കബ് (കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍) ഒരു കുട്ടിയുണ്ട്. ഇളയമകന്‍ ലവന്‍ (എഞ്ചിനീയര്‍) ഭാര്യ ടീന (ഡോക്ടര്‍ ) രണ്ട് മക്കളുണ്ട്. കേരളത്തില്‍ മൂന്ന് സഹോദരങ്ങളും അവരുടെ കുടുംബവും ഉണ്ട്. ഇവരെല്ലാം പി.റ്റി. തോമസിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പരിപൂര്‍ണ്ണ പിന്തുണ നല്‍കുന്നു.
പി. റ്റി. തോമസ് യാത്ര തുടരുകയാണ്. ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിച്ചു കൊണ്ട് നടത്തുന്ന യാത്ര. ഈ യാത്രയില്‍ നിരവധി സുമനസുകളുടെ പ്രാര്‍ത്ഥനകള്‍ അദ്ദേഹത്തിന് കരുത്താകുന്നു. കാരണം അവരുടെയൊക്കെ വിഷമങ്ങളില്‍ കരുത്തായി ഒപ്പം നിന്ന പി.റ്റി എന്ന നന്മയെ എങ്ങനെ മറക്കും. പി. റ്റി. തോമസ് യാത്ര തുടരട്ടെ. ഒരിക്കലും അവസാനിക്കാത്ത നന്മയുടെ കരുതലുമായി .
ഈ യാത്ര തുടരുക ... ഈ കാലടികളെ പിന്തുടരുവാന്‍ ഒരു വലിയ സമൂഹം ഒപ്പമുണ്ട്. പ്രാര്‍ത്ഥനകള്‍