ജീവിതത്തിലെ വെല്ലുവിളികള്‍ നിങ്ങളെ തളര്‍ത്താന്‍ പാടില്ല;നിങ്ങള്‍ ആരാണെന്ന് കണ്ടെത്താന്‍ അവ നിങ്ങളെ സഹായിക്കും
എന്നും സൗമ്യനായിരിക്കുക എന്നത് ഒരു മഹാഭാഗ്യമാണ്. എല്ലാവര്‍ക്കും ലഭിക്കാത്ത ഒരു അനുഗ്രഹം കൂടിയാണത്. എപ്പോഴും സൗമ്യനായിരിക്കുകയും ആ ഒരു ഗുണം കൊണ്ട് എല്ലാവരുടേയും സ്നേഹിതനാവുകയും, ഏറ്റെടുക്കുന്ന പദവികളിലും, സംഘടനകളിലും പ്രധാനിയാവുകയും ചെയ്ത ഒരു സാമൂഹ്യ സാംസ്കാരിക വ്യക്തിത്വമുണ്ട് അമേരിക്കയില്‍- ചാക്കോ കുര്യന്‍.
അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ 2022 ഒര്‍ലാണ്ടോ ഡിസ്നി കണ്‍വന്‍ഷന്‍റെ ചെയര്‍മാനും, ഫൊക്കാന 2022-24ലെ വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയും കൂടിയാണ് അദ്ദേഹം. കൗതുകകരവും, വ്യത്യസ്തതയുള്ളതുമായ അദ്ദേഹത്തിന്‍റെ ജീവിത വഴിത്താരയിലൂടെ ..
നാട്ടു നന്മയില്‍ നിന്ന് സെമിനാരിയിലേക്ക്
ഇടുക്കി പെരുവന്താനം മാപ്പലകയില്‍ സേവ്യര്‍ കുര്യന്‍റെയും ഏലി കുര്യന്‍റെയും പത്തു മക്കളില്‍ അഞ്ചാമനായി ജനനം.
ഒന്നാംക്ലാസ് മുതല്‍ അഞ്ചാം ക്ലാസ്വരെ പെരുവന്താനം തെക്കേമല സെന്‍റ്മേരീസ് സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. മാന്നാനം സെന്‍റ് എഫ്രേംസ് ഹൈസ്കൂളില്‍ പത്താം ക്ലാസ് വരെ, ഇതിനിടയില്‍ എട്ട്, ഒന്‍പത് ക്ലാസുകളില്‍ പാലായില്‍ മുത്തോലി സെന്‍റ് ആന്‍റണീസ് ഹൈസ്കൂളില്‍ പഠനം.
പത്താം ക്ലാസ് പഠനം കഴിഞ്ഞപ്പോള്‍ ബാംഗ്ലൂര്‍ ധര്‍മ്മാരാം കോളേജില്‍ സെമിനാരി പഠനം. ജീവിതത്തിന്‍റെ വഴിത്തിരിവായ രണ്ട് വര്‍ഷങ്ങള്‍. ജീവിതത്തില്‍ ഇന്നുവരെ നേടിയ വിജയങ്ങളുടെ ആദ്യ ചവിട്ടുപടിയായി സെമിനാരി പഠനത്തെ അദ്ദേഹം വിലയിരുത്തുന്നു. ചിട്ടയായ പഠനവും, മനസ്സിന് പ്രാര്‍ത്ഥനയും തത്വചിന്തയും നല്‍കുന്ന ഏകാഗ്രതയും ഒരു വ്യക്തിയെ എങ്ങനെ മാറ്റിമറിക്കുന്നു എന്ന് കാലം തെളിയിച്ച നിമിഷങ്ങള്‍. പക്ഷെ ജീവിതവും ആത്മീയതയും ഒരു തുലാസിലെ രണ്ട് ഘടകങ്ങളായി വിലയിരുത്തിയപ്പോള്‍ എന്തു കൊണ്ടോ സെമിനാരി പഠനത്തിനോട് വിട പറഞ്ഞു.
ജീവിതത്തിലെ വഴിത്തിരിവുകള്‍,
വളവു തിരിവുകള്‍
സെമിനാരി പഠനം കൊണ്ട് ഉണ്ടായ വലിയ നേട്ടം ഫിലോസഫിയിലുള്ള അറിവും, ഇംഗ്ലീഷ് നന്നായി സംസാരിക്കുവാനും എഴുതുവാനും സാധിച്ചു എന്നതായിരുന്നു. സെമിനാരിയില്‍ നിന്ന് നേരെ പെരുവന്താനത്തിലേക്ക് പോകാതെ തിരുവനന്തപുരത്തേക്ക് ചേക്കേറുകയായിരുന്നു ചാക്കോ കുര്യന്‍. ശ്രീകാര്യത്ത് ലെയോളാ സ്കൂളില്‍ അദ്ധ്യാപകനായി ജോലി കിട്ടിയത് വഴിത്തിരിവായി. സ്കൂള്‍ ബന്ധം വഴി അന്നത്തെ മന്ത്രിമാരായ ബേബി ജോണ്‍, സി.എച്ച്. മുഹമ്മദ് കോയ എന്നിവരുടെ മക്കള്‍ക്ക് ട്യൂഷന്‍ പഠിപ്പിക്കുവാനുള്ള അവസരം ലഭിച്ചു. അന്ന് ചാക്കോ കുര്യന്‍ പഠിപ്പിച്ച കുട്ടികള്‍ ആയിരുന്നു ഷിബു ബേബി ജോണും, എം.കെ. മുനീറും. ആ സമയത്താണ് സര്‍ക്കാര്‍ ടെസ്റ്റ് (1973) എഴുതി കെ.എസ്.ആര്‍.ടി.സി കണ്ടക്ടറായി ജോലിക്ക് കയറുന്നത്. മറ്റൊരു ജീവിതത്തിന്‍റെ വളവും തിരിവുമായി നാല് വര്‍ഷം കടന്നുപോയപ്പോഴേക്കും 1975-ല്‍ ജീവിതത്തിന്‍റെ ടേണിംഗ് പോയിന്‍റിലേക്ക് എളംകുളം തലച്ചിറയില്‍ മിലിട്ടറി നേഴ്സു കൂടിയായ ഏലിക്കുട്ടിയുമായുള്ള വിവാഹം നടന്നു. അത് ഒരു പുതിയ ജീവിതയാത്രയുടെ തുടക്കമായിരുന്നു. 1978-ല്‍ കെ.എസ്.ആര്‍.ടി.സി ജോലി രാജിവെച്ച് അമേരിക്കയിലേക്ക്.
മഹാനഗരത്തിലേക്ക് ഒരു ഈക്വലന്‍സി
പാതിയാക്കിയ സെമിനാരി വിദ്യാഭ്യാസവും എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റുമായി ഒരാള്‍ അമേരിക്കയില്‍ വന്നാല്‍ എന്ത് ജോലികിട്ടും എന്ന് ചിന്തിക്കാവുന്നതേയുള്ളു. എന്നാല്‍ ചാക്കോ കുര്യന്‍റെ ജീവിതത്തില്‍ അതൊരു പ്രശ്നമേ അല്ലായിരുന്നു. ഒരുദിവസം മന്‍ഹാട്ടന്‍ സിറ്റിയിലൂടെ നടന്നുപോകുമ്പോള്‍ ഒരു സ്കൂളിന്‍റെ മുന്‍പില്‍ ആള്‍ക്കൂട്ടത്തെ കണ്ടു. അന്വേഷിച്ചപ്പോള്‍ അമേരിക്കന്‍ ഹൈസ്കൂള്‍ ഈക്വലന്‍സി പരീക്ഷയ്ക്ക് വേണ്ടിയുള്ള ജനക്കൂട്ടമായിരുന്നു അത്. നോട്ടിഫിക്കേഷന്‍ സമയത്ത് അപേക്ഷിക്കാതിരുന്നതിനാല്‍ അദ്ദേഹത്തിന് ഈക്വലന്‍സി പരീക്ഷ എഴുതാന്‍ പറ്റില്ല. പഠിക്കാനുള്ള ആഗ്രഹവും ജീവിതത്തില്‍ നേട്ടങ്ങള്‍ വെട്ടിപ്പിടിക്കാനുള്ള വ്യഗ്രതയും പരീക്ഷ നടത്തിപ്പുകാരുടെ മുന്‍പില്‍ കൊണ്ടെത്തിച്ചു.
റിസപ്ഷനില്‍ ഇരുന്ന സായ്പിനോട് ഒരു ചോദ്യമെ ചോദിച്ചുള്ളു. 'എനിക്ക് ഈ പരീക്ഷ എഴുതാന്‍ സാധിക്കുമോ?'
പരീക്ഷയ്ക്ക് കയറണമെങ്കില്‍ ഐ.ഡി. കാര്‍ഡ് വേണം. 'നിങ്ങള്‍ പരീക്ഷയ്ക്ക് അപ്ലെ ചെയ്യാത്തതിനാല്‍ ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല. എങ്കിലും ഞാനൊന്ന് നോക്കട്ടെ. അകത്ത് സീറ്റുണ്ടെങ്കില്‍ നിങ്ങളുടെ ഭാഗ്യം.'
അകത്തേക്കുപോയ സായിപ്പ് തിരികെ വന്ന് ചാക്കോ കുര്യനെ അകത്തേക്ക് കൊണ്ടുപോയി പരീക്ഷ എഴുതിപ്പിച്ചു. നടക്കാനിറങ്ങിയ അദ്ദേഹം തിരികെ വീട്ടിലെത്തുമ്പോള്‍ അമേരിക്കയില്‍ വിവിധ ജോലികള്‍ക്ക് അപേക്ഷിക്കാവുന്ന സര്‍ട്ടിഫിക്കറ്റ് റെഡി. ജയിക്കുവാന്‍ 225 മാര്‍ക്ക്, ചാക്കോ കുര്യന് 226 മാര്‍ക്ക്.
ട്രാഫിക് പോലീസ് മുതല്‍ എമര്‍ജന്‍സി നേഴ്സ് വരെയുള്ള ജീവിതം.
ഒരു വ്യക്തിയുടെ ജീവിതത്തോടുള്ള അഭിനിവേശവും, സ്നേഹവുമാണ് അയാളെ ജീവിത വഴിത്താരയുടെ ഉടമസ്ഥനാക്കുന്നത്. താന്‍ ഉണ്ടാക്കിയെടുക്കുന്ന പാതയുടെ അധിപനാകുക എന്നത് അത്ര നിസ്സാര കാര്യമല്ലല്ലോ. ചാക്കോ കുര്യന്‍റെ ജീവിതം ഇതുവരെ പറഞ്ഞതും അതു തന്നെയാണ്. ഈക്വലന്‍സി സര്‍ട്ടിഫിക്കറ്റിന്‍റെ ബലത്തില്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ പല ജോലികള്‍ക്കും അപേക്ഷ നല്‍കി. ട്രാഫിക് പോലീസ് ജോലിക്കുള്ള ടെസ്റ്റില്‍ നൂറില്‍ തൊണ്ണൂറ്റിയെട്ട് മാര്‍ക്ക് വാങ്ങി വന്‍വിജയവും ജോലിയും കരസ്ഥമാക്കി. മന്‍ഹാട്ടന്‍ സിറ്റിയില്‍ ട്രാഫിക് കണ്‍ട്രോള്‍ ചെയ്യാന്‍ സുവര്‍ണ്ണാവസരം. ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ടിക്കറ്റ് നല്‍കുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകള്‍ മനസിലാക്കി ആ ജോലി ഉപേക്ഷിച്ചു. 1981-ല്‍ ഇ.എം.എസ്. അക്കാദമിയില്‍ പാരാമെഡിക്കല്‍ ട്രെയിനിംഗ് കഴിഞ്ഞ് ജോലിക്ക് കയറി. ജോലിയിലിരുന്നു കൊണ്ടുതന്നെ നേഴ്സിംഗ് പഠനവും. മൂന്ന് വര്‍ഷംകൊണ്ട് നേഴ്സിംഗ് ഗ്രാജുവേറ്റ് ചെയ്തു. എമര്‍ജന്‍സി നേഴ്സായി ന്യൂയോര്‍ക്കില്‍ സെന്‍റ് ജോസഫ് ആശുപത്രിയില്‍ ജോലി (1990). ആഗ്രഹിച്ച് പഠിച്ച വിഷയത്തിലെ ജയവും ജോലിയും അദ്ദേഹത്തിന്‍റെ ജീവിതത്തിലെ മറ്റൊരു വിജയമായി മാറി.കെ.എസ്.ആര്‍.ടി.സി. കണ്ടക്ടറില്‍ നിന്ന് നേഴ്സിലേക്കുള്ള മാറ്റം സ്വയം നേടിയ ലോകത്തെ ആദ്യ മലയാളിയാവും ചാക്കോ കുര്യന്‍.
കേരളത്തിന്‍റെ മണമുള്ള ഫ്ളോറിഡയിലേക്ക്,
ഒപ്പം ചില ബിസിനസ് സംരംഭങ്ങളും
1994-ല്‍ ന്യൂയോര്‍ക്കില്‍നിന്നും ഫ്ളോറിഡയിലേക്ക് മാറാന്‍ തീരുമാനിക്കുന്നു. ഒരു കാലാവസ്ഥാ മാറ്റം അത്യാവശ്യമെന്ന് തോന്നിയപ്പോള്‍ ഫ്ളോറിഡയിലേക്ക് മാറി. കൊളംബിയ ഹോസ്പിറ്റല്‍ ഗ്രൂപ്പില്‍ ജോലിക്ക് കയറി. ജോലിയിലിരിക്കുമ്പോള്‍ തന്നെ ഒരു ബിസിനസ് തുടങ്ങി. ഒരു ഗ്യാസ് സ്റ്റേഷന്‍, പെട്ടെന്ന് വളരാന്‍ തുടങ്ങിയ സംരംഭങ്ങള്‍. പാര്‍ട്ട്ണര്‍ഷിപ്പില്‍ എഴുപത്തിയെട്ട് ഗ്യാസ് സ്റ്റേഷനുകള്‍ വരെ. കോടികളുടെ ബിസിനസിലേക്ക് വളര്‍ന്ന സംരംഭങ്ങള്‍. തുടര്‍ന്ന് റിയല്‍ എസ്റ്റേറ്റ് ബിസിനസ്. അവിടെയും നേട്ടം തന്നെ. 2008-ല്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ പരാജയം നേരിട്ടു. അവിടെയും തകര്‍ച്ചയുടെ തത്വശാസ്ത്രത്തെ തിരിച്ചറിഞ്ഞു. അവയെ അദ്ദേഹം സ്വയം രൂപപ്പെടുത്തി. സാമ്പത്തിക പ്രശ്നങ്ങള്‍ കൂടുതല്‍ ഉണ്ടാകാതിരിക്കാന്‍ പല ബിസിനസുകളും ഒഴിവാക്കി. നേഴ്സിംഗ് ജോലി തുടര്‍ന്നു. ഒന്നു രണ്ട് ഗ്യാസ് സ്റ്റേഷനുകള്‍ നിലനിര്‍ത്തി. സ്വയം പടുത്തുയര്‍ത്തിയ ജീവിതത്തിലെ തകര്‍ച്ചകളോട് പലരും പൊരുത്തപ്പെടാന്‍ വൈകുമെങ്കിലും ചാക്കോ കുര്യന്‍ അവിടെയും തിളങ്ങുകയായിരുന്നു. ജീവിതത്തെ പണത്തിന്‍റെ പേരില്‍ കൈവിടാതെ സ്വന്തം കുടുംബത്തോടും, സമൂഹത്തോടും ചേര്‍ന്നു നില്‍ക്കുകയായിരുന്നു.
സാമൂഹ്യ മേഖലയിലേക്ക്
കേരളം വിട്ടുപോകുന്ന മലയാളികളില്‍ ഭൂരിഭാഗവും അഭിമാനത്തോടെ നെഞ്ചോട് ചേര്‍ക്കുന്നത് അവരുടെ ഭാഷയാണ്. മലയാളത്തോടുള്ള സ്നേഹം അമേരിക്കന്‍ മലയാളികളെ കൊണ്ടെത്തിക്കുന്നത് മലയാളി സംഘടനകളുടെ രൂപീകരണത്തോടെയാണ്. 1996-ല്‍ ഒര്‍ലാണ്ടോ റീജിയണല്‍ മലയാളി അസോസിയേഷന് (ഓര്‍മ്മ) തുടക്കം.
1999, 2008 കാലയളവില്‍ ഓര്‍മ്മയുടെ പ്രസിഡന്‍റ്. 2002-ല്‍ ഫൊക്കാനയിലേക്ക്. അന്നു മുതല്‍ ഇന്നുവരെ ഫൊക്കാനയില്‍ സജീവം. ഫൊക്കാനയുടെ വിവിധ പരിപാടികളുടെ സ്പോണ്‍സര്‍, 2006ല്‍ ഒര്‍ലാണ്ടോ കണ്‍വന്‍ഷന്‍ വൈസ്ചെയര്‍മാന്‍, 2008-ല്‍ ഫൊക്കാനാ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍, കമ്മിറ്റി മെമ്പര്‍, 2022 ഒര്‍ലാണ്ടോ ഡിസ്നി കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ സജീവ പ്രവര്‍ത്തനത്തിലാണിപ്പോള്‍. വര്‍ഷങ്ങള്‍ക്ക് ശേഷം ഫ്ളോറിഡയിലേക്ക് വരുന്ന കണ്‍വന്‍ഷന്‍ ഏറ്റവും മികച്ചതാക്കുവാനുള്ള ശ്രമത്തിലാണ് അദ്ദേഹം.
ഒര്‍ലാണ്ടോ സീറോ മലബാര്‍ പള്ളി വാങ്ങുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം റിയലേറ്ററായി നിന്നുള്ള സൗജ്യന്യ സേവന പ്രവര്‍ത്തനങ്ങളും ഇക്കാലയളവില്‍ നടത്തി. ഈ തിരക്കിനിടയിലും താന്‍ ചെയ്യുന്നത് മറ്റൊരാള്‍ അറിയാതെ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും അദ്ദേഹം ഒപ്പം കൊണ്ടു പോകുന്നു.
കുടുംബം, ബന്ധങ്ങള്‍, ജീവിതവിജയം
പെരുവന്താനത്തെ ഒരു കര്‍ഷക കുടുംബത്തില്‍ നിന്ന് അമേരിക്കയിലേക്ക് ജീവിതത്തെ പറിച്ചുനട്ട ചാക്കോ കുര്യന്‍റെ ജീവിത പാഠം നമ്മെ പഠിപ്പിക്കുന്നത് ജീവിതത്തെ വിവിധ കാലങ്ങളില്‍ നോക്കിക്കണ്ട ഒരു സൗമ്യനായ മനുഷ്യനെയാണ്. ഈ ശാന്തത അദ്ദേഹത്തിന് ലഭിച്ചത് തന്‍റെ കുടുംബത്തില്‍ നിന്നു തന്നെയാണ്. സഹോദരങ്ങളായ ലൂസി ജോയി (കാലിഫോര്‍ണിയ), തോമസ് കുര്യന്‍ (കാലിഫോര്‍ണിയ), പരേതയായ റോസമ്മ കുര്യന്‍ (ന്യൂയോര്‍ക്ക്), ജോസ് കുര്യന്‍ (ന്യൂയോര്‍ക്ക്), മറിയക്കുട്ടി ജോണ്‍, ചിന്നമ്മ കുര്യന്‍, പരേതനായ ജോസഫ് കുര്യന്‍, കുര്യന്‍ കുര്യന്‍, ബേബി കുര്യന്‍ (മറ്റെല്ലാവരും കേരളം)
ഭാര്യ ഏലിക്കുട്ടി (ചാക്കോ കുര്യന്‍ ബിസിനസിലേക്ക് തിരിഞ്ഞപ്പോള്‍ 2007-ല്‍ ജോലി രാജി വെച്ച് ബിസിനസിലും സഹായിയായി). മക്കള്‍, എലിസബത്ത് ചാക്കോ (എം.ബി.എ, സി.പി.എ- ഹില്‍ട്ടണ്‍ ഹോട്ടല്‍സിന്‍റെ അക്കൗണ്ടന്‍റായി ജോലി ചെയ്യുന്നു. ഭര്‍ത്താവ് ഡെന്നി പാഗിനെല്ലി (സി.പി.എ.- ഐബീരിയ ബാങ്കിന്‍റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍.)
രണ്ടാമത്തെ മകള്‍ ഡയാന ചാക്കോ (എം.ബി.എ, കൈസര്‍ യൂണിവേഴ്സിറ്റി അസോസിയേറ്റ് ഡീന്‍ ആയിരുന്നു. ഭര്‍ത്താവ് കെവിന്‍ ബെല്‍റാം (റിയല്‍ എസ്റ്റേറ്റ് ഇന്‍വസ്റ്റര്‍, ബില്‍ഡര്‍) രണ്ട് മക്കള്‍- ലില്ലി, ഹന്ന.
ഈ സമൃദ്ധമായ കുടുംബത്തിന്‍റെ നന്മയില്‍ നിന്നാണ് ചാക്കോ കുര്യന്‍ എന്ന ഈ സൗമ്യനായ മനുഷ്യന്‍ ഒരു ചെറിയ പുഞ്ചിരി കൊണ്ട് നമ്മുടെയൊക്കെ മനസിലേക്ക് പെയ്തിറങ്ങുന്നത്.
ലോകയാത്രയും നാടിന്‍റെ നന്മയിലെ ജീവിതവും
ഏതൊരു മനുഷ്യനും തനിക്കൊപ്പം കൊണ്ടു നടക്കുന്ന ആഗ്രഹങ്ങള്‍ ഉണ്ട്. ചാക്കോ കുര്യനും ഭാര്യയും ഇപ്പോള്‍ റിട്ടയര്‍മെന്‍റ് ജീവിതത്തിലാണ്. സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ ഇടവേളകളില്‍ ലോകം മുഴുവന്‍ യാത്ര ചെയ്യണമെന്നാണ് ആഗ്രഹം. അതോടൊപ്പം ഇന്ത്യ മുഴുവന്‍ ചുറ്റി നടന്ന് കാണണം. സ്വന്തം രാജ്യത്തെ കൂടുതലായി മനസിലാക്കണം. ഈ വൈവിദ്ധ്യത്തെ ലോകത്തിന്‍റെ വൈവിദ്ധ്യങ്ങളുമായി താരതമ്യം ചെയ്യണം. നമ്മുടെ സംസ്കാരത്തെ ലോകത്തിന്‍റെ എല്ലായിടങ്ങളിലും എത്തിക്കണം. വലിയ ആഗ്രഹമാണത്.
ഒരു സാധാരണ പെരുവന്താനത്തുകാരന്‍ നന്മയുള്ള ഒരു ലോകം സ്വയം പടുത്തുയര്‍ത്തി, അവിടെ സ്വയം ഒരു കസേര വലിച്ചിട്ട് ഇരിക്കുന്നു. ഇനിയും പലതും നേടാനുണ്ട് എന്ന് നമ്മോട് പറയുന്നു.
അദ്ദേഹം അത് നേടും. ഉറപ്പാണ്. കാരണം ഈ വഴിത്താരയില്‍ അദ്ദേഹത്തിനൊപ്പം നാട്ടു നന്മയുടെ പച്ചപ്പ് മാത്രമേയുള്ളു.
നിങ്ങള്‍ യാത്ര തുടരുക. ആ യാത്ര പിറകെ വരുന്ന കാലടികള്‍ക്ക് അനുഭവ പാഠമാവട്ടെ.