'ജീവിതം ജന്മാന്തരങ്ങളുടെ പ്രേരണയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോള്‍ മനുഷ്യന്‍ ഒരപ്പൂപ്പന്‍ താടി പോലെയാകുന്നു. അവിടെ അച്ഛനും അമ്മയും പേരക്കുട്ടികളുമൊക്കെയായി ഒരുപാട് അപ്പൂപ്പന്‍ താടികള്‍ കഥകള്‍ പറഞ്ഞ് ചിരിക്കുന്നു'
ഒരു മനുഷ്യന്‍ അയാളുടെ നൂറാം വയസ്സിലും നിറഞ്ഞ മനസ്സോടെ ചിരിക്കണമെങ്കില്‍ അയാള്‍ക്ക് ചുറ്റും ദൈവത്തിന്‍റെ ഒരു പ്രഭാവലയം ഉണ്ടായിരിക്കും എന്ന് വേണം കരുതാന്‍. അതൊരുപക്ഷെ പ്രത്യക്ഷപ്പെടുന്നത് കുടുംബാംഗങ്ങളുടെ രൂപത്തിലാണ്. നല്ല കുടുംബമുള്ളപ്പോള്‍ നമ്മളൊരിക്കലും അനാഥരായി പോവുകയില്ല. നമുക്ക് വേണ്ടി നമ്മളുടെ കുഞ്ഞുങ്ങള്‍ ഒരു സ്വര്‍ഗ്ഗ തുല്യമായ വാര്‍ദ്ധക്യം തന്നെ കരുതി വെച്ചിട്ടുണ്ടാകും. അത്തരത്തില്‍ ജീവിതത്തിന്‍റെ നല്ല കാലങ്ങളിലൂടെ തന്‍റെ നേരങ്ങളെ ചെലവഴിക്കുന്ന ഒരു സാധു മനുഷ്യനാണ് ഏബ്രഹാം മറ്റത്തില്‍.
ജീവന്‍റെ മണമുള്ള ജമന്തിപ്പൂക്കള്‍
കുടുംബത്തിന് വേണ്ടി ജീവിച്ച ഒരു ഒറ്റയാന്‍ എന്നൊക്കെ വേണമെങ്കില്‍ നമുക്ക് ഏബ്രഹാം മറ്റത്തിലിനെ വിശേഷിപ്പിക്കാം. പക്ഷെ കാട്ടിലെ ഒറ്റയാനെ പോലെയല്ല അദ്ദേഹം. എപ്പോഴും സ്നേഹം കൊണ്ടാണ് തന്‍റെ കുടുംബത്തെ അദ്ദേഹം നിയന്ത്രിച്ചിരുന്നത്. അപ്പനെക്കുറിച്ചോര്‍ക്കുമ്പോള്‍ മക്കളുടെയെല്ലാം കണ്ണില്‍ വെള്ളി നിലാവ് തെളിഞ്ഞു കത്തും. അവര്‍ അപ്പനെക്കുറിച്ചുള്ള, അതായത് എബ്രഹാമിനെക്കുറിച്ചുള്ള വിശേഷണങ്ങള്‍കൊണ്ട് നമ്മളെ വീര്‍പ്പുമുട്ടിക്കും. കൊടുത്തത് തിരിച്ചുകിട്ടും എന്നൊരു ചൊല്ലുണ്ട്, ഇവിടെ ഏബ്രഹാമിന് അദ്ദേഹത്തിന്‍റെ അപ്പനും അമ്മയും സ്നേഹത്തിന്‍റെ ഒരു കാട് സമ്മാനമായി നല്‍കി. ഏബ്രഹാം അത് തന്‍റെ കുഞ്ഞുങ്ങള്‍ക്ക് ഒരു ലോകമാക്കി തിരിച്ചു കൊടുത്തു.
വളര്‍ച്ചയും ജീവിത കാലഘട്ടവും
കോട്ടയം ജില്ലയിലെ മള്ളുശ്ശേരിയിലാണ് ഏബ്രഹാം ജനിച്ചത്. കോട്ടത്തറ ഉതുപ്പ് - നൈത്തി ദമ്പതികളുടെ ഏഴുമക്കളില്‍ രണ്ടാമനാണ് ഏബ്രഹാം. രണ്ട് ആണ്‍കുട്ടികളും നാല് പെണ്‍കുട്ടികളും ഏബ്രഹാമിന് സഹോദരങ്ങളായി ഉണ്ടായിരുന്നു.
കോട്ടയം ചൂട്ടുവേലി സ്കൂളില്‍ പഠനം ആരംഭിച്ചെങ്കിലും അഞ്ചില്‍ എത്തിയപ്പോഴേക്കും ഏബ്രഹാമിന് തന്‍റെ പഠനം അവസാനിപ്പിക്കേണ്ടി വന്നു. അതൊരു കാലഘട്ടത്തിന്‍റെ ആവശ്യകത കൂടിയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളും മറ്റു പ്രയാസങ്ങളും ഉണ്ടായിരുന്ന ആ കാലത്ത് കേരളത്തിലെ ഒട്ടുമിക്ക കുട്ടികളും ചെറുപ്പത്തില്‍ തന്നെ പഠനം അവസാനിപ്പിച്ച് അല്ലറ ചില്ലറ ജോലികള്‍ ചെയ്ത് ജീവിതം മെച്ചപ്പെടുത്താന്‍ ശ്രമിക്കുമായിരുന്നു.
അങ്ങനെ കൃഷിയും പെയിന്‍റിംഗും നാഗമ്പടത്ത് ആരംഭിച്ച ഷീറ്റ് മില്ലിലെ ജോലിയുമൊക്കെയായി ജീവിതം കടന്നു പോകുമ്പോഴാണ് ഏബ്രഹാമിന് തനിക്ക് വരാനിരിക്കുന്ന തലമുറയെ എങ്കിലും നല്ല വിദ്യാഭ്യാസം ഉള്ളവരാക്കി മാറ്റണം എന്ന ചിന്ത ഉണ്ടാകുന്നത്.
മക്കളെ പഠിപ്പിക്കുക, കൂടെ കൃഷിയിലേക്ക് ഇറക്കി ജീവിതം പഠിപ്പിക്കുക എന്നത് തന്‍റെ ജീവിതത്തിലെ വലിയ കാര്യമായി ഏബ്രഹാം കണ്ടു. എങ്കിലും അപ്പന്‍ പഠിപ്പിച്ച സ്നേഹവും ദയയുമെല്ലാം തന്‍റെ മക്കളോടും ഏബ്രഹാം കാണിച്ചു. ഏതൊരു മനുഷ്യന്‍റെയും ദുഃഖം കണ്ടാല്‍ മനസ്സലിയുന്ന ഏബ്രഹാമിന് പാവങ്ങളോട് വലിയ കരുണയായിരുന്നു. എന്തിന്, മക്കളുടെ ഫീസിന് വെച്ചിരുന്ന കാശ് പോലും സഹായം നല്‍കിയിട്ടുണ്ട് അദ്ദേഹം.
മക്കള്‍ മാഹാത്മ്യം
ആധ്യാത്മിക കാര്യങ്ങളില്‍ വലിയ താല്പര്യം ഉണ്ടായിരുന്നു ഏബ്രഹാമിന്. യേശുവിന്‍റെ വഴികള്‍ എത്ര മനോഹരമാണെന്നും അദ്ദേഹം ലോകത്തോട് സംസാരിച്ചത് എത്ര ലളിതമായിട്ടാണെന്നും ഏബ്രഹാം എപ്പോഴും ചിന്തിക്കും. എല്ലാത്തിനും മുകളില്‍ ദൈവമുണ്ടെന്ന വലിയ പ്രതീക്ഷയാണ് ആ കാലഘട്ടത്തില്‍ ഏബ്രഹാമിനടക്കമുള്ള മനുഷ്യര്‍ക്കുണ്ടായിരുന്നത്. ആ വിശ്വാസത്തെ ഭംഗിയില്‍ തന്നെ നിലനിര്‍ത്തിക്കൊണ്ട് പോകുന്ന ഒരു പങ്കാളിയെ തന്നെയാണ് ഏബ്രഹാമിന് ലഭിച്ചത്. അവര്‍ അതിയായി പരസ്പരം സ്നേഹിച്ചു. ഒരിക്കലും വഴക്കിടാതെ അവര്‍ രണ്ടുപേരും മാതൃകാ ദമ്പതികളായി മക്കള്‍ക്ക് വഴികാട്ടികളായി എന്നും പറയാം. അപ്പനും അമ്മയും വഴക്കിടുന്നത് ഞങ്ങള്‍ കണ്ടിട്ടേ ഇല്ലെന്നാണ് മക്കളെല്ലാവരും പറയുന്നത്. അന്നത്തെ ജീവിതം കഷ്ടതകള്‍ നിറഞ്ഞതായിരുന്നു, എങ്കിലും മക്കളെ പഠിപ്പിച്ചു വലിയ നിലയില്‍ എത്തിക്കണമെന്ന ദൃഢനിശ്ചയം അദ്ദേഹത്തിനുണ്ടായിരുന്നു. അതിന് വേണ്ടി ഏത് വെയില് കൊള്ളാനും, എത്ര മഴ കൊള്ളാനും ഏബ്രഹാം തയ്യാറായിരുന്നു. പശു, പാല്‍, കോഴിവളര്‍ത്തല്‍, മുട്ടവില്‍പ്പന തുടങ്ങി ആലപ്പുഴയിലെ കമ്പനി ജോലി മുതല്‍ തന്നെക്കൊണ്ടാവുന്നതെല്ലാം ഏബ്രഹാം മക്കള്‍ക്ക് വേണ്ടി ചെയ്തു. ഒരുപാട് കഷ്ടപ്പെട്ടെങ്കിലും അതിനെല്ലാം ഫലം മക്കളിലൂടെ അദ്ദേഹം നേടി.
പത്തു മരങ്ങള്‍ക്ക് സമമാണ് ഒരു പുത്രന്‍ അല്ലെങ്കില്‍ പുത്രി എന്ന ഒരു തിരുത്തല്‍ ഏബ്രഹാമിന്‍റെ ജീവിതത്തില്‍ നമുക്ക് വരുത്താവുന്നതാണ്. കാരണം അവര്‍ നനച്ചു വളര്‍ത്തിയത് അപ്പനെയും അമ്മയെയും പൊന്നുപോലെ നോക്കുന്ന പതിനൊന്നു മരങ്ങളെയാണ്. അതിന്‍റെ തണലില്‍ വാര്‍ദ്ധക്യം കഴിച്ചു കൂട്ടാനാണ് എല്ലാവരെയുംപോലെ ഏബ്രഹാമും ആഗ്രഹിച്ചത്. ആലീസ്, ലിസി, ജോയി, അലക്സ്, ബേബി പോള്‍ (മരിച്ചു), ഷേര്‍ലി, ജെസി, ഫെലിക്സ്, ജസ്റ്റിന്‍, ലൗസി. എന്നിവരാണ് ഏബ്രഹാമിന്‍റെ മക്കള്‍. ആധുനിക കാലത്തെ അപ്പന്‍ മക്കള്‍ ബന്ധമായിരുന്നില്ല ഏബ്രഹാമും കുഞ്ഞുങ്ങളും തമ്മില്‍. അതൊരു പ്രത്യേകതരം മാജിക് ആയിരുന്നെന്നാണ് എല്ലാവരും ഇപ്പോഴും വിശ്വസിക്കുന്നത്. മക്കള്‍ ഉറങ്ങുവാണങ്കില്‍, ഉറങ്ങിയിട്ട് രാവിലെ പഠിക്കാന്‍ പറയും, മക്കളെ ആരോഗ്യത്തോടെ വളര്‍ത്തും. അങ്ങനെ മക്കളോടുള്ള ഒരച്ഛന്‍റെ ഏറ്റവും തെളിഞ്ഞ ജലം പോലെ ശക്തമായ സ്നേഹമാണ് നമ്മള്‍ ഏബ്രഹാമിലൂടെ കാണുന്നത്.
പ്രിയ സഖിയുടെ ഓര്‍മ്മകള്‍
16-ാം വയസിലാണ് ഏബ്രഹാമിന്‍റെ കല്യാണം നടക്കുന്നത്. അന്ന് അദ്ദേഹത്തിന്‍റെ ഭാര്യ അന്നമ്മയ്ക്ക് (വെള്ളിയാന്‍) 14 വയസ്. പെണ്ണുകാണാന്‍ അന്ന് ഏബ്രഹാം പോയില്ല. എന്നാല്‍ കാരണവന്മാര്‍ പോയി കാണുകയും കല്യാണത്തിന് തീയതി കുറിക്കുകയും ചെയ്തു. ഇതോടെ ധന്യമായ ഒരു ജീവിതത്തിനാണ് തുടക്കം കുറിച്ചത്. മക്കളെ ഉന്നതിയിലെത്തിക്കുവാനുള്ള ഇരുവരുടെയും ഓട്ടപ്പാച്ചില്‍, 73 വര്‍ഷത്തോളമുള്ള അഗാധമായ ഭാര്യ ഭര്‍ത്തൃബന്ധം. എന്നാല്‍ 2013-ല്‍ പെട്ടെന്നുള്ള അന്നമ്മയുടെ മരണം വലിയ ദുരന്തം പോലെയാണ് അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ വന്നുപതിച്ചത്. സഹധര്‍മ്മിണിയുടെ വിയോഗം അദ്ദേഹത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയെങ്കിലും തനിക്കുണ്ടായ ആ ശൂന്യത മക്കളെ അറിയിക്കാതിരിക്കുവാന്‍ അദ്ദേഹം ശ്രമിച്ചു. അദ്ദേഹം കര്‍മ്മനിരതനായിരിക്കുവാന്‍ തീരുമാനിച്ചു. തന്‍റെ പ്രിയപ്പെട്ടവളെ അപ്രതീക്ഷിതമായി നഷ്ടപ്പെട്ടത് ആ മനസ്സിനേറ്റ ഏറ്റവും വലിയ മുറിവാണ്. അതിനെ കാലം തുന്നിച്ചേര്‍ക്കുമെങ്കിലും നോവ് എപ്പോഴും നോവ് തന്നെയാണല്ലോ. അവള്‍ പോയപ്പോള്‍ വീടുറങ്ങിപ്പോയെന്നാണ് അദ്ദേഹം പറയുന്നത്. അവളായിരുന്നു ഞങ്ങളുടെ കുടുംബത്തിന്‍റെ എല്ലാമെന്ന് അടിവരയിടുമ്പോള്‍ മക്കള്‍ക്കും അമ്മ നഷ്ടപ്പെട്ടതിന്‍റെ നൊമ്പരം അടക്കാന്‍ കഴിയുന്നില്ല. ഒരിക്കല്‍ ധ്യാനത്തിന് പോയപ്പോള്‍ ഇനിയൊരു ജന്മമുണ്ടെങ്കില്‍ ഒന്നിക്കാന്‍ താല്പര്യം ഉള്ള ദമ്പതികള്‍ ഉണ്ടോ എന്ന് അച്ചന്‍ ചോദിച്ചിരുന്നു. അന്ന് എഴുന്നേറ്റ് നിന്ന രണ്ട് ദമ്പതിമാരില്‍ ഒരാള്‍ ഏബ്രഹാമും അന്നമ്മയുമായിരുന്നു. പാചകത്തില്‍ എണ്ണയും തേങ്ങയും കുറയ്ക്കാന്‍ അബ്രഹം ഭാര്യയോട് പറയുമായിരുന്നു. മക്കള്‍ക്കെല്ലാം മീന്‍ നെയ്യ് വാങ്ങി കൊടുക്കും. അവരുടെ ആരോഗ്യത്തില്‍ അത്രത്തോളം ശ്രദ്ധ അദ്ദേഹത്തിനുണ്ടായിരുന്നു.
പത്തു മക്കളെയും പഠിപ്പിച്ചു നല്ല രീതിയില്‍ ഒരു നിലയ്ക്ക് എത്തിച്ച ശേഷമാണ് ജീവിതത്തില്‍ ഏബ്രഹാം ഒന്ന് ശ്വാസം വിടുന്നത്. പതിനൊന്നു മക്കളില്‍ ഒരാള്‍ മരണപ്പെട്ടു. ജന്മനാ അസുഖബാധിതനായിരുന്നു അകാലത്തില്‍ തങ്ങളെ വിട്ടുപോയ മകന്‍ പോള്‍ മറ്റത്തില്‍. കുടുംബത്തെ സങ്കടത്തിലാക്കിയ ഒരു മരണം
മൂത്ത മകള്‍ ആലീസിന് പൂനയില്‍ ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ ജോലി ലഭിച്ചത് പിതാവ് എന്ന നിലയില്‍ വലിയ സന്തോഷം ഉണ്ടാക്കി എന്ന് മാത്രമല്ല ജീവിതത്തിലെ കഷ്ടപ്പാടുകള്‍ക്ക് ഒരു താങ്ങുംകൂടി ആയി മാറി. മൂത്തമകന്‍ ജോയി എയര്‍ഫോഴ്സില്‍ ചേരാന്‍ മദ്രാസില്‍ പോയതും പിന്നീട് എം.ആര്‍. എഫില്‍ കയറിയതും അപ്പന്‍റെ ഓര്‍മ്മകളിലെ ഏറ്റവും തിളക്കമുള്ള നിമിഷങ്ങളായിരുന്നു. ജോയിയുടെ ഭാര്യ ജര്‍മ്മനിയില്‍ ആയിരുന്നു. ഏബ്രഹാമിന്‍റെ ഭാര്യാ സഹോദരന്‍ കുര്യന്‍ വെള്ളിയാന്‍ അക്കാലത്ത് വലിയ സഹായമായിരുന്നു എന്ന് പറയുമ്പോള്‍ ഒരു വലിയ സഹോദര സ്നേഹത്തിന്‍റെ അടുക്കും ചിട്ടയും സുരക്ഷിതത്വവും കൂടി വ്യക്തമാക്കുന്നു അദ്ദേഹം. കുര്യന്‍ വെള്ളിയാന്‍ അന്ന് ജര്‍മ്മനിയില്‍ ആയിരുന്നു. തന്‍റെ രണ്ടാമത്തെ മകള്‍ ലിസിയെ ജര്‍മ്മനിയില്‍ കൊണ്ടുപോകാന്‍ സഹായിച്ചത് അളിയന്‍ കുര്യന്‍ ആയിരുന്നു. ഭാര്യാ സഹോദരനായിരുന്ന ഫാ. ജേക്കബ് വെള്ളിയാന്‍ അക്കാലത്ത് അമേരിക്കയില്‍ ആയിരുന്നതിനാല്‍ അവിടേക്കുള്ള വഴി കൂടി പെട്ടന്ന് തുറന്നു. ജര്‍മ്മനിയില്‍ ആയിരുന്ന ലിസിയെയും മൂത്ത മകന്‍ ജോയിയെയും ഭാര്യ മേരിയെയും അമേരിക്കയിലേക്ക് കൊണ്ടുപോകുവാന്‍ അദ്ദേഹം മുന്‍കൈ എടുത്തു. മകന്‍ ജോയിയും എത്തിയതോടെ മറ്റത്തില്‍ കുടുംബത്തിന്‍റെ അമേരിക്കന്‍ കുടിയേറ്റം ആരംഭിക്കുകയായിരുന്നു. തന്‍റെ സഹോദരിയുടെ കുടുംബത്തെ അമേരിക്കയില്‍ എത്തിക്കാനും അവര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കാനും കുര്യന്‍ വെള്ളിയാനും വെള്ളിയാനച്ചനും ഉണ്ടായിരുന്നു. ഇവര്‍ രണ്ടുപേരും മറ്റത്തില്‍ കുടുംബത്തെ കര കയറ്റുന്നതില്‍ വലിയ പങ്കുവഹിച്ചു എന്ന് പറയുമ്പോള്‍ ബന്ധങ്ങളുടെ പവിത്രതയ്ക്ക് ഒരിക്കല്‍ക്കൂടി ഏബ്രഹാം മറ്റത്തില്‍ അടിവരയിടുന്നു. 1996 മുതല്‍ ഏബ്രഹാം അമേരിക്കയില്‍ മക്കളോടൊപ്പം ജീവിക്കുന്നു.
അമേരിക്കന്‍ ആലിംഗനങ്ങള്‍
മറ്റത്തില്‍ കുടുംബത്തിലെ എല്ലാവരും അമേരിക്കയില്‍ എത്തിയത് കാലത്തിന്‍റെ നിയോഗമെന്നു ഏബ്രഹാം വിശ്വസിക്കുന്നു. ഒപ്പം ദൈവത്തിന്‍റെ അനുഗ്രഹവും. എങ്കിലും മകന്‍റെയും, അമേരിക്കയില്‍ എത്തിയ ശേഷമുള്ള അന്നമ്മയുടെയും അപ്രതീക്ഷിത മരണം ജീവിതത്തിലെ ഏറ്റവും വലിയ നോവായി ഏബ്രഹാം കൊണ്ട് നടക്കുന്നു. അദ്ദേഹം ചില സ്വകാര്യ നിമിഷങ്ങളില്‍ ആരും കാണാതെ കരയും. ഈ തൊണ്ണൂറ്റി ഒന്‍പതാമത്തെ വയസ്സിലും പ്രിയതമയും ഒരു മകനുമില്ലാത്ത നിമിഷത്തേക്കുറിച്ചോര്‍ത്ത് അദ്ദേഹം അതീവ ദുഃഖിതനാകുന്നു. എങ്കിലും തങ്ങള്‍ ഏല്പിച്ചുപോയ അപ്പനെ ഹൃദയത്തോട് ചേര്‍ത്ത് പത്തുമക്കളും, മരുമക്കളും അവരുടെ മക്കളും സ്നേഹത്തോടെ ചേര്‍ത്തു പിടിക്കുമ്പോള്‍ സ്വര്‍ഗത്തിലിരുന്ന് ആ അമ്മയും മകനും സന്തോഷിക്കുന്നുണ്ടാകും.
ജീവിത ചര്യയില്‍ വലിയ ശ്രദ്ധയുണ്ടെങ്കിലും പ്രത്യേകിച്ച് നിബന്ധനകള്‍ ഒന്നും എബ്രഹാം മറ്റത്തില്‍ തന്‍റെ ജീവിതത്തില്‍ സൂക്ഷിച്ചിരുന്നില്ല. ഭക്ഷണ കാര്യത്തിലോ മറ്റോ ഒരു പ്രത്യേകതയും ഇന്നോളം അദ്ദേഹത്തിന് ഉണ്ടായിട്ടില്ല. ഇപ്പോഴും രാവിലെ അദ്ദേഹം മൂന്ന് മൈല്‍ നടക്കും, പണ്ടുമുതലേ മുടങ്ങാതെ ഒരുപാട് ദൂരം സൈക്കില്‍ ചവിട്ടുമായിരുന്നു. മക്കള്‍ ഒരു കാറുവാങ്ങി നല്കട്ടെ എന്ന് പറഞ്ഞപ്പോള്‍ സ്നേഹപുരസരം അത് നിരസിക്കുകയും തന്‍റെ ആരോഗ്യത്തിന്‍റെ രഹസ്യത്തിലൊന്നു സൈക്കിള്‍ യാത്രയാണെന്നും 'സൈക്കിളപ്പച്ചന്‍' എന്ന് ഓമനപ്പേരിട്ട് നാട്ടുകാര്‍ വിളിക്കുന്ന ഏബ്രഹാം മറ്റത്തില്‍ മറുപടി നല്കിയത് മക്കള്‍ എല്ലാവരും ഓര്‍മ്മിക്കുന്നു. വാര്‍ദ്ധക്യകാലത്ത് ഒരു വലിയ കുടുംബം കൂടെയുള്ളതും, കാലാവസ്ഥയ്ക്ക് അനുസരിച്ചു മാറി നില്‍ക്കാന്‍ പത്തു മക്കളുള്ളതും ഏബ്രഹാമിന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ നീക്കിയിരിപ്പാണ്.
സ്നേഹദിനമായി ജന്മദിനങ്ങള്‍
മിക്കവാറും എല്ലാ ജന്മദിനങ്ങളും ഏബ്രഹാമും കുടുംബവും ആഘോഷിക്കാറുണ്ട്. തൊണ്ണൂറ്റിയഞ്ചാം ജന്മദിനം ഫ്ളോറിഡായില്‍ വെച്ച് അതിവിപുലമായി ആഘോഷിച്ചിരുന്നു. 2024 ഏപ്രില്‍ ഒന്നിന് നൂറാം ജന്മദിനം കുടുംബത്തോടൊപ്പം വലിയ ആഘോഷമാക്കി മാറ്റി മറ്റത്തില്‍ കുടുംബം . മക്കളില്‍ ലിസി, ജോയി, ഫെലിക്സ്, ജെസ്റ്റിന്‍, ജെസി എന്നിവര്‍ കാലിഫോര്‍ണിയായിലും അലക്സ്, ലൗസി എന്നിവര്‍ ഫ്ളോറിഡായിലും ബേബി ചിക്കാഗോയിലും ഷേര്‍ലിയും ആലീസും ടെക്സാസിലുമാണ് താമസിക്കുന്നത്. ഇവിടങ്ങളില്‍ എല്ലാം ഏബ്രഹാം എത്തുകയും മക്കളോടൊപ്പം സമയം ചിലവഴിക്കുകയും ചെയ്യുന്നുണ്ട്. എല്ലായിടത്തുനിന്നും ഇരട്ടി സ്നേഹം ലഭിക്കുമ്പോള്‍ അപ്പന്‍ എത്തുന്ന വീടുകള്‍ സ്വര്‍ഗത്തിന് തുല്യമാകുന്നു എന്ന് മക്കള്‍ വിശ്വസിക്കുന്നു.
പ്രായം തളര്‍ത്താത്ത ജീവിതം
പ്രായം ഒരിക്കലും അദ്ദേഹത്തെ തളര്‍ത്തിയിട്ടില്ല. തന്‍റെ കാര്യങ്ങളും തനിക്ക് വേണ്ടതുമെല്ലാം ഏബ്രഹാം മറ്റത്തില്‍ ഈ തൊണ്ണൂറ്റിയൊമ്പതാമത്തെ വയസ്സിലും ചെയ്തു തീര്‍ക്കുന്നുണ്ട്. പേരക്കുട്ടികളുമായി നല്ല ഒരു ബന്ധമാണ് ഏബ്രഹാം സൂക്ഷിക്കുന്നത്. 39 ചെറുമക്കളാണ് അദ്ദേഹത്തിനുള്ളത്. അവര്‍ക്കെല്ലാവര്‍ക്കും ഏറെ പ്രിയപ്പെട്ട മനുഷ്യനാണ് അദ്ദേഹം. അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന കൊച്ചുമക്കള്‍ തന്നെ കരുതുമ്പോള്‍ മക്കളെ ഓര്‍മ്മിക്കും. അവര്‍ ചെയ്യുന്നത് കണ്ടുവളര്‍ന്ന കൊച്ചുമക്കള്‍ സ്നേഹത്തിന്‍റെ നൂലിഴകളായി മാറുന്നു.
കുടുംബം
ഏവര്‍ക്കും മാതൃകയാക്കാവുന്ന വലിയ കുടുംബമാണ് മറ്റത്തില്‍ കുടുംബം. കുടുംബം ചേര്‍ത്തുപിടിക്കുന്ന മനുഷ്യര്‍. എല്ലാവര്‍ക്കും എല്ലാവരും തണലാകുന്ന ഇഴയിണക്കമുള്ള ബന്ധങ്ങള്‍. ഈ ബന്ധങ്ങളുടെ കേന്ദ്രബിന്ദു ഏബ്രഹാം മറ്റത്തിലും. അദ്ദേഹമാണ് ഈ സ്നേഹ കൂട്ടായ്മയുടെ ശക്തി. അദ്ദേഹത്തിന് തണലായി മക്കളും മരുമക്കളും കൊച്ചുമക്കളും. മക്കളില്‍ ആലിസ്- (ഇന്ത്യന്‍ എയര്‍ ഫോഴ്സില്‍ സിവിലിയന്‍ ആയിരുന്നു), ലിസി (നേഴ്സ്), ജോയി (ഇലക്ടോണിക്സ് മേഖല), അലക്സാണ്ടര്‍ (ന്യൂക്ലിയര്‍ മെഡിസിന്‍), ബേബി (ഗുഡ്വില്‍ കമ്പനി), ഷേര്‍ലി (നേഴ്സ്), ജെസി (ബിസിനസ്), ഫെലിക്സ് (ബിസിനസ്), ജസ്റ്റിന്‍ (ഹോസ്പിറ്റല്‍ മെയിന്‍റന്‍സ് സൂപ്പര്‍വൈസര്‍) ലൗസി (ഫാര്‍മസി ടെക്നിഷ്യന്‍).
മരുമക്കള്‍: വര്‍ഗീസ് കുരിശുംമൂട്ടില്‍ (പൂനയില്‍ പ്രസ്സ്), മത്തായി കുട്ടിയാംകോണത്ത് (എഞ്ചിനീയര്‍ കആങ), മേരി കുമ്പുക്കല്‍ (നേഴ്സ്), ഏലിയാമ്മ പുതിയടത്തുശ്ശേരി (നേഴ്സ്), മേരി കറ്റുവീട്ടില്‍ (നേഴ്സ്), ബേബിച്ചന്‍ പുല്ലുകാട്ട് (യൂണിയന്‍ കാര്‍ബേഡ് കമ്പനി), ജെയ്മി മാച്ചാത്തില്‍ (ബിസിനസ്) ദീപ മുരിങ്ങോത്ത് (നേഴ്സ്), ലീലാമ്മ ആടുപാറയില്‍ (നേഴ്സ്), ബിജി മണ്ണില്‍ (സോഷ്യല്‍ വര്‍ക്കര്‍)
തന്‍റെ മരുമക്കളോട് കൃത്യമായി ഇടപെടുന്ന ഏബ്രഹാം അവരോടും സ്നേഹം പങ്കുവക്കാറുണ്ട്. തന്‍റെ മരുമക്കള്‍ എല്ലാവരും സ്വന്തം മക്കളെപ്പോലെ തന്നെയെന്ന് അദ്ദേഹം പറയും. ഇതുവരെയും ആരുമായും ഒരു വാക്കുകൊണ്ടുപോലും മുഷിഞ്ഞിട്ടില്ല. എല്ലാം ദൈവത്തിന്‍റെ അനുഗ്രഹവും തന്‍റെ കുടുംബത്തിന്‍റെ കെട്ടുറപ്പും കൊണ്ടാണെന്നു അദ്ദേഹം വിശ്വസിക്കുന്നു.
ജീവിതത്തിന്‍റെ സായാഹ്നങ്ങളില്‍ ഒന്നടുത്തിരിക്കാനും, കൂടെ നില്‍ക്കാനും മക്കളും മരുമക്കളും കൊച്ചുമക്കളും ഒപ്പമുണ്ട് എന്നുള്ളതാണ് ഏബ്രഹാമിന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം. കുടുംബത്തെ ഒരുപോലെ നിലനിര്‍ത്തുകയും, മക്കളെ പഠിപ്പിച്ചു നല്ല നിലയിലേക്ക് ഉയര്‍ത്തുകയും ചെയ്ത എബ്രഹാം എല്ലാ മനുഷ്യര്‍ക്കും മാതൃകയാണ്. ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ ഇതേ സന്തോഷത്തോടെ അദ്ദേഹത്തിന് ജീവിക്കാന്‍ കഴിയും. കാരണം അദ്ദേഹത്തിന്‍റെ പത്തുമക്കളും, മരുമക്കളും, കൊച്ചുമക്കളും അദ്ദേഹത്തെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തു സൂക്ഷിക്കുന്നു. ദൈവം ആ കാത്തുവയ്ക്കലിന് തണലൊരുക്കുന്നു.
ഏബ്രഹാം മറ്റത്തില്‍ തന്‍റെ ജീവിതം പവിത്രമായി മുന്നോട്ടു കൊണ്ടുപോകട്ടെ. അത് സമൂഹത്തിന് എന്നും മാതൃകയാകട്ടെ... 2024 ഏപ്രില്‍ ഒന്നാംതീയതി നൂറാം ജന്മദിനം ആഘോഷിച്ച മറ്റത്തില്‍ ഏബ്രഹാം ചേട്ടന് ഹൃദയം നിറഞ്ഞ പ്രാർത്ഥനകളും ആയുരാരോഗ്യ സൗഖ്യവും നേരുന്നു .