VAZHITHARAKAL

ഏലി കുന്നത്തുകിഴക്കേതിൽ കണ്ട ലോകം

Blog Image
'തൊണ്ണൂറ്റിയഞ്ചു വര്‍ഷങ്ങള്‍ കടന്നു പോയതറിഞ്ഞില്ല, മഞ്ഞും മഴയും വെയിലും മാറി മാറി വന്നുപോയതറിഞ്ഞില്ല'

ദൈവം അത്ഭുതങ്ങള്‍ സൃഷ്ടിക്കുമ്പോള്‍
ജീവിതം എങ്ങനെയാണ് ഇത്ര സുന്ദരമാകുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ?, അത് പലപ്പോഴും തനിച്ചല്ലെന്ന് തോന്നുമ്പോഴാണ്. കൂട്ടിന് അല്‍പ്പം ചില മനുഷ്യരോ, കുടുംബമോ, കുട്ടികളോ ഉണ്ടാകുമ്പോഴാണ്. അത്തരത്തില്‍ കൂട്ടിപ്പിടിക്കാന്‍ ഒരുപാട് മനുഷ്യര്‍ ജീവിതത്തില്‍ സ്വന്തമായിട്ടുള്ള ഏലി കുന്നത്തുകിഴക്കേതിലിന്‍റെ  കഥയാണിത്. ഓര്‍മ്മകളുടെ, വേര്‍പാടിന്‍റെ, ത്യാഗത്തിന്‍റെ, ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ കഥ. പതിമൂന്ന് മക്കളെയും കൊണ്ട് അമേരിക്കയുടെ മണ്ണിലും ഏലി കുന്നത്തുകിഴക്കേതില്‍ ജീവിച്ചു കാണിച്ച നിമിഷങ്ങളുടെ കഥ. ജീവിതം ചിലപ്പോഴൊക്കെ ഈ 95-കാരിയ്ക്ക് മുന്‍പില്‍ തോറ്റു പോകാറുണ്ട്. വീണുപോകുമെന്ന് കരുതിയ നേരങ്ങളില്‍ തന്നെത്തന്നെ പലപ്പോഴായി പിടിച്ചുയര്‍ത്തിയതിന്‍റെ പേരാണ് ഏലി കുന്നത്തുകിഴക്കേതില്‍.
കോട്ടയം ജില്ലയിലെ ഏറ്റുമാനൂരില്‍ ജീവിച്ച്, പള്ളിയും ദൈവത്തിന്‍റെ സ്നേഹനിര്‍ഭരമായ വെളിച്ചവും കൊണ്ട് ജീവിതത്തിലേക്ക് നടന്നു കയറിയതാണ് ഏലി കുന്നത്തുകിഴക്കേതില്‍. ഇപ്പോള്‍ അമേരിക്കയുടെ മഞ്ഞുവീഴുന്ന നിലങ്ങളില്‍ ഓര്‍മ്മകളുടെ പൊതിക്കെട്ടഴിച്ചു കൊണ്ട് പോയകാല ജീവിതത്തെയും, അതിലെ അനര്‍ഘ നിമിഷങ്ങളെയും കുറിച്ചോര്‍ത്തു നെടുവീര്‍പ്പിടുന്നു.
ഏലി കുന്നത്തുകിഴക്കേതില്‍ ഇപ്പോള്‍ ചിക്കാഗോയിലുണ്ട്. അമ്മച്ചിക്ക്  2022 ഫെബ്രുവരി 19ന് 95 വയസ്സ് തികയും. 13 മക്കളും, മുപ്പത് കൊച്ചുമക്കളും, 20 കുഞ്ഞുമക്കളുമടങ്ങുന്നതാണ് അമ്മച്ചിയുടെ ജീവിതത്തിലെ ഏക സമ്പാദ്യം. എല്ലാവരും ഒന്നിച്ചു അമേരിക്കയില്‍ തന്നെയാണ് ജീവിക്കുന്നത്. ഏറ്റുമാനൂരിലുള്ള ഏലി എങ്ങനെ അമേരിക്കയിലെത്തി, എല്ലാവരില്‍ നിന്നും വിഭിന്നമായി എങ്ങനെ പതിമൂന്ന് കുഞ്ഞുങ്ങളുടെ അമ്മയായി എന്നൊക്കെയുള്ളത് ഒരു സിനിമാക്കഥ പോലെയാണ്. ഒരല്‍പ്പം അത്ഭുതവും, ദൈവീകതയും നിറഞ്ഞതാണ് അതിന്‍റെ പശ്ചാത്തലം.
വിശുദ്ധ യൗസേഫ് പിതാവിനോടുള്ള  പ്രാര്‍ത്ഥനയാണ് ഈ 95-കാരിയുടെ ബലവും, കരുത്തും. അതുകൊണ്ട് തന്നെ ഏത് പ്രതിസന്ധികളിലും ചിരിക്കുന്ന മുഖമാണ് അമ്മച്ചിയുടേത്. രാവിലെ അഞ്ചുമണിയ്ക്ക് എഴുന്നേറ്റാല്‍ പ്രാര്‍ത്ഥന തുടങ്ങുന്ന അമ്മച്ചി  രാത്രി ഉറങ്ങാന്‍ കിടക്കുമ്പോഴും പ്രാര്‍ത്ഥനകള്‍ മുടക്കാറില്ല.
1983 മാര്‍ച്ച് മുതലാണ് ഏലി കുന്നത്തുകിഴക്കേതില്‍ ചിക്കാഗോയുടെ ദത്തുപുത്രിയായത്. അന്ന് മുതല്‍ ഇന്നോളം ജീവിതത്തിന് ഒരിക്കല്‍ പോലും ഇവരെ തോല്‍പ്പിക്കാനോ തളര്‍ത്താനോ കഴിഞ്ഞിട്ടില്ല.
പിന്നിട്ട തൊണ്ണൂറ്റഞ്ചു വര്‍ഷങ്ങളെക്കുറിച്ച് പറയുമ്പോള്‍, തന്‍റെ കുടുംബത്തേക്കുറിച്ച് പറയുമ്പോള്‍, പിന്നിട്ട വഴികളിലെ ഓര്‍മ്മകളെയും, പ്രാര്‍ഥനകളെയും കുറിച്ചു പറയുമ്പോള്‍ ഇപ്പോഴും അമ്മച്ചിക്ക് പ്രായം അല്‍പ്പം ചെറുതാകും. ചുറുചുറുക്കോടെ അവര്‍ ഭൂതകാലത്തിന്‍റെ കെട്ടുകള്‍ അഴിക്കും. കണ്ടറിഞ്ഞ നിമിഷങ്ങളെക്കുറിച്ച് പറഞ്ഞ് തുടങ്ങും..


ഏറ്റുമാനൂരില്‍ നിന്നും ഏലി
ചിക്കാഗോയിലെത്തിയ കഥ

ഏലിയുടെ ജീവിതം പിച്ചവച്ചു തുടങ്ങുന്നത് കോട്ടയം ജില്ലയില്‍ കല്ലറ ഗ്രാമത്തില്‍ കാട്ടിപ്പറമ്പില്‍ കുടുംബത്തിലാണ്. ഏറ്റുമാനൂര്‍ കുന്നത്തുകിഴക്കേതില്‍  ജോസഫിനെ വിവാഹം കഴിച്ചതോടെ  വീടുമായി ചുറ്റപ്പെട്ട പരിസരവും മനുഷ്യരും ഭര്‍ത്താവ് ജോസഫിന്‍റെ പലചരക്ക് കടയുമെല്ലാമായിരുന്നു ഏലിയുടെ ആകെയുണ്ടായിരുന്ന സമ്പാദ്യം. കടയുണ്ടാകും മുന്‍പ് ഏലിയും ജോസഫും ജീവിതത്തിന്‍റെ എല്ലാ കയ്പുനീരുകളും കുടിച്ചാണ് ജീവിച്ചു വന്നത്. മക്കളെ പോറ്റാന്‍, പഠിപ്പിക്കാന്‍ അവര്‍ രണ്ടുപേരും നന്നേ പാടുപെട്ടിരുന്നു. വിശപ്പിന്‍റെ വിലയറിഞ്ഞ നാളുകളായിരുന്നു അത്. വറുതിയുടെ മഴക്കാലങ്ങള്‍, ഇടയ്ക്ക് വന്നു പോകുന്ന ആശ്വാസത്തിന്‍റെ മഞ്ഞുകാലങ്ങള്‍, പിന്നീട് പൊള്ളുന്ന വെയില്‍, ജീവിതം അങ്ങനെ പരീക്ഷണങ്ങളുമായി തന്നെയാണ് ഇവരുടെ  പക്കലും വന്നെത്തിയിരുന്നത്. പക്ഷെ എന്തോ തോറ്റുകൊടുക്കാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല. എവിടെയോ വീണുകിട്ടിയ പുല്‍ക്കൊടിയില്‍ അവര്‍ പേടികൂടാതെ പിടിച്ചു കയറുകയായിരുന്നു.
ഈ അമ്മച്ചിയുടെ എല്ലാ വിജയങ്ങള്‍ക്ക് പിറകിലും ദൈവത്തിന്‍റെ അനുഗ്രഹമുണ്ട്. ദൈവം സദാ അവര്‍ക്ക് മേല്‍ അവന്‍റെ നോട്ടം പതിപ്പിച്ചിരിക്കുന്നു. അവരുടെ സന്തോഷങ്ങളില്‍ അവന്‍ സന്തോഷിക്കുകയും, അവരുടെ ദുഃഖങ്ങളില്‍ അവന്‍ കൂട്ടിരിക്കുകയും ചെയ്തിരുന്നു. ഇടവകപ്പള്ളിയായ ഏറ്റുമാനൂര്‍ കൊടുവത്താനം  സെന്‍റ് ജോസഫ് ക്നാനായ കത്തോലിക്കാ പള്ളിയിലായിരുന്നു അമ്മച്ചി എപ്പോഴും പോയിരുന്നത്. അതുകൊണ്ട് തന്നെ കൂടെയെപ്പോഴും ദൈവത്തിന്‍റെ നിഴലുകള്‍ കൂട്ടിനുള്ളത് പോലെ  അനുഭവപ്പെട്ടിരുന്നു. ഏറ്റുമാനൂര്‍ തവളക്കുഴിയിലെ ഭര്‍ത്താവ് ജോസഫിന്‍റെ പലചരക്കു കടയില്‍ നിന്നാണ് അമ്മച്ചിയുടെയും കുടുംബത്തിന്‍റെയും ജീവിതം പതിയെ പച്ചപിടിച്ചു തുടങ്ങിയത്. അതുവരെ ത്യാഗവും, പ്രയാസങ്ങളും തന്നെയായിരുന്നു അമ്മച്ചിക്ക്  കൂട്ടിനുണ്ടായിരുന്നത്. പക്ഷെ അന്നും ജീവിതത്തോടും യാഥാര്‍ഥ്യത്തോടും തോറ്റുകൊടുക്കാന്‍ ഈ അമ്മച്ചിക്ക് കഴിയില്ലായിരുന്നു.
തന്‍റെ പതിമൂന്ന് മക്കളെയും പഠിപ്പിച്ചതും, വളര്‍ത്തിയതുമെല്ലാം ഭര്‍ത്താവിന്‍റെ പലചരക്കു കടയില്‍ നിന്നുള്ള വരുമാനം കൊണ്ടായിരുന്നു. എന്നാല്‍ 1981ല്‍ അച്ചാച്ചന്‍ കാന്‍സര്‍ മൂലം മരണപ്പെടുമ്പോള്‍ മക്കളുടെ ജീവിതം അമ്മച്ചിയുടെ  കണ്മുന്‍പിലുണ്ടായിരുന്നു. തന്‍റെ ഓര്‍മ്മകളില്‍ അമ്മച്ചി  വിഷമിച്ച ഒരേയൊരു നിമിഷമായിരുന്നു പ്രിയപ്പെട്ടവന്‍റെ മരണം. തുഴയാന്‍ ഒപ്പമുണ്ടായിരുന്ന ഒരാള്‍, എല്ലാം പങ്കുവയ്ക്കാന്‍ സ്വന്തമായിട്ടുള്ള ഒരാള്‍ പെട്ടെന്ന് നഷ്ടപ്പെട്ടത് അമ്മച്ചിയുടെ  ഓര്‍മ്മകളില്‍ ഇപ്പോഴും മരവിച്ചു കിടക്കുന്നുണ്ട്. പക്ഷെ തന്നെ പ്രതീക്ഷിച്ചിരിക്കുന്ന കുഞ്ഞുങ്ങളെ തനിക്ക് വളര്‍ത്തിയെ തീരൂ എന്ന നിശ്ചയദാര്‍ഢ്യത്തില്‍ ഏലി പുതിയ ഒരു ജീവിതം കെട്ടിപ്പടുക്കുകയായിരുന്നു.


ചിക്കാഗോയിലെ ചിതലരിക്കാത്ത ജീവിതം
1979ലാണ് ഏലിയുടെ മൂത്തമകന്‍ ബേബി ചിക്കാഗോയില്‍ നിന്ന് വന്ന ലീല പൂതക്കരിയെ വിവാഹം ചെയ്ത് അമേരിക്കയിലെത്തുന്നത്. ഇതോടെയാണ് ആ മാറ്റം ഒരു കുടുംബത്തിന്‍റെ തന്നെ വലിയ പ്രകാശത്തിന് കാരണമാകുന്നത്. 1981ല്‍ അച്ചാച്ചന്‍ മരിച്ചതോടെ 12 കുട്ടികളുടെയും സംരക്ഷണം മകന്‍ ബേബിയും ഭാര്യ ലീലയും ഏറ്റെടുക്കുകയായിരുന്നു. അങ്ങനെ 38 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഏലി കുന്നത്തുകിഴക്കേതില്‍ ചിക്കാഗോയുടെ ദത്തുപുത്രിയായി മാറുന്നത്. ഒരു നാട്ടിന്‍പുറത്തുകാരിയില്‍ നിന്ന് നഗരത്തിന്‍റെ എല്ലാ ഊഷ്മളതകളിലേക്കുമുള്ള മാറ്റം. നിലവിലിപ്പോള്‍ ഏലി കുന്നത്തുകിഴക്കേതില്‍ അമേരിക്കന്‍ പൗരത്വം സ്വീകരിച്ചിരിക്കുന്നു. ചിക്കാഗോ ഈ അമ്മച്ചിയുടെ  പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും നഗരമാണ്. ജീവിതത്തിലെ എല്ലാ കടമ്പകളും അവര്‍ കടന്നതും, സ്വപ്നങ്ങളെ വിളയിച്ചെടുത്തതും ചിക്കാഗോയില്‍ വച്ചാണ്.
മക്കളായിരുന്നു അമ്മച്ചിയുടെ ജീവന്‍. അവര്‍ക്ക് വേണ്ടിയായിരുന്നു അച്ചാച്ചന്‍ മരിച്ചിട്ടും തോല്‍ക്കാതെ ഈ പെണ്ണൊരുത്തി ഭൂമിയില്‍ ഉറച്ചു നിന്നത്. അതുകൊണ്ട് തന്നെ കര്‍ത്താവിന്‍റെ തീരുമാനങ്ങളെ അംഗീകരിച്ചുകൊണ്ട് തന്നെയാണ് അമ്മച്ചി പിന്നീടുള്ള ജീവിതവും തിരഞ്ഞെടുത്തത്. 1983ല്‍ ആറാമത്തെ മകന്‍ ജോസ് പുത്തന്‍ കുര്‍ബാന ചൊല്ലി വൈദികനായ നിമിഷവും അതേ കര്‍ത്താവിന്‍റെ വിധിയില്‍ അവര്‍ സന്തോഷത്തിന്‍റെ അശ്രുക്കള്‍ പൊഴിച്ചു. ജീവിതത്തിലെ അനര്‍ഘ നിമിഷങ്ങളായി ഇപ്പോഴും അത് അമ്മച്ചിയുടെ  ഹൃദയത്തിന്‍റെ ഉള്ളറകളിലുണ്ട്.
ദൈവത്തോട് ചേര്‍ന്നാണ് ചിക്കാഗോയില്‍ എത്തിയപ്പോഴും ഈ അമ്മച്ചി നടന്നത്. എല്ലാ മക്കളെയും ദൈവവിശ്വാസത്തിലും പാരമ്പര്യത്തിലുമാണ് വളര്‍ത്തിയത്. മകനായ ഫാദര്‍ ജോസ് കുന്നത്തുകിഴക്കേതില്‍ ഡോണ്‍ബോസ്കോ വൈദികനായി ഇരുപത്തിയഞ്ചുവര്‍ഷത്തിലധികം ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശുശ്രൂഷ ചെയ്തതിന് ശേഷമാണ് അമേരിക്കയിലെത്തിയത്. അദ്ദേഹം ഇപ്പോള്‍ നെബ്രാസ്ക്ക സ്റ്റേറ്റില്‍ ഗ്രാന്‍ഡ് അയ്ലന്‍ഡ് രൂപതയില്‍ സേവനം ചെയ്യുന്നു.
പള്ളിയില്‍ പോകാന്‍ അമ്മച്ചിക്ക്  ഈ ഭൂമിയിലെ ഒരു പ്രതിഭാസവും തടസ്സമല്ലായിരുന്നു. മഞ്ഞും മഴയും വെയിലും എത്ര മാറിമാറി വന്നാലും  മുടങ്ങാതെ പള്ളിയില്‍ പോകുമായിരുന്നു. എന്തിന് ഭാഷയെ പോലും അതിജീവിച്ച് തന്‍റെ സ്വതസിദ്ധമായ ചിരിയിലൂടെ മറ്റുള്ളവരുമായി അമ്മച്ചി  ചങ്ങാത്തം കൂടിയിരുന്നു.


കുന്നത്തുകിഴക്കേതില്‍ എന്ന കലാകുടുംബം
കല ജീവിതത്തിന്‍റെ ഓരോ സ്പന്ദനങ്ങളെയും തൊട്ടറിയുന്ന ഒന്നാണെന്ന് തിരിച്ചറിഞ്ഞവരാണ് അമ്മച്ചിയുടെ കുടുംബം. ഭര്‍ത്താവായിരുന്ന ജോസഫ് ഏറ്റുമാനൂരിലെ സെന്‍റ്  ജോസഫ് പള്ളിയില്‍ സുറിയാനി കുര്‍ബാനയ്ക്ക് ഹാര്‍മോണിയം വായിച്ച് പാട്ടുപാടുമായിരുന്നു. മരിക്കുന്നത് വരെ അദ്ദേഹം ആ കലാജീവിതം തുടര്‍ന്നുപോന്നിരുന്നു. ദൈവത്തോടുള്ള അര്‍പ്പണവും കലയോടുള്ള സ്നേഹവും അദ്ദേഹത്തിന്‍റെ പാട്ടുകളിലും പാട്ടുകളോടുള്ള മനോഭാവത്തിലും വ്യക്തമായിരുന്നു. അച്ചാച്ചന്‍റെ മരണശേഷം മക്കള്‍ പള്ളിയിലെ ഗായകസംഘത്തില്‍ സജീവമായിത്തുടങ്ങി. അച്ചാച്ചന്‍ തുടങ്ങിവെച്ച കലയോടുള്ള ആത്മാര്‍ത്ഥമായ സമീപനം മക്കളിലൂടെ തുടര്‍ന്നു പോവുകയായിരുന്നു.
ഈ അമ്മച്ചിയും പാടും, പാട്ടുകളെ അവര്‍ ഒരുപാട് ഇഷ്ടപ്പെടുന്നു. ദേവഗീതങ്ങള്‍ക്ക് പുറകെ, പഴയ മലയാളം സിനിമാ ഗാനങ്ങളും അമ്മച്ചി നന്നായി പാടും. മക്കളില്‍ മിനി, ജിജി എന്നിവര്‍ പാട്ടിലും തബലയിലും  നന്നായി കഴിവ് തെളിയിച്ചവരാണ്, കൊച്ചുമകന്‍ സനു കുന്നത്തുകിഴക്കേതില്‍ ചിക്കാഗോയിലെ അറിയപ്പെടുന്ന ഡീജെ  കലാകാരനാണ്. കൊച്ചുമക്കള്‍ എല്ലാം ചേര്‍ന്ന് ഒരു ചെണ്ടമേളം ഗ്രൂപ്പ് രൂപീകരിക്കുകയും അതില്‍ സജീവമായി പങ്കെടുക്കുകയും ചെയ്യുന്നുണ്ട്. കലയോട് അത്രത്തോളം അര്‍പ്പണബോധമുള്ള ഒരു കുടുംബമാണ് ഈ കുടുംബം.
ഏലിയെ ലോകം കാണിച്ചത് മക്കളാണ്. ജീവിതത്തില്‍ പലപ്പോഴും ഏലിയ്ക്ക് നടത്താന്‍ കഴിയാതിരുന്ന, എന്നാല്‍ ഒരുപാട് ആഗ്രഹങ്ങള്‍ ഉള്ള യാത്രകളെല്ലാം നിറവേറുന്നത് ചിക്കാഗോയില്‍ എത്തിയതിനു ശേഷമായിരുന്നു. കാലുകള്‍ ഉറയ്ക്കുന്നതുവരെ ഏലി കൈപിടിച്ച് നടത്തിയ മക്കള്‍ തന്നെയാണ് അമ്മച്ചിയെ ലോകം കാണിക്കാന്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നത്.  
വിശുദ്ധ നാടുകള്‍ ലൂര്‍ദ്ദ്(ഫ്രാന്‍സ്) ഫാത്തിമ (പോര്‍ച്ചുഗല്‍) ഗൂഡലൂപ്പ (മെക്സിക്കോ) വത്തിക്കാന്‍ (ഇറ്റലി) യൂറോപ്യന്‍ രാജ്യങ്ങള്‍, കാനഡ, തായ്ലന്‍ഡ്, ബഹാമസ് എന്നിവിടങ്ങളില്‍ എല്ലാം അവര്‍ അമ്മച്ചിയെ കൊണ്ടുപോയി. ഒരു കുഞ്ഞിനെ പോലെയാണ് മക്കള്‍ അവരെ നോക്കുന്നത്. എല്ലാ തലമുറകള്‍ക്കും ഈ അമ്മച്ചിയും കുടുംബവും ഒരു വലിയ മാതൃകയാണ്.
മേരി കാര്‍ലോസ് ഓട്ടപ്പള്ളില്‍, പരേതയായ ആലീസ് എബ്രഹാം അതിരിങ്കല്‍ പുത്തന്‍ പുരയില്‍, ലൂസി എബ്രഹാം നെടുങ്ങാട്ട്, ബേബി  കുന്നത്തുകിഴക്കേതില്‍, ജോണ്‍ കുന്നത്തുകിഴക്കേതില്‍, ഫാ. ജോസ് കുന്നത്തുകിഴക്കേതില്‍, തോമസ് കുന്നത്തു കിഴക്കേതില്‍, മോളി മച്ചാനിക്കല്‍, ലിസി തോട്ടപ്പുറം, ജെസി ഇഞ്ചനാട്ടില്‍, ബെറ്റി ആശാരിക്കുറ്റ്, ജിജി കുന്നത്തുകിഴക്കേതില്‍, മിനി മറ്റത്തില്‍, എന്നിവരാണ് ഏലിയുടെ പതിമൂന്ന് മക്കള്‍.
പരേതനായ കാര്‍ലോസ് ഓട്ടപ്പള്ളില്‍, പരേതനായ എബ്രഹാം അതിരിങ്കല്‍ പുത്തന്‍ പുരയില്‍, എബ്രഹാം നെടുങ്ങാട്ട്, ലീല പൂതക്കരി, ലീലാമ്മ വടക്കേ വെളിയില്‍, ലൂഡ്സി മഴുവഞ്ചേരില്‍, ജോണി മച്ചാനിക്കല്‍, ജോര്‍ജ്  തോട്ടപ്പുറം, രാജു ഇഞ്ചനാട്ടില്‍, ബിനോയ് ആശാരിക്കുറ്റ്, നീന മണക്കാട്ട്, ജോണി മറ്റത്തില്‍ എന്നിവരടങ്ങുന്ന പന്ത്രണ്ട് മരുമക്കളും ഏലിയുടെ കുടുംബത്തിന്‍റെ നെടും  തൂണുകളാണ്.


അമ്മച്ചിയുടെ ലോക വീക്ഷണങ്ങള്‍
ജനിച്ച നാടിനെക്കുറിച്ചും ജീവിക്കുന്ന നാടിനെക്കുറിച്ചും ചോദിച്ചാല്‍ രണ്ടും രണ്ട് അനുഭവങ്ങള്‍ തന്നെയാണ് എന്നായിരിക്കും അമ്മച്ചിയുടെ മറുപടി. നാട്ടില്‍ അതിരാവിലെ എഴുന്നേറ്റ് പള്ളിയില്‍ പോകുന്നതും ആടിനെ വളര്‍ത്തിയും, അടുക്കളപ്പണി ചെയ്തും എല്ലാവര്‍ക്കും ഭക്ഷണം വിളമ്പിയും നടക്കുന്നതുമോര്‍ത്ത് അമ്മച്ചിയുടെ കണ്ണ് നിറയും. ഓര്‍മ്മകളില്‍ പ്രിയപ്പെട്ട അച്ചാച്ചനും പലചരക്കു കടയും നിറയും. അമ്മച്ചിയുടെ ഓര്‍മ്മകളില്‍ നിറയെ മക്കളും മരുമക്കളും പേരക്കുട്ടികളും നിറയും. അവരുടെ ചിരിയും കളിയും അമ്മച്ചിയുടെ  കണ്ണിലങ്ങനെ തിളങ്ങി നില്‍ക്കും.
അമ്മച്ചിയുടെ  മൂത്ത മകന്‍ ബേബിക്ക്  ഇരട്ടക്കുട്ടികളായിരുന്നു. അച്ചാച്ചന്‍റെ മരണശേഷം മറ്റെല്ലാ സഹോദങ്ങളെയും നോക്കാന്‍ തന്‍റെ ജീവിതം തന്നെ മാറ്റിവച്ച അവനെക്കുറിച്ചോര്‍ക്കുമ്പോള്‍ അമ്മച്ചിക്ക് അഭിമാനം തോന്നും, ജോലികള്‍ ഒന്നുമില്ലെങ്കിലും ചിക്കാഗോയില്‍ അമ്മച്ചിയ്ക്ക് വെറുതെയിരിക്കാനറിയില്ല. അമ്മച്ചി വന്നകാലത്ത് തന്നത്താന്‍ നടന്ന് തൊട്ടടുത്തുള്ള പള്ളിയില്‍ പോകും. വഴി മുറിച്ച് കടക്കാന്‍ കൂട്ടുകാര്‍ സഹായിക്കും. അവരോടൊക്കെ ഒരു ചിരിയില്‍ നന്ദി പ്രകടിപ്പിക്കും. ചിക്കാഗോയിലെ മഞ്ഞുകാലങ്ങളില്‍ പോലും അന്ന് അമ്മച്ചി ഈ പതിവ് മുടക്കാറില്ലായിരുന്നു. ദൈവത്തിലേക്കുള്ള പാത ഇപ്പോഴും  കല്ലും മുള്ളും നിറഞ്ഞതാണല്ലോ.
ദൈവത്തോട് എപ്പോഴും തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട് അമ്മച്ചിക്ക്. പഴയകാല ജീവിതവും അന്നത്തെ പ്രയാസങ്ങളും നിറഞ്ഞ ജീവിതത്തില്‍ നിന്ന് ഇന്നു കാണുന്ന നിലയിലേക്ക് എത്തിച്ചത് ദൈവത്തിന്‍റെ സ്നേഹമാണെന്ന് അമ്മച്ചി വിശ്വസിക്കുന്നു. 13 കുട്ടികളെ അന്നത്തെ സാഹചര്യത്തില്‍ വളര്‍ത്തിയെടുത്തതോര്‍ക്കുമ്പോള്‍ അമ്മച്ചിയ്ക്ക് ഇപ്പോഴും സ്വയം ഒരു അഭിമാനമൊക്കെ തോന്നും. വിശുദ്ധ യൗസേപ്പിതാവിന്‍റെ  അനുഗ്രഹത്താല്‍ എല്ലാ മക്കളെയും പഠിപ്പിക്കാന്‍ സാധിച്ചതാണ് വലിയ അനുഗ്രഹമെന്ന് അമ്മച്ചി എപ്പോഴും പറയും.
ആറാമത്തെ മകന്‍ ജോസിന്‍റെ പുത്തന്‍ കുര്‍ബാനയില്‍ പങ്കെടുത്ത്, മകനില്‍ നിന്ന് വിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കാന്‍ കഴിഞ്ഞത് അമ്മച്ചി തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ കര്‍മ്മമായി കണക്കാക്കുന്നു. ദൈവത്തിന്‍റെ വഴികളില്‍ തന്‍റെ മകനെ നടത്തിയതില്‍ അവര്‍ അഭിമാനിക്കുന്നു. കൊച്ചുമക്കളുടെ വിവാഹവും, അവരുടെ കുസൃതികളും സന്തോഷങ്ങളുമൊക്കെ കണ്ട് ചിക്കാഗോയില്‍ ജീവിക്കുമ്പോള്‍ അമ്മച്ചി ഒരു മാതൃകാ വനിതയിലേക്ക് ഉയര്‍ത്തപ്പെടുകയായിരുന്നു.
ഈ സന്തോഷകരമായ ജീവിതം യൗസേപ്പിതാവിന് സമര്‍പ്പിക്കുകയാണ് അമ്മച്ചി. ഇത്രയും വലിയ ഒരു കുടുംബത്തിന്‍റെ ഗൃഹനാഥയായി, മക്കളുടെയും കൊച്ചുമക്കളുടെയും എല്ലാ സ്നേഹാദരവും ഏറ്റുവാങ്ങി അമ്മച്ചി  സന്തോഷമായി ജീവിക്കുന്നു. 
ഈ സന്തോഷത്തിനിടയില്‍ 2021 ഡിസംബര്‍ മൂന്നിന് അമ്മച്ചിയുടെ രണ്ടാമത്തെ മകള്‍ ആലീസ് ഏബ്രഹാം മരണപ്പെട്ടത് അമ്മച്ചിയുടെയും കുടുംബാംഗങ്ങളുടെയും ഉള്ളുലച്ചു. ഫെബ്രുവരി 19ന് അമ്മച്ചിയുടെ  95-ാം ജന്മദിനത്തിന് ചിക്കാഗോയില്‍ ഒത്തുകൂടുമ്പോള്‍ ആലീസ് ഏബ്രഹാമിന്‍റെ അഭാവം അമ്മച്ചിയുടെ കണ്ണുകളെ ഈറനണിയിക്കും. ഒരു വിരല്‍ നഷ്ടപ്പെടുന്നതുപോലെയാണ് ഒരമ്മയ്ക്ക് മക്കളുടെ വേര്‍പാട്.
അമ്മച്ചിയുടെയും മക്കളുടെയും ജീവിതം നമ്മുടെ തലമുറകള്‍ക്ക് ഒരു വലിയ മാതൃകയാണ്. ഒരമ്മച്ചിയെ  പതിമൂന്ന് മക്കള്‍ ചേര്‍ന്ന്, അവരെ നോക്കിയതിനേക്കാള്‍ ഭംഗിയായി  നോക്കുന്നത് കേരളീയ സമൂഹത്തിന് തന്നെ അഭിമാനമാണ്. 
ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ അമ്മയെ കളഞ്ഞിട്ട് പോകുന്നവരും, സ്വത്തിനും പണത്തിനും വേണ്ടി അമ്മമാരെ ഉപേക്ഷിക്കുന്നവരും ഉപദ്രവിക്കുന്നവരും ഏലി കുന്നത്തുകിഴക്കേതിലിന്‍റെ കഥ കേള്‍ക്കാതെ പോകരുത്.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.