ജീവിതത്തിൽ ഒരു ഘട്ടം കഴിഞ്ഞാൽ പിന്നെ ഓർമ്മകളാണ് മനുഷ്യനെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്
എന്ത് സാധ്യമാകില്ലെന്ന് കരുതിയോ അതിനെ നേടിയെടുക്കാന്‍ രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന മനുഷ്യരുടെ കാല്‍പ്പാടുകളാണ് ഈ ഭൂമിയെ വിചിത്രമാക്കുന്നത്, അവര്‍ അവരറിയാതെ തന്നെ ചുറ്റുമുള്ളവരിലേക്ക് തങ്ങളുടെ പ്രകാശം പകരുകയും ഭൂമിയെ ഒരു വെളിച്ചമുള്ള കൂടാക്കി മാറ്റുകയും ചെയ്യും.
ബിനു ചിലമ്പത്തിന്‍റെ (സൗത്ത് ഫ്ളോറിഡ) ജീവിതം അത്തരത്തില്‍ ചുറ്റുമുള്ളവരിലേക്ക് കൂടി വെളിച്ചത്തിന്‍റെ കണികകള്‍ പകരുന്ന ഒന്നാണ്. അവരാല്‍ ചുറ്റപ്പെട്ടവരൊക്കെ അവരാല്‍ തന്നെ പ്രകാശം കാണുകയും പിന്നീട് മറ്റുള്ളവര്‍ക്ക് അതേ പ്രകാശം പകരുകയും ചെയ്യുന്നു. ഒരു സ്ത്രീയുടെ ജീവിതത്തില്‍ ഇതിനുമപ്പുറം മറ്റെന്താണ് നേടാനുള്ളത്. സ്വന്തം നിലപാടുകളില്‍ ബിനു ചിലമ്പത്ത് ജീവിക്കുമ്പോള്‍ നേട്ടങ്ങളുടെ കൊടുമുടിയില്‍ അഭിമാനത്തോടെ, ജീവിതത്തെ ഏറ്റവും ഉയരമുള്ള ചിന്തകളുടെ മുകളില്‍ നിന്ന് തിരിഞ്ഞു നോക്കുമ്പോള്‍ അവര്‍ക്ക് അസാധ്യമായ ഒന്നും തന്നെ ഇപ്പോള്‍ ഭൂമിയില്‍ അവശേഷിക്കുന്നില്ല.
ഒളശ്ശ ജോസഫ് വെള്ളിയാന്‍റെയും മേരിക്കുട്ടി (മേരി ജോണ്‍ കൊപ്പുഴ)യുടെയും മകളായിട്ടായിരുന്നു ബിനുവിന്‍റെ ജനനം. പിതാവിനെക്കുറിച്ച് ഓര്‍ക്കുമ്പോഴൊക്കെ ബിനുവിന് സുന്ദരമായ നിമിഷങ്ങള്‍ ഓര്‍മ്മ വരും. വര്‍ഷങ്ങള്‍ക്ക് മുകളില്‍ ജീവിതം കൊണ്ടുവന്നിട്ട ഓര്‍മ്മകള്‍ക്കിടയില്‍ പിതാവിനെ മൂടിയതൊക്കെയും മറവിയുടെ പച്ചമണ്ണായിരുന്നു. കുട്ടച്ചന്‍ സാര്‍ എന്നാണ് അദ്ദേഹത്തെ നാട്ടില്‍ അറിയപ്പെട്ടിരുന്നത്.
നാട്ടുകാര്‍ക്ക് പ്രിയപ്പെട്ട കുട്ടച്ചന്‍ സാര്‍. കുട്ടിക്കാലത്ത് തങ്ങളെ പ്രസംഗം, ഉപന്യാസം, ക്വിസ് എന്നീ മത്സരങ്ങള്‍ക്കൊക്കെ ഒരുക്കുവാന്‍ വളരെ തല്പരനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്‍റെ അടുത്തിരുന്ന് രാവിലെ ദിനപ്പത്രം വായിക്കുമ്പോള്‍ അദ്ദേഹം ഓരോന്ന് വിശദീകരിച്ചുതരും. നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഇതെല്ലാം വെറും ഓര്‍മ്മകള്‍ മാത്രമായിത്തീര്‍ന്നു.
പിതാവിനെക്കുറിച്ചുള്ള നേരിയ ഓര്‍മ്മകള്‍ക്ക് പോലും വല്ലാത്ത ഒരു വിങ്ങലായാണ് ബിനു ചിലമ്പത്തിന് തോന്നാറുള്ളത്. കോട്ടയം കഞ്ഞിക്കുഴി ഹോളി ഫാമിലി ഹൈസ്കൂളില്‍ അദ്ധ്യാപകനും അയ്മനം കോപ്പറേറ്റീവ് ബാങ്ക് പ്രസിഡന്‍റും ആയിരിക്കെയായിരുന്നു പിതാവ് മരണപ്പെടുന്നത്. അതൊരു വലിയ ശൂന്യതയായിരുന്നു. അദ്ദേഹത്തിന്‍റെ നിര്യാണം വളരെ പെട്ടെന്നായിരുന്നു. അതില്‍നിന്നുണ്ടായ മാനസികമായ ആഘാതം കുടുംബത്തിന് തന്നെ വളരെ കനത്തതായിരുന്നു. അദ്ദേഹത്തിന്‍റെ മരണശേഷം അമ്മയായിരുന്നു കുടുംബത്തിന്‍റെ ആശ്വാസമായിരുന്നത്. അമ്മ കോട്ടയം ഡിസ്ട്രിക്ട് ഹോസ്പിറ്റലില്‍ നിന്നു നഴ്സിംഗ് സൂപ്രണ്ടായി വിരമിച്ചു. തങ്ങള്‍ അഞ്ചു മക്കളെ പരിപാലിക്കുന്നതില്‍ ജോലിയോടൊപ്പം സിംഗിള്‍ പേരന്‍റ് ഏറ്റെടുത്ത കഷ്ടപ്പാടുകള്‍ വളരെ ഏറെ ആയിരുന്നുവെന്ന് അമ്മയെ ഓര്‍ക്കുമ്പോഴൊക്കെയും ബിനുവിന് തോന്നും. താന്‍ ഒരമ്മയല്ലേ എന്ന് തോന്നുമ്പോഴൊക്കെയും അതിന്‍റെ കാഠിന്യം കൂടും. അമ്മയുടെ മരണം കൂടി ഈ അടുത്ത കാലത്ത് സംഭവിച്ച വലിയ ശൂന്യതയായിരുന്നു. പക്ഷേ അമ്മയും, പപ്പയും നല്‍കിയ ജീവിത പാഠത്തിന്‍റെ നന്മയിലാണ് ഞങ്ങള്‍ ജീവിതം കരുപ്പിടിപ്പിച്ചത്. ആ വെളിച്ചത്തിലാണ് മുന്നോട്ടുള്ള യാത്രയും.
പഠിച്ചു നേടിയ പാഠങ്ങള്‍
ഒരു പെണ്‍കുട്ടിയുടെ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വിദ്യാഭ്യാസം. വിദ്യയുണ്ടെങ്കില്‍ മറ്റാരെയും ആശ്രയിച്ചു ജീവിക്കേണ്ട ഒരവസ്ഥ ഉണ്ടായിരിക്കുകയില്ല. അതുകൊണ്ട് തന്നെ പഠന കാര്യത്തില്‍ പപ്പയും അമ്മയും ബിനുവിനെ നന്നായിത്തന്നെ ശ്രദ്ധിച്ചിരുന്നു. ഒളശ്ശ മദാമ്മ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടര്‍ന്ന് പരിപ്പ് ഹൈസ്കൂളിലേക്ക് മാറുകയായിരുന്നു. ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു കാലഘട്ടമായി ബിനു പരിപ്പ് ഹൈസ്കൂളിലെ ജീവിതത്തെ ഇപ്പോഴും ഓര്‍ക്കുന്നു. മലയാളം പഠിപ്പിച്ച ജേക്കബ് സാറിനേയും, ഇംഗ്ലീഷ് ഗ്രാമര്‍ ഹൃദിസ്ഥമാക്കിത്തന്ന കെ. സി. കേശവന്‍ നായര്‍ സാറിനെയും, കണക്കു പഠിപ്പിച്ച സ്വാമി സാറിനെയും ഇന്നും, എന്നും നന്ദിയോടെ ഓര്‍ക്കുന്ന ഒരു കൊച്ചു കുട്ടിയാണ് ഇപ്പോഴും ബിനു ചിലമ്പത്ത്.
ഇഷ്ടപ്പെട്ടാല്‍ മാത്രമേ നമ്മള്‍ മനുഷ്യര്‍ എന്തിനോടെങ്കിലും പ്രതിബദ്ധത കാണിക്കുകയുള്ളൂ. സ്കൂള്‍ കാലഘട്ടങ്ങളിലും അങ്ങനെത്തന്നെയാണ്. വിദ്യാര്‍ത്ഥിക്ക് സബ്ജെക്ടില്‍ ഇഷ്ടമുണ്ടാകുന്നതില്‍ വലിയൊരു പങ്ക് വഹിക്കുന്നത് അദ്ധ്യാപകരാണ്. കുട്ടികള്‍ ശ്രദ്ധിക്കണമെങ്കില്‍ അല്‍പ്പം നന്നായിത്തന്നെ അദ്ധ്യാപകന്‍ പണിയെടുക്കേണ്ടിയിരിക്കുന്നു എന്ന തിരിച്ചറിവുണ്ടാകുന്നത് അപ്പോഴാണ്. എസ്. എസ്.എല്‍.സി. റിസള്‍ട്ട് അറിഞ്ഞപ്പോള്‍ തന്‍റെ പപ്പായുടെ മുഖത്തു കണ്ട ചെറിയ ചിരി അദ്ദേഹം ഞങ്ങളെ വിട്ടുപോകുന്നതിനു മുന്‍പ് നല്‍കാന്‍ സാധിച്ച ഒരു ചെറിയ സമ്മാനമായി കൃതാര്‍ത്ഥതയോടെ ബിനു ചിലമ്പത്ത് ഓര്‍ക്കുന്നതിനു കാരണവും അതേ അദ്ധ്യാപകരാണ്.
ചെറുപ്പം മുതല്‍ക്കേ മിഷന്‍ ലീഗ്, ബാലജനസഖ്യം, കെ.സി.വൈ.എല്‍, ഐക്കഫ് എന്നിവയില്‍ എല്ലാം ബിനു സജീവമായി ഉണ്ടായിരുന്നു. അതിലെല്ലാം തന്നെ ആത്മാര്‍ത്ഥമായി എടുത്ത സ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കാനും ബിനുവിന് കഴിഞ്ഞിരുന്നു. പത്താം ക്ലാസ്സില്‍ പെണ്‍കുട്ടികളുടെ വിഭാഗം സ്കൂള്‍ ലീഡര്‍ ആയിരുന്നത് ഇപ്പോഴും ഓര്‍മ്മയിലെ ഒരു ശിശിരകാലം പോലെ ബിനു ഓര്‍ക്കുന്നു. ഇപ്പോഴും തന്‍റെ ഓര്‍മ്മകളുടെ ചങ്ങലകളില്‍ ബന്ധിക്കപ്പെട്ടിരിക്കുന്ന ഒരാളാണ് ബിനു. അവര്‍ അത്രത്തോളം ഭൂതകാലത്തിലേക്ക് ആഴ്ന്നിറങ്ങിപ്പോയിരിക്കുന്നു. ശരിയാണ് ഓര്‍മ്മകള്‍, എത്ര ആഴമുള്ള ഒരു വാക്കാണ്, അത് തിരിച്ചറിയണമെങ്കില്‍ നമ്മള്‍ ജീവിതത്തിന്‍റെ വൃത്തം ഒരിക്കലെങ്കിലുംചുറ്റി തിരിയേണ്ടതുണ്ട്.
പറിച്ചു നട്ട ചെടി തളിര്‍ത്തു തുടങ്ങുമ്പോള്‍
ഓര്‍മ്മകളുടെ വേരില്‍ നിന്നുള്ള ഒരു പറിച്ചു നടലായിരുന്നു ബിനു ജോസഫിന്‍റെ ജയ്പ്പൂരിലേക്കുള്ള യാത്ര. കോട്ടയം ബി.സി.എം. കോളേജില്‍ ബി.എസ്. സി കെമിസ്ട്രി പഠിച്ചുകൊണ്ടിരുന്നപ്പോഴാണ് ബി. എസ്.സി നേഴ്സിങ് പഠിക്കാന്‍ ജയ്പ്പൂരിലേക്ക് ചേക്കേറുന്നത്. എന്നാല്‍ അവിടെ ഒന്ന് പരിചയിച്ചു വരുന്നതിനു മുന്‍പ് തന്നെ ചിലമ്പത്ത് ലൂക്കോസ് (ഡന്‍ലപ്പ് മാനേജര്‍)ന്‍റെയും അന്നമ്മയുടെയും പുത്രനായ ബിന്നി (എം.റ്റിയിലും, ബെസേലിയസില്‍ ബോട്ടണിയിലും വിദ്യാഭ്യാസം ചെയ്ത അലക്സ്)യെ വിവാഹം ചെയ്ത് അമേരിക്കയിലേക്ക് പോകേണ്ടി വന്നു. വിവാഹം രണ്ടുപേരുടെ ഒന്നിച്ചുള്ള യാത്രയായിരുന്നെങ്കിലും, ജീവിതത്തിന്‍റെ തിരക്കിനിടയില്‍ ബിനുവിന് തന്‍റെ നാടിനെയും തന്‍റെ ചെറുപ്പകാലത്തെയും ഓര്‍മ്മ വരും, ഓര്‍മ്മകള്‍ അങ്ങനെയാണല്ലോ, വിടുന്തോറും കൂടെകൂടുന്നവരാണല്ലോ.
അമ്മ അമേരിക്കയിലേക്ക് വന്നപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു ബിനുവിന്. അമ്മ ഓര്‍മ്മകളുടെ മണമുള്ള ഒരാളായിരുന്നു. ഒപ്പമുണ്ടായിരുന്ന അത്രയും സമയം ഇഷ്ടമുള്ള ഒരു പുസ്തകം പരിപാലിക്കുന്നതുപോലെ അമ്മയ്ക്കൊപ്പം കൂട്ടിരുന്നു. അമേരിക്കയില്‍ ഇരുപത്തിമൂന്നു വര്‍ഷത്തോളമായി കൊച്ചുമക്കളുടെ ജീവിതത്തിന്‍റെ ഒരു വലിയ ഭാഗമായിത്തീര്‍ന്ന അമ്മയെ ഒരുപാട് നന്ദിയോടെയാണ് ബിനു ഓര്‍ക്കുന്നത്. പിതാവ് മരിച്ചതിന്‍റെ നോവറിയിക്കാതെയാണ് അമ്മ അവരെ വളര്‍ത്തിയത്, പഠിപ്പിച്ചത്. കേരളത്തിന്‍റെ സ്വന്തം ആരോഗ്യ പ്രവര്‍ത്തകയായി ആയിരങ്ങള്‍ക്ക് സാന്ത്വനമേകിയ അമ്മ ഒളശ്ശയുടെ സ്വന്തം നേഴ്സ് കൂടിയായിരുന്നു. അമേരിക്കയില്‍ ആയിരുന്നപ്പോള്‍ അമ്മയുടെ കാര്യങ്ങള്‍ വളരെ കരുതലോടെയാണ് ബിനുവിന്‍റെ കുട്ടികള്‍ നോക്കിയിരുന്നത്. ഒരു തലമുറയുടെ തന്നെ മാതൃകയാണ് കുട്ടികള്‍ എന്ന് അപ്പോഴൊക്കെ ബിനുവിന് തോന്നും. കുട്ടികളെ കൂടാതെ അമ്മയെ ശുശ്രൂഷിച്ചിരുന്ന സഹോദരങ്ങളും ഭര്‍ത്താവും ബിനുവിന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണ്.
തന്‍റെ ജോലിയില്‍ ഏറ്റവുമധികം സന്തോഷവും സമാധാനവും കണ്ടെത്തുന്നയാളാണ് ബിനു ചിലമ്പത്ത്. ഇത്രയും നല്ല ഒരു പ്രൊഫഷന്‍ തിരഞ്ഞെടുക്കാന്‍ കഴിഞ്ഞതിനും അതിനെ ഇത്രയും ഭംഗിയില്‍ ചെയ്യാന്‍ കഴിവ് തന്നതിനും ദൈവത്തോടാണ് ബിനുവിന് നന്ദി പറയാനുള്ളത്. Pediatric Hematology + Oncology + ICU യുവില്‍ ഇപ്പോള്‍ Case Manager ആയിട്ടാണ് ബിനു ചിലമ്പത്ത് ജോലി ചെയ്യുന്നത്. ജോലിയേക്കാള്‍ ഇതൊരു സാമൂഹ്യ പ്രവര്‍ത്തനം കൂടിയാണ് എന്ന് തിരിച്ചറിഞ്ഞത് കൊണ്ടാവാം വിവിധ അവാര്‍ഡുകള്‍ ലഭിക്കുന്നതിനേക്കാള്‍ ഏറെ സന്തോഷം പകരുന്നത് കുട്ടികള്‍ക്കൊപ്പമുള്ള ഈ നിമിഷങ്ങളാണ്. കുട്ടികളുടെ കൂടെ കൂടിയാല്‍ നമ്മളും കുട്ടികളാകും എന്നതാണ് ബിനുവിന്‍റെ തത്വം. അസാധ്യങ്ങളെന്നു വിചാരിക്കുന്ന കാര്യങ്ങള്‍ സാധ്യങ്ങളായി നല്‍കി താന്‍ സ്നേഹിക്കുന്ന കുഞ്ഞുങ്ങളായ രോഗികളുടെയും അവരുടെ കുടുംബങ്ങളെയും തന്നോടൊപ്പം ജോലി ചെയ്യുന്ന ടീമിനും സന്തോഷം നല്‍കുന്നതാണ് ഏറ്റവും വലിയ അനുഭൂതിയെന്ന് ബിനു ചിലമ്പത്ത് വിശ്വസിക്കുന്നു.
സമൂഹത്തോട് സംവദിക്കുമ്പോള്‍
അമേരിക്കയില്‍ എത്തിയതിനു ശേഷം സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിലൊന്നായ കേരള സമാജം സൗത്ത് ഫ്ളോറിഡയുടെ പ്രസിഡന്‍റ് പദവി വരെ അലങ്കരിച്ച ജീവിതമാണ് ബിനുവിന്‍റേത്. വിവിധ സാമൂഹ്യ പ്രശ്നങ്ങളില്‍ സജീവമായി ഇടപെട്ടു. കേരള സമാജം ഓഫ് സൗത്ത് ഫ്ളോറിഡാ സെക്രട്ടറി, പ്രസിഡന്‍റ്, അഡ്വൈസറി ബോര്‍ഡ് ചെയര്‍പേഴ്സണ്‍, ഇന്‍ഡ്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഫ്ളോറിഡ ചാപ്റ്റര്‍ ട്രഷറര്‍, സെക്രട്ടറി, പ്രസിഡന്‍റ്, നാഷണല്‍ ഓഡിറ്റര്‍, ഇന്‍ഡ്യന്‍ കാത്തലിക് അസോസിയേഷന്‍ വൈസ് പ്രസിഡന്‍റ് (സൗത്ത് ഫ്ളോറിഡ), ക്നാനായ കാത്തലിക് അസ്സോസിയേഷന്‍ സൗത്ത് ഫ്ളോറിഡ വൈസ് പ്രസിഡന്‍റ്, വണ്‍ ഡോളര്‍ ഫെഡറേഷന്‍ ട്രഷറാര്‍, ഐ.എന്‍.ഒ.സി. ഫ്ളോറിഡ ചാപ്റ്റര്‍ പ്രസിഡന്‍റ്, വിവിധ ഫൊക്കാനാ കണ്‍വന്‍ഷനുകളില്‍ വിവിധ കമ്മിറ്റികളുടെ ചെയര്‍പേഴ്സണ്‍, വിവിധ സംഘടനകളുടെ മാതൃദിന പരിപാടികളിലും യുവജന പരിപാടികളിലും സന്ദേശങ്ങള്‍ നല്‍കുവാനും, വിവിധ മത്സരങ്ങളുടെ വിധികര്‍ത്താവായും, എം.സിയായും ബിനു ചിലമ്പത്തിന് പ്രവര്‍ത്തിക്കുവാന്‍ അവസരം ലഭിച്ചിട്ടുണ്ട്.
എഴുതാനും, പുസ്തകങ്ങള്‍ വായിക്കാനും ഒരുപാട് ഇഷ്ടമുള്ളയാളാണ് ബിനു ചിലമ്പത്ത്. എന്നാല്‍ അമ്മയുടെ രോഗശുശ്രൂഷ മൂലവും മക്കളുടെ വിദ്യാഭ്യാസ ജീവിതത്തിലെ തിരക്കുകളും ഒക്കെ മൂലം എഴുത്തില്‍നിന്ന് കുറെനാള്‍ മാറി നില്‍ക്കേണ്ടിവന്നിരുന്നു. മലയാളം വാര്‍ത്ത, ഇ-മലയാളി, മലയാളി മനസ്സ് (ഫ്ളോറിഡ) എന്നിവയില്‍ സ്ഥിരമായി സാമൂഹിക വിഷയങ്ങള്‍ സംബന്ധിച്ച് എഴുതിയിരുന്നു. എഴുത്ത് എപ്പോഴും ബിനു ചിലമ്പത്തിന്‍റെ ജീവിതത്തിന്‍റെ ഭാഗമായിരുന്നു. ആദ്യമായി പുറത്തിറക്കിയ കവിതാ കുറിപ്പുകള്‍ക്ക് കേരളത്തില്‍ നിന്ന് പുരസ്കാരവും ലഭിച്ചിരുന്നു. അമേരിക്കയിലെത്തി കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ബിനുവിന് പൊതുപ്രവര്‍ത്തനത്തിലേക്ക് കടന്നു ചെല്ലാനായത്. അതിനിടയില്‍ മുന്‍പുണ്ടായിരുന്ന എഴുത്തു ശീലങ്ങളെല്ലാം കുറഞ്ഞു പോയിരുന്നു. ലേഖനം, നാടകം, ചെറുകഥ എഴുത്തിലൊക്കെ ബിനുവിന് വലിയ താല്പര്യമുണ്ടായിരുന്നു. അഭിനയമായിരുന്നു ഇതില്‍ ഏറെ ഇഷ്ടമുള്ളത്. എന്നാല്‍ ജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ ആ ശീലങ്ങളും ആഗ്രഹങ്ങളും എവിടെയൊക്കെയോ വിട്ട് പോരേണ്ടി വന്നു.
പൊതു പ്രവര്‍ത്തനമാണ് ജീവിതത്തിലെ തിരക്കിനിടയില്‍ ലഭിക്കുന്ന ഒരാശ്വാസം. 'കുറഞ്ഞത് രണ്ടു കമ്മിറ്റിയിലെങ്കിലും അംഗമായിരുന്ന്' ജീവിതത്തില്‍ ആക്ടീവ് ആയി തുടരണമെന്ന് മക്കള്‍ തമാശയായി അമ്മയെ ഓര്‍മ്മിപ്പിക്കാറുണ്ട്. അത് തന്നെയാണ് ബിനുവിന്‍റെ ജീവിതത്തെ നയിക്കുന്ന ഏറ്റവും മനോഹരമായ തമാശയും.
ഐ.ഒ.സി. സൗത്ത് ഫ്ളോറിഡ പ്രസിഡന്‍റ്, ഇന്ത്യാ പ്രസ് ക്ലബ്ബ് സൗത്ത് ഫ്ളോറിഡാ ചാപ്റ്റര്‍ വൈസ് പ്രസിഡന്‍റ്, സെന്‍റ് ജൂഡ് ക്നാനായ കാത്തലിക് ചര്‍ച്ച് പാരീഷ് കൗണ്‍സില്‍ സെക്രട്ടറി എന്നീ നിലകളില്‍ ഇപ്പോള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.
മക്കള്‍ ബനീറ്റ (ഇന്‍റേണല്‍ മെഡിസിന്‍ ഹോസ്പിറ്റലിസ്റ്റ് ഫിസിഷ്യന്‍) & ജയ്സണ്‍ മഠത്തില്‍ പറമ്പില്‍, ബ്രിയാന (ഹോസ്പിറ്റല്‍ സ്ട്രോക് കോര്‍ഡിനേറ്റര്‍) & ജസ്റ്റിന്‍ വാലിമറ്റത്തില്‍, ബെഞ്ചമിന്‍ (ങഉ ടൗറേലിേ ജവ്യശെരശമി) എന്നിവര്‍ അമ്മയുടെ എല്ലാ ഇഷ്ടങ്ങള്‍ക്കും സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കും കൂടെ തന്നെയുണ്ട്. സഹോദരങ്ങളായ ഷൈനി & റ്റോമി തച്ചേട്ട്, മിനി & ഫിലിപ്പ് കുടുന്ത, പുഷ്പ & ജോണി ഞാറവേലി, എബി & ജോസ്നി വെള്ളിയാന്‍ എന്നിവരും ബിനുവിന്‍റെ എല്ലാ തീരുമാനങ്ങളെയും അംഗീകരിക്കുന്നവരും, വര്‍ഷങ്ങള്‍ക്കിപ്പുറവും ഏറ്റവും നല്ല ബന്ധം പുലര്‍ത്തുന്നവരുമാണ്. തങ്ങള്‍ക്കെന്നും താങ്ങും തണലുമായി ഒപ്പമുണ്ടായിരുന്ന അപ്പച്ചനെയും അമ്മച്ചിയെയും അമേരിക്കയിലെത്തുവാന്‍ നിമിത്തമായ ബിന്നിയുടെ സഹോദരങ്ങളായ പരേതനായ സോളമന്‍ & ഏലിയാമ്മ ചിലമ്പത്ത്, റ്റോമി &മേരി ചിലമ്പത്ത്, ആനിമോള്‍ & ജെയിംസ് ചെരുവില്‍, പരേതനായ പോള്‍സണ്‍ & റൂബി ചിലമ്പത്ത്, സുമ & സണ്ണി ഫിലിപ്പ്, പിതൃസഹോദരന്‍ പരേതനായ ഫാ. പോള്‍ ചിലമ്പത്ത് എന്നിവരെ തന്‍റെ ഓരോ വിജയ വഴിയിലും ബിനു സ്മരിക്കാറുണ്ട്.
ഓര്‍മ്മകളാണ് ബിനു ചിലമ്പത്തിന്‍റെ ജീവിതത്തെ മൂല്യമുള്ളതാക്കുന്നത്, വന്ന വഴികളുടെ ഓര്‍മ്മകള്‍, നദിക്കരയിലെ വീടിന്‍റെ ഓര്‍മ്മകള്‍, പക്ഷികളുടെയും, മഴയില്‍ ദൂരെ എവിടെ നിന്നോ ഒലിച്ചു വരുന്ന മീനുകളുടെയും ഓര്‍മ്മകള്‍, മാതാപിതാക്കളുടെ ഓര്‍മ്മകള്‍. ജീവിതമങ്ങനെ ഓര്‍മ്മകളാല്‍ നിറഞ്ഞിരിക്കുകയാണ്. വീണ്ടുമൊരിക്കല്‍ക്കൂടി താന്‍ ജനിച്ചുവളര്‍ന്ന ഗ്രാമത്തില്‍, നദിയുടെ തീരത്തുള്ള വീട്ടിലെ ജീവിതം ബിനു സ്വപ്നം കാണാറുണ്ട്. വയലാറിന്‍റെ വരികള്‍ കേള്‍ക്കുമ്പോള്‍ ബിനുവിന് നാടോര്‍മ്മവരും.
ഓരോ പ്രവാസികളെയും പോലെ ബിനുവും ഇപ്പോള്‍ ഓര്‍മ്മകളുടെ മടിത്തട്ടില്‍ ജീവിക്കുന്നു, അവ കൂടുതല്‍ ശോഭിക്കട്ടെ.