"ദൈവവും കലാകാരനും തമ്മിലുള്ള സഹവര്‍ത്തിത്വമാണ് കല"
കല എന്നത് ഒരു കൈ പ്രപഞ്ചത്തിലേക്കും ഒരു കൈ ഹൃദയത്തിലേക്കും നീട്ടി നിലകൊള്ളുന്നു. അതിലേക്ക് ഊര്‍ജ്ജം കടത്തിവിടുന്നതിനുള്ള ഒരു ചാലകമാണ് നമ്മള്‍ ഓരോരുത്തരും. എന്തായിത്തീരണം എന്ന് നമ്മള്‍ തന്നെ തീരുമാനിക്കുന്നിടത്താണ് ഒരു വ്യക്തിയുടെ വിജയം തുടങ്ങുന്നത്.
താന്‍ എന്തായാലും എവിടെ ആയിരുന്നാലും എന്തെല്ലാം നേടിയാലും ആത്യന്തികമായി ഒരു കലാകാരനായി അറിയപ്പെടണം, അതാണ് തന്‍റെ ജീവിതാഭിലാഷം എന്ന് തുറന്നു പറയുകയും അതിനുവേണ്ടി സദാ പരിശ്രമിക്കുകയും ചെയ്യുന്ന ഒരു കലാകാരന്‍ അമേരിക്കന്‍ മലയാളികള്‍ക്കിടയിലുണ്ട്- ചാക്കോ തോമസ് മറ്റത്തിപ്പറമ്പില്‍.
നാടകവും, ചൊല്‍ക്കാഴ്ചയും നെഞ്ചേറ്റിയ ഒരു കലാകാരന്‍. ഇപ്പോഴും തന്‍റെ ജീവിത വഴിത്താരയുടെ വിജയങ്ങള്‍ക്ക് താങ്ങും തണലുമായി നില്‍ക്കുന്ന കലാ, സാംസ്കാരിക അനുഭവങ്ങള്‍. കല നമ്മള്‍ കാണുന്നത് മാത്രമല്ല, മറ്റുള്ളവരെ കാണാന്‍ പ്രേരിപ്പിക്കുന്നതു കൂടിയാണെന്ന് മനസ്സിലാക്കിയ കലാകാരന്‍. നമുക്ക് സമൂഹത്തോട് സംവദിക്കേണ്ട പല കാര്യങ്ങളും കലയുടെ പശ്ചാത്തലത്തില്‍ പറയുമ്പോള്‍, അവ പ്രേക്ഷകരിലേക്ക് കടന്നുചെല്ലുമ്പോള്‍ അതൊരു ആനന്ദമാണെന്ന് ചാക്കോ മറ്റത്തിപ്പറമ്പില്‍ പറയുന്നു.
കലാ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായ പഠന കാലം
കോട്ടയം നീറിക്കാട് മറ്റത്തിപ്പറമ്പില്‍ പരേതരായ തോമസിന്‍റേയും ഏലിയാമ്മയുടെയും ഏഴുമക്കളില്‍ മൂന്നാമനാണ് ചാക്കോ മറ്റത്തിപ്പറമ്പില്‍. ഏഴാം ക്ലാസ് വരെ നീറിക്കാട് സെന്‍റ് മേരീസ് യു.പി. സ്കൂള്‍, ഏഴ് മുതല്‍ പത്തുവരെ സേക്രഡ് ഹാര്‍ട്ട് ഹൈസ്കൂള്‍ കോട്ടയം, മാന്നാനം കെ.ഇ. കോളജില്‍ പ്രീഡിഗ്രി, ഉഴവൂര്‍ സെന്‍റ് സ്റ്റീഫന്‍സില്‍ നിന്ന് ഫിസിക്സ് ബിരുദം, ബിരുദാനന്തര ബിരുദം ആഗ്ര ആര്‍.ബി.എസ്. കോളജില്‍. ബി.എഡിന് ഗവ. ട്രെയിനിംഗ് കോളജ് തിരുവനന്തപുരം. തുടര്‍ന്ന് ബാംഗ്ളൂരില്‍ ആപ്പിളില്‍ കമ്പ്യൂട്ടര്‍ പഠനം.
ചാക്കോ മറ്റത്തിപ്പറമ്പില്‍ സ്കൂള്‍ കോളേജ് പഠന കാലങ്ങളിലെല്ലാം വിദ്യാഭ്യാസത്തോടൊപ്പം കലാ പ്രവര്‍ത്തനങ്ങളിലും, സ്കൂള്‍ പരിപാടികളിലും സജീവമായിരുന്നു. ഇതിനു തുടക്കം കുറിച്ചത് നീറിക്കാട് സെന്‍റ് മേരീസ് പള്ളിയിലായിരുന്നു. പ്രേഷിത ഞായറാഴ്ചകളില്‍ എന്തെങ്കിലുമൊരു പരിപാടി അവതരിപ്പിക്കണമെന്ന് അച്ചന്‍ പറയുമ്പോള്‍ കുട്ടിയായ ചാക്കോ ചാടിയെണീക്കും. മിമിക്രി, മോണോ ആക്ട് തുടങ്ങിയവ അവതരിപ്പിച്ച് കയ്യടിനേടും. പിന്നീട് സ്കൂളില്‍ കലാപരിപാടികളിലും സജീവം. സ്കൂള്‍ വാര്‍ഷികത്തിന് നാടകാവതരണം, വിനോദ പത്രപാരായണം എന്നിവ ഒരു പ്രത്യേക പരിപാടിയായിരുന്നു. വാര്‍ത്തകള്‍ ഉണ്ടാക്കി ചെറിയ പേപ്പറില്‍ എഴുതി ചുരുട്ടി വായിക്കുന്ന പരിപാടിയായിരുന്നു അത്. അധ്യാപകരുടെ പ്രോത്സാഹനം കൂടിയായപ്പോള്‍ സ്കൂളിന്‍റെ സ്റ്റാറായി മാറി ചാക്കോ മറ്റത്തിപ്പറമ്പില്‍.
കെ.സി.വൈ.എല്‍ പ്രവര്‍ത്തനം രൂപപ്പെടുത്തിയ ജീവിതചര്യ
അക്കാലത്ത് കെ.സി.വൈ.എല്‍. സജീവമായതോടെ പള്ളിയുമായി അടുത്ത ബന്ധം സ്ഥാപിച്ചു. ഇക്കാലത്ത് ബാബു ചാഴിക്കാടന്‍, ജോസ് കണിയാലി എന്നിവരെ പരിചയപ്പെട്ടത് മറ്റൊരു നേട്ടമായി. നീറിക്കാട് കെ.സി.വൈ.എല്‍ പ്രസിഡന്‍റ്, സെന്‍റ് മേരീസ് ചര്‍ച്ച് സെക്രട്ടറി, രൂപതാ വൈസ് പ്രസിഡന്‍റ് എന്നീ നിലകളില്‍ സജീവമായി. ഇക്കാലത്ത് നാട്ടില്‍ ലൈബ്രറി വാര്‍ഷികത്തിലും, ഗ്രന്ഥശാല പ്രവര്‍ത്തനങ്ങളിലും ഈ സുഹൃത്തുക്കളുടെ പിന്തുണയോടെ ചാക്കോയുടെ നാടകം, സ്കിറ്റുകള്‍ ഒക്കെ ശ്രദ്ധനേടിക്കഴിഞ്ഞിരുന്നു. നാടക നടനും ഇപ്പോള്‍ ചലച്ചിത്ര നടനുമായ കോട്ടയം രമേശ് സഹപാഠിയും നാടകങ്ങളില്‍ ഒരുമിച്ച് അഭിനയിക്കുകയും ചെയ്തിരുന്നു. ഐക്കഫിന്‍റെ വൈസ് പ്രസിഡന്‍റ് ആയിരിക്കെ നിരവധി കലാ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.
അദ്ധ്യാപന പഠനം മാറ്റിമറിച്ച കലാസാഹിത്യ ജീവിതം
തിരുവനന്തപുരം ഗവണ്‍മെന്‍റ് ബി.എഡ് കോളജിന്‍റെ പ്ലാറ്റിനം ജൂബിലി വര്‍ഷത്തിലാണ് ചാക്കോ മറ്റത്തിപ്പറമ്പില്‍ ബി എഡ് പഠിക്കുവാന്‍ തിരുവനന്തപുരത്ത് എത്തുന്നത്. ജീവിതത്തിലെ വലിയ ടേണിംഗ് പോയിന്‍റ് ആയിരുന്നു അത്. അവിടെ ആര്‍ട്സ് ക്ലബ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത് സാഹിത്യ സാംസ്കാരിക നായകന്മാരുമായി ബന്ധപ്പെടാന്‍ അവസരം കിട്ടി. കവികളായ കടമ്മനിട്ട രാമകൃഷ്ണന്‍, കുരീപ്പുഴ ശ്രീകുമാര്‍, ഡി. വിനയചന്ദ്രന്‍ തുടങ്ങിയവരെ കോളജില്‍ കൊണ്ടുവരികയും അവരുമായി വലിയ സൗഹൃദത്തിന് തുടക്കമിടുകയും ചെയ്തു. ആ സമയത്താണ് ചൊല്‍ക്കാഴ്ചയോട് ഒരു ആഭിമുഖ്യം തോന്നുന്നത്. കവിതകള്‍ ദൃശ്യ ഭംഗിയോടു കൂടി അവതരിപ്പിക്കുന്ന ഒരു കാവ്യാലാപന രീതിയായിരുന്നു ചൊല്‍ക്കാഴ്ച്ച. അമേരിക്കയിലെ ഹിപ്പി സംസ്കാരത്തിന്‍റെ ഭാഗമായ ഹാപ്പനിംഗ് എന്ന കലാവതരണരീതി കണ്ട അടൂര്‍ ഗോപാലകൃഷ്ണന്‍ കവി അയ്യപ്പപ്പണിക്കരോടും, കടമ്മനിട്ടയോടും പങ്കു വെയ്ക്കുകയും അതില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് മലയാളത്തില്‍ ചൊല്‍ക്കാഴ്ചയ്ക്ക് തുടക്കമുണ്ടായത്. കവി അയ്യപ്പപ്പണിക്കരാണ് ഈ കലാരൂപത്തിന് ചൊല്‍ക്കാഴ്ച്ച എന്ന് നാമകരണം ചെയ്തത്. നിരവധി കവിതകള്‍ ചൊല്‍ക്കാഴ്ച്ചയായി കോളജിലും നാട്ടിലെ സദസുകളിലും അവതരിപ്പിച്ച് ശ്രദ്ധനേടാന്‍ ചാക്കോ മറ്റത്തിപ്പറമ്പിലിന് കഴിഞ്ഞിരുന്നു. ബി.എഡ് പഠനം കഴിഞ്ഞ് പുറത്തിറങ്ങിയ സമയത്ത് സെന്‍റര്‍ ഫോര്‍ എര്‍ത്ത് സയസില്‍ താല്‍ക്കാലിക ജോലി ലഭിച്ചു. കാറ്റിന്‍റെ ഗതിയില്‍നിന്ന് കറണ്ട് ഉണ്ടാക്കുന്നതിനുള്ള സാധ്യതാ പഠനം നടത്തുകയായിരുന്നു ജോലി. ഈ ജോലി ലഭിക്കാന്‍ പ്രധാനകാരണക്കാരി ബി.എഡ് അദ്ധ്യാപിക പ്രൊഫ. അന്നമ്മ ഏബ്രഹാമായിരുന്നു.
അമേരിക്കയിലേക്ക് കുടിയേറിയ നാടകവും
ചൊല്‍ക്കാഴ്ച്ചയും
നമ്മുടെ മനസ്സിലെ സ്വപ്നത്തിനും യാഥാര്‍ത്ഥ്യത്തിനും ഇടയിലുള്ള ജ്ഞാനവും ഭ്രാന്തും തമ്മിലുളള പോരാട്ടത്തില്‍ നിന്ന് ജനിച്ച മനുഷ്യരാശിയുടെ ഏറ്റവും വിസ്മയിക്കുന്ന പ്രവര്‍ത്തനമായി കല നിലനില്‍ക്കുമെന്ന് ചരിത്രം പറയുന്നത് വളരെ സത്യമാണ്. കാരണം കല ദേശാന്തരവര്‍ത്തിയാണ്. 1988-ല്‍ വിവാഹത്തോടെ അമേരിക്കയിലേക്ക് പോയ ചാക്കോ മറ്റത്തിപ്പറമ്പില്‍ നാടക പ്രവര്‍ത്തനങ്ങളില്‍ സജീവമാവുകയും അമേരിക്കയില്‍ ചൊല്‍ക്കാഴ്ച്ചകള്‍ക്കായി വേദികള്‍ കണ്ടുപിടിക്കുകയും ചെയ്തു. പ്രധാനമായും അയ്യപ്പപ്പണിക്കരുടെ കവിതകള്‍ ആയിരുന്നു ചൊല്‍ക്കാഴ്ച്ചയായി വേദികളില്‍ അവതരിപ്പിച്ചത്. മലയാളി അസോസ്സിയേഷനുകളുടെ ഓണം, വിഷു, ക്രിസ്മസ് പ്രോഗ്രാമുകളില്‍ നാടകം, സ്കിറ്റുകള്‍, തുടങ്ങിയവ അവതരിപ്പിക്കുവാന്‍ തുടങ്ങി. ചുരുങ്ങിയ സമയംകൊണ്ട് അമേരിക്കന്‍ മലയാളികളുടെ മനസ്സില്‍ ഇടം നേടാന്‍ ചാക്കോ മറ്റത്തിപ്പറമ്പിലിന് കഴിഞ്ഞു.
വീട്ടില്‍ നിന്നും പഠിച്ച നന്മയുടെ പാഠങ്ങള്‍
ഒരു കാലത്ത് ചാക്കോയുടെ വീട് ഒരു ആരോഗ്യ നികേതനമായിരുന്നു. തന്‍റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ച വീട് അശരണര്‍ക്ക് തണലായത് മാതാപിതാക്കളിലൂടെയാണ്. പിതാവ് തോമസ് പട്ടാളത്തില്‍നിന്ന് വിരമിച്ച ശേഷം സര്‍ക്കാര്‍ സര്‍വ്വീസില്‍ കമ്പോണ്ടര്‍ ആയിരുന്നു. അക്കാലത്ത് നീറിക്കാട് ഭാഗങ്ങളില്‍ ഡോക്ടര്‍ സേവനങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. വൈകിട്ട് വീടെത്തുന്ന പിതാവിനെ കാണാന്‍ നിരവധി രോഗികള്‍ മറ്റത്തിപ്പറമ്പില്‍ വീട്ടിലേക്ക് വരും. മുറിവുകളില്‍ മരുന്നു വയ്ക്കുക, ഇഞ്ചക്ഷന്‍ എടുക്കുക, ഗുളികകള്‍ നല്‍കുക തുടങ്ങിയവയ്ക്ക് അമ്മയും ഒപ്പം കൂടുമായിരുന്നു. ഇത് കണ്ടാണ് ഞങ്ങള്‍ മക്കളുടെ വളര്‍ച്ച. എല്ലാവരും അവരവരുടെ തൊഴിലിനൊപ്പം സേവനത്തിന്‍റെ, നന്മയുടെ പാതകൂടി ഒപ്പം കൂട്ടാന്‍ സഹായിച്ചത് നീറിക്കാട്ടെ സ്വന്തം വീടും അവിടെയെത്തുന്ന രോഗികളും, അവരെ പരിചരിക്കുന്ന തന്‍റെ മാതാപിതാക്കളുമാണ്. ആ മനസ്സുകള്‍ ഞങ്ങള്‍ മക്കള്‍ ഇപ്പോഴും വായിക്കുന്നു. വീടില്ലാത്ത കുടുംബങ്ങള്‍ക്കായി കുമളിയില്‍ ഈയിടെ രണ്ട് വീടൊരുക്കി. അടച്ചുറപ്പുള്ള വീട് എല്ലാവരുടേയും ഒരു സ്വപ്നമല്ലേ. നീറിക്കാട്ട് ഉള്ള ചില വീടുകള്‍ക്ക് മെയിന്‍റനന്‍സ് ജോലികള്‍ ഏറ്റെടുത്ത് താമസയോഗ്യമാക്കല്‍, നിരവധി നേഴ്സിംഗ് കുട്ടികള്‍ക്ക് പഠന സാമ്പത്തിക സഹായം നല്‍കല്‍ ഒക്കെയായി മറ്റത്തിപ്പറമ്പില്‍ കുടുംബം നന്മയുടെ വഴിത്താരയിലും സജീവമാണ്.
ബ്രിട്ടീഷ് ഗയാനയിലേക്ക്
നാട്ടില്‍നിന്ന് അദ്ധ്യാപകനാകാനുള്ള യോഗ്യതയുമായി വിവാഹത്തോടെ അമേരിക്കയിലെത്തിയ ചാക്കോ മറ്റത്തിപ്പറമ്പില്‍ വേഗം ജോലി ലഭിക്കുന്നതിനായി റേഡിയോളജി പ്രോഗ്രാം പഠിക്കുവാന്‍ ചേര്‍ന്നു. 1995-ല്‍ നാഷണല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് റേഡിയേഷന്‍ തെറാപ്പി ഡിഗ്രിയെടുത്തു. കുക്ക് കൗണ്ടി ഹോസ്പിറ്റലില്‍ റേഡിയേഷന്‍ തെറാപ്പിസ്റ്റായി ജോലി കിട്ടി. ഇപ്പോഴും അവിടെ തുടരുന്നു. ആശുപത്രികളിലെത്തുന്നവര്‍ക്ക് സഹായിയായി സേവനങ്ങള്‍ തുടരുമ്പോള്‍ 2011 - 2012 ജീവിതത്തിലെ അവിസ്മരണീയമായ ഒരു സംഭവത്തിന് തുടക്കമിട്ടു.
സൗത്ത് അമേരിക്കയിലെ ബ്രിട്ടീഷ് ഗയാന എന്ന സ്ഥലത്ത് സുഹൃത്ത് ജോര്‍ജ് നെല്ലാമറ്റത്തിന് ഒരു റേഡിയോളജി സെന്‍റര്‍ ഉണ്ട്. കാന്‍സര്‍ രോഗികള്‍ കൂടുതല്‍ ഉള്ള സമയമായതിനാല്‍ അവിടുത്തെ ആരോഗ്യ മന്ത്രി രാമസ്വാമി പുതിയ ഒരു റേഡിയേഷന്‍ സെന്‍റര്‍ തുറക്കുന്നതിന്‍റെ ആവശ്യകതയുമായി ജോര്‍ജ് നെല്ലാമറ്റത്തെ സമീപിച്ചു. അദ്ദേഹത്തിന്‍റെ അഭ്യര്‍ത്ഥന മാനിച്ച് ബ്രിട്ടീഷ് ഗയാനയില്‍ അദ്ദേഹത്തിനൊപ്പം ജോലി ചെയ്ത് സെന്‍റര്‍ സ്ഥാപിക്കുവാന്‍ ചാക്കോ കൂടെ നില്‍ക്കുകയും കാന്‍സര്‍ ബോധവല്‍ക്കരണ ക്യാമ്പുകള്‍, ക്ലാസുകള്‍, എക്സിബിഷനുകള്‍ സംഘടിപ്പിക്കുകയും ചെയ്തു. കുത്തഴിഞ്ഞ ജീവിതം നയിച്ച ഒരു സമൂഹം സര്‍വിക്കല്‍ കാന്‍സര്‍, ബ്രസ്റ്റ് കാന്‍സര്‍, പ്രോസ്റ്ററേറ്റ് കാന്‍സര്‍ എന്നിവയ്ക്കെല്ലാം അടിമപ്പെട്ടിരുന്നു. ആ സമൂഹത്തെ ബോധവല്‍ക്കരിക്കുവാന്‍ പുതിയതായി ആരംഭിച്ച റേഡിയോളജി സെന്‍ററിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഏറെ ഗുണം ചെയ്തു. ജീവിതത്തിന്‍റെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൂടെ, പ്രാര്‍ത്ഥനയുടെ, സേവനത്തിന്‍റെ ലോകത്തുകൂടി യാത്ര ചെയ്ത നിമിഷങ്ങളായിരുന്നു ചാക്കോ മറ്റത്തിപ്പറമ്പിലിന് അക്കാലമെന്നത് ഏറെ സന്തോഷം നല്‍കുന്നു.
ഉപകാരി ഓഫ് ദി ഇയര്‍
ചാക്കോ തോമസ് മറ്റത്തിപ്പറമ്പിലിനെ ഏതൊരു ആവശ്യത്തിന് വിളിച്ചാലും സഹായവുമായി ഒപ്പം കൂടുന്ന വ്യക്തിത്വമായതിനാല്‍ ചിക്കാഗോ മലയാളി സമൂഹവും സൃഹൃത്തുക്കളും അദ്ദേഹത്തെ 'ഉപകാരി ഓഫ് ദി ഇയര്‍' എന്ന ഓമന പേരിട്ട് വിളിക്കുന്നു. സഹായം അര്‍ഹിക്കുന്ന ആളുകള്‍ക്ക് വേഗം ലഭ്യമാക്കുക എന്നതാണ് അദ്ദേഹത്തിന്‍റെ പോളിസി. തന്‍റെ സംഘടനാ പ്രവര്‍ത്തനങ്ങളും അതിനുവേണ്ടി മാറ്റിവച്ചു എന്നതാണ് ശരി. രണ്ടു തവണ ചിക്കാഗോ മലയാളി അസ്സോസിയേഷന്‍ ട്രഷറര്‍, കെ.സി.സി.എന്‍.എ. കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍ തുടങ്ങിയ പദവികളിലെല്ലാം ശോഭിച്ചു. ബി.എഡിന് പഠിക്കുമ്പോള്‍ തിരുവനന്തപുരത്ത് പഠനാര്‍ത്ഥമെത്തിയ ക്നാനായക്കാരെയും, ബാംഗ്ളൂരില്‍ പഠിക്കുവാന്‍ പോയപ്പോള്‍ അവിടെയുള്ള ക്നാനായക്കാരെയും സംഘടിപ്പിക്കുകയും ചെറിയ ചെറിയ സമുദായ സേവന പ്രവര്‍ത്തനങ്ങളിലും ചാക്കോ സജീവമായിരുന്നു.' നിര്‍ജ്ജീവമായ ഓരോ പ്രവര്‍ത്തനങ്ങളേയും സജീവമാക്കുക അതിലൂടെ നന്മ കണ്ടെത്തുക' എന്ന ചെറിയ തത്വത്തിന്‍റെ ഉടമ കൂടിയാണ് അദ്ദേഹം.
സജീവമാകുന്ന പുസ്തകവായന
കലയ്ക്കും സാഹിത്യത്തിനും സത്യത്തിന്‍റെ രൂപമുണ്ടെന്ന് വിശ്വസിക്കുന്ന ചാക്കോ മറ്റത്തിപ്പറമ്പില്‍ തികഞ്ഞ ഒരു പുസ്തക പ്രേമിയാണ്. മാധവിക്കുട്ടി, എം.കെ സാനു, എം.ടി, ഒഎന്‍വി തുടങ്ങി ബെന്യാമിന്‍ വരെയുള്ളവരുടെ പുസ്തകങ്ങള്‍ വായിക്കുകയും വിലയിരുത്തുകയും ചെയ്യും. പഠന കാലത്ത് എം. കൃഷ്ണന്‍ നായര്‍ സാറിന്‍റെ സാഹിത്യ വാരഫലത്തിന്‍റെ ആരാധകനും, വായനക്കാരനുമായിരുന്നു ചാക്കോ മറ്റത്തിപ്പറമ്പില്‍. ചിക്കാഗോയില്‍ ഒരു മലയാളി സാഹിത്യകാരന്‍ വന്നാല്‍ അവര്‍ അന്തിയുറങ്ങുക ചാക്കോ മറ്റത്തിപ്പറമ്പിലിന്‍റെ വീട്ടിലാവും. ഡി. വിനയചന്ദ്രന്‍, മാത്യു പ്രാല്‍, സംവിധായകന്‍ രഞ്ജിത്, സുകുമാര്‍, പ്രൊഫ. ചെമ്മനം ചാക്കോ തുടങ്ങിയവരൊക്കെ അദ്ദേഹത്തിന്‍റെ ആതിഥ്യം സ്വീകരിച്ചവരാണ്.
കുടുംബം, ശക്തി
വ്യത്യസ്തമായ ജീവിത സാഹചര്യങ്ങളിലൂടെ യാത്ര ചെയ്യുന്ന ഒരു തോണിക്കാരന്‍ കൂടിയാണ് ചാക്കോ തോമസ് മറ്റത്തിപ്പറമ്പില്‍. അതുകൊണ്ടു തന്നെ കുടുംബം എന്ന വലിയ ശക്തി എല്ലാ പിന്തുണയുമായി അദ്ദേഹത്തിനൊപ്പമുണ്ട്. ഭാര്യ കരിങ്കുന്നം പുറമടത്തില്‍ പരേതനായ തോമസിന്‍റേയും മേരിയുടേയും മകള്‍ ടെസ്സി (നേഴ്സായി റിട്ടയര്‍ ചെയ്തു). മക്കള്‍: ഷാരോണ്‍ (എം.ബി.എ. കഴിഞ്ഞ് ചിക്കാഗോയില്‍ ഇന്‍റലിജന്‍റ് മെഡിക്കല്‍ സര്‍വ്വീസില്‍ അനലിസ്റ്റ് ആയി ജോലി ചെയ്യുന്നു), ഷോണ്‍ (അരിസോണ വാന്‍ ഗാര്‍ഡ് കമ്പനിയില്‍ ഇക്കണോമിസ്റ്റ് ആയി ജോലി ചെയ്യുന്നു) ശില്‍പ്പ (ഒപ്പ്റ്റോമെട്രി അവസാന വര്‍ഷ വിദ്യാര്‍ത്ഥിനി) എല്ലാവരും നന്മയുള്ള ഈ മനസ്സിനൊപ്പം ചലിക്കുമ്പോഴും ചാക്കോയുടെ മനസില്‍ സ്വന്തം നാടും മീനച്ചിലാറും, നീറിക്കാട് ലൈബ്രറിയും, കോളാമ്പി വാര്‍ത്തയും, കടത്തും കടത്തുകാരനും, മാടക്കടയും, പച്ചമുളക് മോരും വെള്ളവും, കടവിലെ കുളിയുമൊക്കെയായി നില്‍ക്കുമ്പോള്‍ അങ്ങ് ദൂരെ നിന്ന് വയലാറിന്‍റെ പാട്ട് ഒഴുകി വരും...
'സന്ധ്യ മയങ്ങും നേരം ... ഗ്രാമച്ചന്ത പിരിയും നേരം... '
ഹാ... എത്ര മനോഹരം.
ലോകത്ത് എവിടെയായാലും നാട് വിളിക്കുമ്പോള്‍ ആ നന്മയിലേക്ക് അറിയാതെ... നമ്മള്‍ അലിഞ്ഞിറങ്ങും.
ചാക്കോ തോമസ് മറ്റത്തിപ്പറമ്പില്‍ ഈ നന്മയില്‍ യാത്ര തുടരട്ടെ. കല സംസ്കാരത്തിന്‍റെ വേരുകളെ പരിപോഷിപ്പിക്കണമെങ്കില്‍ കലാകാരന്‍ എവിടെ പോയാലും അവന്‍റെ കാഴ്ചപ്പാടുകള്‍ പിന്തുടരാന്‍ സമൂഹം അനുവദിക്കുമെങ്കില്‍ അത് അയാളിലെ നന്മകള്‍ക്ക് കിട്ടുന്ന അംഗീകാരമാണ്. ചാക്കോ മറ്റത്തിപ്പറമ്പിലിന് അത് എല്ലായിടത്തു നിന്നും ആവോളം ലഭിക്കുന്നുണ്ട്... അത് തുടരട്ടെ... നന്മയുള്ള ഈ മനസ്സ് പുതുമഴയായി ഈ വഴിത്താരയില്‍ പെയ്തിറങ്ങട്ടെ...