'നേതൃത്വം എന്നാല്‍ നിങ്ങളുടെ സാന്നിദ്ധ്യത്തിന്‍റെ ഫലമായി മറ്റുള്ളവര്‍ക്ക് ഉപകാരം ചെയ്യുകയും നിങ്ങളുടെ അഭാവത്തില്‍ ആ സ്വാധീനം നിലനില്‍ക്കുമെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു എന്നതാണ്'
ഒരു വ്യക്തിയുടെ പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവരെ കൂടുതല്‍ സ്വപ്നം കാണുവാനും കൂടുതല്‍ പഠിക്കുവാനും കൂടുതല്‍ പ്രവര്‍ത്തിക്കുവാനും പ്രേരിപ്പിക്കുന്നുവെങ്കില്‍ ആ വ്യക്തി ഒരു മികച്ച നേതാവ് ആണെന്ന് പറയാം. തന്‍റെ വ്യത്യസ്തമാര്‍ന്ന പ്രവര്‍ത്തനത്തിലൂടെ, നേതൃത്വത്തിലൂടെ വളര്‍ന്നു വരികയും വിവിധ സംഘടനകളുടെ അമരത്ത് ഇരിക്കുകയും ചെയ്തിട്ടുളള നിരവധി വനിതാരത്നങ്ങളുടെ നാടാണ് അമേരിക്ക. കേരളമെന്ന ചെറിയ ഭൂമികയില്‍ നിന്ന് അമേരിക്കയെന്ന മഹാസാമ്രാജ്യത്ത് കുടിയേറുകയും ഔദ്യോഗിക ജോലിത്തിരക്കിനിടയിലും സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെ മാതൃകയായി തീര്‍ന്ന നിരവധി വ്യക്തികള്‍ അമേരിക്കയിലുണ്ട്. ലോകത്ത് ലിംഗ സമത്വം എന്നത് ഇനിയും പൂര്‍ത്തീകരിക്കാനാവാത്ത സ്വപ്നമായി തുടരുന്ന സാമൂഹിക സാഹചര്യങ്ങളില്‍ സ്വന്തമായി ഒരു ഇരിപ്പിടം ഉണ്ടാക്കിയ നിരവധി സ്ത്രീ രത്നങ്ങളെ നാം കണ്ടിട്ടുണ്ട്. അമേരിക്കന്‍ മലയാളി സംഘടനാ ചരിത്രത്തില്‍ പ്രത്യേകിച്ചും.
അമേരിക്കയിലെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ നേതൃനിരയില്‍ നിരവധി മലയാളി വനിതകള്‍ ഇതിനോടകം അവരുടേതായ വ്യക്തി മുദ്രകള്‍ പതിപ്പിച്ചിട്ടുണ്ട്. ഫൊക്കാനയുടെ നേതൃത്വനിരയിലേക്ക് കടന്നു വന്ന ഒരു പ്രതിഭയെ ഈ വഴിത്താരയില്‍ അടുത്തറിയാം. ഫൊക്കാന വിമന്‍സ് ഫോറം ദേശീയ ചെയര്‍പേഴ്സണ്‍ ഡോ.ബ്രിജിറ്റ് ജോര്‍ജ്.
കാര്‍ഷിക ഗ്രാമത്തില്‍ നിന്നും അമേരിക്കയിലേക്ക്
കാഞ്ഞിരപ്പള്ളി പൊടിമറ്റം പുരാതന കാര്‍ഷിക കുടുംബമായ കരിപ്പാപ്പറമ്പില്‍ ബര്‍ക്ക്മാന്‍സ് ഈപ്പന്‍റേയും മേരിയമ്മയുടേയും മകളാണ് ഡോ. ബ്രിജിറ്റ് ജോര്‍ജ്. കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സെന്‍റ് ജോസഫ് സ്കൂളില്‍ ഒന്നാംക്ലാസ് മുതല്‍ പത്താംക്ലാസ് വരെ സ്കൂള്‍ വിദ്യാഭ്യാസം. മാന്നാനം കെ.ഇ. കോളേജില്‍ പ്രീഡിഗ്രി സയന്‍സ് പഠനം. കോയമ്പത്തൂര്‍ രാമകൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍ സയന്‍സില്‍ ഫിസിയോ തെറാപ്പിയില്‍ ഡിഗ്രി. 1997-ല്‍ ഏറ്റുമാനൂര്‍ സ്വദേശിയായ സെബാസ്റ്റ്യന്‍ ജോര്‍ജിനെ വിവാഹം കഴിച്ചു. 1998-ല്‍ അമേരിക്കയിലേക്ക്.
അമേരിക്ക; പ്രൊഫഷണല്‍ ഉയര്‍ച്ചയുടെ നാട്
ഏതൊരു വ്യക്തിയുടേയും ജീവിത വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ചില മാറ്റങ്ങള്‍ ഉണ്ട്. ജീവിതത്തിന്‍റെ രണ്ടാംഘട്ടം എന്നൊക്കെ വിലയിരുത്താവുന്ന ഇടങ്ങള്‍. അത്തരം ഒരു നാടായിരുന്നു ബ്രിജിറ്റ് ജോര്‍ജിന് അമേരിക്ക. ചിക്കാഗോയില്‍ കമ്മ്യൂണിറ്റി ഫിസിക്കല്‍ തെറാപ്പി ഏജന്‍സിയില്‍ ഫിസിയോ തെറാപ്പിസ്റ്റായി ആദ്യ ജോലി. തുടര്‍ന്ന് റീഹാബ് സെന്‍ററുകളിലേക്ക് മാറ്റം. പിന്നീട് റീഹാബ് ഡയറക്ടര്‍ പോസ്റ്റിലേക്ക് ബാരിംഗ്ടണില്‍ തന്‍റെ സേവനം ഉയര്‍ത്തപ്പെട്ടു. 2015-ല്‍ യൂട്ടിക്ക യൂണിവേഴ്സ്റ്റിയില്‍ നിന്ന് ഫിസിയോ തെറാപ്പിയില്‍ ഡോക്ടറേറ്റ്. പ്രസ്ബിറ്റേറിയന്‍ ഹോംസിലും, അലക്സിയെന്‍ ബ്രേദേഴ്സിലും ജോലി. എവിടെയായിരുന്നാലും തന്‍റെ പ്രൊഫഷനില്‍ ശ്രദ്ധിക്കുക, സമൂഹത്തിനും തന്‍റെ മുന്നിലെത്തുന്ന രോഗികളോടും സ്നേഹവും, ബഹുമാനവും ഉള്ള വ്യക്തിയായി വളരുക എന്നതാണ് തന്‍റെ ലക്ഷ്യമെന്ന് ഡോ. ബ്രിജിറ്റ് ജോര്‍ജ് പറയുന്നു. പ്രൊഫഷനിലെ സത്യസന്ധതയാണ് ഒരു വ്യക്തിയുടെ വളര്‍ച്ചയുടെ ചാലക ശക്തി എന്ന് അവര്‍ വിശ്വസിക്കുന്നു.
സാമൂഹിക പ്രവര്‍ത്തന രംഗത്തേക്ക്; ഫൊക്കാനയുടെ നേതൃനിരയിലേക്ക്
ജീവിതത്തിന്‍റെ തിരക്കുകള്‍ക്കിടയില്‍ നിന്ന് ഒരു മാറ്റം എന്ന നിലയില്‍ സാമൂഹിക പ്രവര്‍ത്തന രംഗത്തേക്ക് കടന്ന ഡോ. ബ്രിജിറ്റ് ജോര്‍ജ് കൈവെക്കാത്ത മേഖലകള്‍ വിരളം. പ്രാസംഗിക, സംഘടനാ പ്രവര്‍ത്തക, മത സാംസ്കാരിക പ്രവര്‍ത്തക, ഗായിക, അവതാരിക, ആതുര സേവന പ്രവര്‍ത്തക തുടങ്ങിയ മേഖലകളില്‍ സജീവമായി നില്‍ക്കുമ്പോള്‍ ഫൊക്കാനയുടെ നേതൃത്വ രംഗത്തും പകരം വെക്കാനില്ലാത്ത സാന്നിദ്ധ്യമായി വളര്‍ന്നു.
ചിക്കാഗോ മലയാളി അസോസിയേഷന്‍റെ ബോര്‍ഡ് മെമ്പറായി പ്രവര്‍ത്തനം തുടങ്ങിയ ഡോ. ബ്രിജിറ്റ് സി.എം.എയുടെ വിമന്‍സ് ഫോറം കോ-ഓര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2011-ല്‍ അസോസിയേഷന്‍റെ യൂത്ത് ഫെസ്റ്റിവല്‍ കോ-ഓര്‍ഡിനേറ്റര്‍ ആയിരുന്നു. 2011-ല്‍ രൂപീകരിച്ച അസോസിയേഷന്‍ ഓഫ് റീഹാബിലിറ്റേഷന്‍ പ്രൊഫഷണല്‍സ് ഓഫ് കേരള ഒറിജിന്‍ എന്ന സംഘടനയുടെ സ്ഥാപകയും, സെക്രട്ടറിയും, 2016 -2018-ല്‍ സംഘടനയുടെ പ്രസിഡന്‍റും ആയിരുന്നു.
സി.എം.എ നല്‍കിയ പിന്തുണ ഒരു സംഘാടകയ്ക്ക് വളരാന്‍ ഉതകുന്ന തരത്തിലുള്ളതായിരുന്നു എന്ന് തുറന്നു പറയുന്ന ഡോ. ബ്രിജിറ്റ് ജോര്‍ജ് ഫൊക്കാനയില്‍ സജീവമായപ്പോഴും സംഘാടക എന്ന നിലയില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. 2014-ല്‍ ചിക്കാഗോയില്‍ നടന്ന ഫൊക്കാനാ കണ്‍വന്‍ഷന്‍റെ കള്‍ച്ചറല്‍ കോ-ഓര്‍ഡിനേറ്റര്‍, 2010-2012-ല്‍ ഫൊക്കാനാ മിഡ്വെസ്റ്റ് റീജിയണ്‍ ജോ. സെക്രട്ടറിയും ആയിരുന്നു. ഫൊക്കാന കണ്‍വന്‍ഷനുകളുടെ നിത്യ സാന്നിദ്ധ്യമായിരുന്നു. കഴിഞ്ഞ ഫൊക്കാന കണ്‍വന്‍ഷനില്‍ മലയാളി മങ്ക പരിപാടിയുടെ മുഖ്യ സംഘാടകയും, എം.സിയുമായി പ്രവര്‍ത്തിച്ചു. 2012-ലെ ഹൂസ്റ്റണ്‍ ഫൊക്കാന കണ്‍വന്‍ഷനില്‍ മലയാളി മങ്കയായി തെരഞ്ഞെടുക്കപ്പെട്ടത് ഡോ. ബ്രിജിറ്റ് ജോര്‍ജ് ആയിരുന്നു. 2016-2018-ല്‍ ചിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലിന്‍റെ പാരിഷ് കൗണ്‍സില്‍ മെമ്പറും, പബ്ലിക്ക് റിലേഷന്‍സ് ഓഫീസറും ആയിരുന്നു.
ടി.വി. അവതാരക
വിവിധ സംഘടനകളിലും, പള്ളിയിലെ പി. ആര്‍.ഒ പ്രവര്‍ത്തനങ്ങളും ഡോ. ബ്രിജിറ്റ് ജോര്‍ജില്‍ ഒരു മാദ്ധ്യമ പ്രവര്‍ത്തകയെ കൂടി രൂപപ്പെടുത്തി. ഏഷ്യാനെറ്റ് യു.എസ്.എ, യു.എസ്. റൗണ്ട് അപ് പരിപാടിയില്‍ ഔവര്‍ ഗസ്റ്റ് എന്ന സെഗ്മെന്‍റില്‍ (അമേരിക്കയിലെ പ്രഗത്ഭരായ വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തുന്ന പരിപാടി) അവതാരകയായി തുടങ്ങിയ മീഡിയ പ്രവര്‍ത്തനം ഇപ്പോള്‍ കൈരളി ടി.വി. യു.എസ്.എയുടെ ഭാഗമായി പ്രവര്‍ത്തനം തുടരുന്നു. മാദ്ധ്യമ പ്രവര്‍ത്തനം ഒരു സാമൂഹിക പ്രവര്‍ത്തനം മാത്രമല്ല, നമ്മുടെ ചുറ്റുമുള്ള ഇടങ്ങളെ അറിയുവാനും മനസ്സിലാക്കുവാനും അതിനനുസരിച്ച് സ്വയം രൂപപ്പെടുവാനും അവസരം നല്‍കിയെന്ന് ഡോ. ബ്രിജിറ്റ് ജോര്‍ജ് പറയുന്നു.
ഫൊക്കാന വിമന്‍സ് ഫോറം ദേശീയ ചെയര്‍പേഴ്സണ്‍: പ്രവര്‍ത്തനങ്ങള്‍
2020-2022 ഫൊക്കാനയില്‍ വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍ ആയിരുന്ന ഡോ. കല ഷഹി തുടങ്ങിവച്ച വിവിധ പ്രവര്‍ത്തങ്ങളുടെ തുടര്‍ച്ചയായി നിരവധി പദ്ധതികളാണ് ഡോ. ബ്രിജിറ്റ് ജോര്‍ജ് നേതൃത്വം നല്‍കുന്ന 2022-2024 ഫൊക്കാന നേതൃത്വത്തിന് വേണ്ടി വിഭാവനം ചെയ്യുന്നത്. വിമന്‍സ് ഫോറത്തിന്‍റെ ഉദ്ഘാടനം 2022 നവംബര്‍ അഞ്ചിന് ചിക്കാഗോയില്‍വെച്ച് അതിവിപുലമായി നടത്തപ്പെട്ടു. പ്രൗഢഗംഭീരമായി ഉദ്ഘാടന ചടങ്ങുകള്‍ സംഘടിപ്പിക്കുവാന്‍ സാധിക്കുക മാത്രമല്ല, വളരെ വേഗത്തില്‍ നിരവധി പദ്ധതികളിലേക്ക് കടക്കുവാനും സാധിച്ചു. അമേരിക്ക മുഴുവന്‍ ഉള്ള ഫൊക്കാന റീജിയണുകളില്‍നിന്നും പ്രഗത്ഭമായ ഒരു വനിതാ നേതൃനിരയെ സജ്ജമാക്കുവാന്‍ സാധിച്ചത് ഒരു നേട്ടമായി. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വനിതകളുടെ ശക്തമായ കൂട്ടായ്മയായി ഫൊക്കാന വിമന്‍സ് ഫോറം മാറിക്കഴിഞ്ഞു എന്നത് പകല്‍ പോലെ സത്യം.
ഫൊക്കാന നേഴ്സിംഗ് സ്കോളര്‍ഷിപ്പിന് തുടക്കം
മലയാളത്തിലെ ഏറ്റവും വലിയ സ്കോളര്‍ഷിപ്പായ ഫൊക്കാന ഭാഷയ്ക്കൊരു ഡോളറിനൊപ്പം പുതിയ ഒരു വിദ്യാഭ്യാസ സഹായ പദ്ധതിക്ക് ഫൊക്കാന വിമന്‍സ് ഫോറത്തിന്‍റെ നേതൃത്വത്തില്‍ തുടക്കമാവുകയാണ്. കേരളത്തില്‍ നേഴ്സിംഗ് മേഖലയില്‍ പഠിക്കുന്ന (ആടര മിറ ഏചങ) നിര്‍ദ്ധനരും പഠിക്കുവാന്‍ മിടുക്കരുമായ വിദ്യാര്‍ത്ഥികള്‍ക്ക് ആയിരം ഡോളര്‍ വീതം നല്‍കുന്ന സമഗ്ര സ്കോളര്‍ഷിപ്പ് പദ്ധതിക്ക് ഫൊക്കാനാ കേരളാ കണ്‍വന്‍ഷനില്‍ തുടക്കമാകും. അതിനുള്ള ഫണ്ട് സമാഹരണത്തിലുള്ള പ്രവര്‍ത്തനത്തിലാണ് ഡോ. ബ്രിജിറ്റ് ജോര്‍ജും ഒപ്പമുള്ള പ്രവര്‍ത്തകരും.
സ്ത്രീകളുടെ സംഘടിത മുന്നേറ്റം
തൊഴില്‍ തേടിയും, വിവാഹിതരായും അമേരിക്കയില്‍ എത്തുന്ന വനിതകള്‍ക്ക് ജോലിത്തിരക്കിനിടയില്‍ ഒരു മാറ്റം ഉണ്ടാവണം എന്ന നിലയില്‍ കൂടിയാണ് അമേരിക്കന്‍ മലയാളി സംഘടനകളുടെ കൂട്ടായ്മകള്‍ രൂപപ്പെട്ടതിന്‍റെ ഒരു കാരണം. സ്ത്രീകള്‍ നേരിടുന്ന നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരം എന്നോണം എല്ലാ രംഗത്തും വനിതകളുടെ മുന്നേറ്റം ലക്ഷ്യമിട്ടു കൊണ്ടാണ് ഫൊക്കാന വിമന്‍സ് ഫോറം പ്രവര്‍ത്തിക്കുന്നതെന്ന് ഡോ. ബ്രിജിറ്റ് ജോര്‍ജ് അഭിപ്രായപ്പെടുന്നു. കേരളത്തിലേയും അമേരിക്കയിലേയും വനിതാ സമൂഹത്തിന്‍റെ സാമൂഹിക സാംസ്കാരിക വളര്‍ച്ചയാണ് ലക്ഷ്യം.
സമ്പൂര്‍ണ്ണ കലാകാരി - ഗായിക
ഏത് രോഗത്തേയും ശമിപ്പിക്കാന്‍ കഴിവുള്ള മരുന്നാണ് സംഗീതം. ചെറുപ്പകാലം മുതല്‍ പാട്ടിന്‍റെ വഴിയെ സഞ്ചരിച്ച ബ്രിജിറ്റ് ജോര്‍ജ് വിദ്യാഭ്യാസത്തിന് മുന്‍തൂക്കം നല്‍കിയിരുന്നതിനാല്‍ പാട്ടുവഴികള്‍ക്ക് വലിയ പ്രാധാന്യം നല്‍കിയിരുന്നില്ല. ജീവിതം കരുപ്പിടിപ്പിക്കുവാനുള്ള ഓട്ടത്തിനിടയില്‍ മാറ്റിവെച്ച സംഗീതത്തെ അമേരിക്കയിലെത്തിയപ്പോള്‍ പുറത്തെടുത്തു. അതിന് നിമിത്തമായത് കോവിഡ് കാലവും. 2018-2019 കാലയളവില്‍ സംഗീതാദ്ധ്യാപിക ജെസി തരിയത്തിന്‍റെ കീഴില്‍ രണ്ട് വര്‍ഷമായി സംഗീതപഠനം തുടരുന്ന ഡോ. ബ്രിജിറ്റ് ജോര്‍ജ് കലയുടെ വഴിയിലൂടെയും സഞ്ചരിക്കുന്നു. ജീവിതത്തിന്‍റെ എല്ലാ നിമിഷവും ആഘോഷമാക്കാന്‍ സംഗീതത്തിനു കഴിയും എന്ന വിശ്വാസത്തോടെ മുന്‍പ് മാറ്റിവെച്ച പാട്ടിനെ തിരികെ കൂട്ടുകയാണിപ്പോള്‍.
കുടുംബം
ഏതൊരു സ്ത്രീയുടേയും ജീവിത വിജയത്തിന് പിന്നില്‍ കുടുംബത്തിന്‍റെ പിന്തുണ കൂടിയേ തീരു. ജനിച്ചു വളര്‍ന്ന വീട്ടില്‍നിന്നും വിവാഹിതയായി പോകുന്ന വീട്ടില്‍നിന്നും സ്ത്രീയ്ക്ക് പിന്തുണ ലഭിക്കണം. എങ്കില്‍ മാത്രമേ അവരുടെ ജീവിത വിജയം സാധ്യമാകൂ എന്ന് ഡോ. ബ്രിജിറ്റ് ജോര്‍ജ് പറയുന്നു. തന്‍റെ വളര്‍ച്ചയ്ക്ക് പിന്നില്‍ മാതാപിതാക്കള്‍ പങ്കുവഹിച്ചതുപോലെ തന്നെ ഭര്‍ത്താവ് സെബാസ്റ്റ്യന്‍ ജോര്‍ജ് (സി.പി.എ), മക്കളായ ജോഷ്വ ജോര്‍ജ് (യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയി - ചിക്കാഗോ മൂന്നാംവര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥി), ജെസീക്ക ജോര്‍ജ് (യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയി അര്‍ബാന ഷാംപെയിന്‍ ഒന്നാംവര്‍ഷ ബയോളജി വിദ്യാര്‍ത്ഥിനി) എന്നിവരുടെ പൂര്‍ണ്ണ പിന്തുണയുണ്ട്.
കടന്നുവന്ന വഴികളില്‍ എല്ലാം വിജയം മാത്രം കൈമുതലാക്കി ഫൊക്കാനയുടെ വിമന്‍സ്ഫോറം ദേശീയ ചെയര്‍പേഴ്സണായി നിലകൊള്ളുമ്പോഴും ഡോ. ബ്രിജിറ്റ് ജോര്‍ജിനെ മുന്നോട്ട് നയിക്കുന്നത് തന്‍റെ ആത്മവിശ്വാസവും, ദൈവ ഭക്തിയും, ആത്മാര്‍ത്ഥമായി ജീവിതത്തെ സമീപിക്കാനുള്ള കഴിവുമാണ്. ഏതു വിഷയത്തേയും പുഞ്ചിരിയോടെ നേരിടുകയും, താന്‍ സമൂഹത്തിന് ഒരു ചെറുമാതൃകയായെങ്കിലും മാറണമെന്ന് സ്വയം തീരുമാനിക്കുകയും അതിനനുസരിച്ച് തന്‍റെ ജീവിതത്തേയും, സാമൂഹിക, സാംസ്കാരിക പ്രവര്‍ത്തനങ്ങളേയും മാറ്റുവാന്‍ കഴിവുള്ള അപൂര്‍വ്വം ചില അമേരിക്കന്‍ മലയാളി വനിതകളില്‍ ഒന്നാം സ്ഥാനമാണ് ഡോ. ബ്രിജിറ്റ് ജോര്‍ജിനുള്ളത്. ഈ നേതൃപാടവം ലഭിച്ചതില്‍ അത്ഭുതപ്പെടേണ്ടതില്ല.. അത് ഒരു അംഗീകാരമായി സമൂഹം അവര്‍ക്ക് അനുഗ്രഹിച്ച് നല്‍കിയതാണ്.
ഈ പ്രവര്‍ത്തനങ്ങള്‍ അനസ്യൂതം തുടരട്ടെ. ഇനിയും വരാനിരിക്കുന്ന എല്ലാ സൗഭാഗ്യങ്ങള്‍ക്കും ആശംസകള്‍...