ഒരു നല്ല കാമുകനെ ഒരു നല്ല മനുഷ്യനാകാനും കഴിയൂ, പ്രണയം പോലെ തന്നെ പൊതു പ്രവര്‍ത്തനവും അര്‍പ്പണം തന്നെയാണ്
മനുഷ്യന് ജീവിതം പറഞ്ഞേല്‍പ്പിക്കുന്ന ചില ദൗത്യങ്ങളുണ്ട് ഭൂമിയില്‍. ആ ദൗത്യങ്ങളെ തിരിച്ചറിഞ്ഞു ജീവിക്കാന്‍ നമ്മളില്‍ പലര്‍ക്കും കഴിയാറില്ല. നമ്മളെക്കൊണ്ട് നമുക്കല്ല മറ്റുള്ളവര്‍ക്കാണ് ഏറ്റവുമധികം നേട്ടമെന്ന തിരിച്ചറിവാണ് നമ്മളില്‍ പലരെയും മഹാന്‍മാരാക്കുന്നത്. ഡോ. ജേക്കബ് തോമസും അത്തരത്തില്‍ നമ്മള്‍ വായിക്കപ്പെടേണ്ട ഒരു തുറന്ന പുസ്തകമാണ്. അദ്ദേഹത്തിന്‍റെ ചരിത്രം അദ്ദേഹത്തിന്‍റെ കാലഘട്ടത്തില്‍ ജീവിച്ചിരിക്കുന്ന നമ്മളെ സംബന്ധിച്ചിടത്തോളം വിലപ്പെട്ടതാണ്.
ജേക്കബ് തോമസ് എന്ന നദിയുടെ ഉത്ഭവം
ആലപ്പുഴ ജില്ലയിലെ മാന്നാറുകാരനായ ഡോ.ജേക്കബ് തോമസ് കൊല്ലം കാരനായി വളര്‍ന്ന ജീവിതകഥ വളരെ വ്യത്യസ്തമാണ്. ജനിച്ചത് ബോംബയില്‍. പിതാവ് തോമസ് ആന്‍റണി മാന്നാര്‍ സ്വദേശി, അമ്മ എലിസബത്ത് മയ്യനാട് സ്വദേശിയും. ഒന്‍പതു മക്കളില്‍ എട്ടാമനായിരുന്നു ജേക്കബ് തോമസ്. പിതാവ് ബോംബെയിലെ നേവി ഉദ്യോഗസ്ഥനായിരുന്നു. ഒരിക്കല്‍ അമ്മയുടെ ചികിത്സാര്‍ത്ഥം അമ്മയോടൊപ്പം ജന്മനാടായ മയ്യനാട്ടേക്ക് വന്നപ്പോള്‍ അമ്മ ജേക്കബ് തോമസിനേയും മൂത്ത സഹോദരനെയും ഒപ്പം കൂട്ടി. അങ്ങനെ ഏഴാം ക്ലാസില്‍ മയ്യനാട് ഹൈസ്കൂളില്‍ ചേര്‍ന്നു. അമ്മയുടെ വീട്ടിലായിരുന്നു ബാല്യകാലം കടന്നുപോയത്. ഒടുവില്‍ അമ്മ അസുഖം ഭേദമായപ്പോള്‍ തിരിച്ചു ബോംബെയിലേക്ക് മടങ്ങിയെങ്കിലും സഹോദരനും ജേക്കബും നാട്ടില്‍ വല്യമ്മയ്ക്കൊപ്പം നില്‍ക്കുകയായിരുന്നു. വല്യമ്മ കൊച്ചുപണ്ടാരത്തില്‍ ഗ്ലോറി ഫ്രാന്‍ക്ലിന്‍റെ പ്രിയപ്പെട്ട കൊച്ചുമക്കളായി വളര്‍ന്ന കാലം ചിട്ടയായ ജീവിതം തന്നെയായിരുന്നു.
മയ്യനാട് ഹൈസ്കൂളില്‍ പഠനം തുടരുകയും, പത്തില്‍ ഫസ്റ്റ് ക്ലാസോടെ പാസാവുകയും ചെയ്ത ജേക്കബ് തോമസ് തുടര്‍ന്ന് ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ ചേര്‍ന്നു. സഹോദരന്മാരെല്ലാം ഇന്ത്യന്‍ നേവിയിലായിരുന്നു എന്നതാണ് എയര്‍ഫോഴ്സില്‍ ചേരാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ആറ് വര്‍ഷത്തിന് ശേഷം ഗള്‍ഫിലേക്ക് കുടിയേറുകയായിരുന്നു അദ്ദേഹം. സൗദിയില്‍ ഒരു കമ്പനിയില്‍ മാനേജരായി ഉയര്‍ന്ന ജോലിയില്‍ പ്രവേശിച്ചു.
തുടര്‍ന്ന് അമേരിക്കന്‍ മണ്ണിലേക്ക് തന്‍റെ പ്രിയസഖിയുമൊത്ത് ജേക്കബ് തോമസ് എത്തി. യു എസ്. നേവിയില്‍ നാലുവര്‍ഷം ജോലി ചെയ്തു. അമേരിക്കയിലെ തിരക്കുപിടിച്ച ജോലിക്കിടയില്‍ 1990 മുതല്‍ റെസ്റ്റസ്റ്റോറന്‍റും കാറ്ററിംഗ് സര്‍വീസും കൂടി നടത്തിയിരുന്നയാളാണ് ജേക്കബ് തോമസ്. 15 വര്‍ഷങ്ങളാണ് നാടന്‍ ഭക്ഷണങ്ങളുടെ ഒരു കലവറ അദ്ദേഹവും ഭാര്യയും ഒരുക്കിയത്. വര്‍ഷങ്ങളോളം കേരളാ സ്റ്റൈല്‍ ഉള്‍പ്പെടെ എല്ലാത്തരം ഭക്ഷണവും അദ്ദേഹം ആവശ്യക്കാര്‍ക്ക് നല്‍കി. തന്‍റെ ജീവിതത്തിലെ ഏറ്റവും നല്ല ഒരു അനുഭവമായി ജേക്കബ് തോമസും ഭാര്യ ഇന്ദുവും അതിനെ കാണുന്നു. അന്ന് ഏതാണ്ട് രണ്ടര ലക്ഷത്തോളം ആളുകള്‍ക്ക് അദ്ദേഹം ഭക്ഷണം നല്‍കി എന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയല്ല. ഈ തിരക്കിനിടയിലും അമേരിക്കയില്‍ പഠനത്തിനും അദ്ദേഹം സമയം കണ്ടെത്തി. ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദവും മാസ്റ്റേഴ്സും സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്നും, എന്‍വറോണ്‍മെന്‍റല്‍ സയന്‍സില്‍ കനേഡിയന്‍ യൂണിവേഴ്സിറ്റിയായ ഏഡഋഘജഒല്‍ നിന്നും ഡോക്റ്ററേറ്റും നേടി. അതേ യൂണിവേഴ്സിറ്റിയില്‍ നിന്നും ആഗോള താപനത്തില്‍ അടുത്ത പി.എച്ച്. ഡി. നേടാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍.
അമേരിക്കന്‍ ജീവിതവും സാമൂഹിക
പ്രവര്‍ത്തനങ്ങളും
കേരളസമാജം ഓഫ് ഗ്രേയ്റ്റര്‍ ന്യൂയോര്‍ക്കില്‍ നിന്ന് തുടങ്ങിയ സംഘടനാ പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു മുതല്‍ക്കൂട്ടായി. അമേരിക്കയിലെ സംഘടനകളുടെ സംഘടനയായ ഫോമയുടെ രൂപീകരണ കാലം മുതല്‍ പ്രവര്‍ത്തനങ്ങളില്‍ സജീവം. ഫോമയുടെ വിവിധ ചുമതലകള്‍ ഏറ്റെടുത്തു വിജയിപ്പിച്ച് ഇന്ന് കാണുന്ന നിലയിലേക്ക് ഫോമയെ വളര്‍ത്തിയെടുത്തതില്‍ അദ്ദേഹത്തിന് വലിയ പങ്കുണ്ട്. ഫോമയുടെ പ്രഥമ ഹൂസ്റ്റന്‍ കണ്‍വന്‍ഷനിലെ റജിസ്ട്രേഷന്‍ വൈസ് ചെയര്‍മാനായിരുന്നു ഡോ. ജേക്കബ് തോമസ്. 2014ലെ ഫിലഡല്‍ഫിയയിലെ ഫോമ കണ്‍വന്‍ഷന്‍റെ സ്പോര്‍ട്സ് ആന്‍ഡ് ഗെയിംസിന്‍റെ ജനറല്‍ കണ്‍വീനറായും, മെട്രോ റീജിയന്‍റെ ആര്‍.വി.പി. ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏതു പദവികള്‍ ഏറ്റെടുത്താലും ഒരു പരാതികള്‍ക്കും ഇടനല്‍കാതെയുള്ള അദ്ദേഹത്തിന്‍റെ സംഘടനാ പാടവം ശ്രദ്ധിക്കപ്പടുന്നതുതന്നെയാണ്.
സാധാരണ രാഷ്ട്രീയക്കാരെപ്പാലെ യാതൊരുവിധ എടുത്തു ചാട്ടങ്ങളും മുന്‍വിധികളുമൊന്നും ജേക്കബ് തോമസ് എന്ന മനുഷ്യന് ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ 2015ല്‍ തിരുവനന്തപുരത്ത് വച്ച് നടന്ന ഫോമയുടെ കേരളാ കണ്‍വന്‍ഷന്‍റെ ചെയര്‍മാനായും 2017ലെ കേരളാ കണ്‍വന്‍ഷന്‍റെ ജനറല്‍ കണ്‍വീനറായും അദ്ദേഹത്തിന് ചുമതലകള്‍ നല്‍കുകയും, അതെല്ലാം ഭംഗിയായി തന്നെ പര്യവസാനിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഫോമയുടെ കേരളാ കണ്‍വന്‍ഷന്‍ ചെയര്‍മാനായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത് ഫോമാ നല്‍കിയ അംഗീകാരമായി കാണുകയാണ് അദ്ദേഹം.
ന്യൂയോര്‍ക്കിലെ ആദ്യകാല സംഘടനയായ കേരള സമാജം ഓഫ് ഗ്രേയ്റ്റര്‍ ന്യൂയോര്‍ക്കിന്‍റെ പ്രസിഡന്‍റ്, സെക്രട്ടറി, ട്രഷറര്‍ എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച ജേക്കബ് തോമസ് മലയാളി സമാജം, ഇന്ത്യന്‍ കാത്തലിക് അസോസിയേഷന്‍ എന്നിവയുടെയും ഭാരവാഹിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കൃത്യമായ ഇടപെടലുകളും, സഹജീവികളോടുള്ള സമീപനവുമാണ് ഇദ്ദേഹത്തെ ഇത്രത്തോളം പദവികളിലേക്കെത്തിച്ചത്.
മയ്യനാട്ടെ പ്രണയകാലവും വിപ്ലവാത്മകമായ ജീവിതവീക്ഷണവും
ഒരു നല്ല കാമുകനെ ഒരു നല്ല മനുഷ്യനാകാനും കഴിയൂ, പ്രണയം പോലെ തന്നെ പൊതു പ്രവര്‍ത്തനവും അര്‍പ്പണം തന്നെയാണ്. അത്തരത്തില്‍ ജേക്കബ് തോമസിനും ഒരു പ്രണയമുണ്ടായിരുന്നു. ഇന്ദുവുമായുള്ള അദ്ദേഹത്തിന്‍റെ പ്രണയകാലം അത്രത്തോളം മനോഹരമായിരുന്നു. എതിര്‍പ്പുകള്‍ക്കുമപ്പുറം വളര്‍ന്നു പന്തലിച്ച രണ്ടുപേരെന്നാണ് അടുത്ത സുഹൃത്തുക്കള്‍ ജേക്കബ് തോമസിനെയും ഭാര്യ ഇന്ദുവിനെയും വിളിക്കുന്നത്.
ഒരാശുപത്രിയില്‍ നിന്ന് തുടങ്ങിയ പ്രണയം മയ്യനാട് നിന്നും അമേരിക്കന്‍ മണ്ണിലേക്ക് വരെ പടര്‍ന്നു പന്തലിച്ചതിന്‍റെ കഥയുണ്ട് ജേക്കബ് തോമസിന്‍റെ ജീവിതത്തില്‍. മതേതരത്വവും, തുല്യതയും മുറുകെപ്പിടിച്ചുകൊണ്ട് ജീവിക്കുന്ന ജേക്കബ് തോമസിന് അതുകൊണ്ട് തന്നെ ഇന്ദുവെന്ന പ്രിയസഖി ഏറ്റവും പ്രിയപ്പെട്ടവളായിരുന്നു. പ്രണയത്തിന്‍റെ പക്വത വെളിവാക്കുന്നതായിരുന്നു ഇരുവരുടെയും ജീവിതവും പ്രണയകാലവും. പരിചയപ്പെട്ടതിനു ശേഷമുള്ള ഇഷ്ടപ്പെടലും, പരസ്പരം മനസ്സിലാക്കിക്കൊണ്ടുള്ള തീരുമാനങ്ങളുമെല്ലാം ഇന്നും അവര്‍ക്കിടയില്‍ ഭംഗിയായി നിലനില്‍ക്കുന്നു.
ഡോ. ജേക്കബ് തോമസിന്‍റെ എല്ലാ വളര്‍ച്ചയ്ക്ക് പിന്നിലും ഇന്ദുവുമുണ്ടായിരുന്നു. കല്യാണം കഴിഞ്ഞതിനു ശേഷം കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജില്‍ പഠിക്കാന്‍ പോയതും സഹധര്‍മ്മിണിയുടെ പിന്തുണയോടെ തന്നെ. ഇപ്പോള്‍ ഫോമയുടെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുമ്പോള്‍ ഭാര്യ ഇന്ദുവും മകന്‍ ജെയ്സണ്‍ ജേക്കബും (ന്യൂയോര്‍ക്ക് സിറ്റിയില്‍ സൂപ്രണ്ട്), മകള്‍ ജിനുവും (അറ്റോര്‍ണി) പിന്തുണയുമായി ജേക്കബ് തോമസിന്‍റെ ഒപ്പമുണ്ട്.
ഫോമയുടെ പ്രസിഡന്‍റ് സ്ഥാനത്തേക്ക്
മത്സരിക്കുമ്പോള്‍
ഡോ. ജേക്കബ് തോമസിനെ പോലൊരു വ്യക്തി ഫോമയുടെ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുമ്പോള്‍ അതൊരു ചരിത്ര നിമിഷം തന്നെയാകും. അത്രത്തോളം മാനുഷിക നന്മയും, നീതിയും സമൂഹത്തില്‍ നടപ്പിലാക്കണം എന്ന് ആഗ്രഹമുള്ള ഒരാളാണ് അദ്ദേഹം. അദ്ദേഹത്തിന്‍റെ ലളിതമായ ആശയങ്ങള്‍ മാതൃകയാക്കേണ്ടതാണ്. കാരണം ജേക്കബ് തോമസിനോളം ജനകീയമായ ഒരു നേതാവിന്‍റെ പ്രവര്‍ത്തനശൈലി കൂടി ഇനിയെങ്കിലും അമേരിക്കന്‍ മലയാളി സമൂഹം തിരിച്ചറിയേണ്ടതുണ്ട്.
ന്യൂയോര്‍ക്ക് സിറ്റിയില്‍ ട്രാന്‍സിറ്റില്‍ ഇരുന്നൂറില്‍പരം ആളുകളെ പരിശീലിപ്പിച്ച് നിരവധി ടെക്നിക്കല്‍ ജോലികള്‍ വാങ്ങി നല്‍കിയിട്ടുണ്ട്. കേരളത്തിലെ നിര്‍ദ്ധനരായ കുടുംബങ്ങളിലെ നേഴ്സിങ്, എഞ്ചിനീയറിങ്, ഐ. ടി. വിദ്യാര്‍ത്ഥികള്‍ക്ക് പഠന സൗകര്യം ഒരുക്കി അവര്‍ക്ക് ജോലി വാങ്ങി കൊടുക്കുന്നതുവരെയുള്ള പ്രവര്‍ത്തനങ്ങളിലും ഡോ. ജേക്കബ് തോമസും ഇന്ദുവും ശ്രദ്ധിക്കുന്നു. നേഴ്സിങ് രംഗത്ത് ആറും എഞ്ചിനീയറിങ്, ഐ.ടി രംഗത്ത് നാലും കുട്ടികള്‍ ഗള്‍ഫ് മേഖലകളിലും ആസ്ട്രേലിയയിലും വിവിധ രാജ്യങ്ങളിലുമായി ഇപ്പോള്‍ ജോലി ചെയ്യുന്നുണ്ട്. ഇപ്പോള്‍ നാല് കുട്ടികള്‍ക്ക് വേണ്ട പഠന സഹായങ്ങള്‍ നല്‍കിവരുന്നു.
അദ്ദേഹം മുന്‍കൈ എടുത്ത് മയ്യനാട് സ്ഥാപിച്ച മൈത്രി വായനശാല തീരദേശ മേഖലയിലെ ജനങ്ങളുടെയും കുട്ടികളുടെയും ആശാകേന്ദ്രം കൂടിയാണ്. ആയിരക്കണക്കിന് വായനക്കാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും അറിവിന്‍റെ വെളിച്ചമാകാന്‍ ഈ അക്ഷരഖനിക്ക് കഴിയുന്നു.
ഫോമാ പ്രസിഡന്‍റായി ജയിച്ചാല്‍
അമേരിക്കന്‍ രാഷ്ട്രീയത്തിലേക്ക് പുതു തലമുറയെ പ്രാപ്തരാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ഫോമാ പൊളിറ്റിക്കല്‍ ഫോറം ശക്തമാക്കി പ്രവര്‍ത്തനങ്ങള്‍ സുസജ്ജമാക്കും. സാമൂഹികമായി പ്രതിബദ്ധത ഉള്ള ഒരു പുതുതലമുറ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഉണ്ടാകണം. യുവതീ യുവാക്കളെ രംഗത്തേക്ക് കൊണ്ടുവരാന്‍ വേണ്ടി ഫോമയുടെ എല്ലാ റീജിയണുകളും ശക്തമാക്കും.
നിലവില്‍ ഫോമ നടത്തുന്ന എല്ലാ ചാരിറ്റി പ്രവര്‍ത്തനങ്ങളും തുടരും. അവ പലതും തുടര്‍ പ്രോജക്ടുകളാണ്. വില്ലേജ് പദ്ധതി കാലാകാലങ്ങളില്‍ നടപ്പില്‍ വരുത്തി തുടരേണ്ടതുണ്ട്. ഫോമയുടെ കീഴിലുള്ള എല്ലാ അസോസിയേഷനുകളും സജീവമാക്കാന്‍ പദ്ധതികള്‍ ആവിഷ്ക്കരിക്കും. പുതിയ തലമുറയെ കലാ സാമൂഹ്യ സാംസ്കാരിക മേഖലകളില്‍ സജീവമാക്കുകയും ചെയ്യും. ഒരു ഫോണ്‍ കോളിനപ്പുറത്ത് ഏതാവശ്യങ്ങള്‍ക്കും ഒപ്പമുണ്ടാകുമെന്ന ഉറപ്പാണ് അദ്ദേഹം നല്‍കുന്ന വാഗ്ദാനം.
'ഒരു സെക്കുലര്‍ സിസ്റ്റം ഇപ്പോള്‍ അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ഇല്ലെന്നാണ് ഡോ. ജേക്കബ് തോമസിന്‍റെ അഭിപ്രായം. നമ്മുടെ സാംസ്കാരിക പൈതൃകങ്ങള്‍ എല്ലാം പലപ്പോഴും മതങ്ങള്‍ ഏറ്റെടുക്കുന്ന കാഴ്ചയാണ്. മലയാളിയുടെ ഉത്സവമായ ഓണം പോലും പൊതുവായി അമേരിക്കന്‍ മലയാളി സമൂഹങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ ആഘോഷിക്കുന്നില്ല.
ഓരോ മതങ്ങളും അവരുടേതായ ഇടങ്ങളിലേക്ക് നമ്മുടെ പൈതൃകങ്ങളെ കൊണ്ടുപോയി. ഹിന്ദുവും, ക്രിസ്ത്യനും, മുസല്‍മാനും ഒന്നിച്ച് ആഘോഷിക്കുന്ന ഒരു സിസ്റ്റം വരണമെങ്കില്‍ ഒരു സംഘടനാ സംവിധാനത്തിനു മാത്രമേ കഴിയു എന്നാണ് അദ്ദേഹത്തിന്‍റെ വീക്ഷണം. അതിന് എല്ലാവരും ഒരേ മനസോടെ പ്രവര്‍ത്തിക്കണം.
എന്തുകൊണ്ട് ജേക്കബ് തോമസ് ഫോമയുടെ പ്രസിഡന്‍റാകണം
ജീവിതത്തില്‍ തന്നെ ഏറ്റവുമധികം സ്വാധീനിച്ച തന്‍റെ വല്യമ്മയായ ഗ്ലോറി ഫ്രാന്‍ക്ലിന്‍റെ മയ്യനാട്ടെ കുടുംബ വസ്തുവിനോട് ചേര്‍ന്ന് ഒരു വൃദ്ധസദനം രൂപീകരിക്കാനുള്ള തീരുമാനത്തിലാണ്. ഒരു സെക്ഷന്‍ സ്ത്രീകള്‍ക്കും മറ്റൊന്ന് പുരുഷന്മാര്‍ക്കുമായി നിര്‍മ്മിക്കുന്ന ഇവിടെ ഡോക്ടറുടെ പരിചരണം ഉള്‍പ്പെടെ അന്തേവാസികള്‍ക്ക് നല്‍കിക്കൊണ്ടുള്ള ആരോഗ്യകരമായ ഒരു സംവിധാനമാണ് അദ്ദേഹം ഒരുക്കുന്നത്.
സമൂഹം തിരസ്ക്കരിക്കുന്ന ഒരു അച്ഛനും അമ്മയും ഇനി അനാഥമാവില്ല. കാരണം ഡോ. ജേക്കബ് തോമസ് അവര്‍ക്ക് കാവലാളാകും, കൈത്താങ്ങാകും.
അദ്ദേഹത്തിന്‍റെ ജീവിതത്തോടുള്ള കൃത്യമായ നിലപാടുകളും വീക്ഷണവുമാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. ഇങ്ങനെ ഒരാള്‍ ഫോമയുടെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് വന്നാല്‍ അതൊരു വലിയ മാറ്റം തന്നെയാകും. കാരണം കൂടുതല്‍ അശരണരായ വ്യക്തികളിലേക്കും കുടുംബങ്ങളിലേക്കും ഫോമയുടെ കരുതലെത്തും. അത് കാലത്തിനു മുതല്‍ക്കൂട്ടാകും.
സമൂഹത്തിന്‍റെയും, സംഘടനകളുടെയും ഭാവി കാര്യങ്ങളിലേക്ക് കൂടുതല്‍ കരുതലുകള്‍ ഉണ്ടാക്കുന്ന തീരുമാനങ്ങള്‍ ജേക്കബ് തോമസില്‍ നിന്ന് രൂപപ്പെടും.
അദ്ദേഹത്തിന്‍റെ ചിന്തകള്‍ കൊണ്ടും സ്വപ്നങ്ങള്‍ കൊണ്ടും ഫോമ ഇനിയും ഉയരങ്ങളിലേക്കെത്തും. ഈ മാനദണ്ഡങ്ങളെ മുന്‍നിര്‍ത്തിയാണ് എന്തുകൊണ്ട് ഡോ. ജേക്കബ് തോമസ് ഫോമയുടെ പ്രസിഡന്‍റ് ആകണമെന്ന് അമേരിക്കന്‍ മലയാളികള്‍ തീരുമാനിക്കേണ്ടത്.
ലോക കേരള സഭയില്‍ 'ക്ലീന്‍ കേരള' പ്രൊജക്ടുമായി വന്ന ജേക്കബ് തോമസ്. ഫോമയുടെ ഓരോ വളര്‍ച്ചയിലും സമയം കൊണ്ടും അധ്വാനം കൊണ്ടും ആശയം കൊണ്ടും താങ്ങായി നിന്ന ഒരാള്‍. മതത്തിന്‍റെ അതിരുകള്‍ക്കുമപ്പുറം സ്നേഹവും നിഷ്കളങ്കതയുമാണ് സത്യമെന്ന് ജീവിതം കൊണ്ട് വിളിച്ചു പറയുന്ന ഒരു മനുഷ്യ സ്നേഹി. എന്തുകൊണ്ട് ജേക്കബ് തോമസ് എന്നതിന് ഒരൊറ്റ ഉത്തരമേയുള്ളൂ. പകരക്കാരില്ലാത്തത് കൊണ്ട്.