'വിജയം സന്തോഷത്തിന്‍റെ താക്കോലല്ല. സന്തോഷമാണ് വിജയത്തിന്‍റെ താക്കോല്‍. നിങ്ങള്‍ ചെയ്യുന്നതിനെ നിങ്ങള്‍ ഇഷ്ടപ്പെടുന്നെങ്കില്‍, നിങ്ങള്‍ വിജയിക്കും. '
ദൈവം ഭൂമിയിലേക്കിറങ്ങി വരുന്ന നിമിഷങ്ങള്‍ നിങ്ങള്‍ അനുഭവിച്ചിട്ടുണ്ടോ, മരണത്തിന്‍റെ തൊട്ട് മുന്‍പില്‍വെച്ച് ഒരു മനുഷ്യനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്ന നിമിഷങ്ങള്‍. ജീവനെ ഹൃദയത്തോട് ചേര്‍ത്ത് പിടിച്ചുകൊണ്ടു നമ്മുടെ പ്രിയപ്പെട്ടവര്‍ അവരുടെ കണ്ണുകള്‍ ദൈവത്തിലേക്ക് നീട്ടുമ്പോള്‍, ഞങ്ങളുണ്ട് എന്ന് പറഞ്ഞ് പ്രതീക്ഷകളുടെ പുതിയ പ്രഭാതങ്ങള്‍ സമ്മാനിക്കുന്ന മനുഷ്യരില്‍ ഒരാളുടെ ജീവിതവും, അയാള്‍ കടന്നു പോയ അനുഭവങ്ങളും ഇവിടെ നിങ്ങളോട് സംസാരിക്കുകയാണ്.
ഡോക്ടറോടും വക്കീലിനോടും കള്ളം പറയരുതെന്നാണ് പണ്ട് മുതലേ നമ്മള്‍ പറഞ്ഞ് കേട്ടിട്ടുള്ളത്. ചിലപ്പോഴൊക്കെ അതില്‍ വലിയൊരു യാഥാര്‍ഥ്യ ബോധത്തിന്‍റെ സത്ത ഒളിഞ്ഞിരിക്കുന്നതായി നമ്മള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. താരാശങ്കര്‍ ബന്ദോപാധ്യായയുടെ 'ആരോഗ്യ നികേതനം' എന്ന നോവലില്‍ പറയുന്നതുപോലെ ഒരു ഡോക്ടര്‍ക്ക് ഒരു സമൂഹത്തെ തന്നെ മുന്‍പോട്ട് നയിക്കാനുള്ള കരുത്തുണ്ട്. അയാള്‍ക്ക് ചുറ്റും ഒരു രക്ഷകന്‍റെ നിലാവെളിച്ചവും ദീര്‍ഘമായ വീക്ഷണങ്ങളുടെ ഒരു കവചവുമുണ്ട്. അത്തരത്തില്‍ ഒരു സമൂഹത്തെയും അതുവഴി ലോകത്തെയും സ്വാധീനിക്കുവാന്‍ കഴിയുന്ന ഒരു മനുഷ്യനാണ് ഡോ. ഫിലിപ്പ് വെട്ടിക്കാട്.
ജീവിതത്തിന്‍റെ പല വീക്ഷണങ്ങളും, അനുഭവങ്ങളും അദ്ദേഹം പങ്കുവയ്ക്കുമ്പോള്‍ ഈ കഥ നിങ്ങളെ കാലങ്ങള്‍ക്ക് പിറകിലേക്കും ഭാവിയുടെ അനന്ത പഥങ്ങളിലേക്കും നയിക്കുമെന്നുറപ്പാണ്.
ഭൂമീ നീ തന്നെ ജനനി
കമ്യൂണിസ്റ്റ് വിരുദ്ധ മുന്നണിയുടെ സ്ഥാപകനും പ്രശസ്ത പ്രസംഗകനുമായിരുന്ന ജോസഫ് വെട്ടിക്കാടന്‍റെ മകനായി പായിപ്പാട്ട് ആണ് ഫിലിപ്പ് വെട്ടിക്കാട് ജനിച്ചത്. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്‍റെ ചൂട് പിടിച്ച പകലുകളിലൊന്നിലേക്കാണ് അദ്ദേഹം കടന്നുവരുന്നത്. മകന്‍റെ ജനനം ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യവും സന്തോഷവുമായി കണ്ട ജോസഫ് സ്നേഹത്തിന്‍റെയും ധര്‍മ്മത്തിന്‍റെയും അതിര്‍വരമ്പുകളും അനന്തതയും ആ കുഞ്ഞു കാതില്‍ അന്ന് മുതല്‍ക്കേ പതിയെ മന്ത്രിക്കാന്‍ തുടങ്ങിയിരുന്നു. സെന്‍റ് ജോസഫ് സ്കൂള്‍ പായിപ്പാട് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഫിലിപ്പ് 6 മുതല്‍ 11 വരെ ചങ്ങനാശേരി എസ്.ബി. ഹൈസ്കൂളില്‍ പഠനം. അറിവിന്‍റെ വാതായനങ്ങള്‍ കീഴടക്കുന്നതില്‍ ചെറുപ്പത്തിലേ ഒന്നാമനായിരുന്ന ഫിലിപ്പ് നാഷണല്‍ മെറിറ്റ് സ്കോളര്‍ഷിപ്പോടെയാണ് പഠനം പൂര്‍ത്തിയാക്കിയത്. പ്രീ യൂണിവേഴ്സിറ്റി ഗോള്‍ഡ് മെഡലോടെ പാസ്സായ ഫിലിപ്പിന്‍റെ വിജയം വീടിനും നാടിനും ഉത്സവമായ നിമിഷങ്ങളായിരുന്നു. അത്രത്തോളം മിടുക്കനായ ഒരു വിദ്യാര്‍ത്ഥിയായിരുന്നു അദ്ദേഹം. അറിവാണ് ഒരു വ്യക്തിയുടെ ആത്മാര്‍ത്ഥ മിത്രമെന്നു അദ്ദേഹം അന്നും ഇന്നും വിശ്വസിക്കുന്നു
മാറ്റത്തിലേക്ക് നയിച്ച അക്ഷരങ്ങള്‍
വായനയോടും പുസ്തകങ്ങളോടും ചെറുപ്പം മുതല്‍ക്കേ ഇഷ്ടം സൂക്ഷിച്ചു പോന്ന ഫിലിപ്പ് ചങ്ങനാശേരി എസ്.ബി. ഹൈസ്കൂള്‍ ലൈബ്രറിയിലെ നിത്യ സന്ദര്‍ശകനായിരുന്നു. അങ്ങനെയിരിക്കെ ഒരിക്കല്‍ ലൈബ്രറിയില്‍ വെച്ച് കാന്‍സറിനെ കുറിച്ചുള്ള ലേഖനം വായിച്ചതോടെ ജീവിതത്തില്‍ അതുവരെയുണ്ടായിരുന്ന ഫിലിപ്പിന്‍റെ എല്ലാ കാഴ്ചപ്പാടുകളും മാറി മറിയുകയായിരുന്നു. മരുന്നില്ലാത്ത ആ രോഗത്തിന്‍റെ ഡോക്ടര്‍ ആകണമെന്ന് അന്ന് തോന്നിയ ആഗ്രഹമായിരുന്നു പിന്നീട് അദ്ദേഹത്തിന്‍റെ ജീവിതംതന്നെ മാറ്റിമറിച്ചത്. അക്കാലത്ത് ലഭിക്കുമായിരുന്ന റഷ്യയില്‍നിന്നുള്ള സോവിയറ്റ് നാട് മാസികയില്‍ കാന്‍സറിനെ കുറിച്ചുള്ള നിരവധി ലേഖനങ്ങള്‍ വരുമായിരുന്നു. അതെല്ലാം തുടര്‍ന്ന് വായിച്ച് തന്‍റെ ലക്ഷ്യത്തിലേക്കുള്ള യാത്രയെ അദ്ദേഹം കൂടുതല്‍ കരുത്തുള്ളതാക്കി മാറ്റാന്‍ ശ്രമിച്ചിരുന്നു.
പ്രീ യൂണിവേഴ്സിറ്റി ഗോള്‍ഡ് മെഡലോടെ പാസായതിനാല്‍ ഫിലിപ്പിന് കോട്ടയം മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസിന് അഡ്മിഷന്‍ കിട്ടാന്‍ വലിയ പ്രയാസം ഉണ്ടായില്ല. തന്‍റെ ലക്ഷ്യത്തിലേക്കെത്താന്‍ തുടര്‍പഠനവും സഹായിച്ചു. ഹൗസ് സര്‍ജന്‍സി ചെയ്തതിന് ശേഷം ചെത്തിപ്പുഴ സെന്‍റ് തോമസ് ഹോസ്പിറ്റലില്‍ ഫാമിലി പ്രാക്ടീഷണറായിട്ടാണ് തന്‍റെ പരിശീലനം അദ്ദേഹം ആരംഭിച്ചത്. മുട്ടാര്‍ ആശുപത്രിയിലും ആറുമാസം ജോലി ചെയ്തതോടെ ജീവിതത്തിലെ ഒരു വലിയ ആഗ്രഹത്തിലേക്കാണ് ഫിലിപ്പ് നടന്നുകയറിയത്. ഇവിടെയെല്ലാം ജോലി ചെയ്തതുകൊണ്ട് വൈദ്യശാസ്ത്രത്തത്തിന്‍റെ എല്ലാ മേഖലകളും അടുത്തറിയുവാനും മനുഷ്യന്‍റെ ജീവിതവുമായി അടുത്തിടപെഴകാനും സാധിച്ചു.
മാറ്റത്തിന്‍റെ മഞ്ഞുകാലങ്ങള്‍
കാന്‍സര്‍ രോഗത്തെ കുറിച്ച് കൂടുതല്‍ പഠിക്കുവാനും ജീവിതത്തിന്‍റെ മറ്റൊരു ഇടത്തെക്കുറിച്ച് അറിയുവാനും അമേരിക്കപോലെ ഒരു സ്ഥലത്തേക്ക് പോകാന്‍ ആഗ്രഹം ഉണ്ടായതാണ് ജീവിതത്തിലെ മറ്റൊരു വഴിത്തിരിവ്. അന്ന് ഇന്ത്യയില്‍ ഋഇഎങഏ ടെസ്റ്റിന് സെന്‍റര്‍ ഉണ്ടായിരുന്നില്ല. 1972-ല്‍ മലേഷ്യയില്‍വെച്ച് ഋഇഎങഏ ടെസ്റ്റ് എഴുതി 99% മാര്‍ക്ക് വാങ്ങിയതോടെ ആ ലക്ഷ്യവും അദ്ദേഹത്തിന് മുന്‍പില്‍ കീഴടങ്ങി. അങ്ങനെ അമേരിക്കയിലേക്ക്.
1975-ല്‍ മെഡിസിന്‍ ഫിനിഷ് ചെയ്തു. ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി അവിടെയും ഒന്നാമതെത്തി. പഠനം അന്നുമിന്നും ഡോ. ഫിലിപ്പ് വെട്ടിക്കാടിന് വലിയ ആവേശമാണ്. മൂന്ന് വര്‍ഷം കാന്‍സറും ബ്ലഡ് ഡിസീസും ട്രെയിനിങ്ങും റിസേര്‍ച്ചും നടത്തി. പിന്നീട് കണ്‍സള്‍ട്ടന്‍റായി സ്വന്തം നിലയില്‍ പ്രാക്ടീസ് തുടങ്ങി. പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററായും തുടര്‍ന്നു. ചിക്കാഗോ സെന്‍റ് ഫ്രാന്‍സിസ് ഹോസ്പിറ്റല്‍, സ്വീഡിഷ് കവനന്‍റ് ഹോസ്പിറ്റലിലും ചികിത്സയും അദ്ധ്യാപനവും തുടര്‍ന്നു. ഏതു പഠനത്തിലും എന്നും ശോഭിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നത് അദ്ദേഹത്തിന്‍റെ അടങ്ങാത്ത അറിവിനോടുള്ള, പുതിയ കാലത്തിനോടുള്ള അഭിനിവേശമാണ്.
അമേരിക്കന്‍ മണ്ണില്‍ തന്‍റെ സ്വപ്നങ്ങള്‍ക്ക് ചിറക് മുളപ്പിക്കാന്‍ ശ്രമിച്ച അദ്ദേഹം പണ്ടത്തെ ആ ലൈബ്രറിക്കാലത്തില്‍ നിന്നും എത്രത്തോളം വളര്‍ന്നുവെന്നതിന്‍റെ യാഥാര്‍ഥ്യബോധമായിരുന്നു ഡോ. ഫിലിപ്പ് വെട്ടികാടിന്‍റെ മുന്നോട്ടുള്ള ജീവിതത്തെ നയിച്ചത്. 1972-ല്‍ ചിക്കാഗോയില്‍ ഡോക്ടറായി സേവനം തുടങ്ങിയ ഡോ. ഫിലിപ്പിന് മനുഷ്യരുടെ സങ്കടങ്ങളെ കേള്‍ക്കാനും അവരെ സമാശ്വസിപ്പിക്കാനുമുള്ള കഴിവ് ഉണ്ടായിരുന്നു. ഓങ്കോളജി ഡോക്ടര്‍ ആയതിനാല്‍ അന്ന് അദ്ദേഹത്തിന് വലിയ തിരക്കുകള്‍ ഒന്നുമുണ്ടായിരുന്നില്ല. മരുന്നില്ലാത്ത രോഗത്തിന്‍റെ ഡോക്ടര്‍ ആണെങ്കിലും രോഗത്തിന്‍റെ തീവ്രതയും ഭയാശങ്കകളും രോഗികളുടെ മുഖത്തെ ദൈന്യതയും ജോലിയില്‍ തുടരാനും കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്താനും അദ്ദേഹത്തെ സഹായിച്ചു.
ഒരു ക്യാന്‍സര്‍ സ്പ്യെഷ്യലിസ്റ്റായി യാത്ര തുടങ്ങിയ ഫിലിപ്പിന്‍റെ ജീവിതം ഓങ്കോളജിയിലേക്കും ഹീമറ്റോളജിയിലേക്കും തുടര്‍ന്ന് റിസേര്‍ച്ചിലേക്കും വഴിമാറി സഞ്ചരിക്കുകയായിരുന്നു. 1980 ആയപ്പോഴേക്കും ക്യാന്‍സറിന് മരുന്നുകള്‍ കണ്ടുപിടിച്ചതോടെ ക്യാന്‍സര്‍ രോഗികള്‍ക്ക് അതൊരു വലിയ പ്രതീക്ഷയായി മാറി. ഡോ. ഫിലിപ്പിനും ആ വാര്‍ത്ത ഏറെ സന്തോഷം നല്‍കുന്നതായിരുന്നു. ഇതോടെ അദ്ദേഹം സജീവമായി ആതുര സേവനത്തിലേക്ക് നീങ്ങാമെന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു. അമേരിക്കയിലെ നിരവധി ആശുപത്രികളില്‍ അതിനോടകം തന്നെ ജോലിചെയ്ത് തന്‍റെ മേഖലയില്‍ കഴിവ് തെളിയിച്ചതുകൊണ്ട് തന്നെ കാണാന്‍ വരുന്ന രോഗികളുടെ എണ്ണം കൂടിക്കൂടി വന്നു. സ്വീഡിഷ് കവനന്‍റ് ഹോസ്പിറ്റലില്‍ ഓങ്കോളജി ഡിപ്പാര്‍ട്ടുമെന്‍റിന്‍റെ തലവന്‍ ആയപ്പോഴും കാന്‍സര്‍ മേഖലയിലെ പുതുപാഠങ്ങള്‍ അറിയാനുള്ള ഓട്ടത്തിലായിരുന്നു അദ്ദേഹം. ഈ രംഗത്ത് നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. ഫേസ് ഓഫ് കമ്പാഷന്‍ പ്ളേറ്ററി ചാമ്പ്യന്‍ ഫിസിഷ്യന്‍ ഷിപ്പ് അവാര്‍ഡ് അതില്‍ എടുത്തു പറയാവുന്ന ഒന്നാണ്. വാള്‍ ഓഫ് ടോളറന്‍സിന്‍റെ പുരസ്കാരം റോസാവാര്‍ക്സില്‍ നിന്നും ലഭിച്ചതും അഭിമാനത്തോടെ ഡോ. ഫിലിപ്പ് വെട്ടിക്കാട് ഓര്‍മ്മിക്കുന്നു. പഠനവും ജോലിയുമെല്ലാം അതിന്‍റെ പൂര്‍ണതയില്‍ എത്തിയെന്നു പറയാം. പിന്നീട് തന്‍റെ പിന്മുറക്കാര്‍ക്ക് കാന്‍സര്‍ രോഗത്തിന്‍റെ പുതിയ അറിവുകള്‍ പകര്‍ന്നു നല്‍കുന്ന മഹാഗുരുവായി അദ്ദേഹം മാറി.
ഓര്‍മ്മകളുടെ ഉമ്മറപ്പടിയില്‍
1972-ലാണ് എറണാകുളത്തെ കട്ടിയക്കാരന്‍ ഫാമിലിയില്‍ നിന്ന് ഡോ. ഫിലിപ്പ് ലൗലിയെ വിവാഹം ചെയ്യുന്നത്. അതുവരെയുണ്ടായിരുന്ന ജീവിതത്തില്‍ നിന്നും പെട്ടെന്നൊരു വെളിച്ചമായിരുന്നു ലൗലി വന്നതോടെ ഡോ. ഫിലിപ്പ് വെട്ടിക്കാടിന്‍റെ ജീവിതത്തില്‍ പ്രകടമായത്. എന്തിനും ഏതിനും അദ്ദേഹത്തിനൊപ്പം നില്‍ക്കാന്‍ ലൗലി ഉണ്ടായിരുന്നു. അവര്‍ രണ്ടുപേരും അതിയായി സ്നേഹിക്കുകയും മാതൃകാ ദമ്പതികളായി ജീവിച്ചു കാണിക്കുകയും ചെയ്തിരുന്നു. ചിക്കാഗോയിലെ പ്രഗത്ഭനായ ഡോക്ടറായി ഡോ. ഫിലിപ്പ് ഖ്യാതി നേടുമ്പോള്‍ ആശുപത്രി കാര്യങ്ങള്‍ എല്ലാം നോക്കിയിരുന്നത് ലൗലിയായിരുന്നു. പണം നോക്കാതെ എല്ലാ മനുഷ്യരെയും ചികിത്സിക്കുവാന്‍ എക്കാലവും ഡോ. ഫിലിപ്പ് ശ്രദ്ധിച്ചിരുന്നു. അന്ന് ക്ലിനിക്കില്‍ 5 ഡോക്ടര്‍മാര്‍ ഫിലിപ്പിനൊപ്പം ഉണ്ടായിരുന്നു. ആ കാലഘട്ടം തന്‍റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണ് എന്ന് ഡോ. ഫിലിപ്പ് ഇപ്പോഴും അടയാളപ്പെടുത്തുന്നു. എന്‍റെ ജീവിതം, രോഗികള്‍, കുടുംബം, എന്നിങ്ങനെ തന്‍റെ ഓര്‍മ്മകളുടെ ഉമ്മറപ്പടിയിലിരുന്നു ഡോ. ഫിലിപ്പ് കഴിഞ്ഞ് പോയ കാലങ്ങളെക്കുറിച്ചോര്‍ക്കുന്നു.
ജീവിതം ഒരു കല്‍ക്കണ്ടത്തുണ്ടുപോലെ കടന്നു പോകുമ്പോഴാണ് ഇളയ മകന്‍ ക്രിസ്റ്റഫറിന് കാന്‍സര്‍ രോഗം പിടിപെടുന്നത്. മക്കള്‍ ദൈവത്തെ പോലെയാണെന്ന് വിശ്വസിക്കുന്ന ഡോ. ഫിലിപ്പും ഭാര്യയും തകര്‍ന്നുപോയ നിമിഷങ്ങള്‍ ആയിരുന്നു അത്. 2011-ല്‍ മകന്‍ മരിച്ചു. അന്നുവരെ ഉണ്ടായിരുന്ന എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും കുറെയധികം മാറിനിന്നു. 2016-ല്‍ ഭാര്യ ലൗലിയും മരിച്ചതോടെ ഡോ. ഫിലിപ്പിന്‍റെ ജീവിതത്തില്‍ വലിയ രണ്ട് തീരാനഷ്ടങ്ങള്‍ സംഭവിക്കുകയായിരുന്നു. പിന്നീട് മൂന്നു വര്‍ഷങ്ങള്‍ തന്‍റെ പ്രൊഫഷനില്‍ നിന്ന് പൂര്‍ണ്ണമായി മാറിനിന്നു. ജീവിതം നിസ്സഹായാവസ്ഥയില്‍ എത്തിയ നിമിഷങ്ങള്‍ ആയിരുന്നു അത്. അതോടെ ജീവിതത്തില്‍ നിന്ന് എല്ലാം കൈവിട്ടുപോയ ഒരു മനുഷ്യന്‍റെ മാനസികാവസ്ഥയായിരുന്നു ഡോ. ഫിലിപ്പിനുണ്ടായിരുന്നത്. ആകെ തകര്‍ന്നു പോയ നിമിഷങ്ങള്‍ എന്ന് മാത്രം അടയാളപ്പെടുത്താന്‍ കഴിയുന്ന ഒരു മരവിച്ച അവസ്ഥ. ജീവിതത്തെ തിരിച്ചുപിടിച്ചേ പറ്റൂ എന്ന് ചിന്തിക്കുവാന്‍ തുടങ്ങിയത് ചെറിയ മാറ്റങ്ങള്‍ ഉണ്ടാക്കുവാന്‍ സാധിച്ചു. ജീവിതം കൈവിട്ട് പോകാതിരിക്കാന്‍ മറ്റു കാര്യങ്ങളിലേക്ക് ശ്രദ്ധതിരിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. അങ്ങനെയാണ് സംഗീത പഠനത്തിലേക്കും, ബാംസുരി പഠനത്തിലേക്കും ശ്രദ്ധതിരിക്കുന്നത്. തുടര്‍ന്ന് കൃഷി, വായന, ടെന്നീസ് ഒക്കെയായി സജീവമായതോടെ ജീവിതം പതിയെ പതിയെ തിരിച്ചുപിടിക്കാം എന്നൊരു പ്രതീക്ഷ അദ്ദേഹത്തിന് കൈവരികയായിരുന്നു.
വെസ്റ്റേണ്‍ ഫ്ളൂട്ട്, ബാംസുരി സംഗീതം പഠിച്ചു തുടങ്ങിയതോടെ അമ്മയുടെ ഓര്‍മ്മകള്‍ ഡോ. ഫിലിപ്പിന്‍റെ ജീവിതത്തില്‍ നിറയാന്‍ തുടങ്ങി. അമ്മ വലിയ സംഗീതജ്ഞ ആയിരുന്നു. ഗാനരചയിതാവ് ഫാ. ജി.റ്റി. ഊന്നുകല്ലിന്‍റെ സഹോദരിയായിരുന്നു അദ്ദേഹത്തിന്‍റെ അമ്മ. അമ്മയുടെ കുടുംബം മുഴുവന്‍ സംഗീതജ്ഞരായിരുന്നു. അതുകൊണ്ട് തന്നെ സംഗീതത്തോട് ഓരോ നിമിഷവും ഇഷ്ടവും എന്തെന്നില്ലാത്ത അഭിനിവേശവുമായിരുന്നു ഡോ. ഫിലിപ്പിന് ഉണ്ടായിരുന്നത്.
ജീവിതത്തിന്‍റെ അര്‍ത്ഥ തലങ്ങള്‍ തേടി
മെഡിസിനെ കുറിച്ച് മാത്രം ചിന്തിക്കുന്ന ഡോക്ടര്‍ ആയിരുന്നില്ല ഡോ. ഫിലിപ്പ്. ചെറുപ്പം മുതല്‍ക്കേ ചങ്ങമ്പുഴ കവിതകളുടെ ആരാധകനും നല്ലൊരു വായനക്കാരനും കൂടിയായിരുന്നു. ചങ്ങമ്പുഴയുടെ എല്ലാ കവിതകളും അദ്ദേഹത്തിന് മനഃപാഠമാണ്. പഴയ എല്ലാ കവികളോടും കഥാകാരന്മാരോടും ഇഷ്ടമുണ്ടെങ്കിലും ചങ്ങമ്പുഴയോടുള്ള ഇഷ്ടം ഒന്ന് വേറെ തന്നെയാണ്. വാക്കുകളാണ് തന്‍റെ ജീവിതത്തെ മാറ്റിയതെന്നാണ് വിശ്വസിക്കുന്നത്. ഭാര്യ ലൗലി ഇംഗ്ലീഷ് സാഹിത്യത്തില്‍ മാസ്റ്റര്‍ ബിരുദധാരി ആയിരുന്നതിനാല്‍ പലപ്പോഴും സാഹിത്യ ചര്‍ച്ചകള്‍ വീട്ടിലും സജീവമായിരുന്നു. അമേരിക്കയില്‍ എത്തിയ ശേഷം കൊറിയന്‍ ഭാഷ പഠിച്ച ഫിലിപ്പ് പക്ഷെ ഭാഷയില്‍ മഹനീയം സംസ്കൃതം തന്നെയാണെന്ന് പറയുന്നു. അതിന്‍റെ സംസ്കാരങ്ങളും ശൈലിയുമൊന്നും മറ്റു ഭാഷകള്‍ക്കില്ലെന്നും അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു.
ജീവിതത്തിന്‍റെ എല്ലാ സംഗതികളും അനുഭവിക്കുക എന്നാണ് ഡോക്ടറുടെ പക്ഷം. ഇന്ത്യയില്‍ നിന്ന് ഒരു സംഗീതാധ്യാപികയുടെ ശിക്ഷണത്തിലാണ് ഇപ്പോള്‍ അദ്ദേഹം ബാംസുരി പഠിക്കുന്നത്. കൊറിയന്‍ ഭാഷ പഠിച്ചപ്പോള്‍ അദ്ദേഹത്തിന് ഒന്ന് മനസിലായി. ലോകത്തുള്ള പല ഭാഷകളുമായി നമ്മുടെ മലയാളത്തിന് ബന്ധമുണ്ടെന്ന്. മറ്റു ഭാഷാ പഠനത്തിലും താല്പര്യം ഉള്ളതിനാല്‍ ഹിന്ദി, സംസ്കൃത ഭാഷകള്‍ അതിന്‍റെ ആന്തരികാര്‍ത്ഥത്തില്‍ പഠിച്ചു. ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നു. കളരിക്കല്‍ ഗോപാലന്‍ നായരും ഭാര്യ സരസ്വതിയുമാണ് ഇപ്പോള്‍ ഡോ. ഫിലിപ്പിനെ സംസ്കൃതം പഠിപ്പിക്കുന്നത്.
യാത്രകളുടെ തമ്പുരാന്‍
പതിനേഴാം വയസില്‍ ബീഹാറില്‍ ഒരു പകര്‍ച്ചവ്യാധി വന്നതോടെയാണ് ഡോ. ഫിലിപ്പ് തന്‍റെ യാത്രകള്‍ക്ക് തുടക്കം കുറിക്കുന്നത്. കല്‍ക്കട്ടയിലും നളന്ദയിലുമൊക്കെ യാത്ര പോയ ഫിലിപ്പ് ഒരിക്കല്‍ ഡാര്‍ജിലിംഗില്‍ വെച്ച് എവറസ്റ്റ് കീഴടക്കിയ ടെന്‍സിംഗിനെ കണ്ടു. ലോകത്തിന്‍റെ മുകളില്‍ കയറിനിന്ന അദ്ദേഹത്തോടൊപ്പമുള്ള നിമിഷങ്ങള്‍ വലിയ ഊര്‍ജ്ജമാണ് നല്‍കിയത്. ഓസ്ട്രേലിയ ഒഴിച്ച് എല്ലാ രാജ്യങ്ങളും ഡോ. ഫിലിപ്പ് സന്ദര്‍ശിച്ചിട്ടുണ്ട്. ഉടനെ ഓസ്ട്രേലിയായിലും പോകുന്നുണ്ട്. യാത്രകള്‍ പലപ്പോഴും മനസ്സിനെ മറ്റൊരു തലത്തിലേക്ക് വിവര്‍ത്തനം ചെയ്യുന്നുണ്ടെന്നാണ് ഡോക്ടറുടെ പക്ഷം.
അമേരിക്കയില്‍നിന്ന് നാട്ടിലേക്ക് വരുന്നവഴി പല സ്ഥലങ്ങളിലും പോയ ശേഷമാണ് അദ്ദേഹവും കുടുംബവും പണ്ട് നാട്ടില്‍ വരിക. യാത്രകള്‍ ഇനിയും ചെയ്യണം. ലോകത്തിന്‍റെ അതിരുകള്‍ കാണണം. ജനങ്ങളെ കാണണം. വ്യത്യസ്തങ്ങളായ ഭൂവിഭാഗങ്ങള്‍ കാണണം. ജീവിതം സദാ അറിവിന്‍റേതുമാത്രമായി മാറ്റണം.
സനാതന ധര്‍മ്മവും ജീവിത ലക്ഷ്യവും
മതങ്ങള്‍ എല്ലാം നന്മയുടെ വഴികാട്ടികളായിട്ടാണ് അദ്ദേഹം നോക്കികാണുന്നത്. ക്രിസ്തുമത വിശ്വാസിയാണെങ്കിലും ഹിന്ദുമത സംസ്കാരത്തെ കൂടുതല്‍ അറിയുവാന്‍ ശ്രമിക്കുന്നു. സനാതന ധര്‍മ്മത്തോളം മഹത്തായ ഒരു ആശയം വേറെ ഉണ്ടോ എന്ന് സംശയമാണ്. അത് ലോകത്തിനു നല്‍കിയത് ഭാരതമാണ്. ഗായത്രി മന്ത്രം ഒക്കെ കാണാപാഠം പഠിച്ചു ചൊല്ലുന്ന അദ്ദേഹം ഇന്ത്യന്‍ സംസ്കാരത്തിന്‍റെ ഭാഗമാണ് ഹിന്ദു മതമെന്ന് അടിയുറച്ചു വിശ്വസിക്കുന്നു. ആര്‍ഷഭാരതത്തിന്‍റെ അന്തഃസത്തയില്‍ അടിയുറച്ചു വിശ്വസിക്കുന്ന ഡോ. ഫിലിപ്പ് ഫലം ഇച്ഛിക്കാതെ കാര്യങ്ങള്‍ ചെയ്യുക എന്ന തത്വമാണ് പിന്തുടരുന്നത്. നമുക്ക് ഒരു പത്ത് വീട് ഉണ്ടെങ്കിലും കിടക്കാന്‍ ഒരു കട്ടില്‍ മതി എന്ന ചിന്തയാണ് അദ്ദേഹത്തെ ലളിതമാക്കുന്നത്.
സത്യസന്ധത, ജീവജാലങ്ങളെ ദ്രോഹിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കല്‍, പരിശുദ്ധി, കരുണ, ക്ഷമ, സഹിഷ്ണുത, ആത്മസംയമനം, ഔദാര്യം, സന്യാസം തുടങ്ങിയ ഗുണങ്ങള്‍ സനാതന ധര്‍മ്മം പിന്തുടരുന്നതിലൂടെ അദ്ദേഹത്തിന് നിലനിര്‍ത്താന്‍ കഴിയുന്നു എന്നതാണ് സത്യം.
ഇപ്പോള്‍ രാവിലെയും വൈകിട്ടും നടത്തം ,ദിവസവും ഒരു മണിക്കൂര്‍ ടെന്നീസ് കളി, യോഗ എല്ലാം പ്രാക്ടീസ് ചെയ്യുകയും ചെയ്യുന്ന ഡോ. ഫിലിപ്പ് ജീവിതത്തെ എല്ലാ തരത്തിലും ഉപയോഗപ്പെടുത്തുന്ന ഒരു മനുഷ്യന്‍ കൂടിയാണ് എന്ന് പുതു തലമുറ കൂടി അറിയേണ്ടതുണ്ട്. ഫോട്ടോഗ്രാഫിയിലും കമ്പമുള്ള അദ്ദേഹം യാത്രകളിലെല്ലാം ചിത്രങ്ങള്‍ എടുത്തു സൂക്ഷിക്കുന്നു.
വന്‍കരകള്‍ വീണ്ടെടുക്കുമ്പോള്‍
ജീവിതം ഒരുപാട് നഷ്ടങ്ങള്‍ കൊണ്ടു സങ്കീര്‍ണ്ണമായപ്പോള്‍ ഡോ. ഫിലിപ്പ് തന്‍റെ എല്ലാ പ്രവര്‍ത്തികളും അവസാനിപ്പിച്ചിരുന്നു. ജോലിയും മറ്റു പ്രവര്‍ത്തനങ്ങളും അദ്ദേഹം ജീവിതത്തിന്‍റെ മറ്റൊരു കോണിലേക്ക് തന്നെ നീക്കിവെച്ചിരുന്നു. എന്നാല്‍ ആത്മാവില്‍ പതിഞ്ഞത് നഷ്ടപ്പെടില്ലെന്ന് തെളിയിക്കാന്‍ തക്കവണ്ണം ഒരു സംഭവം ഒരിക്കല്‍ ഒരു യാത്രയില്‍ വെച്ച് അദ്ദേഹത്തിന് ഉണ്ടായി.
ചിക്കാഗോയിലേക്ക് വരുന്ന വഴി വിമാനത്തില്‍ വെച്ച് ഒരാള്‍ക്ക് ഹൃദയസ്തംഭനം വന്നു. പെട്ടെന്ന് സി.പി.ആര്‍ ചെയ്തു ഡോ. ഫിലിപ്പ് അരമണിക്കൂര്‍കൊണ്ട് അവരുടെ ജീവന്‍ തിരിച്ചെടുത്തു. തുടര്‍ന്ന് ഫ്ളൈറ്റില്‍ നിന്ന് അദ്ദേഹം ഇറങ്ങി നടക്കുമ്പോള്‍ ഒരു കുട്ടി തന്‍റെ അമ്മയോട് പറയുന്നത് അദ്ദേഹം കേട്ടു. 'ഒല മ്ലെറ വേല ുമശേലി'േ. അത് അദ്ദേഹത്തെ വല്ലാതെ ചിന്തിപ്പിച്ചു. ഒരുപാട് വര്‍ഷം മാറി നിന്നത് കൊണ്ടുതന്നെ വല്ലാത്തൊരു നഷ്ടബോധവും അദ്ദേഹത്തിനുണ്ടായിരുന്നു. അപ്പോഴാണ് വീണ്ടും ദൈവത്തിന്‍റെ ദൂതനാകാനുള്ള മോഹം ഡോ. ഫിലിപ്പില്‍ ഉടലെടുക്കുന്നത്.
എന്നാല്‍ വര്‍ഷങ്ങള്‍ നീണ്ട ഔദ്യോഗിക ഇടവേള കാരണം ഡോ. ഫിലിപ്പിന് ഡോക്ടറുടെ ലൈസന്‍സ് പുതുക്കേണ്ടതുണ്ടായിരുന്നു. തന്‍റെ എഴുപത്തിയഞ്ചാം വയസ്സില്‍ വീണ്ടും ഡോക്ടര്‍ ലൈസന്‍സ് പുതുക്കി കിട്ടാന്‍ പുതിയ പരീക്ഷ എഴുതാന്‍ ഡോ. ഫിലിപ്പ് തയ്യാറെടുത്ത് തുടങ്ങി.
മൂന്നരമാസം അതിനുവേണ്ടി പഠിക്കുകയും മെഡിസിന്‍റെ എല്ലാ വിഭാഗങ്ങളിലും ഉള്ള പരീക്ഷകള്‍ എഴുതി വിജയിക്കുകയും അങ്ങനെ വീണ്ടും ലൈസന്‍സ് നേടിയ സന്തോഷത്തിലാണ് ഡോ. ഫിലിപ്പ് ഇപ്പോള്‍. വീണ്ടും കാന്‍സര്‍ രോഗികളെ കാണുവാന്‍, അവരെ സമാശ്വസിപ്പിക്കുവാന്‍, ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുവാന്‍ ഉള്ള തയാറെടുപ്പിലാണ് അദ്ദേഹം.
കുടുംബം
ഏതു പ്രവര്‍ത്തനങ്ങളും ഒരു വ്യക്തിയുടെ ജീവിതത്തില്‍ മനോഹരമാകണമെങ്കില്‍ കുടുംബത്തിന്‍റെ പിന്തുണയുണ്ടാകണം. ചെറുപ്പം മുതല്‍ കുടുംബം തന്നെ ചേര്‍ത്തു നിര്‍ത്തിയിരുന്നു എന്ന് അദ്ദേഹം പറയുമ്പോള്‍ ഭാര്യയുടെയും മകന്‍റെയും മരണം ഒരു കുടുംബത്തില്‍ ഉണ്ടാക്കിയ വേദനയും അദ്ദേഹം മറച്ചുവെയ്ക്കുന്നില്ല. ജീവിതത്തിന്‍റെ പുതുവഴികളിലേക്ക് തിരിച്ചുവന്ന ഡോ. ഫിലിപ്പ് വെട്ടുകാടിന് ഇന്ന് തുണയായി മകള്‍ മേരി. (കാന്‍സര്‍ പി.എച്ച്.ഡി. സ്പെഷ്യലിസ്റ്റ്, വാന്‍ഡര്‍ ബില്‍റ്റ് യൂണിവേഴ്സിറ്റിയില്‍ സ്വന്തം ലാബ് ഗവേഷണവും നടത്തുന്നു), മകന്‍ ജോസഫ്- (സോളാര്‍ എഞ്ചിനീയര്‍- ആഫ്രിക്കയില്‍ ചാരിറ്റി വര്‍ക്കര്‍. കറണ്ടില്ലാത്ത ഇടങ്ങളില്‍ സോളാര്‍ എനര്‍ജി നല്‍കുന്നു), ലിസ- ജേര്‍ണലിസ്റ്റ്. ചിക്കാഗോ എന്‍പിഐആര്‍ റേഡിയോയില്‍ റിപ്പോര്‍ട്ടര്‍ (ജേര്‍ണലിസത്തിലും മ്യൂസിക്കിലും പി.ജി). ഇവരെല്ലാം ജീവിതത്തില്‍ ഡോ. ഫിലിപ്പിനൊപ്പം തന്നെ കടന്നുപോകുന്നുണ്ട്. കൊച്ചുമക്കള്‍ അശോകും സക്കീറും ഡോക്ടറുടെ സന്തോഷങ്ങള്‍ക്കൊപ്പം തന്നെ ജീവിക്കുന്നവരാണ്.
ഒരു പ്രഭാതത്തില്‍ ഓര്‍ക്കാപ്പുറത്ത് മരണത്തിനു കീഴടങ്ങിയ മകന്‍ ക്രിസ്റ്റഫറും, ഭാര്യ ലൗലിയും ഇപ്പോഴും ഈ കുടുംബത്തിനൊപ്പം ഓര്‍മ്മകളില്‍ ജീവിക്കുന്നു.
ഡോ. ഫിലിപ്പ് വെട്ടിക്കാട് അദ്ദേഹത്തിന്‍റെ കര്‍മ്മനിരതമായ ജീവിതം ചുറ്റുമുള്ള മനുഷ്യര്‍ക്ക് വേണ്ടി, അവരുടെ മുന്നേറ്റങ്ങള്‍ക്ക് വേണ്ടി ഇനിയും മാറ്റിവെയ്ക്കട്ടെ. നമ്മുടെ പ്രാര്‍ഥനകള്‍ അദ്ദേഹത്തിന്‍റെ കരങ്ങള്‍ക്ക് ശക്തി പകരട്ടെ. അദ്ദേഹത്തിന്‍റെ ജീവിതം സമൂഹത്തിനു മാതൃകയാകട്ടെ. ആശംസകള്‍...