'ചിരിക്കുന്ന ഒരു മുഖവും പൊറുക്കുവാനും മറക്കുവാനുമുള്ള ഒരു മനസ്സും, സ്നേഹിക്കുന്ന ഒരു ഹൃദയവും ഉണ്ടെങ്കില്‍ ജീവിതം വിജയകരമാകും' - ജോണി കുരുവിള
സ്വപ്നങ്ങളുടെ സൗന്ദര്യത്തില്‍ വിശ്വസിക്കുന്നവരുടേതാണ് ഭാവി. എന്നും ലോകം അവര്‍ക്കൊപ്പമാണ് സഞ്ചരിക്കുക. ലോകത്ത് നിങ്ങളുടെ ഒരു മുദ്ര പതിപ്പിക്കുക എന്നത് അല്പം പ്രയാസമാണ്. അത് എളുപ്പമായിരുന്നു എങ്കില്‍ എല്ലാവരും അത് ചെയ്യുമായിരുന്നു. എന്നാല്‍ ആ മുദ്ര പതിപ്പിച്ച ചില വ്യക്തികള്‍ ഉണ്ട്. ക്ഷമയോടെ കാത്തിരുന്നവര്‍, പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ചവര്‍, വഴിയില്‍ ഉണ്ടായ പരാജയങ്ങളെ നേരിട്ടവര്‍. അങ്ങനെ ജീവിതത്തെ ഒരു നിറഞ്ഞ പുഞ്ചിരിയോടെ നേരിട്ട ഒരു വ്യക്തിത്വമാണ് ജോണി കുരുവിള. വേള്‍ഡ് മലയാളി കൗണ്‍സിലിന്‍റെ ഗ്ലോബല്‍ ചെയര്‍മാനായ അദ്ദേഹത്തിന്‍റെ ജീവിത വിജയകഥ പുതിയ തലമുറയ്ക്ക് ഒരു വലിയ പാഠമായി മാറുന്നു. അദ്ദേഹത്തെ അടുത്തറിയുന്നവര്‍ 'ചേട്ടായി' എന്നാണ് വിളിക്കുക. ചേട്ടായി എന്ന വാക്കിന്‍റെ മഹത്വം മറന്നു പോകുന്ന ഒരു ലോകത്ത് ആ വാക്കിന്‍റെ മഹത്വം ഓരോ നോട്ടത്തില്‍ പോലും മനസ്സിലാക്കിത്തരുന്ന ഒരു സമ്പൂര്‍ണ്ണ മനുഷ്യന്‍ കൂടിയാണ് ജോണി കുരുവിള. ഈ ചേട്ടായിയുടെ ജീവിത നാള്‍ വഴികളിലൂടെ ഒരു യാത്ര...
കുടുംബ നന്മകള്‍
1952 ജൂണ്‍ 7-ന് കോട്ടയം കിടങ്ങൂര്‍, മാറിടം പടിക്കമ്യാലില്‍ പി.പി. കുരുവിളയുടേയും മറിയാമ്മ കുരുവിളയുടേയും മൂത്ത മകനായി ജനനം.
കുമ്മണ്ണൂരിലുള്ള ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ഒന്നു മുതല്‍ നാല് വരെ പഠനം. അഞ്ച് മുതല്‍ കിടങ്ങൂര്‍ സെന്‍റ് മേരീസില്‍ യു.പി. പഠനം. ഒന്‍പത്, പത്ത് ക്ലാസുകളില്‍ കടപ്ലാമറ്റം സെന്‍റ് ആന്‍റണീസ് സ്കൂളില്‍. പത്താം ക്ലാസ് പഠനം കഴിഞ്ഞപ്പോള്‍ തന്നെ ഒരു ജോലി നേടുക എന്ന ആഗ്രഹമായിരുന്നു മനസില്‍. നേരെ കോഴിക്കോട് മഹാറാണി ഹോട്ടലില്‍ ജോലിക്ക് കയറി. പത്തുമാസത്തെ ഹോട്ടല്‍ ട്രെയിനിംഗ്. പാല കെ.എം. മാത്യു ആയിരുന്നു മാനേജിംഗ് ഡയറക്ടര്‍. തുടര്‍ന്ന് വിദേശത്തേക്ക് പോകണമെന്ന ആഗ്രഹത്തില്‍ ബോംബെയിലേക്ക്.
ബോംബെ, പുതിയ ലോകം
മലയാളിയുടെ കുടിയേറ്റ ചരിത്രത്തില്‍ ബോംബെ നഗരം എന്നും പ്രധാനപ്പെട്ട ഒരിടമാണ്. പതിനേഴു വയസ്സുള്ള ഒരു യുവാവിന്‍റെ ബോംബെ യാത്ര ഇന്നും ജോണി കുരുവിളയുടെ മനസിലുണ്ട്. പിതാവിനെ സഹായിക്കുക, കുടുംബത്തിന് അത്താണിയാവുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. അന്ന് ഗള്‍ഫില്‍ ജോലി സാധ്യതയുള്ള കോഴ്സായിരുന്നു എയര്‍ കണ്ടീഷനിംഗ് ആന്‍ഡ് റഫ്രിജിറേഷന്‍. അത് പഠിക്കുവാന്‍ ദാദറില്‍ സെന്‍റ് ജോണ്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നു. മിഡില്‍ ഈസ്റ്റിലേക്ക് കൂടുതല്‍ സാധ്യതയുള്ള ഒരു കോഴ്സ് കൂടി ആയിരുന്നു എയര്‍ കണ്ടീഷന്‍ മെക്കാനിസം. പഠനം കഴിഞ്ഞ് ഒബ്റോയി ഷെറാട്ടണ്‍ ഹോട്ടലില്‍ എട്ടു രൂപ ശമ്പളത്തില്‍ എയര്‍ കണ്ടീഷന്‍ മെക്കാനിക്കായി ജോലി ലഭിച്ചു. അവിടെ വിദ്യാസമ്പന്നരായ പലരും ഹോട്ടലില്‍ വെയിറ്ററായി ജോലി ചെയ്യുന്നത് ജോണി കുരുവിളയ്ക്ക് അത്ഭുതമായി തോന്നി. 'നല്ല ടിപ്പ്' കിട്ടുന്ന പണിയാണ് വെയിറ്റര്‍ ജോലി എന്ന് മനസിലാക്കി വെയിറ്ററായി ജോലി മാറിയെടുത്തു. പണം ഉണ്ടാക്കുക എന്നതായിരുന്നു ലക്ഷ്യമെങ്കിലും ആ ജോലി ജീവിതത്തിലെ നേട്ടങ്ങളുടെ തുടക്കമായിരുന്നു. വെയിറ്റര്‍ ജോലിയില്‍ നിന്ന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഉള്ളവരുടെ അഭിരുചികള്‍ മനസിലാക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അത് ഹോട്ടല്‍ ബിസിനസ് ഉള്‍പ്പെടെയുള്ള നിരവധി ബിസിനസ്സ് സംരംഭങ്ങളെക്കുറിച്ചുള്ള അറിവ് നല്‍കുന്നതായിരുന്നു.
ബോംബെയില്‍ നിന്ന് ദുബായിലേക്ക്
എപ്പോഴും ഉയര്‍ച്ച മാത്രം സ്വപ്നം കണ്ടിരുന്ന ജോണി കുരുവിള ഗള്‍ഫിലെ ജോലി സാധ്യതകളെ കുറിച്ചായിരുന്നു ചിന്തിച്ചത്. ദുബായില്‍ നിന്നും കാള്‍ട്ടണ്‍ ടവര്‍ എന്ന ഹോട്ടലിലേക്ക് ജോലിക്കുള്ള റിക്രൂട്ട്മെന്‍റില്‍ പാസ്സായി. ജോലി റഡിയായതോടെ പഴയ ജോലി രാജിവെച്ചിറങ്ങി. പക്ഷെ കാള്‍ട്ടണ്‍ ഹോട്ടലിലെ എന്തോ തൊഴില്‍ പ്രശ്നങ്ങള്‍ കാരണം ആ യാത്ര മുടങ്ങി. നിലവില്‍ ഉണ്ടായിരുന്ന ജോലിയും നഷ്ടമായി. ജീവിതം ചോദ്യചിഹ്നമായ നിമിഷങ്ങള്‍. ജീവിതത്തിലെ പല പ്രതിസന്ധികളിലും ജോണി കുരുവിളയ്ക്ക് ദൈവത്തിന്‍റെ സഹായം ഓടിയെത്തും. ഉടന്‍ തന്നെ സെന്‍റൂര്‍ എന്ന ഹോട്ടലില്‍ ജോലി ലഭിച്ചു. അവിടെ നിന്നും ദുബായ് ഹില്‍ട്ടണ്‍ ഹോട്ടലിലേക്ക് ഇന്‍റര്‍വ്യൂ നടക്കുന്നതായി അറിഞ്ഞു. സെലക്ഷന്‍ കിട്ടി. 1978 മാര്‍ച്ച് 8-ന് ദുബായില്‍ വന്നിറങ്ങി. അന്നുമുതല്‍ തുടങ്ങുന്നു ജോണി കുരുവിളയുടെ പ്രവാസ ജീവിതം.
ഹില്‍ട്ടന്‍ ഗ്രൂപ്പ് നല്‍കിയ സ്വാതന്ത്ര്യം
1978 മാര്‍ച്ച് 8 മുതല്‍ 1998 വരെ ഹില്‍ട്ടന്‍ ഗ്രൂപ്പില്‍ വിവിധ തസ്തികയില്‍ ജോലി ചെയ്തു. ഇരുപത് വര്‍ഷത്തെ ഹോട്ടല്‍ ജീവിതം ജോണി കുരുവിളയെ കസ്റ്റമര്‍ കെയര്‍ ഡൊമെയ്നിലെ മാസ്റ്ററാക്കി. കസ്റ്റമര്‍ കെയര്‍, നേതൃത്വ പാടവം, അന്താരാഷ്ട്ര സെമിനാറുകളില്‍ പങ്കെടുക്കല്‍, പരിശീലന പരിപാടികള്‍ തുടങ്ങിയവയ്ക്ക് ഹില്‍ട്ടന്‍ ഗ്രൂപ്പ് ജോണി കുരുവിളയെ ആണ് അയച്ചിരുന്നത്. അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് തുടങ്ങി ലോകം ചുറ്റി സഞ്ചരിക്കാനുള്ള ഭാഗ്യം അദ്ദേഹത്തിന് ലഭിച്ചു. ഒരു കമ്പനി എങ്ങനെ നോക്കി നടത്തണമെന്ന് പഠിച്ച നിമിഷങ്ങള്‍ ആയിരുന്നു അത്. ലുസാന്‍ സ്വിറ്റ്സര്‍ലന്‍ഡ്, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റികളില്‍ നിന്ന് ഹോട്ടല്‍ മാനേജ്മെന്‍റിലും ബിരുദവും ഇതിനിടയില്‍ അദ്ദേഹം കരസ്ഥമാക്കിയിരുന്നു.
ഓഫീസേഴ്സ് ക്ലബ്ബ് നേതൃത്വത്തിന്‍റെ പുതിയ മുഖം
ജീവിതത്തിലെ യാദൃശ്ചികത എന്നും ജോണി കുരുവിളയ്ക്ക് മുതല്‍ക്കൂട്ടായിരുന്നു. 1998-ല്‍ അദ്ദേഹം ഹില്‍ട്ടണ്‍ ഗ്രൂപ്പ് വിട്ട് പ്രശസ്തമായ യുഎഇ ആംഡ് ഫോഴ്സ് ഓഫീസേഴ്സ് ക്ലബ്ബില്‍ ഫിനാന്‍ഷ്യല്‍ കണ്‍ട്രോളറായി ചേര്‍ന്നു. ഇപ്പോഴത്തെ ഭരണാധികാരിയും അന്നത്തെ കിരീടാവകാശിയുമായിരുന്ന ഷേക്ക് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ നേതൃത്വത്തിലുള്ള ഓഫീസേഴ്സ് ക്ലബിന്‍റെ ഫിനാന്‍സ് കണ്‍ട്രോളര്‍ ആയത് ജോണി കുരുവിളയ്ക്ക് പുതിയ അനുഭവം കൂടി ആയിരുന്നു. നിര്‍മ്മാണ നിര്‍വഹണത്തിലെ അത്ഭുതം കൂടി ആയിരുന്നു ഓഫീസേഴ്സ് ക്ലബ്.
വൈകാതെ ഫിനാന്‍സ് ആന്‍ഡ് അഡ്മിനിസ്ട്രേഷന്‍ ഡയറക്ടറായി സ്ഥാനക്കയറ്റം ലഭിച്ചു. അദ്ദേഹം ക്ലബ്ബില്‍ ചേരുമ്പോള്‍, അത് പ്രതിവര്‍ഷം കാല്‍ ദശലക്ഷം ദിര്‍ഹത്തിന്‍റെ നഷ്ടത്തിലായിരുന്നു. നഷ്ടത്തില്‍നിന്നും ആംഡ് ഫോഴ്സ് ഓഫീസേഴ്സ് ക്ലബ്ബിനെ ഉയര്‍ത്തിയെടുക്കേണ്ട ഉത്തരവാദിത്വത്തെക്കുറിച്ച് അദ്ദേഹം ബോധവാനായി.
ക്ലബ്ബിന്‍റെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തശേഷം, ക്ലബ്ബിന് ഓരോവര്‍ഷവും 20 ദശലക്ഷം ദിര്‍ഹം ലാഭം ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം ഉറപ്പുവരുത്തി. ക്ലബിന്‍റെ അവസ്ഥയിലുണ്ടായ മാറ്റത്തില്‍ മാനേജ്മെന്‍റ് വളരെയധികം അഭിനന്ദിച്ചു. നഷ്ടത്തിലായ ഒരു പ്രസ്ഥാനത്തെ എങ്ങനെ കൈപിടിച്ചു വിജയത്തിലെത്തിക്കാമെന്ന പാഠം സ്വയം പഠിച്ച നിമിഷങ്ങള്‍ കൂടിയായിരുന്നു അത്.
പ്രവാസികളുടെ ശമ്പള ഏകീകരണവും
ജോണി കുരുവിളയും
ഗള്‍ഫ് ജീവനക്കാരുടെ അക്കാലത്തെ പ്രധാന പ്രശ്നങ്ങളില്‍ ഒന്നായിരുന്നു ശമ്പള ഏകീകരണ പ്രശ്നങ്ങള്‍. ജോണി കുരുവിള ഒരു തൊഴിലാളിയായി ജോലി തുടങ്ങിയ വ്യക്തിയായതുകൊണ്ട് തൊഴിലാളി പ്രശ്നങ്ങള്‍ നന്നായി പഠിച്ചിരുന്നു. ഏതാണ്ട് 1200-ലധികം ഇന്ത്യക്കാരെ ഗള്‍ഫ് നാടുകളിലേക്ക് അദ്ദേഹം റിക്രൂട്ട് ചെയ്തു. 1000 ദിര്‍ഹത്തില്‍ കൂടുതല്‍ ശമ്പളം ലഭിക്കുന്നുവെന്ന് അദ്ദേഹം ഉറപ്പു വരുത്തി. ജീവനക്കാര്‍ക്ക് മടക്കയാത്രാ ടിക്കറ്റ് നല്‍കല്‍, ലോവര്‍ ഗ്രേഡ് ജീവനക്കാര്‍ക്ക് പരിശീലന മോഡ്യൂളുകള്‍ ഉണ്ടാക്കി. തൊഴിലാളി മുതലാളി ബന്ധം ഊട്ടിയുറപ്പിക്കുവാനും അദ്ദേഹത്തിന് സാധിച്ചു. ആംഡ് ഫോഴ്സ് ഓഫീസേഴ്സ് ക്ലബ്ബില്‍ ജോലി ചെയ്യുന്ന സമയത്ത് അല്‍ ഫുതൈസി ഐലന്‍ഡ് ഗോള്‍ഫ് ആന്‍ഡ് കണ്‍ട്രി ക്ലബ്ബ് എന്ന പേരില്‍ ഒരു റിസോര്‍ട്ടും അദ്ദേഹം ഏറ്റെടുത്ത് വികസിപ്പിച്ചു. തന്‍റെ നേതൃത്വ മികവിന്‍റെ മറ്റൊരു ഉദാഹരണമായിരുന്നു അത്.
പ്രകൃതിയെ വീണ്ടെടുത്ത ദ്വീപിന്‍റെ കാവല്‍ക്കാരന്‍
അബുദാബിയിലെ വിശിഷ്ട ദ്വീപ് റിസോര്‍ട്ടായ അല്‍ ഫുതൈസി ഗോള്‍ഫ് ആന്‍ഡ് കണ്‍ട്രി ക്ലബിന്‍റെ നേതൃത്വം ജോണി കുരുവിളയ്ക്ക് പ്രകൃതിയിലേക്കുള്ള മടക്കം കൂടിയായിരുന്നു. വാര്‍ത്തകളില്‍ ഇടംപിടിച്ച ഒരു ദ്വീപ്. ഇരുപത്തിരണ്ടോളം പുരാതന ജലസംഭരണികള്‍ ഉള്ള ഈ ദ്വീപിന്‍റെ ചരിത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇവിടെ ഒരു റിസോര്‍ട്ട് പ്രകൃതിക്ക് ഇണങ്ങുന്ന തരത്തില്‍ വികസിപ്പിക്കുവാന്‍ ജോണി കുരുവിളയ്ക്ക് കഴിഞ്ഞു. വംശനാശ ഭീഷണി നേരിടുന്ന വൈവിദ്ധ്യമാര്‍ന്ന സസ്യ ജന്തുജാലങ്ങള്‍ക്ക് അഭയം നല്‍കുന്ന ദ്വീപിനെ അതിന്‍റെ ആവാസ വ്യവസ്ഥയ്ക്ക് കോട്ടംതട്ടാതെ ഒരു ഇക്കോ ടൂറിസം കേന്ദ്രമാക്കി മാറ്റുവാന്‍ അദ്ദേഹത്തിന് സാധിച്ചു.
ജോണി ഇന്‍റര്‍നാഷണല്‍ & പാര്‍ട്ട്നേഴ്സ്
എല്‍.എല്‍.സി.
മസ്ക്കറ്റ് ആസ്ഥാനമായുള്ള ജോണി കുരുവിളയുടെ ഹോട്ടല്‍ മാനേജ്മെന്‍റ് കമ്പനി ഹോസ്പിറ്റാലിറ്റി മാനേജ്മെന്‍റ് ബിസിനസില്‍ 20 വര്‍ഷത്തിലധികമായി പ്രവര്‍ത്തിക്കുന്ന ഏറ്റവും പുതിയ ഹോട്ടല്‍ മാനേജ്മെന്‍റ് അനുഭവങ്ങള്‍ നല്‍കുന്ന പ്രസ്ഥാനമാണ്. സമര്‍ത്ഥരും, സമര്‍പ്പിതരും, ഉത്തരവാദിത്തമുള്ളവരുമായ ജോലിക്കാരിലൂടെ ഈ പ്രസ്ഥാനത്തെ മുന്നോട്ട് നയിക്കുന്ന അദ്ദേഹത്തിന്‍റെ ആഗ്രഹം ജോണി ഇന്‍റര്‍നാഷണലിനെ ലോകത്തെ ഏറ്റവും മികച്ച ഹോട്ടല്‍ മാനേജ്മെന്‍റ് കമ്പനികളില്‍ ഒന്നാക്കുക എന്നതാണ്.
വേള്‍ഡ് മലയാളി കൗണ്‍സിലിലേക്ക്
ആഗോള തലത്തില്‍ മലയാളികളുടെ കൂട്ടായ്മയായി വളര്‍ന്ന വേള്‍ഡ് മലയാളി കൗണ്‍സിലിലേക്ക് അദ്ദേഹം കടന്നുവരുന്നത് യാദൃശ്ചികമായിട്ടാണ്. യു.എ. ഇയിലെ ബിസിനസ് ജീവിതത്തിനിടയില്‍ അബുദാബിയിലുള്ള നിരവധി സംഘടനകള്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും സാമ്പത്തിക സഹായം തേടിവരുമായിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്തുകൊണ്ട് ഏറ്റെടുത്ത് നടത്തിക്കൂടാ എന്ന ചിന്തയില്‍ നിന്ന് വേള്‍ഡ് മലയാളി കൗണ്‍സിലിന്‍റെ ഒരു പ്രൊവിന്‍സ് 2007-ല്‍ അബുദാബിയില്‍ ആരംഭിച്ചു. 2012- ല്‍ ജര്‍മ്മനിയില്‍ വെച്ച് നടന്ന മീറ്റിംഗില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡന്‍റായി ജോണി കുരുവിളയെ തെരഞ്ഞെടുത്തു. 2018-ല്‍ ന്യൂജേഴ്സിയില്‍ നടന്ന ഗ്ലോബല്‍ കോണ്‍ഫറന്‍സില്‍ വീണ്ടും ഗ്ലോബല്‍ പ്രസിഡന്‍റായി തെരഞ്ഞെടുത്തു. കൊറോണ കാലമായതിനാല്‍ പ്രവര്‍ത്തനങ്ങളുടെ കോ-ഓര്‍ഡിനേഷന്‍ ഓണ്‍ലൈനില്‍ ആയിരുന്നു. 2021-ല്‍ ഓണ്‍ലൈനായി നടന്ന തെരഞ്ഞെടുപ്പില്‍ ചെയര്‍മാനായി .
ഈ കാലയളവില്‍ കേരളത്തില്‍ പാലായ്ക്കടുത്ത് 25 വീടുകള്‍ നിര്‍ദ്ധനരായ കുടുംബങ്ങള്‍ക്കായി നിര്‍മ്മിച്ചു നല്‍കുവാന്‍ പദ്ധതിയിട്ടു. 13 വീടുകളുടെ പണി പൂര്‍ത്തിയായി. ഓണത്തോട് അനുബന്ധിച്ച് വീടുകളുടെ താക്കോല്‍ദാനം നടത്തും. 7 ലക്ഷം രൂപയാണ് ഒരു വീടിനായി മുടക്കിയത്. ഏതാണ്ട് രണ്ടരക്കോടിയോളം ആസ്തിയുള്ള ഒരു സംഘടനയാക്കി വേള്‍ഡ് മലയാളി കൗണ്‍സിലിനെ മാറ്റുവാന്‍ ജോണി കുരുവിളയുടെ നേതൃത്വത്തിന് സാധിച്ചത് അദ്ദേഹത്തിന്‍റെ സംഘടനാ മികവിന്‍റെ ഉദാഹരണമാണ്. മലയാളികള്‍ക്ക് ഒരു ഒളിമ്പിക്സ് മെഡല്‍ എന്ന ആശയത്തോടെ ഒരു പരിശീലന പദ്ധതിയും പൂഞ്ഞാര്‍ എസ്.എം.സി. സ്കൂളില്‍ നടത്തുന്നുണ്ട്. പരിസ്ഥിതി സംരക്ഷണ ഫോറം, വിജിലന്‍സ് ഫോറം, ബിസിനസ് ഫോറം എന്നിവ സജീവമായി പ്രവര്‍ത്തിക്കുന്നു. 64 പ്രോവിസുകളുമായി ലോകമെമ്പാടും പ്രവര്‍ത്തിക്കുന്ന സംഘടനയായി വേള്‍ഡ് മലയാളി കൗണ്‍സില്‍ മാറിക്കഴിഞ്ഞു. ലോകത്തിന്‍റെ ഏത് കോണിലും ഒരു മലയാളിക്ക് ഒരാവശ്യം ഏത് സമയത്ത് വേണ്ടി വന്നാലും വേള്‍ഡ് മലയാളി കൗണ്‍സില്‍ അതിനായി ഓടിയെത്തും.
സാംസ്കാരിക സംഘടനയായ ഗോപിയോയുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ്, ദീപികയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്ന ജോണി കുരുവിള മാധ്യമരംഗത്തും ശ്രദ്ധേയനാണ്. സുപ്രസിദ്ധമായ ഇന്ത്യ സോഷ്യല്‍ സെന്‍ററിന്‍റെ ഗവര്‍ണറായും അദ്ദേഹം സേവനമനുഷ്ഠിക്കുന്നു.
'ചേട്ടായി' ഉത്തരവാദിത്തമുള്ള മൂത്ത മകന്‍
ഒരു കുടുംബത്തിന്‍റെ മൂത്ത മകനാവുക എന്നത് മഹാഭാഗ്യമായി കരുതുന്ന വ്യക്തിയാണ് ജോണി കുരുവിള. പിതാവ് നല്‍കിയ ഒരു ഉപദേശമായിരുന്നു സഹോദരീ സഹോദരന്‍മാരുടെ സംരക്ഷണം. ഗള്‍ഫ് ജീവിത കാലത്ത് നാട്ടില്‍ പിതാവിന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് കുടുംബത്തിന്‍റെ വളര്‍ച്ചയ്ക്ക് വേണ്ടി പണമയച്ച ചേട്ടായി ആ കുടുംബത്തിന്‍റെ കണ്ണിലുണ്ണിയാണ് ഇപ്പോഴും. തന്‍റെ വ്യക്തിപരമായ ഒരു കാര്യങ്ങള്‍ക്കും താല്പര്യം കാണിക്കാതെ പിതാവിനെ പോലെ ഒരു കുടുംബത്തെ സംരക്ഷിച്ച ചേട്ടായി.
'ആ വാക്കില്‍ വല്ലാത്ത ഒരു സ്നേഹമുണ്ട്' എന്നാണ് ജോണി കുരുവിള പറയുന്നത്. സങ്കടത്തിന്‍റേയും സന്തോഷത്തിന്‍റേയും സമയങ്ങളില്‍ നമ്മള്‍ അന്വേഷിക്കുന്ന വലിയ സഹോദരന്‍. കരയാന്‍ ഒരു തോളും, പറക്കാന്‍ ഒരു ചിറകും അവന്‍ കുടുംബത്തിനായി കരുതി വെക്കുന്നു. തന്‍റെ കുടുംബാംഗങ്ങളെ തന്നിലേക്ക് കൊണ്ടുവരാന്‍, അതുവഴി കുടുംബത്തിന്‍റെ ചേട്ടായിയാകാനും സഹായിക്കുന്ന സ്നേഹത്തിന്‍റെ പ്രതിരൂപമായി മാറാനാണ് ജോണി കുരുവിള എന്ന ചേട്ടായിയുടെ ആഗ്രഹം. തന്‍റെ വെബ് സൈറ്റിന് പോലും ഇട്ടിരിക്കുന്ന പേര് ചേട്ടായി ഡോട് കോം എന്നാണ്.
ചേട്ടായി ഡോട്ട് കോമിലൂടെ, കേരളത്തിലെ ഓരോ ഗ്രാമത്തില്‍ നിന്നും ഒരുസഹോദരനെയെങ്കിലും തിരിച്ചറിയാനും സ്നേഹത്തിന്‍റെയും ഐക്യത്തിന്‍റെയും സന്ദേശം പ്രചരിപ്പിക്കുന്നതിനുള്ള ഒരു പ്രസ്ഥാനം സൃഷ്ടിക്കാന്‍ അദ്ദേഹം ഇതിലൂടെ ആഗ്രഹിക്കുന്നു. ഗ്രാമങ്ങളില്‍ നഷ്ടപ്പെട്ട ദൈവികത പുനഃസ്ഥാപിക്കാനുള്ള സന്ദേശം,പഴയ തലമുറയോടുള്ള സ്നേഹവും ആദരവും പുനരുജ്ജീവിപ്പിക്കാനും 'നല്ല കുടുംബം' എന്ന ആശയം ശക്തിപ്പെടുത്താനും വേണ്ടിയുള്ള ഒരു പ്രസ്ഥാനമായി ചേട്ടായി ഡോട്ട് കോമിനെ വളര്‍ത്തണമെന്നാണ് അദ്ദേഹത്തിന്‍റെ ആഗ്രഹം.
പ്രകൃതി സ്നേഹി
~ജോണി കുരുവിള ഒരു തികഞ്ഞ പരിസ്ഥിതി സ്നേഹി കൂടിയാണ്. പരിസ്ഥിതിക്കൊപ്പം വളരുക എന്നതാണ് അദ്ദേഹത്തിന്‍റെ സങ്കല്പം. അബുദാബിയില്‍ ഒരു ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഒരു സ്വപ്നമാണ് അദ്ദേഹത്തിന്. ജൈവ ഭക്ഷണം പ്രോത്സാഹിപ്പിക്കുക, എന്‍റെ മരം, നമ്മുടെ വനം എന്ന പേരില്‍ ഒരു മരം നട്ടുപിടിപ്പിക്കുക എന്ന പദ്ധതിയിലൂടെ നിരവധി മരങ്ങള്‍ കേരളത്തിന്‍റെ വിവിധയിടങ്ങളില്‍ നട്ടുപിടിപ്പിച്ചു. പുകവലി, മയക്കുമരുന്ന്, മദ്യപാനം തുടങ്ങി യുവതലമുറയുടെ പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ ഒരു പുനരധിവാസ കേന്ദ്രവും അദ്ദേഹത്തിന്‍റെ മനസിലുണ്ട്. നിങ്ങള്‍ എവിടെ ആയിരുന്നാലും കേരളത്തിന്‍റെ പാരമ്പര്യവും സംസ്കാരവും സംരക്ഷിക്കപ്പെടണം എന്നാണ് അദ്ദേഹത്തിന്‍റെ ആഗ്രഹം.
കുടുംബം
ജോണി കുരുവിള കുടുംബത്തിന്‍റെ ചേട്ടായിയായി തിളങ്ങുമ്പോഴും അദ്ദേഹത്തിന്‍റെ മനസ്സിന് കൂട്ടായി ഒപ്പമുള്ള മൂന്ന് പേരുണ്ട്. ഭാര്യ: ത്രേസ്യാമ്മ. മകന്‍ അഡ്വ. ഫെലിക്സ്, ഭാര്യ സ്റ്റെഫി. ഫെലിക്സ് ബിസിനസ്സില്‍ പിതാവിനെ സഹായിക്കുന്നു. മകള്‍ ഫെലീന കുടുംബിനിയായി തിരുവനന്തപുരത്ത് സ്ഥിരതാമസം. ഭര്‍ത്താവ് ജോസ്. കൊച്ചുമക്കള്‍: പ്രിയങ്ക ജോസ്, ജോണി കുരുവിള ജൂണിയര്‍, ജെയ്ഡന്‍ ജോണി ജോസ്, ഷാര്‍ലെറ്റ് ഫെലിക്സ്. തങ്ങളുടെ വേരുകള്‍ മറക്കാതെ തന്നോട് ചേര്‍ന്ന് നില്‍ക്കുന്ന ഈ കുടുംബത്തിന്‍റെ ആത്മബലമാണ് തന്‍റെ വളര്‍ച്ചയുടെ ഉറവയെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
ദൈവ ഭയം ഇല്ലാതായതും ദൈവത്തില്‍ ആശ്രയം ഇല്ലാതായതുമാണ് ഇന്നത്തെ ലോകം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ജോണി കുരുവിള അഭിപ്രായപ്പെടുന്നു. പഴയകാലത്തിന്‍റെ നന്മകളില്‍ ഒന്നായിരുന്നു ദൈവ സ്നേഹവും ദൈവവിശ്വാസവുമെന്നു അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു. കുടുംബങ്ങളില്‍ അവ തിരികെ കൊണ്ടുവരാന്‍ വ്യക്തിയും കുടുംബവും ശ്രമിക്കേണ്ടതിന്‍റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. വരുംതലമുറകളിലേക്ക് ദൈവിക സ്നേഹം പകര്‍ന്നുകൊടുക്കുവാന്‍ നാം ഓരോരുത്തരും ബാധ്യസ്ഥരാണ്. കുടുംബത്തിന്‍റെ ഇഴയിണക്കമാണ് ഓരോ കുടുംബത്തിന്‍റെയും വളര്‍ച്ചയുടെ തറക്കല്ല് എന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു.
ജോണി കുരുവിള ഈ വഴിത്താരയിലെ ഒരു മാതൃകയാവുന്നതിന് കാരണം അദ്ദേഹത്തിന്‍റെ കുടുംബ സ്നേഹമാണെന്ന് അടിവരയിട്ട് പറയാം. മാതാവിന്‍റെയും പിതാവിന്‍റേയും ഓര്‍മ്മകള്‍, സഹോദരങ്ങളും ഭാര്യയുടേയും മക്കളുടേയും കൊച്ചുമക്കളുടേയും സാന്നിദ്ധ്യവും, പിന്തുണയും, സ്നേഹവും ഉണ്ടെങ്കില്‍ ലോകത്തിന്‍റെ നെറുകയിലേക്ക് നമുക്ക് വളരെ വേഗത്തില്‍ കടന്നുചെല്ലാമെന്ന് പഠിപ്പിക്കുന്നു.
ജോണി കുരുവിള എന്ന ചേട്ടായി തന്‍റെ യാത്ര തുടരുമ്പോള്‍ ലോകമലയാളികള്‍ അദ്ദേഹത്തിന് ഒപ്പമുണ്ട്....
ആ നന്മയുള്ള യാത്രയ്ക്ക് അഭിവാദ്യങ്ങള്‍...