VAZHITHARAKAL

സേവനവഴിയിലെ മലയാളി നന്മ; ജോസ് പിണര്‍ക്കയില്‍

Blog Image
" ഒരു കാരുണ്യ പ്രവര്‍ത്തനവും, എത്ര ചെറുതാണെങ്കിലും ഒരിക്കലും പാഴായിപ്പോകില്ല "

നമുക്കെല്ലാവര്‍ക്കും വലിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുകയില്ല, എന്നാല്‍ വലിയ സ്നേഹത്തോടെ നമുക്ക് ചെറിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. സഹാനുഭൂതി രോഗശാന്തിക്കാരനും മുറിവേറ്റവനും തമ്മിലുള്ള ബന്ധമല്ല മറിച്ച് തുല്യര്‍ തമ്മിലുള്ള ബന്ധമാണ്. നമ്മുടെ അന്ധകാരത്തെ നന്നായി അറിയുമ്പോള്‍ മാത്രമെ മറ്റുള്ളവരുടെ ഇരുട്ടിനൊപ്പം നില്‍ക്കാന്‍ സാധിക്കു. അവര്‍ക്ക് വെളിച്ചമേകാന്‍ സാധിക്കണമെങ്കില്‍ നമ്മുടെ വെളിച്ചത്തെക്കുറിച്ചും നമുക്ക് തികഞ്ഞ ആത്മബോധം ഉണ്ടാവണം. ജീവിത വഴിത്താരയില്‍, അനുഭവങ്ങളിലൂടെ വളര്‍ന്ന് സ്വജീവിതം മറ്റുള്ളവര്‍ക്ക് നന്മ ചെയ്യാനുള്ള ഒരു വഴികൂടിയാക്കി മാറ്റിയ, ചിക്കാഗോയിലേക്ക് നിരവധി മലയാളികളെ കേരളത്തിന്‍റെ മണ്ണില്‍ നിന്നും പറിച്ചു നട്ട, അവര്‍ക്ക് ജീവിതത്തിന്‍റെ നേര്‍രേഖകള്‍ കാട്ടിക്കൊടുത്ത ഒരു ചെറിയ വലിയ മനുഷ്യന്‍ തന്‍റെ കഥ പറയുന്നു ഈ വഴിത്താരയില്‍. ജോസ് പിണര്‍ക്കയില്‍.

സഹാനുഭൂതി യാഥാര്‍ത്ഥ്യമാകുന്നത് നമ്മള്‍ പങ്കിട്ട മനുഷ്യത്വം തിരിച്ചറിയുമ്പോഴാണ്. മാര്‍ബിളിലല്ല, ഹൃദയങ്ങളിലാണ് നമ്മുടെ പേര് കൊത്തിവെയ്ക്കേണ്ടതെന്ന് കൃത്യമായി അടയാളപ്പെടുത്തുന്ന നന്മയുടെ രൂപമാണ് ജോസ് പിണര്‍ക്കയില്‍.
കോട്ടയം കിടങ്ങൂര്‍ പിണര്‍ക്കയില്‍ പരേതരായ അബ്രഹാം - ചാച്ചി ദമ്പതികളുടെ ഇരട്ടമക്കളില്‍ ഒന്നാമനാണ് ജോസ് പിണര്‍ക്കയില്‍. 1945 ജനുവരി 11-നാണ് ജനനം. പൂര്‍ണ്ണമായും കാര്‍ഷിക കുടുംബത്തില്‍ ജനിച്ച അദ്ദേഹത്തിന്, അപ്പന്‍, അമ്മ, കുടുംബം എന്നത് ചെറുപ്പം മുതല്‍ക്കേ ഹൃദയത്തോട് ചേര്‍ത്തുവെച്ച ഒരു വികാരമായിരുന്നു. അതുകൊണ്ടു തന്നെ ചെറുപ്പം മുതല്‍ക്കേ ഈശ്വരവിശ്വാസവും ആത്മീയതയും ആത്മവിശ്വാസവും അദ്ദേഹത്തിന്‍റെ കൂടെപ്പിറപ്പായിരുന്നു. അഞ്ചാം ക്ലാസ് വരെ കിടങ്ങൂര്‍ ഗവ. യു.പി. സ്കൂളിലും, തുടര്‍ന്ന് കിടങ്ങൂര്‍ സെന്‍റ് മേരീസ് ഹൈസ്കൂളില്‍ പത്താം ക്ലാസ് പഠനം. അന്നത്തെ കാലത്ത് കേരളത്തിന് പുറത്ത് ജോലി ലഭിക്കുവാന്‍ ടൈപ്പും ഷോര്‍ട്ട് ഹാന്‍ഡും ആവശ്യമാണെന്ന ധാരണയില്‍ അതും പഠിച്ചു. പക്ഷെ ജോലിയൊന്നും തരമായില്ല. ജീവിത പ്രയാസങ്ങള്‍ കൂടി വരുമ്പോള്‍ ഒരു ജോലി കൂടിയേതീരൂ എന്ന അവസ്ഥവന്നു. നിലനില്‍പ്പാണല്ലോ മനുഷ്യന്‍റെ അടിസ്ഥാനപ്രശ്നം. അതിനായുള്ള പോരാട്ടമായിരുന്നു പിന്നീട്.


മുറുക്കാന്‍ കടയില്‍ നിന്ന് ഡല്‍ഹിയിലേക്ക്
പിതാവിന്‍റെ മരണത്തോടെ ജീവിതത്തില്‍ ഉത്തരവാദിത്വം കൂടിയ സമയമായിരുന്നു  ആ കാലം.
തന്‍റെ പഠിപ്പിനനുസരിച്ച് ഒരു ജോലി ലഭിക്കുന്നത് വരെ കുടുംബത്തിന് കൈത്താങ്ങാകുവാന്‍ കിടങ്ങൂരില്‍ ഒരു നാടന്‍ കട തുടങ്ങി. ഒരു മാടക്കട. കിടങ്ങൂരെ ഏക സിനിമ തീയേറ്ററായ ശിവാസിന്‍റെ മുന്‍പിലായിരുന്നു കട. അത്യാവശ്യം നല്ല കച്ചവടം കിട്ടി. നാട്ടിലെ ജനങ്ങളുമായി അടുത്ത ബന്ധം ഉണ്ടാക്കുവാന്‍ ഈ സംരംഭം വഴിയൊരുക്കി. മനുഷ്യരെ അറിയാന്‍, അവരുടെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ എന്താണെന്ന് പഠിച്ചു തുടങ്ങിയ ദിനങ്ങള്‍. മനുഷ്യന്‍ അവന്‍റെ ഏറ്റവും സ്വകാര്യമായ നിമിഷങ്ങളിലാണ് ജീവിതത്തിന്‍റെ ദുരിതഭാണ്ഡങ്ങള്‍ മറ്റൊരാളിന്‍റെ മുന്‍പില്‍ തുറന്നു വയ്ക്കുന്നതെന്ന് തിരിച്ചറിഞ്ഞ സമയം കൂടിയായിരുന്നു അത്. കടയില്‍ നിന്ന് ചെറിയ വരുമാനം ഉണ്ടായിരുന്നു എങ്കിലും അമ്മയെ സഹായിക്കുവാനും കൂടുമായിരുന്നു. പശുവിനെ നോട്ടം, പുല്ലു പറിക്കല്‍, പാക്ക്, ഇഞ്ചി ഉണക്കിവയ്ക്കല്‍ അങ്ങനെ വിശ്രമമില്ലാത്ത ജോലി. അമ്മയ്ക്ക് രണ്ടു കൈകള്‍ക്കും താങ്ങാകുക എന്നതുമാത്രമായിരുന്നു ലക്ഷ്യം. ജീവിതത്തിന്‍റെ വിഷമങ്ങള്‍ അറിഞ്ഞു വളരണമെന്ന പാഠത്തിന്‍റെ തുടക്കം കൂടിയായിരുന്നു ആ നിമിഷങ്ങള്‍. അങ്ങനെയിരിക്കെ ഡല്‍ഹിയിലേക്ക് ജോലി തേടി അപ്രതീക്ഷിതമായി ഒരു യാത്ര. അത് ഒരു നിയോഗമായിരുന്നു എന്ന് പിന്നീട് മാറ്റിമറിച്ച തന്‍റെ ജീവിതം തന്നെ പറഞ്ഞു തന്നു.

ചാന്ദ്നി ചൗക്കിലെ ന്യൂസ് ഏജന്‍സിയും ജസ്യൂട്ട് പാതിരിയും
1963-ലാണ് ജോസ് പിണര്‍ക്കയില്‍ ഡല്‍ഹിയില്‍ എത്തുന്നത്. നാട്ടില്‍ നിന്ന് പോരുമ്പോള്‍ മുതല്‍ ഒരു മുഖമായിരുന്നു മനസ്സില്‍. അമ്മയുടെ മുഖം. ആ മുഖത്തു നിന്ന് തുടങ്ങുന്നതൊന്നും പാഴാവില്ല എന്ന ഒരു ധൈര്യത്തിലാണ് ഡല്‍ഹി ജീവിതത്തിന്‍റെ തുടക്കം. പലവിധ ജോലികള്‍. ചാന്ദ്നി ചൗക്കില്‍ ഒരു ന്യൂസ് ഏജന്‍സിയില്‍ ടൈപ്പിസ്റ്റായി ജോലിക്ക് തുടക്കം. സാമ്പത്തിക നേട്ടം കുറവായതിനാല്‍ അവിടെ നിന്നും മറ്റൊരു സ്ഥലത്തേക്ക്. കമ്പനി ജോലി. പിന്നീട് ഡല്‍ഹി സെന്‍റ് സേവ്യേഴ്സ് സ്കൂളില്‍ ലാബ് അസിസ്റ്റന്‍റ് തസ്തികയില്‍ ജോലി ലഭിച്ചു. മൂന്ന് മാസത്തെ ട്രെയിനിംഗ്. ട്രെയിനിംഗിന് നേതൃത്വം നല്‍കിയത് ഫാ. കറി എന്ന ഒരു ജസ്യൂട്ട് പാതിരി ആയിരുന്നു. ജീവിതത്തില്‍ ഇത്രത്തോളം കര്‍ക്കശക്കാരനായ മറ്റൊരു വ്യക്തിയെ നാളിതുവരെ കണ്ടിട്ടില്ല എന്ന് ജോസ് പിണര്‍ക്കയില്‍ സാക്ഷ്യപ്പെടുത്തുന്നു. ജീവിതത്തിലെ വൃത്തി, അടുക്കും ചിട്ടയുമൊക്കെ പഠിച്ചത് ഫാ. കറിയില്‍ നിന്നായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. 

മേരിയുടെ വരവ്, വഴിത്തിരിവ്
അമേരിക്കയിലേക്ക്

ജീവിതം ആകസ്മികതകളുടേതു കൂടിയാണെന്ന് നാം എപ്പോഴാണ് തിരിച്ചറിയുക. അപ്രതീക്ഷിതമായി ഒരാള്‍ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുമ്പോഴോ അല്ലെങ്കില്‍ എന്തെങ്കിലും അനുഭവങ്ങള്‍ ഉണ്ടാകുമ്പോഴോ മാത്രമാണ്. ജോസ് പിണര്‍ക്കയില്‍ എന്ന വ്യക്തിയുടെ ജീവിതത്തിന്‍റെ വഴിത്തിരിവായിരുന്നു മേരിയെ പരിചയപ്പെടല്‍. സുഹൃത്തിന്‍റെ കസിനായിരുന്ന മേരിയെ പരിചയപ്പെടുമ്പോള്‍ ഡല്‍ഹിയില്‍ നേഴ്സായിരുന്നു. നല്ലൊരു സൗഹൃദം 1974 ഫെബ്രുവരി 25-ന് വിവാഹത്തിലേക്ക് എത്തി. അതേ വര്‍ഷം തന്നെ അമേരിക്കയിലേക്കും തിരിച്ചു. ന്യൂയോര്‍ക്കില്‍ ഒരു വര്‍ഷം ജോലി. 1975-ല്‍ ചിക്കാഗോയിലേക്ക്. അധികം മലയാളികള്‍ ഇല്ലാതിരുന്ന കാലം. മേരി ഒരു ആശുപത്രിയില്‍ ജോലിക്ക് കയറി. ജോലി അത്യാവശ്യമായതിനാല്‍ ജോസും ജോലിക്ക് കയറി. ഒരു പ്ലേറ്റിംഗ് കമ്പനിയില്‍. പിന്നീട് ഒരു ഓട്ടോ കമ്പനിയില്‍ ജോലി. വളരെ കഷ്ടപ്പാടുള്ള ജോലിയായിരുന്നു അത്. എത്ര കഠിനമായ ജോലി ആയാലും അത് ഈശ്വരനില്‍ സമര്‍പ്പിച്ച്  ചെയ്യുക എന്ന അമ്മയുടെ വാക്കുകള്‍ ഓര്‍മ്മിക്കുമ്പോള്‍ പിന്നെ ഒരു ആവേശമാണ്. കഠിനമായ ജോലിയില്‍ നിന്ന് വേഗം ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് മാറി. പതിനെട്ടു വര്‍ഷം ജോലിചെയ്ത് സ്റ്റുവേര്‍ട്ട് വരെ പ്രമോഷനും  ലഭിച്ചു.


അമേരിക്ക നല്‍കിയ സൗഭാഗ്യങ്ങളിലേക്ക്
ജീവിതത്തിലെ ബുദ്ധിമുട്ടുകള്‍ക്ക് ഒരു പരിധിവരെ പരിഹാരം കാണാന്‍ സഹായിച്ച സ്ഥലമാണ് അമേരിക്ക. സൗഭാഗ്യങ്ങളുടെ നാട്. കഷ്ടപ്പെടാനുള്ള മനസ്സും സ്ഥിരോത്സാഹവും മാത്രം മതി ഈ മണ്ണില്‍ വിജയക്കൊടി പാറിക്കാന്‍. ഓട്ടോ കമ്പനിയിലെ ജോലിയില്‍ നിന്ന് വിരമിച്ച് 1991-ല്‍ ബിസിനസ്സിലേക്ക് തിരിഞ്ഞു. രണ്ട് കടകള്‍ തുടങ്ങി. അതിനിടയില്‍ ഒരു അപ്പാര്‍ട്ട്മെന്‍റ് വാങ്ങി. 1992-1993ല്‍ ഗ്യാസ് സ്റ്റേഷന്‍ ആരംഭിച്ചു. റിട്ടയര്‍മെന്‍റ് ജീവിതത്തിലേക്ക് വന്നപ്പോള്‍ രണ്ട് ഗ്യാസ് സ്റ്റേഷന്‍ വാടകയ്ക്ക് നല്‍കി. ജീവിതത്തിന്‍റെ സൗഭാഗ്യങ്ങളിലൂടെയുള്ള യാത്രയില്‍ ഈശ്വര ചിന്തയോടെ മുന്നോട്ട്.


സംഘടനകള്‍, സാമൂഹ്യ പ്രവര്‍ത്തനം
 അമേരിക്കയില്‍ എത്തിയ ജോസ് പിണര്‍ക്കയില്‍ ചിക്കാഗോയില്‍ മലയാളി അസോസിയേഷന്‍  രൂപീകരിക്കുന്നതില്‍ സജീവമായി. ചിക്കാഗോ മലയാളി അസോസിയേഷന്‍ മെമ്പര്‍, എക്സിക്യുട്ടീവ് മെമ്പര്‍, ട്രഷറര്‍, കെ.സി.എസ്. വൈസ് പ്രസിഡന്‍റ്, ട്രഷറര്‍, കെ.സി.സി.എന്‍.എ. നാഷണല്‍ കൗണ്‍സില്‍ മെമ്പര്‍ തുടങ്ങിയ നിലകളില്‍ സാമൂഹ്യ സാംസ്കാരിക രംഗങ്ങളില്‍ സജീവമാകുമ്പോഴും ഒപ്പം ആദ്ധ്യാത്മിക രംഗത്തും അദ്ദേഹം നിറസാന്നിദ്ധ്യമായിരുന്നു. ചിക്കാഗോയില്‍ ക്നാനായ പള്ളി വാങ്ങുവാന്‍ മുന്നിട്ടിറങ്ങിയതും തുടര്‍ന്ന് നിരവധി പള്ളികള്‍ വാങ്ങുവാന്‍ പ്രവര്‍ത്തന നിരതനായതും സമുദായ സ്നേഹികള്‍ എന്നും ഓര്‍മ്മിക്കും.

മേരിയും ജോസും കുടുംബങ്ങളുടെ രക്ഷകര്‍
ജീവിതത്തിന്‍റെ നല്ല വഴികളില്‍ കടന്നു വന്ന വഴികളും, കുടുംബവും മറന്നു പോകുന്ന മലയാളി സമൂഹത്തിന്‍റെ കഥയെഴുതുന്നവര്‍ ജോസിന്‍റേയും, മേരിയുടെയും ജീവിത കഥ വായിച്ചറിയേണ്ടതാണ്. ഡല്‍ഹിയില്‍ വെച്ചു  പരിചയപ്പെട്ടപ്പോള്‍ തന്നെ ഇതാണ് തന്‍റെ പങ്കാളി എന്ന് ഉറപ്പിച്ച് ജീവിതത്തിലേക്ക് മേരിയെ കൈപിടിക്കുമ്പോള്‍ ഒരു ചിന്ത മാത്രമേ മനസില്‍ ഉണ്ടായിരുന്നുള്ളു. നന്മയ്ക്കൊപ്പം നടക്കാന്‍ ഒരു കൂട്ട്. ഇരുവരും ഇരു കുടുംബങ്ങള്‍ക്കും തണലാവുക. കുടുംബത്തിന്‍റെ സന്തോഷത്തിനായി പ്രവര്‍ത്തിക്കുക. 1974 മുതല്‍ രണ്ടു പേരുടേയും കുടുംബങ്ങളേയും, തായ്വഴി കുടുംബങ്ങളേയും അമേരിക്കന്‍ മണ്ണില്‍ എത്തിക്കുന്നതില്‍ ജോസ് പിണര്‍ക്കയിലും മേരിയും ചെയ്ത സേവനങ്ങള്‍ കാലങ്ങളോളം ഓര്‍ത്തിരിക്കേണ്ടതാണ്. കാരണം ഒരു പുതിയ ജീവിതാവസ്ഥയിലേക്ക്, സുരക്ഷയുള്ള ജീവിതത്തിലേക്ക് ഒരു കുടുംബത്തിന്‍റെ കൈപിടിക്കുന്നത് നിസ്സാര കാര്യമല്ലല്ലോ. ഇതിനെല്ലാം മേരി എന്ന ഭാര്യയുടെ പിന്തുണയ്ക്ക് വലിയ പ്രസക്തിയുണ്ട്. 

പ്രാര്‍ത്ഥനയും, പിതാവും, മാതാവും
പെട്ടെന്നുള്ളതും, കഠിനമായതുമായ പരീക്ഷണങ്ങള്‍ നമ്മുടെമേല്‍ പതിക്കുമ്പോള്‍ നമ്മോടൊപ്പം താങ്ങും തണലുമാകുന്നത് അമ്മയാണ്. നമ്മുടെ വേദനയില്‍ അവര്‍ നമ്മോട് പറ്റിച്ചേരും. അങ്ങനെ ഒരു അമ്മയായിരുന്നു ജോസ് പിണര്‍ക്കയിലിന്‍റെ മാതാവ് ചാച്ചി. മക്കള്‍ പറക്കമുറ്റാത്ത പ്രായത്തില്‍ ഭര്‍ത്താവ് നഷ്ടപ്പെട്ട ഒരു സ്ത്രീ ജീവിതത്തില്‍ നേരിടുന്ന വെല്ലുവിളികള്‍ വലുതാണ്. അവിടെയെല്ലാം മക്കളെ നെഞ്ചോടു ചേര്‍ത്ത അമ്മയ്ക്ക്, മക്കള്‍ക്ക് തണലായത് പിതാവ് അബ്രഹാമിന്‍റെ ആദ്ധ്യാത്മിക സാന്നിദ്ധ്യമാണ്. കാരണം പിതാവ് തികഞ്ഞ ഈശ്വര വിശ്വാസിയായിരുന്നു. സഭയിലെ പിതാക്കന്മാരുമായും, അച്ചന്‍മാരുമായും അദ്ദേഹത്തിന് നല്ല ബന്ധമുണ്ടായിരുന്നു. പരിശുദ്ധ അല്‍ഫോന്‍സാമ്മയുടെ സംസ്കാരത്തിന്‍റെ അവസാന യാത്രയില്‍ അദ്ദേഹവും പങ്കെടുത്തത് അഭിമാനത്തോടെയാണ് മകന്‍ ഓര്‍മ്മിക്കുന്നത്.


ജീവിതത്തിലെ വലിയ സൗഭാഗ്യങ്ങളിലും നോവായി ജോസ് പിണര്‍ക്കയിലിന്‍റെ മനസിലുള്ളത് അമ്മയെയും, മേരിയുടെ അമ്മയേയും അമേരിക്കയ്ക്ക് കൊണ്ടുവരാന്‍ സാധിച്ചില്ല എന്നതാണ്. അമ്മമാര്‍ അങ്ങനെയാണ്. മക്കളെ വാനിലേക്ക് പറക്കാന്‍ ഓടി നടക്കും. മറ്റൊന്നും ആഗ്രഹിക്കാറില്ല.
ഒരിക്കല്‍ അമ്മമാരെ കാണണമെന്ന ഒരാഗ്രഹം പെട്ടെന്ന് തോന്നി. സ്റ്റുവര്‍ട്ട് വാര്‍ണര്‍ ഓട്ടോ കമ്പനിയിലായിരുന്നു അന്ന് ജോലി. അവധി വാങ്ങി നാട്ടിലേക്ക് പോയി. ആ സമയത്താണ് മേരിയുടെ അമ്മയുടെ മരണം. വല്ലാത്ത ഷോക്കായിരുന്നു അത്. അപ്പോഴാണ് അമ്മയെയും അമേരിക്കയ്ക്ക് കൊണ്ടുപോകാം എന്ന് തീരുമാനിക്കുന്നത്. 'ഈ മണ്ണ് വിട്ട് എങ്ങോട്ടുമില്ല' എന്ന് പറഞ്ഞ അമ്മ പിന്നീട് തീരുമാനം മാറ്റി. പാസ്പോര്‍ട്ട് ഒക്കെ എടുത്തുവെങ്കിലും വീണ്ടും അമ്മ പഴയ നിലപാടിലേക്ക് പോയി. ഭര്‍ത്താവ് ഉറങ്ങുന്ന മണ്ണുവിട്ട് എവിടേക്കുമില്ല എന്ന് തീരുമാനിച്ചു. അന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ തന്നെ യാത്രയാക്കാന്‍ വന്ന അമ്മ കെട്ടിപ്പിടിച്ചു കരഞ്ഞു. ഹൃദയം കൊത്തിവലിക്കുന്ന തേങ്ങലില്‍ നിന്ന് മോചനമില്ലാതെയായിരുന്നു ജോസിന്‍റെ അമേരിക്കയിലേക്കുള്ള യാത്ര. അമ്മ അവസാനമായി ഉയര്‍ത്തിക്കാട്ടിയ കൈ പിന്നീട് ഒരിക്കലും കണ്ടിട്ടില്ല. തിരികെ വീടെത്തിയ അമ്മ സങ്കടത്തിലായിക്കാണും. ഒരു സ്ട്രോക്ക് വന്നു കിടപ്പായി. പിന്നീട് മരണം. അമ്മയെ ഓര്‍മ്മിക്കുമ്പോള്‍ ജോസ് പിണര്‍ക്കയിലിന്‍റെ കണ്ണുനിറയും. അപ്പോള്‍ ഭാര്യ മേരി ആ കയ്യില്‍ മുറുകെ പിടിക്കും. നമ്മുടെ എല്ലാ കഥകള്‍ക്ക് പിന്നിലും അമ്മയുടെ കഥയുണ്ടാകും. കാരണം നമ്മുടെ ആരംഭം അവിടെ നിന്നാണല്ലോ.


അഗാപ്പെ പുരസ്കാരം,
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍

വ്യക്തിപരമായി അഭിനന്ദനങ്ങളും, നന്മകളും ജോസ് പിണര്‍ക്കയിലിന്‍റെ ജീവിതത്തില്‍ ലഭിച്ചിട്ടുണ്ടെങ്കിലും തനിക്ക് ലഭിച്ച വലിയ ആദരവായി കാണുന്ന ഒരു പുരസ്കാരമുണ്ട്. 'അഗാപ്പെ' പുരസ്കാരം. കെ.എം. മാണി സാറിന്‍റെ സാന്നിദ്ധ്യത്തില്‍ മാര്‍ കുന്നശ്ശേരി പിതാവില്‍ നിന്നാണ് ആ പുരസ്കാരം സ്വീകരിച്ചത്. ജീവിതത്തിലെ സന്തോഷ നിമിഷങ്ങള്‍ മറ്റുള്ളവര്‍ക്കും പകര്‍ന്നു നല്‍കുക എന്നതാണ് തന്‍റെ നയം എന്ന് പറയുമ്പോള്‍ അദ്ദേഹം സഹായിച്ചവരുടെ കണക്കുകള്‍ തന്‍റെ ഹൃദയത്തില്‍ മാത്രം സൂക്ഷിക്കുന്നു. ജോസിന്‍റെ അറുപത്തി ഒന്നാം പിറന്നാളിന് അറുപത്തൊന്ന് വീടുകള്‍ പാവങ്ങള്‍ക്ക് നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയതാണ് ജീവിതത്തിലെ മറ്റൊരു സുന്ദര നിമിഷം.

യാത്ര
ജീവിതത്തിരക്കിനിടയില്‍ കുടുംബവുമായി യാത്ര ചെയ്യുക എന്നതാണ് മറ്റൊരു കാര്യം. ഒരു ട്രാവല്‍ ഫ്രണ്ട്സ് ഗ്രൂപ്പ് ഉണ്ട്. അവരോടൊപ്പം ചേര്‍ന്ന് നിരവധി യാത്രകള്‍ നടത്തി. യാത്രകള്‍ എപ്പോഴും സന്തോഷം നല്‍കുമ്പോഴും, ഓരോ സ്ഥലങ്ങള്‍ കാണുമ്പോഴും എപ്പോഴും മനസില്‍ ഓടി വരുന്ന ഗ്രാമം കിടങ്ങൂര്‍ തന്നെ. സ്വന്തം ഗ്രാമത്തോളം സൗന്ദര്യമുള്ള മറ്റൊരു പ്രദേശവും ഭൂമുഖത്തില്ല എന്ന് അദ്ദേഹം തുറന്ന് പറയുന്നു.
അമേരിക്ക കാഴ്ച്ചകളുടെ രാജ്യമെങ്കിലും സാധ്യതകളുടെ നാടാണ്. കഷ്ടപ്പെടാന്‍ മനസ്സുള്ളവനെ മാടി വിളിക്കുന്ന രാജ്യം. വിജയിക്കുന്നവന്‍റെ കഥകള്‍ ഏറെയുള്ള രാജ്യം. റോബിന്‍ ഇലക്കാട്ടിനെപ്പോലെ പുതുതലമുറയ്ക്ക് അഭിമാനിക്കാവുന്നവര്‍ വളര്‍ന്നുവരുന്ന രാജ്യം. സാധ്യതകളുടെ ലോകം. പക്ഷെ അതിന് കഠിനാധ്വാനം ചെയ്യണം. അതിനുള്ള മനസുണ്ടാവണമെന്ന് അദ്ദേഹം അടിവരയിട്ടു പറയുന്നു.


കുടുംബം
കുടുംബം കരുത്തായി ഒപ്പം ചേര്‍ത്ത ഒരാളാണ് ജോസ് പിണര്‍ക്കയില്‍. അബ്രഹാമും ചാച്ചിയും കൊളുത്തി വെച്ച ദീപം അണയാതെ സൂക്ഷിക്കുന്ന ഇരട്ടമക്കളില്‍ ഒന്നാമനാണ് ജോസ് പിണര്‍ക്കയില്‍. രണ്ടാമന്‍ മത്തായി പിണര്‍ക്കയില്‍, പരേതനായ കുര്യാക്കോ പിണര്‍ക്കയില്‍, പരേതയായ മറിയം ചിറ്റലക്കാട്ട് എന്നിവരാണ് സഹോദരങ്ങള്‍. ചേര്‍പ്പുങ്കല്‍ വല്ലൂര്‍ പരേതരായ മത്തായിയുടേയും, മറിയാമ്മയുടേയും നാലാമത്തെ മകള്‍ മേരിയെ 1974 ഫെബ്രുവരി 25-ന് വിവാഹം കഴിച്ചു. പരേതയായ മറിയം കിഴക്കേക്കൂറ്റ്, പരേതയായ ഏലി പുത്തേത്ത്, അന്നമ്മ കാപ്പില്‍, അല്‍ഫോണ്‍സ പൂത്തുറയില്‍, ഫിലോമിന ചിറ്റലക്കാട്ട് എന്നിവരാണ് മേരിയുടെ സഹോദരങ്ങള്‍.
മക്കള്‍: റെനി മാത്യു (മാസ്റ്റേഴ്സ് ഇന്‍ നേഴ്സിംഗ്), അനൂപ് മാത്യു (കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍) ഋ്മി, ങമഹശമ  (കൊച്ചുമക്കള്‍).
ജെനി മറ്റത്തില്‍ (എം.ബി.എ), ബെന്നി മറ്റത്തില്‍ (കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍). ഘശമാ, ഘൗരമെ, ഘല്ശ (കൊച്ചുമക്കള്‍). ഈ വലിയ കുടുംബത്തിന്‍റെ തണലിലാണ് ജോസ് പിണര്‍ക്കയിലിന്‍റെ ജീവിതം പടുത്തുയര്‍ത്തിയത്. അമേരിക്കന്‍ മണ്ണില്‍ ആഴങ്ങളിലേക്ക് കടന്നുപോയ തായ്വേരാണ്  അദ്ദേഹം. ആ തണലില്‍ വളര്‍ന്ന ശാഖകള്‍ എല്ലാം തണല്‍ വിരിച്ച്  തങ്ങളുടെ കുടുംബങ്ങളെ കരുതുമ്പോള്‍ ഈ വലിയ മനുഷ്യന്‍ ഹൃദയം കൊണ്ട് അവരെ കരുതുന്നു. ഇപ്പോഴും ദിവസവും രാവിലെയും വൈകിട്ടും പള്ളിയില്‍ പോകുന്നത് മുടക്കാതെ ഒപ്പം നില്‍ക്കുന്നവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ഒരു സമ്പൂര്‍ണ്ണ ഗൃഹനാഥനായി അവര്‍ക്കൊപ്പം നടക്കുമ്പോള്‍ താങ്ങും തണലുമായി ഒരമ്മ സാന്നിദ്ധ്യവും ഒപ്പമുണ്ട്, ഭാര്യ മേരി...
ജോസ് പിണര്‍ക്കയിലിന്‍റെ ജീവിതം സേവന ജീവിതമാണ്. നമുക്കും ലോകത്തിനും മാതൃകയായി അദ്ദേഹം നമ്മുടെ കൂടെയുണ്ട്. 'ജോസ് പിണര്‍ക്കയില്‍ 'എന്ന പേര് ഈ വഴിത്താരയില്‍ നമുക്ക് ഹൃദയത്തില്‍ കൊത്തിവെയ്ക്കാം. അഭിമാനത്തോടെ...
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.