VAZHITHARAKAL

ഡോ.കൃഷ്ണകിഷോർ: മാധ്യമ പ്രവർത്തനത്തിലെ നേരിന്റെ വഴി

Blog Image
'അര്‍പ്പണബോധം, പരിശ്രമം, വിനയം ഇതാണ് ഒരു മനുഷ്യനെ മനുഷ്യനാക്കുന്നത്'

ഉത്തരാധുനിക ലോകത്ത് എല്ലാം വാര്‍ത്തയാണ്. നമ്മള്‍ ഓരോരുത്തരും, ഓരോ ജേര്‍ണലിസ്റ്റുകളും. മരണം മുതല്‍ സെലിബ്രിറ്റികളുടെ വിവാഹവും, എന്തിനേറെ പറയുന്നു അവരുടെ വിവാഹമോചനം വരെ നമുക്ക് ചുറ്റും വാര്‍ത്തകളായി നിറയുന്നുണ്ട്. ഇതില്‍ എവിടെയാണ് യാഥാര്‍ഥ്യം, എവിടെയാണ് അയഥാര്‍ഥ്യം എന്ന് തിരിച്ചറിയാന്‍ പലപ്പോഴും നമുക്ക് കഴിയാറില്ല. ആരാണ് സത്യം പറയുന്നത്? ആര്‍ക്കൊപ്പമാണ് നില്‍ക്കേണ്ടത്? എല്ലാം നമ്മളില്‍ വെറും ചോദ്യം മാത്രമായി അവശേഷിക്കുന്നു.


എന്നാല്‍ വാര്‍ത്തയ്ക്ക് ഒരു നേരുണ്ട്, നെറിയുണ്ട്. അതൊരു മനുഷ്യനെയും പറ്റിക്കാനുള്ളതല്ല. അതൊരു മനുഷ്യന്‍റെയും വേദനകളെ, ദുരിതങ്ങളെ മൂടിവെക്കാനുള്ളതല്ല എന്ന് ലോകത്തോട് ഉറക്കെ വിളിച്ചുപറയുന്ന ഒരു മനുഷ്യനുണ്ട്. അദ്ദേഹത്തെക്കുറിച്ചാണ് വഴിത്താര സംസാരിക്കുന്നത്. അതുകൊണ്ട് ഈ വഴികളില്‍ മൂടിവെയ്ക്കപ്പെട്ട സത്യങ്ങള്‍ കാണാം, തിരുത്തിയെഴുതുന്ന നിര്‍വചനങ്ങള്‍ കാണാം. ഇത് ഡോ. കൃഷ്ണകിഷോറിന്‍റെ വഴിയാണ്. നേരിന്‍റെ മാധ്യമ വഴി. റഷ്യ, യുക്രെയിന്‍ യുദ്ധ വാര്‍ത്തകള്‍ ഏഷ്യാനെറ്റ് ന്യൂസിനുവേണ്ടി റിപ്പോര്‍ട്ട് ചെയ്തത് കണ്ടാല്‍ തന്നെ ഈ നേരിന്‍റെ വഴി നമുക്ക് മനസിലാകും. ഒരേസമയം തിരക്കേറിയ കോര്‍പ്പറേറ്റ് ജോലിയും മാധ്യമ പ്രവര്‍ത്തനവും മികവോടെ ഒരുമിച്ചു കൊണ്ടുപോകുന്ന ഡോ. കൃഷ്ണ കിഷോറിനെ നമുക്ക് അടുത്തറിയാം.
കോഴിക്കോടിന്‍റെ സ്വന്തം ഡോ.കൃഷ്ണ കിഷോര്‍


എഴുത്തുകാരനും, കോഴിക്കോട്ട് വലിയ ശിഷ്യ സമ്പത്തുള്ള അധ്യാപകനുമായിരുന്ന പരേതനായ  സി. പ്രഭാകരന്‍റെയും, കെ.സി ഭാരതിയുടെയും മകനായി ജനിച്ച കൃഷ്ണ കിഷോര്‍ ആകാശവാണിയുടെ മടിത്തട്ടില്‍ നിന്നാണ് തന്‍റെ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. കുട്ടിക്കാലം മുതല്‍ക്കേ വായനപ്രിയനായിരുന്ന കൃഷ്ണകിഷോര്‍ വാര്‍ത്തകളെയും മാധ്യമപ്രവര്‍ത്തനങ്ങളെയും അങ്ങേയറ്റം തന്‍റെ ഹൃദയത്തില്‍ കൊണ്ടുനടന്നിരുന്നു. 
ന്യൂസ് റീഡറായിട്ടായിരുന്നു കോഴിക്കോട് ആകാശവാണിയില്‍ അദ്ദേഹം പ്രവര്‍ത്തനം ആരംഭിച്ചത്. ശബ്ദങ്ങളിലൂടെ ലോകത്തെ അറിയുന്ന അന്നത്തെ മലയാളികള്‍ക്ക് അദ്ദേഹത്തിന്‍റെ  ശബ്ദം പരിചിതമായിരുന്നു. അദ്ദേഹത്തിന്‍റെ ശബ്ദങ്ങള്‍ക്ക് വേണ്ടി മാത്രം മുടങ്ങാതെ കാത്തിരുന്നവര്‍ കേരളത്തിലുണ്ടായിരുന്നു.
സതേണ്‍ ഇല്ലിനോയി സര്‍വകലാശാലയില്‍ നിന്ന് മാസ്റ്റര്‍ ഓഫ് സയന്‍സ് ഡിഗ്രിയും പ്രശസ്തമായ പെന്‍സല്‍വാനിയ സ്റ്റേറ്റ് സര്‍വകലാശാലയില്‍ നിന്നും പിഎച്ച്ഡിയും നേടിയ ഡോ. കൃഷ്ണ കിഷോര്‍ തന്‍റെ സ്വപ്നങ്ങള്‍ക്കൊപ്പം തന്നെയാണ് വളര്‍ന്നതും പഠിച്ചതും ജീവിച്ചതും. അതുകൊണ്ടുതന്നെ വാര്‍ത്തകള്‍ നല്‍കിയ ധര്‍മ്മം അദ്ദേഹം തന്‍റെ ജീവിതത്തിലുടനീളം കൊണ്ടുനടന്നു. എപ്പോഴും തന്‍റെ ശബ്ദത്തെ വിശ്വസിക്കുന്നവര്‍ ഒരിക്കലും കള്ളങ്ങള്‍ക്ക് അടിമപ്പെടരുതെന്നും, അവര്‍ സത്യം മാത്രം കേള്‍ക്കണമെന്നും നിര്‍ബന്ധമുണ്ടായിരുന്നു. ആ നിര്‍ബന്ധം ഇന്നും അദ്ദേഹത്തില്‍ നിരുപാധികമായി നിലനില്‍ക്കുന്നുണ്ട്.


സ്വാര്‍ത്ഥതയ്ക്ക് പിറകെയാണ് സമൂഹം ഓടിക്കൊണ്ടിരിക്കുന്നത്. അതിനിടയില്‍ എതിര്‍ദിശയില്‍ ഓടാന്‍ ഡോ. കൃഷ്ണ കിഷോറിനെ പോലെയുള്ള മാധ്യമപ്രവര്‍ത്തകര്‍ ഉണ്ടാവുന്നത് വലിയ പ്രതീക്ഷയാണ് സമ്മാനിക്കുന്നത്. മനുഷ്യന്‍റെ മാനസിക വ്യാപാരങ്ങളെ വ്യവസായ വത്കരിക്കുന്ന കുത്തക മാധ്യമപ്രവര്‍ത്തകര്‍ക്കും ചാനലുകള്‍ക്കും അദ്ദേഹത്തിന്‍റെ റിപ്പോര്‍ട്ടിങ്ങും സത്യം കൈവിടാത്ത സ്വഭാവ സവിശേഷതയും എന്നും വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.

അമേരിക്കന്‍ മണ്ണിലെ സത്യാന്വേഷണ പരീക്ഷണങ്ങള്‍
പല മനുഷ്യരെയും ജീവിതം പഠിപ്പിക്കുന്നതില്‍ ആകാശവാണി നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നു. അത്തരത്തില്‍ ആകാശവാണിയുടെ ഒരു വലിയ സ്വാധീനം കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ സത്യാന്വേഷിയായ മനുഷ്യനിലേക്ക് ഡോ.കൃഷ്ണ കിഷോറും നടന്നു തുടങ്ങിയിരുന്നു. കോഴിക്കോട് ആകാശവാണിയില്‍ നൂറില്‍ അധികം ബുള്ളറ്റിനുകള്‍ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചിട്ടുണ്ട്. വാര്‍ത്താ ഭാഷയുടെ പാഠങ്ങളും, അവതരണത്തില്‍ പുലര്‍ത്തേണ്ട ശബ്ദ ക്രമീകരണങ്ങളും സ്വായത്തമാക്കിയത് അവിടെ നിന്നു തന്നെ. ഡോ. കൃഷ്ണ കിഷോറിനെ വേറിട്ട് നിര്‍ത്തുന്നത് ഗാംഭീര്യമുള്ള ശബ്ദവും, മലയാള ഭാഷയുടെ ക്ര്യത്യമായ ഉച്ചാരണവും, പ്രിയങ്കരമായ അവതരണ ശൈലിയും തന്നെയാണ്. മലയാളത്തിന്‍റെ പ്രിയ നടന്‍ പ്രേം നസീറിന്‍റെ മരണ വാര്‍ത്ത അന്ന് ആകാശവാണി സംപ്രേഷണം ചെയ്തത് ഡോ. കൃഷ്ണ കിഷോറിന്‍റെ ശബ്ദത്തിലൂടെയായിരുന്നു. ഒരു ലോകത്തെ മുഴുവന്‍ സങ്കടത്തിലാക്കാന്‍ പോന്നതായിരുന്നു അന്നത്തെ ഡോ. കൃഷ്ണ കിഷോറിന്‍റെ  അവതരണം.


സത്യം എന്നും ഭൂമിയുടെ നിലനില്‍പ്പിന്‍റെ തന്നെ ഒരു ഘടകമാണ്. അതില്ലാതെ മനുഷ്യനോ മൃഗങ്ങള്‍ക്കോ ഇവിടെ ജീവിക്കുക സാധ്യമല്ല. അത് ലോകത്തോട് വിളിച്ചു പറയുകയാണ് ഡോ. കൃഷ്ണ കിഷോറിന്‍റെ വിദേശ ജീവിതം ചെയ്തത്. നാട് ഏതായാലും നടുക്കഷ്ണം തിന്നണം എന്നല്ല, നാട് ഏതായാലും നഗ്ന സത്യങ്ങള്‍ വിളിച്ചു പറയണം എന്നാണ് ഡോ. കൃഷ്ണ കിഷോര്‍ പഠിച്ചതും പഠിപ്പിച്ചതും. അങ്ങനെ ആ ധാര്‍മ്മികത അദ്ദേഹത്തെ ഏഷ്യാനെറ്റ് ആഴ്ചയില്‍ സംപ്രേഷണം ചെയ്യുന്ന യു.എസ് വീക്കിലി റൗണ്ട് അപ്പിലേക്കും ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്യുന്ന അമേരിക്ക ഈ ആഴ്ച  എന്ന പരിപാടിയിയിലേക്കും കൈപിടിച്ച് നടത്തി.

ഡോ.കൃഷ്ണ കിഷോറിന്‍റെ അക്കാദമിക്  മാധ്യമശൈലി
മാധ്യമപ്രവര്‍ത്തനം ഒരു കെട്ടുകഥയല്ലെന്നുള്ള ചരിത്ര ബോധമാണ് മറ്റുള്ളവരില്‍ നിന്ന് ഡോ. കൃഷ്ണ കിഷോറിനെ വ്യത്യസ്തനാക്കുന്നത്. അദ്ദേഹത്തിന്‍റെ വാര്‍ത്തകളില്‍ ഒരിക്കല്‍പോലും ഊഹാപോഹങ്ങളോ, ഇമാജിനേഷനുകളോ കടന്നു വന്നിട്ടില്ല. ഒരു അദ്ധ്യാപകന്‍ എങ്ങനെയാണോ അതുപോലെയായിരുന്നു അദ്ദേഹം ഓരോ വാര്‍ത്തയും നോക്കി കണ്ടതും അവതരിപ്പിച്ചതും. ഡോ. കൃഷ്ണ കിഷോറിന്‍റെ റിപ്പോര്‍ട്ടിനപ്പുറം ഒരു വാര്‍ത്തയ്ക്ക് മറ്റൊന്നും പറയാന്‍ ഉണ്ടാകുമായിരുന്നില്ല. അത്രത്തോളം കൃത്യമായിരുന്നു അദ്ദേഹത്തിന്‍റെ നിരീക്ഷണവും പഠനവും.
ഓരോ വസ്തുതകളെയും അക്കാദമിക്കലായി പഠിച്ച് അവതരിപ്പിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. അതുതന്നെയാണ് മറ്റുള്ള മാധ്യമപ്രവര്‍ത്തകരില്‍ നിന്നും  ഡോ. കൃഷ്ണ കിഷോറിനെ വ്യത്യസ്തനാക്കി നിര്‍ത്തുന്നത്. ഒരു മനുഷ്യനെ ഒരുകാര്യം എങ്ങനെ പറഞ്ഞു മനസ്സിലാക്കണം എങ്ങനെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹത്തിന് കൃത്യമായി അറിയാം. ഒരു വിഷയത്തെ എങ്ങനെ അവതരിപ്പിക്കണമെന്നും, അതിന്‍റെ ധാര്‍മികത എന്താണെന്നും അദ്ദേഹത്തിനു നന്നായി അറിയാം .

നേരോടെ, നിര്‍ഭയം, നിരന്തരം ഏഷ്യാനെറ്റ് ന്യൂസിനോടൊപ്പം
ഏഷ്യാനെറ്റ് ന്യൂസ് ആണ്  ഡോ.കൃഷ്ണ കിഷോറിന്‍റെ മാധ്യമ ജീവിതത്തില്‍ ഇത്രയേറെ സാധ്യതകള്‍ തുറന്നു കൊടുത്തത്. അമേരിക്കയിലെ വിശേഷങ്ങള്‍ പങ്കുവെക്കാനും, മലയാളികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളും മറ്റും ചര്‍ച്ചചെയ്യാനും തനിക്ക് ലഭിച്ച ഈ അവസരം ഡോ. കൃഷ്ണ കിഷോര്‍ കൃത്യമായിത്തന്നെ ഉപയോഗിച്ചു. ഏഷ്യനെറ്റ് ന്യൂസ് വാര്‍ത്തകള്‍ അമേരിക്കയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നതിന് പുറമെ, ജനപ്രിയമായ അമേരിക്ക ഈ ആഴ്ച എന്ന പരിപാടിയുടെ രചനയും നിര്‍മ്മാണവും അവതരണവും എല്ലാം അദ്ദേഹം  തന്നെയാണ്.
യു. എസ്. വീക്കിലി റൗണ്ട് അപ് എന്ന ഏഷ്യാനെറ്റിലെ പരിപാടിക്ക് ഒരു മേല്‍വിലാസം ഉണ്ടായതും ഡോ. കൃഷ്ണ കിഷോറിന്‍റെ അവതരണത്തിലൂടെ തന്നെ. പതിനഞ്ചു വര്‍ഷം എഴുനൂറിലധികം എപ്പിസോഡുകള്‍ അദ്ദേഹം എഴുതുകയും അവതരിപ്പിക്കുകയും ചെയ്തു. തികഞ്ഞ  അര്‍പ്പണബോധത്തോടെ അമേരിക്കയിലെ ഏഷ്യാനെറ്റിന്‍റെ തുടക്കത്തിലേ നെടുംതൂണായി.
അമേരിക്ക കാണാത്ത മനുഷ്യര്‍ക്ക് അമേരിക്കയെ കുറിച്ച് വിവരിച്ചു കൊടുക്കുകയും, അവിടുത്തെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക മേഖലകളെക്കുറിച്ച് കൃത്യമായി അറിവ് നല്‍കുകയും ചെയ്തിരുന്നു അദ്ദേഹത്തിന്‍റെ  ഈ മാധ്യമ ജീവിതം.


അമേരിക്കയിലെ മുഖ്യധാരാ രംഗത്തു നടക്കുന്ന ഏറ്റവും പുതിയ വാര്‍ത്തകള്‍, ടെക്നോളജി, ലൈഫ്സ്റ്റൈല്‍, കലാസാംസ്കാരിക രംഗത്തെ വാര്‍ത്തകള്‍ എന്നിവ കൂടാതെ എല്ലാ ആഴ്ചയും ഒരു പ്രത്യേക സെഗ്മെന്‍റും അവതരിപ്പിക്കുന്ന അമേരിക്ക ഈ ആഴ്ച എന്ന പ്രോഗ്രാമും ലോകം മുഴുവന്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നു. അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ തന്നെ ഏറ്റവും ശ്രദ്ധേയനാണ് ഡോ. കൃഷ്ണ കിഷോര്‍. അതിനു കാരണം അവര്‍ക്ക് പറയാനുള്ളത് തന്നെയാണ് അദ്ദേഹം  തന്‍റെ ശബ്ദത്തിലൂടെ  ലോകത്തെ അറിയിക്കുന്നത്.
ഇത്തരത്തില്‍ അഭിമാനകരമായ പ്രവര്‍ത്തനം കാഴ്ചവെച്ച ഡോ. കൃഷ്ണ കിഷോര്‍ നിരവധി  പ്രശംസകള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. പത്രപ്രവര്‍ത്തനം അദ്ദേഹത്തിന്‍റെ ധര്‍മ്മത്തില്‍ വരുന്ന ഒന്നുമാത്രമാണ്. ന്യൂയോര്‍ക്കില്‍ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സില്‍ സീനിയര്‍ ഡയറക്ടറായി ജോലി ചെയ്യുകയാണിപ്പോള്‍. 15 വര്‍ഷം ഡിലോയിറ്റില്‍ ജോലി ചെയ്തു. പെന്‍സില്‍വാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന് പിഎച്ച്ഡി. മാസ്റ്റര്‍ ഓഫ് സയന്‍സ് - സതേണ്‍ ഇല്ലിനോയി യൂണിവേഴ്സിറ്റി. കേരളത്തില്‍ - സെന്‍റ് ജോസഫ്സ് ദേവഗിരി. സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജ്. പെന്‍സില്‍വാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഫാക്കല്‍റ്റിയിലും സേവനമനുഷ്ഠിച്ചു. കഴക്കൂട്ടം സൈനിക സ്കൂളിലെ പഠനവും അദ്ദേഹത്തെ ഇന്നത്തെ നിലയിലെത്തിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചു.

വാര്‍ത്തകള്‍ നല്‍കിയ വിജ്ഞാനവും,
പ്രശംസകളും, ജീവിതത്തിന്‍റെ നടവഴികളും

ഡോ. കൃഷ്ണ കിഷോര്‍ ഇപ്പോള്‍ അമേരിക്കയിലെ ഏഷ്യാനെറ്റ് ന്യൂസിന്‍റെ ചീഫ് കറസ്പോണ്ടന്‍റാണ്. ആയിരത്തിലധികം ടിവി എപ്പിസോഡുകള്‍ അവതാരകനായി എന്ന നേട്ടവും അദ്ദേഹത്തിന് സ്വന്തം. പതിനഞ്ചു വര്‍ഷമായി അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പുകള്‍ മുതല്‍ ആയിരക്കണക്കിന് റിപ്പോര്‍ട്ടുകളടക്കം ഏഷ്യാനെറ്റ് ന്യൂസിന് വേണ്ടി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിച്ച ഡോ. കൃഷ്ണ കിഷോറിനു മാധ്യമ രംഗത്തെ മികവിന് ഇരുപതിലധികം പുരസ്കാരങ്ങള്‍  ലഭിച്ചിട്ടുണ്ട്. യു. എന്‍. അക്രഡിറ്റേഷന്‍, അമേരിക്കന്‍ ഗവണ്മെന്‍റ് അക്രഡിറ്റേഷന്‍ കൈവശമുള്ള മാധ്യമപ്രവര്‍ത്തകന്‍ കൂടിയാണ് അദ്ദേഹം. 2003-ല്‍ തുടങ്ങിയ യു.എസ്. വീക്കിലി റൗണ്ടപ്പിലെ പ്രകടനത്തിലൂടെ മികച്ച വാര്‍ത്താവതാരകനുള്ള പുരസ്കാരവും അദ്ദേഹം ഏറ്റുവാങ്ങിയിട്ടുണ്ട്. ലളിതമായ ഭാഷയിലുള്ള അദ്ദേഹത്തിന്‍റെ  അവതരണം മലയാളത്തിന്‍റെ ഏറ്റവും വലിയ വിമര്‍ശകനും നിരൂപകനുമായ സുകുമാര്‍ അഴീക്കോടിന്‍റെ പ്രശംസക്ക് അര്‍ഹനാക്കി. ലോകത്തിലെ തന്നെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഡോ. കൃഷ്ണ കിഷോര്‍ ഒരു വലിയ മാതൃകയാണെന്നാണ് അഴീക്കോട് മാഷ് അന്ന് പറഞ്ഞത്. അത് അക്ഷരം പ്രതി സത്യമെന്നു അദ്ദേഹത്തിന്‍റെ ഓരോ റിപ്പോര്‍ട്ടിങ്ങും നമുക്ക് കാട്ടിത്തരുന്നു.
അന്‍പത് രാജ്യങ്ങളില്‍ ഡോ. കൃഷ്ണ കിഷോര്‍ യാത്ര ചെയ്തിട്ടുണ്ട്. അത് തന്നെയാണ് അനുഭവങ്ങളുടെ തീച്ചൂളയില്‍ നിന്ന് ഇത്തരത്തില്‍ ഒരു പ്രതിഭയെ വാര്‍ത്തെടുക്കാന്‍ അദ്ദേഹത്തെ സഹായിച്ചത്. 2023-ലോ 2024-ലോ ഇനി സഞ്ചരിക്കാന്‍ ബാക്കിയുള്ള അന്‍റാര്‍ട്ടിക്കയില്‍ക്കൂടി എത്തിപ്പെടുമെന്നാണ് അദ്ദേഹത്തിന്‍റെ വിശ്വാസം. കായിക വിനോദങ്ങളോട് അങ്ങേയറ്റം സ്നേഹം പ്രകടിപ്പിക്കുന്ന അദ്ദേഹത്തിന്‍റെ പ്രിയപ്പെട്ട വിനോദം ക്രിക്കറ്റ് തന്നെയാണ്. അതിനെ അടുത്തറിയാന്‍ അദ്ദേഹം പലപ്പോഴും ശ്രമിക്കാറുണ്ട്. ഇന്ത്യന്‍ ടീം ഇംഗ്ലണ്ടില്‍ വരുമ്പോള്‍ അതിന്‍റെ ആവേശത്തില്‍ അവരെകാണാന്‍ അദ്ദേഹം പല തവണ പോയിരുന്നു. ഇഷ്ട വിനോദം ക്രിക്കറ്റ് ആണെങ്കിലും ടെന്നിസ് കളിക്കാനാണ് അദ്ദേഹത്തിനിഷ്ടം. നാട് വിട്ടെങ്കിലും ഇപ്പോഴും പഴയ മലയാളം പാട്ടുകളുടെ വലിയ ഇഷ്ടക്കാരനാകുന്നത് അദ്ദേഹത്തിന്‍റെ ഓര്‍മ്മകളെ കുറേക്കൂടി വിപുലമാക്കുന്നു.


ജോണ്‍സണ്‍ ആന്‍ഡ്  ജോണ്‍സന്‍റെ ഗ്ലോബല്‍ ഹെഡ് ഓഫ് എച്ച് ആര്‍ ആയ വിദ്യ കിഷോറാണ് ഡോ. കൃഷ്ണ കിഷോറിന്‍റെ ജീവിതത്തിലെ സഹയാത്രിക. നേരിനൊപ്പമുള്ള യാത്രയില്‍ അവര്‍ ഡോ. കൃഷ്ണ കിഷോറിനൊപ്പമുണ്ട്. യൂണിവേഴ്സിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയയില്‍ വിദ്യാര്‍ത്ഥിനിയായ മകള്‍ സംഗീതയും അച്ഛന്‍റെ  മാധ്യമ ജീവിതത്തില്‍ അങ്ങേയറ്റം അഭിമാനിക്കുകയും ആ സത്യസന്ധതയ്ക്ക് കൂട്ടു നില്‍ക്കുകയും ചെയ്യുന്നുണ്ട്.
അമേരിക്കയില്‍  പ്രധാന വാര്‍ത്താ സംഭവങ്ങളെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിനായി ആയിരത്തിലധികം റിപ്പോര്‍ട്ടുകള്‍ അദ്ദേഹം നല്‍കിയിട്ടുണ്ട് ധാരാളം പ്രമുഖരെ അഭിമുഖം നടത്തിയ ഡോ. കൃഷ്ണ കിഷോറിന്‍റെ ലിസ്റ്റില്‍ സീനിയര്‍ അമേരിക്കന്‍ രാഷ്ട്രീയ നേതാക്കളും, സ്പോര്‍ട്സ് ലെജന്‍ഡ്സ് ആയ ബ്രയാന്‍ ലാറ, റിക്കി പോണ്ടിങ് എന്നിവരെല്ലാമുണ്ട്. യു.എസ് ഇലക്ഷനുകളും ഒബാമ, ട്രമ്പ്, ബൈഡന്‍, എന്നിവരുടെ സ്ഥാനാരോഹണവും, ഏറ്റവും പ്രധാനപ്പെട്ട അമേരിക്കയിലെ പരിപാടികളും റിപ്പോര്‍ട്ട് ചെയ്യാന്‍ ഡോ. കൃഷ്ണ  കിഷോറിനു ഭാഗ്യം ലഭിച്ചിട്ടുണ്ട്.
മാധ്യമ പ്രവര്‍ത്തനം തന്നെയാണ് ഏറ്റവും വലിയ ആഗ്രഹവും സ്വപ്നവും. അത് ജീവിതകാലം മുഴുവന്‍ തുടര്‍ന്നു പോകണം എന്നാണ് ഡോ. കൃഷ്ണ  കിഷോറിന്‍റെ ആഗ്രഹവും  പ്രാര്‍ത്ഥനയും. 15 വര്‍ഷത്തോളമായി ഏഷ്യാനെറ്റ് ന്യൂസ് നല്‍കിവരുന്ന പിന്തുണയ്ക്കും, സഹകരണത്തിനും അധികൃതരോട് അങ്ങേയറ്റം സ്നേഹമാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്. ഇതൊരു വലിയ ബന്ധമായി, ഭംഗിയുള്ള സൗഹൃദമായി അദ്ദേഹം കരുതുന്നു. കഠിനാധ്വാനവും, സമയനിഷ്ഠതയുമാണ് തന്‍റെ ജീവിതത്തില്‍ നിന്ന് മറ്റുള്ളവര്‍ കണ്ടു പഠിക്കേണ്ട പാഠമെന്ന് അദ്ദേഹം നമ്മെ പഠിപ്പിക്കുന്നു.
വാര്‍ത്തകള്‍ സത്യമാവട്ടെ, അതില്‍ വിനയമുണ്ടാകട്ടെ, സ്നേഹവും കരുതലും ഉണ്ടാവട്ടെ, ഡോ. കൃഷ്ണ കിഷോറിന്‍റെ ജീവിതവും അനുഭവങ്ങളും  നിങ്ങളില്‍ പലരെയും സത്യത്തിന്‍റെ വഴിയിലേക്ക് കൈപിടിച്ച് നടത്തട്ടെ.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.