'സമാധാന പാലകര്‍ ഭാഗ്യവാന്മാര്‍. അവര്‍ ദൈവത്തിന്‍റെ മക്കള്‍ എന്ന് വിളിക്കപ്പെടും'
സ്വയം സംരക്ഷകരായും സമൂഹത്തിന്‍റെ രക്ഷകരായും കാണുന്ന പോലീസ് ഉദ്യോഗസ്ഥരെയാണ് നമുക്ക് ആവശ്യം. ഒരു നല്ല പോലീസ് ഓഫീസര്‍ ആകാനുള്ള ഏറ്റവും വലിയ യോഗ്യത എന്താണ്? ഒറ്റവാക്കില്‍ പറയാവുന്ന ഉത്തരം ഉയര്‍ന്ന അളവിലുള്ള വൈകാരിക ബുദ്ധി എന്നാണ്. ജീവിതത്തിന്‍റെ ഓരോ പടവിലും വൈകാരിക ബുദ്ധിയോടെ ചവിട്ടി കയറിയ, ആഗ്രഹിച്ചതെല്ലാം സ്ഥിരോത്സാഹത്തോടെ, കഷ്ടപ്പെട്ട് നേടിയെടുത്ത ഒരു പോലീസ് ഉദ്യോഗസ്ഥനെ ഈ വഴിത്താരയില്‍ പരിചയപ്പെടാം. മനോജ് കുമാര്‍ പൂപ്പാറയില്‍.
ഒരു നിയമപാലകനാകണം എന്ന ലക്ഷ്യത്തോടെ എറണാകുളം ജില്ലയില്‍ തിരുവാണിയൂര്‍, വെട്ടിക്കലില്‍ നിന്നും അമേരിക്ക വരെ നീളുന്ന അദ്ദേഹത്തിന്‍റെ കഥ തീര്‍ത്തും വ്യത്യസ്തമാണ്. കുന്നത്തുനാട് തിരുവാണിയൂര്‍ പൂപ്പാറയില്‍ റിട്ട. പോലീസ് ഓഫീസര്‍ പി.ഐ. രാഘവന്‍റെയും ലീല രാഘവന്‍റെയും മകനായിട്ടാണ് മനോജ് ജനിച്ചത്. പോലീസുകാരനായിരുന്ന രാഘവന് രണ്ടു മക്കളായിരുന്നു. ഒരാള്‍ മനോജും മറ്റെയാള്‍ വിനോദും. അച്ഛനെപ്പോലെ ഒരു പോലീസ്സാകണം എന്ന ലക്ഷ്യത്തോടെയാണ് മനോജ് വളര്‍ന്നത്. അച്ഛന്‍റെ യൂണിഫോം തേച്ച് കൊടുത്തും, അച്ഛന്‍ പോലീസ് യൂണിഫോം ഇട്ടു നില്‍ക്കുന്നത് അഭിമാനത്തോടെ കണ്ടുമാണ് മനോജ് വളര്‍ന്നത്. രാഘവന്‍ പത്തുവര്‍ഷം സി.ആര്‍.പിയില്‍ ജോലി ചെയ്യുകയും തുടര്‍ന്ന് 28 വര്‍ഷം കേരള പോലീസില്‍ ജോലി ചെയ്യുകയും ഉണ്ടായി, തുടര്‍ന്ന് എസ്ഐ ആയി റിട്ടയര്‍ ചെയ്യുമ്പോഴേക്കും കുടുംബത്തില്‍ നിന്ന് അടുത്ത ഒരു പോലീസുകാരന്‍റെ ജീവിതം ഉടലെടുക്കുന്നുണ്ടായിരുന്നു.
അച്ഛനെ കണ്ടുവളര്‍ന്ന മകന്‍
അച്ഛനെപ്പോലെയാകണം എന്ന ചിന്തയാണ് പലപ്പോഴും ആണ്‍കുട്ടികളെ ജീവിതത്തില്‍ നയിക്കുന്നത്. ഇവിടെയും അതുതന്നെ സംഭവിച്ചു. വെട്ടിക്കല്‍ എല്‍.പി. സ്കൂളില്‍ ഒന്നു മുതല്‍ നാല് വരെ പഠനം, അഞ്ചുമുതല്‍ ഏഴുവരെ മുളന്തുരുത്തി ഗവണ്മെന്‍റ് സ്കൂളിലും എട്ടു മുതല്‍ പത്തുവരെ ഇളംകുളം വെസ്റ്റ് ഹൈസ്കൂളിലും പഠിച്ചു. തുടര്‍ന്ന് പ്രീഡിഗ്രിയ്ക്ക് സെന്‍റ് ആല്‍ബര്‍ട്സ് കോളേജില്‍ ചേര്‍ന്നു. അവിടെനിന്നും പാസായതോടെ ബി.കോം ഡിഗ്രിയും, എം.കോമും പ്രൈവറ്റ് ആയി ചെയ്തു. അദ്ദേഹത്തിന് ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചിരുന്നു. പ്രൈവറ്റ് ആയി പഠിച്ചു ഉയര്‍ന്ന മാര്‍ക്ക് നേടുക എന്നുള്ളത് അന്ന് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു എങ്കിലും മനോജ് അത് നേടിയെടുത്തു. ജനിച്ചു വളര്‍ന്നതെല്ലാം അച്ഛനെ കണ്ടുകൊണ്ടായത് പോലീസ് എന്ന ലക്ഷ്യം മനോജിന്‍റെ ജീവിതത്തെ സ്വാധീനിച്ചിരുന്നു. പിതാവിന്‍റെ പാത പിന്തുടരാന്‍ വേണ്ടിയാണ് അദ്ദേഹം ജീവിച്ചത് തന്നെ. എങ്കിലും അതിലേക്കെത്താന്‍ അദ്ദേഹം ഏറെ ദൂരം സഞ്ചരിക്കേണ്ടിയിരുന്നു.
സെയില്‍സ് എക്സിക്യൂട്ടിവ് മുതല്‍
ജൂനിയര്‍ ഓഫിസര്‍ വരെ
1995-ല്‍ എം.കോം പഠനത്തിന് ശേഷം ബെന്‍സ് ഓട്ടോ മൊബൈല്‍സ് പ്രൈവറ്റ് ലിമിറ്റഡില്‍ ജോലിയ്ക്ക് കയറിയ മനോജ് പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നീ ജില്ലകളുടെ ചാര്‍ജുള്ള എക്സിക്യൂട്ടീവ് ആയിരുന്നു. നന്നായി ജോലി ചെയ്യുകയും, എന്ത് ജോലിയെയും ആത്മാര്‍ത്ഥമായി സമീപിക്കുകയും ചെയ്യുന്നത് മറ്റുള്ളവരില്‍ നിന്ന് മനോജിനെ വേറിട്ട് നിര്‍ത്തി. എന്ത് ജോലിയും ചെയ്യാന്‍ അദ്ദേഹം തയ്യാറായിരുന്നു, എങ്കിലും തന്‍റെ സ്വപ്നം പോലീസ് എന്നതാണെന്ന് അദ്ദേഹം മറന്നതുമില്ല. അങ്ങനെയിരിക്കെ 1995-ല്‍, എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ഇരിക്കുമ്പോഴാണ് മനോജിന് മാതൃഭൂമിയുടെ തൊഴില്‍ വാര്‍ത്ത ലഭിക്കുന്നത്. അതില്‍ കേരളത്തില്‍ എസ്.ഐ. ടെസ്റ്റിന് വിളിക്കുന്നു എന്ന വാര്‍ത്ത അദ്ദേഹം കാണുന്നു. തുടര്‍ന്ന് അതിന് അപേക്ഷിച്ച അദ്ദേഹം ജോലികള്‍ക്കൊപ്പം എസ് ഐ ആവാനുള്ള പഠനവും തുടര്‍ന്നിരുന്നു. നന്നായി പരീക്ഷ എഴുതി ജോലി കാത്തിരുന്ന നിമിഷങ്ങള്‍ കടന്നുപോകുമ്പോഴും 20വേ സെഞ്ച്വറി കാര്‍ ഫിനാന്‍സില്‍ ജൂനിയര്‍ ഓഫീസര്‍ ആയി ജോലി തുടരുകയായിരുന്നു. കഠിനാധ്വാനം ചെയ്യുക എന്നത് എപ്പോഴും അദ്ദേഹം തുടര്‍ന്നു പോന്നിരുന്ന രീതിയായിരുന്നു. പിന്നീട് ജ്യോതി കെമിക്കല്‍സില്‍ സെയില്‍സ് ഹെഡ് ആയി. അതൊരു നീണ്ട കാലഘട്ടമായി. നിരന്തരമായ ജോലികള്‍ പുതിയ സാധ്യതകളെയും പ്രതീക്ഷകളെയും ജീവിതത്തില്‍ നിറച്ചു. ഒരുപിടി നല്ല ഓര്‍മ്മകളുമായി ജ്യോതി കെമിക്കല്‍സില്‍ ജോലിക്ക് കയറി. ജോലിയുടെ ഭാഗമായി ശ്രീലങ്ക, മാലി, ദുബായ് ഒക്കെ യാത്ര ചെയ്തപ്പോഴും മനസ്സില്‍ ഒന്ന് മാത്രമായിരുന്നു ചിന്ത. എങ്ങനെയെങ്കിലും ഒരു പോലീസ് ഓഫിസര്‍ ആകണം. അതിനായി റിസള്‍ട്ടിനായി കാത്തിരിപ്പ്. അതിനിടയില്‍ കോത്താരി ഇന്‍ഡസ്ട്രിസില്‍ 2 വര്‍ഷവും, അമൃത വെജിറ്റബിള്‍സില്‍ 1 വര്‍ഷവും ജോലി.
ജീവിതത്തിലെ കൂട്ട്
അപ്പോഴേക്കും ജീവിതത്തില്‍ ഒരു കൂട്ട് വേണം എന്നതോന്നല്‍ മനോജിന്‍റെ ഉള്ളില്‍ രൂപപ്പെട്ട് തുടങ്ങിയിരുന്നു. ഒറ്റയ്ക്ക് തുഴയുന്ന ജീവിതത്തില്‍ ഒന്ന് മിണ്ടിപ്പറഞ്ഞിരിക്കാന്‍ ഒരാളുണ്ടാവുന്നത് സന്തോഷമല്ലേ. 2001 കൊടുങ്ങല്ലൂര്‍ കെ.ജി. ശ്രീനിവാസന്‍ - ലോലിത ദമ്പതികളുടെ മകള്‍ ഹനിയെ മനോജ് വിവാഹം കഴിക്കുന്നു. ഇതേ വര്‍ഷം തന്നെയാണ് 1995-ല്‍ എഴുതിയ എസ്ഐ പരീക്ഷയുടെ റിസള്‍ട്ട് വരുന്നതും. 2001-ല്‍ വന്ന റിസള്‍ട്ടില്‍ നല്ല മാര്‍ക്ക്കിട്ടിയതോടെ പ്രതീക്ഷ കൂടി. കാക്കിയിട്ട, പ്രവര്‍ത്തന നിരതനാകുന്ന, എസ്.ഐ. ആയി കുറെ സ്വപ്നങ്ങള്‍ കണ്ടു. പോലീസ് ആവണമെങ്കില്‍ കഴിവ് മാത്രം പോരാ നല്ലൊരു തുകയും വേണമെന്ന് രാഷ്ട്രീയ സമൂഹവും അഭിപ്രായപ്പെട്ടതോടെ കാര്യങ്ങള്‍ എല്ലാം കൈവിട്ട് പോയി. ഏറെ നാളായിട്ടുള്ള മനോജിന്‍റെ സ്വപ്നങ്ങള്‍ക്ക് അവിടെ നേരിയ തകര്‍ച്ചയുണ്ടായി എന്ന് പറഞ്ഞാല്‍ അത്ഭുതമില്ല.
ജീവിതത്തെ മാറ്റിമറിച്ച വിധി
എന്നാല്‍ വിധി മറ്റൊന്ന് തീരുമാനിച്ചിരുന്നു. മനോജിന്‍റെ അനിയന്‍ വിനോദ് കുമാറിന്‍റെ സഹായത്തോടെ 2005-ല്‍ അമേരിക്കയിലേക്ക് (ഹൂസ്റ്റണ്‍) അവസരം ലഭിച്ചു. ജീവിതത്തിന്‍റെ അന്നുവരെയുള്ള അവസ്ഥകളെ മാറ്റിമറിച്ച നിമിഷം. കേരളത്തില്‍ നാം പഠിച്ച വിദ്യാഭ്യാസം കൊണ്ട് അമേരിക്കയില്‍ വലിയ ഗുണമൊന്നുമില്ല എന്ന് മനസിലാക്കിയ നിമിഷം കൂടിയായിരുന്നു അത്. മറ്റൊരു നാട്ടിലേക്ക് പറിച്ചെറിഞ്ഞ ജീവിതത്തെ കരുപ്പിടിപ്പിക്കുവാനുള്ള ശ്രമമായി പിന്നീട്. ഒരു ഗ്യാസ് സ്റ്റേഷനില്‍ ജോലിക്ക് കയറി. എവിടെ ആയാലും ഏല്‍പ്പിക്കുന്ന ജോലി ഭംഗിയായി നിര്‍വഹിക്കുക എന്നതാണ് മനോജിന്‍റെ ശൈലി. അതുകൊണ്ടു തന്നെ എല്ലാവര്‍ക്കും അദ്ദേഹത്തെ ഇഷ്ടമായിരുന്നു. അങ്ങനെ ജോലി തുടരുമ്പോള്‍ കടയിലേക്ക് വരുന്ന അമേരിക്കന്‍ പോലീസ് ഒരു കൗതുകമായി മാറി. വീണ്ടും അച്ഛന്‍റെ യൂണിഫോമും അച്ഛനും മനസിലേക്ക് ഓടിവന്നു. അങ്ങനെയാണ് എന്തുകൊണ്ട് അമേരിക്കയിലെ പോലീസുകാരന്‍ ആയികൂടാ എന്ന് അദ്ദേഹത്തിന് തോന്നിയത്. ആ ചിന്ത അതുവരെ ഉണ്ടായിരുന്ന ജീവിതാവസ്ഥകളെ മാറ്റിമറിക്കുന്നതായിരുന്നു
ഗ്യാസ് സ്റ്റേഷനില്‍ നിന്ന്
അമേരിക്കന്‍ പൊലീസിലേക്ക്
കേരളത്തില്‍ പഠിച്ച കോഴ്സുകള്‍ക്ക് തുല്യത സര്‍ട്ടിഫിക്കറ്റ് എടുത്ത ശേഷം യൂണിവേഴ്സിറ്റി ഓഫ് ഫിനക്സില്‍നിന്ന് എം.ബി.എ. കൂടി എടുത്തു. കേരളത്തിലെ വിദ്യാഭ്യാസം കൊണ്ട് അമേരിക്കയില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന ബോധ്യമാണ് അദ്ദേഹത്തെ പഠിക്കാന്‍ സഹായിച്ചത്. 3.25 ജി.പി.എ നേടി അന്ന് അദ്ദേഹം പാസായി. പിന്നീട് പൊലീസിലേക്ക് അപേക്ഷിക്കാനുള്ള കോഴ്സ് പഠിച്ചു. ജോലി ഉറപ്പിക്കാന്‍ പോലീസ് അക്കാദമിയില്‍ കോഴ്സിന് ചേര്‍ന്നു. യൂണിവേഴ്സിറ്റി ഓഫ് ഹൂസ്റ്റണില്‍ ഡൗണ്‍ ടൗണ്‍ പോലീസ് അക്കാദമിയില്‍ നിന്ന് ബാച്ച് നമ്പര്‍ 299-ല്‍ ഒന്‍പതുമാസത്തെ പഠനം. പെര്‍ഫെക്ട് അറ്റന്‍ഡന്‍സ്, അക്കാദമിക് അവാര്‍ഡ് ഉള്‍പ്പെടെ നേടി ബെസ്റ്റ് കേഡറ്റ് ആയി അമേരിക്കന്‍ പൊലീസിലേക്ക്. ഹൂസ്റ്റണ്‍ ഹാരിസ് കൗണ്ടി ഷെരിഫ് ഓഫീസില്‍ പോലീസ് ഡെപൂട്ടേി ആയി നിയമനം. ഇതൊരു പുതിയ തുടക്കമായിരുന്നു. താന്‍ കണ്ട സ്വപ്നത്തിലേക്കാണ് മനോജ് കഷ്ടപ്പെട്ട് നടന്നടുത്തത്. അച്ഛന്‍റെ കാക്കിക്കുപ്പായം കണ്ട് കേരളാ പോലീസ് ആകാന്‍ ആഗ്രഹിച്ച ഒരു സാധാരണക്കാരന് ഈശ്വരന്‍ നല്‍കിയ സമ്മാനം കൂടി ആയിരുന്നു ആ ജോലി. 2013 മുതല്‍ 2018 വരെ ഈ ജോലി തുടര്‍ന്ന മനോജ് 2018-ല്‍ ഹൂസ്റ്റണ്‍ മെട്രോ പോലീസ് ഡിപ്പാര്‍ട്ട്മെന്‍റില്‍ പ്രവേശിച്ചു. ഇപ്പോഴും അതെ ജോലി തന്നെ അദ്ദേഹം തുടരുകയാണ്.
മനോജ് കുമാര്‍ പൂപ്പാറയില്‍ എന്ന
അമേരിക്കന്‍ പോലീസ് ഓഫീസര്‍
ജോലിക്കൊപ്പം തന്നെ, ആത്മാര്‍ത്ഥത, സത്യസന്ധത എന്നിവ എപ്പോഴും കാത്ത് സൂക്ഷിക്കുന്ന കറകളഞ്ഞ മനുഷ്യനാണ് മനോജ്. പാത്രിയാര്‍ക്കീസ് ബാവ ഹൂസ്റ്റണില്‍ സന്ദര്‍ശനത്തിന് വന്നപ്പോള്‍ സ്പെഷ്യല്‍ സെക്യൂരിറ്റി ഓഫിസര്‍ ആയി മനോജ് ആയിരുന്നു പോയത്. അദ്ദേഹത്തിനൊപ്പം രണ്ടുനാള്‍ ചെലവഴിച്ചതോടെ മലയാളികള്‍ക്കിടയിലെല്ലാം അദ്ദേഹം അറിയപ്പെട്ടു. ഇനിയും ഉയരണം പുതിയ പദവികളിലേക്ക് നീങ്ങണം എന്നതാണ് മനോജിന്‍റെ ആഗ്രഹം. താന്‍ ചെയ്യുന്നത് ഒരു ജോലി മാത്രമല്ല ഒരു സര്‍വീസ് കൂടിയാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ജീവിതം നഷ്ടപ്പെട്ട് തനിച്ചായിപ്പോയവരെ എല്ലാവരെയും തിരിച്ചു ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു.
ലോകത്തെവിടെയായാലും ഒരു നിയമപാലകന്‍റെ പ്രധാന ഡ്യൂട്ടി തന്‍റെ മുന്‍പിലെത്തുന്ന ഏതൊരാളെയും കരുതുക എന്നത് തന്നെയാണെന്ന്. മനോജ് കുമാര്‍ അത് കൃത്യമായി നിര്‍വ്വഹിക്കുന്നു. കാരണം അദ്ദേഹം ആഗ്രഹിച്ച ജോലി കേരളത്തിലെ ഒരു പോലീസുകാരന്‍ അല്ലെങ്കില്‍ ഒരു എസ്.ഐ ആവുക എന്നതായിരുന്നു. നിരന്തരമായ ശ്രമത്തിലൂടെ അമേരിക്കയിലെ ഒരു പോലീസ് ഓഫീസര്‍ തസ്തികയിലേക്ക് നിയമിതനാകുമ്പോള്‍ സ്വപ്നങ്ങള്‍ക്കും യഥാര്‍ത്ഥ്യങ്ങള്‍ക്കുമിടയില്‍ നില്‍ക്കുകയായിരുന്നു അദ്ദേഹം.
ബ്ലാക്ക് മാര്‍ക്കില്ലാതെ
നിങ്ങള്‍ ഭയപ്പെടുന്നത് ഞങ്ങള്‍ നേരിടുന്നു എന്നതാണ് പോലീസിന്‍റെ ജോലിയുടെ അടിസ്ഥാനപരമായ സ്വഭാവം. ധീരത എന്നത് ഭയത്തിന്‍റെ അഭാവമല്ലെന്നും മറിച്ച് ഭയത്തെ അഭിമുഖീകരിക്കുന്ന പ്രവര്‍ത്തനമാണന്നും തെളിയിച്ച മനോജ് കുമാര്‍ പൂപ്പാറയില്‍ തന്‍റെ ജോലിക്കിടയില്‍ നേരിട്ട അനുഭവങ്ങളില്‍ ആരോടും പക്ഷാഭേദം കാണിക്കാറില്ല. ജോലിയിലെ ആത്മാര്‍ത്ഥതയാണ് ഒരു പോലീസുകാരന്‍റെ ജീവിതത്തിന്‍റെ നട്ടെല്ല് എന്ന് തിരിച്ചറിയുന്ന നിരവധി നിമിഷങ്ങള്‍ അദ്ദേഹത്തിന്‍റെ ജീവിത്തില്‍ ഉണ്ടായിട്ടുണ്ട്. നിര്‍ത്തിയിട്ടിരുന്ന ട്രെയിനില്‍ നിന്നും ഇറങ്ങി ഓടി പാളത്തില്‍ തലയടിച്ച് മരിക്കാന്‍ ശ്രമിച്ച യുവാവും, കമിതാക്കളായ രണ്ടു പേരുടെ വഴക്കിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളില്‍ ഇടപെട്ടതും, ജയിലില്‍ കഴിയുന്ന മകനെ കാണാന്‍ എത്തിയ വൃദ്ധരായ മാതാപിതാക്കളെ സഹായിച്ചതും അദ്ദേഹത്തിന്‍റെ മനസ്സില്‍ തങ്ങിനില്‍ക്കുന്നു. തന്‍റെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് മുന്‍പില്‍ മലയാളിയെന്നോ, വെളുമ്പനെന്നോ, കറുമ്പനെന്നോ ഉള്ള വ്യത്യാസമില്ല. നിയമങ്ങള്‍ പാലിക്കപ്പെടാനുള്ളതാണെന്നും അവ കൃത്യമായി സ്വീകരിക്കുവാന്‍ ഓരോ പൗരന്‍മാരും തയ്യാറെടുക്കണമെന്ന് അദ്ദേഹം അടിവരയിടുന്നു. ജീവിതത്തിരക്കിനിടയിലും ഹിന്ദിയും, ഇംഗ്ലീഷും അറിയാവുന്നതു കൊണ്ട് ഒരു പാകിസ്ഥാനിയെയോ, ചില ഇന്ത്യാക്കാരെയോ പോലീസ് അറസ്റ്റ് ചെയ്താല്‍ പരിഭാഷകനായി ഹൂസ്റ്റണ്‍ മെട്രോ പോലീസ് ആദ്യം അന്വേഷിക്കുക മനോജ് കുമാറിനെ ആയിരിക്കും.
പ്രാര്‍ത്ഥിക്കുക.. പ്രവര്‍ത്തിക്കുക
പ്രാര്‍ത്ഥിക്കുക, പ്രവര്‍ത്തിക്കുക എന്നതാണ് മനോജ് കുമാറിന്‍റെ ജീവിത വിജയത്തിന്‍റെ അടിസ്ഥാന ഘടകമെന്ന് തുറന്ന് പറയുമ്പോള്‍ അദ്ദേഹത്തിലെ സത്യസന്ധനായ ഒരു പോലീസ് ഓഫീസറെ നമുക്ക് അടുത്ത് കാണാം. പോലീസില്‍ റൈട്ടര്‍ കൂടിയായിരുന്ന അച്ഛന്‍റെ ഓഫീസിലേക്ക് പോവുകയും എല്ലാവരുടേയും കണ്ണിലുണ്ണിയായി വളര്‍ന്ന മനോജ് എപ്പോഴും ഓര്‍മ്മപ്പെടുത്തുന്നത് അച്ഛന്‍റെ ആ കാക്കിക്കുപ്പായവും അത് തന്നിലുണ്ടാക്കിയ ആവേശവുമാണ്. ആ ആവേശം ഇപ്പോഴും അദ്ദേഹത്തിനൊപ്പമുണ്ട്. അമേരിക്കയുടെ മനമറിഞ്ഞ് പ്രവര്‍ത്തിക്കുന്ന മനോജ് കുമാര്‍ ഭാവിയില്‍ ലക്ഷ്യം വയ്ക്കുന്നത് ഇതൊന്നുമല്ല. അത് തല്‍ക്കാലം രഹസ്യമായി ഇരിക്കട്ടെ എന്ന് നിറഞ്ഞ ചിരിയോടെ അദ്ദേഹം പറയുമ്പോള്‍ ആ സ്ഥിരോത്സാഹവും, അര്‍പ്പണബോധവും മനോജ് പൂപ്പാറയില്‍ നമുക്ക് കാണാം.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍
വിദ്യാഭ്യാസം നേടുകയാണ് ഈ കാലഘട്ടത്തില്‍ അനിവാര്യമായി പുതുതലമുറയ്ക്ക് വേണ്ടത് എന്ന തിരിച്ചറിവ് നമ്മെയെല്ലാം പോലെ മനോജ് കുമാറിനേയും പിന്തുടരുന്നുണ്ട്. നാട്ടില്‍ എസ്.എസ്.എല്‍.സി പഠനത്തില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഒരു സ്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തി അത് കൃത്യമായി നല്‍കിപ്പോരുന്നു. കൂടാതെ ചെറിയ ചെറിയ സഹായങ്ങള്‍ വേറെയും നടത്തുമ്പോഴും അദ്ദേഹത്തിന്‍റെ മനസ്സില്‍ ഒരു ചിന്ത മാത്രം. സാമ്പത്തികമായ കെട്ടുറപ്പ് ഇല്ലാത്ത കാരണത്താല്‍ ഒരു വിദ്യാര്‍ത്ഥിയുടേയും പഠനം മുടങ്ങരുത്. തന്‍റെ പ്രവര്‍ത്തനങ്ങളിലെ നന്മകള്‍ തിരിച്ചറിഞ്ഞ് ഹൂസ്റ്റണ്‍ ചേമ്പര്‍ ഓഫ് കോമേഴ്സ്, ഗുരുവായൂരപ്പന്‍ ക്ഷേത്രം തുടങ്ങിയ പ്രസ്ഥാനങ്ങള്‍ മനോജിന് ആദരവ് നല്‍കിയിട്ടുണ്ട്.
കുടുംബം
അച്ഛന്‍ പി.ഐ. രാഘവന്‍, അമ്മ ലീല രാഘവന്‍, സഹോദരന്‍ വിനോദ് കുമാര്‍ പൂപ്പാറയില്‍, എന്നിവരുടെ പിന്തുണയില്‍ പടുത്തുയര്‍ത്തിയ ജീവിതത്തിലേക്ക് ഭാര്യ ഹനിയും (വീട്ടമ്മ), മകന്‍ മാധവ് പി. മനോജ് (രണ്ടാം വര്‍ഷ ബയോളജി ഡിഗ്രി വിദ്യാര്‍ത്ഥി, ഹൂസ്റ്റണ്‍ ബാപ്പ്റ്റിസ്റ്റ് യൂണിവേഴ്സിറ്റി), ഹനിയുടെ മാതാപിതാക്കളായ കെ. ജി. ശ്രീനിവാസന്‍, ലോലിത, സഹോദരന്‍ ബെന്‍സിലാല്‍ എല്ലാവരും മനോജിന്‍റെ ജീവിതത്തില്‍ വ്യത്യസ്ത കാലയളവില്‍ നല്‍കിയ പിന്തുണയും സ്വാധീനവും ചെറുതല്ല. അച്ഛന്‍ വഴി പോലീസ് എന്ന ആഗ്രഹവും സഹോദരന്‍ വഴി അമേരിക്കയിലേക്കുള്ള വരവും എല്ലാം ഈശ്വരനിയോഗമായി അദ്ദേഹം വിലയിരുത്തുമ്പോഴും ചെറിയ നാളുകളില്‍ മനസില്‍ കുടിയേറിയ മോഹം സാക്ഷാത്ക്കരിക്കുവാന്‍ ഈശ്വരന്‍ അമേരിക്കയില്‍ അവസരം തന്ന നിമിഷത്തിന് നന്ദി പറയുകയാണ് മനോജ് കുമാര്‍ പൂപ്പാറയില്‍.
അതെ സ്വപ്നങ്ങള്‍ അവസാനിക്കുന്നില്ല. അത് അവസാനിക്കാത്തിടത്തോളം കാലം ഇനിയും ഈ വഴിത്താരയില്‍ മനോജിനെപ്പോലെയുള്ള നിരവധി വ്യക്തിത്വങ്ങളെ നമ്മള്‍ കണ്ടുമുട്ടും. അപ്പോള്‍ നമുക്ക് ഒരു കാക്കിക്കുപ്പായത്തെ പ്രേമിച്ച ഒരു കൊച്ചു പയ്യന്‍റെ ജീവിത കഥ പറഞ്ഞു കൊടുക്കാം. ആ കഥ നാളത്തെ തലമുറയ്ക്ക് കരുത്താവട്ടെ.. തണലാവട്ടെ.... പ്രാര്‍ത്ഥിക്കുക.. പ്രവര്‍ത്തിക്കുക.. ഏത് മലമുകളും നമുക്ക് കീഴടക്കാം.. മനോജ് കുമാര്‍ പൂപ്പാറയിലിനെ പോലെ...