VAZHITHARAKAL

സുവിശേഷീകരണ രംഗത്തെ നിറഞ്ഞ സാന്നിധ്യം പാസ്റ്റർ സിബി കുരുവിള

Blog Image
'നിങ്ങളുടെ പ്രത്യാശയില്‍ സന്തുഷ്ടരായിരിക്കുക, നിങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമ്പോള്‍ നിങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുക, പ്രാര്‍ത്ഥനയില്‍ സ്വയം സമര്‍പ്പിക്കുക.'

'ഞാന്‍ വഴിയും സത്യവും ജീവനും ആകുന്നു. എന്നിലൂടെയല്ലാതെ ആരും പിതാവിന്‍റെ അടുക്കല്‍ എത്തുന്നില്ല' എന്ന് ബൈബിള്‍ പറഞ്ഞിരിക്കുന്നത് എത്ര യാഥാര്‍ത്ഥ്യമാണ്. വഴിയും സത്യവും ജീവനുമായ ആ ഒരുവനിലേക്ക് ഹൃദയശുദ്ധിയോടെ നടന്നടുക്കുവാന്‍ എല്ലാവര്‍ക്കും കഴിയുകയില്ല. എന്നാല്‍ കഠിനാധ്വാനം കൊണ്ടും, നിരന്തരമായ പ്രാര്‍ത്ഥന കൊണ്ടും ഈ ഭൂമിയില്‍ നേടുവാന്‍ കഴിയാത്തതായി ഒന്നുമില്ല എന്ന് തെളിയിക്കുന്ന, വചനത്തിന്‍റെ വിത്തെറിഞ്ഞ് നൂറുമേനി വിളയിച്ച ഒരു നല്ല ഉഴവുകാരനെ ഈ വഴിത്താരയില്‍ കണ്ടുമുട്ടാം.
പാസ്റ്റര്‍ സിബി കുരുവിള. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലധികമായി അറ്റ്ലാന്‍റയില്‍ സുവിശേഷ പ്രവര്‍ത്തനത്തിലൂടെ ആയിരക്കണക്കിന് വിശ്വാസികളുടെ ആന്തരിക ജീവിതത്തെ ദീപ്തമാക്കുന്ന പാസ്റ്റര്‍ സിബി കുരുവിളയുടെ ജീവിതം പ്രക്ഷുബ്ധതകള്‍ക്ക് നടുവില്‍ ജീവിക്കുന്ന ഏതൊരു മനുഷ്യനും മാതൃകയാവുന്നു.

ജീവിത വഴികള്‍
കോട്ടയം കുഴിമറ്റം മുതിരക്കുന്നേല്‍ എം. കെ. മാത്യുവിന്‍റെയും, അന്നമ്മ മാത്യുവിന്‍റെയും മകനായി ജനനം. ഒന്നു മുതല്‍ നാലാം ക്ലാസ് വരെ പഞ്ചാബ് എയര്‍ഫോഴ്സ് സെന്‍ട്രല്‍ സ്കൂള്‍ പഠനം. അഞ്ചുമുതല്‍ പത്തുവരെ എന്‍.എസ്.എസ്. ഹൈസ്കൂള്‍ ചിങ്ങവനം, പ്രീഡിഗ്രി ബസേലിയോസ് കോളേജ് കോട്ടയം, ഡിഗ്രിക്ക് സുവോളജി എടുത്ത് സി.എം.എസ്. കോളേജില്‍ പഠനം. ഡിഗ്രി കഴിഞ്ഞപ്പോള്‍ മെഡിക്കല്‍ എന്‍ട്രന്‍സ് എഴുതണമെന്ന് തോന്നി. എഴുതി. റിസള്‍ട്ട് വന്നപ്പോള്‍ സെലക്ഷന്‍ കിട്ടി. പക്ഷെ ആതുര സേവനത്തിനൊപ്പം മനുഷ്യന് ആന്തരിക സേവനത്തിന്‍റെ അത്യാവശ്യകതയെ കുറിച്ച് ചിന്തിച്ചു. ജീവിതം വഴി തുറന്നത് മറ്റൊരു വിശാലമായ ലോകത്തേക്കാണ്.

സമാധാനത്തിനായുള്ള സമയം
ബൈബിളില്‍ പറയുന്ന ഒരു വാക്യമുണ്ട് 'എല്ലാറ്റിനും ഒരു കാലമുണ്ട്. ജനിക്കുന്നതിനും മരിക്കുന്നതിനും ഒരു സമയം. സ്നേഹിക്കാനും വെറുക്കാനും ഒരു സമയം. ചരല്‍ക്കുന്നില്‍ ഡോ. ഇട്ടിച്ചെറിയ നൈനാന്‍റെ ആത്മീയ ബോധന ക്ലാസില്‍ പങ്കെടുത്തത് വഴിത്തിരിവായി. തുടര്‍ന്ന് കല്‍ക്കട്ട സെറാമ്പൂര്‍ തിയോളജി കോളേജ് ഉള്‍പ്പെടെ നിരവധി കോളേജുകളില്‍ അഡ്മിഷന് ശ്രമിച്ചു. സമയം കഴിഞ്ഞു പോയതിനാല്‍ നിരാശയായിരുന്നു ഫലം. കര്‍ത്താവിനെ ശരണം പ്രാപിക്കുന്നവന് സന്തുഷ്ടി ലഭിക്കും എന്ന് സങ്കീര്‍ത്തനത്തില്‍ പറയും പോലെ ചെങ്ങന്നൂര്‍ മുളക്കുഴ ബൈബിള്‍ സ്കൂളില്‍ സാധാരണ ബൈബിള്‍ പഠനത്തിനായി ചേര്‍ന്നു. ആ സമയത്ത് ശുശ്രൂഷകന്‍ ഗള്‍ഫ് യാത്രയ്ക്ക് പോയ കൊട്ടാരക്കര പുലമണ്‍ ചര്‍ച്ചില്‍ മൂന്ന് മാസം ശുശ്രൂഷകനായി നിയമനം കിട്ടി. സെറാമ്പൂര്‍ ബൈബിള്‍ കോളേജില്‍ നിന്ന് ഒരു സുവിശേഷകന്‍ ആ സമയത്ത് കൊട്ടാരക്കരയില്‍ വന്നു. അദ്ദേഹവുമായുള്ള പരിചയം ഈശ്വരന്‍ ബലപ്പെടുത്തുകയും കല്‍ക്കട്ടയില്‍ ബി.ഡി. പഠനത്തിനായി വഴിതുറക്കുകയും ചെയ്തു. ഉടന്‍ കല്‍ക്കട്ടയ്ക്ക് വണ്ടി കയറി. സെറാമ്പൂര്‍ യൂണിവേഴ്സിറ്റിയില്‍ ബി.ഡി. പഠനം നടന്നത് 18000 രൂപ സ്കോളര്‍ഷിപ്പോടെയാണെന്ന് പറയുമ്പോള്‍ പാസ്റ്റര്‍ സിബി കുരുവിള ദൈവത്തെ മഹത്വപ്പെടുത്തുന്നു.

ദൈവത്തിന്‍റെ വിശ്വസ്തനായ വേലക്കാരന്‍
എല്ലാവരുടെയും വിശ്വസ്തനാവാന്‍ ദൈവത്തിന്‍റെ വിശ്വസ്തനായാല്‍ മതി എന്നാണ് പാസ്റ്ററിന്‍റെ പക്ഷം. കല്‍ക്കട്ട  സെറാമ്പൂറില്‍ ബി. ഡി. പഠനം തുടങ്ങിയപ്പോള്‍ അവിടെ ഖോരക്പൂര്‍ ഐ.ഐ.ടി.യില്‍ എം.ടെക്കിന് ക്ലാസ് എടുക്കുന്ന ഡോ. ജോണ്‍സണെ പരിചയപ്പെടുന്നു. കറകളഞ്ഞ ക്രിസ്തുമത വിശ്വാസി. അദ്ദേഹത്തിന്‍റെ ഞായറാഴ്ചകള്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവയ്ക്കപ്പെട്ടതായിരുന്നു. അങ്ങനെ അദ്ദേഹത്തിന്‍റെ സഹായത്തോടെ അവിടെ ഒരു മരത്തിന്‍റെ ചുവട്ടില്‍ സണ്‍ഡേ സ്കൂള്‍ ആരംഭിച്ചു. ഒയാസിസ് മിനിസ്ട്രിയായി മാറിയ ഒരു വലിയ ആത്മീയ നേതൃത്വത്തിന്‍റെ തുടക്കമായിരുന്നു അത്. 217 സഭകള്‍, 47000 വിശ്വാസി കുടുംബങ്ങള്‍ ആയി വളര്‍ന്ന വലിയ പ്രസ്ഥാനത്തിന്‍റെ മിഷന്‍ ഡയറക്ടറായി അക്കാലത്ത് പ്രവര്‍ത്തിച്ചിരുന്നു. സമാന്തരമായി പഠനവും നടന്നു. 1991-ല്‍ പഠനം കഴിഞ്ഞ് നാട്ടിലേക്ക് തിരിക്കുമ്പോള്‍ മനസ്സിലിരുന്ന് ദൈവം മറ്റൊരു നിയോഗത്തെക്കുറിച്ച് മന്ത്രിക്കുന്നുണ്ടായിരുന്നു

ജീവിതത്തിന്‍റെ പുതിയ ദൗത്യം
1991-ല്‍ സെറാമ്പൂറില്‍ നിന്നും നാട്ടിലേക്ക് മടക്കയാത്ര. തിരികെയെത്തിയ ശേഷം ചെയ്യേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒരു രൂപരേഖ വരെ ട്രയിനില്‍ വെച്ച് തയ്യാറാക്കി വീടെത്തിയപ്പോള്‍ ദൈവവിളി മറ്റൊന്നായി. വീട്ടുകാര്‍ വിവാഹം തീരുമാനിക്കുന്നു. ഐ.പി.സി. സഭാ വിശ്വാസികളായ ആഞ്ഞിലിത്താനം പഴമ്പള്ളിയില്‍ ജോര്‍ജ്, ചിന്നമ്മ ദമ്പതികളുടെ ഇളയ മകള്‍ ജെസിയാണ് സഹയാത്രിക. അമേരിക്കയില്‍ വിദ്യാര്‍ത്ഥിനിയായിരുന്നു ജെസി. 1991 സിംസംബര്‍ 22-ന് അമേരിക്കയിലേക്ക് പാസ്റ്റര്‍ സിബി കുരുവിളയും ജെസിയും യാത്ര ചെയ്യുമ്പോള്‍ സുവിശേഷ പ്രവര്‍ത്തനത്തിന്‍റെ മണ്ണായ കല്‍ക്കട്ടയില്‍ തുടങ്ങിവെച്ച പ്രസ്ഥാനത്തിന്‍റെ ഭാവിക്കായി അമേരിക്കന്‍ യാത്ര അനിവാര്യമാണെന്ന് പാസ്റ്റര്‍ക്ക് തോന്നി. ഈ യാത്ര ദൈവത്തിന്‍റെ മറ്റൊരു നിയോഗമാണെന്ന് അദ്ദേഹം മനസ്സില്‍ കുറിച്ചിട്ടു.

ചിക്കാഗോയില്‍ നിന്ന് അറ്റ്ലാന്‍റായിലേക്ക്
ജെസിയുടെ കുടുംബവും ബന്ധുക്കളും ചിക്കാഗോയിലായിരുന്നു താമസം. ചിക്കാഗോയില്‍ എത്തിയ സമയം മുതല്‍ മിഷന്‍ പ്രവര്‍ത്തങ്ങളില്‍ സജീവമായി. ജോര്‍ജ് കെ. സ്റ്റീഫന്‍സണ്‍ പാസ്റ്ററിനൊപ്പം 6 വര്‍ഷം അസിസ്റ്റന്‍റ് ആയി പ്രവര്‍ത്തനം. 1994-ല്‍ മൂത്ത മകന്‍റെ ജനനം. 1996-ല്‍ മകനെയും കൊണ്ട് നാട്ടിലേക്ക്. അപ്രതീക്ഷിതമായി ആ യാത്രയില്‍ പാസ്റ്റര്‍ ഒരു തീരുമാനമെടുത്തു. ജെസിയോടു പോലും പറയാത്ത ഒരു തീരുമാനം. 'ഇനി തിരിച്ച് അമേരിക്കയിലേക്കില്ല'. കാരണം ഇന്ത്യയിലെ സുവിശേഷീകരണത്തില്‍ സജീവമാകണം. അതാണ് തന്‍റെ ദൗത്യം. ദൈവഹിതമറിയാന്‍ മൂന്ന് ദിവസം ഉപവാസ പ്രാര്‍ത്ഥന. ദിവസം രാവിലെ കൊല്ലത്തുനിന്നും ഒരു സഹോദരിയുടെ വരവ്. സുവിശേഷ പ്രവര്‍ത്തകയാണ്. ചിക്കാഗോയില്‍നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറണമെന്ന് പ്രാര്‍ത്ഥനാ മദ്ധ്യേ സഹോദരിയുടെ നിര്‍ദ്ദേശം. എവിടെ നിന്നോ വന്ന ഒരാള്‍ തന്‍റെ പ്രാര്‍ത്ഥനയുടെ കാരണത്തിലേക്ക് കടന്നുവന്ന നിമിഷം. തീരുമാനം മാറ്റി. 1996 ഫെബ്രുവരിയില്‍ ചിക്കാഗോയിലേക്ക്. 1996 സെപ്റ്റംബറില്‍ രണ്ടാമത്തെ മകന്‍ ജനിച്ചു. നവംബര്‍ മാസത്തില്‍ പാസ്റ്റര്‍ ദത്തോസ് ചെറിയാന്‍ അറ്റ്ലാന്‍റായില്‍ അഞ്ച് ദിവസത്തേക്ക് മീറ്റിംഗിന് ക്ഷണിച്ചു. വീണ്ടും ഡിസംബറില്‍ മീറ്റിംഗ്. അറ്റ്ലാന്‍റായില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുവാന്‍ താല്പര്യം തോന്നിയ നിമിഷങ്ങള്‍. ഭാര്യയേയും മക്കളേയും അറ്റ്ലാന്‍റായില്‍ കൊണ്ടുവരണം. ജെസിയുടെ കുടുംബ ബന്ധങ്ങള്‍ എല്ലാം ചിക്കാഗോയില്‍. ജെസിക്ക് അറ്റ്ലാന്‍റയിലേക്കുള്ള പറിച്ചുനടല്‍ തുടക്കത്തില്‍ താല്പര്യം ഇല്ലായിരുന്നു. ദൈവനിയോഗമെന്ന് കരുതി അറ്റ്ലാന്‍റയിലേക്ക് വന്നത് ദൈവം കാത്തുവെച്ച അത്ഭുതങ്ങളിലേക്കായിരുന്നു.


ദൈവത്തിന്‍റെ ഇഷ്ടം, അനുഗ്രഹങ്ങള്‍
അറ്റ്ലാന്‍റയിലേക്ക് പറിച്ചുനടപ്പെട്ട പാസ്റ്റര്‍ സിബി കുരുവിളയുടെ ജീവിതത്തിന് ആത്മീയതയുടെ ബലം കൂടുകയും പുതിയ ദൗത്യങ്ങള്‍ ദൈവത്തിനാല്‍ ഒരുക്കപ്പെടുകയുമായിരുന്നു. വെസ്റ്റ് ബംഗാളില്‍ തുടങ്ങിവെച്ച സുവിശേഷ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ പണം വേണം. ചിക്കാഗോയില്‍ 1991-ല്‍ വന്നിറങ്ങിയതുമുതല്‍ ദൈവം കണ്ടെത്തിത്തന്ന ജോലികള്‍ തന്‍റെ ജീവിത വഴികളിലെ നാഴികക്കല്ലുകള്‍ കൂടിയാണ്. ഇന്‍വന്‍ററി മാനേജര്‍ ആയും കണ്‍ട്രോളര്‍ ആയും ആറ് വര്‍ഷം ചിക്കാഗോയില്‍ ജോലി ചെയ്തു കൊണ്ടാണ് വെസ്റ്റ് ബംഗാളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. അറ്റ്ലാന്‍റയിലും ജോലിക്കായി ശ്രമിച്ചു. സുവിശേഷ പ്രവര്‍ത്തനങ്ങള്‍ കൂടി ശരിയായ രീതിയില്‍ മുന്നോട്ട് കൊണ്ടു പോകാവുന്ന തരത്തില്‍ ഫെഡക്സിന്‍റെ ഓഫീസില്‍ പാര്‍ട്ട് ടൈം ആയി ജോലികിട്ടി. രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ ഫുള്‍ ടൈം ജോലിയും ഗ്രൗണ്ട് കണ്‍ടോളര്‍ തസ്തികയിലേക്ക് പ്രവേശനവും ലഭിച്ചു.

മൗണ്ട് സിയോണ്‍ ചര്‍ച്ച് ഓഫ് ഗോഡ്
ജോലിയും കര്‍തൃവേലയും തുടരുന്നതോടൊപ്പം പാസ്റ്റര്‍ സിബി കുരുവിളയ്ക്ക് ദൈവം നല്‍കിയ പ്രത്യേക ദര്‍ശനം 1997 ഫെബ്രുവരി 21-ന് മൗണ്ട് സിയോണ്‍ ചര്‍ച്ച് ഓഫ് ഗോഡ് ചര്‍ച്ചിന് തുടക്കമിടുവാന്‍ അവസരമായി. ചര്‍ച്ചിന്‍റെ സ്ഥാപക പാസ്റ്റര്‍ ആയി. ഇന്ന് ഈ ചര്‍ച്ച് അറിയപ്പെടുന്നത് അറ്റ്ലാന്‍റ ചര്‍ച്ച് ഓഫ് ഗോഡ് എന്ന പേരിലാണ്. 1997 മുതല്‍ 2001 ഏപ്രില്‍ 10 വരെ സുവിശേഷ പ്രവര്‍ത്തനം തുടരുമ്പോള്‍ ഇരുപത്തിരണ്ട് കുടുംബങ്ങളുമായി ചര്‍ച്ച് വളര്‍ച്ചയുടെ പാതയിലായിരുന്നു. ഒപ്പം വെസ്റ്റ് ബംഗാളിലെ ജീവകാരുണ്യ സുവിശേഷ പ്രവര്‍ത്തനങ്ങളും.1997 മുതല്‍ 1999 വരെ മാസ്റ്റേഴ്സ് ഇന്‍ ഡിവിനിറ്റിയില്‍ ലീ യൂണിവേഴ്സിറ്റി ടെന്നസിയില്‍ സ്കൂള്‍ ഓഫ് തിയോളജിയില്‍ പഠനം. അറിവിന്‍റെ പുതിയ തലത്തിലേക്കുള്ള ഒരു യാത്രകൂടിയായി മാസ്റ്റേഴ്സ് പഠനം.

അറ്റ്ലാന്‍റാ ക്രൈസ്റ്റ് ഫെലോഷിപ്പ് ചര്‍ച്ച്
അറ്റ്ലാന്‍റ ക്രൈസ്റ്റ് ഫെലോഷിപ്പ് ചര്‍ച്ചില്‍ ഇന്‍റേണ്‍ഷിപ്പോടു കൂടി അസ്സോസിയേറ്റ് പാസ്റ്റര്‍ ആയി നിയമനം ലഭിച്ചത് മറ്റൊരു വഴിത്തിരിവായി. 1300 പേരുള്ള അമേരിക്കന്‍ ചര്‍ച്ച് 2002 മുതല്‍ 2011 വരെ അവിടെ തുടരുമ്പോള്‍ ദൈവം തനിക്കായി തുറന്നിട്ട വഴിയാണ് ഈ നിയമനമെന്ന് മനസ്സില്‍ അടിവരയിട്ടു. നിരവധി അമേരിക്കക്കാരെ പരിചയപ്പെടാന്‍ സാധിച്ചു. വെസ്റ്റ് ബംഗാളിലെ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ സഹായങ്ങള്‍ ലഭിച്ചു. 2011 മുതല്‍ 2014 വരെ അറ്റ്ലാന്‍റ ഐ.പി.സി സഭയുടെ സീനിയര്‍ പാസ്റ്റര്‍ ആയി. അക്കാലത്ത് നോര്‍ത്ത് അമേരിക്കന്‍ സൗത്ത് ഈസ്റ്റ് റീജിയന്‍റെ ശുപാര്‍ശപ്രകാരം 2014-ല്‍  ഐ.പി.സി. ഓര്‍ഡിനേഷന്‍ അന്നത്ത പ്രസിഡന്‍റായിരുന്ന പാസ്റ്റര്‍ ജേക്കബ് ജോണ്‍ നല്‍കുകയുണ്ടായി.

ഐ പി സി അറ്റ്ലാന്‍റ ക്രിസ്ത്യന്‍ ചര്‍ച്ച്
2014 ഡിസംബര്‍ 16ന് അറ്റ്ലാന്‍റാ ക്രിസ്ത്യന്‍ ചര്‍ച്ചിന് തുടക്കമായി. പുതിയ ഒരു സഭ. സ്ഥാപകനും സീനിയര്‍ പാസ്റ്ററുമായി അദ്ദേഹം ചുമതലയില്‍ തുടരുമ്പോള്‍ പുതിയ നിയോഗത്തില്‍ ഒന്‍പത് വര്‍ഷം. 2019 ആഗസ്റ്റ് 20-ന് രണ്ടേക്കര്‍ സ്ഥലം വാങ്ങി 5000 സ്ക്വയര്‍ ഫിറ്റ് കെട്ടിടം നിര്‍മ്മിക്കുവാനും ഐ.പി.സി സഭയുടെ ശുശ്രൂഷ നടത്തുവാന്‍ അദ്ദേഹത്തിന് സാധിക്കുന്നത് ദൈവനിയോഗമല്ലാതെ മറ്റെന്താണ്. രാവിലെ മലയാളം സര്‍വ്വീസ്, ഉച്ചയ്ക്ക് അമേരിക്കന്‍ സര്‍വ്വീസ്, വൈകിട്ട് സ്പാനിഷ് സര്‍വ്വീസ് തുടങ്ങി ആത്മീയ സാന്നിദ്ധ്യത്തിന്‍റെ ലോകമാതൃക കൂടി അദ്ദേഹം നമുക്ക് മുന്നില്‍ തുറന്നിടുന്നു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ നാള്‍വഴികള്‍
വെസ്റ്റ് ബംഗാളിലെ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതോടൊപ്പം 2022 ആഗസ്റ്റില്‍ തൊടുപുഴയില്‍ തോട്ടപ്പണിയും, തേയില കാട്ടിലെ ജോലിയും കഴിഞ്ഞ് വരുന്ന തൊഴിലാളികള്‍ക്ക് അഞ്ച് സഭകളിലായി ഭക്ഷണം കൊടുക്കാന്‍ തുടങ്ങിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വിവിധ മേഖലകളിലേക്ക് വ്യാപിക്കുകയാണ്. പന്നിമറ്റത്ത് ഒരു കെട്ടിടം പണിയും പൂര്‍ത്തിയായി വരുന്നു.
മറ്റുള്ള പെന്തക്കോസ്ത് സഭകളില്‍ നിന്നും വ്യത്യസ്തമായാണ് പ്രവര്‍ത്തനങ്ങളുടെ ഏകീകരണം. ദൈവത്തിന്‍റെ സന്ദേശങ്ങള്‍ വിശ്വാസികളില്‍  എത്തിക്കുന്നു. എല്ലാവരോടും തുറന്ന് സംസാരിക്കുക അവരുടെ ജീവല്‍ പ്രശ്നങ്ങളില്‍ ഇടപെടുക , ദൈവനാമം മഹത്വപ്പെടുത്തുക. അതിനായി പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്

പാസ്റ്ററും കുടുംബവും, സഭയും.
സാമ്പത്തികമായ പിരിവുകള്‍ പള്ളിക്കില്ല. സന്മനസുള്ളവരുടെ ഡൊണേഷനുകള്‍ സ്വീകരിക്കും എന്ന് പറയുമ്പോഴും പാസ്റ്ററിന്‍റേയും ഭാര്യ ജെസിയുടേയും അദ്ധ്വാനത്തിന്‍റെ പ്രതിഫലവും വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വെയ്ക്കുന്നു. ഓരോ ആഴ്ചയിലും പള്ളിക്ക് ലഭിക്കുന്ന വരുമാനം അടുത്ത ആഴ്ച ഡിസ്പ്ലേ ചെയ്യും. സാമ്പത്തിക കാര്യത്തിലെ സുതാര്യത ചര്‍ച്ചിന്‍റെ വളര്‍ച്ചയ്ക്ക് പ്രധാനമെന്ന് അദ്ദേഹം ഇതിലൂടെ തിരിച്ചറിയുന്നു.


പുതിയ തലമുറയുടെ വിശ്വാസം
വിദ്യാഭ്യാസ കാലയളവില്‍ തന്നെ സുവിശേഷ വേലയ്ക്കായി രംഗത്തു വന്ന പാസ്റ്റര്‍ സിബി കുരുവിളയുടെ വലിയ ആഗ്രഹമായിരുന്നു യുവതലമുറയെ വിശ്വാസ സമൂഹത്തിന്‍റെ ഭാഗമാക്കണം എന്നത്. അറ്റ്ലാന്‍റെയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് കുട്ടികളെ കണ്ടെത്തി പഠിപ്പിക്കുന്നുണ്ട്. അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളില്‍ പോയി കുട്ടികളെ കൊണ്ടുവന്ന് സ്കൂളില്‍ ചേര്‍ത്ത് പഠിപ്പിച്ച് വിശ്വാസത്തിന്‍റെ പാതയിലേക്ക് കൊണ്ടുവരാന്‍ സാധിച്ചത് വലിയ നേട്ടം. കര്‍ത്താവുമായി ഉണ്ടാക്കിയ ഒരു ഉടമ്പടിയാണ് ഇതിനെല്ലാം കാരണമെന്ന് അദ്ദേഹം പറയുന്നു.
ക്രിസ്ത്യന്‍ സ്കൂള്‍ ഓഫ് തിയോളജിക്ക് തുടക്കം
മുളക്കുഴയില്‍ നിന്ന് കൊട്ടാരക്കരയിലേക്കും അവിടെനിന്ന് കല്‍ക്കട്ടയിലേക്കും പോയി സുവിശേഷം പഠിച്ച പാസ്റ്റര്‍ സിബി കുരുവിള പുതിയ വിദ്യാഭ്യാസ സ്ഥാപനത്തിന് അറ്റ്ലാന്‍റായില്‍ തുടക്കമിട്ടു കഴിഞ്ഞു. 'ക്രിസ്ത്യന്‍ സ്കൂള്‍ ഓഫ് തിയോളജി'. ബാച്ചിലര്‍ ഓഫ് തിയോളജി, മാസ്റ്റേഴ്സ് ഓഫ് ഡിവിനിറ്റി തുടങ്ങിയ കോഴ്സുകള്‍ക്ക് ഇതിനോടകം 10 കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ആഗസ്റ്റില്‍ ക്ലാസുകള്‍ തുടങ്ങും. സുവിശേഷം ഉള്‍ക്കൊള്ളുന്ന മാതൃകാ വിദ്യാര്‍ത്ഥികളേയും, ജീവിത വിജയം നേടാന്‍ ആത്മീയത എങ്ങനെ ഉപകരിക്കും എന്ന് തെളിയിക്കുക കൂടിയാണ് തന്‍റെ ലക്ഷ്യവും നിയോഗവുമെന്ന് ക്രിസ്ത്യന്‍ സ്കൂള്‍ ഓഫ് തിയോളജിയുടെ ഡയറക്ടര്‍ കൂടിയായ പാസ്റ്റര്‍ സിബി കുരുവിള പറയുന്നു.
പശ്ചിമ ബംഗാള്‍ ഒയാസിസ് മന്ത്രാലയങ്ങളുടെ മിഷന്‍ ഡയറക്ടറായി 1991 മുതല്‍ 2010 വരെയും ഇപ്പോള്‍ ബോര്‍ഡ് അംഗമായും തുടരുന്നു. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിന്‍റെ മിഷന്‍ ഡയറക്ടറായി 2017 മുതല്‍ 2019 വരെയും തൊടുപുഴ സെന്‍റെറിന്‍റെ സ്പോണ്‍സര്‍ മിനിസ്റ്ററായി 2022 മുതല്‍ പ്രവര്‍ത്തിക്കുന്നു. ലഭിച്ച എല്ലാ പദവികളും ക്രിസ്തുവില്‍ സമര്‍പ്പിച്ചാണ് പാസ്റ്റര്‍ സിബി കുരുവിളയുടെ മുന്നോട്ടുള്ള യാത്ര. അതുകൊണ്ടു തന്നെ അവയ്ക്കെല്ലാം ദൈവത്തിന്‍റെ കരുതലുണ്ട്.ഇതിനെല്ലാമുപരി പ്രാര്‍ത്ഥനയാണ് ജീവിതത്തിന്‍റെ രഹസ്യം എന്ന് വിശ്വസിക്കുന്നു. ഐ.പി.സി. നോര്‍ത്ത് അമേരിക്കന്‍ സൗത്ത് ഈസ്റ്റ് റീജിയന്‍റെ പ്രയര്‍ കോര്‍ഡിനേറ്റര്‍ ആയി 2018 മുതല്‍ ഇന്നുവരെയും തുടരുന്നു
സാഹിത്യ പ്രവര്‍ത്തനങ്ങള്‍, നോവല്‍ എഴുത്ത്
ലോകത്തുള്ള എല്ലാ എഴുത്തുകാരെയും ബഹുമാനിക്കുന്ന പാസ്റ്റര്‍ സിബി കുരുവിളയ്ക്ക് അല്പം സാഹിത്യ വാസനയുണ്ട്. നാളിതുവരെയുള്ള യാത്രകള്‍, അനുഭവങ്ങള്‍ എന്നിവയുടെ പശ്ചാത്തലത്തില്‍ ഒരു നോവല്‍ രചനയും ഇപ്പോള്‍ എഴുതിക്കൊണ്ടിരിക്കുന്നു. തികച്ചും വ്യത്യസ്തമായ ആഖ്യാന ശൈലിയാണ് നോവലിന്‍റേത് എന്ന് പറഞ്ഞ് കഥയുടെ സസ്പെന്‍സ് അദ്ദേഹം വെളിപ്പെടുത്തിയില്ല. ഇടയലേഖനം മാസികയുടെ ചീഫ് എഡിറ്റര്‍ ആയും ഇപ്പോള്‍ സേവനമനുഷ്ടിക്കുന്നുണ്ട് .
ദൈവം കല്‍പ്പിച്ച കുടുംബം
സുവിശേഷകന്‍ എന്ന നിലയില്‍ ജീവിതം പാസ്റ്റര്‍ സിബി കുരുവിളയ്ക്ക് മധുര സ്മരണ കൂടിയാണ്. തന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ദൈവ നിയോഗം പോലെ ഒപ്പം നില്‍ക്കുന്ന ജെസി കുരുവിള സോഫ്റ്റ്വെയര്‍ ടെക്നീഷ്യനാണ്. രണ്ട് മക്കള്‍. സാംസണ്‍ കുരുവിള (ഇലക്ട്രിക് എഞ്ചിനീയറാണ്). സണ്‍ഡേ സ്കൂള്‍ യൂത്ത് ഡയറക്ടര്‍ ആയും പ്രവര്‍ത്തിക്കുന്നു. പാസ്റ്റര്‍ സാം ചന്ദ്രശേഖരന്‍റെ മകള്‍ കെസിയയാണ് ഭാര്യ. രണ്ടാമത്തെ മകന്‍ ഷോണ്‍ കുരുവിള (കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍) ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയണ്‍ യൂത്ത് വൈസ് പ്രസിഡന്‍റും, വര്‍ഷിപ്പ് ലീഡറുമാണ്. പാസ്റ്റര്‍ സിബി കുരുവിള മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാകുന്നത് എങ്ങനെയാണ് എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു.
'ഇരുപത്തിയഞ്ചില്‍പ്പരം വര്‍ഷങ്ങളായി സ്വന്തമായി സ്ഥലമോ കെട്ടിടമോ ഇല്ലാതിരുന്ന സ്ഥാനത്ത് ദൈവം തന്നെ ഉപയോഗിച്ചതിന് ഒരായിരം നന്ദി. അത്ഭുതകരമായി എന്നെ വേര്‍തിരിച്ച ദൈവത്തോട് ഞാന്‍ നന്ദി പറയുന്നു. ദൈവത്തിന്‍റെ പദ്ധതികള്‍ അത്ഭുതകരവും അതിശയകരവുമാണ്. അത് നമുക്കായി ലഭിക്കുന്ന ദാനമാകുന്നു. അതിനെ കാത്തു പരിപാലിക്കുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്'
ഒരു മനുഷ്യന് വ്യത്യസ്തനാകാന്‍ ഇതില്‍പ്പരം എന്തുവേണം.നമുക്ക് നിസംശയം പറയാം പാസ്റ്റര്‍ സിബി കുരുവിള വിശ്വാസ സമൂഹത്തിനു ലഭിച്ച ദൈവത്തിന്‍റെ വരദാനമാകുന്നു. അദ്ദേഹം തന്‍റെ പ്രവര്‍ത്തനങ്ങള്‍ തുടരട്ടെ... പ്രാര്‍ത്ഥനകള്‍..

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.