"ആരും സമ്പന്നരായി ജനിക്കുന്നില്ല ജീവിതാനുഭവങ്ങളും പ്രവർത്തികളുമാണ് ഒരു മനുഷ്യനെ സമ്പന്നനാക്കി മാറ്റുന്നത്"
ചില ജീവിതങ്ങൾ അടയാളപ്പെടുത്തേണ്ടത് തലമുറകൾക്ക് മാതൃകയാക്കാൻ വേണ്ടിയാണ്. ഗാന്ധിയുടെ ചരിത്രം പോലെ, അംബാനിയുടെയും അംബേദ്കറിന്റെയും , അബ്‌ദുൾ കലാമിന്റെയും, എം എ യൂസഫ് അലിയുടെയും, പെലെയുടെയുമെല്ലാം ജീവിതം അത്തരത്തിൽ അടയാളപ്പെട്ടവയാണ്. ഇവരെല്ലാം ശൂന്യതയിൽ നിന്നാണ് ഇന്ന് കാണുന്ന എല്ലാ ചരിത്ര ശേഷിപ്പുകളും സൃഷ്ടിച്ചിട്ടുള്ളത്. കടുത്ത പ്രയാസങ്ങളും , ജീവിതത്തോടുള്ള അടങ്ങാത്ത സത്യസന്ധതയുമാണ് ഇവരിൽ പല മനുഷ്യരെയും നയിച്ചിട്ടുള്ളതും. അത്തരത്തിൽ നമുക്കിടയിൽ അടയാളപ്പെടേണ്ട ഒരാൾ ചിക്കാഗോയിലുണ്ട് . പോൾ വടക്കുംഞ്ചേരി എന്ന തൃശൂരുകാരൻ .അറുപത്തിയൊന്നാം വയസിൽ ബോസ്റ്റന്‍ ഇംപീരിയല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും സംരംഭക മാനേജ്‌മെന്റില്‍ ഡോക്ടറേറ്റ് നേടിയ ഒരു വലിയ മനുഷ്യൻ . ജീവിതത്തിന്റെ തീക്കനൽ നിറഞ്ഞ പകലുകളോട് പൊരുതി ജയിച്ച ആധുനിക മലയാളികളിൽ ഒരാളെ ചൂണ്ടിക്കാണിക്കാൻ പറഞ്ഞാൽ മാളയിലുള്ള മനുഷ്യരൊക്കെ പോളിനെ ചൂണ്ടിക്കാണിക്കും. ശൂന്യതയിൽ നിന്ന് അദ്ദേഹം സൃഷ്‌ടിച്ച ലോകത്തിന് അത്രത്തോളം പ്രത്യേകതകളുണ്ട്.
പോളിന്റെ ലോകം
തൃശൂർ ജില്ലയിലെ മാള എന്ന പ്രദേശത്ത് കര്‍ഷകരായ വടക്കുംഞ്ചേരി വറുതുട്ടിയുടെയും പ്രസ്തീന ദമ്പതികളുടെയും മകനായിട്ടാണ് പോൾ ജനിച്ചത്. ചെറുപ്പത്തിലെ അപ്പന്റെയും അമ്മയുടെയും കുടുംബത്തോടുള്ള സ്നേഹവും മണ്ണിനോടും മനുഷ്യരോടുമുള്ള കരുണയും കണ്ടിട്ടാണ് പോളടക്കമുള്ള ആറു മക്കളും വളർന്നത്. മാള അന്ന് തീർത്തും ഒരു കർഷക ഗ്രാമമായിരുന്നു. അതിന്റെ ചേറും ചെളിയും നിറഞ്ഞ മണ്ണിലാണ് വിയർപ്പിന്റെ വിലയറിഞ്ഞു കൊണ്ട് പോൾ വളർന്നത്.അത്ര ശുഭകരമല്ലാത്ത ഒരു കുട്ടിക്കാലം അദ്ദേഹത്തിനുണ്ടെങ്കിലും അവിടെയെല്ലാം തനിക്ക് ഉണ്ടായ കഷ്ടപ്പാടിൽ നിന്ന് ഉയരങ്ങളിൽ എത്തണമെന്ന തീവ്രമായ ആഗ്രഹം പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ തീരുമാനിച്ചു . പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം മാള കോട്ടക്കല്‍ സെന്റ് തെരേസാസ് കോളേജില്‍ നിന്ന് പ്രീഡിഗ്രി, ഡിഗ്രി എന്നിവ നേടിയപ്പോൾ അടിവരയിട്ടു "വിദ്യാധനം സർവ്വ ധനാൽ പ്രധാനം "
ബാല്യത്തിന്റെ ദാരിദ്ര്യവും അപ്പന്റെയും അമ്മയുടെയും കഷ്ടപ്പാടുകളുമാണ് പഠിച്ചു മുന്നേറാനുള്ള ഊർജ്ജമായി പോളിന്റെ മുന്നിൽ ഉണ്ടായിരുന്നത്. അപ്പന്റെയും അമ്മയുടെയും വിയർപ്പിന്റെ ഗന്ധത്തിലാണ് തങ്ങൾ സുഗന്ധം കണ്ടെത്തിയിരുന്നതെന്ന് പോൾ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ വിദ്യാഭ്യാസം തന്നെ ഏറ്റവും വലിയ ആയുധമായിട്ടാണ് പോൾ കണ്ടത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ നിന്ന് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റില്‍ പോസ്റ്റ് ഗ്രാജുവേഷനും പിന്നീട് ഐ.സി.ഡബ്ലിയു.എ. ഐ. ഇന്ററും കഴിഞ്ഞ് താന്‍ പഠിച്ച മാള കോട്ടക്കല്‍ കോളേജില്‍ തന്നെ പോൾ അന്ന് ലക്ചററായി ഔദ്യോഗിക സേവനം ആരംഭിച്ചു. അത് ജീവിതത്തിലെ മറക്കാനാവാത്ത ഏറ്റവും വലിയ നേട്ടമായിരുന്നു പോളിന് സമ്മാനിച്ചത്. വിദ്യാർത്ഥിയായിരുന്ന കോളേജിൽ തന്നെ പഠിപ്പിക്കാൻ ഭാഗ്യം ലഭിച്ചതിൽ ഈശ്വരനോടും ,ഭൂമിയിൽ ജന്മം നൽകിയ കുടുംബത്തോടും പോൾ എന്നും നന്ദി പറഞ്ഞു.
തൃശൂര്‍ ജില്ലയിലെ മേലഡൂര്‍ മില്‍ കണ്‍ട്രോള്‍സില്‍ (അന്നത്തെ കെല്‍ട്രോണ്‍) കോസ്റ്റ് അക്കൗണ്ടന്റായിട്ടാണ് പിന്നീട് പോൾ സേവനം അനുഷ്ഠിച്ചത്. എവിടെയും തങ്ങി നിൽക്കാതെ മികച്ചതിലേക്ക് യാത്ര ചെയ്യാൻ ജീവിതം അപ്പോൾ അദ്ദേഹത്തെ പഠിപ്പിച്ചിരുന്നു. ബാല്യത്തിലെ ഒരു ലക്ഷ്യം, അത് നിറവേറ്റാൻ അന്നേ മനസ്സിൽ കൊളുത്തി വച്ച തീ പോളിനെ അങ്ങനെ ജീവിതത്തിൽ ഉയർത്തിക്കൊണ്ടേയിരുന്നു.ഇളയമ്മ
റോസിയുടെ രൂപത്തിൽ ആ സഹായഹസ്തം പിറക്കുകയായിരുന്നു .
സ്വപ്നങ്ങൾക്ക് പിറകെ അമേരിക്കൻ മണ്ണിൽ
ആറു മക്കളെ വളർത്തി ജീവിതത്തിന്റെ നല്ല ദിശകളിലേക്ക് നടത്തിയ മാതാപിതാക്കളെ അതേ ഭംഗിയിൽ തന്നെ സംരക്ഷിക്കണമെന്നും. അവർ സ്വപ്നം കാണാത്തത്ര മനോഹരമായ ഒരു ജീവിതം വാർദ്ധക്യ കാലങ്ങളിൽ ഉണ്ടാകണമെന്നും പോൾ അടക്കമുള്ള ആറു മക്കളും തീരുമാനിച്ചിരുന്നു. എന്നാൽ പോളിന് മാത്രമായി മനസ്സിൽ വ്യത്യസ്തമായ ഒരുപാട് ചിന്തകൾ ഉണ്ടായിരുന്നു. തനിക്കൊപ്പം തന്റെ നാടും നാട്ടുകാരും ബന്ധുമിത്രാദികളും വളരണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അങ്ങനെയാണ് സ്വപ്നങ്ങൾക്ക് പിറകെ പോൾ അമേരിക്കയുടെ മണ്ണിലേക്ക് ജീവിതം പറിച്ചു നടുന്നത്. അമേരിക്കയില്‍ ചിക്കാഗോ ഡി പോള്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിസിനസ്സ് മാനേജ്‌മെന്റില്‍ ഉപരിപഠനം നടത്തിയ പോൾ അക്കൗണ്ടന്റായി ജോലിയില്‍ പ്രവേശിച്ചു. പുതിയ തുടക്കവും മുൻപോട്ടുള്ള പാതകളുടെ വീതിയും അപ്പോൾ ആ മനുഷ്യനെ വല്ലാതെ അത്ഭുതപ്പെടുത്തി.
1992 ൽ പ്രുഡന്‍ഷ്യല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ അമേരിക്കന്‍ ഇന്‍ഷുറന്‍സ് ഡിവിഷനില്‍ ഫിനാന്‍ഷ്യല്‍ അഡ്വൈസറായി സേവനമാരംഭിച്ചതോടെയാണ് സ്വപ്നം കണ്ട ജീവിതം പതിയെ പോളിന്റെ ജീവിതത്തിൽ പൂർത്തിയാകാൻ തുടങ്ങിയത്. ജീവിതം പതിയെ പച്ചപിടിച്ചു തളിർത്തുകൊണ്ടിരുന്ന സമയം. അമേരിക്കയാണ് ജീവിതത്തിൽ തനിക്ക് എല്ലാം നൽകിയതെന്ന് പോൾ അടിയുറച്ചു വിശ്വസിക്കുന്നു. അത്രത്തോളം അദ്ദേഹത്തിന്റെ കുടുംബത്തിലെ ഓരോ മനുഷ്യരെയും ഈ മണ്ണും ഇവിടുത്തെ സംസ്കാരവും സ്വാധീനിച്ചിട്ടുണ്ട്.ഇന്ന് ന്യൂയോർക്ക് ,കാലിഫോർണിയ ,ഫ്ലോറിഡ ,ടെക്‌സാസ് ,ജോർജിയ ,ഇല്ലിനോയിസ് ,ന്യൂജേഴ്‌സി ,ഇൻഡ്യാന,മിഷിഗൺ വിസ് കോൺസിൻ തുടങ്ങി അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ വ്യാപിച്ചു കിടക്കുന്ന നാലായിരത്തോളം കുടുംബങ്ങൾക്ക് പോളിന്റെ സേവനം ലഭിക്കുന്നുണ്ട് .ചിക്കാഗോയിലെ യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയിയിൽ നിന്നും കമ്പ്യൂട്ടര്‍ സോഫ്ട്‍വെയറിൽ ബിരുദം നേടി സോഫ്റ്റ് വെയര്‍ എഞ്ചിനീയറായി പ്രവര്‍ത്തിക്കുന്ന ദീപ ജീവിതത്തിലേക്ക് കടന്നു വന്നതോടെ സ്വപ്നങ്ങളിലേക്ക് പറക്കാനുള്ള പോളിന്റെ ചിറകുകൾക്ക് കൂടുതൽ കരുത്തുണ്ടായി.
അമേരിക്കയില്‍ ഫൊക്കാന , ഫോമ, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്, ചിക്കാഗോ മലയാളി അസോസിയേഷന്‍, ഇല്ലിനോയി മലയാളി അസോസിയേഷന്‍, കെയര്‍ ആന്റ് ഷെയര്‍, ഡെക്കാന്‍ ഫൗണ്ടേഷന്‍, സീറോ മലബാര്‍ ചർച്ച് എന്നിവയിലെ സജീവ പ്രവർത്തകനാണ് പോൾ. സംഘടനകൾക്കൊപ്പം എല്ലാ പരിപാടികൾക്കും മുൻപന്തിയിൽ നിൽക്കുകയും എല്ലാ സാംസ്കാരിക പരിപാടികളിലും തന്റെ സാന്നിധ്യം അറിയിക്കുകയും പോൾ ചെയ്തിരുന്നു. അതോടൊപ്പം തന്നെ ചിക്കാഗോയിലെ അടക്കം നിരവധി ഇടങ്ങളിലെ സാമൂഹ്യ - സേവന രംഗങ്ങളില്‍ നിറ സാന്നിദ്ധ്യമാണ് പോൾ എല്ലാക്കാലവും.
ജന്മ നാടിന്റെ വേരിൽ തീർത്ത ബിസിനസ് സാമ്രാജ്യം
താൻ വളർന്നതും തന്നെ വളർത്തിയതുമായ നാട്ടിലാണ് ഏറ്റവുമധികം സംരംഭങ്ങൾ തുടങ്ങാൻ പോൾ തീരുമാനിച്ചത് . സ്വദേശത്ത് 200 ലേറെ പേര്‍ക്ക് തൊഴില്‍ നല്‍കുന്ന വിവിധ സ്ഥാപനങ്ങൾ അമേരിക്കയിൽ നിന്ന് കൊണ്ട് തന്നെ പോൾ ആരംഭിച്ചു. കൊരട്ടിയില്‍ ഹിന്ദുസ്ഥാൻ പെട്രോളിയംഔട്ട് ലെറ്റ് , അന്നമനടയിലും കുഴൂരും ഇന്ത്യൻ ഓയിൽ ഔട്ട് ലെറ്റ് , മാളയില്‍ നയാരാ ഔട്ട് ലെറ്റ് എന്നിവ പെട്രോളിയം രംഗത്തെ പോളിന്റെ സംരംഭങ്ങളാണ്.പത്തിലധികം പെട്രോൾ പമ്പുകൾ ഉണ്ടായിരുന്നെങ്കിലും പലതും ഇപ്പോൾ മറ്റു പല ബിസിനസിലേക്കും കൺവെർട്ട് ചെയ്യാനാണ് പോൾ തീരുമാനിച്ചത്. സിന്ധു,ഗംഗ മൂവിസ് എന്ന പേരിൽ മാളയിൽ അത്യാധുനിക സജ്ജീകരണങ്ങളുള്ള ഒരു സിനിമ തിയേറ്ററും പോളിന്റേതായി ഉണ്ട്. ബിസിനസ് എന്നതിനേക്കാൾ ഇതെല്ലാം ഒരുപാട് മനുഷ്യർക്ക് തൊഴിലവസരം ലഭിക്കാനുള്ള വഴികളായിട്ടാണ് അദ്ദേഹം കാണുന്നത് .വൈസ് ഹോട്ടല്‍സ് & റിസോര്‍ട്‌സ്, പ്രെസ്റ്റ ഡി ലക്‌സ ഡെവലപ്പേഴ്‌സ് എന്നീ സ്ഥാപനങ്ങളുടെ ചെയര്‍മാനും സി.ഇ.ഒ.യുമാണ് പോള്‍ വടക്കുംഞ്ചേരി.മാളയിലെ തന്നെ ഡെക്കാൻ കുറീസ് എന്ന സ്ഥാപനം പോളിന്റെ മനസിലുദിച്ച ആശയമായിരുന്നു .തന്റെ പതിനഞ്ചാം വയസ്സിൽ മാളയിലെ നൂറോളം തൊഴിലാളികൾ ഓരോ രൂപ വീതം പോളിനെ ഏൽപ്പിക്കുകയും ആഴ്ചതോറും നറുക്കിട്ട് ഒരാൾക്ക് കൊടുക്കുന്ന നാട്ടുചിട്ടിക്ക് തുടക്കമിട്ടിരുന്നു . അമേരിക്കയിലേക്ക് വരുന്ന സമയം വരെ അത് നടത്തുകയും ചെയ്തിരുന്നു .തന്റെ ആദ്യ ബിസിനസ് സംരംഭത്തിന്റെ ഒരു വലിയ പതിപ്പാണ് ഡെക്കാൻ കുറീസ് പൈവറ്റ് ലിമിറ്റഡ് മാള .
1995 ൽ കൊച്ചിയിലെ ആദ്യകാല ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ (ISP )ആയ IPath ഇന്ത്യ ലിമിറ്റഡ് പോളിന്റെ മറ്റൊരു സംരംഭം ആയിരുന്നു .കാലം മാറുന്നതിനനുസരിച്ചു പുതിയ പുതിയ മേഖലകളിലേക്ക് പോൾ തന്റെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തുകൊണ്ടേയിരുന്നു. തിയേറ്റർ മേഖല അത്തരത്തിൽ ഉരുത്തിരിഞ്ഞ ഒന്നാണ്. വിദേശത്തു നിന്ന് നേടിയെടുത്ത ബിസിനസ് പാടവം പോളിനെ ഒരു മികച്ച സംരംഭകനാക്കി മാറ്റുന്നത് അങ്ങനെയാണ്. എന്ത് ചെയ്യുമ്പോഴും അത് ചുറ്റുമുള്ളവർക്ക് കൂടി ഉപകാരമുണ്ടാകുന്ന തരത്തിലായിരിക്കും ചെയ്യുക എന്നത് അപ്പനും അമ്മയും പകർന്നു തന്ന കരുണയിൽ നിന്ന് ഉണ്ടായതാണെന്ന് പോൾ എപ്പോഴും വിശ്വസിക്കുന്നു.
(ടി ഡി ദാസൻ സ്റ്റാൻഡേർഡ് 6 ബി )
സിനിമ സമ്മാനിച്ച സ്വപ്നാടനങ്ങൾ
തീർത്തും അവിചാരിതമായിട്ടാണ് സിനിമ പോളിൻറെ ജീവിതത്തിലേക്ക് വന്നെത്തിയതെങ്കിലും അത് കാണിച്ച അത്ഭുതങ്ങളുടെ ഒരു ഞെട്ടൽ ഇപ്പോഴും അദ്ദേഹത്തിന്റെ ജീവിത രേഖയിലുണ്ട്. കലയോട് അതിയായ സ്നേഹം ഉണ്ടായിരുന്നെങ്കിലും സുഹൃത്ത് വഴിയാണ് ഒരു സിനിമ നിർമ്മിക്കാനുള്ള ആഗ്രഹം ഉടലെടുക്കുന്നത്. മോഹൻ രാഘവൻ എന്ന എഴുത്തുകാരനും സംവിധായകനുമാണ് ദാസന്റെ കുഞ്ഞു സ്വപ്നങ്ങളുടെ ചെറിയ വലിയ കഥ പോളിനോട് പറയുന്നത്. സിനിമ എന്ന ആഗ്രഹത്തേക്കാൾ ആ കഥ പോളിനെ വല്ലാതെ ആദ്യ ഘട്ടത്തിൽ തന്നെ സ്വാധീനിച്ചിരുന്നു . അങ്ങനെയാണ് ടി ഡി ദാസൻ എന്ന കലാമൂല്യമുള്ള സിനിമ ഉണ്ടാകുന്നത്.
പതിഞ്ഞ താളത്തിൽ തുടങ്ങിയ ദാസന്റെ കഥ ഒടുവിൽ ലോകം തന്നെ അറിയപ്പെടുന്ന ഒരു സിനിമയായി പിന്നീട് മാറുകയായിരുന്നു. ദേശീയ,സംസ്ഥാന ചലച്ചിത്ര അവാർഡുകളും ന്യൂയോർക്ക് ചലച്ചിത്ര അവാർഡുകളും അടക്കം നേടിയ ചിത്രം ലോകം തന്നെ അറിയപ്പെടുന്നത്ര വളരുകയും പ്രശസ്തി നേടുകയും ചെയ്തു. ഏറ്റവും വലിയ അത്ഭുതം എന്തെന്നാൽ സിനിമയിൽ ഏറ്റവുമധികം കയ്യടി നേടിയ ദാസൻ എന്ന കഥാപാത്രം പോളിന്റെ മകൻ അലക്‌സാണ്ടര്‍ ആയിരുന്നു അഭിനയിച്ചത് .മികച്ച ബാലതാരത്തിനുള്ള അവാർഡും അലക്‌സാണ്ടർക്ക് ഈ ചിത്രത്തിലൂടെ ലഭിച്ചിരുന്നു .മോഹൻ രാഘവന്റെ സ്വപ്നങ്ങൾക്ക് പറക്കാൻ പോളും കുടുംബവും ചിറകുകൾ നൽകിയപ്പോൾ മകന്റെ കഴിവുകൾ ലോകം തിരിച്ചറിയുന്ന നിലയിലേക്കും ആ ചിത്രം വളർന്നു. സിനിമയിൽ ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രത്തെ അദ്ദേഹത്തിന്റെ മകൾ പ്രിസ്റ്റീനയും അവതരിപ്പിച്ചിരുന്നു. മോഹൻ രാഘവന്റെ മരണശേഷം പിന്നീട് സിനിമാ നിർമ്മാണത്തെ കുറിച്ച് പോൾ ചിന്തിച്ചില്ല. അദ്ദേഹത്തിന്റെ വിടവ് പോളിനെ വല്ലാതെ അലോസരപ്പെടുത്തിയിരുന്നു. പക്ഷെ സിനിമാ ലോകത്തോടുള്ള സ്നേഹം പോൾ ഉപേക്ഷിച്ചില്ല, അതുകൊണ്ട് തന്നെ എക്‌സൈബിട്ടേഴ്‌സ് അസോസിയേഷനിലും, പ്രൊഡ്യൂസെർസ് അസോസിയേഷനിലും പോൾ പ്രവർത്തിക്കുന്നുണ്ട്.
അറുപത്തിയൊന്നാം വയസില്‍ ഡോക്ടറേറ്റ്
തൻ്റെ 61-ാം വയസിലാണ് പോൾ വടക്കുംഞ്ചേരി ഡോക്ടറേറ്റ് നേടുന്നത്. ബോസ്റ്റന്‍ ഇംപീരിയല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും സംരംഭക മാനേജ്‌മെന്റില്‍ ആണ് ഇദ്ദേഹത്തിന് ഡോക്ടറേറ്റ് ലഭിച്ചത്. ഗോവയിലെ റാഡിസണ്‍ കണ്‍ട്രി സ്വൂട്ട് ഇന്‍ല്‍ വച്ച് നടന്ന ചടങ്ങിലാണ് തന്റെ ജീവിതത്തെയും നേട്ടങ്ങളെയും അപ്പന്റെയും അമ്മയുടെയും അനുഗ്രഹത്തെയും സാക്ഷിനിർത്തി പോൾ ഡോക്ടറേറ്റ് സ്വീകരിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 12 പേര്‍ക്കാണ് അന്ന് ഈ അംഗീകാരം ലഭിച്ചത്. ഐസിഎഫ്എഐ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ജഗനാഥ് പട്‌നായിക്, റേഡിയന്റ് ഗ്രൂപ്പ് പ്രസിഡണ്ട് ഡോ. രത്‌നാകര്‍ ആഹിര്‍, ആന്ധ്രാപ്രദേശ് ഐ ടി വിഭാഗം മേധാവി ഡോ. ശ്രീധര്‍ റെഡ്ഡി, ഡെല്‍ഹി മുന്‍ മേയര്‍ ഡോ. മുകേഷ് സൂര്യന്‍ എന്നിവര്‍ ചേര്‍ന്നാണ് പോളിന് ഡോക്ടറേറ്റ് സമ്മാനിച്ചത്.
മൺസൂൺ പാലസിലെ സ്റ്റാച്യൂ ഓഫ് ലിബർട്ടി!
ന്യൂയോർക്കിലെ സ്റ്റാച്യൂ ഓഫ് ലിബർട്ടി മാളയിലുമുണ്ട് എന്ന് പറഞ്ഞാൽ നിങ്ങൾ ആരെങ്കിലും വിശ്വസിക്കുമോ? . പോള്‍ വടക്കുംഞ്ചേരിയുടെ വീട്ട് മുറ്റത്താണ് 20 അടി ഉയരത്തിൽ സ്റ്റാച്യൂ ഓഫ് ലിബർട്ടി മാതൃക സൃഷ്ടിച്ചിരിക്കുന്നത്.മൺസൂൺ പാലസ് എന്ന് പേരിട്ടിരിക്കുന്ന ഈ കൊട്ടാരസദൃശ്യമായ വീട് അധികമാരും കണ്ടിട്ടുണ്ടാവില്ല .
ഫ്രഞ്ചുകാരും അമേരിക്കക്കാരും തമ്മിലുള്ള അടുപ്പത്തിന്റെ അടയാളമാണെങ്കിൽ മാളയും അമേരിക്കയും തമ്മിൽ നാല് പതിറ്റാണ്ടോളമായി തുടരുന്ന ആത്മ ബന്ധത്തിന്റെ ഓർമ്മക്കായിട്ടാണ് അദ്ദേഹം തന്റെ വീടിനു മുൻപിൽ ഈ ശിൽപ്പം പണിതിരിക്കുന്നത് . തനിക്ക് ജീവിത വിജയം നൽകിയതിന്റെ നന്ദി സൂചകമായിട്ടാണ് അമേരിക്കയുടെ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായ സ്റ്റാച്യൂ ഓഫ് ലിബർട്ടിയുടെ മാതൃക വീടിന് മുമ്പിൽ സ്ഥാപിച്ചത്. ഗ്രീക്ക്, റോമൻ സംസ്കാരങ്ങളിലെ വേറെയും പ്രതിമകൾ ഇവിടെയുണ്ട് .
രണ്ട് വർഷത്തോളം എടുത്താണ് പോളിന്റെ മുറ്റത്ത് പ്രതിമ സ്ഥാപിച്ചത്. മേലഡൂർ കൂര്യാക്കാടൻ പവിത്രൻ ആണ് ഈ മനോഹര ശില്പങ്ങളുടെ ശില്പി.
ചുറ്റുമുള്ളവർക്കുവേണ്ടിയുള്ള ജീവിതം
സമൂഹത്തിനും ചുറ്റുമുള്ളവർക്കും വേണ്ടി പോൾ വടക്കുംഞ്ചേരി നടത്തിയ പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണ്.നിരവധി കുടുംബങ്ങൾക്ക് അത്താണിയായി മാറിയ അദ്ദേഹം എന്നും ഇപ്പോഴും നിരാലംബർക്കൊപ്പം നിലകൊള്ളുന്നു .താൻ കടന്നുവന്ന വഴികളിലെ മുള്ളുകൾ മറ്റൊരാൾ ചവിട്ടരുത് എന്ന ചിന്തയിൽ നൂറുകണക്കിന് കുടുംബങ്ങൾക്കാണ് ജോലിയായും മറ്റു സഹായങ്ങളായും അദ്ദേഹം കാവലാൾ ആകുന്നത് .ഏത് കാര്യത്തെയും സൗമ്യതയോടെ നേരിടുന്ന ഇദ്ദേഹം ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ പോലും ശത്രുക്കളെ സൃഷ്ടിച്ചിട്ടില്ല. ആരെയും അറിഞ്ഞോ അറിയാതെയോ പോലും വേദനിപ്പിക്കരുത് എന്ന ചിന്ത എപ്പോഴും പോൾ തന്റെ ജീവിതത്തിൽ സൂക്ഷിക്കുന്നുണ്ട്. ഇരുന്നൂറിലധികം വരുന്ന കുടുംബങ്ങൾ ഇന്ന് പോളിന്റെ സേവനങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നുണ്ട്. അവരെല്ലാം അദ്ദേഹത്തിന്റെ സേവനത്തിൽ സന്തുഷ്ടരാണ്.
കുടുംബം-ശക്തി
Mala brothers @Chicago
പോൾ വടക്കുംഞ്ചേരിയുടെ സ്വപ്ന ലോകം എന്നും ഏപ്പോഴും കുടുംബമാണ് .കടന്നുവന്ന വഴികളിലെ കുടുംബ സാന്നിധ്യം താൻ അമേരിക്കൻ മണ്ണിലേക്ക് ചേക്കേറിയപ്പോഴും മനസിൽ സൂക്ഷിക്കുകയും തന്റെ കുടുംബത്തെയും ,ബന്ധുമിത്രാദികളെയും ,ചില നാട്ടുകാരെയും അമേരിക്കൻ മണ്ണിലെത്തിച്ചു ജീവിതത്തിന്റെ മറ്റൊരു ലോകം അവർക്കും കാണിച്ചുകൊടുക്കുവാൻ അദ്ദേഹം തയ്യാറായി .ഇരുന്നൂറിലധികം കുടുംബാംഗങ്ങളെയും ബന്ധുമിത്രാദികളെയും ഒരു ചരടിൽ കോർത്തിണക്കാൻ Mala brothers @Chicago എന്നപേരിൽ കൂട്ടായ്മയും ഒരു വാട്സ് ആപ് ഗ്രൂപ്പും ഉണ്ടാക്കി അവരുടെ പ്രിയപ്പെട്ട പോളേട്ടൻ,ഡോ.പോൾ വടക്കുംചേരിയായി നിലകൊള്ളുമ്പോഴും അദ്ദേഹം കടന്നുവന്ന വഴികൾ ആരും ഓർമ്മി ച്ചെടുക്കും.സഹോദരങ്ങളായ ജോസ് - തങ്ക, മൂന്ന് മക്കൾ, ജോണി - സുമി , രണ്ട് മക്കൾ, തോമസ് -ബിൻസി , മകൻ , ജെസി - ഷാജി, രണ്ട് മക്കൾ എന്നിവർ ചിക്കാഗോയിലും,വിൽസൺ - സുമി , മൂന്ന് മക്കൾ ടെക്സാസിലുമായി താമസിക്കുന്നു.പിതാവ് 2018 ൽ മരിച്ച ശേഷം അമ്മ തറവാട്ടിൽ തന്നെ താമസം. മക്കൾ ആരെങ്കിലും എല്ലാ സമയത്തും അമ്മയ്ക്കൊപ്പം ഉണ്ടാകും. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിലും അമ്മയ്ക്ക് എല്ലാത്തരത്തിലുള്ള തൃപ്തിയും മക്കൾ നൽകുന്നു. അവിടെയാണ് തന്റെ സമാധാനം നിലകൊള്ളുന്നതെന്ന് പോൾ വടക്കുംഞ്ചേരി പറയുന്നു.
ചിക്കാഗോയിലെ യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയ്‌സില്‍ നിന്നും കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയറിൽ ബിരുദം നേടി സോഫ്റ്റ് വെയര്‍ എഞ്ചിനീയറായി പ്രവര്‍ത്തിക്കുന്ന ദീപയാണ് പോളിന്റെ ജീവിതത്തിലെ മറ്റൊരു നേട്ടം.തന്റെ ജീവിതത്തിന്റെ രണ്ടാം ഘട്ടത്തിന്റെ കാവലാൾ ആണ് ദീപ .ദീപയുടെ പിന്തുണ ഈ വളർച്ചയിൽ വലിയ നാഴികക്കല്ലാണെന്നു അദ്ദേഹം വിശ്വസിക്കുന്നു .മക്കൾ-ന്യൂയോര്‍ക്കില്‍ മെഡിസിനിൽ രണ്ടാം വര്‍ഷ എം.ഡി. ചെയ്യുന്ന ഡോ. പ്രിസ്റ്റീന റോസ്, പാലക്കാട് മെഡിസിനിൽ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന ഡോ. അലക്‌സാണ്ടര്‍, ഫ്‌ളോറിഡയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ അമല ഗ്രേസ്,ചിക്കാഗോയിൽ 12-ാം ക്ലാസില്‍ പഠിക്കുന്ന അമൃത എലിസബത്ത് എന്നിവരും എപ്പോഴും കരുത്തായി കൂടെയുണ്ട്.
ജീവിതം അതിന്റെ ഏറ്റവും ഭംഗിയുള്ള മുഖം ചില മനുഷ്യർക്ക് മുൻപിൽ മാത്രമേ പ്രദർശിപ്പിക്കൂ. ദാരിദ്ര്യവും കഷ്ടപ്പാടും കടന്ന് വിജയിച്ചു നിൽക്കുന്നവരായിരിക്കും അവർ. പോളിന് ഒരുപക്ഷെ തന്റെ ജീവിതം തീർത്തും സാധാരണമാക്കി മാറ്റാമായിരുന്നു. പക്ഷെ അദ്ദേഹം സ്വപ്നം കണ്ടത്, ഉയരങ്ങൾ മാത്രമായിരുന്നു. ഇന്ന് എല്ലാം നേടി സമാധാനത്തോടെ ജീവിക്കുമ്പോൾ അപ്പനെ പൊന്നുപോലെ മരണം വരെ നോക്കിയല്ലോ എന്ന ആത്മസംതൃപ്തി അദ്ദേഹത്തിനുണ്ട്. അമ്മച്ചിയെ മാനസികമായി ഏറ്റവും ഭംഗിയുള്ള നിമിഷങ്ങൾ ആസ്വദിക്കുന്ന ഒരാളാക്കി മാറ്റാൻ കഴിഞ്ഞതിലെ നിർവൃതിയുണ്ട്.
പോളിന്റെ ജീവിതയാത്ര നിധി തേടിയുള്ള ആൽക്കെമിസ്റ്റ് എന്ന നോവലിന് സമാനമാണ്. ആഗ്രഹത്തിന്റെ തീവ്രത, നേടിയെടുത്തേ മതിയാകൂ എന്ന വാശി, അത് ഒരു ലോകത്തെ മുഴുവൻ അദ്ദേഹത്തിന് പിറകിൽ അണി നിരത്തി എന്നതാണ് സത്യം .സത്യത്തിനു പിറകെ സത്യസന്ധനായ ഒരാൾ നടത്തിയ യാത്രയുടെ ചിത്രമാണിത് .ഈ ചിത്രങ്ങൾ നിങ്ങൾ മനസിൽ സൂക്ഷിക്കുക ,ജീവിതത്തിൽ പകർത്തുക .വിജയത്തിന്റെ വഴികൾ നിങ്ങൾക്കായി ഈശ്വരൻ തുറന്നിടും .പോൾ വടക്കുംഞ്ചേരിയുടെ ജീവിതം നൽകുന്ന പാഠം അതാണ് .
ഇനിയും അദ്ദേഹത്തിന് നിരവധി മനുഷ്യരുടെ വഴികാട്ടിയാകാൻ ഈശ്വരൻ അനുഗ്രഹങ്ങൾ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.