' ശക്തമായ ബോധ്യങ്ങള്‍ മഹത്തായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും '
അമേരിക്കൻ മലയാളികളുടെ ചരിത്രം രേഖപ്പെടുത്തുന്ന അവസരത്തില്‍ ഒന്നാമത് എഴുതേണ്ട ഒരു പേരുകാരനുണ്ട് ഡാളസില്‍. ഫിലിപ്പ് ചാമത്തില്‍. ഫോമയുടെ 2018-2020 കാലയളവില്‍ ഫോമയെ നയിച്ച പ്രസിഡന്‍റ്. അമേരിക്കന്‍ മലയാളി സംഘടനാ ചരിത്രത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഏറ്റവും മികച്ച മാതൃക ലോകത്തിന് സമ്മാനിച്ച ഒരു ടീമിനെ നയിച്ച അമരക്കാരന്‍.
ഫിലിപ്പ് ചാമത്തിലിന്‍റെ ജീവിതമല്ല, മറിച്ച് ഒരു ജീവിതം എങ്ങനെ മറ്റുള്ളവര്‍ക്ക് മാതൃകയാകുന്നു എന്ന് അദ്ദേഹം ഏറ്റെടുത്ത ഓരോ പ്രവര്‍ത്തനങ്ങളും നമുക്ക് കാട്ടിത്തരുന്നു.
തിരുവല്ല, ചെങ്ങരൂര്‍ പോസ്റ്റ് മാസ്റ്ററും വ്യവസായിയുമായിരുന്ന സി.സി. ചാക്കോയുടേയും പെണ്ണമ്മ ചാക്കോയുടേയും മകനായ ഫിലിപ്പ് ചാമത്തില്‍ അമേരിക്കന്‍ എയര്‍ലൈന്‍സില്‍ മെക്കാനിക്കല്‍ ഡിപ്പാര്‍ട്ടുമെന്‍റില്‍ ഉദ്യോഗസ്ഥനായിരുന്നു. മൂന്നു പതിറ്റാണ്ടിലധികമായി സജീവ സംഘടനാ പ്രവര്‍ത്തകനായി സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് എത്തിയ അദ്ദേഹം ഇപ്പോഴും സജീവമായി മുന്നോട്ട്. പതിനേഴ് വര്‍ഷമായി സ്വന്തം ഹെല്‍ത്ത് കെയര്‍ സ്ഥാപനത്തിലൂടെ സേവന രംഗത്തും സജീവമാകുമ്പോള്‍ ജീവിതം സാമൂഹ്യ, ജീവകാരുണ്യ മേഖലയില്‍ സമര്‍പ്പിതമായിരിക്കുന്നു എന്ന് വിലയിരുത്താം. ഫോമയുടെ പ്രാദേശിക, ദേശീയ തലത്തിലും, ഡാളസിലെ സാമൂഹ്യ സാംസ്കാരിക മേഖലയിലെ പ്രവര്‍ത്തനങ്ങളിലൂടെയും ഫോമയുടെ അമരത്തേക്ക് വരുമ്പോള്‍ ഫിലിപ്പ് ചാമത്തിലിന് ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു. ചാരിറ്റിക്ക് മുന്‍തൂക്കം നല്‍കുകയും ഫോമയെ ആഗോള തലത്തില്‍ അറിയപ്പെടുന്ന, അടയാളപ്പെടുത്തുന്ന സംഘടനയാക്കി മാറ്റുക എന്നതായിരുന്നു ലക്ഷ്യം. രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ കൊട്ടിക്കലാശമായ നാഷണല്‍ കണ്‍വന്‍ഷന്‍ ഒരു ക്രൂസ് കണ്‍വന്‍ഷനാക്കി വ്യത്യസ്തമായ ഒരാഘോഷം ആക്കി മാറ്റുക എന്നതായിരുന്നു അദ്ദേഹത്തിന്‍റെ ലക്ഷ്യം. പ്രസിഡന്‍റായി ചുമതലയേറ്റ് നാട്ടിലെത്തി മദ്ധ്യ തിരുവിതാംകൂറിലും കേരളത്തിന്‍റെ മൂന്ന് മേഖലകളിലായി ഫോമയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ വേണ്ട നടപടികള്‍ തുടങ്ങിയപ്പോഴായിരുന്നു കേരളത്തെ ദുഃഖത്തിലാഴ്ത്തി 2018-ലെ വെള്ളപ്പൊക്കം ഉണ്ടാകുന്നത്.
മനസ്സ് മരവിച്ച ദിനങ്ങള്‍ കരുതലായി
സഹോദരങ്ങള്‍ക്കൊപ്പം
2018-ലെ പ്രളയത്തിന്‍റെ തുടക്കം വലിയ ആശങ്കകള്‍ ഉണ്ടാക്കിയില്ലങ്കിലും മഴ കനത്തപ്പോള്‍ സത്യത്തില്‍ ഭയം ഉണ്ടാക്കിയ ഒന്നായിരുന്നു. മദ്ധ്യ തിരുവിതാംകൂറില്‍ ഫോമയുടെ ചില പരിപാടികള്‍ നടപ്പിലാക്കുവാന്‍ തയ്യാറായി നില്‍ക്കെയാണ് പെരുമഴ എല്ലാം തകിടം മറിച്ചത്. സഹപ്രവര്‍ത്തകരായ ജെയിന്‍ കണ്ണച്ചാന്‍പറമ്പില്‍, വിന്‍സന്‍റ് ബോസ്, സജു, ശശിധരന്‍ നായര്‍ എന്നിവര്‍ നാട്ടിലുള്ള സമയമായിരുന്നു. പ്രളയത്തിന്‍റെ എല്ലാ കെടുതികളും നേരില്‍ കണ്ട നിമിഷങ്ങള്‍. എല്ലാവരെയും കോ- ഓര്‍ഡിനേറ്റ് ചെയ്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. പ്രസിഡന്‍റ് എന്ന നിലയില്‍ ഒരു നിര്‍ദ്ദേശമെ നല്‍കിയുള്ളു. പ്രയാസം അനുഭവിക്കുന്ന ഒരു മനുഷ്യനും ഒരു കുറവും ഉണ്ടാകരുത്. നമുക്ക് ആകുന്നത് ചെയ്യുക, സഹജീവികളെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുക. ഫോമയുടെ എല്ലാ പ്രവര്‍ത്തകരും ഒരേ മനസ്സോടെ പ്രവര്‍ത്തിച്ചു. ഭക്ഷ്യ ധാന്യങ്ങള്‍ ക്ലീനിംഗ് ഉപകരണങ്ങള്‍ തുടങ്ങി നാല് ജില്ലകളിലായി പതിനായിരത്തിലധികം അര്‍ഹതയുള്ള ആളുകള്‍ക്ക് നേരിട്ട് എത്തിക്കുവാന്‍ സാധിച്ചു. പ്രളയത്തിന്‍റെ എല്ലാ ബുദ്ധിമുട്ടുകളും നേരില്‍കണ്ട നിമിഷങ്ങള്‍. പക്ഷെ ആ നിമിഷങ്ങളില്‍ മനസ്സിനെ വേട്ടയാടിയ ഒന്നായിരുന്നു പലരുടേയും വീടുകള്‍ വെള്ളം കയറി ഇല്ലാതായത്. സ്വന്തം വീടും ഉപേക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പിലേക്ക് ചേക്കേറിയവരുടെ കണ്ണുനീര്‍, അവരുടെ ആത്മരോഷം. നേരില്‍കണ്ട അനുഭവങ്ങള്‍ വിശദീകരിക്കുന്നതിലുപരി നമ്മളൊക്കെ ജീവിക്കുന്ന സാഹചര്യങ്ങളില്‍ നിന്നും പരിതാപകരമായ അവസ്ഥയിലാണല്ലോ നമ്മുടെ സഹോദരങ്ങള്‍ ജീവിക്കുന്നത് എന്ന തോന്നലില്‍നിന്ന് ഒരു പുതിയ ആശയം ഉടലെടുക്കുന്നു. പ്രളയത്തിലകപ്പെട്ടവര്‍ക്ക് വേണ്ട സഹായവുമായി ഓടി നടക്കുമ്പോള്‍ ശാശ്വതമായ ഒരു പരിഹാരത്തിലേക്ക് ഞങ്ങള്‍ നടന്നടുത്തു. അതാണ് ഫോമാ വില്ലേജ്.
ഫോമാ വില്ലേജ് ഒരു ലോക മാതൃക
അടച്ചുറപ്പുള്ള വീട് ഏതൊരു മനുഷ്യന്‍റെയും ഏറ്റവും വലിയ ആഗ്രഹമാണ്. പ്രളയം വന്ന് പുരയ്ക്ക് മീതെ ഒഴുകിയപ്പോഴും ലോകമലയാളികളുടെ പ്രാര്‍ത്ഥന ഒരു വീടും നശിച്ചു പോകരുതേ എന്നായിരുന്നു. എല്ലാം പഴയതുപോലെ തിരിച്ചു കിട്ടാനായിരുന്നു. പക്ഷെ വെള്ളം കൊണ്ടുപോയത് എത്രയെത്ര ജീവനുകള്‍, എത്രയെത്ര വീടുകള്‍. എല്ലാം നേരില്‍ കണ്ട നിമിഷങ്ങള്‍ ഇപ്പോഴും ഫിലിപ്പ് ചാമത്തിലിന്‍റെ മനസ്സിലുണ്ട്. വള്ളത്തിലും ബോട്ടിലുമൊക്കെ സഹായവുമായി തിരുവല്ല, നിരണം, കടപ്രയിലൊക്കെ ഞങ്ങള്‍ എത്തുമ്പോള്‍ എല്ലാവരുടെയും കണ്ണില്‍ പ്രതീക്ഷയുടെ പുതുവെളിച്ചം കണ്ടു. ഞങ്ങള്‍ക്ക് അടച്ചുറപ്പുള്ള ഒരു വീടു വേണം. ഒരു വെള്ളപ്പൊക്കത്തിനും നശിപ്പിക്കാന്‍ പറ്റാത്ത വീട്.
അന്തസ്സായി ഒരു വീട്ടില്‍ കഴിയുക എന്നത് ഒരു സങ്കല്പമല്ല, അത് ഒരു യാഥാര്‍ത്ഥ്യമാക്കി മാറ്റുക എന്ന ഒറ്റ ചിന്തയില്‍ നിന്ന് ഫോമയുടെ അടയാളപ്പെടുത്തലായി കുറെയേറെ വീടുകള്‍. അങ്ങനെ ഫോമാ വില്ലേജ് പ്രോജക്ടിന് തുടക്കമായി.
ഫോമ തിരുവല്ല കടപ്ര, മലപ്പുറം വില്ലേജ് പ്രോജക്ടുകള്‍
കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം അമേരിക്കയിലെത്തി വിളിച്ചു ചേര്‍ത്ത ആദ്യത്തെ നാഷണല്‍ കമ്മിറ്റി അദ്ദേഹത്തിന് മറക്കാന്‍ പറ്റില്ല. ആ കമ്മിറ്റിയില്‍ ഫോമ വില്ലേജ് പ്രോജക്ട് എന്ന ആശയം അവതരിപ്പിച്ചപ്പോള്‍ ഫ്ളോറിഡയില്‍ നിന്നുള്ള നാഷണല്‍ കമ്മിറ്റി അംഗം പൗലോസ് കുയിലാടന്‍ പിന്തുണയ്ക്കുകയും, എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. അപ്പോഴാണ് ഏറ്റവും സുപ്രധാനമായ ഒരു ഓഫറുമായി മറ്റൊരു നാഷണല്‍ കമ്മിറ്റി അംഗമായ നോയല്‍ മാത്യു വരുന്നത്. അദ്ദേഹത്തിന്‍റെ നിലമ്പൂരില്‍ ഉള്ള ഒരേക്കര്‍ വസ്തു ഫോമ വില്ലേജ് പ്രോജക്ടിനായി വിട്ടുനല്‍കാന്‍ തയ്യാറായത്. നമ്മള്‍ ഒരു തിരി കൊളുത്തുമ്പോള്‍ ഒരായിരം തിരി കൊളുത്താന്‍ തയ്യാറായി ഒപ്പം ചിലര്‍ വരുമ്പോള്‍ നമുക്ക് ലഭിക്കുന്ന ഊര്‍ജ്ജം ഉണ്ടല്ലോ. അത്തരമൊരു നിമിഷമായിരുന്നു അത്. ഫോമ വില്ലേജ് പ്രോജക്ടിന്‍റെ സമഗ്രമായ തുടക്കം അവിടെ നിന്നായിരുന്നു. തിരുവല്ല കടപ്ര മലപ്പുറം പ്രോജക്ടുകള്‍ 2019-ല്‍ തന്നെ പൂര്‍ത്തിയായി താക്കോല്‍ ദാനം നടത്തിയത് വരെയുള്ള കാര്യങ്ങള്‍ ചരിത്രം രേഖപ്പെടുത്തിക്കഴിഞ്ഞു. ഒറ്റവാക്കില്‍ പറഞ്ഞാല്‍ കൂട്ടായ പരിശ്രമം. ഒരേ മനസ്സോടെ, ഒത്തൊരുമയോടെ നടത്തിയ പ്രവര്‍ത്തനങ്ങളുടെ വിജയമാണ് ഫോമ വില്ലേജ് പ്രോജക്ടുകള്‍. നിരവധി വീടുകള്‍ക്കുള്ള ഓഫറുകള്‍ അംഗ സംഘടനകളും വ്യക്തികളും നല്‍കി. തുടര്‍ന്ന് അനിയന്‍ ജോര്‍ജ്, ഉണ്ണികൃഷ്ണന്‍, ജോസഫ് ഔസോ, ബിജു തോണിക്കടവില്‍, നോയല്‍ മാത്യു തുടങ്ങിയവര്‍ അംഗങ്ങളായി വിപുലമായ ഒരു വില്ലേജ് കമ്മിറ്റി നിലവില്‍ വന്നു. പ്രസ്തുത കമ്മിറ്റിയുടെയും, ഫോമാ നാഷണല്‍ കമ്മിറ്റിയുടേയും, വിവിധ ഫോമ റീജിയനുകളുടേയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം മൂലം നാല്‍പ്പത് വീടുകള്‍ പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് നിര്‍മ്മിച്ചു നല്‍കുവാന്‍ സാധിച്ചു. പത്തനംതിട്ട ജില്ലാ കലക്ടര്‍ പി.ബി. നൂഹ്, കടപ്ര പഞ്ചായത്ത് പ്രസിഡന്‍റ്, അംഗങ്ങള്‍, മലപ്പുറം പ്രോജക്ടിന്‍റെ ഭാഗമായ പഞ്ചായത്ത് പ്രവര്‍ത്തകര്‍, നോയലിന്‍റെ സുഹൃത്തുക്കള്‍ നാട്ടുകാര്‍ തുടങ്ങിയവര്‍, ഫോമാ റീജിയണുകള്‍ കൂടാതെ ചില അമേരിക്കന്‍ മലയാളി സുഹൃത്തുക്കള്‍, അഭ്യുദയ കാംക്ഷികള്‍ തുടങ്ങിയവര്‍ ഫോമയ്ക്കൊപ്പം, ഈ പദ്ധതിക്കൊപ്പം കൂടിയതോടെ വില്ലേജ് പ്രോജക്ട് പരിപൂര്‍ണ്ണതയില്‍ എത്തുകയായിരുന്നു. പ്രോജക്ട് പൂര്‍ത്തീകരിക്കുവാന്‍ വേണ്ട സഹായം നല്‍കിയ മുന്‍ ഡി.ജി.പി ജേക്കബ് പുന്നൂസ്, അഡ്വ. ആര്‍. സനല്‍കുമാര്‍, കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷിബു വര്‍ഗീസ്, ഫോമാ വില്ലേജ് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ അനില്‍ ഉഴത്തില്‍, അമേരിക്കയിലെയും കേരളത്തിലെയും പത്ര, ദൃശ്യ, ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ എന്നിവരെയും ഈ സമയത്ത് ഞാന്‍ ഓര്‍മ്മിക്കുന്നു. ഫോമാ ജനറല്‍ സെക്രട്ടറി ജോസ് ഏബ്രഹാം, ട്രഷറര്‍ ഷിനു ജോസഫ്, വൈസ് പ്രസിഡന്‍റ് വിന്‍സന്‍റ് ബോസ് മാത്യു, ജോ. സെക്രട്ടറി സജു ജോസഫ്, ജോ. ട്രഷറര്‍ ജെയിന്‍ കണ്ണച്ചാന്‍പറമ്പില്‍, നാഷണല്‍ കമ്മിറ്റി, ജുഡീഷ്യറി കൗണ്‍സില്‍, കംപ്ലെയിന്‍റ്സ് കൗണ്‍സില്‍, അഡ്വൈസറി കൗണ്‍സില്‍, ഫോമയുടെ അംഗ സംഘടനകള്‍ തുടങ്ങി അമേരിക്കന്‍ മലയാളികളുടെ പിന്തുണയും ഈ വിജയത്തിന് പിന്നിലുണ്ട്.
തണലായി തണല്‍
ഒരു പദ്ധതി പ്രഖ്യാപിക്കാന്‍ വളരെ എളുപ്പമാണ്. പക്ഷെ അത് നടപ്പില്‍ വരുത്താന്‍ കൂട്ടായ പരിശ്രമം വേണം. ഫോമാ തിരുവല്ല വില്ലേജ് പ്രോജക്ടിനൊപ്പം അതിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് കോഴിക്കോട് തണല്‍ ആണ്. തുടക്കം മുതല്‍ ഈ നിമിഷം വരെ തണലിന്‍റെ പ്രവര്‍ത്തങ്ങള്‍, അവരുടെ ജോലിക്കാര്‍, ഭാരവാഹികള്‍ എല്ലാവരും വളരെ ആത്മാര്‍ത്ഥതയോടെ ഫോമയുടെ വിജയത്തിനായി, അതിലുപരി വീടില്ലാത്ത നമ്മുടെ സഹോദരങ്ങള്‍ക്ക് കൂടൊരുക്കുന്നതില്‍ സഹായവുമായി ഒപ്പം നിന്ന് പ്രവര്‍ത്തിച്ചു. എത്ര നന്ദി പറഞ്ഞാലും തീരില്ല തണലിനോട്. വാക്കുകളില്‍ ഒതുക്കാനാവില്ല തണലിന്‍റെ പിന്തുണയ്ക്കുള്ള കടപ്പാട്.
നവകേരളത്തിന് മുതല്‍ക്കൂട്ട്
2018 ആഗസ്റ്റ് മാസം 15-ന് കേരളത്തെ പിടിച്ചു കുലുക്കിയ മഹാപ്രളയത്തിന്‍റെ ബാക്കിപത്രം എന്ന് പറയുന്നത് നഷ്ടങ്ങളുടെ കണക്ക് മാത്രമാണ്. ഈ നഷ്ടങ്ങള്‍ക്ക് പരിഹാരം കാണുവാനാണ് കേരളാ ഗവണ്‍മെന്‍റ് നവകേരളം പദ്ധതിക്ക് രൂപം കൊടുത്തത്. ഈ പദ്ധതിക്ക് സഹായകമായി ഒന്നാമതായി പൂര്‍ത്തിയാക്കപ്പെട്ട പ്രോജക്ട് കൂടിയായിരുന്നു ഫോമ വില്ലേജ് പ്രോജക്ട്. അതുകൊണ്ടു തന്നെ ഭാവികേരളത്തിന്‍റെ ഭവന പ്രോജക്ടുകള്‍ക്ക് താങ്ങും തണലും മാതൃകയുമായി ഈ പ്രോജക്ട് നിലനില്‍ക്കുന്നു എന്നത് വലിയ സന്തോഷം നല്‍കുന്നു.
ഏറ്റവും വലിയ ഭവന നിര്‍മ്മാണ തുടര്‍ പ്രോജക്ട്
നാല്‍പ്പത് വീടുകള്‍ വീടില്ലാത്ത കുടുംബങ്ങള്‍ക്കായി നിര്‍മ്മിച്ചു നല്‍കിയ ബൃഹത്തായ ഒരു പദ്ധതി. കടപ്ര വില്ലേജില്‍ നടപ്പിലാക്കിയ പദ്ധതിയുടെ പിന്നില്‍ ഒരു ജനവിഭാഗത്തിന്‍റേയും, കേരളത്തിന്‍റേയും വേദനയുടെ ചരിത്രമുണ്ട്. രണ്ട് മഹാപ്രളയങ്ങളെ അതിജീവിച്ച ഒരു സമൂഹത്തെ താങ്ങും തണലും നല്‍കി കൈപിടിച്ച് ഉയര്‍ത്തുകയായിരുന്നു ഫോമ. എന്നും ഫോമാ പ്രവര്‍ത്തകര്‍ക്കും, അമേരിക്കന്‍ മലയാളികള്‍ക്കും, പ്രവാസി മലയാളികള്‍ക്ക് ഓരോരുത്തര്‍ക്കും സധൈര്യം സമൂഹത്തിന് ചൂണ്ടിക്കാണിക്കുവാന്‍ പറ്റുന്ന ഒരു പ്രോജക്ട് ആയിരുന്നു ഫോമാ വില്ലേജ് പ്രോജക്ട്. ഫോമ നാഷണല്‍ കമ്മിറ്റി, ജനറല്‍ ബോഡി, റീജിയണല്‍ കമ്മിറ്റികളുടെ അകമഴിഞ്ഞ സഹകരണത്തിലൂടെ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച് ചുരുങ്ങിയ സമയംകൊണ്ട്, 2019 ജൂണ്‍ രണ്ടിന് കേരളാ കണ്‍വന്‍ഷന്‍ സമയത്ത് മുഴുവന്‍ വീടുകളുടേയും നിര്‍മ്മാണം പൂര്‍ത്തിയാക്കി താക്കോല്‍ ദാനം നിര്‍വ്വഹിച്ച മഹനീയ മുഹൂര്‍ത്തം മറക്കുവതെങ്ങനെ. ഇതൊരു തുടര്‍ പ്രോജക്ടായി ഫോമായുടെ തുടര്‍ കമ്മിറ്റികള്‍ മുന്നോട്ടു കൊണ്ടു പോകുമ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ ഭവന നിര്‍മ്മാണ പ്രോജക്ടായി മാറും എന്ന കാര്യത്തില്‍ സംശയമില്ല.
പ്രവാസി മലയാളി സംഘടനാ ചരിത്രത്തിലെ ഏറ്റവും വലിയ മെഡിക്കല്‍ ക്യാമ്പ്
ഹൂസ്റ്റണില്‍ നിന്നുള്ള 'ലെറ്റ് ദം സ്മൈല്‍ എഗൈന്‍' എന്ന സന്നദ്ധ സംഘടനയോട് സഹകരിച്ചു ജിജു കുളങ്ങരയുടെ നേതൃത്വത്തില്‍, അമേരിക്കയില്‍ നിന്നും മുപ്പതോളം മെഡിക്കല്‍ വിദഗ്ദ്ധരെ നാട്ടിലെത്തിച്ച് നാല് ജില്ലകളിലായി ഇരുപതോളം മെഡിക്കല്‍ ക്യാമ്പുകളും, കുമ്പനാട് ഫെലോഷിപ്പ് ഹോസ്പിറ്റലില്‍ നിര്‍ദ്ധനരായ മുപ്പതോളം പേര്‍ക്ക് ജനറല്‍ സര്‍ജറിയും സൗജന്യമായി നടത്തികൊടുക്കുവാന്‍ സാധിച്ചതും കോവിഡ് കാലത്തെ ഏറ്റവും നല്ല അനുഭവം ആയി മാറി. 2017-ലെ ഹാര്‍വി ദുരന്തത്തില്‍ ഹ്യൂസ്റ്റണ്‍ വെള്ളത്താല്‍ മൂടിയപ്പോള്‍ മുങ്ങിയപ്പോള്‍ ഡാളസില്‍നിന്നും ഹൂസ്റ്റണിലേക്ക് ഒരു ട്രക്ക് സാധനങ്ങളുമായി അവിടെ സഹായമെത്തിക്കുവാനും ക്ളീനിംഗ് പ്രവര്‍ത്തങ്ങളില്‍ സുഹൃത്തുക്കളോടൊപ്പം ഏര്‍പ്പെടുവാനും സാധിച്ചതും ജീവിത വഴികളിലെ മറക്കാത്ത സംഭവങ്ങള്‍ തന്നെ.
ഫോമാ സ്കോളര്‍ഷിപ്പ്
ഫിലിപ്പ് ചാമത്തില്‍ പ്രസിഡന്‍റായിരുന്ന സമയത്താണ് ഫോമയുടെ വിമന്‍സ് ഫോറം രേഖ നായരുടെ നേതൃത്വത്തില്‍ തീരുമാനിച്ച് നടപ്പിലാക്കാനിരുന്ന മറ്റൊരു ബൃഹത്തായ പ്രോജക്ട് കേരളത്തിലെ നിര്‍ദ്ധനരായ നേഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് വിതരണമായിരുന്നു. അന്‍പതിനായിരം രൂപ വീതം അന്‍പത്തിയഞ്ചു നേഴ്സിങ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ഏറ്റവും വലിയ സ്കോളര്‍ഷിപ്പ് പദ്ധതി. കോവിഡ് പശ്ചാത്തലത്തില്‍ സ്കോളര്‍ഷിപ്പ് വിതരണം വലിയ ചടങ്ങുകളോടെ നടത്താന്‍ പറ്റിയില്ല എങ്കിലും കൃത്യമായി അത് കുട്ടികളില്‍ എത്തിക്കുവാന്‍ കഴിഞ്ഞു. കൂടാതെ നിര്‍ദ്ധനരായ സ്ത്രീകള്‍ക്ക് തൊഴില്‍ ചെയ്യുന്നതിനായി ഒരു പദ്ധതി കൂടി അക്കാലത്ത് ആവിഷ്ക്കരിച്ചു നടപ്പിലാക്കി.
സ്റ്റുഡന്‍റ്സ് ഫോറം
യൂണിവേഴ്സിറ്റി ഓഫ് ടെക്സാസ് ഡാളസില്‍ ഇരുന്നൂറോളം മലയാളി വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ചു ഫോമയുടെ സ്റ്റുഡന്‍റസ് ഫോറം രൂപീകരിക്കുകയും നിരവധി ടൂര്‍ണ്ണമെന്‍റുകളും, ഓണം, വിഷു, ഈസ്റ്റര്‍, ക്രിസ്തുമസ് ആഘോഷങ്ങളും സംഘടിപ്പിച്ചു യുവജനങ്ങളെ അക്കാലത്ത് ഫോമയിലേക്ക് ആകര്‍ഷിക്കുവാനും ഫിലിപ്പ് ചാമത്തിലിന് കഴിഞ്ഞു.
ഹെല്‍പ്പ് ലൈന്‍, കൃഷിപാഠം, ഓണ്‍ലൈന്‍ നാടക
മത്സരം, യാത്രാ സൗകര്യങ്ങളുടെ ഏകോപനം
കോവിഡ് മഹാമാരി ലോകത്തെ ആകമാനം പിടിച്ചുകുലുക്കിയ സാഹചര്യത്തില്‍ ഫോമാ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തുടങ്ങിയ ഹെല്‍പ്പ്ലൈന്‍, ഷെന്‍സി മാണിയുടെ നേതൃത്വത്തില്‍ കൃഷിപാഠം, കലാകാരന്‍മാരുടെ ഏകോപനം, കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട യാത്രാ സൗകര്യങ്ങളുടെ ഏകോപനം ലോക്ക്ഡൗണ്‍ കാലത്തിലും ഫോമാ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുവാനും അന്ന് സാധിച്ചത് വലിയ നേട്ടമായി. നവീന കൃഷിരീതികള്‍ പരിചയപ്പെടുവാനും അവ ജീവിതത്തിന്‍റെ സന്തോഷമാക്കി മാറ്റുവാനും അന്ന് പലര്‍ക്കും സാധിച്ചു. ആദ്യമായി ഓണ്‍ലൈനില്‍ ഒരു നാടക മത്സരം സംഘടിപ്പിക്കുവാന്‍ അന്ന് ഫോമയ്ക്ക് മാത്രമേ കഴിഞ്ഞിരുന്നുള്ളൂ. ലോക്ക്ഡൗണ്‍ കാലങ്ങളെ സജീവമാക്കുവാന്‍ ലോകത്തെ ഒരു കുടക്കീഴില്‍ കൊണ്ടുവരുവാന്‍ അന്ന് ഫോമയ്ക്ക് മാത്രമേ കഴിഞ്ഞിരുന്നുള്ളൂ.
ടാസ്ക് ഫോഴ്സ്
ഫോമയുടെ പന്ത്രണ്ട് റീജിയനുകളിലും കോവിഡ് പശ്ചാത്തലത്തില്‍ ടാസ്ക് ഫോഴ്സ് രൂപീകരിച്ചുകൊണ്ട് ഒരു പുതിയ സേവന സംവിധാനത്തിന് തുടക്കമിടുവാന്‍ ഫിലിപ്പ് ചാമത്തിലിന് കഴിഞ്ഞു. നിരവധി ആളുകളെ നാട്ടിലെത്തിക്കുവാനുള്ള യാത്ര സൗകര്യം, മറ്റു കോണ്‍സുലേറ്റ് ആവശ്യങ്ങള്‍ എന്നിവ ഈ ടാസ്ക് ഫോഴ്സിലൂടെ നടപ്പിലാക്കുവാന്‍ കഴിഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ നല്‍കിയ സഹായങ്ങള്‍ ഓര്‍മ്മിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് സഹായം, കൗണ്‍സിലിംഗ് സംവിധാനം എന്നിവയെല്ലാം വന്‍വിജയമായിരുന്നു.
ക്രൂസ് കണ്‍വന്‍ഷന്‍
2020 ജൂലൈ രണ്ടു മുതല്‍ ആറുവരെ അത്യാഢംബര കപ്പലായ റോയല്‍ കരീബിയനിലായിരുന്നു ഫോമാ നാഷണല്‍ കണ്‍വന്‍ഷന്‍ പ്ലാന്‍ ചെയ്തിരുന്നത്. കണ്‍വന്‍ഷനു ആറുമാസം മുന്‍പ് തന്നെ ഡെലിഗേറ്റുകള്‍ ആയിരത്തി ഇരുന്നൂറിലധികം മുഴുവന്‍ തുകയും നല്‍കി ബുക്ക് ചെയ്യുകയും ചെയ്തിരുന്നു. അഞ്ചു ദിവസത്തെ കണ്‍വന്‍ഷനു 950 ഡോളര്‍ ഉള്ള താരതമ്യേന ചിലവുകുറഞ്ഞ പാക്കേജിലുള്ള നാഷണല്‍ കണ്‍വന്‍ഷന്‍ കോവിഡിന്‍റെ പശ്ചാത്തലത്തില്‍ കാന്‍സല്‍ ചെയ്തത് അന്നത്തെ സാഹചര്യങ്ങള്‍ കൊണ്ടായിരുന്നു. ബുക്ക് ചെയ്ത മുഴുവന്‍ ആളുകള്‍ക്കും മുഴുവന്‍ തുകയും കൃത്യസമയത്ത് തിരികെ നല്‍കി മാതൃകയാകുവാനും ഫോമയ്ക്ക് കഴിഞ്ഞു.
ജനറല്‍ ബോഡിയും തെരഞ്ഞെടുപ്പും
കോവിഡിന്‍റെ പശ്ചാത്തലത്തില്‍ ഫോമാ നാഷണല്‍ കണ്‍വന്‍ഷന്‍ മാറ്റിവച്ചുകൊണ്ട് ഒരു വര്‍ഷംകൂടി നിലവിലെ കമ്മിറ്റി തുടരുവാനുള്ള തീരുമാനം ശക്തമായ നിലപാടുകളിലൂടെ മാറ്റുകയും അഞ്ഞൂറിലധികം ഡെലിഗേറ്റുകളെ സൂമില്‍ ഉള്‍പ്പെടുത്തി ചരിത്രത്തിലാദ്യമായി ഫോമാ ജനറല്‍ ബോഡിയും സുതാര്യമായി ഓണ്‍ലൈന്‍ തെരഞ്ഞെടുപ്പും നടത്തുവാനും ഫിലിപ്പ് ചാമത്തിലിന് കഴിഞ്ഞു. നൂറുശതമാനം ഡെലിഗേറ്റുകളും വോട്ടു ചെയ്ത് തെരഞ്ഞെടുപ്പില്‍ പങ്കാളികളായി. നിയമപരമായി എല്ലാ വശങ്ങളും പഠിച്ച ശേഷമായിരുന്നു അദ്ദേഹം ജനറല്‍ ബോഡിയും തെരഞ്ഞെടുപ്പും നടത്തിയത്. ശക്തമായ തീരുമാനങ്ങള്‍ എടുത്തുകൊണ്ട് രണ്ടുവര്‍ഷം ഫോമയെ നയിക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഒരു നേതാവിന് വേണ്ട പ്രധാന യോഗ്യതയും അത് തന്നെ.
സാമൂഹ്യ പ്രവര്‍ത്തനം കേരളത്തിലും
നാട്ടിലെത്തിയാലും ഫിലിപ്പ് ചാമത്തില്‍ സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഇപ്പോഴും സജീവമാണ്. തനിക്കു മുന്നില്‍ സഹായവുമായി എത്തുന്ന ഒരാളെപോലും നിരാശനാക്കി മടക്കാതെ അയാള്‍ക്ക് ആവശ്യമായത് നല്‍കുവാന്‍ അദ്ദേഹം ശ്രമിക്കുന്നു. അവധിക്ക് എത്തുന്ന സമയങ്ങളില്‍ ഫോമ വില്ലേജിലെത്തി എല്ലാ കുടുംബങ്ങളെ കാണുവാനും അവരോടൊപ്പം ചെലവഴിക്കാനും ശ്രമിക്കുന്നു. അവര്‍ക്കായി ചില സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ കൂടി ഇനിയും വ്യക്തിപരമായി ചെയ്യണമെന്ന ആഗ്രഹവും ഫിലിപ്പ് ചാമത്തിലിനുണ്ട്.
സംഘടനാ നേതൃത്വങ്ങള്‍
ഒരു സാമൂഹ്യ പ്രവര്‍ത്തകനെ എല്ലാവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന് സമൂഹത്തോടുള്ള കടപ്പാടുകൊണ്ടാണ്. ഏറ്റെടുക്കുന്ന ഏതു പദവിയിലും ഫിലിപ്പ് ചാമത്തിലിന്‍റെ ഒരു കയ്യൊപ്പ് ഉണ്ടായിരിക്കും. ഡാളസ് മലയാളി അസോസിയേഷന്‍ പ്രസിഡന്‍റ്, ഇപ്പോള്‍ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍, ഫോമാ രണ്ടു ടീമില്‍ നാഷണല്‍ കമ്മിറ്റി അംഗം, ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍, തുടങ്ങിയ പൊസിഷനുകള്‍. ഡാളസ് സെന്‍റ്ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയുടെ സ്ഥാപക അംഗം, ട്രസ്റ്റി, സെക്രട്ടറി, സില്‍വര്‍ ജൂബിലി ചെയര്‍മാന്‍, നിരവധി വര്‍ഷം കമ്മിറ്റി അംഗം, ഓഡിറ്റര്‍ ആയും സേവനം.
കോണ്‍ഗ്രസ്സിന്‍റെ മണ്ഡലം പ്രസിഡന്‍റ് ആയി സംഘടനാ പ്രവര്‍ത്തനം തുടങ്ങുവാനും സാധിച്ചത് ഈ നേതൃത്വഗുണങ്ങള്‍ക്ക് വഴിമരുന്നായി മാറി.
ഫോമാ കേരളാ കണ്‍വന്‍ഷന്‍ വന്‍വിജയം
2019 ജൂണ്‍ 2 മുതല്‍ 4 വരെ ഫോമാ കേരളാ കണ്‍വന്‍ഷന്‍ ഫോമാ വില്ലേജ് നിലകൊള്ളുന്ന സ്ഥലത്തുതന്നെ സംഘടിപ്പിക്കുകയായിരുന്നു. സാധാരണക്കാരില്‍ സാധാരണക്കാരായ മനുഷ്യരുടെ ഒത്തുചേരല്‍ കൂടിയായി ഫോമാ കേരളാ കണ്‍വന്‍ഷന്‍. ആയിരത്തിലധികം ആളുകള്‍ പങ്കെടുത്ത ജനകീയ കണ്‍വന്‍ഷന്‍റെ ചെയര്‍മാന്‍ സജി ഏബ്രഹാം ആയിരുന്നു. തോമസ് ഐസക്, ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍, ആരിഫ് എം.പി., എം.എല്‍.എമാര്‍ മറ്റു സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ പ്രഗത്ഭരായ വ്യക്തികളുടെ സാന്നിധ്യം കൊണ്ട് ചടങ്ങുകള്‍ കൂടുതല്‍ ഭംഗിയായി നടന്നു. ജൂണ്‍ 3-ന് ലേക്ക് പാലസ് റിസോര്‍ട്ടിലും, 4-ന് ഫോമാ വില്ലേജ് നിവാസികള്‍ ഒരുക്കിയ സ്നേഹവിരുന്നും വന്‍വിജയമായിരുന്നു.
ഗ്രാന്‍റ് കാനിയന്‍ യൂണിവേഴ്സിറ്റി കരാര്‍
വിദ്യാഭ്യാസ രംഗത്തെ നേട്ടം
അരിസോണയിലെ ഫീനിക്സില്‍ സ്ഥിതി ചെയ്യുന്ന ഗ്രാന്‍റ് കാനിയന്‍ യൂണിവേഴ്സിറ്റി അറുപതിലേറെ വര്‍ഷങ്ങളായി അമേരിക്കയിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രഥമ സ്ഥാനം വഹിക്കുന്ന സ്ഥാപനമാണ്. ഫോമയും ഗ്രാന്‍റ് കാനിയന്‍ യൂണിവേഴ്സിറ്റിയുമായുള്ള കരാറിലൂടെ തുടങ്ങിവച്ച വിദ്യാഭ്യാസ പ്രവര്‍ത്തങ്ങള്‍ സജീവമായി മുന്നോട്ട് കൊണ്ടുപോയത് വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ഗുണകരമായി. എട്ടു മില്യണ്‍ തുക ലാഭിക്കുവാന്‍ സാധിച്ചു. 200-ല്‍ അധികം കോഴ്സുകള്‍ക്കാണ് പതിനഞ്ചു ശതമാനം ഇളവ് യൂണിവേഴ്സിറ്റി ഫോമയുമായുള്ള കരാറില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത്.
കുടുംബം
ഏതൊരു സാമൂഹ്യ പ്രവര്‍ത്തകന്‍റേയും വിജയത്തിനു പിന്നില്‍ കുടുംബത്തിന്‍റെ അകമഴിഞ്ഞ പിന്തുണ കൃത്യമായും ലഭിക്കേണ്ടതുണ്ട്. ഫിലിപ്പ് ചാമത്തിലിന്‍റെ ജീവിത വഴിയില്‍ ഭാര്യ കാര്‍ത്തികപ്പള്ളി പാണ്ടാംപുറത്ത് പി.പി. ഫിലിപ്പിന്‍റേയും, തങ്കമ്മ ഫിലിപ്പിന്‍റേയും മകള്‍ റേച്ചല്‍ ഫിലിപ്പ്, മക്കളായ റോയ്സ് ഫിലിപ്പ്, റോണി ഫിലിപ്പ്, റയന്‍ ഫിലിപ്പ് എന്നിവര്‍ ഒപ്പമുണ്ട്.
ഫിലിപ്പ് ചാമത്തിലിന്‍റെ ജീവിതം നമുക്കെല്ലാം ഒരു പാഠപുസ്തകമാകുന്നത് അദ്ദേഹം ഒരു വലിയ പദ്ധതിക്ക് നേതൃത്വം നല്‍കി എന്നതിലല്ല, മറിച്ച് അദ്ദേഹത്തിന്‍റെ ഹൃദയശുദ്ധിയിലാണ്. തന്‍റെ കണ്‍മുന്‍പില്‍ കണ്ട മനുഷ്യജീവിതങ്ങളുടെ പ്രശ്നങ്ങളെ അതേ രീതിയില്‍ ഉള്‍ക്കൊള്ളുവാന്‍ സാധിച്ചത്, അത് ഒരു വലിയ കൂട്ടായ്മയ്ക്കൊപ്പം നിന്ന് സഫലീകരിക്കുവാന്‍ ശ്രമിച്ചത് എല്ലാം കാലം ഓര്‍ത്തു വയ്ക്കും. കാരണം ഒരു പ്രളയകാലത്ത് തന്‍റെ സഹജീവികളുടെ നിലവിളികള്‍ക്ക് കൂട്ടിരുന്ന ഒരാളാണ് ഫിലിപ്പ് ചാമത്തിലെന്ന് കടപ്രയിലെ ഓരോ മണ്‍തരികള്‍ക്കുമറിയാം. ആ മണ്‍തരികളില്‍ വീഴുന്ന ഓരോ സൂര്യരശ്മിയിലും അദ്ദേഹവും, ഫോമയെന്ന വലിയ സംഘടനയും മിന്നിത്തിളങ്ങി നില്‍ക്കുമെന്നതില്‍ സംശയമില്ല.
ഫിലിപ്പ് ചാമത്തില്‍ ഈ വഴിത്താരയില്‍ മുന്നോട്ട് നടക്കട്ടെ. ഒരു ജനതയുടെ പ്രാര്‍ത്ഥനകള്‍ അദ്ദേഹത്തിന് കരുത്തായിരിക്കും. അവ നാളെയുടെ പ്രതീക്ഷകള്‍ക്ക് വഴിമരുന്നാകും.. സംശയമില്ല....