"ആത്മാവില്‍ നിന്ന് പാട്ടിന്‍റെ പക്ഷികള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍ ജീവിതം അനശ്വരമായൊരു പ്രണയം പോലെ മനോഹരമാകും"
ഒരു മനുഷ്യ ജീവിതത്തിന്‍റെ അടിസ്ഥാനം തന്നെ താളങ്ങളാണ്. ഇല പൊഴിയുന്നത് മുതല്‍ ഒരു കുഞ്ഞ് ജനിക്കുന്നത് വരെ പ്രത്യേകമായ ശബ്ദങ്ങളാല്‍ സംഗീതാത്മകമാണ്. ഉപാസനയും ആത്മാര്‍ത്ഥതയും ചേരുമ്പോള്‍ ആ ശബ്ദങ്ങള്‍ക്ക് ജീവിതത്തിന്‍റെ സ്ഥിതിഗതികളെ തന്നെ മാറ്റിമറിക്കാന്‍ കഴിയും. സംഗീതത്തെക്കുറിച്ചുള്ള ഏതൊരു സംസ്കാരത്തിന്‍റെയും, ചരിത്രത്തിന്‍റെയും നിര്‍വചനം സ്നേഹത്തിലും അതിജീവനത്തിലുമാണ് നിലകൊള്ളുന്നത്. ആ സംഗീതത്തെ ഹൃദയത്തിന്‍റെ മഞ്ഞുപാളികളില്‍ സൂക്ഷിച്ച ഒരു പെണ്‍കുട്ടിയുണ്ട്. ടെക്സാസിലെ ഹൂസ്റ്റണിലുള്ള അനശ്വര സ്കൂള്‍ ഓഫ് കര്‍ണാടക മ്യൂസിക്കിന്‍റെ സംഗീത പ്രതിഭയായ പൂര്‍ണ തോമസ്.
ഓര്‍മ്മകള്‍ക്ക് ചിറക് മുളച്ചു തുടങ്ങിയത് മുതല്‍ പൂര്‍ണ പാട്ടിന്‍റെ വഴികളിലാണ് ജീവിക്കുന്നത്. ആത്മാവിലും ശരീരത്തിനും അവര്‍ അത്രത്തോളം പാട്ടിനെ പകരമില്ലാത്തവിധം പ്രതിഷ്ഠിച്ചു കഴിഞ്ഞിരിക്കുന്നു. പാട്ടുകാര്‍ പലവിധം ഭൂമിയുടെ എല്ലാ കോണിലും ചിന്നിചിതറി കിടക്കുന്നുണ്ടെങ്കിലും പൂര്‍ണ അവരില്‍ നിന്നെല്ലാം അല്‍പ്പം വ്യത്യസ്തയാണ്. പാട്ട് ജീവിതമാണ്, ആ ജീവിതം കൊണ്ട് ചുറ്റുമുള്ളവരെ പുനരുജ്ജീവിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അത് മാനുഷികതയുടെ ഒരടയാളമായിത്തന്നെ ഈ വഴിത്താരയില്‍ വായിച്ചെടുക്കാവുന്നതാണ്.
ദൈവത്തിന്‍റെ കൈയ്യൊപ്പ്
മാവേലിക്കര വള്ളക്കാലില്‍ തോമസിന്‍റെയും, കോളേജ് അദ്ധ്യാപികയായ മറിയാമ്മ തോമസിന്‍റെയും മകളായ പൂര്‍ണ ചെറുപ്പം മുതല്‍ക്കേ പാട്ടിനൊപ്പമാണ് സഞ്ചരിക്കാന്‍ പഠിച്ചത്. എല്‍.കെ.ജി. മുതല്‍ ഏഴാം ക്ലാസ് വരെ മാവേലിക്കര ബിഷപ്പ് മൂര്‍ വിദ്യാപീഠത്തില്‍ പഠനം. ഹൈസ്കൂള്‍ പഠനകാലത്ത് മാതാപിതാക്കള്‍ക്കും സഹോദരനുമൊപ്പം കുവൈറ്റിലേക്ക് താമസം മാറിയെങ്കിലും ജന്മസിദ്ധമായിക്കിട്ടിയ ദൈവത്തിന്‍റെ കൈയ്യൊപ്പ് പൂര്‍ണ നഷ്ടപ്പെടുത്താതെ ഉള്ളില്‍ സൂക്ഷിച്ചു. കെട്ടുപോയാലും ഉള്ളില്‍ കനല്‍ ഒരു തരി മതിയെന്നത് പോലെയാണ് കലകളുടെ കാര്യം. അത് ആളിക്കത്തുക തന്നെ ചെയ്യും. ആദ്യ ഗുരു അമ്മയില്‍ നിന്ന് തുടങ്ങിയ പാട്ടുവഴിക്ക് ഊടും പാവും നല്‍കിയത് അമ്മയുടെ പിതൃസഹോദരി പൊടിയമ്മയായിരുന്നു. പിതാവ് തോമസും പാടും. കുവൈറ്റില്‍വെച്ച് ഗാനമേള സ്റ്റേജുകളില്‍ പാടാന്‍ അവസരം കിട്ടിയതും, മലയാളത്തിന്‍റെ ഗാനഗന്ധര്‍വ്വന്‍ ഡോ. കെ.ജെ. യേശുദാസിനെ പരിചയപ്പെട്ടതും വഴിത്തിരിവായി. വോക്കല്‍ പരിശീലനം നേടാന്‍ പ്രോത്സാഹിപ്പിച്ച അദ്ദേഹത്തെ കണ്ടുമുട്ടാന്‍ സാധിച്ചതാണ് പൂര്‍ണയുടെ ജീവിതത്തില്‍ ഒരു വലിയ വഴിത്തിരിവായത്. അദ്ദേഹത്തിന്‍റെ സംഗീതത്തോടുള്ള അഭിനിവേശം സംഗീതത്തെ കൂടുതല്‍ അറിയുകയും അതിന്‍റെ പുതിയ തലങ്ങളെക്കുറിച്ച് പഠിക്കാനും പ്രാവര്‍ത്തികമാക്കാനും ശ്രമിക്കുകയും ചെയ്തു.
കര്‍ണ്ണാടക സംഗീത പഠനം
കുവൈറ്റില്‍ നിന്ന് 2000-ല്‍ നാട്ടില്‍ തിരിച്ചെത്തി പഠനവഴിയെ തിരിഞ്ഞു. മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജില്‍ ബികോമിന് ചേര്‍ന്നു. അതിനോടൊപ്പം മാവേലിക്കര കൊട്ടാരത്തില്‍ സംഗീത പഠനവും തുടങ്ങി. കര്‍ണ്ണാടക സംഗീതത്തിലെ ആദ്യഗുരു കുവൈറ്റില്‍ വെച്ച് സംഗീതം പഠിപ്പിച്ച രുഗ്മിണി ടീച്ചറായിരുന്നു. സരസ്വതി, പ്രേമ, ചന്ദ്രിക തുടങ്ങിയ സംഗീതജ്ഞകളും നാട്ടില്‍ ഗുരുക്കന്മാരായി. പ്രഗത്ഭനായ സംഗീതജ്ഞന്‍ മാവേലിക്കര പ്രഭാകര വര്‍മ്മയുടെ ക്ലാസ്സുകളും അന്ന് ലഭിച്ചിരുന്നു. ഡിഗ്രി കഴിഞ്ഞ് ചെന്നൈ സത്യഭാമ കോളേജില്‍ എം.ബി.എയ്ക്ക് ചേര്‍ന്നു. എം.ബി.എയ്ക്ക് ശേഷം ശീമാട്ടിയില്‍ ബീന കണ്ണന്‍റെ എക്സിക്യൂട്ടീവ് അസിസ്റ്റന്‍റായി എറണാകുളത്ത് ജോലി ചെയ്തു. 2006-ല്‍ മാവേലിക്കര പാലമൂട്ടില്‍ അങ്ങേക്കിഴക്കേതില്‍ ചാണ്ടപ്പിളളയുടേയും സാറായുടേയും മകന്‍ ഡോ. ഏബ്രഹാം പി. തോമസുമായി വിവാഹം.
പതിനഞ്ചാം വയസില്‍ തുടങ്ങിയ കര്‍ണാടക സംഗീത പഠനംകൊണ്ട് എല്ലായിടത്തും ഒരു മിനി സെലിബ്രിറ്റിയായി തിളങ്ങുവാന്‍ പൂര്‍ണയ്ക്ക് സാധിച്ചു. കുവൈറ്റിലെയും നാട്ടിലേയും ജീവിതം കര്‍ണാടക സംഗീതത്തെയും പൂര്‍ണയെയും തെല്ലും ബാധിച്ചില്ലെന്ന് മാത്രമല്ല ദിനംപ്രതി ഒരു വലിയ കലാകാരിയായി മാറുകയും ചെയ്തു. മറ്റെന്തിനു വേണ്ടിയും സംഗീതത്തെ മാറ്റി നിര്‍ത്താന്‍ ആ പെണ്‍കുട്ടിക്ക് കഴിയുമായിരുന്നില്ല. അതുകൊണ്ട് തന്നെ ജീവിതത്തിന്‍റെ ഗതിവേഗങ്ങളോ അതില്‍ സംഭവിച്ച മാറ്റങ്ങളോ പൂര്‍ണയുടെ സംഗീതത്തെ ബാധിച്ചതേയില്ല. സംഗീതം ഒരു മഹാസാഗരമായത് കൊണ്ട് തന്നെ പഠിക്കണം എന്ന ചിന്തയാണ് പൂര്‍ണയില്‍ എല്ലാക്കാലത്തും ഉണ്ടായിരുന്നത്.
ദൈവത്തിന്‍റെ ശബ്ദം തിരിച്ചറിഞ്ഞ മനുഷ്യന്‍
ജീവിതത്തില്‍ പങ്കാളിയുടെ ഇഷ്ടങ്ങളെ ബഹുമാനിക്കുന്ന ഒരാള്‍ കടന്നുവരികയെന്നത് ഏതൊരു പെണ്ണും ആഗ്രഹിക്കും. ദൈവത്തിന്‍റെ ശബ്ദം നിലനിര്‍ത്താന്‍ ദൈവം തന്നെ പൂര്‍ണയ്ക്ക് പ്രിയപ്പെട്ട ഒരു മനുഷ്യനെ സമ്മാനിച്ചു. ഡോ. ഏബ്രഹാം പി. തോമസ്. പൂര്‍ണയുടെ പ്രിയപ്പെട്ട പാട്ടുകളെ അദ്ദേഹം തന്‍റെ ഹൃദയത്തിലേക്കും സ്വീകരിച്ചു. വിവാഹത്തോടെ അവസാനിച്ചു പോകുന്ന പല പെണ്‍കുട്ടികളുടെയും സ്വപ്നങ്ങളായിരുന്നില്ല പൂര്‍ണയെ കാത്തിരുന്നത്. പുതിയ ആകാശങ്ങളിലേക്ക് പറക്കാനുള്ള സാധ്യതകളാണ് അവിടെ തുറന്നത്.
2007-ല്‍ അമേരിക്കയില്‍ എത്തി. 2008-ല്‍ ഡോ. ഏബ്രഹാം പി. തോമസിന് ഒര്‍ലാന്‍റോയില്‍ ജോലി കിട്ടി. 2013-ല്‍ ടെക്സാസിലേക്ക് സ്ഥിരതാമസമാക്കി. ഈ സമയങ്ങളിലെല്ലാം സംഗീതത്തെ ഒരു ദിനചര്യയെന്ന പോലെ പരിപാലിച്ചു പോന്നു. ഒപ്പം ഭര്‍ത്താവിന്‍റെ പരിപൂര്‍ണ്ണ പിന്തുണയും.
അനശ്വര സ്കൂള്‍ ഓഫ് കര്‍ണ്ണാടക മ്യൂസിക് അക്കാദമി
ഗുരുക്കന്മാരുടെ അനുഗ്രഹത്തോടെ 2011-ല്‍ ചെറിയ തോതില്‍ 2 കുട്ടികള്‍ക്ക് സംഗീതത്തിന്‍റെ ബാലപാഠങ്ങള്‍ പാടിക്കൊടുത്ത് അനശ്വര സ്കൂള്‍ ഓഫ് കര്‍ണ്ണാടക മ്യൂസിക് അക്കാദമിക്ക് ഹൂസ്റ്റണില്‍ തുടക്കമിട്ടു. നിരവധി കുട്ടികളാണ് സംഗീത പഠനത്തിനായി എത്തിയത്. ഒപ്പം നടി ദിവ്യ ഉണ്ണിയുടെ സ്കൂളില്‍ ആഴ്ചയില്‍ ഒന്നര മണിക്കൂര്‍ ക്ലാസുകള്‍ എടുക്കുവാനും തുടങ്ങി. കോവിഡ് കാലത്ത് ഓണ്‍ലൈനായും കുട്ടികള്‍ക്കായി പാട്ടുകള്‍ ഒരുക്കിയ പൂര്‍ണയ്ക്ക് ഇന്ന് നിരവധി കുട്ടികള്‍ പഠിതാക്കളായി ഉണ്ട്.
സംഗീത ആല്‍ബം വഴിത്തിരിവ്
പൂര്‍ണയുടെ ആദ്യ സംഗീത ആല്‍ബം മെമ്മറീസ് 2022 നവംബറിലാണ് പുറത്തിറങ്ങുന്നത്. ന്യൂറോളജിസ്റ്റായ ഭര്‍ത്താവ് ഡോ. എബ്രഹാം പി. തോമസും മറ്റു പ്രിയപ്പെട്ടവരും ചേര്‍ന്ന് എ ആന്‍ഡ് എസ് ജെനസിസ് എന്‍റര്‍ടൈന്‍മെന്‍റിലൂടെയാണ് അന്നത് പുറത്തിറക്കിയത്. നിരാലംബരായ കുട്ടികളെ സേവിക്കുന്നതിനുള്ള ഒരു ദൗത്യമായി എ ആന്‍ഡ് എസ് ജെനസിസ് എന്‍റര്‍ടൈന്‍മെന്‍റ് ഈ ആല്‍ബത്തെ നോക്കിക്കണ്ടു. ഒരു യാത്രപോലെ തയ്യാറാക്കിയ ആല്‍ബത്തില്‍ അമ്മയുടെ ഉദരത്തില്‍ നിന്നുള്ള ഒരു കുട്ടിയുടെ യാത്രയാണ് ചിത്രീകരിച്ചിരിക്കുന്നത്. പൂര്‍ണയുടെ ശബ്ദം കൊണ്ട് ഒരുപാട് മനുഷ്യര്‍ അതിജീവിക്കുന്നത് ഒരുകൂട്ടം മനുഷ്യര്‍ സ്വപ്നം കണ്ട ആല്‍ബം കൂടിയാണത്. അത് ജീവിതത്തിലെത്തന്നെ മറക്കാനാവാത്ത ഒരു നിമിഷമായി പൂര്‍ണ തന്‍റെ ജീവിതത്തിന്‍റെ പുസ്തകത്തില്‍ അന്നേ എഴുതി വച്ചു. ഒപ്പം തന്നെ മുന്നോട്ട് നയിക്കാന്‍ സദാ ശ്രമിക്കുന്ന ഡോ. ഏബ്രഹാം പി. തോമസിന്‍റെ കൈകള്‍ അവള്‍ ചേര്‍ത്ത് പിടിക്കുകയും ചെയ്തു. അദ്ദേഹം ആണ്‍കുട്ടികള്‍ക്ക് ഒരു മാതൃകയാണ്. വീടും പരിസരവും വിട്ട് പെണ്‍കുട്ടികളെ അവരുടെ സ്വപ്നങ്ങളിലേക്ക് പറക്കാന്‍ വിടാത്തവര്‍ക്ക് മാതൃകയാക്കാവുന്ന ഒരു നല്ല മനുഷ്യന്‍. കോളേജ് പഠനകാലത്തും ഇപ്പോഴും മികച്ച വാദ്യകലാകാരന്‍ കൂടിയാണ് ഡോ. ഏബ്രഹാം. പൂര്‍ണയുടെ പാട്ടുകള്‍ക്കായുള്ള പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹത്തിന്‍റെ കൈയ്യൊപ്പ് പൊന്നുപോലെ ഭദ്രം.
സംഗീത പഠനം ഒരു തുടര്‍ച്ച
സംഗീതം അനാദിയാണ്. അറിയുന്തോറും കൂടുതല്‍ കൂടുതല്‍ അറിയാനുള്ള ആഗ്രഹം സംഗീതത്തിലാണ് കൂടുതല്‍. അതുകൊണ്ട് കോട്ടയത്ത് എം.പി. ജോര്‍ജ് അച്ചന്‍റെ സര്‍ഗഭാരതിയില്‍ സംഗീത പഠനം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. കുമ്മനം ശശികുമാറാണ് ഇപ്പോഴത്തെ ഗുരു.
പൂര്‍ണയുടെ ആദ്യ ആല്‍ബത്തിലെ 'നീയേ തുണ യേശുവേ', 'പച്ചപ്പാദപമാല' എന്നീ ഗാനങ്ങള്‍ അവരുടെ ജീവിതം, കുടുംബം, ദൈവഭക്തി, ഗൃഹാതുരത്വം, സ്നേഹം, മാതൃത്വം എന്നിവ പ്രതിഫലിപ്പിക്കുന്നതായിരുന്നു. തന്‍റെ ആത്മാവ് തന്നെ പ്രതിഫലിക്കുന്ന ഒരു നദി എന്നാണ് പൂര്‍ണ ഈ പാട്ടുകളെ അടയാളപ്പെടുത്തുന്നത്. മെമ്മറീസ് എന്ന ആല്‍ബവും അതിനിടയില്‍ പുറത്തിറക്കിയിരുന്നു. അംഗരാജ്യത്തെ ജിമ്മന്മാര്‍ എന്ന സിനിമയിലും ഒരു തമിഴ് പാട്ട് പാടുവാന്‍ അവസരം കിട്ടി.
ഭാരതീയ സംഗീതം ശുദ്ധ സംഗീതം
ലോകത്തിന്‍റെ ഏതൊരു കോണില്‍ പോയാലും പാട്ടിന്‍റെ ഭാരതീയ സംസ്കാരം ഉയര്‍ത്തിപ്പിടിക്കണമെന്നാണ് പൂര്‍ണയുടെയും, ഡോ. ഏബ്രഹാം പി. തോമസിന്‍റേയും ആഗ്രഹം. ഇന്ത്യന്‍ സംഗീതജ്ഞരെ അമേരിക്കയില്‍ അവതരിപ്പിക്കുകയാണ് മറ്റൊരു ലക്ഷ്യം. നമ്മുടെ നാടിന്‍റെ പാട്ട്, അതെപ്പോഴും എവിടെയും നമ്മളിലൂടെ സഞ്ചരിച്ചുകൊണ്ടേയിരിക്കണമെന്ന് അവര്‍ വിശ്വസിക്കുന്നു. ഈ വിശ്വാസം കൂടുതല്‍ പാട്ടുകളിലേക്ക് പൂര്‍ണയെ കൈപിടിച്ചു നടത്തി. അതിന്‍റെ ഭാഗമായി ഇപ്പോള്‍ ഹിന്ദിയിലും തമിഴിലുമായി പാട്ടുകളുള്ള പൂര്‍ണയുടെ പുതിയ ആല്‍ബങ്ങള്‍ ഈ വര്‍ഷം റിലീസിന് ഒരുങ്ങുകയാണ്. സംഗീത സംവിധായകന്‍ ഗിരീഷ് സൂര്യനാരായണ്‍, ഗാനരചയിതാവ് ഒ.എസ്. ഉണ്ണികൃഷ്ണന്‍, സൗണ്ട് എഞ്ചിനീയര്‍ സജി ആര്‍. (ചേതന സ്റ്റുഡിയോസ്, തൃശ്ശൂര്‍) എന്നിവരടങ്ങുന്ന പൂര്‍ണയുടെ ടീമില്‍നിന്നും പുതിയ ഗാനങ്ങള്‍ പിറവിയെടുക്കുന്നു. അതൊരു സംസ്കാരത്തെയും ജീവിതത്തെയും അടയാളപ്പെടുത്തുമെന്ന് ഉറപ്പാണ്.
സംഗീത കുടുംബം
ഒരു വീട്ടിലെ എല്ലാവരും പാട്ടുകാരാവുക എന്നാല്‍ സുകൃതം ചെയ്യുക എന്നാണര്‍ത്ഥം. പൂര്‍ണയുടെ അച്ഛനും അമ്മയും, ഭര്‍ത്താവുമെല്ലാം പാട്ടിനെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല അവരും പൂര്‍ണയ്ക്കൊപ്പം സഞ്ചരിക്കുകയാണ്. മക്കളായ റെയ്ന (എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി), പുണ്യ (അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി), റേയന്‍ (മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി) എന്നിവരും പാട്ടുകാര്‍ തന്നെ. ഒരു കുടുംബത്തിന്‍റെ മൂന്ന് തലമുറകള്‍ പാട്ടിന്‍റെ വഴിത്താരകളില്‍ ഒത്തുകൂടുമ്പോള്‍ ഈ സന്തോഷം എല്ലാവരിലേക്കും പ്രസരിക്കുകയാണ്. പാട്ടുകൊണ്ട് ഒരു പ്രാര്‍ത്ഥന പോലെ.
സംഗീതത്തിന്‍റെ ഭാവിയും ജീവകാരുണ്യ പ്രവര്‍ത്തനവും
മലയാളം, തമിഴ്, ഹിന്ദി ഭാഷകളില്‍ പുറത്തിറങ്ങുന്ന പൂര്‍ണയുടെ ആല്‍ബത്തിന്‍റെ റിലീസില്‍ നിന്നും ലഭിക്കുന്ന തുക പൂര്‍ണമായും ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ക്കായി മാറ്റുന്നു. അശരണരായ ജനങ്ങള്‍ക്ക് ഒരു കൈത്താങ്ങായി തന്‍റെ പാട്ടുകളെ മാറ്റുക. പുതിയ അമേരിക്കന്‍ തലമുറകള്‍ക്ക് മാതൃകയായി മാറുക, സംഗീത ക്ലാസുകള്‍ കൃത്യമായി സംഘടിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് പൂര്‍ണ തോമസും ഭര്‍ത്താവ് ഡോ. ഏബ്രഹാം പി. തോമസും.
ചലച്ചിത്ര പിന്നണി ഗായിക
ഏതൊരു ഗായികയെ പോലെയും പൂര്‍ണ തോമസിന്‍റെയും ആഗ്രഹമാണ് അറിയപ്പെടുന്ന ചലച്ചിത്ര പിന്നണി ഗായികകൂടി ആകണമെന്നുള്ളത്. അതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ണ ഇതിനോടകം തുടങ്ങിക്കഴിഞ്ഞു. ജീീൃിമ ഠവീാമെ എന്ന പേരില്‍ ഒരു യൂട്യൂബ് ചാനലും ഇന്‍സ്റ്റാഗ്രാം അക്കൗണ്ടും ഇപ്പോള്‍ തുടങ്ങി സജീവമായി മുന്നോട്ടു പോകുന്നു. പുതിയ ആല്‍ബത്തിലെ എല്ലാ ഗാനങ്ങളും യൂട്യൂബില്‍ ലഭ്യമാക്കും. നിരവധി ഗാനങ്ങള്‍ക്കൊണ്ട് സമൃദ്ധമാണ് പൂര്‍ണയുടെ യൂട്യൂബ്ചാനല്‍. കൂടാതെ ഐ ട്യൂണ്‍സ്, സ്പോട്ടിഫൈ, ആപ്പിള്‍ മ്യൂസിക്, ഗാന ഡോട്ട് കോം, ആമസോണ്‍ മ്യൂസിക് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലും ലഭിക്കുന്നുണ്ട്.
പാട്ടുകള്‍ ഒരു മനുഷ്യനെയും സമൂഹത്തെയും സംസ്കാരത്തെയും എത്രത്തോളം സ്വാധീനിക്കുമെന്ന് നമ്മള്‍ അനുഭവിച്ചറിഞ്ഞിട്ടുള്ളവരാണ്. മലയാളികളോളം പാട്ടിന്‍റെ ആഴമറിയുന്നവര്‍ ഭൂമിയില്‍ തന്നെ ഉണ്ടോ എന്ന് സംശയമാണ്. ആ ലോകത്ത് പൂര്‍ണ പാടിക്കൊണ്ടേയിരിക്കട്ടെ. പാട്ടുകാരായ മക്കളുടെ അമ്മ പാടുമ്പോള്‍, ഒരു നല്ല മനുഷ്യന്‍റെ പ്രിയപ്പെട്ടവള്‍ പാടുമ്പോള്‍, അതൊരു ചരിത്രത്തിലേക്കുള്ള പുതു വഴിയായി രൂപപ്പെടട്ടെ.