VAZHITHARAKAL

അമേരിക്കൻ നയതന്ത്ര രംഗത്തെ മലയാളി സാന്നിധ്യം: ഫാ. അലക്സാണ്ടര്‍ ജെയിംസ് കുര്യന്‍

Blog Image
 വിജയിച്ച വ്യക്തിയും മറ്റുള്ളവരും തമ്മിലുളള വിത്യാസം ശക്തിയുടെ കുറവല്ല, അറിവിന്‍റെ അഭാവമല്ല , മറിച്ച് ഇച്ഛാശക്തിയുടെ അഭാവമാണ് 

ജീവിതത്തിന്റെ  ഏതറ്റം വരെ സന്തോഷത്തോടെ യാത്ര ചെയ്യാന്‍ നമുക്ക് താങ്ങും തണലുമാക്കാന്‍ സ്വന്തം ഇച്ഛാശക്തി മാത്രം മതി. പക്ഷെ ആ ഇച്ഛാശക്തിക്കൊപ്പം ഈശ്വരന്‍റെ അനുഗ്രഹം കൂടി ഉണ്ടായാല്‍ പിന്നെ എല്ലാം വളരെ വേഗത്തിലായി...
തന്‍റെ ഇച്ഛാശക്തികൊണ്ട് ജീവിതത്തിന്‍റെ ദുര്‍ഘട സമയങ്ങളെയെല്ലാം സന്തോഷത്തിന്‍റെ നിമിഷങ്ങളാക്കിയ, തന്‍റെ മേല്‍ ദൈവത്തിന്‍റെ കൈയ്യൊപ്പുകൂടി പതിഞ്ഞ ഒരു വ്യക്തിത്വത്തെ ഈ വഴിത്താരയില്‍ നമുക്ക് കണ്ടുമുട്ടാം.
ഫാ. അലക്സാണ്ടര്‍ ജെയിംസ് കുര്യന്‍.


നമുക്ക് പ്രിയപ്പെട്ട ഈ അച്ചന്‍ അമേരിക്കന്‍ നയതന്ത്ര രംഗത്തെ നിറസാന്നിദ്ധ്യം എന്ന് പറഞ്ഞാല്‍ പോരാ.. 'മലയാളി സാന്നിദ്ധ്യം' എന്ന് നെഞ്ച്വിരിച്ച് പറയാം നമുക്ക്. അമേരിക്കന്‍ രാഷ്ട്രീയത്തിലും ഉദ്യോഗസ്ഥ തലങ്ങളിലും മലയാളി സാന്നിദ്ധ്യം നമുക്ക് സന്തോഷം നല്‍കുന്നുണ്ട്. എങ്കിലും ഫാ. അലക്സാണ്ടര്‍ ജെയിംസ് കൃര്യന്‍റെ ജീവിത വഴികള്‍ നമ്മുടെ പുതുതലമുറ പഠിക്കേണ്ട പാഠപുസ്തകമാകുന്നു. ദൈവത്തിന്‍റെ അക്ഷരങ്ങളുള്ള തുറന്ന പാഠപുസ്തകം.
പള്ളിപ്പാട് നിന്ന് അമേരിക്കയിലേക്ക്, ആത്മീയതയിലേക്ക്
ഹരിപ്പാട് പള്ളിപ്പാട് കടക്കല്‍ കോശി കുര്യന്‍റെയും, പെണ്ണമ്മ കുര്യന്‍റെയും ആറ് മക്കളില്‍ ഇളയ മകനായി 1961-ല്‍ ജനനം. പള്ളിപ്പാട് നടുവട്ടം സ്കൂളില്‍ മലയാളം മീഡിയത്തില്‍ പ്രാഥമിക വിദ്യാഭ്യാസം. മാവേലിക്കര ബിഷപ്പ് മൂര്‍ കോളജില്‍നിന്ന് പ്രീഡിഗ്രിയും കഴിഞ്ഞ് സ്വന്തം സഹോദരി ലില്ലി കുര്യന്‍റേയും കുടുംബത്തിന്‍റെയും സഹായത്തോടെയാണ് 1978-ല്‍ അദ്ദേഹം അമേരിക്കയില്‍ എത്തുന്നത്. ജീവിതത്തിലെ വഴിത്തിരിവുകള്‍ക്ക് തുടക്കമിട്ട നിമിഷമായിരുന്നു  തന്‍റെ അമേരിക്കന്‍ യാത്ര എന്ന് അദ്ദേഹം പറയുന്നു. അതിനു കാരണക്കാരിയായ സഹോദരിയോടും കുടുംബത്തോടും വലിയ കടപ്പാടുണ്ട്.
ആദ്യകാല അമേരിക്കന്‍ ജീവിതത്തിന്‍റെ ക്ലേശങ്ങള്‍ക്കിടയില്‍ ഈശ്വരനോടുള്ള ബന്ധം കൂടി. തന്‍റെ വഴി ആത്മീയതയുടെതാണെന്ന തിരിച്ചറിവ് അദ്ദേഹത്തെ കൊണ്ടെത്തിച്ചത് ബോസ്റ്റണിലെ ഹോളിക്രോസ് ഓര്‍ത്തഡോക്സ് സെമിനാരിയില്‍ ആയിരുന്നു. പഠനത്തോടൊപ്പം ജെറിയാട്രി ഹോമുകളില്‍ ജോലിയിലും പ്രവേശിച്ചു. അവിടെ തുടങ്ങിയ ജീവിതത്തിന് നിരവധി അമ്മമാരുടെയും, അപ്പന്‍മാരുടെയും അനുഗ്രഹം ഉണ്ടായിരുന്നു. അവരുടെ ഹൃദയങ്ങളുടെ പ്രാര്‍ത്ഥനയാണ് തന്നെ ഇപ്പോഴും വഴി നടത്തുന്ന ശക്തി എന്ന് അച്ചന്‍ പറയുന്നു.
തുടര്‍ന്നും പഠനം നിര്‍ത്തിയില്ല. മതത്തിലും ബിസിനസ്സിലും ബാച്ചിലര്‍ ഓഫ് ആര്‍ട്സ് - ഹെല്ലനിക് കോളേജ് ആന്‍ഡ്  ഹോളി ക്രോസ് സെമിനാരി ബോസ്റ്റണ്‍) മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷന്‍ (എം.ബി.എ- താമ്പാ യൂണിവേഴ്സിറ്റി), യു. എസ്. ആര്‍മി വാര്‍ കോളേജില്‍നിന്ന് ടാക്ടിക്കല്‍ ആന്‍ഡ് സ്ട്രാറ്റജിക് പ്ലാനിങ്ങില്‍ എം.എസ് എടുത്തു.
തന്ത്രപരമായ ആസൂത്രണം, ചര്‍ച്ചകള്‍, നേതൃത്വം, മാനേജ്മെന്‍റ്, സാമ്പത്തിക വിശകലനം എന്നിവയില്‍ അന്‍പതിലധികം കോഴ്സുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ലണ്ടന്‍ റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് സര്‍വേയര്‍മാരുടെ (FRICS) ഫെലോ, അപ്രൈസല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (MAI), ചിക്കാഗോയിലും  അംഗമാണ്.


പൗരോഹിത്യത്തിലേക്ക്
മാസ്റ്റര്‍ ഓഫ് ഫിലോസഫിയും ഡിവിനിറ്റിയും പൂര്‍ത്തിയാക്കിയ ശേഷം പൗരോഹിത്യത്തിലേക്ക്. 1986-ല്‍ അഭിവന്ദ്യ തോമസ് മാര്‍ മക്കാറിയോസ് തിരുമേനിയുടെ സാന്നിധ്യത്തില്‍ ഫിലിപ്പോസ് മാര്‍ തെയോഫിലോസ് തിരുമേനി ശെമ്മാശ പട്ടം നല്‍കി. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെയും അഭിവന്ദ്യ മക്കാറിയോസ് തിരുമേനിയുടെയും, അഭിവന്ദ്യ എപ്പിപ്പാനിയോസ്  തിരുമേനിയുടെയും സാന്നിദ്ധ്യത്തില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാത്തോലിക്കാ ബാവാ (കൊല്ലം കൂറിലോസ് തിരുമേനി)യുടെ കരങ്ങളാല്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്കുവേണ്ടി കോട്ടയം ദേവലോകം അരമന ചാപ്പലിലേക്ക് 1987-ല്‍ പൗരോഹിത്യം സ്വീകരിച്ചു. തുടര്‍ന്ന് രണ്ടുവര്‍ഷം  അമേരിക്കയിലുടനീളം വിവിധ ഇടവകകളില്‍ സേവനമനുഷ്ടിച്ചു. ബാള്‍ട്ടിമൂര്‍ സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ച്, ഗ്രേറ്റര്‍ വാഷിംഗ്ടണ്‍ ഡി.സി. സെന്‍റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് എന്നിവിടങ്ങളില്‍ വികാരിയായി 18 വര്‍ഷം സേവനം അനുഷ്ഠിച്ചു. പ്രതിഫലം വാങ്ങാതെയാണ് ഈ ആത്മീയ  സേവനം അദ്ദേഹം നടത്തിയത്. 2000- ല്‍ അച്ചന്‍റെ നേതൃത്വത്തില്‍ ഗ്രേറ്റര്‍ വാഷിംഗ്ടണ്‍ ഡി.സി. സെന്‍റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ചിന് വേണ്ടി സ്വന്തമായി നാലര ഏക്കര്‍ ഉള്‍പ്പെട്ട പള്ളിയും വീടും  വാങ്ങി എന്നത് തന്‍റെ പൗരോഹിത്യ ശുശ്രൂഷയുടെ ബാക്കിപത്രമായി അച്ചന്‍ കാണുന്നു. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ലോകമെമ്പാടുമുള്ള പള്ളികളില്‍ ക്ഷണിതാ വായി സര്‍വീസ് നടത്തുന്നു. ഇപ്പോള്‍ അറുപത്തിരണ്ട് രാജ്യങ്ങളിലെ ഓര്‍ത്തഡോക്സ് പള്ളികളില്‍ ആരാധന നടത്തിയിട്ടുണ്ട്.


യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റിലേക്ക്
പുതുചരിത്രത്തിലേക്ക്

ഒരു വ്യക്തിയുടെ ജീവിത വഴിത്തിരിവുകള്‍ വിജയമാകുന്നത് അയാളുടെ ആത്മവിശ്വാസത്തിനുമൊപ്പം ദൈവത്തിന്‍റെ അനുഗ്രഹം കൂടി ഒത്തുചേരുമ്പോഴാണ്. 1999-ല്‍ അദ്ദേഹം യു.എസ്. ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് സ്റ്റേറ്റ്സിന്‍റെ സീനിയര്‍ പോളിസി അഡ്വൈസര്‍ ആയി ചേര്‍ന്നു. ജീവിതത്തില്‍ ആത്മീയത പൊതുജന സമക്ഷത്തില്‍ സേവന തല്പരമായി എങ്ങനെ പ്രയോഗിക്കണമെന്ന് ദൈവം കാണിച്ചു കൊടുത്ത അപൂര്‍വ്വ നിമിഷം. പിന്നെ അദ്ദേഹത്തിന് വിശ്രമമുണ്ടായിരുന്നില്ല. അമേരിക്കന്‍ ഗവണ്‍മെന്‍റിന് വേണ്ട സത്യസന്ധനായ ഒരു ഉദ്യോഗസ്ഥന്‍ കൂടിയായി മാറി അദ്ദേഹം. പ്രോഗ്രാം പ്രോജക്ട് മാനേജ്മെന്‍റ്, നയതന്ത്ര ആസൂത്രണം, പോളിസി ഡവലപ്പ്മെന്‍റ് & റഗുലേറ്ററി കംപ്ലയന്‍സ്, സ്ട്രാറ്റജിക് അസസ് മാനേജ്മെന്‍റ് & ക്യാപ്പിറ്റല്‍ പ്ലാനിംഗ്, റിയല്‍ എസ്റ്റേറ്റ് & ഫെസിലിറ്റീസ് മാനേജ്മെന്‍റ്, ഗ്ലോബല്‍ സ്ട്രാറ്റജിക് അലയന്‍സ്, & ബിസിനസ് ഡവലപ്മെന്‍റ്, ഓപ്പറേഷണല്‍ റിസ്ക് അസസ്മെന്‍റ്, ബജറ്റ് ഡവലപ്പ്മെന്‍റ് & മാനേജ്മെന്‍റ്, പ്രോസ്സസ് റീ കണ്‍സ്ട്രക്ഷന്‍, പവ്വര്‍ മാനേജ്മെന്‍റ്, സുസ്ഥിരത, എച്ച്. ആര്‍ പെര്‍ഫോമന്‍സ് മാനേജ്മെന്‍റ്, ഓര്‍ഗനൈസേഷണല്‍ റീസ്ട്രക്ടറിംഗ്, ഐ.ടി. സിസ്റ്റം ഇന്നോവേഷന്‍ & മോഡേണൈസേഷന്‍ എന്നിവയിലെല്ലാം അച്ചന്‍റെ കൈയ്യൊപ്പ് പതിഞ്ഞതോടെ അമേരിക്കന്‍ ഗവണ്‍മെന്‍റിന്‍റെ നിര്‍ണ്ണായക ഘടകമായി അദ്ദേഹം മാറി. തുടര്‍ന്ന് 2004-ല്‍ ലോകമെമ്പാടുമുള്ള യു.എസ്. എംബസികളുടേയും, കോണ്‍സുലേറ്റുകളുടെയും തന്ത്രപരമായ ആസൂത്രണം ചെയ്യുന്ന ഓഫീസ് ഓഫ് സ്ട്രാറ്റജിക് പ്ലാനിംഗ് മാനേജിംഗ് ഡയറക്ടറായി നിയമിതനായതോടെ അദ്ദേഹം അമേരിക്കന്‍ ഗവണ്‍മെന്‍റിന്‍റെ വിശ്വസ്തനായ ജോലിക്കാരനായി മാറി. ഈ പദവിയിലേക്ക് ആദ്യമായി എത്തുന്ന ഇന്‍ഡ്യാക്കാരനായിരുന്നു ഫാ. അലക്സാണ്ടര്‍ ജെയിംസ് കുര്യന്‍. അമേരിക്കയ്ക്ക് ലോകത്ത് എവിടെയും എംബസികളും, കോണ്‍സുലേറ്റുകളും നിര്‍മ്മിക്കണമെങ്കില്‍ ഫാ. അലക്സാണ്ടര്‍ ജെയിംസ് കുര്യന്‍റെ നേതൃത്വത്തിലുള്ള സ്ട്രാറ്റജി പ്ലാനിംഗിന്‍റെ അംഗീകാരം വേണം. അച്ചന്‍റെ നേതൃത്വത്തില്‍ ലോകമെമ്പാടുമായി അമേരിക്കന്‍ ഗവണ്‍മെന്‍റിന്‍റെ 135 പുതിയ അമേരിക്കന്‍ എംബസികളും കോണ്‍സലേറ്റുകളും നിര്‍മ്മിച്ചിട്ടുണ്ട്. 147 രാജ്യങ്ങളില്‍ അമേരിക്കന്‍ ഗവണ്‍മെന്‍റിനുവേണ്ടി യാത്ര ചെയ്തിട്ടുണ്ട്. പ്രസിഡന്‍റ് ക്ലിന്‍റന്‍റെ 2000-ലെ ചരിത്രപ്രധാനമായ ഇന്ത്യന്‍ യാത്രയിലെ സംഘത്തിലെ പ്രധാനിയായിരുന്നു അച്ചന്‍. 2006-ല്‍ പ്രസിഡന്‍റ് ബുഷിന്‍റെ ഹൈദ്രബാദ് സന്ദര്‍ശനത്തിലെ സംഘത്തിലും അച്ചന്‍ ഉണ്ടായിരുന്നു. ബോംബെ ബാന്ദ്ര കുര്‍ളയിലും ഹൈദ്രാബാദിലെയും പുതിയ കോണ്‍സലേറ്റിന്‍റെ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയത് ഫാ. അലക്സാണ്ടര്‍ ജെയിംസ് കുര്യന്‍ ആയിരുന്നു. ഇങ്ങനെ യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ഉത്തരവാദിത്വവും സാമ്പത്തിക ശേഷി വികസനത്തിനും ഇന്നു വരെ ഫാ. അലക്സാണ്ടര്‍ ജെയിംസ് കുര്യന്‍ നടത്തിയ സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണ്.


ബറാക് ഒബാമ നല്‍കിയ നിയമനം
ഫാ. അലക്സാണ്ടര്‍ ജെയിംസ് കുര്യന്‍റെ ഔദ്യോഗികജീവിതം അമേരിക്കന്‍ ഗവണ്‍മെന്‍റ് അംഗീകരിച്ചതിന്‍റെ തെളിവാണ് അദ്ദേഹത്തിന്‍റെ സീനിയര്‍ ഫെഡറല്‍ എക്സിക്യുട്ടീവ് പദവി. 34 വര്‍ഷത്തെ ഭരണ പരിചയം ഒരു ഫെഡറല്‍ എക്സിക്യൂട്ടീവിന് നല്‍കുന്ന അംഗീകാരങ്ങളെല്ലാം അച്ചനും ലഭിച്ചു.
സര്‍ക്കാര്‍ തലങ്ങളില്‍ നയങ്ങള്‍ വികസിപ്പിക്കുകയും, നടപ്പിലാക്കുകയും ചെയ്യുക, സാമ്പത്തിക മാനേജ്മെന്‍റ് സിസ്റ്റം ഡവലപ്പ് ചെയ്യുക, മേല്‍നോട്ടങ്ങളിലെ മികവ്, സുതാര്യത, ഉത്തരവാദിത്വം, റെഗുലേറ്ററി പരിഷ്കരണം, ഐ.ടി ഗ്രൂപ്പുകളെ നയിക്കുന്നതിനുള്ള കഴിവ് എന്നിവയെല്ലാം ഗവണ്‍മെന്‍റ് ഭരണതലങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടു. 2014 സെപ്തംബറില്‍ പ്രസിഡന്‍റ് ബറാക് ഒബാമ  എക്സിക്യുട്ടീവ് ഓഫീസിന് കീഴിലുള്ള ഗവണ്‍മെന്‍റ് വൈഡ് പോളിസി ഓഫീസിന്‍റെ  ഡെപ്യൂട്ടി അസ്സോസിയേറ്റ് അഡ്മിനിസ്ട്രേറ്റര്‍ ആയി അദ്ദേഹത്തെ നിയമിച്ചു. യു.എസ്. സിവില്‍ സര്‍വ്വീസിന്‍റെ (എസ്.ഇ.എസ്.1) ഏറ്റവും ഉയര്‍ന്ന റാങ്ക് കൂടിയാണ് ഇത്. സാമ്പത്തികവും ഫലപ്രദവുമായ മാനേജ്മെന്‍റ് സംവിധാനം ഉണ്ടാകുന്നതിന് വേണ്ടി യു.എസ്. ഗവണ്‍മെന്‍റിന്‍റെ ഘടനാ പരമായ ചട്ടക്കൂട് ഒരുക്കുന്നതിലും ഫാ. അലക്സാണ്ടര്‍ ജെയിംസ് കുര്യന്‍റെ കഴിവുകള്‍ ഗവണ്‍മെന്‍റ് അംഗീകരിച്ചു. നാല് ട്രില്യണ്‍ ഡോളറിന്‍റെ മൂല്യമുള്ള ഒന്‍പതിലധികം പോളിസികളില്‍ അദ്ദേഹത്തിന്‍റെ നയതന്ത്ര സാന്നിദ്ധ്യമുണ്ട്. ഈ പദവിയിലും എത്തുന്ന ആദ്യത്തെ ഇന്‍ഡ്യാക്കാരനായി മാറി അദ്ദേഹം.


ട്രമ്പിനും, ബൈഡനും ഒപ്പം അഭിമാനത്തോടെ
ഇപ്പോള്‍ പ്രസിഡന്‍റ് ബൈഡന്‍റെയും, വൈസ് പ്രസിഡന്‍റ് കമലാ ഹാരിസിന്‍റേയും കീഴില്‍ ഒന്‍പത് പോളിസികളുടെ നിയന്ത്രണങ്ങളുടെ നേതൃത്വത്തില്‍ തുടരുമ്പോള്‍ 2018-ല്‍ ട്രമ്പിനൊപ്പം ഡെപ്യൂട്ടി അസോസിയേറ്റ് അഡ്മിനിസ്ട്രേറ്ററായി ജോലി ചെയ്തിരുന്നു എന്നതും ശ്രദ്ധേയമാണ്. 2019-ല്‍ പ്രസിഡന്‍റ് ട്രംപ് അദ്ദേഹത്തെ ഫെഡറല്‍ റിയല്‍ പ്രോപ്പര്‍ട്ടി കൗണ്‍സിലിന്‍റെ എക്സിക്യൂട്ടീവ്  ഡയറക്ടര്‍ ആയി നിയമിച്ചത് ജീവിതത്തിലെ അവിസ്മരണീയമായ മുഹൂര്‍ത്തമാണ്.


കരിയര്‍ അനുഭവം, നേട്ടങ്ങള്‍
2014 മുതല്‍ ഈ നിമിഷം വരെ എക്സിക്യൂട്ടീവ് ലീഡര്‍ഷിപ്പ് ടീമിന്‍റെ അവിഭാജ്യ ഘടകമായി മാറിയ ഫാ. അലക്സാണ്ടര്‍ ജെയിംസ് കുര്യന്‍ അമേരിക്കന്‍ ഗവണ്‍മെന്‍റിന് സാമ്പത്തികവും, കാര്യക്ഷമവും, ഫലപ്രദവുമായ ഒരു മാനേജ്മെന്‍റ് സംവിധാനത്തിനായി അഹോരാത്രം കഷ്ടപ്പെടുന്നുണ്ട്. ഇതിന് ഗവണ്‍മെന്‍റിന് ലഭിക്കുന്ന നേട്ടങ്ങള്‍ക്ക് കണക്കുമുണ്ട്.
യു.എസ്. ഗവണ്‍മെന്‍റ് നയങ്ങള്‍ ഒരു അസറ്റ് മാനേജ്മെന്‍റ് സിസ്റ്റത്തിലേക്ക് മാറ്റുകയും ഫെഡറല്‍ റിയല്‍ പ്രോപ്പര്‍ട്ടി ഡാറ്റാബേസിനെ അത്യാധുനിക അസസ് മാനേജ്മെന്‍റ് സിസ്റ്റത്തിലേക്ക് മാറ്റിയതും അച്ചനായിരുന്നു. അമേരിക്കന്‍ ഗവണ്‍മെന്‍റിന്‍റെ ലോകമെമ്പാടുമുള്ള കെട്ടിടങ്ങളുടേയും, ഭൂമിയുടെയും ഇന്‍വെന്‍ററി പരസ്യമായി പ്രസിദ്ധീകരിച്ചതിലൂടെ ഈ വിഷയത്തില്‍  സുതാര്യതയും ഉത്തരവാദിത്വവും ഉണ്ടെന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്താന്‍ അദ്ദേഹത്തിന് സാധിച്ചു. ബ്രോഡ് ബാന്‍ഡ് കമ്യൂണിക്കേഷന്‍ പ്രാദേശിക സര്‍ക്കാരുകളുമായി സഹകരിച്ച് ഗ്രാമീണ മേഖലകളില്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുവാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. യു. എസ്. സുപ്രീം കോടതിയിലെ പ്രസിഡന്‍ഷ്യല്‍ കമ്മീഷന്‍റെ എക്സിക്യുട്ടീവ് ഡയറക്ടറായി സേവനമനുഷ്ടിച്ചു. പ്രസിഡന്‍റിന്‍റെ എക്സിക്യൂട്ടീവ്  ഓഫീസ് മാനേജ്മെന്‍റ്, പ്രസിഡന്‍ഷ്യല്‍ മാനേജ്മെന്‍റ് അജണ്ട  കൗണ്‍സില്‍, 55 എക്സിക്യുട്ടീവ് ഏജന്‍സികള്‍ എന്നിവ വികസിപ്പിക്കുന്നതിലും, ആദ്യത്തെ ഫെഡറല്‍ റിയല്‍ പ്രോപ്പര്‍ട്ടി ഡാറ്റ പ്രസിദ്ധീകരിക്കുന്നതിലും ശ്രദ്ധ നല്‍കി.


ഇറാക്കിലെ നിര്‍ണ്ണായക ദിനങ്ങള്‍
ഇറാക്ക് യുദ്ധകാലം നമുക്ക് വേദനയുടെ കാലമായിരുന്നു എങ്കില്‍ യുദ്ധമുഖത്ത് ഫാ. അലക്സാണ്ടര്‍ ജെയിംസ് കുര്യന്‍ പ്രവര്‍ത്തന നിരതനായിരുന്നു. യുദ്ധസമയത്ത് അവിടെ ജീവിച്ച 15 മാസങ്ങള്‍ തന്‍റെ ജീവിതത്തിലെ വെല്ലുവിളി നിറഞ്ഞ ദിവസങ്ങളെന്ന് പറയുന്നു. അമേരിക്കന്‍ സേന സദ്ദാം ഹുസൈന്‍റെ റിപ്പബ്ലിക്കന്‍ പാലസ് കീഴടക്കിയതിന് ശേഷം അവിടെയായിരുന്നു അച്ചന്‍റെയും സംഘത്തിന്‍റെയും ഓഫീസ് പ്രവര്‍ത്തിച്ചത്. ബുള്ളറ്റ് പ്രൂഫ് വാഹനത്തില്‍ യാത്രചെയ്യവെ ഉണ്ടായ വെടിവെയ്പ്പില്‍  അദ്ദേഹത്തിന് സാരമായ പരിക്കേറ്റിരുന്നു. ഒപ്പമുണ്ടായിരുന്ന തന്‍റെ 13 അംഗരക്ഷകരുടെ മരണം ഇന്നും അദ്ദേഹത്തിന് വേദനയുടെ നെരിപ്പോടാണ്. യുദ്ധ സമയത്ത് 18 മാസം അഫ്ഗാനിസ്ഥാനില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.


സഭയുടെ വരണാധികാരി
2021 ഒക്ടോബര്‍ 14-ന് നടന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷന്‍ തെരഞ്ഞെടുപ്പിന്‍റെ  മുഖ്യ വരണാധികാരിയായി  പരിശുദ്ധ സുന്നഹദോസ് നിയമിച്ചത് ഫാ. അലക്സാണ്ടര്‍ ജെയിംസ് കുര്യനെ ആയിരുന്നു. ആറ് ഭൂഖണ്ഡങ്ങളിലായി 60 രാജ്യങ്ങളെ ബന്ധിപ്പിച്ച് 50 കേന്ദ്രങ്ങളിലൂടെ 4007 മലങ്കര അസ്റ്റോസിയേഷന്‍ അംഗങ്ങളെ ബന്ധിപ്പിച്ചാണ് ഈ യോഗം അദ്ദേഹം നിയന്ത്രിച്ചത്. ഒരു പ്രതിഫലവും സ്വീകരിക്കാതെയാണ് അദ്ദേഹം ഈ ദൗത്യം നിര്‍വ്വഹിച്ചത്. അച്ചന്‍ നിര്‍മ്മിച്ച വെര്‍ച്വല്‍ പ്ലാറ്റ്ഫോം വഴി ഒരു സഭയുടെ തലവന്‍റെ തെരഞ്ഞെടുപ്പ് ഏകോപിപ്പിക്കുകയും ഇ- വോട്ടിംഗ് സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്യുക വഴി തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ക്ക് തന്നെ ഒരു പുതുമ കൈവന്നിരുന്നു. കോവിഡ് കാലത്ത് ലോകത്ത് ആദ്യമായാണ് ഒരു സഭയുടെയോ രാജ്യത്തിന്‍റെയോ ഭരണാധിപനെ വെര്‍ച്വല്‍ പ്ലാറ്റ്ഫോമിലൂടെ തെരഞ്ഞെടുക്കുവാനുള്ള ഒരു സിസ്റ്റം ഉണ്ടാക്കിയത് എന്നത് അച്ചന്‍റെ ഓര്‍ത്തഡോകസ് സഭയോടുള്ള സ്നേഹവും വിശ്വസ്തതയും എടുത്തു കാണിക്കുന്നു.


ബഹുമതികള്‍, പുരസ്കാരങ്ങള്‍
അര്‍ഹതയ്ക്ക് പുരസ്കാരങ്ങള്‍ ലഭിക്കുന്നത് സ്വാഭാവികമാണ്. ഫാ. അലക്സാണ്ടര്‍ ജെയിംസ് കൃര്യന് തന്‍റെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി പുരസ്കാരങ്ങള്‍ തേടിയെത്തിയിട്ടുണ്ട്. ഗവണ്‍മെന്‍റ് ട്രാന്‍സ്ഫോര്‍മേഷന്‍, ജനറല്‍ സര്‍വ്വീസ് അഡ്മിനിസ്ട്രേഷന്‍ അവാര്‍ഡുകള്‍, പ്രസിഡന്‍റ് ബറാക് ഒബാമയുടെ മികച്ച സിവില്‍ സര്‍വ്വീസ് പുരസ്കാരം, പ്രസിഡന്‍റ് ജോര്‍ജ് ഡബ്ല്യു. ബുഷിന്‍റെ ഫെഡറല്‍ റിയല്‍ പ്രോപ്പര്‍ട്ടി കൗണ്‍സില്‍ പുരസ്കാരം, എക്സലന്‍സ് ഇന്‍ ഇന്നൊവേഷന്‍, എക്സലന്‍സ് ഇന്‍ ഗവണ്‍മെന്‍റ് ഇന്നവേഷന്‍ അവാര്‍ഡ്, അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി നല്‍കിയ പ്രശംസാപത്രം (ഇറാക്കില്‍ സേവനമനുഷ്ഠിച്ചതിന്), വിവിധ അംബാസഡര്‍മാര്‍ നല്‍കിയ അവാര്‍ഡുകള്‍, ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡുകള്‍ തുടങ്ങി അന്‍പത്തിരണ്ടിലധികം പുരസ്കാരങ്ങളാണ് ഫാ. അലക്സാണ്ടര്‍ ജെയിംസ് കുര്യനെ തേടി വന്നിട്ടുള്ളത്.
വിശ്വാസം നല്‍കുന്ന കരുത്ത്
ഒരു പുതിയ ദിവസം ആരംഭിക്കുമ്പോള്‍ ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് പുഞ്ചിരിച്ചുകൊണ്ട് തുടങ്ങുന്ന അച്ചന്‍റെ ജീവിതം ഈശ്വര വിശ്വാസത്തില്‍ പടുത്തുയര്‍ത്തിയതാണ്. ജീവിതത്തിന്‍റെ ദുര്‍ഘട സന്ധികള്‍ തരണം ചെയ്യാന്‍ തന്നെ പ്രാപ്തനാക്കിയത് വിശ്വാസം തന്നെയാണ്. മരണം പലയിടങ്ങളിലും മുന്നില്‍ വന്ന് നിന്നപ്പോഴും അവിടെയെല്ലാം തുണയായത് പ്രാര്‍ത്ഥനയും ആത്മവിശ്വാസവും മാത്രമാണ്. ഇറാക്കില്‍ യുദ്ധമുഖത്തുവെച്ച് ഉണ്ടായ അപകടവും, ഗ്രീസില്‍വച്ച് ഉണ്ടായ അപകടവും ജീവിതത്തില്‍ ഈശ്വരനെ തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു എന്ന് അച്ചന്‍ പറയുന്നു. ഗ്രീസിലെ മൗണ്ട് ആതോസ് എന്ന പരിശുദ്ധ ദ്വീപില്‍ താമസിച്ച  അനുഗ്രഹിക്കപ്പെട്ട മൂന്നുവര്‍ഷത്തെ പഠനവും അനുഭവങ്ങളും അച്ചന്‍റെ ആത്മീയ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായിരുന്നു.
ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളിലും സജീവമാണ് ഫാ. അലക്സാണ്ടര്‍ ജെയിംസ് കുര്യന്‍. ദരിദ്രര്‍, വിശക്കുന്നവര്‍ക്ക് ഭക്ഷണം, ഭവനരഹിതര്‍ക്ക് വീട് എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി വിവിധ അന്താരാഷ്ട്ര ചാരിറ്റബിളുകള്‍ വഴി സഹായങ്ങള്‍ എത്തിക്കുന്നു. 100% സൗജന്യ ചാരിറ്റി സേവനം.  ഇന്ത്യയിലെ 2004 സുനാമി, 2015 ചെന്നൈ വെള്ളപ്പൊക്കം, 2015 നേപ്പാള്‍ ഭൂകമ്പം, 2018 കേരളത്തിലെ വെള്ളപ്പൊക്കം, കത്രീന & സാന്‍ഡി ചുഴലിക്കാറ്റ്, മെക്സിക്കോ ഭൂകമ്പം, സൗജന്യ മെഡിക്കല്‍ ക്യാമ്പ്, ഇന്ത്യയില്‍ വിവിധ ഇടങ്ങളിലായി പതിനെട്ടോളം ശുദ്ധജല പദ്ധതി തുടങ്ങി. ഇറാഖില്‍ നിന്ന് തടവിലാക്കിയ ഇന്ത്യന്‍, ബംഗ്ലാദേശ് വംശജരായ 65 ജീവനക്കാരെ രക്ഷപ്പെടുത്തി പുനരധിവസിപ്പിച്ചു. ഇറാഖില്‍നിന്ന് 110 തെരുവ് നായ്ക്കളെ ദത്തെടുത്ത് സംരക്ഷിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വൈദികന്‍ എന്ന നിലയിലും അഡ്മിനിസ്ട്രേറ്റര്‍ എന്ന നിലയിലും ജനങ്ങളുമായി കൂടുതല്‍ സംവദിക്കുവാന്‍ ഇടം നല്‍കി. തന്‍റെ പ്രവര്‍ത്തനങ്ങളിലൂടെ വൈദികരിലെ വ്യത്യസ്തനായ വൈദികനാവുകയാണ് ഫാ. അലക്സാണ്ടര്‍ ജെയിംസ് കുര്യന്‍
കുടുംബം
ഒരു വ്യക്തിയുടെ ജീവിതത്തിന്‍റെ മുന്നോട്ടുള്ള യാത്രയില്‍ കുടുംബത്തിന്‍റെ പങ്ക് ഹൃദയത്തോളം പവിത്രമാണ്. ഇവിടെ അച്ചന്‍ തന്‍റെ മാതാപിതാക്കളുടെ കണ്ണുനീരോടുകൂടിയുള്ള പ്രാര്‍ത്ഥനയാണ് തന്‍റെ ജീവിതത്തിലെ എല്ലാ വിജയങ്ങളുടെയും പ്രധാന കണ്ണി എന്ന് അദ്ദേഹം മറക്കുന്നില്ല. പരിശുദ്ധ കന്യാമറിയത്തിന്‍റെ  അത്ഭുതകരമായ സ്നേഹവും  കരുതലും  മദ്ധ്യസ്തതയും  ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളില്‍  കൈത്താങ്ങായി ഒപ്പമുണ്ടായിരുന്നു എന്ന് അച്ചന്‍ എപ്പൊഴും വിശ്വസിക്കുന്നു.
കാര്‍ത്തികപ്പള്ളി കല്ലേലില്‍ വീട്ടില്‍ പരേതനായ വര്‍ഗീസ് മാത്യു സാറിന്‍റെയും പൊന്നമ്മ വര്‍ഗീസിന്‍റെയും മകളായ അജിതയാണ് ഫാ. അലക്സാണ്ടര്‍ ജെയിംസ് കുര്യന്‍റെ ഭാര്യ. തന്‍റെ ഭര്‍ത്താവിന്‍റെ ജീവിതത്തിന്‍റെ ഓരോ ഉയര്‍ച്ചയിലും താങ്ങായും തണലായും ബലമായും ഭാര്യ അജിത ഒപ്പമുണ്ട്. അമേരിക്കന്‍ ഭരണ സംവിധാനത്തിലെ ഉത്തരവാദിത്വപ്പെട്ട പദവികള്‍ ഓരോന്നായി അദ്ദേഹത്തെ തേടി വരുമ്പോഴും ആ പദവികള്‍ ഈശ്വരന്‍റെ അംഗീകാരമാണെന്ന് വിശ്വസിക്കാനാണ് അജിതയ്ക്കിഷ്ടം. മക്കളായ അലിസ, നറ്റാഷ, ഏലിയാ എന്നിവരും പിതാവിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി ഒപ്പമുണ്ട്. 
ഇരുട്ടുള്ളപ്പോള്‍ ആദ്യം വെളിച്ചം വീശാന്‍ ധൈര്യപ്പെടുക, അനീതി ഉണ്ടാകുമ്പോള്‍ അപലപിക്കാന്‍ ധൈര്യപ്പെടുക, പ്രതീക്ഷയില്ലെന്ന് തോന്നുമ്പോള്‍ ചിലത് കണ്ടെത്താന്‍ ധൈര്യപ്പെടുക, വേദനിക്കുന്നവരെ സുഖപ്പെടുത്താന്‍ സഹായിക്കുക. ഇവയെല്ലാം ഒരു വൈദികന്‍റെ കര്‍ത്തവ്യമാണ്. ഈ കര്‍ത്തവ്യങ്ങള്‍ രാജ്യസേവനത്തിനും കൂടി മാറ്റിവെച്ച വൈദികനായ നയതന്ത്രജ്ഞനാണ് ഫാ. അലക്സാണ്ടര്‍ ജെയിംസ് കുര്യന്‍. അദ്ദേഹത്തിന്‍റെ വഴിത്താരകള്‍ അവസാനിക്കുന്നില്ല. അത് തുടരട്ടെ. ഏത് പദവിയിലും, പ്രവര്‍ത്തനങ്ങളിലും വ്യക്തിപരമായ സമര്‍പ്പണത്തിന്‍റെ നറുമണമായി അവ സഞ്ചരിക്കട്ടെ. പ്രാര്‍ത്ഥനകള്‍.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.