"ഓരോ നൃത്തശില്‍പ്പവും അരങ്ങില്‍ നര്‍ത്തകി തേടുന്ന പൂര്‍ണതയിലേക്കുള്ള ചുവടുകളാണ്"
നൃത്തം ശരീരംകൊണ്ട് എഴുതുന്ന കവിതയാണ്. വിഭിന്നവും വിപുലവുമായ നമ്മുടെ സംസ്കാരത്തെ പ്രതിബിംബിപ്പിക്കുന്നവയാണ് നമ്മുടെ കലകള്‍. മാനസികവും ആദ്ധ്യാത്മികവുമായ നമ്മുടെ പുരോഗതിയുടെ മാനദണ്ഡവും അതുതന്നെയാണ്. മനുഷ്യന്‍ തന്‍റെ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതിനായി സ്വീകരിച്ച ആദ്യത്തെ മാര്‍ഗമായിരുന്നു നൃത്തം. അതുകൊണ്ടാണ് നൃത്തത്തെ കലകളുടെ മാതാവായി പരിഗണിച്ചു വരുന്നതും. നൃത്തത്തിന്‍റെ ലോകത്ത് വിസ്മയം തീര്‍ത്ത ഒട്ടനേകം പ്രതിഭകളെ നമുക്കറിയാം. ഭാവമുദ്രകള്‍ കൂട്ടിച്ചേര്‍ത്ത് ആസ്വാദകരില്‍ മാസ്മരികതയുടെ അനുഭൂതിയുണ്ടാക്കാന്‍ കഴിവുള്ള അതുല്യ പ്രതിഭകള്‍. മെയ്യും മനസ്സും നൃത്തത്തിനായി സമര്‍പ്പിച്ച് ചടുലമായ നൃത്തചുവടുകള്‍ കൊണ്ട് പ്രേക്ഷക ഹൃദയത്തിലേക്ക് കടന്നുവന്ന മറ്റൊരു പൊന്‍തിളക്കം കൂടി മലയാളികള്‍ക്കായി കാലം സമര്‍പ്പിക്കുന്നു. കാലം ഓര്‍ത്തിരിക്കേണ്ട നക്ഷത്രം. നര്‍ത്തകി, നൃത്തസംവിധായിക, അവതാരക, എഴുത്തുകാരി എന്നീ നിലകളിലെല്ലാം അറിയപ്പെടേണ്ട അപൂര്‍വ വ്യക്തിത്വങ്ങളില്‍ ഒരാള്‍ റുബീന സുധര്‍മന്‍ (ന്യൂജേഴ്സി).
ന്യൂജേഴ്സിയിലെ നൃത്ത സദസ്സുകളെ തന്‍റെ ഉടല്‍വേഗങ്ങള്‍കൊണ്ട് കൊത്തിയ അനുപമമായ നൃത്തശില്‍പ്പങ്ങളിലൂടെ ധന്യമാക്കിയ ഈ നര്‍ത്തകിക്ക് വികാരാവിഷ്കരണത്തിനും ആശയ സംവേദനത്തിനും വേണ്ടി നടത്തുന്ന കേവലമായ അംഗചലനങ്ങളല്ല നൃത്തം. മറിച്ച്, ജീവിതം തന്നെയാണ്. തന്‍റെ ഉള്ള് ഇത്രയും തീവ്രമായി ആവിഷ്കരിക്കാന്‍ നൃത്തംപോലെ മറ്റൊരു മാധ്യമത്തിനും ശേഷിയില്ലെന്ന ഉറപ്പാണ് പ്രണയത്തോടെയും അര്‍പ്പണബോധത്തോടെയും അരങ്ങിലെത്താന്‍ റുബീനയെ പ്രേരിപ്പിക്കുന്ന ഘടകം. തന്‍റെ മനസ്സിന്‍റെ പ്രകാശനസ്ഥലം കൂടിയായിട്ടാണ് അരങ്ങിനെ ഈ നര്‍ത്തകി കാണുന്നത്. ഗഹനമായ ആശയങ്ങളെ ലളിതമായി ആവിഷ്കരിക്കാനാണ് റുബീന എപ്പോഴും ശ്രമിക്കാറുള്ളത്.
മോഹിനിയാട്ടത്തെ അടുത്തറിയുവാന്‍ ശ്രമിച്ച നര്‍ത്തകി
നൃത്തമെന്ന് കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ഒന്നാണ് മോഹിനിയാട്ടം. കേരളത്തിന്‍റെ തനത് ലാസ്യനൃത്തരൂപമാണ് മോഹിനിയാട്ടം. ഭാവരാഗതാള സംയോജനമായ ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്ന കലാരൂപമാണിത്. കേരളത്തിന്‍റെ തനത് ലാസ്യ നൃത്തകലാരൂപം കൂടിയാണ് മോഹിനിയാട്ടം. റുബീന സുധര്‍മന്‍ എന്ന നര്‍ത്തകി അടുത്തറിയാന്‍ ശ്രമിച്ചതും മോഹിനിയാട്ടത്തെയാണ്. നാലാമത്തെ വയസ്സില്‍ കണ്ണൂരിലെ മനോരമ ബാലകൃഷ്ണനില്‍ (ആദ്യഗുരു) നിന്ന് നൃത്തം അഭ്യസിച്ചു. അമ്മ ഗീത സുധര്‍മനാണ് റുബീനയിലെ നൃത്ത പ്രതിഭയെ തിരിച്ചറിഞ്ഞത്. അമ്മയുടെ അനുഗ്രഹം കൊണ്ട് നൃത്ത പഠനം തുടങ്ങിയതുകൊണ്ടു തന്നെ വലിയ തോതില്‍ നൃത്ത ലോകത്ത് തന്‍റേതായ ഇരിപ്പിടമുണ്ടാക്കുവാന്‍ റുബീനയ്ക്ക് സാധിച്ചു. ഭരതനാട്യം, മോഹിനിയാട്ടം, കഥകളി എന്നിവയില്‍ പരിശീലനം നേടിയ റുബീന സുധര്‍മന്‍ കൃത്യമായ കാല്‍വെയ്പ്പും വ്യക്തമായ അംഗശുദ്ധിയും സൂക്ഷ്മമായ അഭിനയവും ഉള്ള അപൂര്‍വ യോഗ്യതയുടെയും അര്‍പ്പണബോധത്തിന്‍റെയും പ്രതിരൂപമായി മാറിയതിനു പിന്നില്‍ സ്ഥിരോത്സാഹത്തിന്‍റെയും കഠിനാദ്ധ്വാനത്തിന്‍റെയും കഥയുണ്ട്.
അമ്മയില്‍നിന്ന് പകര്‍ന്നു കിട്ടിയ നൃത്തത്തോടുള്ള അഭിനിവേശം പിന്നീട് ആരാധനയായി മാറിയതോടെ നാല് വയസ്സുമുതല്‍ അഭ്യസിച്ചു വന്ന നൃത്തം തന്നെയാണ് ഇനിയുള്ള പഠനവിഷയം എന്ന് തീരുമാനിച്ചു. എട്ടാം വയസ്സില്‍ ബാംഗ്ലൂരിലേക്ക് കൂടുമാറിയ റുബീന ശ്രീമതി വസുധ റാവുവിന്‍റെ ശിക്ഷണത്തില്‍ കലാവാരിധി എന്ന ഡാന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നൃത്തപഠനം തുടര്‍ന്നു. വസുധ റാവുവിന്‍റെ നിരീക്ഷണത്തില്‍ കര്‍ണാടക സെക്കന്‍ഡറി ബോര്‍ഡ് ഓഫ് എജ്യുക്കേഷന്‍ നടത്തിയ ബേസിക്, സീനിയര്‍ പരീക്ഷകളില്‍ വിജയിക്കുകയും ഉന്നത വിജയം നേടുകയും ചെയ്തു.
പിന്നീട് ഒട്ടനേകം വേദികളില്‍ നൃത്തം അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചു. ഗുരു വസുധ റാവുവിന്‍റെ ആശിര്‍വാദത്തോടെ നിരവധി നൃത്തനാടകങ്ങളില്‍ വേഷമിടാന്‍ സാധിച്ചു. അദ്ദേഹത്തിന്‍റെ കീഴില്‍ പുരന്ദര ദാസ, കൃഷ്ണ ലീല, ഷീല ബാലികേ തുടങ്ങി നിരവധി നൃത്ത നാടകങ്ങളും ബാലെകളും വേഷമിടുവാനും സാധിച്ചു.
ഭരതനാട്യത്തില്‍ തുടര്‍ പഠനത്തിനായി ശ്രീ. ബി.ആര്‍. തുളസിറാമിന്‍റെ കീഴില്‍ നൃത്തം അഭ്യസിച്ചു. അദ്ദേഹത്തിന്‍റെ ശിക്ഷണത്തോടെ 1996 ല്‍ ഭരതനാട്യത്തില്‍ മാസ്റ്റേഴ്സ് ഡിഗ്രി ചെയ്ത റുബീന കര്‍ണാടക സംസ്ഥാനത്ത് 'വിദുഷി' എന്ന പദവി നാലാം റാങ്കോടുകൂടി നേടിയെടുക്കുകയും ചെയ്തു.
മോഹിനിയാട്ടത്തിലേക്കുള്ള റുബീനയുടെ മാറ്റം വളരെ പെട്ടെന്നായിരുന്നു. കലാമണ്ഡലം ജയലക്ഷ്മി ടീച്ചറുടെ കീഴിലാണ് മോഹിനിയാട്ടം അഭ്യസിച്ചു വന്നത്. മഹാനായ കഥകളി വിദ്വാന്‍ ശ്രീ കലാമണ്ഡലം പ്രദീപാണ് റുബീനയെ കഥകളി പരിശീലിപ്പിച്ചത്. പ്രസിദ്ധ മോഹിനിയാട്ടം നര്‍ത്തകി ഡോ. നീനാ പ്രസാദില്‍നിന്നും മോഹിനിയാട്ടത്തിന്‍റെ പാഠങ്ങള്‍ പഠിച്ച റുബീന ഇപ്പോള്‍ മോഹിനിയാട്ടത്തിലെ അതുല്യ പ്രതിഭയായ ശ്രീമതി പല്ലവി കൃഷ്ണന്‍റെ ശിക്ഷണത്തില്‍ ഇപ്പോഴും മോഹിനിയാട്ട പഠനം തുടരുകയാണ്.
നൃത്തത്തിലെ വിശാലമായ അറിവുകള്‍ പ്രിയപ്പെട്ട ഗുരുവിന്‍റെ ശിക്ഷണത്തില്‍ ഗ്രഹിക്കാന്‍ കഴിഞ്ഞത് റുബീനയുടെ ജീവിതത്തില്‍ ഒരു വലിയ വഴിത്തിരിവായി.
അമേരിക്കയിലെയും സിംഗപ്പൂരിലെയും നര്‍ത്തകിയും നൃത്ത അധ്യാപികയും
ഒരു നര്‍ത്തകി എന്നതിനോടൊപ്പം തന്നെ ഒരു നൃത്ത അധ്യാപികയായും റുബീന തിളങ്ങി നില്‍ക്കുകയാണിപ്പോള്‍. ഓരോ നൃത്തശില്‍പ്പവും അരങ്ങില്‍ താന്‍ തേടുന്ന പൂര്‍ണതയിലേക്കുള്ള ചുവടുകളാണ്. അതുകൊണ്ടുതന്നെ നൃത്തത്തിലുള്ള ഓരോ ചുവടും സ്വപ്നത്തിലേക്കുള്ള ചുവടുകളും കൂടിയാണ്. സിങ്കപ്പൂരിലും അമേരിക്കയിലും നൃത്തത്തില്‍ അതിയായ താല്പര്യം ഉള്ള കുട്ടികളെ ഒന്നിച്ചു ചേര്‍ത്ത് 'വേദിക പെര്‍ഫോമിങ് ആര്‍ട്സ്' എന്ന ആശയത്തിനു രൂപം നല്‍കി. പിന്നീടുള്ള 16 വര്‍ഷത്തോളം സിങ്കപ്പൂരിലും, ഇന്ത്യയിലും, ന്യൂജേഴ്സിയിലുമൊക്കെയായി പ്രായഭേദമന്യേ കുട്ടികളെ നൃത്തം പഠിപ്പിച്ചു വരുന്നു. സിങ്കപ്പൂരിലെ ഗ്ലോബല്‍ ഇന്ത്യന്‍ ഇന്‍റര്‍നാഷണല്‍ സ്കൂളില്‍ നൃത്ത അധ്യാപികയായി സേവനമനുഷ്ഠിക്കാന്‍ അവസരം ലഭിച്ചു. ന്യൂജേഴ്സിയിലെ 'നാട്യസംഗമം' എന്ന പെര്‍ഫോമിങ് ഗ്രൂപ്പിലെ അംഗമായ റുബീന സിങ്കപ്പൂരിലെ പ്രശസ്തമായ നിരവധി നൃത്തമത്സര വേദികളില്‍ വിധികര്‍ത്താവായി പങ്കെടുത്തു. സിംഗപ്പൂര്‍, ഇന്ത്യ, സിഡ്നി, ന്യൂജേഴ്സി എന്നിവിടങ്ങളില്‍ കഴിഞ്ഞ 16 വര്‍ഷമായി വിവിധ പ്രായത്തിലുള്ള നിരവധി വിദ്യാര്‍ത്ഥികളെ റുബീന പരിശീലിപ്പിച്ചിട്ടുണ്ട്. റുബീനയുടെ വിദ്യാര്‍ത്ഥികള്‍ സിംഗപ്പൂരില്‍ ഡാന്‍സ് ഐക്കണ്‍ പദവി നേടിയിട്ടുണ്ട്. കോവിഡ് കാലത്ത് ഓണ്‍ലൈനില്‍ വിദ്യാര്‍ത്ഥികള്‍ക്കും നൃത്ത പ്രേമികള്‍ക്കും പരിശീലനം നല്‍കുകയും ആ സമയത്ത് പലര്‍ക്കും അനുഭവപ്പെട്ടിരുന്ന മാനസിക സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കുവാനും അപ്പോള്‍ നടത്തിയിരുന്ന നൃത്ത ക്ലാസുകള്‍ക്ക് കഴിഞ്ഞിരുന്നതായും റുബീന വിശ്വസിക്കുന്നു. അടുത്ത തലമുറയ്ക്ക് ശരിയായ പദാവലി ഉപയോഗിച്ച് നൃത്ത രൂപങ്ങള്‍ പഠിക്കാനും അവതരിപ്പിക്കാനും കഴിയണമെന്ന് വിശ്വസിക്കുന്ന റുബീനയുടെ വഴിയും നൃത്ത ഗവേഷണം തന്നെ.
അതുകൊണ്ടു തന്നെ പ്രിയദര്‍ശിനി ഗോവിന്ദ്, നരേന്ദ്ര കുമാര്‍ ലക്ഷ്മിപതി, നീന പ്രസാദ്, അശ്വതി ശ്രീകാന്ത്, കലാമണ്ഡലം ക്ഷേമാവതി തുടങ്ങി ഇതിഹാസ നര്‍ത്തകരുടെ നൃത്ത ശില്പശാലകളിലും റുബീന സജീവമാണ് .എപ്പോഴും പഠിച്ചുകൊണ്ടേയിരിക്കുക, താന്‍ പഠിക്കുന്നത് തന്‍റെ ശിഷ്യഗണങ്ങള്‍ക്ക് പകര്‍ന്നു നല്‍കുക എന്ന മഹനീയ കര്‍മ്മത്തിലൂടെ മറ്റുള്ളവര്‍ക്കും മാതൃകയാവുകയാണ് റുബീന സുധര്‍മന്‍.
അവതാരക, എഴുത്തുകാരി, സംഘാടക 'വേദി' എന്ന പ്ലാറ്റ് ഫോം
നര്‍ത്തകി, നൃത്തഅധ്യാപിക എന്നീ വേഷങ്ങള്‍ക്ക് പുറമെ ഒരു എഴുത്തുകാരി കൂടിയുണ്ട് റുബീന എന്ന ഈ കലാകാരിക്കുള്ളില്‍. നൃത്തവുമായി ബന്ധപ്പെട്ട ഒട്ടനേകം ലേഖനങ്ങള്‍, അഭിമുഖങ്ങള്‍ ഇതിനോടകം തന്നെ വിവിധ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
ന്യൂജേഴ്സിയില്‍ താമസിക്കുന്ന റുബീനയ്ക്ക് വിവിധ കലാരൂപങ്ങളിലേക്കും അതിന്‍റെ പശ്ചാത്തലത്തിലേക്കും പ്രേക്ഷകരെ ബന്ധിപ്പിക്കേണ്ടതിന്‍റെ ആവശ്യകത മനസ്സിലാവുകയും അങ്ങനെ ശാസ്ത്രീയമായ കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി 'വേദി' എന്ന ഒരു പ്ലാറ്റ്ഫോം സ്ഥാപിക്കുകയും ചെയ്തു. കലാകാരന്‍റെ സര്‍ഗ്ഗാത്മകതയ്ക്കും അനുബന്ധ കഴിവുകള്‍ക്കും സാമൂഹിക അംഗീകാരം ലഭിക്കുന്ന കലാകാരന്‍റെ ഇടം കൂടിയാകുന്നു വേദി. ഇത് വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും എല്ലാ കലാപ്രേമികളെയും ശരിയായ വിവരങ്ങളുമായി ബന്ധിപ്പിക്കാനും ഒരു കലാ സമൂഹത്തെ പരിപോഷിപ്പിക്കാനും റുബീനയെ സഹായിക്കുന്നു. ഭാരതത്തിലെ മോഹിനിയാട്ട പ്രതിഭകളായ ഡോ. ദീപ്തി ഓംചേരി, കലാമണ്ഡലം സുഗന്ധി, കലാമണ്ഡലം സരസ്വതി, കലാമണ്ഡലം ക്ഷേമാവതി, വിനീത നെടുങ്ങാടി, പല്ലവി കൃഷ്ണന്‍, ഗോപികാ വര്‍മ്മ, സ്മിത രാജന്‍, ജയപ്രഭ മേനോന്‍, ചരിത്രകാരനായ ഗോപാലകൃഷ്ണന്‍ എന്നിവരുടെ അഭിമുഖ പരമ്പര എടുക്കുകയും അത് കലാലോകത്തിന് റൂബിന സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.
അവതരണത്തിനും അധ്യാപനത്തിനും പുറമേ, കഴിഞ്ഞ 16 വര്‍ഷമായി നൃത്തവുമായി ബന്ധപ്പെട്ട നിരവധി ലേഖനങ്ങളും അവര്‍ എഴുതുന്നു. നര്‍ത്തകി ഡോട്ട് കോം പോലുള്ള ആഗോള സൈറ്റുകളില്‍ നൃത്ത സംബന്ധിയായ നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ പ്രഗത്ഭരായ മോഹിനിയാട്ട പ്രതിഭകളെ അഭിമുഖം നടത്തി പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുകയും ചെയ്യുന്നു റുബീന. കൂടാതെ മോഹിനിയാട്ടത്തെക്കുറിച്ചുള്ള ശില്‍പശാലകളും പ്രഭാഷണങ്ങളും സജീവ സാന്നിധ്യവുമാണ് റുബീന സുധര്‍മ്മന്‍. റുബീന ഇപ്പോള്‍ ന്യൂയോര്‍ക്ക്/ന്യൂജേഴ്സി ഏരിയയില്‍ സജീവമായ പെര്‍ഫോമിംഗ് ആര്‍ട്ടിസ്റ്റാണ്, കൂടാതെ പ്രിയദര്‍ശിനി ഗോവിന്ദ്, നരേന്ദ്ര കുമാര്‍ ലക്ഷ്മിപതി, നീന പ്രസാദ്, അശ്വതി ശ്രീകാന്ത്, കലാമണ്ഡലം ക്ഷേമാവതി തുടങ്ങിയ പ്രമുഖര്‍ നടത്തുന്ന ഭരതനാട്യം, മോഹിനിയാട്ടം ശില്‍പശാലകളില്‍ സ്ഥിരം പങ്കാളിയുമാണ്. ന്യൂജേഴ്സി നാട്യസംഗമം പെര്‍ഫോമിംഗ് ഗ്രൂപ്പിലെ അംഗം കൂടിയായ റുബീന അവരോടൊപ്പം നിരവധി നൃത്ത പരിപാടികള്‍ അവതരിപ്പിക്കുന്നു. സിംഗപ്പൂരിലെ ഏറ്റവും പ്രശസ്തമായ നൃത്ത മത്സരങ്ങളില്‍ അവര്‍ വിധികര്‍ത്താവായിരുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇന്ത്യ, സിംഗപ്പൂര്‍, യുഎസ്എ എന്നിവിടങ്ങളില്‍ നിരവധി വേദികളെയാണ് റുബീന തന്‍റെ നൃത്ത വൈഭവം കൊണ്ട് ധന്യമാക്കിയത്.
അവാര്‍ഡുകള്‍, നേട്ടങ്ങള്‍, അധ്യാപനം
നിരവധി വേദികളില്‍ അരങ്ങു തകര്‍ത്ത റുബീനയെ തേടി ഒട്ടനേകം പുരസ്കാരങ്ങളും എത്തിച്ചേര്‍ന്നിട്ടുണ്ട്. 2016-ല്‍ ഗ്ലോബല്‍ അച്ചീവേഴ്സ് അവാര്‍ഡ്, 2017-ല്‍ ആര്യഭട്ട ഇന്‍റര്‍നാഷണല്‍ അവാര്‍ഡ്, തിയേറ്റര്‍ ജി ന്യൂയോര്‍ക്കിന്‍റെ മികച്ച പ്രകടനത്തിനുള്ള അവാര്‍ഡ് എന്നിവ ലഭിച്ചപ്പോള്‍ തന്‍റെ നൃത്തച്ചുവടുകള്‍ക്കായി ലഭിച്ച വേദികളും ഒരു പുരസ്കാരം പോലെ മനസില്‍ സൂക്ഷിക്കുകയാണ് റുബീന.
വിദേശകാര്യ മന്ത്രാലയം (സിംഗപ്പൂര്‍), വേള്‍ഡ് മലയാളി കണ്‍വന്‍ഷന്‍ (സിംഗപ്പൂര്‍), കലാ ഉത്സവം (സിംഗപ്പൂര്‍ 2012, 2013, 2014), മാര്‍ഗഴി മഹോത്സവം (ന്യൂജേഴ്സി യു.എസ്.എ), ന്യൂജേഴ്സി ദസറ നൃത്തോത്സവം (ന്യൂജേഴ്സി), സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സിയാന്‍ ലൂങ്ങിന്‍റെ ദീപാവലി സാംസ്കാരിക പ്രദര്‍ശനം, പത്മശ്രീ കെ.ജെ. യേശുദാസിന്‍റെ സിംഗപ്പൂര്‍ എസ്പ്ലനേഡ് 2013 പ്രോഗാമില്‍ നൃത്താവതരണം, നൃത്തോത്സവം 2016, 2017 ന്യൂജേഴ്സി, കെ.എച്ച്.എന്‍.എ. കണ്‍വന്‍ഷന്‍, കര്‍ണാടക ലേഖക സംഘം (ബാംഗ്ലൂര്‍), 2002 മുതല്‍ 2014 വരെ സിംഗപ്പൂര്‍ കേരള അസോസിയേഷനുവേണ്ടി ഭരതനാട്യം, മോഹിനിയാട്ടം എന്നിവ അവതരിപ്പിച്ചു. വസന്തം സെന്‍ട്രല്‍ ചാനലിന്‍റെ (സിംഗപ്പൂര്‍) പ്രകടനം, 2015ലെ ന്യൂജേഴ്സി നാട്യ ശിരോമണി പുരസ്കാരത്തിന്‍റെ വിധിനിര്‍ണയ സമിതിയില്‍ അംഗം, സിംഗപ്പൂരിലെ പാപനാശം ശിവം മത്സരങ്ങളുടെ ജഡ്ജിംഗ് പാനല്‍ അംഗം, പ്രശസ്തമായ ജങ്കാര്‍ ഇന്‍റര്‍നാഷണല്‍ ഇന്‍റര്‍സ്കൂള്‍ മത്സരങ്ങളുടെ (സിംഗപ്പൂര്‍) ജഡ്ജിംഗ് പാനല്‍ അംഗം, റസിഡന്‍റ് കൊറിയോഗ്രാഫര്‍ വുഡ്ലാന്‍ഡ്സ് കമ്മ്യൂണിറ്റി സെന്‍റര്‍ (സിംഗപ്പൂര്‍), ശ്രീനാരായണ ഗുരുവിന്‍റെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് (ശ്രീനാരായണ മിഷന്‍ സിംഗപ്പൂര്‍) ശ്രീ ഗുരുചരിതം ഡാന്‍സ് ഡ്രാമയുടെ നൃത്തസംവിധായിക, സിംഗപ്പൂരിലെ നേവല്‍ ബേസ് കേരള അസോസിയേഷന്‍ ഫിലിം അവാര്‍ഡ് നൈറ്റില്‍ നടത്തിയ പ്രകടനം. കുട്ടികള്‍ക്കുള്ള നൃത്ത ശില്‍പശാലകള്‍ (സിംഗപ്പൂര്‍) മാരിയമ്മന്‍ ക്ഷേത്രം, മുരുക ക്ഷേത്രം, ശിവകൃഷ്ണ ക്ഷേത്രം (സിംഗപ്പൂര്‍ 2002-2014) എന്നിവിടങ്ങളിലെ നവരാത്രി പ്രകടനങ്ങള്‍, കരുണ ചാരിറ്റീസ് ന്യൂയോര്‍ക്ക് ഫണ്ട്റൈസര്‍ പ്രോഗ്രാം 2018, ന്യൂജേഴ്സിയിലെ വേദി കച്ചേരി പരമ്പരയുടെ ക്യൂറേറ്റര്‍, നോര്‍ത്ത് അമേരിക്കയിലെ ഗഒചഅ കണ്‍വെന്‍ഷന്‍ 2019-ന്‍റെ മെഗാ മോഹിനിയാട്ടം പ്രകടനം, കജഇചഅ (ഇന്ത്യന്‍ പ്രസ് കോണ്‍ഫറന്‍സ് ഓഫ് നോര്‍ത്ത് അമേരിക്ക) 2019-ന്‍റെ പ്രകടനം, ന്യൂയോര്‍ക്ക് 2019-ല്‍ തിയേറ്റര്‍ ജി-യുടെ പ്രകടനം, മാര്‍ഗഴി മഹോത്സവം 2015, 2016, 2017, 2018, 2019 ന്യൂജേഴ്സി, കെ. എച്ച്. എന്‍. എ 2021 കണ്‍വന്‍ഷനു വേണ്ടി മെഗാ മോഹിനിയാട്ടം, അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ നടത്തിയ പ്രകടനം. ക്രിയേറ്റീവ് ഡാന്‍സ്, മ്യൂസിക് പ്രൊഡക്ഷന്‍സ് എന്നിവയ്ക്ക് സാമൂഹിക അംഗീകാരം നല്‍കുന്നതിനായി 'വേദി' ഒരു കച്ചേരി പരമ്പര കൂടി തുടങ്ങി. എത്ര ചെറിയ അംഗീകാരമാണെങ്കിലും അവയെ അതിന്‍റെ എല്ലാ പവിത്രതയോടെയും സ്വീകരിക്കുകയാണ് റുബീനയുടെ ലക്ഷ്യം.
നൃത്തവും അധ്യാപനവും തുല്യപ്രാധാന്യത്തോടെ മുന്നോട്ടു കൊണ്ടു പോവുകയാണിപ്പോള്‍. നാട്ടില്‍ പഠിച്ച രീതി തന്നെ അമേരിക്കയിലെ തന്‍റെ ശിഷ്യകള്‍ക്കും പകര്‍ന്നു നല്‍കുകയാണ് റുബീന. ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും പുലര്‍ത്തുന്ന എല്ലാ അച്ചടക്കവും തന്‍റെ ശിഷ്യരേയും പഠിപ്പിക്കുകയാണ് ഈ നര്‍ത്തകി. ഇപ്പോള്‍ ചെറിയ ബാച്ചുകളായി തിരിച്ച് നേരിട്ട് ക്ലാസുകള്‍ എടുക്കുന്നു. വിവിധ സ്റ്റേറ്റുകളിലുള്ള കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ ക്ലാസുകളും നടത്തുന്നുണ്ട്. നൃത്തത്തെ കേവലം ഒരു കലാരൂപം മാത്രമായി കാണാതെ ഒരു സംസ്കാരത്തിന്‍റെ മുഖമുദ്രയായി സ്വീകരിക്കാന്‍ നമ്മെ പഠിപ്പിക്കുകയാണ് റുബീന സുധര്‍മന്‍.
നൃത്തത്തിലുള്ള ഓരോ ചുവടും
സ്വപ്നത്തിലേക്കുള്ള ചുവടുകളും കൂടിയാണ്
ഏതൊരു കലാകാരിക്കും തന്‍റെ കലാപ്രവര്‍ത്തങ്ങള്‍ക്ക് കുടുബത്തിന്‍റെ പിന്തുണ കൂടിയേ തീരു, ഭര്‍ത്താവിന്‍റെയും മകളുടെയും പിന്തുണ റുബീനയ്ക്ക് നല്‍കുന്ന സന്തോഷം ചെറുതല്ല. ആത്യന്തികമായി ഒരു നര്‍ത്തകിയായും ഒരു കലാകാരി എന്ന നിലയിലും തിരിച്ചറിയപ്പെടേണ്ട വ്യക്തിത്വമാണ് റുബീനയുടേത്. റുബീന ജനിച്ചുവളര്‍ന്നത് നൃത്തത്തിലാണ്. അതില്ലാതെ അവര്‍ക്ക് ജീവിക്കാന്‍ കഴിയില്ല.
കാരണം മറ്റൊന്നുമല്ല ജനിച്ചപ്പോള്‍ തന്നെ മനസ്സില്‍ ചേക്കേറിയതാണ് നൃത്തം. അതില്ലാതെ റുബീനയ്ക്ക് ഒരു ജീവിതമില്ല.
റുബീനയുടെ നൃത്തക്ലാസുകള്‍ മറ്റു വിവരങ്ങള്‍ അറിയുവാന്‍ ഈ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുക
www.rubinasudharman.com
www.vedhikarts.com