'ജീവിതത്തിന്‍റെ നേര്‍ക്കാഴ്ചകളിലേക്ക് തിരിഞ്ഞു നോക്കുമ്പോഴാണ് മനുഷ്യന്‍ അവന്‍റെ ചുറ്റുപാടിനോടും സമൂഹത്തോടും കൂടുതല്‍ പ്രതിബദ്ധതയുള്ളവനാകുന്നത്.'
ജീവിതം കാണിച്ചു തന്ന വഴി
സാമൂഹികമായ ജീവിതം മനുഷ്യന് അത്യന്താപേക്ഷിതമാണ്. ഓരോ മനുഷ്യരോടും പരസ്പരം ബന്ധപ്പെട്ടാണ് നമ്മുടെ ജീവിത സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നത്. അതുകൊണ്ട് തന്നെ മറ്റുള്ളവര്‍ക്ക് നമ്മള്‍ ചെയ്യുന്ന നന്മകള്‍ ഒരു ബൂമറാങ് പോലെ തിരികെ നമ്മളിലേക്ക് തന്നെ വന്നെത്തും. അതിന്‍റെ ഉദാത്ത മാതൃകയാണ് കോട്ടയം കുറുമുള്ളൂര്‍ സ്വദേശിയായ സാജു കണ്ണമ്പള്ളിയുടെ ജീവിതം.
കണ്ണമ്പള്ളില്‍ സ്റ്റീഫന്‍, ത്രേസ്യാമ്മ ദമ്പതികളുടെ രണ്ടാമത്തെ മകനാണ് സാജു കണ്ണമ്പള്ളി. തന്‍റെ ചുറ്റുമുള്ള മനുഷ്യരിലേക്ക് സ്നേഹവും കരുണയും പകരുകയും, അവര്‍ക്ക് വേണ്ടിയുള്ള മുന്നേറ്റങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുകയും ചെയ്ത വ്യക്തിത്വം.
ഒരു പൊതുപ്രവര്‍ത്തകന്‍ എങ്ങനെയായിരിക്കണം എന്നുള്ളതിന്‍റെ മാതൃകയാണ് സാജു കണ്ണമ്പള്ളി. അദ്ദേഹത്തിന്‍റെ ഓരോ പ്രവര്‍ത്തികളും അത്രത്തോളം സാമൂഹിക പ്രതിബദ്ധതയുള്ളതായിരുന്നു. ബി.കോം പഠന കാലത്ത് തന്നെ ഉഴവൂര്‍ സെന്‍റ് സ്റ്റീഫന്‍സ് കോളജില്‍ നിന്നും വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ സജീവമായിരുന്നു അദ്ദേഹം.
കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പു രംഗത്ത് സജീവ സാന്നിദ്ധ്യമാവുകയും അതുവഴി തന്നെ സാമൂഹികപരമായ പല മുന്നേറ്റങ്ങളിലും പങ്കാളിയാവുകയും ചെയ്തു. കോളജ് പഠനകാലത്തെ രാഷ്ട്രീയ പ്രവര്‍ത്തനം തന്നെയാണ് സാജു കണ്ണമ്പള്ളിയെ ഒരു സാമൂഹിക പ്രവര്‍ത്തകന്‍ എന്ന നിലയിലേക്ക് ഉയര്‍ത്തിയത്. അദ്ദേഹത്തിന്‍റെ ആശയങ്ങളും സമൂഹത്തോടുള്ള സമീപനവും തിരുത്തപ്പെടുന്നത് അവിടെ വെച്ചാണ്.
ചെറുപ്പകാലം മുതല്‍ക്കേ രാഷ്ട്രീയത്തോട് ഇഷ്ടവും, ജനങ്ങളെ സേവിക്കുന്നതില്‍ അഭിമാനവും കണ്ടെത്തുന്നയാളായിരുന്നു അദ്ദേഹം. പല മനുഷ്യര്‍ക്കും കൃത്യമായ ജീവിതരീതി രൂപപ്പെടുന്നത് അവരുടെ കോളജ് വിദ്യാഭ്യാസ കാലഘട്ടത്തിലാണ്. ഇവിടെയും അത് തന്നെയായിരുന്നു സംഭവിച്ചത്.
തന്‍റെ കോളജില്‍ രാഷ്ട്രീയ രംഗത്ത് ജനങ്ങളുമായി കൃത്യമായി ഇടപെടുന്നതിലൂടെ സമൂഹത്തിന്‍റെ അടിത്തട്ടിലേക്ക് ഇറങ്ങിച്ചെല്ലാനും അവിടെയുള്ള പ്രശ്നങ്ങള്‍ മനസ്സിലാക്കി പ്രതികരിക്കാനും സാജു കണ്ണമ്പള്ളി എന്ന മനുഷ്യസ്നേഹിക്ക് കഴിഞ്ഞു. ആ അനുഭവമാണ് അദ്ദേഹത്തെ ഇന്ന് കാണുന്ന നിലയിലേക്ക് ഉയര്‍ത്തിയത്. രാഷ്ട്രീയത്തെ സമൂഹ നന്മയ്ക്ക് ഉപകരിക്കുന്ന തരത്തില്‍ രൂപപ്പെടുത്താന്‍ ചെറു പ്രായത്തില്‍ തന്നെ ശ്രമിച്ചിരുന്നു എന്നതിന്‍റെ തെളിവായിരുന്നു അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍.
പൊതുപ്രവര്‍ത്തന രംഗത്തെ
സജീവ സാന്നിദ്ധ്യം
പൊതുപ്രവര്‍ത്തന രംഗത്തെ സജീവ സാന്നിധ്യമായിരുന്നു സാജു കണ്ണമ്പള്ളി. 1996-ല്‍ ബാംഗ്ളൂര്‍ ക്നാനായ കാത്തലിക് യൂത്ത് ലീഗ് (ഗഇഥഘ) ബാംഗ്ലൂര്‍ റീജിയണ്‍ സെക്രട്ടറിയായിട്ടായിരുന്നു അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനത്തിന്‍റെ തുടക്കം. തുടര്‍ന്ന് കോട്ടയം അതിരൂപതയുടെ യുവജന വിഭാഗമായ കെ.സി.വൈ.എല്‍-ന്‍റെ അതിരൂപതാ ട്രഷറര്‍, ജനറല്‍ സെക്രട്ടറി, പ്രസിഡന്‍റ് എന്നീ പദവികളില്‍ മികച്ച സേവനം. 22-28 വയസിനുള്ളിലാണ് ഈ പദവികളില്‍ അദ്ദേഹം പ്രവര്‍ത്തനത്തിളക്കം കാഴ്ചവെച്ചത് എന്നോര്‍ക്കണം. തന്‍റെ കഴിവിന് കിട്ടിയ അംഗീകാരം തന്നെയായിരുന്നു ഇതെല്ലാം. അതുകൊണ്ട് തന്നെ തന്‍റെ യൗവനത്തിന്‍റെ മുഖ്യ പങ്കും അദ്ദേഹം യുവജനങ്ങള്‍ക്കായി നീക്കിവയ്ക്കുകയായിരുന്നു.
2000-ലെ കേരള പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അതിരമ്പുഴ ഗ്രാമപഞ്ചായത്തില്‍ നിന്നും ഇടതുവലതു സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തി സ്വതന്ത്രനായി ചരിത്രവിജയം നേടി. ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് മെമ്പര്‍ കൂടി ആയിരുന്നു അദ്ദേഹം. അങ്ങനെ ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ട ഒരു മുഖമായി അദ്ദേഹം മാറുകയായിരുന്നു. തുടര്‍ന്ന് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ ചെയര്‍മാനായി. ഓരോ പദവിയില്‍ ഇരിക്കുമ്പോഴും അതിനെയെല്ലാം ജനങ്ങള്‍ക്ക് വേണ്ടത് പോലെ വിനിയോഗിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അവകാശപ്പെട്ടതെല്ലാം ജനങ്ങളിലേക്കെത്തിക്കാനും അതിനു വലിയ കാരണമാകാനും സാധിച്ചു.
കുറുമുള്ളൂര്‍ വഴി ആദ്യമായി ഒരു കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് സാധ്യമാക്കുവാന്‍ അന്നത്തെ കടുത്തുരുത്തി എംഎല്‍എ ആയിരുന്ന സ്റ്റീഫന്‍ ജോര്‍ജിനൊപ്പം മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ കാണുകയും നാട്ടുകാരുടെ ചിരകാല സ്വപ്നം സാധിച്ചെടുക്കുകയും ചെയ്തത് പൊതുപ്രവര്‍ത്തന പന്ഥാവിലെ ഒരു പൊന്‍തൂവലാണ്. ഒരു സ്ഥാനം കൊണ്ട് ചെയ്യാന്‍ കഴിയുന്നതിന്‍റെ ഏറ്റവും മികച്ച കാര്യങ്ങളെല്ലാം അദ്ദേഹം തന്‍റെ നാടിനു വേണ്ടി ചെയ്തിരുന്നു.
സ്ഥാനമാനങ്ങള്‍ കണ്ട് ഒരിക്കല്‍ പോലും മോഹിക്കുകയോ അതിനു പിറകെ പോവുകയോ ചെയ്യാത്ത ഒരു മനുഷ്യസ്നേഹിയാണ് അദ്ദേഹം. തനിക്ക് ഭൂമിയിലുള്ള ദൗത്യം എന്താണെന്ന് കൃത്യമായി മനസ്സിലാക്കിയിരുന്നു. അത് തന്‍റെ യൗവ്വന കാലങ്ങളില്‍ തന്നെ നടപ്പിലാക്കാനും, ജനങ്ങളിലേക്ക് കൃത്യമായി എത്തിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
കേരള ഹൈക്കോടതിയില്‍ അഭിഭാഷകനായി എന്‍റോള്‍ ചെയ്ത സാജു കണ്ണമ്പള്ളി ഏറ്റുമാനൂര്‍ മുന്‍സിഫ് കോടതിയിലും കുടുംബ കോടതിയിലും രണ്ട് വര്‍ഷം അഭിഭാഷകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എവിടെ ആയാലും സാധാരണ മനുഷ്യര്‍ക്ക് വേണ്ടി, അവരുടെ ഉയര്‍ച്ചയ്ക്ക് വേണ്ടി വേണ്ടത് ചെയ്യുവാന്‍ ഒരു മടിയും കാട്ടാതെ മുന്നിട്ടിറങ്ങുവാന്‍ അദ്ദേഹം ശ്രമിച്ചു.
അമേരിക്കന്‍ മണ്ണിലും തുടരുന്ന
പൊതുപ്രവര്‍ത്തനം
നാടേതായാലും നടുകെ നടക്കുക എന്നതാണ് സാജു കണ്ണമ്പള്ളിയുടെ പ്രത്യേകത. 2004-ല്‍ ചിക്കാഗോയില്‍ താമസമാക്കിയിരുന്ന ഞീഴൂര്‍ വട്ടോത്തു പറമ്പില്‍ ജോണ്‍ - ഏലിക്കുട്ടി ദമ്പതികളുടെ പുത്രി സയിര തന്‍റെ ജീവിത പങ്കാളിയായി കടന്നു വന്നതോടെ 2004 അവസാനത്തോടേ സാജു ചിക്കാഗോയില്‍ സ്ഥിരതാമസമാക്കുകയായിരുന്നു. ഗ്യാസ് ഡിപ്പോ ഓയില്‍ കമ്പനിയുടെ ജനറല്‍ മാനേജര്‍ ആയി ചിക്കാഗോയില്‍ ജോലി തുടര്‍ന്ന അദ്ദേഹം തന്‍റെ പൊതുപ്രവര്‍ത്തനവും സാമൂഹിക പ്രതിബദ്ധതയും അമേരിക്കന്‍ മണ്ണിലും തുടരുകയായിരുന്നു.
പൊതുപ്രവര്‍ത്തനവും സാമുദായിക പ്രവര്‍ത്തനവും തുടരാന്‍ രാജ്യമോ, നഗരമോ അതിന്‍റെ അതിരുകളോ ഒന്നിനും അദ്ദേഹത്തിന് തടസ്സമായില്ല. മനുഷ്യ ജീവിതത്തിന്‍റെ ആത്യന്തിക ലക്ഷ്യം സ്നേഹത്തിലും കരുണയിലും സഹജീവി കരുതലിലും പടുത്തുയര്‍ത്തുന്നതാണെന്ന വിശ്വാസവും, പ്രവര്‍ത്തനങ്ങളും ഇവിടെയും തുടരുകയായിരുന്നു.
തുടര്‍ന്നാണ് ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ വൈസ് പ്രസിഡന്‍റായി അദ്ദേഹം സ്ഥാനമേല്‍ക്കുന്നത്. കെ.സി. എസിന്‍റെ പുതിയ ക്നാനായ സെന്‍ററിന്‍റെ സ്ഥാപനത്തിന് മുന്നിട്ട് പ്രവര്‍ത്തിച്ചവരില്‍ ഒരാളായിരുന്നു സാജു കണ്ണമ്പള്ളി. ഓരോ സ്ഥാനങ്ങളിലും അദ്ദേഹം സൂക്ഷിച്ചിരുന്ന കൃത്യത ഇവിടെയും ആവര്‍ത്തിക്കുകയായിരുന്നു. കെ.സി.സി.എന്‍.എ പ്രതിനിധിയായും ക്നാനായ ടൈംസ് എഡിറ്ററായും അദ്ദേഹം പ്രവര്‍ത്തിച്ചു.
ചിക്കാഗോ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയുടെ സെക്രട്ടറി, പി.ആര്‍.ഒ. എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
സാമൂഹികപരമായ മാറ്റമോ, ഭൂപ്രകൃതിയോ, ജീവിത സാഹചര്യമോ ഒന്നും തന്നെ അദ്ദേഹത്തിന്‍റെ പൊതു പ്രവര്‍ത്തനത്തെ ബാധിച്ചില്ല. എല്ലാ സാഹചര്യത്തോടും പൊരുത്തപ്പെടാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നു. അമേരിക്കന്‍ മലയാളികളുടെ പ്രശ്നങ്ങളിലേക്കും അതിന്‍റെ പരിഹാരങ്ങളിലേക്കും സാജു കണ്ണമ്പള്ളിയുടെ ജീവിതം നീങ്ങിയിരുന്നു. ജന്മം കൊണ്ട് മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കാന്‍ വിധിക്കപ്പെട്ടവര്‍ക്ക് ഏത് മണ്ണായാലും ഏത് ഭൂമിയായാലും തന്‍റെ ലക്ഷ്യങ്ങള്‍ക്ക് പിറകെ പോയെ മതിയാകൂ.
കാഴ്ചകള്‍ക്ക് പിറകിലെ കൗതുകം
സാജു കണ്ണമ്പള്ളിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വിപ്ലവകരമായ മുന്നേറ്റമായിരുന്നു ആഗോള ക്നാനായ സമുദായത്തിന് വേണ്ടിയുള്ള ആദ്യത്തെഓണ്‍ലൈന്‍ മീഡിയയായ ക്നാനായ വോയ്സ് ഡോട്ട് കോം. സാജു കണ്ണമ്പള്ളിയായിരുന്നു ഇതിന്‍റെ സ്ഥാപകന്‍. സാജുവിന്‍റെ ഈ വിപ്ലവകരമായ തുടക്കത്തില്‍ നിന്നായിരുന്നു പിന്നീട് നിരവധി മാധ്യമങ്ങള്‍ ഉടലെടുത്തത്.
2009 ജനുവരി 26-ന് മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്ത ഈ മാധ്യമം ഇന്നും അതിന്‍റെ കൃത്യമായ ഉദ്ദേശങ്ങളെ നിറവേറ്റിക്കൊണ്ട് തന്നെ നിലനില്‍ക്കുന്നു. 2010 ജനുവരി 26-ന് ലോക മലയാളികള്‍ക്ക് സ്വകാര്യ തല്‍സമയ സംപ്രേക്ഷണം പരിചയപ്പെടുത്തിയത് സാജു കണ്ണമ്പള്ളിയായിരുന്നു. മാധ്യമ രംഗത്തെ അദ്ദേഹത്തിന്‍റെ ദീര്‍ഘവീക്ഷണമായിരുന്നു ഇതിനു കാരണമായത്. അമേരിക്കയിലെ മലയാളികളുടെ സാമൂഹിക, സാമുദായിക, സാംസ്കാരിക സംഭവങ്ങള്‍ തത്സമയം പ്രക്ഷേപണം ചെയ്ത് സാജു കണ്ണമ്പള്ളി ലോക മലയാളികള്‍ക്കിടയില്‍ തന്നെ ഏറെ ശ്രദ്ധ നേടി. നിരവധി മാധ്യമങ്ങളുടെ തള്ളിച്ചയിലും ഈ മാധ്യമ സംരംഭം മുന്നേറുന്നതില്‍ അദ്ദേഹത്തിന് അഭിമാനിക്കാം.
തുടര്‍ന്നായിരുന്നു കേരള വോയ്സ് എന്ന മാധ്യമത്തിലൂടെ ഗഢഠഢ എന്ന ചാനലിന്‍റെ തുടക്കം. ഇത് സാജു കണ്ണമ്പള്ളിയുടെ ജീവിതത്തിലെ തന്നെ വലിയൊരു മുന്നേറ്റമായിരുന്നു. ഇന്നും ലോകം മുഴുവന്‍ വേരുകളുണ്ട് ഗഢഠഢയ്ക്ക്. ഈ മാധ്യമ സ്ഥാപനത്തിന്‍റെ വളര്‍ച്ചയ്ക്ക് പിന്നില്‍ അനില്‍ മറ്റത്തിക്കുന്നേല്‍, സിജോയ് പറപ്പള്ളി എന്നിവരുടെ സേവനങ്ങളെ പ്രത്യേകം സ്മരിക്കേണ്ടതുണ്ട്. ഗഢഠഢയുടെ സംപ്രേഷണങ്ങള്‍ക്ക് വേണ്ടി അനേകം മലയാളികളാണ് ഇപ്പോഴും കാത്തിരിക്കുന്നത്.
കോവിഡ് കാലഘട്ടത്തില്‍ ഗഢഠഢയുടെ സ്വകാര്യ തത്സമയ സംപ്രക്ഷണം ധാരാളം വ്യക്തികള്‍ക്കും ഗുണമായി. ലോകത്തെവിടെ നിന്നും സംപ്രേക്ഷണം ചെയ്യാനുള്ള നെറ്റ്വര്‍ക്ക് ആണ് അതിന് തുണയായത്. ഗഢഠഢക്ക് നൂറിലധികം ആളുകള്‍ ലോകത്തിന്‍റെ വിവിധ സ്ഥലങ്ങളിലായായി നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
സാജു കണ്ണമ്പള്ളിയുടെ ജീവിതത്തിലെ ഓരോ മാറ്റങ്ങളിലും മുന്നേറ്റങ്ങളിലും ഇന്നിപ്പോള്‍ കൂട്ടായി അദ്ദേഹത്തിന്‍റെ പ്രിയ പത്നി സയിര, മക്കളായ സ്റ്റീവ്, സാനിയ, ഷാന്‍, ഷോബിന്‍ എന്നിവര്‍ ഒപ്പമുണ്ട് .
പുതിയ പാതകള്‍, ദൂരങ്ങള്‍
അമേരിക്കയില്‍ മലയാളി അസോസിയേഷനുകള്‍ എന്ന സങ്കല്പത്തില്‍ നിന്നും സോഷ്യല്‍ ക്ലബ് എന്ന ആശയം നടപ്പിലാക്കിയവരില്‍ ഒരാള്‍ സാജു കണ്ണമ്പള്ളി ആയിരുന്നു. പിന്നീട് ചിക്കാഗോ സോഷ്യല്‍ ക്ലബിന്‍റെ പ്രസിഡന്‍റ് ആവുകയും ചെയ്തു. ഇതിന്‍റെ ഭാഗമായി അന്താരാഷ്ട വടംവലി മത്സരത്തിന് നേതൃത്വം നല്‍കുകയും സോഷ്യല്‍ ക്ലബിനെ ലോക മലയാളികള്‍ ശ്രദ്ധിക്കുന്ന സംവിധാനമാക്കി മാറ്റുകയും ചെയ്തു. സമാന ചിന്താഗതിക്കാര്‍ക്കൊപ്പം ജനങ്ങളുടെ നന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുവാന്‍ ലഭിക്കുന്ന ഒരു അവസരവും അദ്ദേഹം പാഴാക്കാറില്ല. കാരണം പൊതു പ്രവര്‍ത്തനത്തിന്‍റെ കാതല്‍ തന്നെ സഹജീവി സ്നേഹത്തിലും, ബഹുമാനത്തിലും അധിഷ്ഠിതമാണല്ലോ.
തന്‍റെ ജീവിതത്തില്‍ ധാരാളം വിദേശയാത്രകള്‍ നടത്തിയ സാജു കണ്ണമ്പള്ളി ഗള്‍ഫ് രാജ്യങ്ങള്‍, ജര്‍മ്മനി, യു.കെ, ആസ്ട്രിയ, ഇറ്റലി, റോം, കാനഡ, ബ്രസീല്‍, മെക്സിക്കോ, അര്‍ജന്‍റീന, പനാമാ, ഇസ്രായേല്‍, ജോര്‍ദാന്‍, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.
കലാപ്രവര്‍ത്തനങ്ങളില്‍ പ്രത്യേകമായ താല്പര്യം പ്രകടിപ്പിക്കുന്ന ഇദ്ദേഹം സംഗീതം, അഭിനയം, മിമിക്രി എന്നിവയിലെല്ലാം കഴിവ് തെളിയിച്ച വ്യക്തിയാണ്. ടേബിള്‍ ടെന്നീസ്, ഫുട്ബോള്‍, സിനിമ എന്നിവയാണ് ഇദ്ദേഹത്തിന്‍റെ ഇഷ്ടവിനോദം.
സാജു കണ്ണമ്പള്ളിയും അദ്ദേഹത്തിന്‍റെ സ്വപ്നങ്ങളും വളരുകയാണ്. സാമൂഹികപ്രവര്‍ത്തനവുമായി അദ്ദേഹം ചിക്കാഗോയുടെ മണ്ണില്‍ തന്‍റെ തന്നെ സന്തോഷകരമായ ജീവിതം നയിക്കുന്നു. ഇനിയും അദ്ദേഹം ഉയരങ്ങളിലേക്ക് എത്തട്ടെ, ദൈവത്തിന്‍റെ അനുഗ്രഹം അദ്ദേഹത്തിനും കുടുംബത്തിനും മേല്‍ വര്‍ഷിക്കട്ടെ.