VAZHITHARAKAL

അറിവിന്റെ കൂട്ടുകാരൻ, ബഹുമുഖപ്രതിഭ ; സതീശൻ നായർ

Blog Image
'നിങ്ങളുടെ സ്വപ്നങ്ങള്‍ക്ക് ചുറ്റും നിങ്ങളുടെ ജീവിതം സംഘടിപ്പിക്കുക. അവ യാഥാര്‍ത്ഥ്യമാകുന്നത് കാണുക'

നമ്മുടെയൊക്കെ ജീവിതത്തില്‍ കടന്നു വരുന്ന ചില മനുഷ്യരുണ്ട്. തീര്‍ത്തും വ്യത്യസ്തരായവര്‍. പലവിധ കഴിവുകള്‍ ഉള്ളവര്‍. അവരെയെല്ലാം നാം ഉള്‍ക്കൊള്ളുന്നത് അവരിലെ കഴിവുകളുടെ വ്യത്യസ്തതകൊണ്ട് മാത്രം ആവില്ല. എന്തോ ഒരു പ്രത്യേകത  അവരില്‍നിന്ന് നമ്മുടെ ഹൃദയത്തോട് സംവദിക്കുന്നതുകൊണ്ട് കൂടിയാണ് അത് സംഭവിക്കുന്നത്. അങ്ങനെ ഹൃദയത്തോട് സംവദിക്കുന്ന ഒരു സംഘാടകനെ, ഒരു ചിത്രകാരനെ, അതിലുപരി മാതൃരാജ്യത്തെ സേവിച്ച ഒരു പട്ടാളക്കാരനെ ഈ വഴിത്താരയില്‍ കണ്ടുമുട്ടുന്നു. സതീശന്‍ നായര്‍.

ചിക്കാഗോയിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകന്‍, ഏതൊരു വ്യക്തികള്‍ക്കും മാതൃകയാക്കാവുന്ന സംഘാടകന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ മലയാളികളുടെ മനസില്‍ ഇടം പിടിച്ച സതീശന്‍ നായര്‍ ഒരു ചിത്രകാരനും, പതിനഞ്ച് വര്‍ഷം ഇന്ത്യന്‍ പട്ടാളത്തില്‍ സേവനമനുഷ്ഠിച്ച ഒരു രാജ്യസേവകന്‍ കൂടിയാണെന്ന് പറയുമ്പോള്‍ നമുക്ക് അഭിമാനിക്കാം. കാരണം പല വ്യക്തികളുടേയും ജീവിതം തുന്നിപ്പിടിപ്പിക്കുന്നത് ഈ അപൂര്‍വ്വതകളിലാണ്.

അറിവോളം നല്ല കൂട്ടുകാരനില്ല
കോട്ടയം കടപ്പൂര് കരുണാലയത്തില്‍ കരുണാകരന്‍ നായരുടെയും, ഗോമതിയമ്മയുടെയും നാല് മക്കളില്‍ മൂത്തപുത്രനാണ് സതീശന്‍ നായര്‍. 'ശാന്തമായ വീട് ശാന്തമായ ജീവിതം' എന്ന ജീവിത വാക്യം പഠിപ്പിച്ച മാതാപിതാക്കളുടെ കാരുണ്യവും അനുഗ്രഹവും കൊണ്ടാണ് ജീവിത വിജയത്തിന്‍റെ ഓരോ പടികളും കടക്കാന്‍ സാധിച്ചതെന്ന് വിശ്വസിക്കുന്ന സതീശന്‍ നായര്‍ ഏഴാംകടല്‍ കടന്നിട്ടും പിന്നിട്ട പാതകളെ വിസ്മരിക്കുന്നില്ല. ഓര്‍മ്മയുടെ ചെപ്പില്‍ ഭദ്രമായി അവയെ സൂക്ഷിക്കുന്നു.


കടപ്പൂര് ഗവ. സ്കൂളില്‍ ഒന്നു മുതല്‍ അഞ്ച് വരെ യു.പി. വിദ്യാഭ്യാസം. കാണക്കാരി ഗവ. ഹൈസ്കൂളില്‍ ആറ് മുതല്‍ പത്തുവരെ ഹൈസ്കൂള്‍ വിദ്യാഭ്യാസം. പാലാ സെന്‍റ് തോമസ് കോളജില്‍ പ്രിഡിഗ്രിയും, ബി.എസ്സി. ഡിഗ്രിയും. പഞ്ചാബ് യൂണിവേഴ്സിറ്റിയില്‍ എം.എ. പബ്ലിക് അഡ്മിനിസ്ട്രേഷന്‍, കാണ്‍പൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് എം.എ. പൊളിറ്റിക്സ്, ജോധ്പൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് എല്‍.എല്‍.ബി, ഫോറന്‍സിക് സയന്‍സില്‍ പി.ജി ഡിപ്ലോമ, ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഹ്യൂമന്‍ റിസോഴ്സില്‍ പി.ജി, യു.എസ് ഫിനിക്സ് യൂണിവേഴ്സിറ്റിയില്‍ നിന്ന് എം.ബി.എ, ഛമസീിേ കമ്മ്യൂണിറ്റി കോളജില്‍ നിന്ന് പ്രോഗ്രാമിംഗ് ഡിപ്ലോമ, ഇന്ത്യന്‍  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് മാനേജ്മെന്‍റില്‍നിന്ന് അസ്സോസിയേറ്റ് മെമ്പര്‍ഷിപ്പ്, ടെക്നോളജി മാനേജ്മെന്‍റില്‍ ഇപ്പോള്‍ പി.എച്ച്. ഡി. പഠനവും കൂടിയാകുമ്പോള്‍ ഒരു കാര്യം വ്യക്തം. സദാ പഠിച്ചുകൊണ്ടിരിക്കുകയും, അവയെ തന്‍റെ പ്രവൃത്തി മണ്ഡലത്തിലൂടെ സമൂഹത്തിലേക്ക് പകര്‍ത്തി നല്‍കുകയുമാണ് സതീശന്‍ നായര്‍.

രാഷ്ട്രീയം നാടിന്‍റെ നന്മയ്ക്ക്
'എപ്പോഴും കോണ്‍ഗ്രസുകാരനായിരിക്കുക എന്നാല്‍ നന്മയുള്ളവനാവുക എന്നതാണ് അര്‍ത്ഥം' എന്നാണ് സതീശന്‍ നായരുടെ രാഷ്ട്രീയ കാഴ്ച്ചപ്പാട്. മറ്റുള്ളവരുടെ രാഷ്ട്രീയ കാഴ്ച്ചപ്പാട് എന്തും ആയിക്കൊള്ളട്ടെ കോണ്‍ഗ്രസുകാരനായി പ്രവര്‍ത്തിച്ച് കോണ്‍ഗ്രസുകാരനായി തുടരുന്ന അദ്ദേഹം സ്കൂള്‍ കാലഘട്ടത്തില്‍ കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് പിച്ചവയ്ക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ആയി സജീവമായ കാലത്ത് ഉണ്ടാക്കിയെടുത്ത രാഷ്ട്രീയ ബന്ധങ്ങള്‍ എല്ലാം ഇന്നും തുടരുന്നു. ഉമ്മന്‍ ചാണ്ടിയും, രമേശ് ചെന്നിത്തലയും മുതല്‍ പി.സി. വിഷ്ണുനാഥ് വരെയുള്ളവരുമായി മികച്ച ഹൃദയബന്ധം അദ്ദേഹം കാത്തുസൂക്ഷിക്കുന്നു. നാട്ടില്‍ അധികകാലം രാഷ്ട്രീയ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകാന്‍ സാധിച്ചില്ല. അവിടെയും ജീവിതത്തിലെ വ്യത്യസ്തത തന്നെ അദ്ദേഹത്തെ തേടി വന്നു.


എയര്‍ ഫോഴ്സിലേക്ക്
ജീവിതത്തിലെ ചിലനിമിഷങ്ങള്‍ പല വ്യക്തികളുടെയും ജീവിതത്തെ മാറ്റിമറിക്കും എന്ന് പറയുംപോലെ സതീശന്‍ നായരുടെ ജീവിതത്തിലേക്കും കടന്നുവന്ന നിമിഷമായിരുന്നു ഇന്ത്യന്‍ എയര്‍ ഫോഴ്സില്‍ ഒരു ജോലി. അങ്ങനെ ഇരുപതാമത്തെ വയസില്‍ ബാംഗ്ളൂരില്‍ ഇന്ത്യന്‍ എയര്‍ ഫോഴ്സില്‍ ഉദ്യോഗസ്ഥനായി ചേര്‍ന്നു. ഫ്ളൈറ്റ് എഞ്ചിനീയറായി ജോലി ചെയ്ത കാലം. പതിനഞ്ച് വര്‍ഷം രാജ്യസേവനത്തില്‍ പരിചയപ്പെട്ട ചില മുഖങ്ങള്‍ ചില്ലറക്കാരല്ല. പഞ്ചാബ് ഗവര്‍ണ്ണറും, പിന്നീട് കേന്ദ്രമന്ത്രിയുമായ അര്‍ജ്ജുന്‍ സിംഗുമായി നല്ല ബന്ധം ഉണ്ടാക്കി. അദ്ദേഹത്തിന്‍റെ ഫ്ളൈറ്റ് എഞ്ചിനീയറായി ജോലി ചെയ്ത സമയം ജീവിതത്തിലെ വിലപ്പെട്ട നിമിഷമായിരുന്നു എന്ന് സതീശന്‍ നായര്‍ ഓര്‍മ്മിക്കുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നതിനാല്‍ ഒരു പ്രത്യേക ഹൃദയ ബന്ധം തന്നോട് അദ്ദേഹത്തിനുണ്ടായിരുന്നു. എയര്‍ഫോഴ്സില്‍നിന്ന് വിരമിച്ച ശേഷം സമ്പൂര്‍ണ്ണ രാഷ്ട്രീയ പ്രവര്‍ത്തകനാകണമെന്നും അദ്ദേഹം പറയുമായിരുന്നു. പതിനഞ്ച് വര്‍ഷത്തെ എയര്‍ഫോഴ്സ് ജീവിതത്തോട് 1998-ല്‍ വിട പറയുമ്പോള്‍ ഇന്ത്യന്‍ സൈനിക ജീവിതം നല്‍കിയ ഊര്‍ജ്ജം, ജീവിതത്തിലെ കൃത്യത അതിലുപരി അവിടെ നിന്ന് ലഭിച്ച അംഗീകാരങ്ങള്‍ ഒക്കെ നാളിതുവരെയുള്ള ജീവിതത്തിനും കരുത്തായി.

അമേരിക്കയിലേക്ക്; സംഘാടനത്തിന്‍റെ
പുതുവഴികള്‍

എയര്‍ഫോഴ്സില്‍ ജോലിയിലിരിക്കെ 1992-ല്‍ കൊല്ലം കുണ്ടറ സ്വദേശി വിജി നായരെ വിവാഹം കഴിച്ചു. 1998-ല്‍ കുടുംബ സമേതം അമേരിക്കയിലേക്ക്. ചിക്കാഗോയില്‍ നെറ്റ്കോം കമ്പനിയില്‍ എഞ്ചിനീയറായി തുടങ്ങിയ ജോലി. പിന്നീട് പല കമ്പനികളിലേക്ക് മാറ്റം. എയ്റോ സ്പേസ് ഇന്‍ഡസ്ട്രിയില്‍ ജോലി, മെഡിക്കല്‍ എഞ്ചിനീയറിംഗില്‍ സേവനമനുഷ്ടിച്ചു. ഇപ്പോള്‍ ഫൈസര്‍ മെഡിക്കല്‍ ഡിവൈസ് എഞ്ചിനീയറിംഗ് കമ്പനിയില്‍ സീനിയര്‍ പ്രിന്‍സിപ്പല്‍ എഞ്ചിനീയര്‍ ആയി ജോലി തുടരുമ്പോഴും സതീശന്‍ നായരെ പിന്തുടരുന്നത് ജീവിതത്തിലെ വ്യത്യസ്തതകള്‍ തന്നെയാണ്.
ചിക്കാഗോയില്‍ താമസമായപ്പോള്‍ മുതല്‍ നാട്ടില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരായിട്ടുള്ളവരെ അന്വേഷിച്ചു കൊണ്ടിരുന്നു. അങ്ങനെയാണ് പോള്‍ പറമ്പിയെ പരിചയപ്പെടുന്നത്. 1998-ല്‍ ചിക്കാഗോ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് സ്ഥാപക ജനറല്‍ സെക്രട്ടറിയായും പോള്‍ പറമ്പി പ്രസിഡന്‍റായും കോണ്‍ഗ്രസ് പാര്‍ട്ടി കൂട്ടായ്മയ്ക്ക് രൂപം നല്‍കി. പിന്നീട് സംഘടനയുടെ പ്രസിഡന്‍റ് ആയി. ഇപ്പോള്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് നാഷണല്‍ കമ്മിറ്റി സീനിയര്‍ വൈസ് പ്രസിഡന്‍റാണ്. മിഡ് വെസ്റ്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്‍റ്, ചെയര്‍മാന്‍, ഇപ്പോള്‍ ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസ്സോസിയേഷന്‍ ചിക്കാഗോ റീജിയന്‍റെ സജീവ പ്രവര്‍ത്തകന്‍, വൈസ് പ്രസിഡന്‍റ്, ജനറല്‍ സെക്രട്ടറി, നാഷണല്‍ വൈസ് പ്രസിഡന്‍റ്, ഐ.ഒ.സി ചിക്കാഗോ കണ്‍വന്‍ഷന്‍ സൂവനീര്‍ ചീഫ് എഡിറ്റര്‍, കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക രണ്ട് തവണ വൈസ് പ്രസിഡന്‍റ്, ജുഡീഷ്യല്‍ കൗണ്‍സില്‍ മെമ്പര്‍, ഹൂസ്റ്റണ്‍ കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍, പി.ആര്‍. ഒ. ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍, ഗീതാമണ്ഡലം ചിക്കാഗോ ജനറല്‍ സെക്രട്ടറി, നായര്‍ അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ അഡ്വൈസറി ബോര്‍ഡ് മെമ്പര്‍, പത്ത് വര്‍ഷമായി ഫൊക്കാനയില്‍ സജീവം, ഫൊക്കാന നാഷണല്‍ കമ്മിറ്റി മെമ്പര്‍, ന്യൂജേഴ്സി കണ്‍വന്‍ഷന്‍ കണ്‍വീനര്‍ എന്നീ നിലകളിലെ സംഘടനാ പ്രവര്‍ത്തനത്തിലും വ്യത്യസ്തതയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍. ആദ്യ ലോക കേരളസഭ മെമ്പര്‍ ആയിരുന്നു.  എല്ലാ സംഘടനകളിലും ഉത്തരവാദിത്വപ്പെട്ട നേതൃത്വമാണ് സതീശന്‍ നായര്‍ക്ക് ലഭിച്ചിട്ടുള്ളത്, ഏല്‍പ്പിക്കുന്ന ഏത് ജോലിയും സംഘടനയുടെ പ്രവര്‍ത്തന പരിധിക്കകത്ത് നിന്നുകൊണ്ട് പൂര്‍ത്തിയാക്കാന്‍ അദ്ദേഹം കാണിക്കുന്ന ആത്മാര്‍ത്ഥതയാണ് ഇവിടെയെല്ലാം സംഘടനകളുടെ അംഗീകാരത്തിന് അദ്ദേഹത്തെ പ്രാപ്തനാക്കുന്നത്.
മാദ്ധ്യമ പ്രവര്‍ത്തകന്‍, ചിത്രകാരന്‍, വാദ്യകലാകാരന്‍, വാഗ്മി, പുസ്തക പ്രേമി, കായികതാരം, നടന്‍, ജീവകാരുണ്യ പ്രവര്‍ത്തകന്‍
സതീശന്‍ നായര്‍ ഒരു ബഹുമുഖപ്രതിഭയാകുമ്പോള്‍ അദ്ദേഹത്തിലെ സമ്പൂര്‍ണ്ണ കലാകാരനെ നാം തിരിച്ചറിയണം. അമേരിക്കയിലെ എല്ലാ മാദ്ധ്യമങ്ങളിലും നൂറ് കണക്കിന് വാര്‍ത്തകള്‍ എഴുതുമ്പോള്‍ വായനക്കാരെക്കാള്‍ ആ വാര്‍ത്തകള്‍ വായിക്കുന്നത്  പത്രാധിപന്മാര്‍ ആയിരുന്നു. അതിന് ഒരു കാരണം അദ്ദേഹത്തിന്‍റെ കൈയ്യക്ഷരം അത്ര മനോഹരമാണ്. ഒരു മാദ്ധ്യമ പ്രവര്‍ത്തകന്‍റെ കൈയ്യടക്കത്തോടെയുള്ള എഴുത്തും ശ്രദ്ധേയം. ഇതിനെല്ലാം തുടക്കം കുറിക്കുന്നത് സ്കൂള്‍കാലം മുതല്‍ക്കാണ്. നന്നായി ചിത്രം വരയ്ക്കുന്നതിനാല്‍ സ്കൂളിലെ താരമായിരുന്നു അദ്ദേഹം. ചിത്ര രചനയ്ക്ക് നിരവധി സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്. ഹൈസ്ക്കൂള്‍ വിദ്യാഭ്യാസ കാലത്ത് കാണക്കാരി വായനശാലയ്ക്ക് വേണ്ടി കൈയ്യെഴുത്തു മാസിക പുറത്തിറക്കി. എഴുത്തും വരയും എഡിറ്റിംഗും ഒക്കെയായി ഒരു കുഞ്ഞ് മാദ്ധ്യമ പ്രവര്‍ത്തകനുമായി. ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ ജോലിയില്‍ പ്രവേശിച്ചപ്പോഴും തന്‍റെ ചിത്രരചനാ വൈഭവം തുണയായി. ബാംഗ്ളൂര്‍ ഇന്ത്യന്‍ എയര്‍ ഫോഴ്സ് ട്രയിനിംഗ് സ്കൂളില്‍ സതീശന്‍ നായര്‍ വരച്ച പതിനഞ്ചിലധികം ചിത്രങ്ങള്‍ (ഓയില്‍ പെയിന്‍റിംഗ് - അക്കാദമിക്) ഇപ്പോഴും കാണാം. കൂടാതെ നൂറിലധികം പെയിന്‍റിംഗുകള്‍ ചെയ്തിട്ടുണ്ട്. അമേരിക്കയില്‍ എത്തിയ ശേഷം ജോലിത്തിരക്കിനിടയില്‍ അധികം വരയ്ക്കുവാന്‍ സമയം കിട്ടിയിട്ടില്ലങ്കിലും സമയം കിട്ടുമ്പോള്‍ ബ്രഷ് കൈയ്യിലെടുക്കാറുണ്ട്. ഏറ്റവും വലിയ കൗതുകം സതീശന്‍ നായര്‍ പാതിയാക്കിയ പല ചിത്രങ്ങളും മക്കള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. രണ്ട് ആണ്‍മക്കളും അച്ഛന്‍റെ ചിത്രരചനാ പാരമ്പര്യം പിന്തുടരുന്നവരാണ്. ഓങ്കാരം ചിക്കാഗോ പഞ്ചവാദ്യ സംഘത്തിലെ കൊമ്പ് ഊതുന്ന കലാകാരന്‍ കൂടിയാണ് സതീശന്‍ നായര്‍. ഭജന, ചെണ്ടമേളത്തിലും സജീവം. നാടക നടന്‍, വോളിബോള്‍ താരം, അറിയപ്പെടുന്ന പ്രാസംഗികന്‍ എന്നീ നിലകളിലെല്ലാം തന്‍റേതായ കൈയ്യൊപ്പ് ചാര്‍ത്തിയ സതീശന്‍ നായര്‍ നല്ലൊരു പുസ്തക വായനക്കാരന്‍ കൂടിയാണ്. എം.ടി. മുതല്‍ എസ്. ഹരീഷ് വരെയുള്ള എഴുത്തുകാരുടെ ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്‍റെ ഗ്രന്ഥപ്പുരയെ സമ്പുഷ്ടമാക്കുന്നു. തന്‍റെ ചിന്തകള്‍ക്കും എഴുത്തിനും മാറ്റുകൂട്ടുന്നു. നാട്ടുകാരുടെയും, നാടിന്‍റെയും ആവശ്യങ്ങളില്‍ ഒരു തണല്‍ മരം കൂടിയാണ് അദ്ദേഹം. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ അദ്ദേഹം കരുണ ഫൗണ്ടേഷന്‍റെ സ്ഥാപക ചെയര്‍മാനാണ്. അര്‍ഹതയുള്ളവര്‍ക്ക് സഹായം വേണ്ട സമയത്ത് എത്തിച്ചു നല്‍കുക എന്നതാണ് ഇക്കാര്യത്തില്‍ അദ്ദേഹത്തിന്‍റെ നയം. അമേരിക്കന്‍ സംഘടനാ സമൂഹം തിരിച്ചറിയേണ്ട ബഹുമുഖ പ്രതിഭയാണ് എന്ന് പറഞ്ഞാല്‍ ഒട്ടും അത്ഭുതപ്പെടാനില്ല. കാരണം അദ്ദഹം ഒരു സമ്പൂര്‍ണ്ണ കലാകാരനാണ്. കലാകാരന്‍ ഒരു സമ്പൂര്‍ണ്ണ മനുഷ്യന്‍ കൂടിയാകുന്നു എന്നത് ചരിത്രം.


ബന്ധങ്ങള്‍, നന്മകള്‍
എല്ലാ ബന്ധങ്ങളും പവിത്രമാണെന്ന് വിശ്വസിക്കുന്ന അദ്ദേഹം പറയുന്ന ഒരുകാര്യം 'ഏത് ബന്ധങ്ങളില്‍ നിന്നും, പരിചയപ്പെടലുകളില്‍ നിന്നും നമുക്ക് പലതും പഠിക്കാനുണ്ട് എന്നതാണ്. ശത്രുവാണങ്കില്‍ പോലും അയാളില്‍ ഒരു നന്മ കാണുവാന്‍ ശ്രമിച്ചാല്‍ നമുക്കും ആ വ്യക്തിക്കും അത് ഗുണം ചെയ്യും'
ഒരു പക്ഷെ ബന്ധങ്ങളിലെ വൈവിദ്ധ്യത തന്‍റെ വളര്‍ച്ചയുടെയും ഘടകമായി അദ്ദേഹം നോക്കിക്കാണുന്നുണ്ടാവും. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളില്‍ നേടിയെടുത്ത പലബന്ധങ്ങളും അദ്ദേഹം അതേരൂപത്തില്‍ ഇന്നും കാത്തുസൂക്ഷിക്കുന്നു. എ.കെ. ആന്‍റണി, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മോന്‍സ് ജോസഫ് എന്നിവരുമായുള്ള അടുപ്പം ഇപ്പോഴും കാത്തുസൂക്ഷിക്കുമ്പോഴും എ.കെ. ആന്‍റണിയുമായുള്ള സൗഹൃദത്തിന് നൂറുമേനി വിളവാണുള്ളത്. അദ്ദേഹം അമേരിക്കയിലെത്തിയ സമയത്ത് അദ്ദേഹത്തിന്‍റെ എഴുപത്തിയഞ്ചാം പിറന്നാള്‍ ഒരു സര്‍പ്രൈസായി കൊണ്ടാടുവാന്‍ സാധിച്ചത് ഒരു അപൂര്‍വ്വതയായിരുന്നു.
ഇതിനെല്ലാം പുറമെ നിറഞ്ഞ ഈശ്വര വിശ്വാസി കൂടിയാണ് സതീശന്‍ നായര്‍. അദൃശ്യമായ ഒരു ശക്തിയുടെ കരുതലാണ് ഓരോ വ്യക്തിയുടെയും വളര്‍ച്ചയുടെ പിന്‍ബലം. നമ്മള്‍ ആ ശക്തിയില്‍ മുറുക്കി പിടിക്കുക. ഒരിക്കലും ഈശ്വരന്‍ കൈവിടില്ല..


കുടുംബം, ശക്തി
ജീവിതത്തിന്‍റെ പച്ചപ്പില്‍ സതീശന്‍ നായര്‍ നില്‍ക്കുമ്പോള്‍ ആ പച്ചത്തുരുത്തിന് പിന്തുണ നല്‍കുന്നത് ഭാര്യ വിജി നായര്‍ (സ്വന്തമായി അക്കൗണ്ടിംഗ് സ്ഥാപനം നടത്തുന്നു), മക്കള്‍- വരുണ്‍ നായര്‍ കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദം നേടി മാസ്റ്റര്‍ ഡിഗ്രിക്ക് പഠിക്കുന്നു. നിഥിന്‍ നായര്‍ കോളജ് പഠനത്തിലേക്ക് കടക്കുന്നു. രണ്ട് പേരും കരാട്ടെ ബ്ലാക്ക് ബെല്‍റ്റ് നേടിയവരും, ചിത്രകാരന്മാരുമാണ്.
അതെ സതീശന്‍ നായര്‍ ഒരു പ്രതിഭയാണ്. ബഹുമുഖ പ്രതിഭ. അറിവിന്‍റെ കൂട്ടുകാരന്‍. ഈ വഴിത്താരയില്‍ അദ്ദേഹത്തോടൊപ്പം സഞ്ചരിക്കാനായതില്‍ ഭാഗ്യം. കാരണം ഈശ്വരന്‍ കനിഞ്ഞനുഗ്രഹിച്ച അപൂര്‍വ്വ വ്യക്തിത്വത്തിനൊപ്പമുള്ള യാത്രകള്‍ നമുക്ക് നല്‍കുന്ന ഊര്‍ജ്ജം ചെറുതല്ല. അദ്ദേഹം ഇനിയും നിരവധി പടവുകള്‍ നടന്നുകയറട്ടെ. അവ നമുക്കും വരുംതലമുറയ്ക്കും വഴിത്താരകളാകട്ടെ. ഈ ജീവിത കഥ ഒരു പാഠപുസ്തകമാവട്ടെ...

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.