റോട്ടറി ഇന്‍റര്‍നാഷണലിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കുവാന്‍ സാധിച്ചാല്‍ നമ്മുടെ 'റോള്‍ മോഡല്‍' നാം തന്നെ ആയി മാറുമെന്ന് തന്‍റെ ഇരുപത്തിയേഴ് വര്‍ഷത്തെ റോട്ടറി ജീവിതാനുഭവത്തിലൂടെ വ്യക്തമാക്കുകയാണ് ചിക്കാഗോയില്‍ സ്ഥിര താമസമാക്കിയ പാലാ സ്വദേശിയായ ഷിബു പീറ്റര്‍
SERVICE ABOVE SELF എന്ന സന്ദേശം മുന്‍ നിര്‍ത്തി ആഗോളതലത്തില്‍ വിവിധ കമ്മ്യൂണിറ്റി സര്‍വ്വീസ് പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ലോകത്തിലെ മുന്‍നിര സന്നദ്ധ സംഘടനയായ ചിക്കാഗോ ഇവന്‍സ്റ്റണ്‍ ആസ്ഥാനമായുള്ള റോട്ടറി ഇന്‍റര്‍നാഷണലിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കുവാന്‍ സാധിച്ചാല്‍ നമ്മുടെ 'റോള്‍ മോഡല്‍' നാം തന്നെ ആയി മാറുമെന്ന് തന്‍റെ ഇരുപത്തിയേഴ് വര്‍ഷത്തെ റോട്ടറി ജീവിതാനുഭവത്തിലൂടെ വ്യക്തമാക്കുകയാണ് ചിക്കാഗോയില്‍ സ്ഥിര താമസമാക്കിയ പാലാ സ്വദേശിയായ ഷിബു പീറ്റര്‍. പരേതരായ പാലാ വെട്ടുകല്ലേല്‍ വി. ജെ. പീറ്ററിന്‍റേയും അന്നമ്മ പീറ്ററിന്‍റെയും ഇളയമകനാണ് ഷിബു.
1905-ല്‍ ചിക്കാഗോയില്‍ സ്ഥാപിതമായി, ലോകമെമ്പാടും 220 രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന റോട്ടറി എന്ന സന്നദ്ധ സംഘടനയുമായി കൈകോര്‍ത്ത് സമൂഹ നന്മ ലക്ഷ്യമാക്കിയുള്ള വിവിധ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കുവാന്‍ സാധിക്കുന്നതില്‍ ഏറെ അഭിമാനവും ചാരിതാര്‍ത്ഥ്യവും ഉളവാക്കുന്നുവെന്ന് അദ്ദേഹത്തിന്‍റെ വാക്കുകളിലൂടെ വ്യക്തമാകുന്നു..
അശരണര്‍ക്ക് താങ്ങും തണലുമായി
പീറ്റര്‍ ഫൗണ്ടേഷന്‍ ട്രസ്റ്റ്
തന്‍റെ പിതാവിന്‍റെ പേരില്‍ നിര്‍ദ്ധന കിഡ്നി രോഗികളുടെ പുരോഗതിക്കും, ഉന്നമനത്തിനുമായി ഷിബു ആരംഭം കുറിച്ച പാലാ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പീറ്റര്‍ ഫൗണ്ടേഷന്‍റെ പല പ്രവര്‍ത്തനങ്ങളും റോട്ടറിയുമായി സഹകരിച്ചാണ്. സൗജന്യ ഡയാലിസിസ്, ഡയാലിസിസ് കിറ്റുവിതരണം, കിഡ്നി രോഗ നിര്‍ണ്ണയ മെഡിക്കല്‍ ക്യാമ്പുകള്‍, സൗജന്യ യാത്രാ സൗകര്യങ്ങള്‍, കിഡ്നി മാറ്റി വെക്കാനുള്ള ക്രോസ് ഡൊണേഷന്‍ സംവിധാനങ്ങള്‍, ബോധവല്‍ക്കരണ കൗണ്‍സിലിംഗ് തുടങ്ങി പല പദ്ധതികളും പീറ്റര്‍ ഫൗണ്ടേഷനിലൂടെ നടത്തി വരുന്നു. പാലാ രൂപതാ സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കനാണ് പീറ്റര്‍ ഫൗണ്ടേഷന്‍റെ രക്ഷാധികാരി.
കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ സംസ്ഥാന
കോര്‍ഡിനേറ്റര്‍:
2011 മുതല്‍ ഫാ. ഡേവിഡ് ചിറമ്മേല്‍ ചെയര്‍മാനായുള്ള കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ സുരക്ഷകേരളം പദ്ധതി സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ എന്ന നിലയിലും ഷിബു സേവനമനുഷ്ഠിച്ചു. അദ്ദേഹവും സുഹൃത്തുക്കളും കൂടി ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ഒരു മൊബൈല്‍ ലാബ് കിഡ്നി ഫെഡറേഷന് സംഭാവന ചെയ്തു. തുടര്‍ന്ന് ആയിരക്കണക്കിന് കിഡ്നി രോഗ നിര്‍ണ്ണയ ക്യാമ്പുകളും സെമിനാറുകളുമാണ് ഈ മൊബൈല്‍ ലാബ് സംവിധാനത്തിലൂടെ അദ്ദേഹം കേരളത്തിലുടനീളം നടത്തിയത്. കിഡ്നി രോഗം ആരംഭത്തില്‍ തന്നെ കണ്ടുപിടിച്ച് തടയുക എന്ന ലക്ഷ്യമായിരുന്നു ഉണ്ടായിരുന്നത്. ആറ് വര്‍ഷംകൊണ്ട് കിഡ്നി രോഗാരംഭമുള്ള പതിനാലായിരത്തോളം ആളുകളെയാണ് രോഗാരംഭത്തില്‍ തന്നെ കണ്ടുപിടിച്ച് രോഗം മൂര്‍ച്ഛിക്കാതെ രക്ഷപെടുത്തുവാന്‍ അദ്ദേഹത്തിന് സാധിച്ചത്.
പ്രചോദനം, വിളക്കുകള്‍
പാലാ രൂപതാ സഹായമെത്രാനും കിഡ്നി ദാതാവുമായ മാര്‍ ജേക്കബ് മുരിക്കന്‍, കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യാ ചെയര്‍മാന്‍ ഡേവിസ് ചിറമ്മേല്‍, വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് & ചിറ്റിലപ്പള്ളി ഫൗണ്ടേഷന്‍ ചെയര്‍മാനും കിഡ്നി ദാതാവുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി എന്നീ വഴിവിളക്കുകളില്‍ നിന്നുള്ള പ്രചോദനമാണ് തനിക്ക് ഈ വഴിയില്‍ മറ്റുള്ളവര്‍ക്ക് ദീപമാകുവാന്‍ സാധിച്ചതെന്ന് ഷിബു പറയുന്നു.
സാമ്പത്തിക ഭദ്രതയിലും, സ്ഥാനമാനങ്ങളിലും, അധികാരത്തിലും നാം സന്തോഷം കണ്ടെത്തുന്നവരാണ്. എന്നാല്‍ യഥാര്‍ത്ഥ ആത്മസംതൃപ്തി നമ്മില്‍ ഉളവാകണമെങ്കില്‍ നമ്മുടെ പണവും സമയവും സഹജീവികള്‍ക്ക് വേണ്ടി മാറ്റിവെയ്ക്കുമ്പോള്‍ മാത്രമാണ് എന്ന സത്യം അദ്ദേഹം തിരിച്ചറിയുന്നു.
സമൂഹത്തിലെ നിര്‍ദ്ധനരായവര്‍ക്കുവേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുമ്പോള്‍ അവരുടെ മുഖത്ത് പ്രകടമാകുന്ന സംതൃപ്തി നിറഞ്ഞ പുഞ്ചിരിയാണ് തനിക്ക് വീണ്ടും പ്രവര്‍ത്തിക്കുവാന്‍ കരുത്തേകുന്നത് - ഷിബു പറയുന്നു.
പ്രവര്‍ത്തനങ്ങള്‍, മാതൃകകള്‍
ഇലക്ട്രോണിക് എഞ്ചിനീയറിംഗില്‍ ഉപരിപഠനത്തിനായി 1989-ലാണ് ഷിബു ന്യൂയോര്‍ക്കിലെത്തിയത്. പക്ഷെ തന്‍റെ മൂത്ത ജേഷ്ഠ സഹോദരന്‍ ജോസ് പീറ്ററിന്‍റെ ആകസ്മിക വേര്‍പാടുമൂലം ഇടയ്ക്ക് ഉപരിപഠനം എന്ന സ്വപ്നം ഉപേക്ഷിച്ച് പാലായിലും കാഞ്ഞിരപ്പള്ളിയിലുമുള്ള വി.ജെ. പീറ്റര്‍ & കമ്പനി എന്ന തങ്ങളുടെ കുടുംബ ബിസിനസ്സില്‍ രണ്ടാമത്തെ ജേഷ്ഠസഹോദരന്‍ തോമസ് പീറ്ററിനൊപ്പം ചേര്‍ന്ന് ബിസിനസ്സില്‍ പ്രവര്‍ത്തിച്ചു.
1995-ല്‍ റോട്ടറി പ്രസ്ഥാനവുമായി ചേര്‍ന്ന് ചെറിയ ചെറിയ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ പാലായിലുള്ള തന്‍റെ സ്വന്തം ഗ്രാമത്തില്‍ നടത്തുവാനുള്ള അവസരമുണ്ടായി. 2001 മുതല്‍ തന്‍റെ സമയത്തിന്‍റെ മുപ്പത് ശതമാനവും റോട്ടറിയിലൂടെയുള്ള സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കായി അദ്ദേഹം മാറ്റിവെച്ചു.
തുടര്‍ന്നങ്ങോട്ട് കിഡ്നി ഡയാലിസിസ് സെന്‍ററുകള്‍, കൃത്രിമ കാല്‍ വിതരണം, ഭവന നിര്‍മ്മാണം, കുടിവെള്ള പദ്ധതികള്‍, മലിനജല ശുദ്ധീകരണ പ്ലാന്‍റുകള്‍, കിഡ്നി രോഗ നിര്‍ണ്ണയ ക്യാമ്പുകള്‍ അങ്ങനെ കോടിക്കണക്കിന് രൂപയുടെ വിവിധ സര്‍വ്വീസ് പ്രോജക്ടുകളാണ് അദ്ദേഹത്തിന്‍റെ ഇടപെടലുകളിലൂടെ റോട്ടറി ഇന്‍റര്‍നാഷണലുമായി ചേര്‍ന്ന് കേരളത്തിന്‍റെ വിവിധ ഇടങ്ങളില്‍ കരുതലായി മാറിക്കൊണ്ടിരിക്കുന്നത്. ഈ പദ്ധതികളുടെ സാമ്പത്തിക ഇടപാടുകള്‍ പൂര്‍ണ്ണമായും റോട്ടറി ഫൗണ്ടേഷന്‍റെ നിയന്ത്രണത്തിലൂടെ ആയതിനാല്‍ നൂറുശതമാനവും സുതാര്യമായിട്ടാണ് നടക്കുന്നത് എന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു.
പുരസ്കാരങ്ങള്‍, അംഗീകാരങ്ങള്‍
പുരസ്കാരങ്ങളും അംഗീകാരങ്ങളും നമ്മുടെ മുന്നിലേക്ക് നമ്മെ തേടി വരുന്ന നിമിഷങ്ങള്‍ അതിസുന്ദരമാണ്. ഷിബുവിന്‍റെ ജീവിതത്തിലേക്ക് അങ്ങനെ കടന്നു വന്ന നിരവധി മുഹൂര്‍ത്തങ്ങള്‍ ഉണ്ട്.
റോട്ടറി ക്ലബ് ഇന്‍റര്‍നാഷണലിന്‍റെ ഏറ്റവും വിശിഷ്ടമായ 'ടഋഞഢകഇഋ അആഛഢഋ ടഋഘഎ' അവാര്‍ഡിന് രണ്ടു തവണ അദ്ദേഹം അര്‍ഹനായി. ഇല്ലിനോയി നാഷണല്‍ കിഡ്നി ഫൗണ്ടേഷന്‍ എക്സലന്‍സ് അവാര്‍ഡ്, ഇല്ലിനോയി ഗിഫ്റ്റ് ഓഫ് ഹോപ്പ് അംബാസിഡര്‍, ചിറ്റിലപ്പള്ളി ഫൗണ്ടേഷന്‍ എക്സലന്‍സ് അവാര്‍ഡ്, കേരളാ ജനമൈത്രി പോലീസ് സാമൂഹിക സേവന അവാര്‍ഡ് തുടങ്ങി നിരവധി അംഗീകാരങ്ങളാണ് അദ്ദേഹത്തെ തേടിയെത്തിയത്.
തുടര്‍ പദ്ധതികള്‍, പരിപാടികള്‍
2018-ല്‍ മക്കളുടെ തുടര്‍ പഠനാര്‍ത്ഥം ചിക്കാഗോയില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണ് ഷിബു പീറ്റര്‍. ഒപ്പംതന്നെ കേരളത്തിലെ മറ്റ് റോട്ടറി ക്ലബുകളുമായി സഹകരിച്ചുള്ള സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ചിക്കാഗോയില്‍ റോട്ടറി ക്ലബ് ഓഫ് നൈല്‍സ് എന്ന പേരില്‍ റോട്ടറി ഇന്‍റര്‍നാഷണലിന്‍റെ കീഴില്‍ ഒരു ക്ലബും അദ്ദേഹം രൂപീകരിച്ചു. ഇന്ത്യാക്കാര്‍ക്കു മാത്രമായുള്ള ലോകത്തിലെ ആദ്യത്തെ റോട്ടറി ക്ലബാണിത്.
നിര്‍ദ്ധന കിഡ്നി രോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യുക എന്ന ലക്ഷ്യത്തോടെ നോര്‍ത്ത് കരോലിനായിലുള്ള ജേക്കബ് ജോബി കണ്ടാരപ്പള്ളില്‍, കുറുപ്പുന്തറ കണ്ടാരപ്പള്ളില്‍ ജോണി, നൈല്‍സ് ക്ലബ് അംഗങ്ങള്‍ എന്നിവരുടെ സഹകരണത്തോടെയും റോട്ടറി ഇന്‍റര്‍ നാഷണലുമായി ചേര്‍ന്നും കേരളത്തില്‍ ഡയാലിസിസ് സെന്‍റര്‍ ഇല്ലാത്ത ആശുപത്രികളില്‍ ഡയാലിസിസ് മെഷീനുകള്‍ സൗജന്യമായി നല്‍കി ഡയാലിസിസ് സെന്‍ററുകള്‍ തുടങ്ങിക്കൊണ്ടിരിക്കുന്നു.
ജീവിതം തന്നെ നഷ്ടപ്പെട്ടു പോയേക്കാവുന്ന ആയിരങ്ങള്‍ക്ക് തണലായി ഷിബു പീറ്റര്‍ തന്‍റെ സേവന യാത്ര തുടരുമ്പോള്‍ താങ്ങും തണലുമായി ഭാര്യ ലിയാന്‍ (ചിങ്ങവനം കാളിശ്ശേരില്‍ കുടുംബാംഗം) മക്കള്‍ ദിയാ (UlC എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി), എല്‍നാ (ഡകഇ ഫാം ഡി വിദ്യാര്‍ത്ഥിനി), സൈമണ്‍ (UlC ബാച്ചിലേഴ്സ് വിദ്യാര്‍ത്ഥി), ജോണ്‍ (5വേ ഗ്രേഡ് വിദ്യാര്‍ത്ഥി) എന്നിവരും ഒപ്പമുണ്ട്.
ചില മനുഷ്യര്‍ ലോകത്തിന്‍റെ വിവിധയിടങ്ങളില്‍ ഇങ്ങനെ പുഞ്ചിരിച്ചുകൊണ്ട് പ്രവര്‍ത്തന നിരതമാകുമ്പോഴാണ് ലോകത്തിന്‍റെ മറ്റിടങ്ങളില്‍ കാരുണ്യത്തിന്‍റെ പുഞ്ചിരി പൂത്തുലയുന്നത്. ഷിബു പീറ്റര്‍ തന്‍റെ പുഞ്ചിരിച്ച മുഖവുമായി വിവിധ ജീവിതങ്ങളിലേക്ക് പടര്‍ന്ന് പന്തലിക്കട്ടെ. അദ്ദേഹത്തിന്‍റെ മേല്‍ ഈശ്വരന്‍റെ പുഞ്ചിരി തണലായി വിളങ്ങട്ടെ...