VAZHITHARAKAL

പ്രവാസം ബിസിനസ് കല എഴുത്ത് സാമൂഹിക പ്രവർത്തനം : സണ്ണി മാളിയേക്കല്‍

Blog Image
ഇന്നലെ ചരിത്രമാണ്, നാളെ നിഗൂഢമാണ്,  ഇന്ന് ദൈവത്തിന്‍റെ ദാനമാണ്, അതുകൊണ്ടാണ്  അതിനെ വര്‍ത്തമാനം എന്ന് വിളിക്കുന്നത്

നിങ്ങളുടെ  ജീവിതത്തില്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും ചെറിയ  കാര്യം നിങ്ങള്‍ എന്താണ് പ്രതീക്ഷിക്കുന്നതെന്ന് കണ്ടെത്തുക എന്നതാണ്. നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യം ആ പ്രത്യാശയില്‍ ജീവിക്കുകയും അതിനായി ആവോളം കഷ്ടപ്പെടുകയും ചെയ്യുക  എന്നതാണ്. പ്രതീക്ഷ ഒരു ശക്തിയാണ്. നിങ്ങള്‍ ഏറ്റവുമധികം പ്രതീക്ഷിക്കുന്നത് എന്താണെന്ന് അറിയുകയും അത് നിങ്ങളുടെ ഉള്ളില്‍ ഒരു പ്രകാശംപോലെ പിടിക്കുകയും ചെയ്യുമ്പോള്‍, നിങ്ങള്‍ക്ക് വിജയിക്കുവാന്‍ സാധിക്കും. അത്തരത്തില്‍ വിജയത്തിന്‍റെ പടികള്‍ കയറിയ ഒരു വ്യക്തിത്വത്തെ പരിചയപ്പെടാം. സണ്ണി മാളിയേക്കല്‍.
ജീവിതത്തിന്‍റെ വഴികളില്‍ താന്‍ താണ്ടിയ കടമ്പകള്‍ക്ക് വേദനയുടെ നിറമുണ്ട്. അതിലുപരി സന്തോഷത്തിന്‍റെ അനര്‍ഘ നിമിഷങ്ങളുമുണ്ട്.
എറണാകുളം ജില്ലയിലെ ആലുവ തോട്ടയ്ക്കാട്ടുകര മാളിയേക്കല്‍ പൈലോയുടേയും, ലീലാമ്മ പൈലോയുടെയും മകനായി 1960-ല്‍ ജനനം. ആലുവ സെന്‍റ് മേരീസ് സ്കൂള്‍, സെറ്റില്‍മെന്‍റ് ഹൈസ്കൂള്‍, യു.സി. കോളേജ്, ഫെയര്‍ലി ഡിക്സണ്‍ യൂണിവേഴ്സിറ്റി, എസ്.എം.യു എന്നിവിടങ്ങളിലായിരുന്നു സ്കൂള്‍ കോളേജ് വിദ്യാഭ്യാസം.


കഥകേട്ട് വളര്‍ന്ന പയ്യന്‍
ഏതൊരു വ്യക്തിയുടെയും ജീവിതത്തെ പരുവപ്പെടുത്തുന്നതിന് തുടക്കമിടുന്നത് ബാല്യ കൗമാരകാലമാണ്. സണ്ണിയുടെ ബാല്യത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. കഥകള്‍ കേട്ട് വളര്‍ന്നകാലം. കഥകളുടെ സുവര്‍ണ്ണകാലം, കഥകള്‍ മനസില്‍ കയറിയ കാലം. അമ്മയുടെ അപ്പന്‍റെ അമ്മ, വല്ല്യവല്ല്യമ്മച്ചി നന്നായി കഥ പറയുമായിരുന്നു. അമ്മച്ചിയുടെ മടിയില്‍ കിടന്ന് കേട്ട കഥകള്‍ക്ക് കണക്കില്ല. ഒരു സിനിമ കാണുന്നതുപോലെ കഥാപാത്രങ്ങള്‍ മിന്നിമറയുന്ന കഥകള്‍. തോട്ടയ്ക്കാട്ടുകരയ്ക്ക് അടുത്തു തന്നെയായിരുന്നു അമ്മവീടും. വേനലവധിക്ക് അമ്മ വീട്ടില്‍ ഒത്തുകൂടുന്ന കാലം ആഘോഷത്തിന്‍റേതായിരുന്നു എങ്കിലും വല്ല്യമ്മ കഥകളിലൂടെയുള്ള യാത്ര സണ്ണി മാളിയേക്കലിന് ഒരു പുതുലോകം തുറന്നിടുന്നതായിരുന്നു.


അച്ചാച്ചന്‍  പകര്‍ന്ന ബിസിനസ് പാഠം
കോട്ടയത്ത് ജനിച്ചുവളര്‍ന്ന പിതാവ് പൈലോ കോളേജ് വിദ്യാഭ്യാസത്തിനു ശേഷം എറണാകുളം ബര്‍മ്മാ ഷെല്‍ കമ്പനിയില്‍ ജോലിക്ക് കയറി. ആ സമയത്തായിരുന്നു വിവാഹം. പിന്നീട് ജോലിയെക്കാള്‍ നല്ലത് ബിസിനസ് ആണെന്ന് തിരിച്ചറിഞ്ഞ് ഇരുമ്പുകട തുടങ്ങി. എറണാകുളത്ത് നിന്ന് ചരക്കുമായി വള്ളത്തിനായിരിക്കും വരിക. ചെറുപ്പകാലം മുതല്‍ക്കേ അച്ചാച്ചനോടൊപ്പം നടത്തിയ എറണാകുളം യാത്രകള്‍ ജീവിതത്തില്‍ കച്ചവടത്തിന്‍റെ ജീവിത പാതകള്‍ മനസിലാക്കുവാന്‍ ഉപകരിച്ചു. ആലുവയില്‍ നിന്ന് അമേരിക്കയിലെത്തിയപ്പോഴും ഈ പാതകള്‍ ആണ് ജീവിതത്തിന്‍റെ ശരികളിലേക്ക് അദ്ദേഹത്തെ കൈപിടിച്ചത്. ഒരു സംരംഭകന്‍റെ വിജയം ജനങ്ങളുടെ സംതൃപ്തി കൂടിയാണന്ന് തിരിച്ചറിഞ്ഞ ജീവിത പാഠമായിരുന്നു അത്.


ബിസിനസ് തകര്‍ച്ചയും പുതുവഴികളും
അപ്പന് ആലുവായിലെ ഇരുമ്പുകടയ്ക്കൊപ്പം എറണാകുളത്ത് പഴയ ഇരുമ്പു സാധനങ്ങള്‍ ലേലത്തില്‍ പിടിച്ച് കോയമ്പത്തൂരില്‍ വില്‍ക്കുന്ന ബിസിനസും തുടങ്ങിയിരുന്നു. കളമശ്ശേരി എച്ച്. ഐ. എല്‍.-ല്‍ നിന്നും പഴയ സാധനങ്ങള്‍ ശേഖരിച്ചിരുന്നു. അതെല്ലാം കമ്പനി വളപ്പിലെ ഒഴിഞ്ഞ സ്ഥലത്തായിരുന്നു ശേഖരിച്ചിരിച്ചിരുന്നത്. ഒരു ദിവസം സാധനങ്ങള്‍ ലോറിയിലേക്ക് കയറിയപ്പോള്‍ വലിയ ഒരു ഗര്‍ഡര്‍ കെമിക്കല്‍ പാന്‍റിലേക്ക് വീണ് പൊട്ടി കെമിക്കല്‍ പുറത്തേക്ക് ഒഴുകി. ഇരുമ്പു സാധനങ്ങള്‍ ഇട്ടിരുന്ന സ്ഥലത്തേക്ക് കെമിക്കല്‍ ഒഴുകി കെട്ടിനിന്നു. അപ്പനത് കാര്യമാക്കിയില്ല. ഇരുമ്പു സാധനങ്ങള്‍ വേഗത്തില്‍ പൊടിയാന്‍ തുടങ്ങി. അങ്ങനെ അച്ചാച്ചന്‍ പടുത്തുയര്‍ത്തിയ ബിസിനസ് സാമ്രാജ്യം പൊളിയുകയായിരുന്നു. നഷ്ടം നികത്താന്‍ ആലുവായിലെ കട വിറ്റു. അപ്പോഴാണ് അമ്മച്ചിക്ക് അശനിപാതം പോലെ ബ്രെയ്ന്‍ ട്യൂമര്‍. കാല്‍ ചുവട്ടിലെ മണ്ണിലെ ഊര്‍ന്ന് പോകുന്ന പോലെയായി ജീവിതം. അപ്പോഴാണ് സുഹൃത്ത് ജോസി അവന്‍റെ വര്‍ക്ക്ഷോപ്പ് വാടകയ്ക്ക് നല്‍കിയത്. ആത്മാര്‍ത്ഥമായി പണിയെടുത്തു. പതിനേഴാം വയസ്സില്‍ ഏറ്റെടുത്ത ഒരു സംരംഭം. അപ്പോള്‍ കോലഞ്ചേരിയില്‍ ജ്യേഷ്ഠനും കൂട്ടുകാരും ഒരു പാരലല്‍ കോളേജ് തുടങ്ങി. അപ്പോഴാണ് ജ്യേഷ്ഠന് അമേരിക്കയില്‍ നിന്ന് ഒരു വിവാഹാലോചന വരുന്നത്. അമ്മയുടെ ഓപ്പറേഷന്‍, രോഗക്കിടക്കയിലേക്കുള്ള മാറ്റവും ഒക്കെയായി ലളിതമായി ജ്യേഷ്ഠന്‍റെ വിവാഹം. അതിനിടയില്‍ സഹോദരിക്ക് നൈജീരിയയില്‍ അദ്ധ്യാപികയായി ജോലിയും ശരിയായി. ഈ സന്തോഷങ്ങള്‍ക്കിടയിലേക്കാണ് അമ്മയുടെ മരണം. 1980 ഒക്ടോബര്‍ 20 ഒരു കറുത്ത ദിനമായിരുന്നു മാളിയേക്കല്‍ കുടുംബത്തിന്.


ജീവിതം തിരികെ പിടിക്കുമ്പോള്‍
ജ്യേഷ്ഠന്‍ അമേരിക്കയ്ക്കും, സഹോദരി നൈജീരിയായ്ക്കും പോയി. അച്ചാച്ചനും സണ്ണിയും ഒറ്റയ്ക്കായ വീട്. അമേരിക്കയിലെത്തിയ ജ്യേഷ്ഠന്‍റെ കത്തില്‍ അവിടെ ജോലി ലഭിക്കാനുള്ള പ്രയാസങ്ങളൊക്കെ എഴുതിയത് പ്രതീക്ഷ നല്‍കിയില്ല. സ്വന്തം കാലില്‍ നില്‍ക്കണമെന്ന മോഹം എറണാകുളം നോര്‍ത്തില്‍ അളിയന്‍ നടത്തിയിരുന്ന ട്രാന്‍സ്പോര്‍ട്ടിംഗ് ഓഫീസില്‍ എത്തിച്ചു. അവിടെ  ജോലിക്കൊപ്പം സയന്‍സ് അക്കാദമിയില്‍ മുടങ്ങിപ്പോയ പഠനം പുനരാരംഭിച്ചു. വൈകിട്ടത്തെ സമയത്ത് സി.എ.സിയില്‍ ഡ്രംസ് പഠനത്തിനും ചേര്‍ന്നു. ഗുരു ആന്‍റോ മാഷിന്‍റെ സഹായത്തോടെ ഐലന്‍റിലെ മഹാരാജ ഹോട്ടലില്‍ ഡ്രംസ് വായിക്കാന്‍ അവസരം. വൈകിട്ട് നടക്കുന്ന കാബറെ ഡാന്‍സിനാണ് ഡ്രംസ് വായിക്കേണ്ടത്. ഒന്നും ചിന്തിക്കാതെ ജോലി തുടങ്ങി. അളിയന്‍ അറിയാതെ ചെയ്ത ജോലിയായിരുന്നു അത്. അളിയന്‍ അതു കണ്ടുപിടിച്ചതോടെ കര്‍ശനമായി വിലക്കി. ആ ജോലിയും പോയി. അങ്ങനെയിരിക്കെ അച്ചാച്ചന് അമേരിക്കയിലേക്ക് പോകണമെന്ന ആഗ്രഹം. ജ്യേഷ്ഠന്‍ പേപ്പര്‍ വര്‍ക്കുകള്‍ റഡിയാക്കി. അച്ചാച്ചന് ഒരു ചെയ്ഞ്ച് വേണമായിരുന്നു. ഒറ്റപ്പെടലില്‍ നിന്ന് അദ്ദേഹം അമേരിക്കയിലേക്ക് പോയതോടെ സണ്ണി തനിച്ചായി.

ഒളിമ്പിക്സ് റിപ്പോര്‍ട്ടറായി അമേരിക്കയ്ക്ക്
1984-ല്‍ എ.സി. ജോസ് സ്പോര്‍ട്സ് മന്ത്രിയായിരിക്കെ പി.റ്റി. ഉഷ ഉള്‍പ്പെട്ട ഒരു സംഘം ലോസ്ആഞ്ചല്‍സില്‍ ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ പോകുന്നതായി ഒരു വാര്‍ത്ത പത്രത്തില്‍ വന്നു. ആലുവയിലെ പള്ളി വഴക്കുമായി ബന്ധപ്പെട്ട ന്യൂസ് കോഡിനേറ്റ് ചെയ്യുന്ന ജോലി സണ്ണിയ്ക്ക് ഉണ്ടായിരുന്നു.  എറണാകുളം പ്രസ്ക്ലബില്‍ ന്യൂസ് റിലീസ് സംഘടിപ്പിക്കുന്നതും മറ്റും.  ദേശാഭിമാനി മുതല്‍ മനോരമ വരെയുള്ള  എല്ലാ പത്രറിപ്പോര്‍ട്ടര്‍മാരും ആയുള്ള പരിചയവും, ഒരു റിപ്പോര്‍ട്ടര്‍ക്ക് പോകാം എന്ന അറിവും. ഗ്രൂപ്പിനെ കൊണ്ടുപോകുന്ന അഡ്മിറല്‍ ട്രാവല്‍സിന്‍റെ എം.ഡി. തോമസ് വടക്കെകുറ്റിനെ കണ്ടു. 15000 രൂപ ചിലവ്. വിസയുടെ കാര്യം സ്വന്തമായി ചെയ്യണം. 
 മദ്രാസ് കോണ്‍സലേറ്റില്‍ ഒരു ചോദ്യമെ വിസ ഓഫീസര്‍ ചോദിച്ചുള്ളു.
You are a sports critic?
Yes
Ok..we have granded your Travel Approval. Have a safe trip.
കോണ്‍സുലേറ്റില്‍ നിന്നും പുറത്തിറങ്ങി നേരെ സെന്‍റ്തോമസ് മൗണ്ട് പള്ളിയിലേക്ക് പോയി. മനസ്സുരുകി പ്രാര്‍ത്ഥിച്ചു. 1984 ജൂലൈ മാസം 28-ന് അമേരിക്കയിലേക്ക് പറന്നു. 
ജീവിതത്തിന്‍റെ പ്രതിസന്ധികളില്‍ തുണയായ ആത്മവിശ്വാസവും അവസരങ്ങള്‍ കാത്തുനിന്നതും എല്ലാം അമേരിക്കന്‍ മണ്ണിലേക്കുള്ള യാത്രയ്ക്ക് തുണയായി.


 പ്രവാസം, വിജയം
അമേരിക്കയിലെത്തിയപ്പോള്‍ അച്ചാച്ചന്‍ പറഞ്ഞ ഒരു കാര്യം ഓര്‍മ്മിക്കുന്നു സണ്ണി. 'ജോലിയെടുത്താല്‍ നന്നായി ജീവിക്കാവുന്ന നാടാണ് അമേരിക്ക ഇവിടുത്തെ നിയമങ്ങള്‍ പാലിക്കണം എന്ന് മാത്രം'. ഒരു തൊഴില്‍ പഠിക്കാന്‍ തീരുമാനിച്ചു. ബോയ്ലര്‍ റിപ്പയറിംഗ്. ജ്യേഷ്ഠന്‍റെ വീട്ടില്‍ നിന്നും രണ്ട് മൈല്‍ അകലെയാണ് സ്ഥാപനം. ആദ്യമൊക്കെ പഠനം രസകരമായി തോന്നിയെങ്കിലും ഈ ജോലി സ്വന്തമായി ചെയ്യണമെങ്കില്‍ ഒ.ഢ. അഇ ലൈസന്‍സ് വേണമെന്നും അത് കിട്ടാന്‍ ബുദ്ധിമുട്ടാണെന്നും പിടികിട്ടി. അപ്പോഴാണ് ഇന്ത്യന്‍ റെസ്റ്റോറന്‍റുകളില്‍ ജോലിചെയ്താല്‍ ഉടമസ്ഥര്‍തന്നെ ജോലി ചെയ്യുന്നവര്‍ക്ക് പെര്‍മിറ്റ് ശരിയാക്കി കൊടുക്കുമെന്ന്. അങ്ങനെ ജ്യേഷ്ഠന്‍റെ സുഹൃത്ത് വഴി ന്യൂയോര്‍ക്ക് വില്ലേജ് ഏരിയായില്‍ വില്ലേജ് മഹാരാജ എന്ന ഇന്ത്യന്‍ റസ്റ്റോറന്‍റില്‍ ജോലിക്ക് കയറി. പിന്നീട് ന്യൂജേഴ്സിയിലെ ഒരു റെസ്റ്റോറന്‍റിലേക്ക് മാറി. ഇരട്ടി ശമ്പളവും ഒരു കാറും കിട്ടി. അതിരാവിലെ പത്രം ഇടുന്ന ഒരു ജോലി കൂടി കിട്ടി.
ആയിടയ്ക്ക് ബര്‍ഗന്‍ കമ്മ്യൂണിറ്റി കോളജില്‍ ചേര്‍ന്ന് ബേസിക്ക് എഡ്യൂക്കേഷന്‍ പഠിക്കാന്‍ തീരുമാനിച്ചു. അമേരിക്കന്‍ ഇംഗ്ലീഷ് പഠിക്കാതെ മുന്നോട്ട് പോകാന്‍ പറ്റില്ല. ആഴ്ച്ചയില്‍ മൂന്ന് ദിവസം പഠനം. അതിനിടയില്‍ ജൂതന്‍മാര്‍ക്കു വേണ്ടി നടത്തുന്ന റസ്റ്റോറന്‍റില്‍ പാര്‍ട്ട്ടൈം ജോലി. അവിടെ വച്ചാണ് ഹോട്ടലുടമയുടെ മകള്‍ റോണിത്ത് കോഹനുമായി പരിചയപ്പെടുന്നത്. അത് പിന്നീട് പ്രണയത്തിലേക്കു കടന്നുവെങ്കിലും വിവാഹം നടന്നില്ല. കോഹന്‍ സമുദായം തന്നെ വില്ലനായി.


FIRST WOK

ഫെയര്‍ലി ഡിക്സണ്‍ യൂണിവേഴ്സിറ്റിയുടെ റൂതര്‍ഫോര്‍ഡ് കാമ്പസില്‍ അഡ്മിഷന്‍ കിട്ടി. പഠനത്തോടൊപ്പം ജോലിയും വേണം. ഒരു ചൈനീസ് റെസ്റ്റോറന്‍റില്‍ പാര്‍ട്ട് ടൈം മാനേജരായി. മുന്‍പരിചയം തുണയായി. അവിടെ തുടരവെ അദ്ദേഹത്തിന്‍റെ മറ്റൊരു ഹോട്ടല്‍ ഏറ്റെടുത്ത് നടത്താമോ എന്ന് ഒരു ഓഫര്‍ കിട്ടി. അങ്ങനെ ഒരു ഹോട്ടല്‍ ഉടമയായി. ഹൈസ്കൂളില്‍ പഠിക്കുന്ന മൂന്ന് പെണ്‍കുട്ടികളെ ടെലിഫോണ്‍ അറ്റന്‍റ് ചെയ്ത് ഓര്‍ഡര്‍ എടുക്കാന്‍ നിര്‍ത്തി. കച്ചവടം പൊടിപൂരം. അന്ന് നടി പത്മിനി ചേച്ചിയൊക്കെ ഹോട്ടലിലെ സ്ഥിരം സന്ദര്‍ശകരായിരുന്നു.
അക്കാലത്ത് ഫിലഡല്‍ഫിയായിലെ സുഹൃത്ത് കുര്യാച്ചന്‍ വഴി ഒരു വിവാഹാലോചന വന്നു. അങ്ങനെ 1986 ജൂണ്‍ 21-ന് ആനിയെ ജീവിത സഖിയാക്കി. അതിനിടയില്‍ ചില ടാക്സ് പ്രശ്നങ്ങള്‍കൊണ്ട് റെസ്റ്റോറന്‍റ് വിറ്റു. വീണ്ടും റസ്റ്റോറന്‍റ് ഫീല്‍ഡിലേക്ക് ബര്‍ഗര്‍ കിംഗ്സില്‍ ജോലിക്ക് കയറി. പെട്ടന്ന് തന്നെ സ്ഥാനക്കയറ്റം കിട്ടി. മള്‍ട്ടി യൂണിറ്റ് മാനേജരായി.


താരാ ആര്‍ട്സ് വിജയേട്ടനൊപ്പം കലാരംഗത്തേക്ക്
ഫസ്റ്റ് വാക്കിന് അടുത്തായിരുന്നു താരാ ആര്‍ട്സ് വിജയേട്ടന്‍റെ വിട്.  അങ്ങനെ അദ്ദേഹവുമായി പരിചയമായി. ടെലികമ്യൂണിക്കേഷന്‍ എഞ്ചിനീയറായിരുന്നു അദ്ദേഹം. അദ്ദേഹമായിരുന്നു സ്റ്റാര്‍ ഷോകള്‍ അമേരിക്കയില്‍ കൊണ്ടുവന്നിരുന്നത്. താല്പര്യമുള്ള വിഷയമായതിനാല്‍ അദ്ദേഹത്തിനൊപ്പം കൂടി. അക്കാലത്ത് ലോക പ്രശസ്ത സിത്താര്‍ മാന്ത്രികന്‍ രവിശങ്കറിന്‍റെ പ്രോഗ്രാം അമേരിക്കയില്‍ ഷോകള്‍ സംഘടിപ്പിച്ചു. പിന്നീട് ടി.കെ.ആര്‍ കേബിളില്‍ കൂടി വാര്‍ത്തകള്‍, ചലച്ചിത്ര ഗാനങ്ങള്‍ ഉള്‍പ്പെടുത്തി പ്രോഗ്രാം തുടങ്ങി. അതിനിടയില്‍ 1994 നവംബര്‍ 24-ന് അച്ചാച്ചന്‍റെ മരണം വല്ലാത്ത ഷോക്കായി. ഇന്നും ചെവിയില്‍ മുഴങ്ങുന്ന ആ ശംബ്ദം സണ്ണിയെ വഴി നടത്തുന്നു.
സംവിധായകന്‍ ഭരതന്‍റെ നേതൃത്വത്തില്‍ ഒരു സ്റ്റാര്‍ഷോ വിജയേട്ടന്‍ പ്ലാന്‍ ചെയ്യുന്നു. നാദിര്‍ഷ, ദിലീപ്, കെ.എസ്. പ്രസാദ് തുടങ്ങിയവരെ ആ സംഘത്തില്‍ ഉള്‍പ്പെടുത്തിയത് സണ്ണി  ആയിരുന്നു. പരിപാടികള്‍ കഴിഞ്ഞ് അമേരിക്കയില്‍ എന്തെങ്കിലും ജോലിനോക്കാന്‍ തീരുമാനിച്ച ദിലീപിനും, നാദിര്‍ഷയ്ക്കും ജോലി റഡിയാക്കിയ ശേഷം ഒരു തീരുമാനത്തിലെത്താതെ നിന്ന ഇരുവരേയും നാട്ടിലേക്ക് തിരിച്ചയച്ചതും സണ്ണി മാളിയേക്കലായിരുന്നു.
തുടര്‍ന്ന് ആബേലച്ചന്‍റെയും കെ.എസ്. പ്രസാദിന്‍റെയും നേതൃത്വത്തില്‍ അമേരിക്കയിലുടനീളം നടത്തിയ കലാഭവന്‍ ഷോ സ്റ്റേജ്ഷോകളുടെ ചരിത്രം തന്നെ മാറ്റിക്കുറിച്ചു. ആബേലച്ചനുമായി ഉണ്ടായിരുന്ന സൗഹൃദത്തെ കുറിച്ച് പറയുമ്പോള്‍ സണ്ണിമാളിയേക്കലിന് നൂറ് നാവ്.


വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രണം.
2001 സെപ്റ്റംബര്‍ 11-ലെ അമേരിക്കന്‍ വേള്‍ഡ് ട്രേഡ്സെന്‍റര്‍ ആക്രമണം ലോകമനഃസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു. ലിബര്‍ട്ടി സ്ട്രീറ്റില്‍ നിലകൊള്ളുന്ന വേള്‍ഡ് ട്രേയ്ഡ് സെന്‍ററിനടുത്താണ് സണ്ണി ജോലിചെയ്യുന്ന ബര്‍ഗര്‍ കിംഗ്സ് റസ്റ്റോറെന്‍റ്. മൂന്ന് നിലയില്‍ പ്രവര്‍ത്തിച്ച ഈ ഹോട്ടല്‍. ആക്രമണം നടന്ന ദിവസം ഹോട്ടലിലേക്ക് വരുന്നവഴി റസ്റ്റോറന്‍റ് മാനേജറുടെ ഫോണ്‍ വരുന്നു. വേള്‍ഡ് ട്രേയ്ഡ് സെന്‍റിന് എന്തോ സംഭവിച്ചു. ജനങ്ങള്‍ പരക്കംപായുന്നു. ആ സമയത്ത് വേഗം അവിടെയെത്തി രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം കൂടി. ജീവിതത്തില്‍ അടി പതറി പോയ നിമിഷങ്ങളിലെല്ലാം തുണയായ ആത്മ ധൈര്യത്തോടെ ഓടിനടന്നു ഒരു ജനതയ്ക്കൊപ്പം.


ഏഷ്യാനെറ്റിന്‍റെ യു.എസ് പ്രവേശം
വേള്‍ഡ് ട്രേയ്ഡ് സെന്‍റര്‍ ആക്രമണം  അമേരിക്കയ്ക്ക് വരാന്‍ നില്‍ക്കുന്നവര്‍ക്ക് നിരവധി തടസ്സങ്ങളായി. ബര്‍ഗര്‍ കിംഗ്സില്‍, ടെക്സാസിലെ ഓഫീസിലേക്ക് ജോലി മാറി. കുടുംബമായി ടെക്സാസിലേക്ക് മാറി. ഫ്രാഞ്ചൈസ് ബിസിനസ് കണ്‍സള്‍ട്ടന്‍റ് ജോലി പരിചയമുള്ള  സണ്ണി 2005-ല്‍ ബര്‍ഗര്‍ കിംഗ്സില്‍ നിന്നും മാറി, ആപ്പിള്‍ ബി, ഫ്രാഞ്ചൈസിയുടെ ബിസിനസ് കണ്‍സള്‍ട്ടന്‍റായി വര്‍ക്ക് ചെയ്തു. ഇതോടൊപ്പംതന്നെ ഗാര്‍ലാന്‍റില്‍ ഈൃൃ്യ ശി / ഔൃൃ്യ എന്ന പേരില്‍ ഒരു ഫാസ്റ്റ് ഫുഡ് കട തുടങ്ങി. പിന്നീട് ഇന്ത്യാ ഗാര്‍ഡന്‍ എന്ന ഇന്ത്യന്‍ റെസ്റ്റോറെന്‍റ് തുടങ്ങി. നാട്ടില്‍നിന്ന് കൊണ്ടുവന്ന മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ജോലി നല്‍കി. ഇന്ത്യ ഗാര്‍ഡന്‍  അമേരിക്കയിലെ ഏറ്റവും വലിയ  കേറ്ററിങ് കള്‍ക്കും സാക്ഷ്യംവഹിച്ചു. ഹൂസ്റ്റണ്‍ ജോര്‍ജ് ബ്രൗണ്‍ കണ്‍വന്‍ഷന്‍ സെന്‍റര്‍, 4000 അതിഥികള്‍ 4 ദിവസം, നാലുലക്ഷം ഡോളര്‍ ബഡ്ജറ്റ്. ഡാളസ്, ഡിട്രോയിറ്റ് ന്യൂജേഴ്സി, കാലിഫോര്‍ണിയ അങ്ങിനെ നിരവധി പ്രോജക്റ്റുകള്‍.
ആയിടയ്ക്കാണ് ഏഷ്യാനെറ്റ് അമേരിക്കയില്‍ സംപ്രേഷണം ആരംഭിക്കാനുള്ള നടപടികള്‍ തുടക്കുന്നത്, തുടര്‍ന്ന് യു.എസ്. വീക്കിലി റൗണ്ട് അപ്, ഔവര്‍ ഗസ്റ്റ് തുടങ്ങി നിരവധി പ്രോഗ്രാമുകളുമായി ഏഷ്യാനെറ്റ് വളര്‍ന്നു. ഒരു പ്രസ്ഥാനത്തിന്‍റെ അമേരിക്കന്‍ പ്രവേശത്തിനൊപ്പം നില്‍ക്കാനായത് ഭാഗ്യം.


എഴുത്ത്, എന്‍റെ പുസ്തകം.
അന്നും ഇന്നും എഴുത്ത് സണ്ണി മാളിയേക്കലിന് ഹരമാണ്. പ്രത്യേകിച്ച് ഓര്‍മകളുടെ എഴുത്ത്. ഒരു സിനിമ ദൃശ്യംപോലെ അവയെ പകര്‍ത്താന്‍ അദ്ദേഹത്തിന്‍റെ കഴിവ് എടുത്തു പറയണം. തന്‍റെ ജീവിതത്തിന്‍റെ പരിഛേദമായി 'എന്‍റെ പുസ്തകം' എന്ന പേരില്‍ ഇംഗ്ലീഷിലും മലയാളത്തിലും ഒരു ആത്മകഥയും അദ്ദേഹം പുറത്തിറക്കിയിട്ടുണ്ട്.
പ്രസിദ്ധീകരണത്തിന് തയ്യാറായ തന്‍റെ ആദ്യത്തെ നോവല്‍, രണ്ടാമത്തെ പുസ്തകം  അതിനെക്കുറിച്ച് സണ്ണി വാചാലനായി.  അമേരിക്കയിലെ അച്ചടി ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളില്‍ ഓര്‍മ്മക്കുറിച്ചുകളും ഈടുറ്റ ലേഖനങ്ങളുമായി ഇപ്പോഴും അദ്ദേഹം സജീവം.


കുടുംബം.
ഇപ്പോള്‍ സണ്ണി മാളിയേക്കല്‍ അമേരിക്കന്‍ ഹെവി ഹോളേജ് എന്ന ലോജിസ്റ്റിക്സ് കമ്പനിയുടെ സി.ഇ.ഒ, പ്രൊക്ടര്‍ നാഷനല്‍ റെസ്റ്ററന്‍റ് അസോസിഷന്‍, ഇന്ത്യാ പ്രസ്ക്ലബ് നോര്‍ത്ത് ടെക്സാസ് ബോര്‍ഡ് അംഗം, എന്നീ നിലകളില്‍ സജീവമാകുമ്പോഴും റിയല്‍ എസ്റ്റേറ്റ് രംഗത്ത് ഒരു പുതിയ പ്രോജക്ടുമായി രംഗപ്രവേശം ചെയ്യുകയാണ് അദ്ദേഹം. ഈ ജീവിത വഴിത്താരയില്‍ താങ്ങായും തണലായും ഭാര്യ ആനി സണ്ണി, മക്കള്‍: സൂസന്‍, സക്കറിയ, റ്റാമി. മരുക്കള്‍: പ്രവീണ്‍ അലക്സ്, അലിസ, ജിറ്റോ. പേരക്കുട്ടികള്‍: ഒലീവിയ, നോഹ, ജൂലിയറ്റ്, റോമന്‍, സൈറ  എന്നിവരുടെ പിന്തുണ അദ്ദേഹത്തിന് കരുത്താകുന്നു.
ഒരു വലിയ ജീവിത വഴിത്താര നമുക്ക് മുന്‍പില്‍ സണ്ണി മാളിയേക്കല്‍ തുറന്നിടുമ്പോള്‍ അദ്ദേഹം പറയാതെ പറയുന്ന ഒന്നുണ്ട്. നിങ്ങള്‍ നിങ്ങളിലേക്ക് പോവുക. നിങ്ങളെ വളരാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ സ്വന്തമാക്കുക. നിങ്ങളുടെ ഹൃദയത്തിന്‍റെ ആഴങ്ങളിലേക്ക് അതിന്‍റെ വേരുകള്‍ പടര്‍ന്നിട്ടുണ്ടോ എന്ന് നോക്കുക.
അമേരിക്കന്‍ ജീവിതത്തില്‍ എന്തെങ്കിലും ദുഃഖം ഉണ്ടോ എന്നുള്ള ചോദ്യത്തിന്, നീണ്ട  മൗനത്തിനുശേഷം അദ്ദേഹം ചോദിച്ചു, 'ഷിന്‍ഡ്ലേഴ്സ് ലിസ്റ്റ്'  (Schindler's List)  ബുക്ക് വായിക്കുകയോ, സിനിമ കണ്ടിട്ടുണ്ടോ എന്ന്? പറ്റുമെങ്കില്‍ എല്ലാ പ്രവാസികളും അത് കാണണമെന്നും അദ്ദേഹം പറഞ്ഞു. 
സണ്ണി മാളിയേക്കല്‍ മണ്ണിന്‍റെ ആഴങ്ങളിലേക്ക് വളരുന്ന വേരുകളുടെ കാവല്‍ക്കാരനാണ്. ഭാവിതലുറയ്ക്ക് മാതൃകയായ വേരുകളുടെ ഉടമ.. ഈ യാത്ര തുടരുക... ലോകം നിങ്ങള്‍ക്ക് പുറകെയുണ്ട്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.