VAZHITHARAKAL

നേരിൻ്റെ പാതയിലെ സംഘാടകൻ: സണ്ണി വള്ളിക്കളം

Blog Image
'ചില മനുഷ്യരുണ്ട്, ഒരു ചിരി കൊണ്ട് മറ്റുള്ളവരുടെ ജീവിതത്തിലേക്ക് കടന്നു ചെല്ലുകയും, ആ ചിരിപോലെ വെളിച്ചം നിറയ്ക്കുകയും ചെയ്യുന്നവര്‍'

രു  മനുഷ്യന്‍ അയാളുടെ ജീവിതം മറ്റുള്ളവര്‍ക്ക് വേണ്ടി മാറ്റിവയ്ക്കുന്നത് അത്ര ചെറിയ കാര്യമല്ല. അവനവനു വേണ്ടി പോലും ജീവിക്കാന്‍ സമയമില്ലാത്ത ഈ ജീവിതത്തില്‍ അന്യനെക്കൂടി ശ്രദ്ധിക്കുകയെന്നാല്‍ അവര്‍ സമൂഹത്തിനു അത്രത്തോളം പ്രാധാന്യം നല്‍കുന്നുണ്ട് എന്ന് വേണം കരുതാന്‍. അത്തരത്തില്‍ ഒരു മനുഷ്യനാണ് സണ്ണി വള്ളിക്കളം. അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫോമയുടെ വൈസ് പ്രസിഡന്‍റ്.


ചങ്ങാനാശേരിയിലെ ചന്ദ്രോദയം
ചങ്ങനാശേരി ഫാത്തിമപുരം വള്ളിക്കളം വര്‍ഗ്ഗീസിന്‍റെയും (വാവച്ചന്‍) ത്രേസ്യാമ്മയുടേയും മൂന്നാമത്തെ മകനായിട്ടാണ് സണ്ണി വള്ളിക്കളം ജനിക്കുന്നത്. ചങ്ങനാശേരിയിലെ ബിസിനസ് ഫാമിലിയായിരുന്നു സണ്ണിയുടേത്. ചങ്ങനാശേരി പണ്ടകശാല എല്‍.പി. സ്കൂള്‍, പെരുന്ന എന്‍.എസ്.എസ് ഹൈസ്കൂള്‍ എന്നിവയില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സണ്ണി എസ്.ബി. കോളേജില്‍ പ്രീഡിഗ്രിയും ചങ്ങനാശേരി എന്‍.എസ്.എസ്. ഹിന്ദു കോളജില്‍ ബി.എ. (പൊളിറ്റിക്സ്) ഡിഗ്രിയും പൂര്‍ത്തിയാക്കി. ജീവിതം സത്യവും മിഥ്യയും നേരും പഠിപ്പിച്ചതുകൊണ്ട് തന്നെ രാഷ്ട്രീയം അന്ന് മുതല്‍ക്കേ സണ്ണിയുടെ കൂടെയുണ്ടായിരുന്നു.


കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ (കെ. എം. ജോര്‍ജ് ഗ്രൂപ്പ്) ആയ സണ്ണി അന്ന് ജോസഫ് ഗ്രൂപ്പായതിനാല്‍ എസ്.എഫ്.ഐക്കൊപ്പം മത്സരിച്ചാണ് തന്‍റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് തുടക്കമിട്ടത്. കെ.എസ്.സി  പ്രവര്‍ത്തനം സണ്ണിയുടെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളാണ് സമ്മാനിച്ചത്. കെ.എം. ജോര്‍ജ് ഗ്രൂപ്പിനൊപ്പം പ്രവര്‍ത്തനം ആരംഭിച്ച സണ്ണി കൃത്യമായ രാഷ്ട്രീയ ബോധവും നിലപാടുകളുമുള്ള ഒരു വിദ്യാര്‍ത്ഥിയായിരുന്നു. അതുകൊണ്ട് തന്നെ എന്‍. എസ്.എസ്. കോളേജില്‍ പഠിക്കുമ്പോള്‍ എന്‍. എസ്.എസ്. ജനറല്‍ സെക്രട്ടറിയായിരുന്ന കിടങ്ങൂര്‍ ഗോപാലകൃഷ്ണപിള്ളയുമായി (സിംഗപ്പൂര്‍ ഹൈക്കമ്മീഷണര്‍) നല്ല ബന്ധം സണ്ണി ഉണ്ടാക്കിയെടുത്തിരുന്നു. നല്ല ബന്ധങ്ങളാണ് ജീവിതത്തിന്‍റെ കാതലെന്ന് സണ്ണി വിശ്വസിച്ചിരുന്നു.

ജീവിതത്തിന്‍റെ മറുപുറം തേടിയുള്ള പ്രവാസം
സണ്ണി തന്‍റെ പ്രവാസ ജീവിതം ആരംഭിക്കുന്നത് ബഹറിനില്‍നിന്നാണ്. സെയില്‍സ്മാനായും മാനേജരായും ജോലി ചെയ്തു. 1991-ല്‍ അമ്മയുടെ അമേരിക്കയിലുള്ള സഹോദരി അച്ചാമ്മ മരുവിത്തറയുടെ  അടുത്തേക്ക് യാത്ര തിരിക്കുന്ന സണ്ണി ജീവിതത്തിന്‍റെ യാത്രകളെ പറിച്ചു നടുന്നു. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ അമേരിക്കയിലേക്ക് താമസം മാറ്റി. തന്‍റെ ചെറുപ്രായത്തില്‍ തന്നെ  പിതാവ് മരിച്ചതുകൊണ്ട് അമ്മയുടെ കരുതലില്‍ ആയിരുന്നു സണ്ണി ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളുടെ വളര്‍ച്ച.


അപ്പനില്ലാത്ത ജീവിതം കഷ്ടതകള്‍ നിറഞ്ഞത് കൊണ്ട് തന്നെ മറ്റുള്ളവരുടെ ജീവിതവും കഷ്ടപ്പാടും മനസ്സിലാക്കാന്‍ സണ്ണി വള്ളിക്കളത്തിന് അന്നും ഇന്നും  കഴിയും. രാഷ്ട്രീയ ജീവിതം കൊണ്ട് അദ്ദേഹം ലക്ഷ്യമിട്ടതും അത് തന്നെയായിരുന്നു. ദൈവത്തിന്‍റെ നീതിയെന്നോണം ഏറ്റുമാനൂര്‍ കാണക്കാരി കരിവേലില്‍ കെ.എ. ലൂക്കായുടെയും, ആഗ്നസിന്‍റേയും മകള്‍ ടെസ്സി 1992-ല്‍ സണ്ണിയുടെ ജീവിത സഖിയായി കടന്നു വന്നു. കൊല്ലം ഉപാസന ഹോസ്പിറ്റലില്‍ ട്യൂട്ടര്‍ ആയിരുന്നു അന്ന് ടെസ്സി. ജീവിതം തളിര്‍ത്ത് പൂവിട്ട നാളുകളായിരുന്നു അത്. അമേരിക്കയിലെത്തിയ കാലത്ത് സണ്ണിയ്ക്ക് സെയില്‍സ് റപ്പായി ജോലി ലഭിച്ചു. പിന്നീട് ബിസിനസിലേക്ക് മാറുകയും ജീവിതം മറ്റൊരു തലത്തിലേക്ക് ഉയരുകയും ചെയ്തു. ഇതോടെ തന്‍റെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് വീണ്ടും ജീവന്‍ നല്‍കാന്‍ സണ്ണി വള്ളിക്കളം തീരുമാനിക്കുകയായിരുന്നു. ബിസിനസ് ഇടവേളകള്‍ എല്ലാം പൊതുജീവിതത്തിനായി മാറ്റിവയ്ക്കപ്പെട്ടു.

സംഘടനാ പ്രവര്‍ത്തനങ്ങളും, അമേരിക്കയിലെ രാഷ്ട്രീയ ജീവിതവും
അമേരിക്കയിലെത്തിയ നാള്‍ മുതല്‍ ചിക്കാഗോ മലയാളി അസ്സോസിയേഷനുമായി ചേര്‍ന്ന് പ്രവര്‍ത്തനം ആരംഭിച്ച സണ്ണി അംഗങ്ങളുടെയെല്ലാം പ്രിയപ്പെട്ടവനായി പെട്ടെന്ന് തന്നെ മാറിയിരുന്നു. രണ്ട് തവണ ബോര്‍ഡ് മെമ്പര്‍, പിന്നീട് വൈസ് പ്രസിഡന്‍റ്, തുടര്‍ന്ന് പ്രസിഡന്‍റ് (2014- 2016) എന്നിങ്ങനെ അസോസിയേഷനില്‍ അദ്ദേഹം നിറഞ്ഞുനിന്ന കാലഘട്ടം. പൊതുപ്രവര്‍ത്തനം ജീവിതത്തിന്‍റെ ഒരു ലക്ഷ്യവും ഭാഗവുമായതുകൊണ്ട് തന്നെ സണ്ണിക്ക് എന്നും ഇത്തരം പ്രവര്‍ത്തനങ്ങളോട് ഏറെ പ്രിയമായിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍  ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തനങ്ങള്‍ അന്ന് സണ്ണിയുടെ നേതൃത്വത്തില്‍ അരങ്ങേറി. ഇപ്പോഴത്തെ ഇല്ലിനോയി സ്റ്റേറ്റ് സ്പീക്കറും, അന്ന് സ്റ്റേറ്റ് റപ്പും ആയ ഇമ്മാനുവേല്‍ ക്രിസ്സ്വെല്‍ച്ച് ആണ് അന്നത്തെ ചിക്കാഗോ മലയാളി അസ്സോസിയേഷന്‍റെ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തത്. ഈ ബന്ധങ്ങളൊക്കെ ഇപ്പോഴും തുടരുവാന്‍ സാധിക്കുന്നത് അമേരിക്കന്‍ രാഷ്ട്രീയത്തിന്‍റെ സാധ്യതകള്‍ അദ്ദേഹം തിരിച്ചറിയുന്നതുകൊണ്ടാണ്. രണ്ട് സിറ്റി ഇലക്ഷനിലും, രണ്ട് മേയര്‍മാരുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും, ഗവര്‍ണര്‍ ആയിരുന്ന ജെ.ബി. പ്രിസ്കറിന്‍റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലും ഇതോടെ സജീവമായി പ്രവര്‍ത്തിക്കുവാന്‍ സാധിച്ചു.
അക്കാലത്ത് അമേരിക്കന്‍ മലയാളികളുടെ സംഘടനകളടെ സംഘടനയായ ഫോമയുമായി സഹകരിച്ചു പ്രവര്‍ത്തനം തുടങ്ങിയതോടെ അമേരിക്കന്‍ രാഷ്ട്രീയ ജീവിതം മറ്റൊരു തലത്തിലേക്കാണ് സണ്ണിയെ വളര്‍ത്തിയത്. നാഷണല്‍ കമ്മിറ്റി അംഗം, റീജിയണല്‍ വൈസ് പ്രസിഡന്‍റ്, ഇപ്പോള്‍  വൈസ് പ്രസിഡന്‍റ് എന്നിങ്ങനെ സംഘടനയുടെ ഒട്ടുമിക്ക സ്ഥാനങ്ങളും സണ്ണി അലങ്കരിച്ചു.


2018-ല്‍ ചിക്കാഗോയില്‍ നടന്ന ഫോമാ നാഷണല്‍ കണ്‍വന്‍ഷന്‍റെ ചെയര്‍മാനായി പ്രവര്‍ത്തിച്ചിരുന്നു. ഫോമയുടെ ഇപ്പോഴത്തെ പ്രസിഡന്‍റ് ഡോ. ജേക്കബ് തോമസിന്‍റെ നിര്‍ബന്ധത്തിന് വഴങ്ങി മത്സരരംഗത്തേക്ക് വരികയായിരുന്നു സണ്ണി വള്ളിക്കളം. ശക്തനായ എതിരാളി ആയിരുന്നിട്ടും അദ്ദേഹത്തിന് നല്ല വിജയം നേടാന്‍ സാധിച്ചത് പൊതുപ്രവര്‍ത്തന രംഗത്ത് താന്‍ ഉണ്ടാക്കിയെടുത്ത സംഘടനാ മികവിന്‍റെ ഫലമായിരുന്നു. ഈ വിജയം അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ അദ്ദേഹത്തിനുള്ള സ്വീകാര്യത തെളിയിക്കുകയായിരുന്നു എന്ന് പറയാം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് ഫോമയ്ക്കൊപ്പം അദ്ദേഹം മുന്നോട്ട് പോകുന്നത്. ഫോമയുടെ ഹൈലൈറ്റ് പദ്ധതികള്‍ ആയ നേഴ്സിംഗ് സ്കോളര്‍ഷിപ്പ്, ഭവന പദ്ധതി തുടങ്ങിയ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഒപ്പമുണ്ട് സണ്ണി വള്ളിക്കളം. 
കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ ലോക മലയാളികള്‍ അംഗീകരിക്കുകയും പല സംഘടനകളും മാതൃകയാക്കുകയും ചെയ്തിട്ടുണ്ട്. നേഴ്സിംഗ് മേഖലയില്‍ കേരളത്തിലും അമേരിക്കയിലും നല്‍കിയ സ്കോളര്‍ഷിപ്പ്, അമേരിക്കയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രാന്‍റ് കാന്യന്‍ യുണിവേഴ്സിറ്റിയുമായി ചേര്‍ന്ന് നല്‍കിയ ഗ്രാന്‍റ് തുടങ്ങിയവയെല്ലാം ഫോമയ്ക്ക് എന്നും അഭിമാനമാണ് നല്‍കുന്നത്. അതുകൊണ്ട് ഫോമയ്ക്കൊപ്പം നിലകൊള്ളുന്നത് എന്നും അഭിമാനമാണെന്നു അദ്ദേഹം പറയുന്നു. ഫോമ മുന്‍പ്രസിഡന്‍റ് അനിയന്‍ ജോര്‍ജിനെയും അദ്ദേഹം ഓര്‍മ്മിക്കുന്നു.

സൗഹൃദങ്ങള്‍ സമാധാനവും സ്വാതന്ത്ര്യവും
സൗഹൃദങ്ങളാണ് തന്‍റെ സമ്പാദ്യമെന്നു  സണ്ണി വള്ളിക്കളം ഉറച്ചുവിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ നാട്ടിലും അമേരിക്കയിലുമുള്ള എല്ലാവരുമായും നല്ല ബന്ധമാണ് സണ്ണി സൂക്ഷിക്കുന്നത്. എന്ത് ഭൂകമ്പം ആണെങ്കിലും എല്ലാം നല്ല  മനസ്സോടെ, മുഖത്തോടെ കേള്‍ക്കുക എന്നതാണ് സണ്ണിയുടെ സ്വഭാവം. അതുകൊണ്ട് തന്നെ ഒരു മനുഷ്യനോടും വെറുപ്പ് ഉണ്ടാക്കാന്‍ തന്‍റെ ജീവിതം കാരണമായിട്ടില്ല. ആരോടും പരിഭവമില്ലാതെ മുന്നോട്ട് കടന്നുപോകുന്ന അദ്ദേഹത്തിന് വലിപ്പച്ചെറുപ്പമില്ലാതെ പലരുമായും സൗഹൃദമുണ്ട്. അമേരിക്കയിലെ മാദ്ധ്യമ പ്രവര്‍ത്തകന്‍  ജോസ് കണിയാലി, സഹോദര ബന്ധം കാത്തു സൂക്ഷിക്കുന്ന സംഘാടകന്‍ ജെയ്ബു കുളങ്ങര തുടങ്ങി നിരവധി സാമൂഹിക സാമുദായിക രാഷ്ട്രീയ സംഘടനാ സുഹൃത്തുക്കളുമായും നല്ല ബന്ധം സൂക്ഷിക്കുന്നുണ്ട്. ചിരിയാണ് ഭൂമിയിലെ ഏറ്റവും വലിയ പോസിറ്റീവ് എനര്‍ജിയെന്നു സണ്ണി വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ അദ്ദേഹം എല്ലാവരോടും ചിരിച്ചുകൊണ്ട് തന്നെ തുടങ്ങുകയും ചിരിച്ചുകൊണ്ട് തന്നെ അവസാനിപ്പിക്കുകയും ചെയ്യുന്നു.


നാട്ടില്‍ സഹോദരതുല്യനായി മുന്‍മന്ത്രി അഡ്വ. മോന്‍സ് ജോസഫ്, മുന്‍ എം.പി. ഫ്രാന്‍സിസ് ജോര്‍ജ്, ഡോ. കെ.സി. ജോസഫ്, മന്ത്രി ആന്‍റണി രാജു, തോമസ് ചാഴികാടന്‍ എം.പി, ജോസി സെബാസ്റ്റ്യന്‍, വി.ജെ. ലാലി, അഡ്വ. ജേക്കബ് ഏബ്രഹാം, അഡ്വ. ഷിബു മണല, എന്നിവരുമായും ഡി.ജി.പി. ടോമിന്‍ തച്ചങ്കരി, നടന്‍ കൃഷ്ണ പ്രസാദ്, സംവിധായകന്‍ നിസാര്‍, തുടങ്ങിയവരുമായും നല്ല ബന്ധം അദ്ദേഹം  സൂക്ഷിക്കുന്നുണ്ട്.
തന്‍റെ പ്രവര്‍ത്തനങ്ങളാണ് തന്‍റെ വഴികളെ ധന്യമാക്കുന്നതെന്ന് വിശ്വസിക്കുന്ന സണ്ണി വള്ളിക്കളം ചിക്കാഗോ സെന്‍റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തിന്‍റെ പ്രവര്‍ത്തങ്ങളുമായി അമേരിക്കയില്‍ വന്നകാലം മുതല്‍ക്കേ സഹകരിക്കുന്നു. എസ്.എം.സി.സിയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന സണ്ണി മൂന്നു തവണ പാരിഷ് കൗണ്‍സില്‍ അംഗമായി. ഇപ്പോഴും ഈ പദവിയില്‍ തുടരുകയും ചെയ്യുന്നു.
ചിക്കാഗോ സീറോ മലബാര്‍  ബിഷപ് മാര്‍ ജോയി ആലപ്പാട്ട് പിതാവുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കാനും ആദ്ധ്യാത്മിക ബന്ധങ്ങള്‍ വളര്‍ത്താനും സണ്ണി വള്ളിക്കളത്തിനു സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ സ്ഥാനാരോഹണ വേളയില്‍ അദ്ദേഹത്തെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ സംസാരിക്കുവാന്‍ തനിക്ക് അവസരം നല്‍കിയതും ജീവിതത്തിലെ നല്ല നിമിഷം. അതുപോലെതന്നെ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവുമായി നല്ലബന്ധം ഇപ്പോഴും കാത്തു സൂക്ഷിക്കുന്നു.
ദൈവമാണ് നമ്മളെ വളര്‍ത്തുന്നതെന്നും, അതുകൊണ്ട് ദൈവത്തിനു പ്രിയപ്പെട്ടവരെ ചേര്‍ത്ത് പിടിക്കണമെന്നും സണ്ണി വിശ്വസിക്കുന്നു.  സീറോ മലബാര്‍ ഡാളസ് കണ്‍വന്‍ഷനില്‍ ചിക്കാഗോ സംഘത്തെ നയിച്ചത് സണ്ണിയായിരുന്നു. ചിക്കാഗോയിലെ എല്ലാ ഇതര മതസ്ഥരുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ സണ്ണി വള്ളിക്കളത്തിനു കഴിഞ്ഞിട്ടുണ്ട്.

മനുഷ്യന്‍റെ നന്മയില്‍ വിശ്വാസം
ഭൂമിയില്‍ ഏറ്റവുമധികം വിശ്വസിക്കാന്‍ കഴിയുന്നത് മനുഷ്യരുടെ നന്മകളിലാണ്. അത് ജീവിതത്തില്‍നിന്ന് തന്നെ സണ്ണി വള്ളിക്കളം  പഠിച്ച ഒരു വലിയ തത്വമാണ്. നന്മയില്‍ വിശ്വസിച്ചാല്‍ അത് ദൈവത്തില്‍ വിശ്വസിക്കുന്നതിനു തുല്യമാണ്, ദൈവം നന്മ തന്നെയാണല്ലോ എന്നാണ് സണ്ണി ചോദിക്കുന്നത്. പിതാവ് മരിച്ചതില്‍  പിന്നെ ഒറ്റയ്ക്കായ തന്‍റെ കുടുംബത്തെ പുനര്‍സൃഷ്ടിക്കാന്‍ അമ്മ നടത്തിയ ജൈത്ര യാത്രയില്‍ ഇതുപോലെ എത്ര നന്മകള്‍ സണ്ണി കണ്ടുമുട്ടിയിരിക്കുന്നു. എല്ലാവരും നന്മയുള്ളവരാണെന്ന് ഒരു നിമിഷം തോന്നിപ്പോകാറുണ്ട്. അതുകൊണ്ട് തന്നെ സാമൂഹിക പ്രവര്‍ത്തനത്തില്‍ നന്മയ്ക്കാണ് സണ്ണി ഏറ്റവുമധികം പ്രാധാന്യം നല്‍കുന്നത്.
മനുഷ്യര്‍ നന്മയുള്ളവരാകുമ്പോഴാണ് മനുഷ്യര്‍ ഭംഗിയുള്ളവരായി മാറുന്നത്. ആ ഭംഗിയിലാണ് സണ്ണിയും കുടുംബവും വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ സൗന്ദര്യം നന്മയില്‍ അധിഷ്ഠിതമാണെന്ന് അദ്ദേഹം പറയുന്നു. തന്‍റെ മുന്‍പില്‍ സഹായത്തിനായി എത്തുന്ന ഓരോ മനുഷ്യര്‍ക്കും ആവശ്യങ്ങളുടെ പ്രാധാന്യമനുസരിച്ചു വേണ്ടതെല്ലാം ചെയ്യുവാന്‍ അദ്ദേഹം പരിശ്രമിക്കുന്നു. ഫോമയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ജനകീയമാക്കുവാനുള്ള പദ്ധതികള്‍ക്ക് ഒപ്പമാണ് ഇപ്പോള്‍ സണ്ണി വള്ളിക്കളം.

കുടുംബത്തിന്‍റെ കൂട്ട് കരുത്താകുമ്പോള്‍
തന്‍റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം തന്‍റെ കുടുംബമാണെന്നാണ് സണ്ണി അടിയുറച്ചു വിശ്വസിക്കുന്നത്.
തനിക്ക് ലഭിക്കുന്ന സ്വീകാര്യത കാണുമ്പോള്‍ ഏറ്റവുമധികം സന്തോഷിക്കുന്നതും കുടുംബം  തന്നെയാണ്. ഓരോ പദവികള്‍ കിട്ടുമ്പോഴും എല്ലാ പ്രവര്‍ത്തനങ്ങളും നന്നായി നടക്കുവാന്‍ ആദ്യം പ്രാര്‍ത്ഥിക്കുന്നത് തന്‍റെ ഭാര്യ ടെസ്സിയാണെന്നു സണ്ണി വള്ളിക്കളം പറയുന്നു. കുടുംബം, വീട്, കുട്ടികള്‍ എന്നിവയ്ക്കൊപ്പമാണ് ടെസ്സി എപ്പോഴും നിലകൊള്ളുന്നത്. അവരുടെ ലോകം അതാണ്. എങ്കിലും സണ്ണി ചെയ്യുന്ന നന്മകള്‍ക്കൊപ്പം ഹൃദയംകൊണ്ട് ടെസ്സിയുമുണ്ട്. ഭാര്യമാര്‍ പലപ്പോഴും ആഗ്രഹിക്കുന്നത് കുടുംബത്തിന്‍റെ വളര്‍ച്ചയാണല്ലോ. എങ്കിലും ഓരോ വേദികളിലും സണ്ണി കയറി നില്‍ക്കുമ്പോള്‍ ടെസ്സിക്കും സന്തോഷം. സണ്ണിയുടെ പ്രസംഗമെല്ലാം ശ്രദ്ധയോടെ കേള്‍ക്കുകയും വിലയിരുത്തുകയും ചെയ്യാറുണ്ട്. കുടുംബത്തിന് വേണ്ടി തന്‍റെ ജീവിതം മാറ്റിവെച്ചവളാണ്  ടെസ്സി  എന്നാണ് സണ്ണി വള്ളിക്കളം എപ്പോഴും ജീവിതത്തില്‍ അടയാളപ്പെടുത്താറുള്ളത്.
വി.എ. ഹോസ്പിറ്റലില്‍ നേഴ്സ് മാനേജരായി ജോലി ചെയ്യുകയാണ് ടെസ്സി. കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിന് ശ്രദ്ധ നല്‍കാനാണ് ജോലിയോടൊപ്പം ടെസ്സി പ്രാധാന്യം നല്‍കുന്നത്. പണസമ്പാദനം മാത്രമല്ല സണ്ണിയുടെയും കുടുംബത്തിന്‍റെയും ലക്ഷ്യം. കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുന്നതിനോടൊപ്പം ജീവിതത്തിന് പല മൂല്യങ്ങളും ഉണ്ടെന്ന് അവരെ പഠിപ്പിക്കുകയും  ചെയ്യേണ്ടത് ആവശ്യമാണ്. സണ്ണിക്കും ടെസ്സിക്കും മൂന്നു മക്കളാണുള്ളത്. മൂത്ത  മകള്‍ ടെറില്‍ വള്ളിക്കളം കെമിക്കല്‍ എഞ്ചിനീയറിംഗില്‍ മാസ്റ്റേഴ്സ് ചെയ്യുന്നു. (ഒഹായോ യൂണിവേഴ്സിറ്റിയില്‍ ഡോക്ടറേറ്റിനായി പദ്ധതിയിടുന്നു)
രണ്ടാമത്തെ മകള്‍ ഷെറില്‍ വള്ളിക്കളം ബയോളജി ഗ്രാജുവേറ്റ് ചെയ്ത ശേഷം ഉപരിപഠനത്തിന് ചേര്‍ന്നു.
മകന്‍ സിറിള്‍ വള്ളിക്കളം ബിസിനസ് മാനേജ്മെന്‍റില്‍ രണ്ടാം വര്‍ഷം. എല്ലാവരും സണ്ണിയുടെ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തനത്തില്‍ കൂടെതന്നെയുണ്ട്. പിതാവിനെക്കുറിച്ചോര്‍ത്ത് അഭിമാനിക്കുന്ന മക്കളും ഭാര്യയും തന്നെയാണ് സണ്ണിയുടെ ഏറ്റവും വലിയ സമ്പത്ത്. 
ഈ സമ്പത്തിന്‍റെ പിന്‍ബലത്തിലാണ് സണ്ണി വള്ളിക്കളത്തിന്‍റെ വളര്‍ച്ച. അദ്ദേഹത്തെ തേടി പദവികള്‍ ഇനിയും വരട്ടെ. ഏറ്റെടുത്ത ദൗത്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കുവാന്‍ അദ്ദേഹത്തിന് കഴിയട്ടെ.
അതെ... സണ്ണി വള്ളിക്കളം വളരുകയാണ്, ജനങ്ങളുടെ ഹൃദയത്തിലേക്കും, മനുഷ്യ മനസ്സുകളിലേക്കും. ആ നന്മ തുടരട്ടെ. പ്രാര്‍ത്ഥനകള്‍.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.