കല നിങ്ങള്‍ കാണുന്നതല്ല, മറ്റുള്ളവരെ കാണാന്‍ പ്രേരിപ്പിക്കുന്നതാണ്
ലോകത്തിൽ ഒരേയൊരു ഗൗരവമുള്ള കാര്യം കലയാണ്. എന്നാല്‍ ഒരിക്കലും ഗൗരവതരമല്ലാത്ത ഒരേയൊരു വ്യക്തി കലാകാരനുമാണ് എന്ന് ഓസ്കാര്‍ വൈല്‍ഡ് പറഞ്ഞിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന് തെറ്റി. കലയേയും ജീവിതത്തെയും ഗൗരവമായി കാണുകയും ഒരു ചങ്ങലക്കണ്ണി പോലെ തനിക്ക് ഇഷ്ടപ്പെട്ട കലാസംരംഭങ്ങളെ താന്‍ പോയ ഇടങ്ങളിലേക്ക് പറിച്ചു നട്ട ഒരു വ്യക്തിത്വമുണ്ട് അമേരിക്കയില്‍.
വിജയേട്ടന്‍. അമേരിക്കന്‍ മലയാളികളുടെ പ്രിയപ്പെട്ട താരാ ആര്‍ട്സ് വിജയന്‍. ദക്ഷിണേന്ത്യയുടെ സാംസ്കാരിക അംബാസഡര്‍.
കണ്ണിന്‍റെ കലയായ സിനിമയെ സ്നേഹിക്കാത്ത മനുഷ്യരുണ്ടാവില്ല ലോകത്ത്. സിനിമയെ നെഞ്ചേറ്റിയ വിജയേട്ടന്‍റെ കഥ ഒരു വഴിത്താരയാണ്. ഒരു മനുഷ്യനെ ഒരുപറ്റം സിനിമാക്കാര്‍ സ്നേഹംകൊണ്ട് കീഴ്പ്പെടുത്തിയ കഥ. സൗത്ത് ഇന്ത്യയുടെ സ്വന്തം എം.ജി. ആര്‍. മുതല്‍ മലയാളികളുടെ പ്രിയപ്പെട്ട നിരവധി സിനിമാതാരങ്ങളുമായുള്ള ബന്ധങ്ങളുടെ കഥ. അതിലുപരി വീടും നാടും ഭാഷയും വരെ ഉപേക്ഷിച്ച് ജീവിതം വെട്ടിപ്പിടിക്കുവാന്‍ പോയ മലയാളിയെ അവരുടെ ഇടങ്ങളില്‍ എത്തി സിനിമകള്‍ കാട്ടിയ കഥ. പ്രേംനസീര്‍ മുതല്‍ രമേഷ് പിഷാരടി വരെയുള്ളവരെ അമേരിക്കന്‍ മണ്ണില്‍ കൊണ്ടെത്തിച്ച കഥ. മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ ബഹുമാനത്തോടെ കാണുന്ന വിജയേട്ടന്‍റെ ജീവിത കഥ ഓരോ മലയാളിക്കും ഒരു മുതല്‍ക്കൂട്ടാണ്. കലയെ ബഹുമാനിക്കുന്ന ഏതൊരു വ്യക്തിക്കും താരാ ആര്‍ട്സ് വിജയന്‍റെ കഥ ഒരു പാഠപുസ്തകമാണ്.
പാലക്കാട് കൊടുവായൂര്‍ എത്തനൂര്‍ ചെറുവട്ടത്ത് രാമന്‍ മേനോന്‍റേയും ഭാര്‍ഗ്ഗവിയമ്മയുടെയും മകനായ വിജയന്‍ മേനോന്‍ പാലക്കാട് ബി.ഇ.എം സ്കൂളില്‍നിന്ന് പത്താം ക്ലാസും, വിക്ടോറിയ കോളജില്‍ പ്ലസ്ടുവും, പാസ്സായി പാലക്കാട് എന്‍.എസ്.എസ് എഞ്ചിനീയറിംഗ് കോളജില്‍ ചേര്‍ന്നു.
1970-ല്‍ എഞ്ചിനീയറിംഗ് ബിരുദവും നേടി അമേരിക്കയിലേക്ക് പറന്നു. തുടര്‍ന്ന് അമേരിക്കയില്‍ നിന്ന് ടെലി കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദവും നേടി. ബെല്‍ അറ്റ്ലാന്‍റിക് കോര്‍പ്പറേഷനില്‍ എഞ്ചിനീയറായി 1971-ല്‍ ജോലിക്ക് കയറി.
അമേരിക്കയിലെത്തിയ മലയാള സിനിമ
എന്നും വ്യത്യസ്തതകള്‍ ഇഷ്ടപ്പെട്ടിരുന്ന വിജയന്‍ മേനോന്‍ ഔദ്യോഗിക ജീവിതത്തിരക്കിനിടയിലും സിനിമയെ സ്നേഹിച്ചിരുന്ന കലാകാരന്‍ കുടിയായിരുന്നു. മലയാളിയുടെ അമേരിക്കന്‍ കുടിയേറ്റം സജീവമായ കാലം കൂടി ആയതിനാല്‍ എല്ലാ മലയാളികളേയും ഒരുപോലെ സ്വാധീനിക്കുന്ന സിനിമ അടിസ്ഥാനമാക്കി ഒരു മഹത്തായ സംരംഭത്തിന് തുടക്കമിടാന്‍ തീരുമാനിച്ചു. ത്രിവേണി ആര്‍ട്സ് എന്ന സിനിമാ കമ്പനിയുടെ തുടക്കമായിരുന്നു അത്. ദക്ഷിണേന്ത്യന്‍ സിനിമകള്‍ മാസത്തില്‍ ഒരിക്കല്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് മലയാളികളുടെ മനസ്സിലേക്കാണ് അദ്ദേഹം നടന്നു കയറിയത്. പതിനാറ് എം.എം. സ്ക്രീനില്‍ അമേരിക്കയില്‍ മലയാളികള്‍ കണ്ട ആദ്യ സിനിമ 'അടിമകള്‍' ആയിരുന്നു. കൂടുതല്‍ മലയാളികളെ സിനിമ കാണിക്കാന്‍ തീരുമാനിച്ചപ്പോള്‍ അദ്ദേഹം ആശ്രയിച്ചത് മലയാളി നേഴ്സുമാരെയായിരുന്നു. അന്ന് സിനിമ കാണാന്‍ എത്തിയവരില്‍ ഭൂരിഭാഗം കാഴ്ചക്കാരും നേഴ്സുമാരായിരുന്നു. അടിമകള്‍ കണ്ടിറങ്ങിയവരില്‍ പലരും അന്ന് ചോദിച്ചത് അടുത്ത സിനിമ എന്നാണ് വരിക എന്നായിരുന്നു.
കേരളത്തില്‍നിന്ന് സിനിമകള്‍ അമേരിക്കയിലെത്തിക്കുക എന്നത് ദുഷ്ക്കരമായ ജോലിയായിരുന്നു അന്ന്. എങ്കിലും സിനിമ തലയ്ക്ക് പിടിച്ച വിജയന്‍ മേനോന്‍ അഞ്ച് വര്‍ഷം കൊണ്ട് നൂറിലധികം സിനിമകള്‍ അമേരിക്കന്‍ മലയാളികളെ കാണിച്ചു. ഓരോ സിനിമകളും അമേരിക്കയിലെ വിവിധ സ്ഥലങ്ങളില്‍ ഇരുന്ന് മലയാളികള്‍ കാണുമ്പോള്‍ അവരറിയാതെ തന്നെ ജന്മനാടുമായുള്ള ഊഷ്മള ബന്ധം ഊട്ടിയുറപ്പിക്കുകയായിരുന്നു വിജയന്‍ മേനോന്‍.
പ്രേംനസീര്‍ മുതല്‍ റിമി ടോമി വരെ;
താര ആര്‍ട്സിന്‍റെ ഉദയം.
വെള്ളിത്തിരയില്‍ കാണുന്ന താരങ്ങളെ നേരിട്ടു കാണാനുള്ള ആഗ്രഹം എല്ലാ സിനിമാപ്രേമികളുടെയും കൂടെപ്പിറപ്പാണ്. സ്ഥിരമായി സിനിമയ്ക്കെത്തുന്ന മലയാളി സുഹൃത്തുക്കള്‍ താരങ്ങളെ നേരിട്ടു കാണണമെന്ന ആഗ്രഹം പല തവണ പങ്കുവെച്ചപ്പോഴാണ് താരങ്ങളെ കടല്‍ കടത്തണമെന്ന ആഗ്രഹം വിജയന്‍ മേനോന് ഉണ്ടാകുന്നത്. തിക്കുറുശ്ശി, അടൂര്‍ഭാസി, രാഘവന്‍, മല്ലിക സുകുമാരന്‍, ശ്രീലത എന്നിവരെ 1976-ല്‍ അമേരിക്കയില്‍ എത്തിച്ച് ആദ്യത്തെ സ്റ്റാര്‍ ഷോ. അങ്ങനെ സ്റ്റേജ് ഷോകളുടെ ബ്രാന്‍ഡ് നെയിമായ താരാ ആര്‍ട്സിന് തുടക്കമായി. 1978-ല്‍ പ്രേം നസീറിന്‍റെ നേതൃത്വത്തില്‍ ഒരു സംഘത്തെ കൊണ്ടുവന്നു. വേദികള്‍ ഇളകി മറിഞ്ഞ നിമിഷം. ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പ്രേംനസീറിന്‍റെ പ്രസംഗം അമേരിക്കന്‍ മലയാളികള്‍ നിറഞ്ഞ കയ്യടിയോടെയാണ് വരവേറ്റിരുന്നത്. തുടര്‍ന്ന് മമ്മൂട്ടി, മോഹന്‍ലാല്‍, യേശുദാസ്, എസ്. ജാനകി, കെ.എസ്. ചിത്ര മുതല്‍ റിമിടോമി വരെയുള്ളവരെ വിവിധ സ്റ്റാര്‍ ഷോകളിലൂടെ അമേരിക്കയിലെത്തിച്ചു. അങ്ങനെ വിജയന്‍ മേനോന്‍ താരാ ആര്‍ട്സ് വിജയനായി. പേരിനൊപ്പം കലാകാരന്‍ എന്ന വാക്കു കൂടി ജനങ്ങള്‍ ചേര്‍ത്തു നല്‍കിയത് ഒരു പക്ഷെ ലോകത്ത് തന്നെ വിജയേട്ടനായിരിക്കും.
താരാ ആര്‍ട്സിന്‍റെ സാമൂഹ്യ സേവനം
നാല്പത് വര്‍ഷമായി താരാ ആര്‍ട്സ് അമേരിക്കയില്‍ നടത്തിയത് നാല്‍പ്പത് സ്റ്റാര്‍ നൈറ്റ്, യേശുദാസിന്‍റെ അന്‍പത്തിരണ്ട് ഗാനമേളകളും, കച്ചേരിയും, എസ്.പി. ബാലസുബ്രഹ്മണ്യത്തിന്‍റെ അന്‍പത്തിയാറ് ഗാനമേളകള്‍, കെ.എസ്. ചിത്രയുടെ ഇരുപത്തിയെട്ട് ഗാനമേളകള്‍, എസ്. ജാനകിയുടെ ഇരുപത്തിയാറ് ഗാനസന്ധ്യകള്‍, പി. സുശീലയുടെ ഇരുപത് ഗാനമേളകള്‍ എന്നിവ കൂടാതെ റിമി ടോമി അറുപത്തിയഞ്ച് ഷോകളില്‍ ഗാനമേളയും അവതരിപ്പിച്ചിട്ടുണ്ട്. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ്, കലാഭവന്‍ മണി, മനോജ് കെ. ജയന്‍, വിനീത്, പാരിസ് ലക്ഷ്മി, സുനില്‍ പള്ളിപ്പുറം എന്നിവരുടെ നേതൃത്വത്തില്‍ കഥകളിയും ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തവും കൂട്ടിയിണക്കിയ പ്രോഗ്രാം ഉള്‍പ്പെടെ നിരവധി സ്റ്റേജ് ഷോകളാണ് താരാ ആര്‍ട്സ് വിജയന്‍ അമേരിക്കന്‍ മലയാളികളുടെ കണ്ണിന് ആനന്ദമേകാന്‍ അവതരിപ്പിച്ചത്. അതിലുപരി ഓരോ ഷോയും കൃത്യമായ ഒരു സാമൂഹ്യ പ്രവര്‍ത്തനം കൂടിയായിരുന്നു. അമേരിക്കയിലെത്തുന്ന ഓരോ ഷോകളും പള്ളികള്‍ക്കും, ക്ഷേത്രങ്ങള്‍ക്കും, വിവിധ സാംസ്കാരിക സംഘടനകള്‍ക്കും പണം സ്വരൂപിക്കുവാന്‍ ഒരു അത്താണിയായിരുന്നു. പല പള്ളികളുടെയും, ക്ഷേത്രങ്ങളുടേയും, സംഘടനകളുടേയും വാര്‍ഷിക പരിപാടികള്‍ക്ക് മിഴിവേകിയത് താരാ ആര്‍ട്സിന്‍റെ സ്റ്റേജ് ഷോകള്‍ ആയിരുന്നു. ഈ സ്റ്റേജ് ഷോകളില്‍ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ട് നിരവധി സാമൂഹ്യ പ്രവര്‍ത്തനങ്ങളാണ് അന്ന് നടന്നിരുന്നത്. ഇന്ന് താരങ്ങള്‍ സ്റ്റേജില്‍ വന്ന് 'ഹലോ അമേരിക്ക' എന്ന് പറഞ്ഞു കൈവീശി പോകുന്ന പരിപാടി ആയിരുന്നില്ല വിജയന്‍ മേനോന്‍ അമേരിക്കന്‍ മലയാളികള്‍ക്ക് നല്‍കിയത് എന്ന് ഒരു തലമുറ തന്നെ സാക്ഷ്യപ്പെടുത്തും. ഒട്ടും അര്‍ത്ഥശങ്കയ്ക്കിടമില്ലാതെ.
എം.ജി.ആറും വിജയന്‍ മേനോനും തമ്മില്‍
എന്ത് ബന്ധം
1974-ലാണ് എം.ജി.ആര്‍. അമേരിക്ക സന്ദര്‍ശിക്കുന്നത്. വിജയന്‍ മേനോന്‍റെ ജീവിതത്തിലെ സുപ്രധാനമായ വഴിത്തിരിവായിരുന്നു ആ സന്ദര്‍ശനം. എം.ജി.ആറിന്‍റെ അമേരിക്കയിലെ കാര്യങ്ങള്‍ നോക്കാന്‍ നടന്‍ കൂടിയായ എം.എന്‍ നമ്പ്യാര്‍ ചുമതലപ്പെടുത്തിയത് ഈ പാലക്കാടന്‍ എഞ്ചിനീയറെ ആയിരുന്നു. ഒരു മാസക്കാലം സൗത്ത് ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ എം.ജി.ആര്‍ വിജയേട്ടന്‍റെ അതിഥിയായി. മഹാഭാഗ്യം എന്നല്ലാതെ എന്തു പറയാന്‍. എം.ജി.ആറിന്‍റെ അമേരിക്കന്‍ സന്ദര്‍ശനം വലിയ വാര്‍ത്തയായി. ആരാധകര്‍ അദ്ദേഹത്തെ ആവേശത്തോടെയാണ് യാത്രയാക്കിയത്. ഒരു കൊച്ചു കുട്ടിയെ പോലെ എം.ജി.ആര്‍ അദ്ദേഹത്തോടൊപ്പം ഒരുമാസം തിമിര്‍ത്തുല്ലസിച്ചു. പാലക്കാട്ടുകാരന്‍ കൂടിയായ എം.ജി.ആര്‍ സ്വന്തം അനുജനെ പോലെയായിരുന്നു അന്ന് പരിഗണിച്ചത്. ജോലി കഴിഞ്ഞ സമയമെല്ലാം ആ വലിയ നടനുവേണ്ടി മാറ്റിവച്ചു. തട്ടുകടകളില്‍ കയറി ഭക്ഷണം കഴിച്ചും തെരുവോരങ്ങളില്‍ ആടിപ്പാടിയും ആള്‍ക്കൂട്ടത്തിനൊപ്പമിരുന്ന് സിനിമ കണ്ടും, കടകളില്‍ കയറി സാധനങ്ങള്‍ വാങ്ങിയും എല്ലാ സ്വാതന്ത്ര്യവും അദ്ദേഹം ആസ്വദിച്ചു. ഒരു താരത്തിന് നഷ്ടമാകുന്ന സ്വതന്ത്ര്യം എന്താണെന്ന് നേരിട്ടു മനസിലാക്കിയ നിമിഷങ്ങളായിരുന്നു അതെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ദക്ഷിണേന്ത്യക്കാര്‍ അന്ന് അമേരിക്കയില്‍ അധികമൊന്നും ഇല്ലാതിരുന്നത് അദ്ദേഹത്തിന് എവിടെയും സ്വതന്ത്രമായി നടക്കാന്‍ സഹായകമായി. നൂറ്റിഅന്‍പത് മൈല്‍ സ്പീഡില്‍ അദ്ദേഹത്തെയുംകൊണ്ട് കാറില്‍ പോകുമ്പോഴും 'ഇനിയും... ഇനിയും സ്പീഡ് കൂട്ടാന്‍' അദ്ദേഹം ആവശ്യപ്പെടുമായിരുന്നു. 'അണ്ണനെന്തെങ്കിലും സംഭവിച്ചാല്‍ തമിഴ് മക്കള്‍ എന്‍റെ പൊടിപോലും വച്ചേക്കില്ല എന്ന് മാത്രമല്ല, എന്‍റെ കുടുംബത്തെ വരെ കത്തിച്ചു കളയും' എന്ന് പറഞ്ഞപ്പോള്‍ ഒരു പൊട്ടിച്ചിരിയായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. അമേരിക്കന്‍ സന്ദര്‍ശനം കഴിഞ്ഞ് തമിഴ് നാട്ടിലെത്തിയ അദ്ദേഹത്തെ വരവേല്‍ക്കാന്‍ തമിഴകം മുഴുവന്‍ മീനമ്പാക്കം എയര്‍പോര്‍ട്ടില്‍ തടിച്ചു കൂടി. അനിയന്ത്രിതമായ ജനക്കൂട്ടം റണ്‍വേയിലേക്ക് കയറിയതിനാല്‍ വിമാനം നിലത്തിറക്കാന്‍ പറ്റാത്ത സാഹചര്യം വരെ ഉണ്ടായി.
ലോകത്ത് മറ്റൊരു താരത്തിനും ഇത്തരമൊരു സ്വീകരണം ലഭിച്ചിട്ടുണ്ടാവില്ല. താന്‍ അദ്ദേഹത്തിന് നല്‍കിയ സ്നേഹത്തിന്‍റെ പതിന്മടങ്ങ് എം.ജി.ആര്‍ ജീവിതകാലം മുഴുവന്‍ തിരികെ നല്‍കി. 1976-ല്‍ വിജയന്‍ മേനോന്‍ വിവാഹിതനാകുമ്പോള്‍ ചെന്നൈയില്‍ നിന്ന് ബാംഗ്ളൂര്‍വഴി രണ്ട് ദിവസംകൊണ്ട് കാറോടിച്ച് കൂത്തുപറമ്പില്‍ കല്യാണത്തിനെത്തി. തിരിച്ചു പോകുമ്പോള്‍ വിജയനും, ഭാര്യ രാധികയ്ക്കും ഹണിമൂണ്‍ യാത്രകള്‍ക്കായി ഒരു കാറ് അദ്ദേഹം കൂത്തുപറമ്പിലിട്ടു. ഈ കാറ് തമിഴ് നാട്ടിലേക്ക് കൊണ്ടുപോയ വിജയന്‍ മേനോന്‍ പുലിവാല് പിടിച്ച പോലെയായി. തമിഴ്നാട്ടിലെ ഓരോ പുല്‍ക്കൊടിക്കും അറിയാമായിരുന്നു ആ കാറ് എം.ജി.ആറിന്‍റേതാണെന്ന്. കാര്‍ പോകുന്ന ഇടങ്ങളിലെല്ലാം ജനം തടിച്ചുകൂടി. അവരുടെ അണ്ണനെ കാണാന്‍. എങ്ങനെയോ കാറ് എം.ജി. ആറിന്‍റെ വീട്ടിലെത്തിക്കുകയായിരുന്നു അദ്ദേഹം.
എം.ജി.ആര്‍' എന്ന കലാകാരന്‍റെ, മനുഷ്യന്‍റെ ഹൃദയബന്ധത്തിന്‍റെ ഓര്‍മ്മകള്‍ ഇപ്പോഴും തന്നെ വിടാതെ പിന്തുടരുന്നുവെന്ന് വിജയന്‍ മേനോന്‍ സാക്ഷ്യപ്പെടുത്തുന്നു.
നക്ഷത്രങ്ങള്‍ ചേക്കേറിയ വീട്
എം.ജി.ആറുമായുണ്ടായ സൗഹൃദമാകാം എല്ലാ താരങ്ങള്‍ക്കും വിജയന്‍ മേനോനുമായി ഒരു ബഹുമാനം ഉണ്ടാകുവാന്‍ കാരണം. ജയലളിത തടി കുറയ്ക്കാന്‍ വന്നത് അമേരിക്കയിലേക്കായിരുന്നു. വിജയേട്ടന്‍റെ വീട്ടിലായിരുന്നു ജയലളിതയുടേയും താമസം. ഡിസ്നി വേള്‍ഡും, നയാഗ്രാ വെള്ളച്ചാട്ടവും ജയലളിത കണ്ടതും വിജയേട്ടനും, രാധിക ചേച്ചിക്കും ഒപ്പം. ശിവാജി ഗണേശനും കുടുംബം അമേരിക്കയിലെത്തിയാല്‍ വിജയന്‍ മേനോന്‍റെ വീട്ടിലാണ് താമസം. ഹോട്ടല്‍ സൗകര്യമൊരുക്കാം എന്ന് പറഞ്ഞാല്‍ ശിവാജി ഗണേശന്‍ പറയുന്ന മറുപടി രസകരമായിരുന്നു 'എങ്കില്‍ നാട്ടില്‍ നിന്നാല്‍ മതിയല്ലോ' എന്ന്. താരങ്ങള്‍ക്കൊപ്പമുള്ള യാത്രകള്‍ കൗതുകം നിറഞ്ഞതാണ്. ശിവാജി ഗണേശന് റോഡിലൂടെ നടക്കണം വഴിയോരത്തെ കടകളില്‍ കയറി ബര്‍ഗര്‍ കഴിക്കണം. പ്രേംനസീര്‍ നല്ല ഉറക്കക്കാരന്‍. ഉറക്കമുണര്‍ന്നാല്‍ യാത്ര. നയാഗ്രാ കാണാന്‍ പോയപ്പോള്‍ വെള്ളച്ചാട്ടത്തിനിടയിലൂടെ ബോട്ടില്‍ പോകുമ്പോള്‍ വെള്ളച്ചാട്ടത്തില്‍ അദ്ദേഹത്തിന് മൂത്രമൊഴിക്കണം. ഒരിക്കല്‍ മോഹന്‍ലാലിനെയും കൂട്ടി നയാഗ്രാ കാണാന്‍ പോയി 'വിജയേട്ടാ... എനിക്ക് ഇതുപോലെ വലിയ ആഴത്തിനടുത്ത് നില്‍ക്കുമ്പോള്‍ കൂടെയുള്ളയാളെ തള്ളി താഴെയിടാന്‍ തോന്നും'.
പിന്നീടൊരു യാത്രയിലും മോഹന്‍ലാലിനൊപ്പം ഉയരമുള്ള സ്ഥലങ്ങളില്‍ ചെല്ലുമ്പോള്‍ അടുത്തു നില്‍ക്കാറില്ലന്ന് വിജയന്‍ മേനോന്‍ ചിരിയോടെ പറയുന്നു. ഇലക്ട്രോണിക്ക് ഉപകരണങ്ങളുടെ കമ്പക്കാരനായ മമ്മുട്ടി ആപ്പിളിന്‍റെ ഐപാഡ് വിപണിയിലെത്തിയപ്പോള്‍ ആദ്യം വിളിച്ചത് വിജയേട്ടനെയായിരുന്നു. മമ്മൂട്ടി ഒരെണ്ണം ബുക്ക് ചെയ്തിട്ട് അദ്ദേഹത്തോട് വാങ്ങി വയ്ക്കാന്‍ പറഞ്ഞു. വിജയേട്ടന്‍ വാങ്ങി സൂക്ഷിച്ച ഐ പാഡുമായി മടങ്ങിയ മമ്മുട്ടിയും, മോഹന്‍ലാലും, ദിലീപുമെല്ലാം വിജയേട്ടന്‍റെയും രാധിക ചേച്ചിയുടേയും സ്നേഹ വാത്സല്യങ്ങളുടെ നന്മ തിരിച്ചറിഞ്ഞവര്‍ മോഹന്‍ലാല്‍, സുചിത്ര, മകള്‍ മായ, മകന്‍ പ്രണവ് എല്ലാവരും എപ്പോള്‍ അമേരിക്കയിലെത്തിയാലും സ്വന്തം വീടുപോലെ താമസമാക്കുന്നത് വിജയേട്ടന്‍റെ വീടുതന്നെ. ആ ഗണത്തിലേക്ക് മഞ്ജുവാര്യരും ഈയിടെ കടന്നു വന്നു. നടന്‍ ഉമ്മറിന്‍റെ മകള്‍, നടി പത്മിനി എന്നിവര്‍ അദ്ദേഹത്തിന്‍റെ അയല്‍വാസികള്‍ ആയിരുന്നു. പത്മിനി അവസാനം നാട്ടിലേക്ക് പോകുമ്പോള്‍ ടിക്കറ്റ് എടുത്ത് യാത്രയാക്കിയത് വിജയേട്ടനായിരുന്നു. പിന്നീട് പത്മിനി തിരിച്ച് എത്തിയില്ല. നീണ്ട 30 വര്‍ഷങ്ങളുടെ അയല്‍പക്ക ബന്ധമായിരുന്നു അന്ന് അറ്റുപോയത്.
കോണ്‍ട്രാക്ട് ഇല്ലാതെ സ്റ്റേജ് ഷോകള്‍
താരാ ആര്‍ട്സ് തുടങ്ങിയ കാലം മുതല്‍ അവസാനം നടത്തിയ ഷോ വരെ ഒരു കലാകാരന്‍മാരോടും കോണ്‍ട്രാക് ട് ഇല്ലാതെയാണ് വിജയന്‍ മേനോന്‍ ഷോകള്‍ കൊണ്ടുവരുന്നത്. കൃത്യമായി നിബന്ധനകള്‍ പാലിക്കുന്ന യേശുദാസ് പോലും കോണ്‍ട്രാക്ട് ഇല്ലാതെ ഒരു പ്രോഗ്രാമിന് എത്തുന്ന ഏക പ്രോഗ്രാം വിജയേട്ടന്‍റേതാണ് എന്ന് പറയുമ്പോള്‍ അദ്ദേഹം തന്‍റെ പ്രൊഫഷനോട്, കലയോട് പുലര്‍ത്തുന്ന സത്യസന്ധത നമുക്ക് മനസിലാക്കും. താരാ ആര്‍ട്സ് എന്തുകൊണ്ടാണ് ജനമനസില്‍ പതിഞ്ഞത് എന്നതിന്‍റെ ഉത്തരം വിജയന്‍ മേനോന്‍ എന്ന മനുഷ്യന്‍റെ വ്യക്തിത്വം ഒന്ന് മാത്രമാണ്.
സ്റ്റാര്‍ ഷോകള്‍ ഇപ്പോള്‍ 'ഹായ് ഷോ'കള്‍
ലോകത്ത് ടെക്നോളജിയുടെ വളര്‍ച്ച സിനിമയുടേയും വളര്‍ച്ചയ്ക്ക് വഴി വെച്ചു. ബിഗ് സ്ക്രീനില്‍ നിന്ന് വീടുകളിലേക്ക് സിനിമ വന്നപ്പോള്‍ അമേരിക്കയും മാറി. ഇന്ന് ചാനലുകളില്‍ എല്ലാ സിനിമകളും ലഭിക്കുന്നു. ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലും സിനിമ വന്നു. സ്റ്റാര്‍ ഷോകള്‍ ഹൈടെക്ക് ആയി. സ്കിറ്റുകള്‍ ഒക്കെ ആവര്‍ത്തന വിരസതയായി. മോഹന്‍ലാല്‍, കലാഭവന്‍ മണി, ദിലീപ്, സുകുമാരി, സുബി, രമേഷ് പിഷാരടി, മനോജ് കെ ജയന്‍, വിനീത് തുടങ്ങിയവരെ പോലെ സ്റ്റേജില്‍ പെര്‍ഫോം ചെയ്യുന്നവര്‍ ഇന്ന് കുറവ്. പുതിയ താരങ്ങള്‍ ഹായ് ഹായ് പറഞ്ഞ് ലക്ഷങ്ങള്‍ വാങ്ങി സ്ഥലം വിടുന്നു. അമേരിക്കന്‍ പുതിയ തലമുറയുടെ അഭിരുചിയും മാറി. അതുകൊണ്ട് ഇനിയും സ്റ്റേജ് ഷോകളില്‍ താല്പര്യമില്ല എന്ന് അദ്ദേഹം പറയുന്നു.
സിനിമ നിര്‍മ്മാണം
സിനിമയോടുള്ള അഭിനിവേശം കൊണ്ട് മൂന്ന് സിനിമകള്‍ അദ്ദേഹം നിര്‍മ്മിച്ചു. മമ്മുട്ടി, രതീഷ്, ലക്ഷ്മി, സീമ എന്നിവര്‍ അഭിനയിച്ച അമേരിക്ക, അമേരിക്ക, മധു സംവിധാനം ചെയ്ത് മധു, ശ്രീവിദ്യ, ഭരത് ഗോപി, പ്രേംനസീര്‍ എന്നിവര്‍ അഭിനയിച്ച ഉദയം പടിഞ്ഞാറ്, ദിലീപ് , നവ്യാ നായര്‍ എന്നിവര്‍ അഭിനയിച്ച പട്ടണത്തില്‍ സുന്ദരന്‍ എന്നിവയായിരുന്നു അത്. ഇപ്പോള്‍ സിനിമ നിര്‍മ്മാണവും വലിയ കടമ്പയാണെന്ന് അദ്ദേഹം വിലയിരുത്തുന്നു.
മകള്‍ മീര മേനോന്‍ ഹോളിവുഡില്‍ എത്തിയ
സംവിധായിക
അച്ഛന്‍റെ സിനിമാ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന ഇളയമകള്‍ മീര ഹോളിവുഡില്‍ അറിയപ്പെടുന്ന സംവിധായികയാണ്. ഡിസ്നി പ്ലസ് ഹോട് സ്റ്റാറില്‍ റിലീസ് ചെയ്ത സൂപ്പര്‍ ഹീറോ സീരീസ് 'മിസ് മാര്‍വലി'ന്‍റെ രണ്ട് എപ്പിസോഡ് സംവിധാനം ചെയ്തത് മീര ആയിരുന്നു. 'എക്വിറ്റി', 'ഫറ ഗോസ് ബാങ്' എന്നിവയാണ് മീരയുടെ ആദ്യചിത്രങ്ങള്‍. പണിഷര്‍, ഔട്ട്ലാന്‍ഡര്‍, വാക്കിങ് ഡെഡ് തുടങ്ങി ചില സീരീസുകളുടെ വിവിധ എപ്പിസോഡുകളും മീര സംവിധാനം ചെയ്തു. ഫാറാ ഗോസ് ബാംഗ് 2013-ല്‍ ട്രൈബേക്കാ ഫിലിം ഫെസ്റ്റിവലില്‍ നോറാ എഫ്രോണ്‍ പുരസ്കാരം നേടിയിരുന്നു. അമേരിക്കന്‍ ഡ്രീംസ് എന്ന ടി. വി. ഷോയിലെ അഭിനയത്തിന് ദേശീയ പുരസ്കാരം നേടിയിട്ടുണ്ട് മീര.
കുടുംബം
താരാ ആര്‍ട്സ് എന്നു കേള്‍ക്കുമ്പോള്‍ തന്നെ ഓരോ അമേരിക്കന്‍ മലയാളികള്‍ക്കും വിജയന്‍ മേനോന്‍റെ കുടുംബത്തേയും ഓര്‍മ്മ വരും. വിജയേട്ടന്‍ എന്ന ഗൃഹനാഥനെ മലയാള സിനിമയിലെ താരങ്ങള്‍ എങ്ങനെ ഇഷ്ടപ്പെടുന്നുവോ അതിന്‍റെ ഇരട്ടി സ്നേഹമാണ് അദ്ദേഹത്തിന്‍റെ ഭാര്യ ഡോ. രാധികയോടും മക്കളോടും ഉള്ളത്. ഡോ. രാധികയുടെ കൈപ്പുണ്യമറിയാത്ത സൗത്ത് ഇന്ത്യന്‍ താരങ്ങള്‍ ഇല്ല. അത്രത്തോളം ഇഴയിണക്കമുള്ള ഒരു ബന്ധത്തിന്‍റെ ഉടമകളാണ് വിജയേട്ടനും, ഡോ. രാധികയും മക്കളും. മൂത്ത മകള്‍ ഡോ. താര, ഭര്‍ത്താവ് ഡോ. ഡേവിഡ്, മക്കള്‍ സിദ്ധാര്‍ത്ഥന്‍, മിനാലി. മീരയുടെ ഭര്‍ത്താവ് പോള്‍ (ഫിലിം)മകള്‍ ലക്ഷ്മി.
വിജയന്‍ മേനോന്‍ എന്ന കുടുംബനാഥനൊപ്പം സിനിമകള്‍ക്കും, സ്റ്റാര്‍ ഷോകള്‍ക്കും ഒപ്പം പിന്തുണയുമായി ഒരു കലാകുടുംബം. ഒരു ജീവിത വിജയത്തിന് ഇനി മറ്റെന്തു വേണം.
കടന്നുവന്ന വഴികളെല്ലാം വിജയത്തിന്‍റേത്. ഈ വഴിത്താര ദൈവനിയോഗം പോലെ നന്മകളാല്‍ സമൃദ്ധം, താരങ്ങള്‍ ഇഷ്ടപ്പെടുന്ന താരമാകാന്‍ എല്ലാവര്‍ക്കും കഴിയില്ല. അതിന് വിജയേട്ടന് സാധിച്ചത് അദ്ദേഹം ജീവിതത്തില്‍ പുലര്‍ത്തുന്ന സത്യസന്ധതയും നന്മയുമാണ്. അദ്ദേഹം തന്‍റെ പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരട്ടെ.
നന്മയുള്ള ശരീരവും മനസ്സുമാണ് ഏറ്റവും നല്ല കലാസൃഷ്ടി എന്ന് തിരിച്ചറിയാന്‍ വിജയന്‍ മേനൊനെ നമുക്ക് പിന്തുടരാം.. നാളെയുടെ താരങ്ങള്‍ അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ട്...