'നിങ്ങള്‍ക്ക് നല്ല ചിന്തകള്‍ ഉണ്ടെങ്കില്‍ അവ നിങ്ങളുടെ മുഖത്തു നിന്ന് സൂര്യരശ്മികള്‍ പോലെ പ്രകാശിക്കും. നിങ്ങള്‍ എല്ലായ്പ്പോഴും മനോഹരമായി കാണപ്പെടും'
ജീവിതത്തിൽ വിജയിക്കുന്ന മനുഷ്യര്‍ അവരുടെ ലക്ഷ്യസ്ഥാനത്ത് എത്തിയോ എന്നത് ശ്രദ്ധിക്കാതെ അവരുടെ യാത്രകള്‍ ആസ്വദിച്ചു കൊണ്ടേയിരിക്കും. എളിമയുള്ള തുടക്കങ്ങളില്‍നിന്ന് ഉയര്‍ന്നു വരുന്ന ചില മനുഷ്യരാണ് ഈ ജീവിത യാത്രകളുടെ കാവല്‍ക്കാര്‍. മറ്റുള്ളവര്‍ക്ക് മാതൃകയും അഭിമാനവുമായി മാറുന്ന മനുഷ്യര്‍. ഇത്തരം ആളുകളെ നമുക്ക് എല്ലായിടത്തും കണ്ടെത്താന്‍ സാധിക്കയില്ല.
പക്ഷെ അങ്ങനെയുള്ള ചിലര്‍ നമ്മുടെ ഹൃദയത്തില്‍ കയറിയിരുന്നാല്‍ പിന്നെ വിട്ടുപോവുകയുമില്ല. കാരണം ഹൃദയം കൊണ്ട് അവര്‍ ഹൃദയങ്ങളോട് സംസാരിച്ചുകൊണ്ടേയിരിക്കും. ഹൃദയം കൊണ്ട് വര്‍ത്തമാനം പറയുന്ന സൗമ്യനായ ഒരു മനുഷ്യനെ, മനുഷ്യസ്നേഹിയെ ഈ വഴിത്താരയില്‍ നമുക്ക് പരിചയപ്പെടാം.
തോമസ് പൂതക്കരി.ചിക്കാഗോ കെ.സി.എസ് മുൻ പ്രസിഡന്‍റ്.
കോട്ടയം കപിക്കാട് പൂതക്കരി കുഞ്ഞേപ്പിന്‍റെയും, മറിയക്കുട്ടിയുടേയും ഒന്‍പത് മക്കളില്‍ ആറാമനാണ് തോമസ് പൂതക്കരി. പുരാതന കാര്‍ഷിക കുടുംബത്തിന്‍റെ നന്മയില്‍ വളര്‍ന്നുവന്ന വ്യക്തിത്വം. ജീവിതത്തിന്‍റെ വിവിധ വഴികളിലൂടെ സഞ്ചരിക്കുമ്പോഴും സത്യത്തിനും, ധര്‍മ്മത്തിനും, സ്നേഹത്തിനും പ്രാധാന്യം നല്‍കി മുന്നോട്ടു പോകുന്ന തോമസ് പൂതക്കരി ജീവിതത്തിന്‍റെ നന്മകളിലൂടെ ഏവര്‍ക്കും മാതൃകയാക്കാവുന്ന വ്യക്തിത്വമാണ്. അമേരിക്കന്‍ മണ്ണിലെത്തിയിട്ടും നാട്ടു നന്മകളില്‍ വിശ്വസിക്കുന്ന ഒരു പച്ചയായ മനുഷ്യന്‍.
അമേരിക്കയിലേക്ക്
ഇരവിമംഗലം സെന്‍റ് ജോസഫ്സ് എല്‍.പി. സ്കൂള്‍, കല്ലറ എസ്.എം.വി.എന്‍.എസ്.എസ് ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാ ഭ്യാസം, പ്രീഡിഗ്രിയും ഡിഗ്രിയും കുറവിലങ്ങാട് ദേവമാതാ കോളേജില്‍ നിന്നും പാസ്സായി. 1983-ല്‍ ഇരുപത്തിരണ്ടാം വയസില്‍ അമേരിക്കയിലേക്ക്. ചിക്കാഗോയിലുള്ള മൂത്ത സഹോദരി ലീല കുന്നത്തുകിഴക്കേതില്‍ വഴിയാണ് അമേരിക്കയിലേക്കുള്ള വഴി തുറക്കുന്നത്. ജീവിതത്തിന്‍റെ പുതിയ മേഖലകളിലേക്ക് കടക്കാന്‍ സഹോദരിയും കുടുംബവും സഹായിച്ചത് ഇന്നും സ്നേഹത്തോടെ അദ്ദേഹം ഓര്‍മ്മിക്കുന്നു. അമേരിക്കന്‍ മണ്ണിലെ മലയാളി കുടിയേറ്റത്തിന് തൊണ്ണൂറ് ശതമാനവും കടപ്പെട്ടിരിക്കേണ്ടത് കടല്‍ കടന്ന മാലാഖമാരോടാണെന്ന സത്യം തിരിച്ചറിയുന്ന നിമിഷങ്ങള്‍.
അമേരിക്കയിലെത്തിയാല്‍ ഉടന്‍ ഒരു ജോലി ലഭിക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല. വിദ്യാഭ്യാസ സമ്പ്രദായത്തിലെ അന്തരവും മറ്റും മലയാളികളെ ബാധിക്കുമെങ്കിലും സ്ഥിരോത്സാഹവും, കഷ്ടപ്പെടാനുള്ള മനസ്സും ഉണ്ടെങ്കില്‍ അവിടെയെല്ലാം വിജയിക്കാമെന്ന് തോമസ് പൂതക്കരി പറയുന്നു. ജോലിയായിരുന്നു ലക്ഷ്യം. അതുകൊണ്ട് ജോലി സാധ്യതയുള്ള റെസ്പിറേറ്ററി തെറാപ്പി കോഴ്സിനു ചേര്‍ന്നു. അസ്സോസിയേറ്റ് ഡിഗ്രിയെടുത്തു. ആരോഗ്യമേഖലയിലേക്ക് ജീവിതത്തിന്‍റെ വഴി തുറന്നിട്ടു. കുക്ക് കൗണ്ടി ഹോസ്പിറ്റല്‍ സിസ്റ്റത്തിന്‍റെ ഭാഗമായ ഓക് ഫോറസ്റ്റ് ഹോസ്പിറ്റലില്‍ ജോലിക്ക് കയറി.
1986-ല്‍ റെസ്പിറേറ്ററി തെറാപ്പിസ്റ്റ് ആയി തുടങ്ങിയ ജോലി 1991 മുതല്‍ മാനേജര്‍ തസ്തികയിലേക്ക് ഉയര്‍ത്തപ്പെട്ടു. 2012-ല്‍ ഹോസ്പിറ്റല്‍ അടച്ചുവെങ്കിലും ചിക്കാഗോ സിറ്റിയുടെ ഹൃദയ ഭാഗത്തുള്ള ജോണ്‍സ് സ്ട്രോജര്‍ ഹോസ്പിറ്റലിലേക്ക് മാറ്റം കിട്ടി. അവിടെ മാനേജര്‍ തസ്തികയില്‍ ജോലി തുടര്‍ന്നു. 2020 ഡിസംബര്‍ 31-ന് നീണ്ട മുപ്പത്തിയഞ്ച് വര്‍ഷത്തെ സേവനത്തിന് ശേഷം സര്‍വ്വീസില്‍ നിന്ന് വിരമിച്ചു. എന്ത് പഠിച്ചു എന്നുള്ളതല്ല, നമ്മള്‍ പഠിക്കുന്നത് ജീവിതത്തിന് എങ്ങനെ ഉപകരിക്കപ്പെടുന്നു എന്നുള്ളതാണ് മുപ്പത്തിയഞ്ച് വര്‍ഷത്തെ അമേരിക്കന്‍ ആരോഗ്യരംഗത്തെ ജീവിതം തന്നെ പഠിപ്പിച്ചതെന്ന് തോമസ് പൂതക്കരി പറയുന്നു.
സമുദായത്തിന്‍റെ വളര്‍ച്ചയ്ക്കൊപ്പം,
സംഘടനാ ജീവിതം
കുടുംബത്തിന്‍റെ ചിട്ടയായ ആത്മീയ ജീവിതമാണ് ഒരു വ്യക്തിയെ മാനസികമായി കരുത്തുറ്റതാക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നത്. പൂതക്കരി കുടുംബവും മറിച്ചായിരുന്നില്ല. ചെറുപ്പം മുതല്‍ക്കേ മാതാപിതാക്കള്‍ പകര്‍ന്നു നല്‍കിയ ആത്മീയ നന്മകള്‍ക്കായി അമേരിക്കയിലും ഈശ്വരന്‍ വഴി തുറന്നിട്ടു. 1983-ല്‍ സ്ഥാപിതമായ ചിക്കാഗോ കെ.സി.എസ്സിനൊപ്പം ഒരു യാത്ര. സജീവ പ്രവര്‍ത്തകന്‍, സമുദായ സ്നേഹി. ക്നാനായ ജീവിതത്തിന്‍റെ കാതലാണ് സമുദായവും അതിന്‍റെ വളര്‍ച്ചയും. 2015-ല്‍ കെ.സി.സി എന്‍.എ നാഷണല്‍ കൗണ്‍സില്‍ അംഗം, 2018-ല്‍ കെ.സി.എസ് ലെജിസ്ലേറ്റീവ് ബോര്‍ഡ് അംഗം. 2020-ല്‍ കെ.സി.എസ് പ്രസിഡന്‍റ്. ജോലിയില്‍ നിന്ന് റിട്ടയര്‍ ചെയ്തശേഷം മുഴുവന്‍ സമയ സമുദായ പ്രവര്‍ത്തനത്തിലേക്ക് മാറി.
ചിക്കാഗോ കെ.സി.എസ്. പ്രസിഡന്‍റ്
പദവികള്‍ മനുഷ്യനെ പലതരത്തിലാണ് സ്വാധീനിക്കുക. നമുക്ക് ലഭിക്കുന്ന പദവികള്‍ സമൂഹം നമ്മെ ഏല്‍പ്പിക്കുന്ന ഉത്തരവാദിത്വങ്ങളാണെന്ന് തോമസ് പൂതക്കരി പറയുന്നു. കഠിനാധ്വാനം ചെയ്ത്, പരാതികള്‍ കുറച്ച്, കൂടുതല്‍ കേട്ട്, ഇത് ചെയ്യാന്‍ കഴിയില്ല എന്ന് പറയാതെ മുന്നോട്ട് പോകണം ഒരു പൊതുപ്രവര്‍ത്തകന്‍. 2022 ഡിസംബറില്‍ കെ.സി.എസിന്‍റെ പ്രസിഡന്‍റ് സ്ഥാനത്തു നിന്നും വിരമിക്കുമ്പോള്‍ തോമസ് പൂതക്കരി ക്നാനായ സമുദായത്തിന്‍റെ മനസ്സില്‍ ഇടംപിടിച്ച നേതാവായി അറിയപ്പെടും. കാരണം ഈ പദവിയിലേക്ക് ചുമതലപ്പെട്ടപ്പോള്‍ത്തന്നെ കമ്മ്യൂണിറ്റിക്ക് ഉണര്‍വ് നല്‍കിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് അദ്ദേഹം തുടക്കമിട്ടത്. വിട്ടു നിന്നവരെ തിരിച്ചുകൊണ്ടുവരിക, അവരുമായി ആശയവിനിമയം നടത്തുക, കമ്മ്യൂണിറ്റി അംഗങ്ങള്‍ക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ ഇല്ലാതെയാക്കുക എന്നിവയ്ക്ക് മുന്‍തൂക്കം നല്‍കി. ഇരുപതിനായിരം അടി വിസ്താരമുള്ള കമ്മ്യൂണിറ്റി സെന്‍ററിന്‍റെ 8500 അടി കാര്‍പ്പറ്റ് ഏരിയ ടൈല്‍സ് ആക്കി മാറ്റി. അങ്ങനെ കമ്മ്യൂണിറ്റി സെന്‍ററിനെ കൂടുതല്‍ മോടിപിടിപ്പിച്ച് കൂടുതല്‍ വരുമാനം നേടുവാന്‍ സഹായിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷം ലോകത്തെ ബാധിച്ച കോവിഡ് മഹാമാരി അപഹരിച്ച കാലം കൂടിയായിട്ട് പോലും ഒന്നരലക്ഷം ഡോളര്‍ സമാഹരിക്കുവാന്‍ സാധിച്ചു. എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഒരു മുന്‍ധാരണ ഉണ്ടാക്കുക എന്നതാണ് പൂതക്കരി സ്റ്റൈല്‍. ചെലവുകള്‍ ഒക്കെ കൃത്യമായി പ്ലാന്‍ചെയ്ത് ഓരോ ദിവസത്തേയും പരിപാടികള്‍ നടത്തും. ബില്‍ഡിംഗില്‍ നിന്നും വരുമാനം കണ്ടെത്താന്‍ സാധിച്ചതും സംഘാടന ശൈലിയുടെ പ്രത്യേകതകൊണ്ടാണ്. 2022-ല്‍ ബില്‍ഡിംഗ് ലോബിയില്‍ സമുദായ ആചാര്യനായ ക്നാനായി തൊമ്മന്‍റ പൂര്‍ണ്ണകായ പ്രതിമ സ്ഥാപിച്ചു.
കുടുംബങ്ങളെ ചേര്‍ത്തുപിടിച്ച്
റിട്ടയര്‍മെന്‍റ് ജീവിതം ഉല്ലാസഭരിതമാകാന്‍ കൊതിക്കുന്നവരാണ് സീനിയര്‍ അംഗങ്ങള്‍. അവര്‍ക്ക് അതിന് അവസരം ലഭിക്കണമെന്നില്ല. എന്നാല്‍ കെ.സി.എസിന്‍റെ കമ്യൂണിറ്റി സെന്‍ററില്‍ ഹോം തീയേറ്റര്‍ സംവിധാനമൊരുക്കി എല്ലാ ചൊവ്വാഴ്ചകളിലും മലയാളം സിനിമകള്‍ പ്രദര്‍ശിപ്പിക്കുവാന്‍ തുടങ്ങിയതോടെ സെന്‍റര്‍ മറ്റൊരു തലത്തിലേക്ക് വളര്‍ന്നു. വൃദ്ധജനങ്ങളുടെ മാനസിക ഉല്ലാസവും, പുതിയ തലമുറയുടെ സന്തോഷവും ഇഴയിണക്കത്തോടെ അവതരിപ്പിക്കാന്‍ തോമസ് പൂതക്കരിക്ക് സാധിച്ചു. കമ്മ്യൂണിറ്റി സെന്‍ററില്‍ ഒത്തുകൂടുന്ന സമയത്ത് ഭക്ഷണം ഉണ്ടാക്കിക്കഴിച്ചും, ആടിയും പാടിയുമൊക്കെ എല്ലാവരും മാനസിക ഉല്ലാസം കണ്ടെത്തുന്നു. മൂന്നുമാസം കൂടുമ്പോള്‍ എല്ലാവരുമായി ഒത്തു ചേര്‍ന്ന് ഒരു കൂട്ടായ്മ സംഘടിപ്പിച്ചതോടെ ഈ ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമായി. ചെറിയ കുട്ടികള്‍ മുതല്‍ എല്ലാവരും കമ്മ്യൂണിറ്റി സെന്‍ററില്‍ ഒത്തു ചേരുവാന്‍ ഡാന്‍സ് ക്ലാസ്, മാര്‍ഗ്ഗംകളി പരിശീലനം, ചെണ്ട ക്ലാസ് തുടങ്ങിയവയ്ക്ക് തുടക്കം കുറിച്ചു. ആഴ്ചയില്‍ രണ്ടുദിവസം കുട്ടികള്‍ ഇവിടെ ഒത്തുചേരുമ്പോള്‍ അവരില്‍ സാമുദായിക സ്നേഹം വര്‍ദ്ധിക്കുവാനും കുടുംബങ്ങളുടെ നന്മ തിരിച്ചറിയുവാനുമുള്ള അവസരമായി മാറി. കമ്യൂണിറ്റി സെന്‍ററിന്‍റെ പുറത്ത് ഡിവൈന്‍ മേഴ്സിയുടെ വലിയ രൂപം സ്ഥാപിച്ചു. വൈദ്യുതാലങ്കാരവും, മനോഹരമായ റോസ് ഗാര്‍ഡനും കൂടി ഉണ്ടാക്കിയതോടെ സെന്‍ററിന്‍റെ മുഖഛായതന്നെ മാറി. കൂടാതെ 2022 ജൂലൈ മാസത്തില്‍, 1993-ല്‍ വാങ്ങിയ ആദ്യത്തെ ക്നാനായ കമ്മ്യൂണിറ്റി സെന്‍റര്‍ വില്‍പ്പന നടത്തി ഫണ്ട് മുതല്‍ ക്കൂട്ടാക്കി. 2022 ഡിസംബറില്‍ കെ.സി.എസിന്‍റെ പ്രസിഡന്‍റ് പദവിയില്‍നിന്ന് വിരമിക്കുമ്പോള്‍ തോമസ് പൂതക്കരിയോട് ക്നാനായ സമൂഹവും ചിക്കാഗോ മലയാളികളും സംശയമില്ലാതെ പറയും 'നല്ലൊരു പ്രസിഡന്‍ഷ്യല്‍ കാലം ഈ സമൂഹത്തിന് നല്‍കിയതിന് ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തുന്നു' എന്ന്. കാരണം അഹോരാത്രം ഒരു സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചു എന്നതിന് നിരവധി തെളിവുകള്‍ ആ സമൂഹത്തിന്‍റെ കണ്‍മുന്‍പിലുണ്ട്. ചില യാഥാര്‍ത്ഥ്യങ്ങള്‍ ഒരു സമൂഹത്തിനും മറക്കാനാവില്ലല്ലോ..
കുട്ടികള്‍, സമ്പത്ത്
സമുദായത്തിന്‍റെ വളര്‍ച്ച എപ്പോഴും പുതിയ തലമുറയിലൂടെയാണ്. സഭയും സമുദായവും വളരേണ്ടതും യുവജനങ്ങളിലൂടെയാണ്. കൂടുതല്‍ കുട്ടികളെ സമുദായത്തിന്‍റെ വളര്‍ച്ചയുടെ ഭാഗമാക്കുന്നതിനായി നിരവധി പരിപാടികള്‍ സംഘടിപ്പിച്ചു. 250-ല്‍പരം കുട്ടികള്‍ക്ക് മൂന്ന് ദിവസങ്ങളിലായി നടത്തിയ ഇന്‍ഡോര്‍ ക്യാംപിങില്‍ കെ.സി.എസിന്‍റെ പോഷക സംഘടനകളുടെ സഹകരണത്തോടെ ക്ലാസുകള്‍, സെമിനാറുകള്‍ എന്നിവ സംഘടിപ്പിച്ചു. ചെറുപ്പത്തില്‍ തന്നെ കുട്ടികളില്‍ സാമുദായിക ബോധവല്‍ക്കരണം വളര്‍ത്തുക, അതുവഴി അവരുടെ മാനസികമായ ശക്തി ഉയര്‍ത്തുക എന്നതായിരുന്നു ഇത്തരം പരിപാടികളിലൂടെ അദ്ദേഹം ലക്ഷ്യമിട്ടത്.
കോവിഡ് കാല പ്രവര്‍ത്തനങ്ങള്‍
ലോകം കോവിഡ് മഹാമാരിയാല്‍ തളരുമ്പോഴും അവിടെയും എങ്ങനെ മറ്റുള്ളവര്‍ക്ക് സഹായമാകാന്‍ തന്‍റെ സംഘടനാ പ്രവര്‍ത്തനം കൊണ്ട് സാധിക്കുമെന്ന് തോമസ് പൂതക്കരി തെളിയിച്ചു. ക്നാനായ കമ്യൂണിറ്റി സെന്‍ററിനെ കോവിഡ് ടെസ്റ്റ് സെന്‍റര്‍ ആക്കുകയും 2021 ല്‍ തികച്ചും സൗജന്യമായി അമേരിക്കക്കാര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും കോവിഡ് ടെസ്റ്റ് നടത്താനുള്ള സൗകര്യവും, ഇല്ലിനോയി സ്റ്റേറ്റിന്‍റെ വാക്സിനേഷന്‍, ടെസ്റ്റിംഗ് സെന്‍റര്‍ ആക്കി മാറ്റുവാനും കമ്മ്യൂണിറ്റി സെന്‍റര്‍ ഉപകരിച്ചു. തികച്ചും സൗജന്യമായി ഈ സേവനങ്ങള്‍ സമൂഹത്തിനായി ഒരു മഹാമാരിക്കാലത്ത് ഒരുക്കിയതില്‍ തോമസ് പൂതക്കരിയും, ക്നാനായ സമൂഹവും അഭിനന്ദനം അര്‍ഹിക്കുന്നു.
കെ.സി.സി.എന്‍.എ കണ്‍വന്‍ഷനിലെ
ചിക്കാഗോ പങ്കാളിത്തം
ഓരോ സംഘടനയുടേയും വളര്‍ച്ച അതിന്‍റെ പ്രാതിനിധ്യസ്വഭാവമാണ്. കെ.സി.സി.എന്‍.എ. 2022 ജൂലൈ 21 മുതല്‍ 24 വരെ നടത്തിയ കണ്‍വന്‍ഷനില്‍ ആയിരത്തിലധികം പ്രതിനിധികളെ ചിക്കാഗോയില്‍ നിന്ന് പങ്കെടുപ്പിച്ചു. പത്തു വര്‍ഷത്തിന് ശേഷം ഓവര്‍ ഓള്‍ ചാമ്പ്യന്‍ഷിപ്പ്, കായിക വിഭാഗത്തിലും, കലാവിഭാഗത്തിലും ചിക്കാഗോ കെ.സി.എസിന് നേടിയെടുക്കുവാന്‍ സാധിച്ചു. മൂന്ന് മേജര്‍ പുരസ്കാരങ്ങള്‍ ലഭിച്ചു. കലാപരമായും, കായികപരമായും നേട്ടം ഉണ്ടാക്കാന്‍ സാധിച്ചത് വരും തലമുറയില്‍ കൂടുതല്‍ ആത്മവിശ്വാസം വളര്‍ത്തുവാന്‍ നിമിത്തമായി.
വിവിധ സംഘടനാ പദവികള്‍
അന്‍പത് വര്‍ഷം പഴക്കമുള്ള, മികച്ച സംഘടനയെന്ന പേരുകേട്ട ചിക്കാഗോ മലയാളി അസ്സോസിയേഷന്‍റെ ബോര്‍ഡ് മെമ്പറായും, മറ്റു ചില മലയാളി സംഘടനകളുടെ സജീവ പ്രവര്‍ത്തകനായും തോമസ് പൂതക്കരി പ്രവര്‍ത്തിക്കുന്നു. പ്രവാസി കോണ്‍ഗ്രസിന്‍റെ സജീവ പ്രവര്‍ത്തകന്‍, രമേശ് ചെന്നിത്തല, വി.ടി. ബല്‍റാം തുടങ്ങിയ കോണ്‍ഗ്രസ്സ് നേതാക്കളുമായി നല്ല ബന്ധം. ഹൈസ്കൂള്‍ ക്ലാസില്‍ കെ.എസ്.യു. യൂണിറ്റ് പ്രസിഡന്‍റ്, 1981-ല്‍ അമേരിക്കയിലേക്ക് വരുന്ന സമയം വരെ കോണ്‍ഗ്രസിന്‍റെ വാര്‍ഡ് സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്‍റ്, നിയോജക മണ്ഡലം കമ്മറ്റി മെമ്പര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടി കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ സംഘടിപ്പിച്ച പദയാത്രകളില്‍ സജീവമായി പങ്കെടുത്തിട്ടുണ്ട്.
കോവിഡ് കാലം മറക്കാത്ത കാലം
കോവിഡ് മഹാമാരി ലോകത്തെ വിഴുങ്ങുമ്പോള്‍ എല്ലാ ആരോഗ്യ പ്രവര്‍ത്തകരെ പോലെയും സജീവ പ്രവര്‍ത്തനങ്ങളിലായിരുന്നു തോമസ് പൂതക്കരി. ഒരു വര്‍ഷത്തോളം കോവിഡ് രോഗികളെ പരിചരിക്കുകയും അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. ഒപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ക്ക് ബുദ്ധിമുട്ട് വന്ന സമയങ്ങളിലൊക്കെ കോവിഡ് രോഗികളെ പരിചരിക്കുവാനും തോമസ് പൂതക്കരി മുന്നിട്ടിറങ്ങി. സഹജീവികളുടെ നൊമ്പരങ്ങള്‍ക്ക് താങ്ങാകുമ്പോഴാണല്ലോ മനുഷ്യന്‍ എന്ന പദത്തിന്‍റെ അര്‍ത്ഥം പൂര്‍ണ്ണമാകുന്നത്.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സൗഹൃദം, യാത്രകള്‍
സ്വന്തം സമൂഹത്തോട് അടുത്തു നില്‍ക്കുന്ന ഒരാള്‍ക്ക് അവരുടെ ജീവിതാവസ്ഥകളിലെ പ്രയാസങ്ങളോടും ചേര്‍ച്ചയുണ്ടാകുന്നത് സ്വാഭാവികം. കൂടെ നില്‍ക്കുന്ന മനുഷ്യരെ കരുതുന്നതിലും ഒപ്പം നില്‍ക്കുന്നതിലും തോമസ് പൂതക്കരി എന്നും മുന്‍പന്തിയിലായിരുന്നു. ഏതു സംഘടനയില്‍ പ്രവര്‍ത്തിക്കുമ്പോഴും സാധാരണ ജനങ്ങള്‍ക്ക് കരുതല്‍ കൊടുക്കുവാന്‍ അദ്ദേഹം സന്നദ്ധനായി. നിര്‍ദ്ധനര്‍ക്ക് തണലായും താങ്ങായും നില്‍ക്കുമ്പോഴാണ് വ്യക്തി എന്ന നിലയിലും സമുദായ സ്നേഹി എന്ന നിലയിലും മനുഷ്യത്വം തിരിച്ചറിയപ്പെടുക. ഈ ജീവിതത്തിരക്കിനിടയിലും ജാതിമത വ്യത്യാസമില്ലാതെ നല്ലൊരു സൗഹൃദ വലയവും അദ്ദേഹം കാത്തു സൂക്ഷിക്കുന്നു. പുതിയതായി അമേരിക്കയിലെത്തുന്ന മലയാളികള്‍ക്ക് വേണ്ട പ്രൊഫഷണല്‍ സഹായങ്ങള്‍ ചെയ്തു നല്‍കുന്നതിലും അദ്ദേഹം മുന്‍പന്തിയില്‍ത്തന്നെ. ഒപ്പം ഒരു യാത്രികന്‍ കൂടിയായി യൂറോപ്പ്, ഹോളി ലാന്‍ഡ്, അമേരിക്ക മുഴുവന്‍, കാനഡ, കപ്പല്‍ യാത്രകള്‍, മിഡില്‍ ഈസ്റ്റ് യാത്രകള്‍ നടത്തി ജീവിതത്തെ ഓജസുറ്റതാക്കുന്നു.
കുടുംബം
1988-ല്‍ കരിങ്കുന്നം ആലപ്പാട്ട് ജോണിന്‍റേയും അന്നക്കുട്ടിയുടേയും മകള്‍ സൗദിയില്‍ നേഴ്സായിരുന്ന ജിജിയെ വിവാഹം കഴിച്ചു. ജിജി കുക്ക് കൗണ്ടി ആശുപത്രിയില്‍ മെഡിക്കല്‍ ഐ.സി.യു ചാര്‍ജ് നേഴ്സായി ജോലി നോക്കുന്നു. മൂന്ന് മക്കള്‍. റ്റോബിന്‍ (മാസ്റ്റേഴ്സ് കമ്പ്യൂട്ടര്‍ ഐ.ടി.) ഭാര്യ: ലിന്‍ഡ (ടീച്ചര്‍). ജെറിന്‍: (എം.എസ്.ഡബ്ല്യു മാസ്റ്റേഴ്സ്) സോഷ്യല്‍ വര്‍ക്കറായി ജോലി ചെയ്യുന്നു. ട്രിഷ: കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്.
ഏതൊരു വ്യക്തിയുടെയും വിജയത്തിന് പിന്നില്‍ കുടുംബം ഒരു ചാലകശക്തിയായി നിലകൊള്ളുന്നു എന്ന് പറയുംപോലെ തോമസ് പൂതക്കരിയുടെ വഴിത്താരകളിലെ പ്രധാന ഊര്‍ജ്ജം ഈ കുടുംബം തന്നെ. എല്ലാ സഹോദരങ്ങളും അമേരിക്കയില്‍ വിവിധ ഇടങ്ങളിലായി ഒപ്പമുള്ളതാണ് അദ്ദേഹത്തിന്‍റെ മറ്റൊരു സന്തോഷം.
കുടുംബം തെളിച്ച നന്മയുടെ വഴിത്താരയില്‍ മുന്നോട്ടു പോയ ഒരു സാധാരണ മനുഷ്യന്‍റെ ജീവിതത്തിന്‍റെ ഒരു ഏടാണിത്. എന്തും ചെയ്യാന്‍ നമ്മെ പ്രേരിപ്പിക്കുന്നതിനുള്ള പ്രധാന രഹസ്യം നിങ്ങള്‍ക്ക് അത് ചെയ്യാന്‍ കഴിയും എന്ന വിശ്വാസമാണ്. നിങ്ങള്‍ സ്വയം വിശ്വാസം നിലനിര്‍ത്തുന്നിടത്തോളം കാലം അത് തുടരുവാനും സാധിക്കും. തോമസ് പൂതക്കരി നമുക്ക് നല്‍കുന്ന പാഠം അതാണ്. എളിമയുള്ള തുടക്കങ്ങളില്‍ നിന്ന് വലിയ വിജയങ്ങളിലേക്ക് നടന്നുകയറുമ്പോഴും തന്നെ വളര്‍ത്തിയ നന്മയുടെ സൗമ്യഭാവത്തെ സ്നേഹത്തിന്‍റെ മുദ്രയാക്കി മാറ്റിയ ഒരാള്‍... അദ്ദേഹം ഇനിയും യാത്ര ചെയ്യട്ടെ. ഈ സൗമ്യഭാവത്തെ കാത്തു സൂക്ഷിക്കട്ടെ. അത് അദ്ദേഹത്തിന് താങ്ങും തണലുമാകട്ടെ. ഈ വഴിത്താരയിലേക്ക് വരുന്ന യാത്രികര്‍ക്ക് വെളിച്ചമാകട്ടെ....