"നിങ്ങളുടെ പ്രവർത്തനങ്ങൾ മറ്റുള്ളവരെ കൂടുതൽ സ്വപ്നം കാണാനും കൂടുതൽ പഠിക്കാനും പ്രേരിപ്പിക്കുകയാണെങ്കിൽ നിങ്ങൾ ഒരു നേതാവാണ് "
പത്തനംതിട്ടയുടെ മലയോര ഗ്രാമമായ കൂടലില്‍ നിന്ന് ആഗോളതലത്തില്‍ വളര്‍ന്ന ഒരു സമ്പൂര്‍ണ്ണ കോണ്‍ഗ്രസ് നേതാവിനെ, ഒരു സംസ്കാരിക പ്രവര്‍ത്തകനെ, ഒരു മാധ്യമ പ്രവര്‍ത്തകനെ, ഈ വഴിത്താരയില്‍ പരിചയപ്പെടാം. ജെയിംസ് കൂടല്‍ ഓവര്‍സീസ് ഇന്‍ഡ്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഒ.ഐ.സി.സി. Inc. ഗ്ലോബല്‍ പ്രസിഡന്‍റ്.
പ്രവര്‍ത്തന വഴികള്‍
അമേരിക്കയില്‍ നിന്നുള്ള ലോക കേരളസഭാ അംഗം, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ബിസിനസ് ഫോറം ചെയര്‍മാനായും പ്രവര്‍ത്തിച്ചു വരികയാണ്. അമേരിക്കയിലെ ഹൂസ്റ്റണ്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ഇന്ത്യന്‍ മീഡിയ ചെയര്‍മാനും എം.എസ്.ജെ ബിസിനസ് ഗ്രൂപ്പ് ശൃംഖലയുടെ ചെയര്‍മാനുമാണ് ജെയിംസ് കൂടല്‍. 1994 മുതല്‍ ബഹ്റിനിലും 2015 മുതല്‍ യു.എസ്.എയിലുമായി വിവിധ മേഖലകളില്‍ സേവനം നടത്തിവരുന്നു. പൊതുപ്രവര്‍ത്തനം, ജീവകാരുണ്യം, മാധ്യമം തുടങ്ങി വിവിധ മേഖലകളിലെ സജീവ സാന്നിധ്യമാണ്. വേള്‍ഡ് മലയാളി കൗണ്‍സില്‍ മുന്‍ ഗ്ലോബല്‍ ട്രഷററായിരുന്നു. ഇക്കാലയളവില്‍ ശ്രദ്ധേയമായ നിരവധി പ്രവര്‍ത്തനങ്ങള്‍ക്കാണ് നേതൃത്വം നല്‍കിയത്.
അഖില കേരള ബാലജനസഖ്യത്തിലൂടെ പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായി. വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ പ്രസിഡന്‍റ്, ബഹ്റിന്‍ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തിലുള്ള കോഡിനേഷന്‍ കമ്മിറ്റി ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി, ഇന്ത്യന്‍ കമ്യൂണിറ്റി റിലീഫ് ഫണ്ടിന്‍റെ പേട്രന്‍, ഓവര്‍സീസ് ഇന്ത്യന്‍ കോണ്‍ഗ്രസ് ഗ്ലോബല്‍ ട്രഷറര്‍, ബഹ്റിന്‍ നാഷണല്‍ കമ്മിറ്റി പ്രസിഡന്‍റ്, ജയ്ഹിന്ദ് ചാനല്‍ ബഹ്റിന്‍ ബ്യൂറോ ചീഫ്, നോര്‍ക്ക അഡ്വൈസറി ബോര്‍ഡ് അംഗം, മഹാത്മാഗാന്ധി കള്‍ച്ചറല്‍ ഫോറം ബഹ്റിന്‍ ഫോറം പ്രഥമ ചെയര്‍മാന്‍, കോണ്‍ഗ്രസ് കലഞ്ഞൂര്‍ മണ്ഡലം പ്രസിഡന്‍റ്, അടൂര്‍ താലൂക്ക് റബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റി ഡയറക്ടര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ അലങ്കരിച്ചിട്ടുണ്ട്. മലങ്കര കത്തോലിക്ക സഭ അമേരിക്ക കാനഡ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം ആണ് ജെയിംസ് കൂടല്‍.
കെ.എസ്.യു.വും ബാലജന സഖ്യവും നല്‍കിയ
ബാലപാഠം
കൂടല്‍ ഗവണ്‍മെന്‍റ് ഹൈസ്കൂള്‍ പഠനകാലത്ത് കെ.എസ്.യു. രാഷ്ട്രീയത്തില്‍ ആകൃഷ്ടനാവുകയും തുടര്‍ന്ന് കെ.എസ്.യു സ്കൂള്‍ യൂണിറ്റ് പ്രസിഡന്‍റായി വളരുകയും വിദ്യാര്‍ത്ഥി സമ്മതനായ നേതാവായി മാറുകയും ചെയ്തു. തുടര്‍ന്ന് പത്തനംതിട്ട കാതോലിക്കറ്റ് കോളേജില്‍ പ്രീഡിഗ്രി പഠന കാലത്തും കെ. എസ്.യുവില്‍ സജീവ പ്രവര്‍ത്തകനായി. ആ സമയത്ത് കേരളത്തിലെ ഏറ്റവും വലിയ സാംസ്കാരിക കൂട്ടായ്മയായ അഖില കേരള ബാലജനസഖ്യത്തിന്‍റെ പ്രവര്‍ത്തകനായി. കോന്നി യൂണിയന്‍ വൈസ് പ്രസിഡന്‍റായി. പ്രീഡിഗ്രിക്ക് ശേഷം ജീവിത വിജയത്തിന് ഒരു തൊഴില്‍ പഠനം അനിവാര്യമെന്ന് തോന്നി. പന്തളം എന്‍.എസ്.എസ് പോളിടെക്നിക് കോളേജില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗിന് ചേര്‍ന്നു. അവിടെയും കെ.എസ്.യുവിന്‍റെ പ്രവര്‍ത്തകനായി തുടര്‍ന്നു.
പോളിക്ക് ശേഷം ഡിഗ്രി പഠനത്തിനായി പത്തനാപുരം സെന്‍റ് സ്റ്റീഫന്‍സ് കോളജില്‍ ചേര്‍ന്നു. അവിടെ കെ. എസ്.യു യൂണിറ്റ് സെക്രട്ടറിയായി. കോളേജ് യൂണിയന്‍ മെമ്പറായി. അതിനു ശേഷം 1992-ല്‍ നടന്ന കോണ്‍ഗ്രസിന്‍റെ സംഘടനാ തെരഞ്ഞെടുപ്പ് കാലഘട്ടത്തില്‍ എ.കെ. ആന്‍റണിക്കൊപ്പം നിന്നുകൊണ്ട് 23-ാമത്തെ വയസില്‍ കോണ്‍ഗ്രസിന്‍റെ കലഞ്ഞൂര്‍ മണ്ഡലം പ്രസിഡന്‍റായി. മറ്റ് നേതാക്കളുടെ വളര്‍ച്ചയില്‍നിന്ന് വ്യത്യസ്തമായി കെ.എസ്.യു പ്രവര്‍ത്തനത്തില്‍നിന്ന് നേരിട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകനായി മാറുകയായിരുന്നു. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മണ്ഡലം പ്രസിഡന്‍റ് എന്ന വിശേഷണം കൂടി ലഭിച്ചു. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സജീവമായതോടെ പ്രാദേശിക രാഷ്ട്രീയത്തിലും ശ്രദ്ധവെച്ചു. ദീര്‍ഘകാലം ഇടതുപക്ഷത്തിന്‍റെ കൈയ്യിലായിരുന്ന അടൂര്‍ റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റിയുടെ നിയന്ത്രണം കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലേക്ക് എത്തിക്കുന്നതില്‍ അടൂര്‍ പ്രകാശിനോടൊപ്പം പ്രവര്‍ത്തിച്ച് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായി
.
അപ്രതീക്ഷിത ഗള്‍ഫ് യാത്ര
ജീവിത സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കൂടിവന്നപ്പോള്‍ രാഷ്ട്രീയ വളര്‍ച്ചയുടെ പാതി പിന്നിട്ട സമയത്ത് ഗള്‍ഫിലേക്ക് ഒരു പറിച്ചു നടല്‍ അനിവാര്യമായിരുന്നു. പക്ഷെ അത് മനസ്സില്ലാമനസ്സോടെ ആയിരുന്നു. ബഹ്റിനിലെ ഗള്‍ഫ് കമ്പനിയില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറായി ജോലി ലഭിച്ചു. അക്കാലത്ത് കോണ്‍ഗ്രസിന്‍റെ യുവ ശബ്ദമായിരുന്ന ചെറിയാന്‍ ഫിലിപ്പ് അന്ന് കേരള ദേശീയവേദി എന്ന സംഘടനയുണ്ടാക്കി. ഉടന്‍തന്നെ കേരള ദേശീയ വേദിയുടെ ബഹ്റിന്‍ ചാപ്റ്ററിന് ജെയിംസ് കൂടല്‍ തുടക്കമിടുകയും ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു.
ഇന്ത്യന്‍ ഓവര്‍സീസ് കള്‍ച്ചറല്‍ കോണ്‍ഗ്രസിന് തുടക്കം
പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ ചെറിയാന്‍ ഫിലിപ്പ് സ്ഥാനാര്‍ത്ഥി ആയ സമയം, കേരള ദേശീയവേദി പിരിച്ചുവിടുകയും ഇന്ത്യന്‍ ഓവര്‍സീസ് കള്‍ച്ചറല്‍ കോണ്‍ഗ്രസ് രൂപീകരിക്കുകയും. ആ കാലയളവില്‍ നോര്‍ക്ക ഉപദേശക സമിതി അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.
രമേശ് ചെന്നിത്തല കെ.പി.സി.സി പ്രസിഡന്‍റ് ആയപ്പോള്‍ വിദേശത്തുളള കോണ്‍ഗ്രസ് സംഘടനകളെ യോജിപ്പിച്ചു കൊണ്ട് ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് എന്ന പേര് എല്ലാ ഓവര്‍സീസ് കോണ്‍ഗ്രസ് സംഘടനകള്‍ക്കും നല്‍കുകയുണ്ടായി. ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ബഹ്റിന്‍ ചാപ്റ്റര്‍ പ്രസിഡന്‍റായി ജെയിംസ് കൂടല്‍ നിയമിതനായി. ജയ്ഹിന്ദ് ചാനലിന്‍റെ ബഹ്റിന്‍ ബ്യൂറോ ചീഫ് ആയും പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ ഒ.ഐ.സി.സി. ആദ്യ ഗ്ലോബല്‍ കമ്മറ്റിയുടെ ട്രഷറര്‍ ആയും ചുമതല ലഭിച്ചു. പത്മശ്രീ സി.കെ. മേനോന്‍ ആയിരുന്നു പ്രസിഡന്‍റ്. ബഹറിന്‍ ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള 104-ല്‍പരം സംഘടനകളുടെ പൊതുവേദിയായ ഇന്ത്യന്‍ സി.സി.ഐ.എ (കോര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍) ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തനം തുടങ്ങി.
അതെ കാലയളവില്‍ തന്നെ താന്‍ ജനിച്ചുവളര്‍ന്ന നാട്ടിലെ സഹജീവികളെ സഹായിക്കുന്നതിന് വേണ്ടി കേരളാ പ്രവാസി ഡവലപ്പ്മെന്‍റ് സൊസൈറ്റി രൂപീകരിച്ചു. വീടില്ലാത്തവര്‍ക്ക് വീട്, ചികിത്സാ സഹായം, വിദ്യാഭ്യാസ സഹായം എന്നിവ നല്‍കി. 1994-ല്‍ തുടങ്ങിയ ഔദ്യോഗിക ജീവിതം ബഹ്റിനിലെ പതിനായിരത്തിലധികം ആളുകള്‍ ജോലി ചെയ്യുന്ന ജവാദ് ബിസിനസ് ഗ്രൂപ്പിന്‍റെ ഗ്രൂപ്പ് മെയിന്‍റനന്‍സ് മാനേജര്‍ ആയി 2011-ല്‍ ഔദ്യോഗിക ജീവിതം അവസാനിപ്പിക്കുകയും സ്വന്തമായി ബിസിനസ് സംരംഭത്തിന് തുടക്കം കുറിക്കുകയും ചെയ്തു. ബഹ്റിനിലെ സാമൂഹ്യ സാംസ്കാരിക മേഖലയില്‍ മലയാളിയുടെ സാന്നിദ്ധ്യമുള്ളിടത്തെല്ലാം ജെയിംസ് കൂടല്‍ ഒരു നിറസാന്നിദ്ധ്യമായി നിലകൊണ്ട സമയത്താണ് മറ്റൊരു വഴിത്തിരിവിലേക്ക് ജീവിതം മാറുന്നത്.
അമേരിക്കയിലേക്ക്
ജീവിതം അതിന്‍റെ വഴിഞ്ഞിരുവുകള്‍ തീരുമാനിക്കുന്ന സമയം വളരെ നിര്‍ണ്ണായകമാകും. ഒരു പക്ഷെ വ്യക്തിക്ക് ഇടപെടുവാന്‍ അവസരം ലഭിക്കാത്ത വിധം ജീവിതത്തെ തന്നെ അത് മാറ്റിമറിക്കും. 2015-ല്‍ ബഹ്റിനില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറി. ഗള്‍ഫിലെ സാമ്പത്തിക മാന്ദ്യം തനിക്കുണ്ടായിരുന്ന ബിസിനസിനെ ബാധിക്കും എന്ന ഭയവും കുട്ടികളുടെ വിദ്യാഭ്യാസ ഭാവിയും പരിഗണിച്ച് അമേരിക്കയിലേക്ക് പോകുവാന്‍ തീരുമാനിച്ചു.
ന്യൂയോര്‍ക്കിലാണ് ചെന്നുചേര്‍ന്നതെങ്കിലും പിന്നീട് ഹൂസ്റ്റണിലേക്ക് മാറി. അമേരിക്കയില്‍ എത്തിയപ്പോഴും സാമൂഹ്യ പ്രവര്‍ത്തന രംഗം ഒഴിവാക്കിയില്ല. ഇന്‍ഡോ അമേരിക്കന്‍ പ്രസ്ക്ലബ് ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡന്‍റ്, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹൂസ്റ്റണ്‍ പ്രസിഡന്‍റ്, അമേരിക്കന്‍ റീജിയണ്‍ പ്രസിഡന്‍റ്, ഇന്‍ഡോ അമേരിക്കന്‍ ബിസിനസ് ഫോറം ഡയറക്ടര്‍, സാം പിത്രോഡ നേതൃത്വം നല്‍കുന്ന ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് ടെക്സാസ് ചാപ്റ്റര്‍ പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തനം സജീവമാകുകയും ചെയ്തു. ഗള്‍ഫില്‍ നിന്ന് ലഭിച്ച ബിസിനസ് പരിചയം ചുരുങ്ങിയ കാലം കൊണ്ട് അമേരിക്കയിലും ബിസിനസ് സംരംഭങ്ങള്‍ തുടങ്ങുവാനും നല്ല നിലയില്‍ മുന്നോട്ടു കൊണ്ടുപോകുവാനും സാധിച്ചു .
ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്‍റെ അമേരിക്കന്‍ തുടക്കം
അമേരിക്കയില്‍ എത്തിയപ്പോഴാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ചെറുതും വലുതുമായ കൂട്ടായ്മകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നത് കാണുവാന്‍ ഇടയായത്. സാം പിത്രോഡ നേതൃത്വം കൊടുക്കുന്ന ഐഒസി ടെക്സാസ് ചാപ്റ്റര്‍ പ്രസിഡന്‍റായി ജെയിംസ് കൂടല്‍ നിയമിതനായി. ചുരുങ്ങിയ സമയം കൊണ്ട് അദ്ദേഹം അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയനായി. കെ. സുധാകരന്‍ കെ.പി.സി.സി. പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ഉണ്ടായ ആവേശം ചെറുതായിരുന്നില്ല. കെ.പി.സി.സി. പ്രസിഡന്‍റിന്‍റെ നിര്‍ദേശപ്രകാരം ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപ്പിള്ളയുമായി ചേര്‍ന്ന് ഒ.ഐ.സി.സി രുപീകരിക്കുകയും അതിന്‍റെ പ്രഥമ ചെയര്‍മാനായി ജെയിംസ് കൂടല്‍ ചുമതലയേല്‍ക്കുകയും ചെയ്തു. ഇന്ന് അമേരിക്കയിലെ പത്തോളം സിറ്റിയില്‍ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതില്‍ അദ്ദേഹത്തിന്‍റെ പങ്ക് കോണ്‍ഗ്രസ് നേതൃത്വവും, കോണ്‍ഗ്രസ് പ്രവര്‍ത്തകരും തിരിച്ചറിയുന്നുണ്ട്. അതിനുള്ള അംഗീകാരമെന്നോണമാണ് ഒ.ഐ.സി.സിയുടെ പ്രഥമ ഗ്ലോബല്‍ പ്രസിഡന്‍റായി കെ.പി.സി.സി പ്രസിഡന്‍റ് കെ സുധാകരന്‍ നിയമിച്ചത്. കെ.എസ്.യുവില്‍ തുടങ്ങിയ കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹത്തിന് ആഗോള തലത്തില്‍ ലഭിച്ച അംഗീകാരം കൂടിയാണ് ഈ സ്ഥാന ലബ്ധി.
ഒ .ഐ. സി. സി പ്രവാസിയുടെ ആശ്രയം
ഒ.ഐ.സി.സിയെ മുന്നോട്ട് നയിക്കുന്നതിന് വ്യക്തമായ ഒരു പ്ലാന്‍ അദ്ദേഹത്തിനുണ്ട്. കോണ്‍ഗ്രസ് ഉണ്ടെങ്കിലേ ഇന്ത്യയുള്ളു എന്ന വികാരമാണ് അദ്ദേഹത്തിനെ രാഷ്ട്രീയത്തില്‍ മുന്നോട്ട് നയിക്കുന്നത്.
പത്മശ്രീ സി.കെ. മേനോന്‍ ഒ.ഐ.സി. സി. ചെയര്‍മാനും ജെയിംസ് കൂടല്‍ ഗ്ലോബല്‍ ട്രഷററും ആയിരുന്ന സമയത്ത് എടുത്ത ഒരു പ്രധാന തീരുമാനം ഒ.ഐ.സി.സി. മെമ്പര്‍ഷിപ്പ് ഉള്ള പ്രവാസി വിദേശത്ത് വെച്ച് മരിച്ചാല്‍ അവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ ധനസഹായം നല്‍കുന്ന ഒരു പ്രോജക്ടിന് രൂപം നല്‍കി. അവരുടെ മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനുള്ള എല്ലാവിധ സഹായങ്ങളും നല്‍കുമായിരുന്നു. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരെല്ലാം ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടരുവാനും വലിയ പിന്തുണയാണ് നല്‍കിയത്. ഇപ്പോള്‍ ആഗോള തലത്തില്‍ നിരവധി കാര്യങ്ങള്‍ ചെയ്യുവാന്‍ പ്രവാസിക്ക് കഴിയും. വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച പ്രവാസി മലയാളികളെ ഒരു പൊതു ഇടത്തില്‍ ലഭ്യമാക്കുവാന്‍ വേണ്ട ഒരു പദ്ധതിക്ക് രൂപം നല്‍കും.
പ്രവാസികളില്‍ പലരും റിട്ടയര്‍മെന്‍റ് കാലം ജന്മനാടായ കേരളത്തില്‍ ചിലവഴിക്കുവാന്‍ ആഗ്രഹിക്കുന്നു. അവര്‍ക്കായി ഒരു റിട്ടയര്‍മെന്‍റ് ഹോം പദ്ധതിക്ക് രൂപം നല്‍കും. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കുടുംബങ്ങള്‍ക്ക് വേണ്ടി കഷ്ടപ്പെട്ട മനുഷ്യര്‍ക്ക് വയസുകാലം സന്തോഷപ്രദമായി ആസ്വദിക്കുവാനുള്ള ഒരു പ്രോജക്ടിന് രൂപം നല്‍കും. പലപ്പോഴും ഇത്തരം പ്രോജക്ടുകള്‍ക്ക് മാര്‍ഗ്ഗതടസ്സമാകുന്നത് മാറി വരുന്ന രാഷ്ട്രീയ സംവിധാനങ്ങളാണ്. അതിന് മാറ്റം ഉണ്ടാക്കുവാനുള്ള ശ്രമം നടത്തും. കേരളത്തിലേക്ക് തിരികെ പോകാന്‍ ആഗ്രഹിക്കുന്ന കുടുംബങ്ങള്‍ക്ക് നാട്ടില്‍ സെറ്റില്‍ ചെയ്യുവാനുള്ള എല്ലാ സഹായവും നല്‍കും.
ഗള്‍ഫ് മേഖലയില്‍നിന്നും തിരികെ എത്തുന്ന പ്രവാസികള്‍ക്കായി ജോലി സാധ്യത ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് തുടക്കമിടും. ഗള്‍ഫില്‍ നിന്നും തിരികെ വരുന്നവര്‍ വീണ്ടും മറ്റ് ഗള്‍ഫ് മേഖലകള്‍ തേടുന്ന അവസരങ്ങള്‍ ഉണ്ടാകരുത്. ഗള്‍ഫ് മേഖല കേരളത്തിന്‍റെ സാമ്പത്തിക ശക്തിയെ പിടിച്ചു നിര്‍ത്തുന്ന ഒന്നാണ്. നിരവധി പ്രശ്നങ്ങള്‍ പ്രവാസികള്‍ അനുഭവിക്കുന്നുണ്ട്. ഗള്‍ഫ് പ്രവാസി പുനരധിവാസം, അവരുടെ മക്കള്‍ക്ക് പഠന സഹായം നല്‍കല്‍, നേഴ്സിംഗ് മേഖലയിലേക്ക് കുട്ടികളെ കൂടുതല്‍ എത്തിക്കുവാനുളള സഹായം, നിര്‍ദ്ധനരായ ഗള്‍ഫ് റിട്ടേണ്‍ പ്രവാസികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് പദ്ധതികള്‍ ഇവയെല്ലാം വിദേശ മലയാളി സമൂഹത്തിന്‍റെ കൂടി സഹായത്തോടുകൂടി ക്രോഡീകരിക്കുവാനുള്ള പദ്ധതിക്ക് രൂപം നല്‍കും.
ആഗോള തലത്തില്‍ വിവിധ രംഗങ്ങളില്‍ പ്രശോഭിക്കുന്ന മലയാളി പ്രൊഫഷണലുകളുടെ കൂട്ടായ്മ ഇതിനായി സംഘടിപ്പിക്കും വിദേശത്തും സ്വദേശത്തും പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് നിയമ പരിരക്ഷ ആവശ്യമാണെങ്കില്‍ ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസുമായി ചേര്‍ന്ന് പദ്ധതികള്‍ ആവിഷ്കരിക്കും. പ്രവാസികളുടെ കുട്ടികള്‍ക്ക് മാതൃഭാഷാ പഠനത്തിന് ഓണ്‍ലൈന്‍ പഠനസഹായ പദ്ധതി നടപ്പാക്കും. വിദേശത്തുള്ള ഏതു കോണ്‍ഗ്രസ് പ്രവര്‍ത്തകനും സംഘടനയുമായി ബന്ധപ്പെടുന്നതിനും അംഗത്വത്തിനും ഓണ്‍ലൈന്‍ സംവിധാനത്തിന് രൂപം നല്‍കും.
എല്ലാ ഗള്‍ഫ് പ്രവാസികളും ആടുജീവിതത്തിലെ നജീബിനെപ്പോലെയല്ല, ഗള്‍ഫ് കൊണ്ട് നേടിയ നിരവധി വ്യക്തികള്‍ നമുക്ക് ചുറ്റും ഉണ്ട്. അവര്‍ക്ക് അതിനുള്ള സാഹചര്യങ്ങള്‍ രൂപപ്പെട്ടിരുന്നു. അത്തരം ഇടങ്ങള്‍ക്കായി ഒ.ഐ.സി.സി. ഗ്ലോബല്‍ തലത്തില്‍ വേണ്ടത് ചെയ്യും എന്ന് അദ്ദേഹം അടിവരയിടുന്നു. പ്രവാസി പുനരധിവാസത്തിന്‍റെ ഭാഗമായ ചെറിയ ഇന്‍വെസ്റ്റ് മെന്‍റ് നല്‍കുവാന്‍ മൈക്രോ ഫിനാന്‍സ് ഗ്രൂപ്പുകള്‍ സൃഷ്ടിക്കുക, ചെറിയ സംരംഭക സംരംഭങ്ങള്‍ ആരംഭിക്കുക, ഗവണ്‍മെന്‍റ് പ്രോജക്ടുകള്‍ പ്രവാസികള്‍ക്കായി രുപീകരിക്കുക, തുടങ്ങി നിരവധി ചെറുതും വലുതുമായ പ്രോജക്ടുകള്‍ തുടങ്ങുവാന്‍ തിരിച്ചെത്തിയ ഗള്‍ഫ് പ്രവാസികള്‍ക്കൊപ്പം നില്‍ക്കുക, അതിനായി വേണ്ടതെല്ലാം ചെയ്യുക എന്നതാണ് ഒ.ഐ.സി.സിയുടെ പദ്ധതികള്‍
അടിമുടി കോണ്‍ഗ്രസുകാരന്‍
തന്‍റെ ഇരുപത്തിമൂന്നാമത്തെ വയസില്‍ കലഞ്ഞൂര്‍ മണ്ഡലം പ്രസിഡന്‍റായി തെരഞ്ഞെടുക്കുമ്പോള്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തിന് തുടക്കമിട്ട സമയമായിരുന്നു. ആന്‍റണി ഗ്രൂപ്പിന് കൂടുതല്‍ വോട്ട് ലഭിച്ചായിരുന്നു രംഗപ്രവേശം. യുവത്വം നഷ്ടപ്പെട്ട കാലം കൂടിയായി അത്. ജെയിംസ് കൂടലിന് കലഞ്ഞൂരില്‍ ഉണ്ടായിരുന്ന സ്ഥാനവും ചെറുപ്പക്കാരന്‍ എന്ന ലേബലും കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് വരാന്‍ അവസരം സൃഷ്ടിച്ചു. നാലര വര്‍ഷക്കാല പ്രവര്‍ത്തനം നാടിന്‍റെ വളര്‍ച്ചയ്ക്ക് വേണ്ടതെല്ലാം ചെയ്യുവാന്‍ സാധിച്ചിരുന്നു. നാട് വിട്ട് ഗള്‍ഫിലേക്കും ഗള്‍ഫില്‍നിന്ന് അമേരിക്കയിലേക്ക് പോയപ്പോഴും മനസ്സില്‍ കോണ്‍ഗ്രസിനെയും കൂടെ കൂട്ടി.
2024 ലോകസഭാ തെരഞ്ഞെടുപ്പും ഒ.ഐ.സി.സിയും
വളരെ നിര്‍ണ്ണായകമായ ഒരു കാലഘട്ടത്തിലൂടെയാണ് ഭാരതത്തിലെ ജനങ്ങള്‍ കടന്നു പോകുന്നത്. അതുകൊണ്ടുതന്നെ ലോക്സഭ തെരഞ്ഞെടുപ്പ് 2024 നിര്‍ണ്ണായകമാണ്. കേരളത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുവാന്‍ രംഗത്തിറങ്ങുകയും ഒ.ഐ.സി.സി അംഗങ്ങളുടെ കുടുംബങ്ങളെ ബന്ധപ്പെടുത്തി കുടുംബയോഗങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു. പ്രാദേശിക തലങ്ങളില്‍ ബൂത്ത് പ്രവര്‍ത്തനങ്ങള്‍ സജ്ജമാക്കാന്‍ പ്രവാസി സഹായം എത്തിച്ചു. ഇന്ത്യാ സഖ്യം മുന്നൂറിലധികം സീറ്റുകള്‍ നേടി അധികാരത്തില്‍ വരും എന്നാണ് ജെയിംസ് കൂടല്‍ വിലയിരുത്തുന്നത്.
ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ്
രാഷ്ട്രീയ സാംസ്കാരിക രംഗത്ത് എത്രത്തോളം സജീവമാണോ അത്രത്തോളം മാധ്യമ രംഗത്തും ജെയിംസ് കൂടല്‍ സാന്നിദ്ധ്യമാകുന്നു. ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലും പത്രവും അദ്ദേഹത്തിന്‍റേതായി ഉണ്ട്. നമുക്ക് പറയേണ്ട കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ ഒരു മാധ്യമം എന്നതിലുപരി ഗ്ലോബല്‍ തലത്തിലുളള നിരവധി പ്രതിഭകളെ ലോക മലയാളത്തിന് മുന്നില്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യവും അദ്ദേഹത്തിനുണ്ട്. വേള്‍ഡ് മലയാളി കൗണ്‍സിലിന്‍റെ ഭാഗമായ പ്രതിഭകള്‍, വിവിധ ബിസിനസ് സംരംഭകര്‍, വിവിധ മേഖലകളില്‍ പ്രശസ്തിയാര്‍ജ്ജിച്ചവര്‍ എന്നിവരെ ആദരിക്കുന്നതിനുവേണ്ടി എല്ലാ വര്‍ഷവും ഒരു പുരസ്കാര ചടങ്ങ് ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു വരുന്നു.
നാടറിയുന്ന ജീവകാരുണ്യ പ്രവര്‍ത്തകന്‍
വിദേശത്തായാലും സ്വദേശത്തായാലും തന്‍റെ വീട്ടിലേക്ക് ഒരാള്‍ കയറിവന്നാല്‍ സ്വീകരണ മുറിയിലേക്ക് കയറിയിരുന്നേ സംസാരം തുടങ്ങാവു എന്നാണ് ജെയിംസ് കൂടലിന്‍റെ പക്ഷം. കാരണം തന്നെ കാണാന്‍ എത്തുന്ന ഓരോ മനുഷ്യരേയും കേള്‍ക്കുക എന്നതാണ് പ്രധാനം. നിരവധി ആവശ്യങ്ങളുമായി തന്നെ തേടി എത്തുന്നവരെ നിരാശരാക്കാതെ തനിക്കാവുന്ന വിധത്തില്‍ സഹായം എത്തിക്കാറുണ്ട്. രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലകളില്‍ ജെയിംസ് കൂടല്‍ ഉണ്ടാക്കിയെടുത്ത ബന്ധങ്ങള്‍ വളരെ വലുതാണ്. തന്‍റെ ബാല്യകാലം മുതല്‍ ഉള്ള സുഹൃത്തുക്കളെയും ബന്ധുക്കളെയും നാട്ടുകാരെയും ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തി മുന്‍പോട്ട് പോകുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്‍റേത്.
കുടുംബവും ജന്മനാടും ശക്തി
കുടുംബമാണ് ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍റെ വളര്‍ച്ചയുടെ കാതല്‍. കുടുംബത്തിന്‍റെ പിന്തുണയില്ലെങ്കില്‍ ഒരു നേതാവിനും വളരാനാവില്ല. കുടുംബത്തെ പരിഗണിക്കാത്ത ഒരു നേതാവിനും തന്‍റെ വഴികളില്‍ വിജയമുണ്ടാവില്ല. പരസ്പര പൂരകമായ ഈ തത്വത്തിലാണ് ജെയിംസ് കൂടലിന്‍റെ ജീവിതവും ധന്യമാകുന്നത്. ബാല്യകാലം മുതല്‍ കുടുംബത്തില്‍ നിന്നും നാട്ടുകാരില്‍ നിന്നും ലഭിച്ചുവരുന്ന പിന്തുണയാണ് ജെയിംസ് കൂടലിനെ ഒരു പൊതുപ്രവര്‍ത്തകനാക്കി മാറ്റിയത്. ഇന്നും ആ പിന്തുണ തന്നെയാണ് തന്‍റെ പൊതുപ്രവര്‍ത്തനത്തിന്‍റെ ശക്തി എന്ന് അദ്ദേഹം വിശ്വസിക്കുന്നു.
ജെയിംസ് കൂടലിന്‍റെ ജീവിതം ഒരു പാഠപുസ്തകമാണ്. ഒരു വാക്കുകൊണ്ടു പോലും ആരെയും വേദനിപ്പിക്കാതെ വേദനകള്‍ക്ക് താങ്ങായും തണലായും മുന്നോട്ടു പോകുന്ന ഉത്തമനായ ഒരു നേതാവ്. അടിയുറച്ച ജനാധിപത്യ വിശ്വാസി. ഒ.ഐ.സി.സി.ഒരു ജീവകാരുണ്യ പ്രസ്ഥാനം കൂടിയാകുന്നത് ജെയിംസ് കൂടലിനെ പോലെ ഉള്ളവര്‍ അതിന്‍റെ നേതൃത്വ രംഗത്ത് ചുവടുറപ്പിക്കുമ്പോഴാണ്.
അദ്ദേഹത്തിന്‍റെ വിജയ വഴികളില്‍ പ്രാര്‍ത്ഥനകളോടെ.