VAZHITHARAKAL

അധ്യാപനത്തിൻ്റെ കരുത്തും സംഘാടനത്തിൻ്റെ മികവുമായി ടോമി അമ്പേനാട്ട്

Blog Image
'സാമൂഹ്യ പ്രവര്‍ത്തകനായ അദ്ധ്യാപകന്‍ സമൂഹത്തിന്‍റെ ഹൃദയം കൂടിയാണ്. ചോക്കിന്‍റേയും വെല്ലുവിളികളുടേയും മിശ്രിതം ഉപയോഗിച്ച് സമൂഹത്തെ മാറ്റുവാന്‍ അദ്ധ്യാപകര്‍ക്ക് കഴിയും'

അമേരിക്കൻ  മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ നേതൃത്വ നിരയിലേക്കും, സാമൂഹ്യ പ്രവര്‍ത്തന രംഗത്തേക്കും ടോമി അമ്പേനാട്ട് എന്ന അദ്ധ്യാപകന്‍ കടന്നു വരുമ്പോള്‍ വാനോളം പ്രതീക്ഷകളാണ് ഫൊക്കാനയ്ക്കുള്ളത്. അമേരിക്കന്‍ മലയാളികള്‍ക്കുള്ളത്. വഴിത്താരയില്‍ ടോമി അമ്പേനാട്ട് എന്ന അദ്ധ്യാപകനെ ഹൃദയപൂര്‍വം അവതരിപ്പിക്കുമ്പോള്‍ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് അതികായന്‍മാരായ അദ്ധ്യാപകന്‍മാരെ ഓര്‍മ്മ വരുന്നതില്‍ ഒട്ടും അതിശയമില്ല. ജോസഫ് മുണ്ടശ്ശേരി മുതല്‍ കെ.എന്‍ രവീന്ദ്രനാഥ് വരെ ആ പമവഴികള്‍, വിജയവഴികള്‍ ഓരോ സാമൂഹ്യ പ്രവര്‍ത്തകനും മാതൃകയാണ്. ഒരു ചെറിയ ചിരിയില്‍ പോലും സ്നേഹത്തിന്‍റേയും കരുതലിന്‍റെയും കണികകള്‍ ഒളിപ്പിച്ചു വയ്ക്കുന്ന ഒരു പച്ച മനുഷ്യന്‍. ടോമി അമ്പേനാട്ട്. ഈ വഴിത്താരയിലെ അദ്ധ്യാപക മുഖം; നാളെയുടെ സാമൂഹ്യ മുഖം.


കുടുംബം മുതല്‍ പ്ലേറ്റോസ് അക്കാദമി വരെ
കോട്ടയം ഉഴവൂര്‍ അമ്പേനാട്ട് പരേതനായ മത്തായി (കുട്ടി)യുടേയും, കിടങ്ങൂര്‍ കോയിത്തുരുത്തില്‍ അന്നമ്മയുടെയും ഏഴ് മക്കളില്‍ മൂന്നാമനാണ് ടോമി. ഉഴവൂര്‍ ഒ.എല്‍.എല്‍.എച്ച്. സ്കൂളില്‍ പത്താംക്ലാസ് വരെ പഠനം. 1982-1984-ല്‍ ഇന്‍റര്‍ മീഡിയറ്റിനായി ആന്ധ്രാ വിജയവാഡ ലയോള കോളജിലേക്ക്. 1984-1987 വരെ ഉഴവൂര്‍ സെന്‍റ് സ്റ്റീഫന്‍സ് കോളജില്‍ ബിരുദ പഠനം. ബി.എ. ലിറ്ററേച്ചര്‍. തുടര്‍ന്ന് പാലാ സെന്‍റ്തോമസ് കോളജില്‍ ബി.എഡിനും ചേര്‍ന്നു. പക്ഷെ അദ്ധ്യാപക പഠനം പൂര്‍ത്തിയാക്കുന്നതിന് മുമ്പേ ഉഴവൂരില്‍ 'പ്ലേറ്റോസ് അക്കാദമി' എന്ന പേരില്‍ ഒരു സമാന്തര വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചു. പ്രീഡിഗ്രി, ഡിഗ്രി, എന്‍ട്രന്‍സ് കോച്ചിംഗ് പരിശീലനം തുടങ്ങി വളരെ ദീര്‍ഘവീക്ഷണത്തോടെ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനമായിരുന്നു പ്ലേറ്റോസ് അക്കാദമി. ഏതാണ്ട് ആയിരത്തിലധികം കുട്ടികള്‍ ഓരോ വര്‍ഷവും പഠിച്ചിരുന്ന സ്ഥാപനം. കോളേജ് പ്രിന്‍സിപ്പലായി ടോമി അമ്പേനാട്ടും. അത് ജീവിതത്തിന്‍റെ വഴിത്തിരിവായ വഴികളായിരുന്നു എന്ന് കൃത്യമായി ഓര്‍മ്മിച്ചെടുക്കുന്നു അദ്ദേഹം. ലോകത്ത് അദ്ധ്യാപനത്തോളം ശ്രേഷ്ഠമായ ഒരു ജോലിയും ലോകത്തില്ല എന്ന് വിശ്വസിക്കുന്ന ടോമി അമ്പേനാട്ട് അദ്ധ്യാപനത്തില്‍ നേടിയ അറിവുകള്‍ പകരം വയ്ക്കാനില്ലാത്തതാണെന്ന്  തിരിച്ചറിയുന്നു.


കടല്‍ കടന്ന അദ്ധ്യാപനവും ജീവിതമെന്ന വഴിത്തിരിവും
1993-ല്‍ വിവാഹത്തോടെ അമേരിക്കയിലേക്ക് എത്തിയെങ്കിലും അദ്ദേഹം പ്ലേറ്റോസ് അക്കാദമിയെ കൈവിട്ടില്ല. കോളജുകളില്‍ നിന്ന്  പ്രീഡിഗ്രി വേര്‍പെടുത്തുന്നതു വരെ സുഹൃത്തുക്കളുടെ സഹായത്തോടെ കോളജ് ഭംഗിയായി നടത്തിക്കൊണ്ട് പോയി. അറിവാണ് ഒരു വ്യക്തിയുടെ ആത്മാര്‍ത്ഥമായ ബന്ധു എന്ന തിരിച്ചറിവായിരുന്നു ഈ തീരുമാനത്തിന് പിന്നില്‍. ഈ സമയത്ത് അമേരിക്കന്‍ ജീവിതത്തിന്‍റെ ഒരു പുതിയ വഴിത്താരയ്ക്ക് കൂടി തുടക്കമിട്ടു അദ്ദേഹം. 1993-ല്‍ ട്രൈറ്റണ്‍ കോളജില്‍ റേഡിയോളജി ടെക്നോളജിക്ക് ചേര്‍ന്നു.അവിടെയും മികച്ച വിജയത്തോടെ അസോസിയേറ്റ് ഡിഗ്രിയെടുത്തു. തുടര്‍ന്ന് ചിക്കാഗോയില്‍ ഋഘങഒഡഞടഠ ഹോസ്പിറ്റലില്‍ ജോലിക്ക് കയറി. റേഡിയോളജി ടെക്നോളജിസ്റ്റായി ഇരുപത്തിയാറ് വര്‍ഷം തുടരുന്ന ജോലി വളരെ കൃത്യതയോടെ മുന്നോട്ട് പോകുന്നു ഇപ്പോഴും. ഒരു തടസ്സവുമില്ലാതെ.


കെ.എസ്.യു. യൂണിറ്റ് പ്രസിഡന്‍റില്‍ നിന്ന് ചിക്കാഗോ മലയാളി അസോസിയേഷന്‍
പ്രസിഡന്‍റിലേക്ക്.

വിവിധ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലൂടെ വളര്‍ന്നു പന്തലിച്ച ചരിത്രമാണ് ടോമി അമ്പേനാട്ടിന്‍റേത്. ഡിഗ്രിക്ക് ഉഴവൂര്‍ സെന്‍റ് സ്റ്റീഫന്‍സില്‍ പഠിക്കുമ്പോള്‍ കെ.എസ്.യു യൂണിറ്റ് പ്രസിഡന്‍റ്, ജനറല്‍ സെക്രട്ടറി, ഉഴവൂര്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ്, യൂത്ത് കോണ്‍ഗ്രസ് പാലാ ബ്ലോക്ക് വൈസ് പ്രസിഡന്‍റ് എന്നീ നിലകളില്‍ സജീവമായി പ്രവര്‍ത്തിച്ച പാരമ്പര്യവുമായാണ് ടോമി അമേരിക്കയിലെത്തുന്നത്. കെ.സി.വൈ.എല്‍.ന്‍റെ, സെന്‍റ് സ്റ്റീഫന്‍സ് ഫൊറോന ചര്‍ച്ച് ഭാരവാഹി, കെ.സി.എസ്. ചിക്കാഗോ കമ്മിറ്റി മെമ്പര്‍, ലെയ്സണ്‍ ബോര്‍ഡ് ചെയര്‍മാന്‍, ഫൈനാന്‍സ് ചെയര്‍മാന്‍, കെ. സി. സി. എന്‍. എയുടെ നാഷണല്‍ കമ്മിറ്റി മെമ്പര്‍, ലോസ് ആഞ്ചലസ് ക്നാനായ കണ്‍വന്‍ഷന്‍ ഫണ്ട് റെയ്സിംഗ് ചെയര്‍മാന്‍, ചിക്കാഗോ ക്നാനായ കണ്‍വന്‍ഷന്‍ അക്കോമഡേഷന്‍ ചെയര്‍മാന്‍ തുടങ്ങിയ പദവികളിലെല്ലാം കൃത്യതയോടെയുള്ള പ്രവര്‍ത്തനമായിരുന്നു ടോമി അമ്പേനാട്ടിന്‍റേത്.


ഈ കാലയളവിലാണ് അമേരിക്കയിലെ തന്നെ ഏറ്റവും വലിയ മലയാളി അസ്സോസിയേഷനായ ചിക്കാഗോ മലയാളി അസോസിയേഷന്‍റെ പ്രവര്‍ത്തനത്തില്‍ അദ്ദേഹം പങ്കാളിയാകുന്നത്. കമ്മിറ്റി മെമ്പര്‍, 2008 - 2010 കാലയളവില്‍ സെക്രട്ടറി, 2014 - 2016 സമയത്ത് പ്രസിഡന്‍റ് എന്നീ നിലകളില്‍ അനുകരണീയമായ പ്രവര്‍ത്തനങ്ങള്‍. ചിക്കാഗോ മലയാളി അസോസിയേഷന്‍റെ പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുത്തതോടെ ടോമിയുടെ ജീവിതം തന്നെ മറ്റൊരു ദിശയിലേക്ക് നീങ്ങിക്കൊണ്ടിരുന്നു. ചില വ്യക്തികള്‍ വരുമ്പോള്‍ എല്ലാം മാറും എന്നു പറയുന്നതുപോലെ സംഘടനയുടെ ചരിത്രത്തിലെ വലിയ നാഴികക്കല്ലിന് തുടക്കമിടുകയായിരുന്നു ടോമി.


ചിക്കാഗോ മലയാളി അസോസിയേഷന് സ്വന്തമായി ഒരു ബില്‍ഡിംഗ് മൗണ്ട് പ്രോസ്പക്ടില്‍ വില കൊടുത്തു വാങ്ങുവാന്‍ സാധിച്ചു. ചിക്കാഗോ  മലയാളികളെ സംബന്ധിച്ച് അവരുടെ അസുലഭ നിമിഷം കൂടിയായിരുന്നു അത്. ഉയരങ്ങളിലേക്ക് അസോസിയേഷന് വളരാന്‍ തുടക്കമിട്ട ഈ സത്പ്രവര്‍ത്തിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും സ്നേഹത്തോടെ അദ്ദേഹം സ്മരിക്കുന്നു. 'വൈസ് പ്രസിഡന്‍റ് ജെസി റിന്‍സി, സെക്രട്ടറി ബിജി സി. മാണി, ട്രഷറര്‍ ജോസ് സൈമണ്‍ മുണ്ടപ്ലാക്കല്‍, ജോ. സെക്രട്ടറി മോഹന്‍ സെബാസ്റ്റ്യന്‍, ജോ. ട്രഷറര്‍ ഷാബു മാത്യു, ജിമ്മി കണിയാലി, ജിതേഷ് ചുങ്കത്ത് മുതിര്‍ന്ന നേതാക്കളായ മാത്യു നെല്ലുവേലില്‍, കുര്യന്‍ കാരാപ്പള്ളില്‍ എന്നിവരുടെ പിന്തുണയെ ഹൃദയത്തില്‍ കൊളുത്തിവെക്കുന്നതായി അദ്ദേഹം പറയുന്നു.
ചിക്കാഗോ ബ്രദേഴ്സ് ക്ലബിന് തുടക്കമിട്ടതും ടോമി അമ്പേനാട്ട് ആണ്. ചിക്കാഗോയിലെ എല്ലാ മലയാളി സുഹൃത്തുക്കളുടേയും മാനസിക ഉല്ലാസം ലക്ഷ്യമിട്ടു കൊണ്ടാണ് ബ്രദേഴ്സ് ക്ലബ് പ്രവര്‍ത്തിക്കുന്നത് 2019-ലെ സ്ഥാപക സെക്രട്ടറിയും, ഇപ്പോള്‍ ക്ലബ് പ്രസിഡന്‍റുമാണ് അദ്ദേഹം.


ഫൊക്കാനാ നേതൃത്വ നിരയിലേക്ക്
ചിക്കാഗോയിലെ സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളിലെ സജീവമായ പ്രവര്‍ത്തനത്തില്‍ നിന്ന് ഫൊക്കാനയുടെ നേതൃനിരയിലേക്ക് ടോമി അമ്പേനാട്ട് എന്ന അദ്ധ്യാപകന്‍ കടന്നു വരുമ്പോള്‍ വാനോളം പ്രതീക്ഷകളാണ് ഫൊക്കാനയ്ക്കുള്ളത്. ഒരു സംഘടന നിലനില്‍ക്കുന്നത് അതിനെ നയിക്കാന്‍ ഏറ്റവും മികച്ച മനുഷ്യര്‍ കടന്നു വരുമ്പോഴാണ്. 2010-ല്‍ ഫൊക്കാന  റീജിയണല്‍ വൈസ് പ്രസിഡന്‍റ്, ഫൊക്കാന നാഷണല്‍ ഓഡിറ്റര്‍, ട്രസ്റ്റി ബോര്‍ഡ് അംഗം എന്നീ നിലകളില്‍   പ്രവർത്തിച്ചു .അമേരിക്കന്‍ രാഷ്ട്രീയത്തിലും സജീവമായ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ടോമി അമ്പേനാട്ട്  ഇപ്പോള്‍ ഒരു സജീവ റിപ്പബ്ലിക്കന്‍ അനുഭാവി ആണ്.


കൃഷി, ഗാര്‍ഡനിംഗ്, വായന
മണ്ണിനേയും മനുഷ്യനെയും മനസിലാക്കുന്ന ടോമി ഒരു തികഞ്ഞ കര്‍ഷകന്‍ കൂടിയാണ്. സ്വന്തമായ ഒരു കൃഷിത്തോട്ടവും വിവിധയിനം റോസാ ചെടികളുടെ ശേഖരണവും പരിപാലനവുമാണ് അദ്ദേഹത്തിന്‍റെ പ്രധാന വിനോദം. അതിലുപരി തികഞ്ഞ പുസ്തക പ്രേമിയും. നാട്ടില്‍ നിന്നും സാഹിത്യകൃതികളുടെ ഒരു ശേഖരം തന്നെ അമേരിക്കയില്‍ എത്തിച്ചിട്ടുണ്ട്. വായനയ്ക്ക് മരണമില്ല, മണ്ണിനും മരണമില്ല. മണ്ണും, അറിവും നമ്മെ ചതിക്കില്ല എന്ന് പറയുന്ന ടോമി മനുഷ്യനോട് ചേര്‍ന്ന് നില്‍ക്കുകയാണ്. വിനീത വിധേയനായി. കലയെയും സംഗീതത്തെയും സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ടോമി ചെറുപ്പം മുതല്‍ നല്ല ഒരു ഡ്രം പ്ലെയര്‍ കൂടിയാണ്  


കുടുംബം ശക്തി
തന്‍റെ ജീവിത വിജയത്തിന് പിന്നില്‍ പിതാവ് പരേതനായ മത്തായി, അമ്മ അന്നമ്മ, സഹോദരങ്ങളായ ജോയി, വത്സമ്മ, ബിജു, മിനി, സില്‍വി, സിജു, എന്നിവരും, ഭാര്യ സാലി (കോട്ടയം കുമാരനല്ലൂര്‍ നിരപ്പില്‍ ഉലഹന്നാന്‍റെയും, അന്നമ്മയുടേയും മകള്‍) റെസ്പിറേറ്ററി തെറാപ്പിസ്റ്റായി ജോലി ചെയ്യുന്നു. മക്കള്‍: ടോണിയ (നേഴ്സ്), ടാഷ (സോഷ്യല്‍ വര്‍ക്കര്‍) സിറിള്‍ (റേഡിയോളജി ടെക്നോളജിസ്റ്റ്) എന്നിവരുടെ കരുതലും പിന്തുണയുമാണെന്ന് തുറന്നു പറയുന്നതില്‍ അഭിമാനമേയുള്ളു.
അമേരിക്കന്‍ മലയാളികള്‍ക്കിടയിലെ കരുത്താര്‍ന്ന ശബ്ദവും, അദ്ധ്യാപനത്തിന്‍റെ ശ്രേഷ്ഠത നിറഞ്ഞ മുഖവുമാണ് ടോമി അമ്പേനാട്ടിന്‍റേത്. തികഞ്ഞ ഒരു ഈശ്വര വിശ്വാസിയായ അദ്ദേഹം കടന്നുവന്ന വഴികളിലെല്ലാം നന്മയുടെയും, ഈശ്വരാനുഗ്രഹത്തിന്‍റെയും കാറ്റ് അദ്ദേഹത്തെ തലോടുന്നുണ്ടായിരുന്നു. അതുകൊണ്ടുകൂടിയാണ് ഇവിടെ വരെ വിജയക്കൊടിയുമായി നടന്നടുത്തത്.  
അദ്ദേഹത്തിന്‍റെ അറിവും ജീവിത പരിചയവും ഫൊക്കാനയുടേയും, മറ്റ് മലയാളി സംഘടനകളുടെയും പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ജനകീയമാക്കുകയും അവയെ ലോകത്തിന്‍റെ നെറുകയിലേക്ക് പിടിച്ചുയര്‍ത്തുകയും ചെയ്യട്ടെ.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.