PRAVASI

അരങ്ങിന്റെ അംഗീകാര നിറവിൽ സന്തോഷ്‌ പിള്ള

Blog Image
മലയാള നാടകകലാകാരന്മാരിൽ നിന്നും പിന്നണി പ്രവർത്തകരിൽ നിന്നും, നാടകകലക്ക് നൽകുന്ന സമഗ്ര സംഭാവനക്ക്‌, ഡാലസ് ഭരതകല തീയേറ്റഴ്‌സ് വർഷം തോറും നൽകുന്ന "ഭരതം അവാർഡ്"  2024 നുശ്രീ. സന്തോഷ്‌ പിള്ള അർഹനായി

ഡാളസ് : മലയാള നാടകകലാകാരന്മാരിൽ നിന്നും പിന്നണി പ്രവർത്തകരിൽ നിന്നും, നാടകകലക്ക് നൽകുന്ന സമഗ്ര സംഭാവനക്ക്‌, ഡാലസ് ഭരതകല തീയേറ്റഴ്‌സ് വർഷം തോറും നൽകുന്ന "ഭരതം അവാർഡ്"  2024 നുശ്രീ. സന്തോഷ്‌ പിള്ള അർഹനായി.

2023 ഇൽ അരങ്ങിലെത്തി അമേരിക്കയിലെ അഞ്ചോളം വേദികളിൽ ഇതിനകം പ്രദർശ്ശിപ്പിച്ചു കൊണ്ട്‌ പ്രേക്ഷകരുടെ മുക്തകൺഠപ്രശംസ നേടിയ എഴുത്തച്ഛൻ നാടകത്തിന്റെ രചയിതാവും സഹസംവിധായകനുമാണു ശ്രീ സന്തോഷ്‌ പിള്ള.

ഹൈസ്കൂളിൽ വച്ചാണ് സന്തോഷ്‌ പിള്ള ആദ്യമായി നാടകത്തിൽ അഭിനയിക്കുന്നത്. പിന്നീട് ട്യൂട്ടോറിയൽ കോളേജ് വാർഷികങ്ങളിലും, അമ്പല പറമ്പുകളിലുമെല്ലാം നാടകം എഴുതി അവതരിപ്പിച്ചിട്ടുണ്ട്.

പിന്നീട് അമേരിക്കയിൽ എത്തിക്കഴിഞ്ഞപ്പോൾ ദീർഘനാളത്തേക്ക് അരങ്ങത്തുനിന്നും വിട്ടുനിന്നു. യാത്രാ വിവരണങ്ങളും, ചെറുകഥകളും, ലേഖനങ്ങളുമായി പക്ഷെ എഴുത്തിന്റെ വഴി പിന്തുടർന്നു.

2019 ൽ സൂര്യപുത്രൻ എന്ന നാടകരചനയിലൂടെയാണ് പിന്നീട്  നാടകരംഗത്തേക്ക് തിരിച്ചെത്തിയത്. ഡാലസിലെ കലാസ്വാദകർ ഈ നാടകത്തെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചപ്പോൾ വീണ്ടും നാടകരചനയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. അങ്ങനെയാണ് എഴുത്തച്ഛൻ എന്ന നാടകം, "തീക്കടൽ കടഞ്ഞ്
തിരുമധുരം" എന്ന നോവലിനെ ആസ്പദമാക്കി രചിക്കാനാരംഭിച്ചത്.

പ്രശസ്ത നോവലിസ്റ്റ് ശ്രീ സി രാധാകൃഷ്ണൻറെ സമ്പൂർണ പിന്തുണയും ഈ സംരംഭത്തിന് ലഭിക്കുകയുണ്ടായി. നാടകരചനയിലും, അഭിനയത്തിലും സഹയാത്രികരായ ഹരിദാസ് തങ്കപ്പൻ, ജയ് മോഹൻ എന്നിവരുടെ സഹായത്തോടെ രംഗകഥ പൂർത്തിയാക്കി 2023 സെപ്റ്റംബർ മാസത്തിൽ എഴുത്തച്ഛൻ ഡാലസ്സിലെ വേദിയിൽ അരങ്ങേറി. ഇതിനകം അഞ്ച്‌ വേദികളിലവതരിപ്പിക്കപ്പെട്ട ഈ നാടകത്തിനു വലിയ ഒരു ആസ്വാദക അടിത്തറ സൃക്ഷിക്കപ്പെട്ടു കഴിഞ്ഞു.

ഒക്റ്റോബറിൽ ഡാലസ്സിൽ നടക്കാനിരിക്കുന്ന മാർ ഇവാനിയോസ്‌ പൂർവ്വവിദ്യാർത്ഥി സംഗമത്തിലാണ് എഴുത്തച്ഛന്റെ അടുത്തവേദി.

കേരള അസ്സോസ്സിയേഷൻ ഹാളിൽ നടന്ന സമ്മേളനത്തിൽ (8-18-2024) വച്ചു് ഭരതകല തീയേറ്റേഴ്സ്‌ ഭാരവാഹികളായ അനശ്വർ മാമ്പിള്ളിയും ഹരിദാസ്‌ തങ്കപ്പനും ഒപ്പം ഡാലസിന്റെ നാടകാചാര്യനായ ശ്രീ ചാർളി അങ്ങാടിച്ചേരിലും ചേർന്നു സഹപ്രവർത്തകരുടെ സാന്നിധ്യത്തിൽ പ്രശസ്തിഫലകം
ശ്രീ സന്തോഷ്‌ പിള്ളയ്ക്കു സമ്മാനിച്ചു. ഭാര്യ-ദേവി, മക്കൾ-ഹരീഷ്‌, ശ്രീക്കുട്ടി,മരുമകൾ-വിറ്റ്നീ

ഡാലസ് കേന്ദ്രമായി പ്രവർത്തിക്കുന്ന നാടകസമിതിയായ ഭരതകലാ തീയേറ്റേഴ്സ് ഇതുവരെ എട്ട്‌ നാടകങ്ങൾ അമേരിക്കയിലെ വിവിധസംസ്ഥാനങ്ങളിലെ അനേകവേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്.
‘ലോസ്റ്റ്‌ വില്ല’, ‘പ്രണയാർദ്രം’, ‘പ്രേമലേഖനം’, ‘സൈലന്റ് നൈറ്റ്‌’, ‘സൂര്യപുത്രൻ’, 'ആശാൻ -സ്നേഹഗായകൻ, 'എഴുത്തച്ഛൻ', 'സായന്തനം' തുടങ്ങിയ നാടകങ്ങളും ‘ദി ഫ്രണ്ട് ലൈന്‍’, ‘പ്രണയാർദ്രം’ എന്നീ ഷോർട്ട്‌ ഫിലിമുകളും ഭരതകലയുടെ നേതൃത്വത്തിൽ നിരവധി വേദികളിൽ അവതരിപ്പിക്കപ്പെട്ടവയാണ്.
ഡാലസ്‌ ഭരതകലാ തീയേറ്റേഴ്സിന്റെ നാടകങ്ങളിൽ അരങ്ങിലും അണിയറയിലും പ്രവർത്തിച്ച എല്ലാവരെയും ചടങ്ങിൽ ട്രോഫികൾ നൽകി ആദരിച്ചു.

ഭരതകല തീയേറ്റേഴ്സിന്റെ അഭ്യുദയകാംക്ഷികളായ സണ്ണി മാളിയേക്കൽ(ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ്, പ്രസിഡൻറ്റ്‌), പി പി ചെറിയാൻ(പത്രപ്രവർത്തകൻ), സിജു വി. ജോർജ് (പത്രപ്രവർത്തകൻ ) എന്നിവർ അനുമോദന പ്രസംഗങ്ങള്‍ നടത്തി. സന്തോഷ്‌ പിള്ള അവാർഡ്‌ സ്വീകരിച്ചശേഷം മറുപടിപ്രസംഗത്തിൽ നാടകകലയോടുള്ള പ്രതിബദ്ധത ആവർത്തിച്ചുറപ്പിച്ചു.

മീന ചിറ്റിലപ്പിള്ളി അവതാരകയായിരുന്ന യോഗത്തിൽ ഗാനമേള, മോണോ ആക്ട്, മത്സരങൾ, അഭിനയ പ്രദർശനം തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറി. ഏവർക്കും അവിസ്മരണീയമായ മുഹൂർത്തങ്ങൾ സമ്മാനിച്ച സായാഹ്നമായി മാറി ഈ അവാർഡ് സമ്മേളനം.

അടുത്ത നാടകമായ "ഇസബെൽ " (രചന: സലിൻ ശ്രീനിവാസ്‌, അയർലാന്റ്‌) ഡ്രാമാസ്കോപിക്‌ നാടകത്തിന്റെ മുന്നണിയിലും പിന്നണിയിലും പ്രവർത്തിക്കാനാഗ്രഹമുള്ള ഡാലസിലെ കലാസാങ്കേതികപ്രതിഭകൾക്കു അവസരമുണ്ടാകുമെന്നും  ഭാരതകലാ സംഘാട സമിതി അറിയിച്ചു.
പങ്കെടുത്ത ഏവർക്കും സമിതി  ഹൃദയംഗമമായ നന്ദിയര്‍പ്പിച്ചു.

ഇമെയിൽ: barathakala2018@gmail.com

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.