PRAVASI

എഴുപത്തിയഞ്ചിൻ്റെ നിറവിൽ ഡോ. മാമ്മൻ സി ജേക്കബ്

Blog Image
ഡോ.മാമ്മൻ സി ജേക്കബ്ബ് പിന്നിട്ട കാലങ്ങൾ പുതുതലമുറയ്ക്ക് വലിയ പ്രചോദനങ്ങളാണ് . നേരിന്റെയും, നന്മയുടേയും, വിട്ടുവീഴ്ച്ചയുടെയും കാലങ്ങളെ കൃത്യമായി അടുക്കിപ്പെറുക്കി നമുക്ക് മുൻപിൽ അദ്ദേഹം വെച്ചു നീട്ടുമ്പോൾ ഒട്ടും സങ്കോചമില്ലാതെ ആ കൈകളിൽ പുതുതലുറയ്ക്ക് അഭിമാനത്തോടെ കൈ കോർക്കാം. കാരണം ഈ മനുഷ്യൻ കാലത്തിന്റെ മുഖം കൂടിയാണ്. വളരാൻ , ചിന്തിക്കാൻ, പ്രവർത്തിക്കാൻ ഈ പ്രായത്തിലും ഒപ്പം കൂടാൻ സദാ സന്നദ്ധനായ ഹൃദയ ശുദ്ധിയുള്ള ഒരാൾ ...ഇനിയും നമുക്കൊപ്പം പ്രിയപ്പെട്ട ബോബിച്ചായാൻ ഈ ചുറുചുറുക്കോടെ കാലങ്ങളോളം സഞ്ചരിക്കാൻ സർവേശ്വരൻ ആയുസും ആരോഗ്യവും നൽകട്ടെ എന്ന് ഹൃദയശുദ്ധിയോടെ പ്രാർത്ഥിക്കുന്നു...

കഴിഞ്ഞ അൻപത് വർഷമായി അമേരിക്കൻ മലയാളി സാമൂഹ്യ പ്രവർത്തന രംഗത്ത് പകരക്കാരില്ലാത്ത സവിശേഷ വ്യക്തിത്വത്തിനുടമയായ ഡോ. മാമ്മൻ സി ജേക്കബ്ബിന് എഴുപത്തിയഞ്ച് വയസ്. കഴിഞ്ഞ അര നൂറ്റാണ്ടിൽ അദ്ദേഹം അമേരിക്കൻ മലയാളി സമൂഹത്തോട് സംവദിച്ച ഭാഷ സ്നേഹത്തിൻ്റെയും കരുതലിൻ്റേയുമായിരുന്നു എന്ന് നമുക്ക് ഓരോരുത്തർക്കും അറിയാം. കേരളത്തിൽ നിന്ന് അമേരിക്കയിലേക്കും അമേരിക്കയിൽ നിന്ന് ലോകത്തിൻ്റെ പല ഭാഗങ്ങളിലേക്കും പടർന്നു പന്തലിച്ച സൗഹൃദബന്ധങ്ങൾ. അത് കാത്തു സൂക്ഷിക്കുന്നതിൽ അദ്ദേഹം കാട്ടുന്ന സ്നേഹ വാത്സല്യങ്ങൾ. ഇവയൊക്കെ അനുഭവിക്കാത്ത സുഹൃത്തുക്കൾ അദ്ദേഹത്തിൻ്റെ ലിസ്റ്റിൽ ഉണ്ടാവുകയില്ല. മറ്റ് സാമൂഹ്യ പ്രവർത്തകരുമായി താരതമ്യം ചെയ്യുമ്പോൾ ഒപ്പമുള്ളവരെ ഏത് സ്ഥാനത്ത് വരെ എത്തിക്കുവാൻ തനിക്ക് ആകുന്നത് ചെയ്യുക എന്ന തത്വം അക്ഷരംപ്രതി പാലിക്കുന്ന ഒരാളാണ് ഡോ. മാമ്മൻ സി. ജേക്കബ് . എഴുപത്തിയഞ്ചാം വയസിലും മലയാളിയുടെ പ്രശ്നങ്ങളിൽ അത് അമേരിക്കയിലോ, കേരളത്തിലോ ആയിക്കോട്ടെ അതിൻ്റെ പ്രാധാന്യം മനസിലാക്കി ഇടപെടലുകൾ നടത്താൻ , ഏത് സംഘടനാ വിഷയങ്ങളിലും കറകളഞ്ഞ മദ്ധ്യസ്ഥനാകാൻ അദ്ദേഹത്തെപ്പോലെ മറ്റൊരാൾ ഇല്ല എന്ന് കൃത്യതയോടെ വിലയിരുത്താം.

തിരുവല്ല മേൽപ്പാടം ചക്കിട്ടയിൽ പി. ഡബ്ല്യു. ഡി കോൺട്രാക്ടർ മാമ്മൻ ചാക്കോയുടേയും സാറാമ്മ ചാക്കോയുടെയും മൂത്ത മകനായി ജനിച്ച് സ്കൂൾ പഠനത്തിന് ശേഷം പരുമല ദേവസ്വം ബോർഡ് കോളേജിൽ പ്രീഡിഗ്രിക്ക് ചേർന്നപ്പോൾത്തന്നെ സാമൂഹ്യ രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമായി. കെ. എസ്. യുവിൻ്റെ പാനലിൽ ജനറൽ സെക്രട്ടറിയായി വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയം.
പ്രീഡിഗ്രിക്ക് ഉന്നതവിജയം നേടി പുറത്തിറങ്ങുമ്പോൾ മദ്രാസ് ഹിന്ദുസ്ഥാൻ ബൈബിൾ കോളജിൽ തിയോളജിക്കൽ സ്‌റ്റഡിയിൽ ഉപരിപഠനത്തിന് അഡ്മിഷൻ ലഭിച്ചു. മദ്രാസിലേക്കുള്ള തീവണ്ടിയാത്ര ജീവിതം മാറ്റി മറിച്ച ഒരു യാത്ര കൂടിയായിരുന്നു.  മദ്രാസിലെ വൈദിക പഠനത്തിൽ തുടരുമ്പോൾ തന്നെ 1972 ൽ അമേരിക്കയിൽ തിയോളജി പഠനത്തിന് നോർത്ത് ഈസ്റ്റ് ബൈബിൾ കോളജിൽ അഡ്മിഷൻ ലഭിച്ചു. തിയോളജി പഠനം മാമ്മൻ സി ജേക്കബ് എന്ന വ്യക്തിയെ ആത്മീയമായും, സാമൂഹ്യമായും രൂപപ്പെടുത്തുന്നതായിരുന്നു എന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ഈ സമയത്ത് തന്നെ ഫ്ലോറിഡയിലെ നോവ സൗത്ത് ഈസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് പബ്ലിക് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റേഴ്സും നേടി.പാസ്റ്ററൽ കൗൺസിലിങ്ങിൽ കെറൂബിയൻ സ്കൂൾ ഓഫ് തിയോളജിയിൽ നിന്ന് ഡോക്ടറേറ്റും കൂടി ലഭിച്ചതോടെ ഒരു പുതിയ ജീവിത വഴിയിലേക്കാണ് അദ്ദേഹത്തിന്റെ ജീവിതം മാറി മറിഞ്ഞത്.

1980 ൽ മാംഗ്ളൂർ മണിപ്പാൽ മെഡിക്കൽ കോളേജിൽ മെഡിക്കൽ വിദ്യാർത്ഥികളുടെ കൗൺസിലറും, ചാപ്ലെയിനുമായി അദ്ദേഹത്തെ മാർത്തോമ സഭ നിയമിച്ചതും വലിയ അംഗീകാരമായി .തിരികെ വീണ്ടും അമേരിക്കയിലേക്ക്  .1972 ൽ പെൻസൽവേനിയ, പിന്നീട് 1977 വരെ ന്യൂയോർക്ക്. ഇതിനിടയൽ തിയോളജി പഠനവും . പക്ഷെ ആദ്യമായി ലഭിച്ച ജോലി ന്യൂയോർക്കിൽ ഇൻഷുറൻസ് കമ്പനിയിലും, പിന്നീട് കളക്ഷൻ ഏജൻസിയിലും ഒക്കെയായി മുന്നോട്ട് പോയെങ്കിലും റിയൽ എസ്റ്റേറ്റ് മേഖലയിൽ ബിസിനസ്സ് ഉറപ്പിക്കുകയായിരുന്നു അദ്ദേഹം . 1977 ൽ ഫ്ലോറിഡയിലേക്ക് താമസം മാറ്റുകയും ബിസിനസ്സിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. ദൈവശാസ്ത്രപഠനം കഴിഞ്ഞ് പരിപൂർണ്ണമായും ബിസ്സിനസിലേക്ക് തിരിഞ്ഞതിൽ ഒരു പൊരുത്തക്കേട് ഉണ്ടല്ലോ എന്ന് ചിന്തിച്ചാൽ മാമ്മൻ സി ജേക്കബ്ബ് പറയുന്ന ഒരു മറുപടിയുണ്ട്. "ജീവിതത്തിൽ സത്യസന്ധനായിരിക്കുവാൻ, എവിടെയായിരുന്നാലും നന്മയിൽ അധിഷ്ഠിതമായി ജീവിക്കാനാണ് ഈശ്വരൻ പഠിപ്പിക്കുന്നത് " .ഇന്നു വരെ ചെയ്ത ജോലികളിലും, സേവന പ്രവർത്തനങ്ങളിലും സത്യസന്ധത പുലർത്തിയിട്ടുണ്ട്. അതാണ് തന്റെ വിജയമെന്ന് അദ്ദേഹം അടിവരയിടുന്നു.
ന്യൂയോർക്ക് മലയാളി സമാജത്തിൽ തുടങ്ങിയ സംഘടനാ സാമൂഹ്യ പ്രവർത്തനം ഫ്ലോറിഡയിലെ കേരള സമാജത്തിന്റെ പ്രവർത്തനങ്ങളിൽ സജീവമാകുമ്പോഴും ഒപ്പമുള്ളവരെ കരുതിയും കൈപിടിച്ച് ഉയർത്തേണ്ടവരെ പരിഗണിച്ചുമാണ് അദ്ദേഹം ജനകീയനായത്. ഫൊക്കാനയുടെ പ്രവർത്തനങ്ങളിൽ സജീവമായപ്പോഴും അദ്ദേഹത്തിന്റെ സംഘടനാവളർച്ച വളരെ വേഗത്തിലായിരുന്നു.

1996-1998 കാലയളവിൽ ഫൊക്കാനയുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച കാലം ഫൊക്കാനയുടെ സുവർണ്ണ കാലം കൂടിയായിരുന്നു. ഏറ്റവും കൂടുതൽ ജനപങ്കാളിത്തമുള്ള റോച്ചസ്റ്റർ കൺവൻഷനിൽ എണ്ണായിരത്തോളം മലയാളികളാണ് പങ്കെടുത്തത്. അന്നത്തെ സാംസ്കാരിക മന്ത്രി ടി.കെ.രാമകൃഷ്ണൻ, പ്രതിപക്ഷ നേതാവ് ഉമ്മൻ ചാണ്ടി, സുപ്രീം കോടതി ജഡ്ജി കെ.ടി തോമസ്, സുരേഷ് ഗോപി, യേശുദാസ് , ചിത്ര അയ്യർ തുടങ്ങി സാമൂഹിക , രാഷ്ട്രീയ, സാംസ്കാരിക മേഖലയുടെ ഒരു പരിഛേദം തന്നെ റോച്ചസ്റ്റർ കൺവൻഷന്റെ ഭാഗമായി. ഒരു കൺവൻഷൻ എങ്ങനെ കൃത്യമായി നടത്താം എന്നതിന്റെ തെളിവ് കൂടിയായിരുന്നു റോച്ചസ്റ്റർ കൺവൻഷൻ.
ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ, അംഗം, ഫൗണ്ടേഷൻ ചെയർമാൻ, ഇലക്ഷൻ കമ്മീഷണർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള മാമ്മൻ സി ജേക്കബ്ബ് ഇരുപത് വർഷത്തോളം ഒരു പദവികളും സ്വീകരിക്കാതെ സംഘടനാ പ്രവർത്തനങ്ങളിൽ മാത്രം ശ്രദ്ധിച്ച് പ്രവർത്തിച്ച കാലവും ഉണ്ടായിരുന്നു. ഒരിക്കലും ഒരു പദവികളും ആഗ്രഹിച്ച് ഒരു സംഘടനയിലും പ്രവർത്തിച്ചിട്ടില്ല. ഫൊക്കാനയുടെ പിളർപ്പും അതുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളിലും പ്രതിസന്ധികളിലും മുതിർന്ന നേതാവ് എന്ന നിലയിൽ നിരവധി ഉപദേശങ്ങൾ സംഘടനയ്ക്ക് നൽകിയതും ഡോ. മാമ്മൻ സി ജേക്കബ് ആയിരുന്നു. ഫൊക്കാനയിലേക്ക് 2018 ൽ തിരികെ സജീവമാകുമ്പോൾ ട്രസ്റ്റി ബോർഡ് ചെയർമാനായി വലിയ ഭൂരിപക്ഷത്തിലാണ് കടന്നു വന്നത്. അദ്ദേഹത്തിന്റെ ജനകീയതയുടെ വിജയം കൂടിയായിരുന്നു ഈ തിരിച്ചു വരവ്. 2022 ൽ ഇലക്ഷൻ കമ്മീഷൻ ചെയർമാനായിരുന്നു. കോവിഡ്  സാഹചര്യം നിലനിന്നിരുന്ന സമയത്ത് ഇലക്ഷൻ ഭംഗിയായും, ചിട്ടയോടെയും നടപ്പിലിക്കുവാൻ സാധിച്ചിരുന്നു. 2022- 2024 കാലയളവിൽ 2023 ൽ ഫൊക്കാന നടത്തിയ കേരളാ കൺവെൻഷൻ ചെയർമാനായിരുന്നു ഡോ. മാമ്മൻ സി ജേക്കബ് .

" നന്മയോടെ പ്രവർത്തിക്കുക, സഹജീവികളെ കരുതുക, ആരോടും പിണങ്ങാതിരിക്കുക, പുഞ്ചിരിക്കുന്ന മുഖത്തോടെ ഏത് പ്രശ്നങ്ങളേയും  നേരിടുക " . ഈ ചിന്തയാണ് എപ്പോഴും മനസ്സിൽ . തന്റെ മുൻപിൽ സഹായാഭ്യർത്ഥനയുമായി വരുന്ന ഒരു മനുഷ്യരേയും അദ്ദേഹം നിറഞ്ഞ മനസ്സുമായിട്ടാണ് യാത്രയാക്കുന്നത്. ഇപ്പോഴും അത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുമ്പോൾ മദ്രാസിലും , അമേരിക്കയിലുമായി നടത്തിയ ദൈവ ശാസ്ത്ര പഠനത്തിന്റെ പൊരുൾ യഥാർത്ഥത്തിൽ ഇതൊക്കെത്തന്നെയായിരുന്നു എന്ന് ഡോ. മാമ്മൻ സി. ജേക്കബ്ബ് തിരിച്ചറിയുന്നു.

മാതാപിതാക്കളുടെയും , സഹോദരങ്ങളുടേയും ചേർത്തു നിർത്തലിനൊപ്പം ജീവിതത്തെ ഉയർത്തുന്നതിൽ വലിയ പങ്കുവഹിചയാളാണ് ഭാര്യ മേരിക്കുട്ടി ജേക്കബ് (റിട്ടയേർഡ് നേഴ്സ്), മക്കളായ ബീന ജേക്കബ് ( ഫിസിഷ്യൻ അസിസ്റ്റന്റ് ) ഭർത്താവ് ബ്രട്ട് ഗ്രേഡി , കൊച്ചുമകൻ നിക്കോളാസ് (വിദ്യാർത്ഥി), മകൻ മാത്യു ജേക്കബ്ബ് (ഫിലിപ്പ്സ് കമ്പനി ഉദ്യോഗസ്ഥൻ), ഭാര്യ ജോസ് ലിൻ ജേക്കബ്ബ് (ഫാർമസിസ്റ്റ് ) കൊച്ചു മകൾ ഇസബെല്ല , മകൻ ബ്ലസി ജേക്കബ്ബ് (ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റ് ) കൊച്ചുമകൾ സായു ജേക്കബ്ബ് എന്നിവരുടെ പിന്തുണ ഈ വിജയങ്ങൾക്ക് പിന്നിലുണ്ട്.

ഡോ.മാമ്മൻ സി ജേക്കബ്ബ് പിന്നിട്ട കാലങ്ങൾ പുതുതലമുറയ്ക്ക് വലിയ പ്രചോദനങ്ങളാണ് . നേരിന്റെയും, നന്മയുടേയും, വിട്ടുവീഴ്ച്ചയുടെയും കാലങ്ങളെ കൃത്യമായി അടുക്കിപ്പെറുക്കി നമുക്ക് മുൻപിൽ അദ്ദേഹം വെച്ചു നീട്ടുമ്പോൾ ഒട്ടും സങ്കോചമില്ലാതെ ആ കൈകളിൽ പുതുതലുറയ്ക്ക് അഭിമാനത്തോടെ കൈ കോർക്കാം. കാരണം ഈ മനുഷ്യൻ കാലത്തിന്റെ മുഖം കൂടിയാണ്. വളരാൻ , ചിന്തിക്കാൻ, പ്രവർത്തിക്കാൻ ഈ പ്രായത്തിലും ഒപ്പം കൂടാൻ സദാ സന്നദ്ധനായ ഹൃദയ ശുദ്ധിയുള്ള ഒരാൾ ...ഇനിയും നമുക്കൊപ്പം പ്രിയപ്പെട്ട ബോബിച്ചായാൻ ഈ ചുറുചുറുക്കോടെ കാലങ്ങളോളം സഞ്ചരിക്കാൻ സർവേശ്വരൻ ആയുസും ആരോഗ്യവും നൽകട്ടെ എന്ന് ഹൃദയശുദ്ധിയോടെ പ്രാർത്ഥിക്കുന്നു...
കേരളാ എക്സ്പ്രസിന്റെ തുടക്കം മുതൽ ഒപ്പമുള്ള  പ്രിയപ്പെട്ട സുഹൃത്തിന് ഹൃദയം നിറഞ്ഞ പിറന്നാൾ നന്മകൾ ....

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.