PRAVASI

ആവേശമായി മിഷിഗൺ മലയാളി അസ്സോസിയേഷൻ ഓണാഘോഷം.

Blog Image
അമേരിക്കൻ ഐക്യനാടുകളിലെ നോർത്ത് ഈസ്റ്റ് സംസ്ഥാനമായ മിഷിഗണിലെ, പ്രത്യേകിച്ചു മലയാളികളുടെ ഇടയിൽ പ്രവർത്തിക്കുന്ന സാംസ്ക്കാരിക സംഘടനയായ മിഷിഗൺ മലയാളി അസ്സോസിയേഷൻ്റെ ഓണാഘോഷം വിത്യസ്തതകൾ കൊണ്ട് ശ്രദ്ധേയമായി.

ഡിട്രോയിറ്റ്/മിഷിഗൺ: അമേരിക്കൻ ഐക്യനാടുകളിലെ നോർത്ത് ഈസ്റ്റ് സംസ്ഥാനമായ മിഷിഗണിലെ, പ്രത്യേകിച്ചു മലയാളികളുടെ ഇടയിൽ പ്രവർത്തിക്കുന്ന സാംസ്ക്കാരിക സംഘടനയായ മിഷിഗൺ മലയാളി അസ്സോസിയേഷൻ്റെ ഓണാഘോഷം വിത്യസ്തതകൾ കൊണ്ട് ശ്രദ്ധേയമായി.
2024-ലെ മിഷിഗണിലെ ആദ്യത്തെ ഓണാഘോഷം, ഏറ്റവും കുറഞ്ഞ സമയം കൊണ്ടുള്ള സംഘാടന മികവും കൊണ്ടാണ് ശ്രദ്ധേയമായത്.

ചെറിയ കൂട്ടായ്മയായി പ്രവർത്തിച്ചിരുന്ന മിഷിഗൺ മലയാളി അസ്സോസിയേഷൻ (എം.എം.എ), വയനാട് മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്കായി, അണ്ണാറക്കണ്ണനും തന്നാലായത് എന്നു പറയും പോലെ, തങ്ങളാൽ കഴിയുന്ന രീതിയിൽ സഹായിക്കുക എന്ന  ആശയത്തിൽ നിന്നാണ്, ഒരു വലിയ ഇവൻ്റായി നടത്തുവാൻ എം.എം.എ. തീരുമാനിച്ചത് എന്ന് തൻ്റെ അധ്യക്ഷ പ്രസംഗത്തിൽ മാത്യൂ ഉമ്മൻ പറഞ്ഞു. പരിപാടിയുടെ മുഖ്യാതിഥിയായി എത്തിയത് കാനഡയിലെ ഒൻ്റാരിയോ പ്രൊവിൻസിലെ വിൻസറിലെ മലയാളികളുടെ ഇടയിൽ പ്രവർത്തിക്കുന്ന വിൻസർ മലയാളി അസ്സോസിയേഷൻ്റെ പ്രസിഡൻ്റ് ജസ്റ്റിൻ മാത്യൂവാണ്. തൻ്റെ കുട്ടിക്കാലത്തെ ഓർമ്മകളിലേക്ക് ഊളിയിട്ട അദ്ദേഹം, തൻ്റെ വളരെ ചെറിയ പ്രായത്തിൽ അമേരിക്കൻ ഐക്യനാടുകളിലേക്ക് കടിയേറിയതിൻ്റെ ഓർമ്മകൾ അയവിറക്കി.

ബാനറുകൾ പലതുണ്ടാകും പക്ഷെ മിഷിഗണിലെ നമ്മുടെ ചെറിയ മലയാളി സമൂഹം ഒറ്റക്കെട്ടായി പ്രവർത്തിക്കുക എന്നതിനാണ് മൻഗണന എന്ന്, മിഷിഗണിലെ ആദ്യത്തെ മലയാളി സാംസ്ക്കാരിക സംഘടനയായ ദി കേരളാ ക്ലബ് ഓഫ് ഡിട്രോയിറ്റിന് വേണ്ടി വൈസ് പ്രസിഡൻ്റ് ജോളി ഡാനിയേൽ തൻ്റെ ആശംസ പ്രസംഗത്തിൽ പറഞ്ഞു. ഒപ്പം സെപ്തംബർ 7-ന് നടക്കുന്ന ദി കേരള ക്ലബ് ഓഫ് ഡിട്രോയിറ്റിൻ്റെ ഓണാഘോഷ പരിപാടിയിലേക്ക് എം.എം.എ.യുടെ എല്ലാ അംഗങ്ങളേയും ഹൃദയപൂർവ്വം ക്ഷണിക്കുകയും ചെയ്തു.

ഫൊക്കാനയ്ക്കു വേണ്ടി തോമസ് വർഗ്ഗീസും (ജിമ്മി), ഫോമയ്ക്ക് വേണ്ടി ഫോമ ദേശീയ സമിതി അംഗം ബിനോയ് ഏലിയാസും പരിപാടികൾക്ക് ആശംസകൾ അറിയിച്ചു സംസാരിച്ചു. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയ്ക്ക് വേണ്ടി, ഫോമായുടെ മുൻ ജോയിൻ്റ് ട്രഷറാർ കൂടിയായ ജെയിൻ കണ്ണച്ചാൻപറമ്പിൽ ആശംസകൾ അറിയിച്ചു.

പരിപാടിയിൽ പങ്കെടുത്തവർക്കും വിശിഷ്ടാതിഥികൾക്കും ഫോമാ മുൻ ജോയിൻ്റ് സെക്രട്ടറിയായ വിനോദ് കൊണ്ടൂർ സ്വാഗതവും, എം.എം.എ. എക്സിക്യൂട്ടീവ് കമ്മറ്റി അംഗം ജെയിസ് കണ്ണച്ചാൻപറമ്പിൽ കൃതജ്ഞതയും രേഖപ്പെടുത്തി.

പരിപാടിലെ ഏറ്റവും വലിയ ആകർഷണം സതീഷ് മണ്ഡപത്തും ജ്യോതി സതീഷും നടത്തിയ ഗാനസന്ധ്യയും സൗത്ത്ഫീൽഡിലുള്ള ഗാർഡൻ ഫ്രഷ് കഫേ ഒരുക്കിയ ഓണസദ്യയുമാണ്. ബിജോയിസ് കാവണാൻ്റെ നേതൃത്വത്തിലുള്ള കലവറ ടീം, ഓണസദ്യ, പരിപാടിയിൽ പങ്കെടുത്തവർക്കെല്ലാം വിളമ്പി നൽകി.
മിഷിഗണിലെ പ്രമുഖ ചെണ്ടമേള ഗ്രൂപ്പായ മോടൗൺ മേളം ഒരുക്കിയ ചെണ്ടമേളവും മറ്റ് കലാപരിപാടികളും പരിപാടിക്ക് മാറ്റ് കൂട്ടി.

ഇനിയും കൂടുതൽ ജനോപകാര പരിപാടികളുമായി മിഷിഗണിലെ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുമെന്ന് സംഘാടകർ അറിയിച്ചു. 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.