PRAVASI

മുല്ലപ്പെരിയാര്‍ ഡാമിന്റെ ബലക്ഷയം കേരളത്തിന് എന്നും ആശങ്ക

Blog Image
തമിഴ്‌നാടിന് ജലം, കേരളത്തിന് സുരക്ഷ ഇതാണ് സംസ്ഥാനത്തിന്റെ നിലപാട്. തമിഴ്‌നാടിന് മുടക്കം കൂടാതെ ജലം നല്‍കുമെന്ന് ഉറപ്പ് നല്‍കിയാണ് പുതിയ ഡാം എന്ന ആവശ്യവുമായി കേരളം മുന്നോട്ടുപോകുന്നത്. അനുമതി ലഭിച്ചാല്‍ 5 വര്‍ഷത്തിനകം പുതിയ അണക്കെട്ട് നിര്‍മിക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ.

130 വര്‍ഷം പഴക്കമുളള മുല്ലപ്പെരിയാര്‍ ഡാമിന്റെ ബലക്ഷയം കേരളത്തിന് എന്നും ആശങ്കയാണ്. ചുണ്ണാമ്പും മണ്ണും ചേര്‍ന്നുള്ള സുര്‍ക്കി മിശ്രതത്തിലാണ് മുല്ലപ്പെയാര്‍ അണകെട്ടി നിര്‍ത്തിയിരിക്കുന്നത്. ഇങ്ങനെ നിര്‍മ്മിച്ചതില്‍ ഭൂമിയില്‍ അവശേഷിക്കുന്ന ഏക ഡാമാണ് മുല്ലപ്പെരിയാര്‍. 50 വര്‍ഷം കാലാവധി കണക്കാക്കി പണിത ഈ നിര്‍മ്മാണത്തിന് ഇപ്പോള്‍ 139 വര്‍ഷം പഴക്കമായി. എന്നാല്‍ അറ്റകുറ്റപണി നടത്തിയും മറ്റും ഇത് മുന്നോട്ടു കൊണ്ടുപോകുകയാണ് ഇപ്പോള്‍. എന്നാല്‍ ഇതുകൊണ്ട് കാര്യമില്ലെന്നാണ് കേരളം വാദിക്കുന്നത്. അതിനാലാണ് ഡീകമ്മിഷന്‍ എന്ന ആവശ്യം ഉയരുന്നത്.

ഒരു ഡാമിനെ പൊളിച്ച് മാറ്റുകയോ, സംഭരണ ശേഷി കുറക്കുകയോ ചെയ്യുന്നതിനെയാണ് ഡീകമ്മിഷന്‍ ചെയ്യുക എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഓരോ ഡാമും നിര്‍മ്മിച്ചിരിക്കുന്നത് വ്യത്യസ്ത രീതികളിലാണ്. അതുകൊണ്ട് തന്നെ ഡീകമ്മിഷനിങും വ്യത്യസ്തമാകും. മൂന്ന് രീതിയിലാണ് ഡീകമ്മിഷന്‍. ആദ്യത്തേത് ഡാം നിലനിര്‍ത്തി കൊണ്ടുള്ള ഡീകമ്മിഷനിങ്ങാണ്. ഓരോ ഡാമും പ്രത്യേക ആവശ്യങ്ങള്‍ക്കായാണ് നിര്‍മ്മിക്കുന്നത്. കാലപഴക്കമോ ഡാമിന്റെ കേടുപാടുകളോ കാരണം നിര്‍മ്മിച്ച ആവശ്യത്തില്‍ നിന്ന് മാറ്റി മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കും. രണ്ടാമത്തെ രീതി സംഭരണശേഷി കുറക്കലാണ്. ഓരോ ഡാമുകളും നിശ്ചിതമായ സംഭരണശേഷി നിശ്ചയിച്ചാണ് നിര്‍മ്മാണം നടത്തുന്നത്. കാലപ്പഴക്കം അനുസരിച്ച് ഈ സംഭരണശേഷി കുറക്കുകയാണ് ചെയ്യുന്നത്. മൂന്നാമത്തെ രീതിയാണ് ഡാം പൂര്‍ണ്ണമായും പൊളിച്ചു മാറ്റുന്നത്. ഡാം സ്ഥിതി ചെയ്യുന്ന സ്ഥലം നിര്‍മ്മാണത്തിന് മുമ്പ് എങ്ങനെ ആയിരുന്നോ അതേ നിലയിലേക്ക് കൊണ്ടുവരുകയും തടസമില്ലാതെ നീരൊഴുക്ക് അനുവദിക്കുകയും ചെയ്യും. മുല്ലപ്പെരിയാറില്‍ ഈ രീതി വേണമെന്നാണ് ആവശ്യം ഉയരുന്നത്.

ഡാമുകളുടെ ഡീകമ്മിഷന്‍ നടപ്പാക്കുന്നതിന് മുമ്പ് വിവിധ ഘട്ടങ്ങളിലുള്ള പഠനങ്ങള്‍ അനിവാര്യമാണ്. പാരിസ്ഥിതികാഘാത പഠനം അടക്കം നടത്തിയ ശേഷമാകും നടപടികള്‍ തുടങ്ങുക. പൊളിച്ച് മാറ്റുന്നതിലെ ആഘാതം എങ്ങനെയാകും, അത് എങ്ങനെ മറികടക്കാം തുടങ്ങിയ കാര്യങ്ങള്‍ വിശദമായി തന്നെ പരിശോധിക്കപ്പെടണം. പൊളിച്ചുമാറ്റുന്ന അവശിഷ്ടങ്ങള്‍ എവിടെ നിക്ഷേപിക്കും എന്നതിലും കൃത്യമായ ആസൂത്രണം വേണം. ഡാം പൊളിച്ച് മാറ്റുമ്പോള്‍ ഇത്രകാലം കെട്ടിനിര്‍ത്തിയ പുഴയുടെ ഒഴുക്ക് എങ്ങനെയാകും എന്നതും വിശദമായ പരിശോധിക്കപ്പെടണം. ഡാമില്‍ ഏത് തരത്തിലുള്ള ഡീകമ്മിഷന്‍ വേണം എന്നതില്‍ തീരുമാനം എല്ലാ പഠനങ്ങളും പൂര്‍ത്തിയാക്കിയിട്ടാകും ഉണ്ടാവുക. ഡാമിന്റെ സുരക്ഷിതത്വം, നീരൊഴുക്ക്, അറ്റകുറ്റ പണികളുടെ സാധ്യത എന്നിവക്കൊപ്പം സാമ്പത്തിക വശവും പഠിക്കണം.

ഡാമിന്റെ ഡീകമ്മിഷനില്‍ ഭരണാധികാരികളുടെ അഭിപ്രായം, പൊതുജനങ്ങളുടെ നിലപാട് എന്നിവ ആരാഞ്ഞ് സാമൂഹികാഘാത പഠനവും നടത്തണം. ഡാമിന്റെ ചരിത്രവും പൈതൃകവും പഠന വിധേയമാക്കേണ്ടിവരും. ഒപ്പം തന്നെ ഡാം സംബന്ധിച്ച് എന്തെങ്കിലും നിയമപരമായ ബാധ്യതകളോ കരാറുകളോ ഉണ്ടോയെന്നും പരിശോധിക്കണം. മുല്ലപ്പെരിയാര്‍ ഡാമിന്റെ കാര്യത്തില്‍ ഈ നിയമപരമായ വെല്ലുവിളി വലുതാണ്. തമിഴ്നാടുമായി നിലവില്‍ മുല്ലപ്പെരിയാറിന്റെ ജലം കൊണ്ടുപോകുന്നതില്‍ കരാര്‍ നിലവിലുണ്ട്. ഈ കരാര്‍ ചൂണ്ടിക്കാട്ടിയാണ് തമിഴ്നാട് മുല്ലപ്പെരിയാറില്‍ നിയമപരമായും രാഷ്ട്രീയമായും എതിര്‍പ്പ് ഉയര്‍ത്തുന്നത്. ഇത് മറികടക്കാനാണ് കേരളം നിയമപോരാട്ടം നടത്തുന്നത്.

ഡാം പൊളിക്കുകയാണെങ്കില്‍ അതിന് ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയിലും വിശദമായ പരിശോധന ആവശ്യമാണ്. ഓരോ ഡാമിനും അതിന്റെ നിര്‍മ്മാണം അനുസരിച്ചാകും പൊളിച്ച് മാറ്റുന്നതിനുള്ള രീതിയും നിര്‍ണ്ണയിക്കുക. ഇക്കാര്യത്തിലും വിശദമായ പഠനം ആവശ്യമാണ്. ഒപ്പം പൊളിച്ച് മാറ്റിയ ശേഷമുള്ള അനുബന്ധ നിര്‍മ്മാണങ്ങളിലെ ആഘാതവും പഠന വിഷയമാകും. മുല്ലപ്പെരിയാര്‍ ഡാം ഡീകമ്മിഷന്‍ ചെയ്യണം എന്നാവശ്യപ്പെട്ട് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരിക്കുകയാണ്. ഇതോടെയാണ് ഡീക്കമ്മിഷന്‍ എങ്ങനെ എന്നത് ചര്‍ച്ചയാകുന്നത്.

തമിഴ്‌നാടിന് ജലം, കേരളത്തിന് സുരക്ഷ ഇതാണ് സംസ്ഥാനത്തിന്റെ നിലപാട്. തമിഴ്‌നാടിന് മുടക്കം കൂടാതെ ജലം നല്‍കുമെന്ന് ഉറപ്പ് നല്‍കിയാണ് പുതിയ ഡാം എന്ന ആവശ്യവുമായി കേരളം മുന്നോട്ടുപോകുന്നത്. അനുമതി ലഭിച്ചാല്‍ 5 വര്‍ഷത്തിനകം പുതിയ അണക്കെട്ട് നിര്‍മിക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ. 1300 കോടി രൂപയാണ് പുതിയ ഡാമിന്റെ എസ്റ്റിമേറ്റ് കണക്കാക്കുന്നത്. ഇടുക്കി ജില്ലയില്‍ കുമളി പഞ്ചായത്തിലാണ് മുല്ലപ്പെരിയാര്‍ ഡാമുളളത്. ഇവിടെ നിന്നും 366 മീറ്റര്‍ താഴെയാണ് പുതിയ ഡാമിനായി സ്ഥലം കണ്ടെത്തിയിരിക്കുന്നത്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.