VAZHITHARAKAL

തമ്പി (ജോസഫ്) വിരുത്തക്കുളങ്ങര: ഉയരങ്ങളെ സ്നേഹിക്കുന്ന മലയാളി

Blog Image
'നമ്മളാല്‍ കഴിയുന്ന ഏറ്റവും മികച്ചത് ചെയ്യുമ്പോള്‍ നമ്മുടെ ജീവിതത്തിലോ മറ്റൊരാളുടെ ജീവിതത്തിലോ എന്ത് അത്ഭുതമാണ് സംഭവിക്കുന്നതെന്ന് നമുക്ക് ഒരിക്കലും അറിയില്ല'

എല്ലാ  ദിവസവും പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ ഉദ്ദേശിച്ചുള്ള മനോഹരമായ ഒരു യാത്രയാണ് ജീവിതം. എല്ലാ ദിവസവും എല്ലായ്പ്പോഴും പിടിച്ചെടുക്കാന്‍ സാധിക്കും എന്ന് ഇതിനര്‍ത്ഥമില്ല. ചിലപ്പോള്‍ ജീവിതം ഒരു വലിയ സമ്മാനമാണെന്ന് നമുക്ക് ഓര്‍മ്മപ്പെടുത്തേണ്ടതുണ്ട്. ആ സമ്മാനം നമുക്ക് നല്‍കിയ അദൃശ്യനായ ഒരു ശക്തി ഉയരങ്ങളിലിരുന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുന്ന ഒന്നുണ്ട്.  ഉയരങ്ങളിലേക്ക് നമ്മുടെ ജീവിതത്തെ പ്രതിഷ്ഠിക്കുമ്പോഴും അതിനുമപ്പുറത്ത് നിന്ന് ഒരു വിജയം, ഒരു നന്മ, ഒരു അനുഭവം നമ്മെ വിളിക്കുന്നുണ്ട് എന്ന്. ജീവിതത്തില്‍ ഉയരങ്ങളെയാണ് സ്നേഹിക്കേണ്ടത് എന്ന് നാം അപ്പോള്‍ മനസിലാക്കും. ലോകത്തിന്‍റെ ഉയരങ്ങളെ സ്നേഹിച്ച് കീഴടക്കിയ ഒരു ലോകമലയാളിയുണ്ട് അമേരിക്കയില്‍. തമ്പി (ജോസഫ്) വിരുത്തക്കുളങ്ങര.


ഈ വഴിത്താരയില്‍ അദ്ദേഹത്തെക്കുറിച്ച് എഴുതുമ്പോള്‍ ഞാന്‍ അദ്ദേഹത്തിന്‍റെ പാദങ്ങളില്‍ നമസ്കരിക്കുന്നു. ഈ സമയത്ത് അദ്ദേഹം റോട്ടറി ക്ലബ് അംഗങ്ങളോടൊപ്പം ഗ്വാട്ടിമാലയിലെ അഗ്നിപര്‍വത സ്ഫോടനത്തില്‍ തകര്‍ന്നടിഞ്ഞ  സ്കൂള്‍ പുനരുദ്ധരിക്കുന്ന പ്രവര്‍ത്തനങ്ങളിലാണ്. അതുകൊണ്ടു തന്നെ ഈ വഴിത്താരയില്‍ നമ്മള്‍ നെഞ്ചോട് ചേര്‍ക്കേണ്ട ഒരു വ്യക്തിത്വം കൂടിയാണ് അദ്ദേഹം.


കുടുംബം
1966 ജൂലൈ 22-ന് കോട്ടയം കല്ലറ വിരുത്തക്കുളങ്ങര ഏബ്രഹാമിന്‍റേയും മേരിയുടെയും മകനായി ജനനം. അഞ്ച് സഹോദരന്മാരും, രണ്ട് സഹോദരിമാരും.
അന്തരിച്ച നാഗ്പൂര്‍ ആര്‍ച്ച്ബിഷപ്പും, വേള്‍ഡ് ജീസസ് യൂത്ത് മൂവ്മെന്‍റിന്‍റെ വത്തിക്കാന്‍ പ്രതിനിധിയുമായിരുന്ന മാര്‍ ഏബ്രഹാം വിരുത്തക്കുളങ്ങര പിതാവിന്‍റെ സഹോദരനാണ്.
കല്ലറ എസ്.എം.വി.എന്‍.എസ്.എസ് ഹൈസ്കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി മൂന്നാമനായി വിജയം. 1984-ല്‍ മാന്നാനം കെ.ഇ. കോളജില്‍ പ്രീഡിഗ്രി പൂര്‍ത്തിയാക്കി. ഹൈസ്കൂള്‍ വര്‍ഷങ്ങളില്‍ കെ.സി.വൈ.എല്‍, മിഷന്‍ ലീഗ് പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചുകൊണ്ട് ചെറുപ്പകാലത്തില്‍ തന്നെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.


അമേരിക്കയിലേക്ക്
1985-ല്‍ അമേരിക്കയിലെത്തി. കുക്ക് കൗണ്ടി ആശുപത്രിയില്‍ സ്കൂള്‍ ഓഫ് റേഡിയോളജി ടെക്നോളജി പ്രോഗാമില്‍ ചേര്‍ന്നു. തുടര്‍ന്ന് ചിക്കാഗോ ഇല്ലിനോയിസ് യൂണിവേഴ്സിറ്റിയില്‍ (ഡഹഇ) ചേര്‍ന്ന് ബയോ മെഡിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടി. തുടര്‍ന്ന് അതേ യൂണിവേഴ്സിറ്റിയില്‍ നിന്ന് എം.ബി.എയും കരസ്ഥമാക്കി.
ചെറുപ്പം മുതല്‍ നേടിയെടുത്ത ആത്മവിശ്വാസം, ജീവിത വിജയത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാട് എന്നിവ അമേരിക്കയിലെത്തിയ ഉടനെ അറിവിന്‍റെ വാതായനങ്ങള്‍ അദ്ദേഹത്തിന് മുന്‍പില്‍ തുറന്നിട്ടു.


 നിഷ്പ്രഭം ഈ കരിയറിലെ കയറ്റങ്ങള്‍
ഏതൊരു വ്യക്തിയുടെയും ജീവിതത്തിന്‍റെ വഴിത്തിരിവാണ് അയാള്‍ക്കായി ലോകം കരുതിവയ്ക്കുന്ന കരിയര്‍. അങ്ങനെ വഴിത്തിരിവായ ഔദ്യോഗിക ജീവിതത്തിന് തുടക്കമിട്ട വ്യക്തിയാണ് തമ്പി വിരുത്തക്കുളങ്ങര. ഇല്ലിനോയി യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ എം.ആര്‍.ഐ. ടെക്നോളജിസ്റ്റായി ജോലിക്ക് തുടക്കം. തുടര്‍ന്ന് 1996-ല്‍ റേഡിയോളജി മാനേജരായി സ്ഥാനക്കയറ്റം, 2002-ല്‍ റേഡിയോളജി ഡയറക്റായി  സ്ഥാനക്കയറ്റം, 2014-ല്‍ ഒരു ആശുപത്രിയിലെ തന്നെ ഒന്നിലധികം വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന അസോസിയേറ്റ് ഹോസ്പിറ്റല്‍ ഡയറക്ടറായി സ്ഥാനക്കയറ്റം, 2018-ല്‍ റേഡിയോളജി, കാര്‍ഡിയോ വാസ്കുലര്‍ സര്‍വ്വീസസ്, എന്‍ഡോസ്കോപ്പി ലാബ്, റേഡിയേഷന്‍ ഓങ്കോളജി, പള്‍മണറി ഫംഗ്ഷന്‍ ടെസ്റ്റിംഗ് എന്നിവയുള്‍പ്പെടെ നിരവധി വകുപ്പുകള്‍ നിയന്ത്രിക്കുന്ന അസോസിയേറ്റ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി സ്ഥാനക്കയറ്റം ലഭിച്ചു. മെഡിക്കല്‍ മേഖലയില്‍ 34 വര്‍ഷത്തെ സേവനത്തിന് ശേഷം പ്രൊഫഷണല്‍ ജോലിയില്‍ നിന്ന് തമ്പി വിരുത്തക്കുളങ്ങര വിരമിച്ചു. ഏറ്റെടുത്ത ജോലിയിലെ കൃത്യനിഷ്ഠയും സ്ഥിരോത്സാഹവും അദ്ദേഹത്തിന്‍റെ കരിയറിലെ കയറ്റങ്ങള്‍ ലളിതമായി നടന്നു കയറാന്‍ സഹായിച്ചു എന്നു പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയാവില്ല.

കരിയറിലെ വിജയവും പരിവര്‍ത്തനവും
ഇല്ലിനോയി യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ റേഡിയോളജി ഡയറക്ടറായി സേവനമനുഷ്ഠിച്ചിരുന്ന കാലത്ത് അദ്ദേഹം ആശുപത്രി റേഡിയോളജി വിഭാഗം വികസിപ്പിക്കുവാന്‍ നിരന്തര പരിശ്രമം നടത്തി. 2009-ല്‍ ങഞക, ജഋഠ  ഇഠ, അള്‍ട്രാസൗണ്ട് എന്നിവ ഉപയോഗിച്ച് ആദ്യത്തെ ഔട്ട് പേഷ്യന്‍റ് ഇമേജിംഗ് സെന്‍റര്‍ നിര്‍മ്മിക്കുവാന്‍ അദ്ദേഹം നേതൃത്വം നല്‍കി. ഇലക്ട്രോണിക് മെഡിക്കല്‍ റിക്കാര്‍ഡുകള്‍  നടപ്പിലാക്കുകയും, പേപ്പര്‍ ചാര്‍ട്ടിംഗ് ഒഴിവാക്കുകയും ചെയ്തു. ഡിജിറ്റല്‍ ഇമേജിംഗ്, ജഅഇട സംവിധാനവും നടപ്പിലാക്കി. വോയ്സ് റെക്കഗ്നിഷന്‍ സംവിധാനത്തോടുകൂടിയുള്ള റേഡിയോളജി മെഡിക്കല്‍ ട്രാന്‍സ്ക്രിപ്ഷന്‍ ഒഴിവാക്കി. ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍റെ പിന്തുണയോടെ അസോസിയേറ്റ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായിരുന്ന സമയത്ത് ഇരുപത് കിടക്കകള്‍ ഉള്ള ഷോര്‍ട്ട് സ്റ്റേ നേഴ്സിംഗ് യൂണിറ്റ് നിര്‍മ്മിച്ചു. ആശുപത്രിയുടെ രണ്ടാം നിലയുടെ കേന്ദ്രീകൃത ഷെഡ്യൂളിംഗും, രജിസ്ടേഷന്‍ പ്രവര്‍ത്തനവും ഏകീകരിച്ചു. എം. ആര്‍.ഐ സ്കാനര്‍ സ്ഥാപിച്ചു. കൂടാതെ പുതിയ ആംബുലേറ്ററി കെയര്‍ സെന്‍റര്‍ ഉണ്ടാക്കുന്നതിലും തമ്പി പ്രധാന പങ്കുവഹിച്ചു. ഏറ്റെടുക്കുന്ന ദൗത്യങ്ങളെ മാനുഷിക നന്മയില്‍ അധിഷ്ഠിതമായി നടപ്പില്‍ വരുത്തിയതിന്‍റെ ഉദാഹരണമാണ് അദ്ദേഹത്തിന്‍റെ കരിയര്‍ നമുക്ക് കാട്ടിത്തരുന്ന ഒരു പാഠം.


നേട്ടങ്ങള്‍, അംഗീകാരങ്ങള്‍
അര്‍ഹതയ്ക്ക് തേടിയെത്തുന്ന നന്മകളാണ് അംഗീകാരങ്ങള്‍. തന്‍റെ പ്രൊഫഷണല്‍ ജീവിതത്തില്‍ ലഭിച്ച അംഗീകാരങ്ങളെ ഈശ്വരന്‍റെ സമ്മാനം കൂടിയായി കാണാനാണ് തമ്പി വിരുത്തക്കുളങ്ങരയ്ക്ക് ഇഷ്ടം. യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയിസ് ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍റെ ഉപദേശക ബോര്‍ഡ് ഫെലോഷിപ്പ് പരിപാടിയിലേക്ക് ക്ഷണിതാവായി ലഭിച്ച ക്ഷണം, 2007 -ലെ യു.ഐ.സി അവാര്‍ഡ് (വിവിധമേഖലയിലെ പ്രഗത്ഭര്‍ക്ക് ലഭിക്കുന്ന പുരസ്കാരം), യു.ഐ സി, എം.ബി.എ, എം.എച്ച്.എ പ്രോഗ്രാമുകളിലേക്ക് ഗസ്റ്റ് ലക്ചറായി ക്ഷണം, എല്ലാം പ്രൊഫഷണല്‍ അംഗീകാരമായി അദ്ദേഹം വിലയിരുത്തുന്നു.
ഉയരങ്ങളെ സ്നേഹിച്ച് കിളിമഞ്ചാരോയുടെയും, വില്ലീസ് ടവറിന്‍റേയും നെറുകയില്‍ തൊട്ട്
പര്‍വ്വതാരോഹണം ഓരോ വ്യക്തികളുടേയും താല്പര്യമാണ്. ഉയരങ്ങള്‍ കീഴടക്കിയവര്‍ ഒരിക്കല്‍ മലയിറങ്ങേണ്ടി വരുമെന്നത് നിയമം. ഇവിടെ കിളിമഞ്ചാരോയുടേയും, വില്ലീസ് ടവറിന്‍റേയും നെറുകയില്‍ ചുംബിച്ച തമ്പി വിരുത്തക്കുളങ്ങര നിരവധി മാസത്തെ പരിശീലനത്തിനും തയ്യാറെടുപ്പിനും ശേഷമാണ് 2022-ല്‍ ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ പര്‍വ്വതവും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഫ്രീ സ്റ്റാന്‍ഡിംഗ് പര്‍വതവുമായ കിളിമഞ്ചാരോ കയറുന്നത്. കിളിമഞ്ചാരോയിലേക്കുള്ള സാഹസിക യാത്ര എല്ലാവര്‍ക്കും പറ്റിയ പണിയല്ലെന്നും, എത്ര ദൃഢനിശ്ചയമുള്ളയാളാണെങ്കിലും അതിനുമപ്പുറം ചില യോഗ്യതകള്‍ കൂടി ആവശ്യമുള്ള സാഹസമാണന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. വിശപ്പിനെ വിശപ്പുകൊണ്ട് തോല്പിച്ച് ഉറക്കമില്ലാതെ തളര്‍ച്ചയെ നേരിട്ടുള്ള യാത്ര, കൂടാതെ ഉയരത്തിലെത്തിയാല്‍ താഴേക്ക് ഇറങ്ങണം എന്ന വിധിഹിതവും. കിളിമഞ്ചാരോ ഒരു സാഹസം തന്നെയെന്ന് അദ്ദേഹം പങ്കുവയ്ക്കുന്നു. റിഹാബ്  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചിക്കാഗോയുടെ (ഷിര്‍ലി റയാന്‍ എബിലിറ്റി ലാബ്) ധനശേഖരണാര്‍ത്ഥം 103 നിലകള്‍ ഉള്ള ചിക്കാഗോ വില്ലീസ് ടവറിന്‍റെ (പഴയ സിയേഴ്സ് ടവര്‍) 2109 പടികള്‍ നടന്നുകയറി സ്കൈറൈസ് ചിക്കാഗോയുടെ ഭാഗമായി. ഈ രണ്ട് സാഹസങ്ങള്‍ക്ക് പിന്നിലും അദ്ദേഹത്തിന്‍റെ ആത്മവിശ്വാസവും, അര്‍പ്പണ മനോഭാവവും മാത്രമായിരുന്നു കൈമുതല്‍.


പുതിയ പടവുകള്‍, നേതൃത്വ വിജയങ്ങള്‍
പദവികള്‍ തേടി വരുന്നതിന് മുന്‍പേ അര്‍ഹതയുള്ളവരെ അംഗീകരിക്കുവാന്‍ തമ്പി വിരുത്തക്കുളങ്ങര മടിച്ചില്ല. മികച്ച നേതൃത്വ വൈദഗ്ധ്യം പ്രകടിപ്പിക്കുന്ന ഇല്ലിനോയിസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ ഇമേജിംഗ് ആന്‍ഡ് ഡയഗ്നോസ്റ്റിക്സ് സര്‍വ്വീസ് സ്റ്റാഫിനായി  ജോസഫ്. വി. ഏബ്രഹാം ലീഡര്‍ഷിപ്പ് അവാര്‍ഡ് (1000 ഡോളര്‍ പ്രതിവര്‍ഷം) നല്‍കുന്നു.
മലയാളി റേഡിയോളജി അസോസിയേഷന്‍റെ (എം.ആര്‍.എ) മുന്‍ പ്രസിഡന്‍റ്, റോട്ടറി ക്ലബ് ഓഫ് നൈല്‍സിന്‍റെ നിയുക്ത  പ്രസിഡന്‍റ്, സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയുടെ മുന്‍ ഫണ്ട് റെയ്സിംഗ് കമ്മറ്റി ചെയര്‍മാന്‍, സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളി പാര്‍ക്കിംഗ് ലോട്ട് പ്രോജക്ട് കോര്‍ഡിനേറ്റര്‍, ചിക്കാഗോ മലയാളി അസോസിയേഷന്‍റെ അംഗം, ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ മുന്‍ ലെജിസ്ളേറ്ററും, നാഷണല്‍ കൗണ്‍സില്‍ അംഗവും, കമ്യൂണിറ്റി സംഘടനകളിലെ കരിയര്‍ സെമിനാര്‍ അവതാരകന്‍, വിദ്യാര്‍ത്ഥികള്‍, ജീവനക്കാര്‍ എന്നിവരുടെ പരിശീലകന്‍ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍ ഇഇഉ അദ്ധ്യാപകന്‍, ഇന്ത്യയിലെ നിരവധി കുട്ടികളുടെ കോളജ് പഠനത്തിനായി സഹായം, ഭാര്യ ഷൈനിക്കൊപ്പം ക്നാനായ കത്തോലിക്കാ മേഖലയിലെ പ്രീ മാരിയേജ്  കൗണ്‍സിലിംഗില്‍ സജീവം.


കുടുംബം ശക്തി
കിളിമഞ്ചാരോയിലേക്ക് യാത്ര പോകുമ്പോഴും ആശുപത്രിയിലേക്ക് ജോലിക്ക് പോകുമ്പോഴും തമ്പി വിരുത്തക്കുളങ്ങരയെ കൈ വീശി യാത്രയാക്കുന്ന ഒരു കുടുംബമുണ്ട്. ഭാര്യ ഷൈനിയും മക്കളും അടങ്ങുന്ന കുടുംബം.
കോട്ടയം ഞീഴൂര്‍ കളത്തില്‍ക്കോട്ടില്‍ കുടുംബാംഗമായ ഷൈനിയെ ഒപ്പം കൂട്ടിയത് 1994 ലാണ്. മക്കള്‍ ആഞ്ചല, ജെന്ന (സെന്‍റ് ലൂയിസ് യൂണിവേഴ്സിറ്റി ബിരുദ വിദ്യാര്‍ത്ഥിനികള്‍) കെയ്ല  പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയും. ഈ കുടുംബം നല്‍കുന്ന പിന്തുണ ഈ യാത്രികന് ഉയരങ്ങളിലേക്കുള്ള സ്നേഹത്തിന്‍റെ വഴിത്താര കൂടിയാണ്.
കാല്‍നടയാത്ര യാത്രകള്‍ക്കുള്ള അഭിനിവേശമെന്ന് പറയുന്ന തമ്പി അമേരിക്കയിലുടനീളം നടന്നും ഓടിയും കീഴടക്കിയ കയറ്റങ്ങള്‍ ചെറുതല്ല. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, മധ്യ അമേരിക്ക, കരീബിയന്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലേക്ക് നടത്തിയ യാത്രകളും ജീവിതത്തില്‍ മറക്കാനാവാത്ത അനുഭവങ്ങള്‍ തന്നെ.
ഈ സാഹസിക ഓര്‍മ്മകള്‍ പങ്കുവെക്കുമ്പോഴും ജീവിതത്തിന്‍റെ കയറ്റങ്ങളില്‍ പകച്ചുനില്‍ക്കുന്ന സാധാരണക്കാരന്‍റെ കണ്ണുകളിലേക്ക് നോക്കുവാനും അദ്ദേഹത്തിന് സാധിക്കുന്നു. ഈ വഴിത്താര എഴുതിതീര്‍ക്കുമ്പോള്‍ മധ്യ അമേരിക്കയിലെ ഗ്വാട്ടിമാലയില്‍ സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന തമ്പി വിരുത്തക്കുളങ്ങര എന്ന സാധാരണക്കാരന്‍ ശാന്തനാകുന്നു.
ഏത് കയറ്റങ്ങള്‍ക്കും മീതേ... നമ്മെ ചേര്‍ത്തു നിര്‍ത്തുന്ന ഒരു ശക്തി... അത് ഈശ്വരനല്ലാതെ മറ്റാര്...
അതെ... തമ്പി വിരുത്തക്കുളങ്ങര ഈശ്വരാനുഗ്രഹം നിറയെ ലഭിച്ച ഒരു വ്യക്തിത്വം തന്നെ.. ഈ വഴിത്താരയില്‍ നാം കണ്ടുമുട്ടിയ , ഇനിയും പലരും കണ്ടുമുട്ടേണ്ട നന്മയുടെ ഹൃദയമുള്ള ഒരു വലിയ മനുഷ്യന്‍. അദ്ദേഹത്തിന്‍റെ കയറ്റങ്ങളില്‍ നന്മയുടെ പൂക്കള്‍ സമൃദ്ധമായി വര്‍ഷിക്കപ്പെടട്ടെ. ആ സുഗന്ധം ലോകം മുഴുവന്‍ പരക്കട്ടെ... പ്രാര്‍ത്ഥനകള്‍.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.