"ഒരാൾ മുൻപിലുണ്ട് എന്നത് പുറകിൽ നിൽക്കുന്ന മനുഷ്യരെ സംബന്ധിച്ചിടത്തോളം ഒരു സുരക്ഷയും പ്രതീക്ഷയുമാണ്. ഒരു സംഘടനാ പ്രവർത്തകനെ സംബന്ധിച്ചിടത്തോളം അത് തന്നെയാണ് അദ്ദേഹത്തിന്റെ സമ്പാദ്യവും"
അമേരിക്കൻ മലയാളികൾക്കിടയിൽ ഏറെ സുപരിചിതനും ഫൊക്കാനയുടെ ട്രഷററുമായ ബിജു ജോണ്‍ കൊട്ടാരക്കര അനിതരസാധാരണമായ നേതൃപാടവം കൊണ്ടും തന്റെ ലാളിത്യം കൊണ്ടും സൗമ്യമായ പെരുമാറ്റം കൊണ്ടും പൊതു സമൂഹത്തിന്റെയാകെ ആദരവും അംഗീകാരവും പിടിച്ചുപറ്റിയ വ്യക്തിത്വമാണ്.
ഫൊക്കാനയുടെ ട്രഷററായി രണ്ടുവർഷം പിന്നിടുമ്പോൾ ഡോ. ബാബു സ്റ്റീഫൻ നേതൃത്വം നൽകുന്ന ഭരണസമിതിക്കൊപ്പം പ്രവർത്തിച്ച് നിരവധി കർമ്മ പരിപാടികൾ നടപ്പിലാക്കുന്നതിന് അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ അമേരിക്കൻ മലയാളി ചരിത്രത്തിൽ അടയാളപ്പെടുത്തും എന്നതിൽ സംശയമില്ല . രണ്ടു വർഷക്കാലത്തെ അഭിമാനകരവും അർത്ഥപൂർണ്ണവുമായ നേട്ടവുമായാണ് ഫൊക്കാന 2024-2026 ട്രസ്റ്റി ബോർഡ് പദവിയിലേക്ക് ബിജു ജോൺ കൊട്ടാരക്കര മത്സരിക്കുന്നത്.
സ്നേഹത്തിന്റെ മഞ്ഞുകാലങ്ങൾ
കൊല്ലം ജില്ലയിലെ കൊട്ടാരക്കര ചെങ്ങമനാട് കുളമാംവിള വീട്ടില്‍ എല്‍. ജോണ്‍-തങ്കമ്മ ദമ്പതികളുടെ മകനായിട്ടാണ് ബിജു കൊട്ടാരക്കര ജനിക്കുന്നത്. പിതാവ് സാമൂഹ്യചുറ്റുപാടുകളെയും ജനജീവിതത്തെയും സ്പർശിച്ച നിലപാടുകൾ എടുത്ത ഒരു പൊതുപ്രവര്‍ത്തകനായിരുന്നു. ജനങ്ങളുടെ ആവശ്യങ്ങൾക്കും അവകാശങ്ങൾക്കും വേണ്ടി പോരാടാനുള്ള പിതാവിൻ്റെ സാമൂഹിക പ്രതിബദ്ധതയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ബിജു ജോൺ ചെറുപ്പത്തിലെ സാമൂഹിക പ്രവർത്തനത്തിലേക്ക് ആകർഷിക്കപ്പെട്ടത്. വേരുകൾ എന്ത് ജലം കുടിച്ചുവോ മരവും അതെ ശുദ്ധി പേറും എന്നല്ലേ.അത്തരത്തിൽ സ്കൂള്‍-കോളേജ് പഠന കാലത്ത് കെ.എസ്.യു പ്രവര്‍ത്തകനായിരുന്ന ബിജു സ്കൗട്ട്,എന്‍.സി.സി തുടങ്ങിയവയിൽ മികവ് പുലര്‍ത്തുകയും അതുവഴി സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കാൻ പഠിക്കുകയും ചെയ്തു.
വിദ്യാധനം സർവ ധനാൽ പ്രധാനം
ഏതൊരു മനുഷ്യനെയും പോലെ വിദ്യാഭ്യാസം തന്നെയാണ് ബിജു കൊട്ടാരക്കരയെയും മാറ്റിമറിച്ചത് .സാമൂഹ്യ പ്രവർത്തകനായിരുന്ന പിതാവ് ഒരിക്കൽ പോലും മകന്റെ പഠനത്തിൽ കുറവ് വരുത്തിയില്ല. പന്തളം എന്‍.എസ്.എസ് പോളിടെക്നിക്കില്‍ നിന്നും മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ നേടിയ ബിജു കുറച്ചുകാലം തിരുവനന്തപുരം ടൈറ്റാനിയത്തില്‍ ജോലി ചെയ്തു. തുടര്‍ന്ന് ബോംബെയിലും പിന്നീട് ദുബായില്‍ സെയില്‍സ് എഞ്ചിനിയറായും പ്രവര്‍ത്തിച്ചു. ഓരോ ദേശവും അദ്ദേഹത്തിന് നൽകിയത് വ്യത്യസ്തമായ അനുഭവങ്ങൾ ആയിരുന്നു. ഓരോന്നിൽ നിന്നും ധാരാളം മനുഷ്യരെക്കുറിച്ചും അവരുടെ മാനസിക വ്യാപാരങ്ങളെ കുറിച്ചും അവരുടെ ജീവിത ശൈലിയെ കുറിച്ചും അദ്ദേഹം പഠിച്ചു. എങ്ങനെ ഒരു സമൂഹത്തെ നയിക്കണം അല്ലെങ്കിൽ എങ്ങനെ ഒരു സമൂഹത്തിൽ ഇടപെടണം എന്നതിനെക്കുറിച്ച് എല്ലാം അത്തരത്തിലുള്ള ജീവിതശൈലിയാണ് അദ്ദേഹത്തെ പ്രാപ്തനാക്കിയത്.
ദേശാടനക്കിളികളുടെ ചരിത്രം
ദേശാടനം ജീവിതത്തിന്റെ ഭാഗമായപ്പോൾ സമൂഹത്തിലേക്ക് കുറേക്കൂടി ഇറങ്ങി പ്രവർത്തിക്കാനുള്ള അവസരവും, അതിന് കൂടെ നിൽക്കാൻ കഴിയുന്ന മനുഷ്യസമ്പത്തും ബിജു കൊട്ടാരക്കരയ്ക്ക് കൈവന്നു. 2005ല്‍ അമേരിക്കയിലേക്ക് കുടിയേറിയ അദ്ദേഹം ന്യൂയോര്‍ക്കിലെ സ്റ്റോണി ബ്രൂക്ക് യൂണിവേഴ്സിറ്റിയില്‍ ജോലി ചെയ്യവെ അവിടെ നിന്ന് എഞ്ചിനീയറിങ് ബിരുദം സമ്പാദിച്ചു. പിന്നീട് ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് അതോറിറ്റിയിലെ ജോലിക്കിടെ മൊളോയി യൂണിവേഴ്സിറ്റിയിൽ നിന്നും എം.ബി.എയും നേടി.ന്യൂയോര്‍ക്ക് മലയാളി അസോസിയേഷന്‍, കേരള സമാജം തുടങ്ങിയവയിലൂടെയുള്ള സംഘടനാ പ്രവര്‍ത്തനം കൊണ്ടാണ് ബിജു കൊട്ടാരക്കര അമേരിക്കയിലെ സാമൂഹിക സാംസ്കാരിക സാമുദായിക മണ്ഡലങ്ങളില്‍ നിറ സാന്നിധ്യമാകുന്നത്.
ഫൊക്കാനയുടെ അഡീഷണൽ അസോസിയേറ്റ് ട്രഷറര്‍ സ്ഥാനത്തു നിന്നാണ് ബിജു കൊട്ടാരക്കര ട്രഷററായി തിരഞ്ഞെടുക്കപ്പെട്ടത്. ഫൊക്കാനയുടെ പ്രവർത്തനങ്ങൾക്കും ഒര്‍ലാന്‍റോ കണ്‍വെന്‍ഷന്‍റെ വിജയത്തിനുമായി വിവിധ സ്റ്റേറ്റുകളില്‍ സഞ്ചരിച്ച അദ്ദേഹം ജോര്‍ജി വര്‍ഗീസ്-സജിമോന്‍ ആന്‍റണി ടീമിലെ നെടും തൂണായി നിന്നു പ്രവര്‍ത്തിച്ച എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളില്‍ ഒരാളാണ്.
ആധുനിക യുഗത്തിൽ സംഘടനാ പ്രവർത്തനത്തിൽ സാങ്കേതിക വിദ്യ എങ്ങനെ സമന്വയിപ്പിക്കണം എന്ന് വ്യക്തമായ ഒരു കാഴ്ചപ്പാട് അദ്ദേഹത്തിനുണ്ട്. ഇത് മാറുന്ന യുഗമാണ് , യുവ സമൂഹത്തിൻ്റെ യുഗമാണ് . സംഘടനകളെയും യുവ സമൂഹത്തെയും ഒരിക്കലും കാണാതെ പോകരുത് എന്ന അഭിപ്രായം ബിജു കൊട്ടാരക്കര രേഖപ്പെടുത്തുന്നു. അതു കൊണ്ടു തന്നെ അഡീഷണൽ അസോ. ട്രഷറർ ആയി പ്രവർത്തിച്ചിരുന്നപ്പോഴും ഇപ്പോൾ ട്രഷറർ ആയി പ്രവർത്തിക്കുമ്പോഴും ഫൊക്കാനയെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ സജീവമാക്കുന്നതിന് അദ്ദേഹം നിർണ്ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്.
വേറിട്ട മാധ്യമ പ്രവർത്തന ശൈലി
മാധ്യമപ്രവർത്തനം ക്രൈസിസ് ജേർണലിസം അല്ലെന്നും വാർത്തകളെ സത്യസന്ധതയോടെ പൊതു സമൂഹത്തിൽ എത്തിക്കണമെന്നും വിശ്വസിക്കുന്ന ഒരു മാധ്യമ പ്രവർത്തകൻ കൂടിയാണ് ബിജു കൊട്ടാരക്കര. കേരള ടൈംസ് ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിന്‍റെ ഡെപ്യൂട്ടി എഡിറ്റർ ,ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ഐ.പി.സി.എന്‍.എ) ന്യൂയോര്‍ക്ക് ചാപ്റ്റര്‍ ജോയിന്‍റ് ട്രഷറർ,ഫൊക്കാനയുടെ ത്രൈമാസികയായ ഫൊക്കാന ടുഡേയുടെ ചീഫ് എഡിറ്റർ, സുവനീർ ചീഫ് എഡിറ്റർ,കേരള സമാജം ഗ്രേറ്റർ ന്യൂയോർക്ക് സിൽവർ ജൂബിലി സുവനീർ ചീഫ് എഡിറ്റർ, ഫൊക്കാന 2024 സുവനീർ 'എഡിറ്റോറിയൽ കമ്മറ്റി അംഗം എന്നീ നിലകളിൽ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളാ എഞ്ചിനീയറിംഗ് ഗ്രാഡുവേറ്റ് അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്കയുടെ (കീന്‍) വിവിധ സ്ഥാനങ്ങള്‍ വഹിച്ച ബിജു കൊട്ടാരക്കര നിലവിൽ ന്യൂസ് ലെറ്റര്‍ ആന്‍ഡ് പബ്ലിക്കേഷന്‍സ് കോ-ഓര്‍ഡിനേറ്റര്‍ ആയും പ്രവർത്തിക്കുന്നു. കഴിഞ്ഞ 15 കൊല്ലമായി ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് അതോറിറ്റിയില്‍ സൂപ്പര്‍വൈസര്‍ ആയി ജോലി ചെയ്യുന്ന അദ്ദേഹം പാർട്ട് ടൈം റിയൽറ്ററായും പ്രവർത്തിച്ചുവരുന്നു.
ഫൊക്കാനയും ജീവിതവും തമ്മിൽ കൂട്ടിമുട്ടുമ്പോൾ
പഴയ നേതാക്കന്‍മാരെയും അവരുടെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളെയും മാനിക്കുന്നതോടൊപ്പം പുതുമുഖങ്ങള്‍ക്കും യുവജനങ്ങള്‍ക്കും ഫൊക്കാനയില്‍ സ്ഥാനമാനങ്ങള്‍ നല്‍കേണ്ടത് കാലത്തിന്‍റെ ആവശ്യമാണെന്ന് തെളിയിക്കുകയാണ് ബിജു കൊട്ടാരക്കര . ഫൊക്കാനയുടെ 2024 -2026 ഭരണസമിതിയിൽ ട്രസ്റ്റീ ബോർഡ് മെമ്പർ ആയി ബിജു കൊട്ടാരക്കരയെ ന്യൂയോർക്ക് മലയാളി അസോസിയേഷൻ (നൈമാ) ജനറൽ ബോഡി നാമനിർദ്ദേശം ചെയ്തത് അദ്ദേഹത്തിന്റെ മികച്ച പ്രവർത്തനങ്ങൾക്ക് പ്രാദേശിക തലത്തിൽ ലഭിക്കുന്ന അംഗീകാരം കൂടിയാണ് . നവീന ആശയങ്ങളും ചിന്തകളുമുള്ളവര്‍ സംഘടനയുടെ ഭരണ സമിതിയിലെത്തുന്നതിലൂടെ ഫൊക്കാനയുടെ വളര്‍ച്ചയ്ക്കും ജനകീയ മുന്നേറ്റങ്ങള്‍ക്കും അഭിമാനകരമായ പിന്തുടര്‍ച്ചയുണ്ടാകുമെന്നാണ് അദ്ദേഹം കരുതുന്നത്.
നിസ്തുലമായ സംഘടനാ പ്രവര്‍ത്തന ശൈലി, അധികാരസ്ഥാനങ്ങളോടുള്ള കമ്പമില്ലായ്മ, തുടങ്ങിയവ ബിജു കൊട്ടാരക്കരയെ മറ്റുള്ളവരിൽ നിന്നും വേറിട്ട് നിർത്തുന്നു. അമേരിക്കൻ രാഷ്ട്രീയ രംഗത്തേക്ക് കടന്നു വന്ന മലയാളികൾ ഉൾപ്പെടെയുള്ള നിരവധി ഇന്ത്യക്കാർക്ക് കക്ഷി രാഷ്ട്രീയ ഭേദമെന്യേ പിന്തുണ നൽകിയിട്ടുള്ള അദ്ദേഹം നിരവധി സ്ഥാനാർത്ഥികളുടെ പ്രചാരണത്തിൽ സജീവമായി പങ്കെടുക്കുകയും തെരെഞ്ഞെടുപ്പ് ഫണ്ടിലേക്കുള്ള ധനസമാഹരണത്തിനു ചുക്കാൻ പിടിക്കുകയും ചെയ്തിട്ടുണ്ട്. അമേരിക്കൻ രാഷ്ട്രീയത്തിലേക്ക് മലയാളി നേതൃത്വം കടന്നുവരേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം തിരിച്ചറിയുന്നുണ്ട് .
ഫൊക്കാനയുടെ ആഗോള സാധ്യത
ഫൊക്കാനയുടെ കഴിഞ്ഞ രണ്ട് ടേമിൽ അഡീഷണൽ അസോസിയേറ്റ് ട്രഷറർ ആയും , ഇപ്പോൾ ട്രഷറർ ആയും പ്രവർത്തിച്ച്
പരിചയമുള്ള ബിജു കൊട്ടാരക്കര ഫൊക്കാനയെ വിലയിരുത്തുന്നത് വ്യത്യസ്തമായിട്ടാണ്.ഫൊക്കാന ഒരു ആഗോള സാധ്യതയുള്ള സംഘടനയാണ്. ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതിനും അവ പരിഹരിക്കുന്നതിനുമുള്ള ശക്തമായ നേതൃത്വ ശേഷിയും സംഘടനാ പാടവവും ഫൊക്കാനയ്ക്കുണ്ട്. ഈയിടെ കുവൈറ്റിൽ നടന്ന തീപിടുത്തത്തിൽ മരിച്ച വ്യക്തികളുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം സഹായം നൽകുവാൻ ആദ്യം മുന്നോട്ട് വന്ന മലയാളി സംഘടനയാണ് ഫൊക്കാന. അത്രത്തോളം ആർജ്ജവമാണ് ഇത്തരം വിഷയത്തിൽ ഫൊക്കാന കാട്ടുന്നത്. ആഗോളതലത്തിൽ ഈ പ്രസ്ഥാനത്തിൻ്റെ സ്വീകാര്യതയെയാണ് ഇത് ചൂണ്ടി കാണിക്കുന്നു. അമേരിക്കൻ രാഷ്ട്രീയത്തിലേക്കും വൈജ്ഞാനിക മേഖലയിലേക്കും പുതിയ മലയാളി തലമുറയെ അവതരിപ്പിക്കുക എന്ന കർത്തവ്യം ഫൊക്കാന നിർവ്വഹിക്കുമ്പോൾ ഈ സംഘടനയ്ക്ക് മാത്രം അവകാശപ്പെടാവുന്ന ഒരു ആഗോള നേതൃത്വ സാധ്യത തെളിഞ്ഞു വരുന്നുണ്ട്. അത് സമീപ ഭാവിയിൽ ഫൊക്കാനയിലുടെ ലോകത്തിന് മുന്നിൽ എത്തും എന്നും ബിജു കൊട്ടാരക്കര വിശ്വസിക്കുന്നു.
ലോക കേരള സഭയും , ഫൊക്കാനയും.
ലോക സാധ്യതകൾ
രാഷ്ട്രീയപരമായി എത്ര അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായാലും പ്രവാസികളുടെ ഒരു വലിയ കൂട്ടായ്മയ്ക്ക് സാക്ഷ്യം വഹിച്ച സംരംഭമാണ് ലോക കേരള സഭ എന്നാണ് ബിജു കൊട്ടാരക്കരയുടെ വിലയിരുത്തൽ . ന്യൂയോർക്കിൽ നടന്ന കെ എൽ എസ് മേഖലാ സമ്മേളനത്തിലും ഇപ്പോൾ തിരുവനന്തപുരത്ത് നടന്ന കെ. എൽ. എസിലും ബിജു കൊട്ടാരക്കര അംഗമായിരുന്നു.
ഫൊക്കാന ഉൾപ്പെടെയുള്ള പ്രവാസി പ്രസ്ഥാനങ്ങളെ ഉൾപ്പെടുത്തി കൂട്ടായ ചർച്ചകളിലൂടെ പ്രവാസി പ്രോപ്പർട്ടി ഇഷ്യു മുതൽ നിരവധി വിഷയങ്ങൾക്ക് പരിഹാരം കണ്ടെത്തേണ്ടതുണ്ട്. വിവിധരാജ്യങ്ങളിലെ പ്രതിനിധികളുമായി ഉണ്ടാക്കിയെടുക്കുന്ന ബന്ധങ്ങൾ പ്രവാസി പ്രശ്നങ്ങൾ പഠിക്കുന്നതിനും പരിഹാരം കാണുന്നതിനും സാധിക്കും. തൻ്റെ നിലപാടുകൾ കൃത്യമായി അവതരിപ്പിക്കുകയാണ് ബിജു കൊട്ടാരക്കര. കാരണം നിലപാടുകളാണ് ഒരു വ്യക്തിയുടെ ആണിക്കല്ല്. ആ നിലപാട് അദ്ദേഹത്തിനുണ്ട് എന്നതാണ് സത്യം.
രക്തത്തിലലിഞ്ഞ സഹജീവി സ്നേഹവും
ജീവകാരുണ്യ പ്രവർത്തനങ്ങളും
ഫൊക്കാനയുടെ നേതൃത്വ രംഗത്തേക്ക് കടന്നു വന്നത് തന്നെ ഏതെങ്കിലും പദവി സ്വന്തമാക്കി ഫൊക്കാനയ്ക്കൊപ്പം നടക്കുക എന്ന ആഗ്രഹമായിരുന്നില്ല, മറിച്ച് ഫൊക്കാനയുടെ പല ജീവകാരുണ്യ പ്രവർത്തനങ്ങൾക്കൊപ്പം മനസ്സർപ്പിച്ച് പ്രവർത്തിക്കുന്നതിന് വേണ്ടി ആയിരുന്നു. ഒരു ആഗോള മൂല്യമുള്ള സംഘടനയ്ക്കൊപ്പം നിലകൊള്ളുമ്പോൾ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള വേദികൾ തുറന്നു കിട്ടും. അശരണരായ നിരവധി വ്യക്തികൾ നമ്മളിലേക്ക് വരും. നമുക്ക് പലതും ചെയ്യാനാകും .നേതാവല്ല കൂട്ടുകാരൻ എന്നറിയപ്പെടാനാണ് ഇഷ്ടം .ഒരു നേതാവായല്ല ഒരു സുഹൃത്തായി തന്നെയാണ് ബിജു ജോൺ എല്ലാവരോടും പെരുമാറുന്നത് . ഒരുപക്ഷേ പൊതുപ്രവർത്തകൻ എന്നതിനേക്കാൾ സുഹൃത്ത് എന്ന് തന്നെ വിശേഷിപ്പിക്കാനാണ് എല്ലാവരോടും പറഞ്ഞിട്ടുള്ളത്.
കൊട്ടാരക്കരയിലെ ഏഥൻ ഗാർഡൻസ് ട്രസ്റ്റിയും മറ്റ് നിരവധി ജീവകാരുണ്യ സംഘടനകളുടെ പ്രൊമോട്ടർ കൂടിയാണ് അദ്ദേഹം.സഹായം ,അത് അർഹിക്കുന്ന സ്ഥലത്തേക്ക് ആവശ്യപ്പെടുന്ന സമയത്ത് എത്തിക്കുക എന്നതാവണം ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ആത്യന്തിക ലക്‌ഷ്യം .
ഫൊക്കാന ട്രഷറർ
സമ്പൂർണ്ണ തൃപ്തൻ
2022 ൽ ഫ്ലോറിഡയിൽ നിന്ന് ട്രഷറർ എന്ന പുതിയ പദവിയുമായി ന്യൂയോർക്കിലേക്ക് വന്നപ്പോൾ ഉണ്ടായ പ്രതീക്ഷകൾക്ക് ഇന്നും പത്തരമാറ്റ് തിളക്കം തന്നെയാണ്. കാരണം കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ഫൊക്കാന ഏറ്റെടുത്തതും നടപ്പിലാക്കിയതുമായ പദ്ധതികൾ നിരവധിയാണ്. കേരളത്തിനകത്ത് വിവിധ പ്രദേശങ്ങളിൽ നിർദ്ധനരായ കുടുംബങ്ങൾക്ക് വീടുകളും,വിദ്യാഭ്യാസ സഹായവും നൽകുന്ന നിരവധി പ്രോജക്ടുകൾ നടപ്പിലാക്കി. ഒപ്പം ഫൊക്കാന തുടക്കം മുതൽ തുടർന്നുപോകുന്ന പദ്ധതികളെല്ലാം തന്നെ ഏറ്റവും ഭംഗിയായി നടപ്പിലാക്കാൻ സാധിച്ചു. ഭാഷയ്ക്കൊരു ഡോളർ , നേഴ്സിംഗ് സ്കോളർഷിപ്പ് തുടങ്ങി നിരവധി വിദ്യാഭ്യാസ സഹായ പ്രവർത്തനങ്ങൾ മുതൽ കുവൈറ്റിൽ തീപിടുത്തത്തിൽ മരിച്ച വ്യക്തികളുടെ കുടുംബത്തിന് 2 ലക്ഷം രൂപാ വീതം 24 കുടുംബങ്ങൾക്ക് ഉള്ള ചെക്ക് ഉടൻ തന്നെ കൈമാറാൻ സാധിച്ചത് ഫൊക്കാനയുടെ എക്കാലത്തേയും നേട്ടമാണ്. ട്രഷറർ എന്ന പദവിയിൽ ഈ കാലഘട്ടത്തിൽ പ്രവർത്തിക്കാൻ സാധിച്ചതിലും സന്തോഷം തന്നെ.
കുടുംബം നൽകുന്ന കരുത്ത്
ഒരു സംഘടനാ പ്രവർത്തകൻ്റെ വളർച്ച നിർണ്ണയിക്കുന്നത് അദ്ദേഹത്തിൻ്റെ കുടുംബമാണ്. ബിജു കൊട്ടാരക്കരയ്ക്ക് ഈ പ്രവർത്തനങ്ങളിൽ വ്യാപൃതനാവാൻ ഒപ്പം ഹൃദ്യമായ ഒരു കുടുംബം ഉണ്ട്. ഒരു വ്യക്തിയുടെ സന്തോഷങ്ങളിൽ ഒപ്പം നിൽക്കുക എന്നതാണ് കുടുംബത്തിലെ മറ്റ് അംഗങ്ങൾ അനുവർത്തിക്കേണ്ട വസ്തുത. അത് കൃത്യമായി ഒരു കുടുംബത്തിൽ സംഭവിക്കുമ്പോഴാണ് ഒരു വ്യക്തി വളരുക. ഭാര്യ ഷിജി ജോൺ (റജിസ്ടേർഡ് നേഴ്സ് ) , ക്രിസ്റ്റീന ജോൺ ( നേഴ്സിംഗ് വിദ്യാർത്ഥിനി ), ജൊയാന ( പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനി ) എന്നിവരുടെ വലിയ പിന്തുണ കൂടിയാണ് ബിജു കൊട്ടാരക്കരയുടെ വളർച്ചയുടെ അളവുകോൽ .
വളരെ ചുരുങ്ങിയ സമയം കൊണ്ട് ഫൊക്കാനയുടെ പ്രവർത്തനങ്ങൾക്ക് ഒരു എഞ്ചിനീയറിംഗ് ശൈലി കൊണ്ടുവരാൻ സാധിച്ചത് ബിജു കൊട്ടാരക്കരയ്ക്ക് അഭിമാനത്തോടെ ഓർമ്മിക്കാം .കാരണം അതിനുള്ള കരുത്ത് അദ്ദേഹത്തിനുണ്ട്.ഏറ്റെടുത്ത ഏതൊരു വിഷയത്തേയും സഗൗരവം വീക്ഷിക്കുന്ന, നിയന്ത്രിക്കുന്ന ബിജു കൊട്ടാരക്കര ഭാവി അമേരിക്കൻ മലയാളി തലമുറകൾക്ക് ഒരു വാഗ്ദാനം കൂടിയാണ്.സൗമ്യതയോടെ എല്ലാവരേയും ഒപ്പം നിർത്തി മുന്നോട്ടു പോകുന്ന ബിജു കൊട്ടാരക്കരയുടെ യാത്രയിൽ ഈശ്വര സാന്നിദ്ധ്യം കരുത്താവട്ടെ.