VAZHITHARAKAL

പാട്ടിൻ്റെ വഴികളിൽ അലക്സ് മാപ്ലേടന്‍

Blog Image
വൈദ്യശാസ്ത്രത്തിലും സംഗീത ത്തിലും ഒന്നുപോലെ അഭിരുചിയും, അസൂയാവഹമായ നിലവാരവും കാത്തുസൂക്ഷിക്കുന്ന അനേകം പ്രതിഭകളുണ്ട് 

സംഗീതത്തേക്കാള്‍ വലിയ മരുന്നൊന്നും ഭൂമിയില്‍ ഇതുവരെ കണ്ടു പിടിച്ചിട്ടില്ല. മനുഷ്യന്‍ അത്രത്തോളം ഈണങ്ങളോടും പാട്ടുകളോടും അടുത്തുപോയിരിക്കുന്നവരാണ്. ആ അടുപ്പമാണ് അലക്സ് മാപ്ലേടനെ മറ്റുള്ളവരില്‍ നിന്നെല്ലാം വ്യത്യസ്തനാക്കുന്നത്. വൈദ്യശാസ്ത്രത്തോടൊപ്പം സംഗീതത്തിനുംവേണ്ടി മാത്രം തന്‍റെ ജീവിതം മാറ്റിവെച്ച ഒരാള്‍. സംഗീതത്തോളം പ്രിയപ്പെട്ടതായി മറ്റൊന്നുമില്ലാത്തവിധം അതിലേക്ക് ആഴ്ന്നിറങ്ങിപ്പോയ ഒരാള്‍.  സംഗീതത്തിന്‍റെ  ഏറ്റവും നിഷ്കളങ്കമായതും ഭംഗിയുള്ളതുമായ  വ്യക്തിത്വം....


അലക്സ് മാപ്ലേടന്‍ ജീവിതം പറയുന്നു... ഇന്നത്തെ വഴിത്താരയില്‍

ഒരു  കലാകാരന്‍റെ ജീവിതം സന്ധിയിലാത്ത സമരങ്ങള്‍ പോലെയാണ്. ജനനം മുതല്‍ക്ക് മരണം വരേയ്ക്ക് അതില്‍ നിരന്തരമായ പോരാട്ടങ്ങളും, സഹന സീമകളും കടന്ന് പോകുന്നു. അവിടെ പ്രതിഭയുള്ളവര്‍ മാത്രം പ്രകാശിക്കപ്പെടുന്നു. അലക്സ് മാപ്ലേടന്‍ എന്ന കലാകാരന്‍റെ ജീവിതവും ഇത്തരത്തില്‍ ചേര്‍ത്ത് വായിക്കേണ്ട ഒന്നു തന്നെയാണ്. ബാല്യത്തിന്‍റെ കാല്‍പ്പാടുകളില്‍ നിന്നേറ്റ പ്രതിസന്ധികളെയെല്ലാം തന്‍റെ ഇച്ഛാശക്തികൊണ്ട് മറികടന്ന അദ്ദേഹം പഠനത്തോടൊപ്പം തന്‍റെ ജീവാത്മാവ് തന്നെയായ പാട്ടിനെയും മുറുകെപ്പിടിച്ചു ജീവിക്കുകയായിരുന്നു.
ഇന്ത്യയില്‍ നിന്നും ഫിസിയോ തെറാപ്പി, മെഡിക്കല്‍ റീഹാബിലിറ്റേഷന്‍ എന്നീ ആരോഗ്യ ശാസ്ത്ര ശാഖകളില്‍ മുംബൈയില്‍ നിന്ന് ബിരുദവും ബിരുദാനന്തര പഠനങ്ങളും 1961ല്‍ തീര്‍ത്ത് അഖിലലോക മലയാളിക്കൊരു മുന്നോടിയായി മാറിയ ഒരാള്‍ ലോക ചരിത്രങ്ങളില്‍ തന്നെ ചുരുക്കം ചിലര്‍ മാത്രമായിരിക്കും. തന്‍റെ ആയുസ്സിന് പിറകില്‍ സംഗീതത്തിന്‍റെ സ്വരമാധുര്യങ്ങള്‍ വിവരിച്ചു വച്ച മനുഷ്യനാണ് അലക്സ് മാപ്ലേടന്‍.
സംഗീതവും ചികിത്സയും ഒരുമിച്ചു പരിപാലിക്കാനാകുമോ എന്ന് ചോദിക്കുന്നവരോട് മെഡിസിനിലും മ്യൂസിക്കിലും ഒന്നുപോലെ അഭിരുചിയും, അസൂയാവഹമായ നിലവാരവും കാത്തു സൂക്ഷിക്കുന്ന അനേകം പ്രതിഭകളുണ്ടെന്നാണ് അലക്സ് അദ്ദേഹത്തിന്‍റെ മറുപടി. അതേ, സംഗീതം ചിലപ്പോഴൊക്കെ ഭൂമിയിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള ഔഷധമായി മാറാറുണ്ട്. ഒരുപക്ഷെ അലക്സിന്‍റെ പാട്ടുകള്‍ അതുപോലൊരു ധര്‍മ്മം മനുഷ്യരില്‍ നിര്‍വ്വഹിക്കുന്നത് കൊണ്ടായിരിക്കാം അദ്ദേഹം ഇന്നും മറ്റുള്ളവരില്‍ നിന്നെല്ലാം വ്യത്യസ്തനായി നിലകൊള്ളുന്നത്.
1968ല്‍ ഉപരിപഠനങ്ങള്‍ക്കായി അമേരിക്കയിലേക്ക് ചേക്കേറിയ അലക്സ് മാപ്ലേടന്‍ വയോജന ശാസ്ത്രത്തില്‍ യൂണിവേഴ്സിറ്റി ഓഫ് മിഷിഗണ്‍, യൂണിവേഴ്സിറ്റി ഓഫ് ഡിട്രോയിറ്റ് എന്നിവിടങ്ങളിലും മറ്റുമായി ബിരുദാനന്തര ബിരുദങ്ങളും മറ്റ് തുടര്‍ പഠനങ്ങളും നടത്തി. ഇപ്രകാരം ആരോഗ്യ ശാസ്ത്രത്തില്‍ അതുല്യമായ പ്രാവീണ്യം നേടി. ആദ്യം ബോംബെയിലും ന്യൂഡല്‍ഹിയിലും തുടര്‍ന്ന് അമേരിക്കയിലും അനേകായിരം ആളുകളുടെ തളര്‍ച്ച, വാതം തുടങ്ങിയ ദേഹാസ്വാസ്ഥ്യങ്ങള്‍ കരുണാപൂര്‍വ്വം പരിശോധിച്ചും, ചികില്‍സിച്ചുമായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതം കടന്നുപോയത്.

ബാല്യകാല സംഗീത ധ്വനികള്‍
കുട്ടിക്കാലം മുതല്‍ക്കേ അതിയായി പാട്ടുകളെ പ്രണയിച്ച ഒരു കുട്ടിയായിരുന്നു അലക്സ്. ഇദ്ദേഹത്തിന്‍റെ മാതാപിതാക്കള്‍ സംഗീതത്തോട് അത്രമേല്‍ സ്നേഹമുള്ളവരായിരുന്നു. ഏഴു വയസ്സുള്ളപ്പോള്‍ രണ്ടു ജേഷ്ഠന്മാര്‍ക്കൊപ്പം അന്നാട്ടില്‍ താമസമാക്കിയിരുന്ന പാമ്പാടി അബ്രഹാം ഭാഗവതരില്‍ നിന്നും കര്‍ണ്ണാടക സംഗീതത്തിന്‍റെ ആദ്യാമൃതങ്ങള്‍ നുകര്‍ന്നു കൊണ്ടാണ് അലക്സ് മാപ്ലേടന്‍റെ സംഗീതജീവിതം ആരംഭിക്കുന്നത്. എന്നാല്‍ ഗുരുവിന്‍റെ പെട്ടെന്നുള്ള മരണത്തോടെ ആ പഠനം അവസാനിപ്പിക്കുകയായിരുന്നു.
 കുട്ടികളെ അവരുടെ ഇഷ്ടങ്ങള്‍ക്ക് പിറകെ വിടുന്ന ഒരു സമ്പ്രദായം ഒന്നും അക്കാലത്ത് ഇല്ലായിരുന്നു. എല്ലാം നടന്നിരുന്നത് മാതാപിതാക്കളുടെ വാശിക്കും വീറിനും വേണ്ടിയുള്ളതായിരുന്നു. നാട്ടിന്‍ പുറങ്ങളായിരുന്നിട്ടുപോലും ഒരാള്‍ പോലും അവിടെ കുട്ടികളെ പാട്ടോ, നൃത്തമോ പഠിപ്പിക്കാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ ഇതൊന്നും അലക്സ് മാപ്ലേടന്‍ എന്ന മനുഷ്യനെ ബാധിച്ചതേയില്ല. അടുത്ത വീടുകളില്‍ നിന്ന് കേള്‍ക്കുന്ന ഗ്രാമഫോണ്‍ റെക്കോര്‍ഡുകളില്‍ നിന്നും റേഡിയോ പ്രക്ഷേപണങ്ങളില്‍ നിന്നും ചില ഹിന്ദി, മലയാളം പാട്ടുകള്‍ പാടിപ്പഠിയ്ക്കാന്‍ അദ്ദേഹം ശ്രമിച്ചു. ആ ധൈര്യമായിരുന്നു പിന്നീട് നാട്ടില്‍ നടക്കുന്ന പല പരിപാടികളിലും ആ കുട്ടിയെ പങ്കെടുക്കാന്‍ പ്രേരിപ്പിച്ചത്. ഓരോ സമ്മാനങ്ങള്‍ ലഭിക്കുമ്പോഴും അലക്സ് എന്ന കുട്ടിയുടെ സ്വപ്നങ്ങളില്‍ ഒരു വലിയ കലാകാരന്‍ ഉയര്‍ത്തെഴുന്നേറ്റുകൊണ്ടേയിരുന്നു.

സ്വപ്നങ്ങള്‍ക്ക് തണലൊരുക്കിയ
അമേരിക്കന്‍ ജീവിതം

വളര്‍ന്നു വരുന്ന ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം വേദികളും, സമ്മാനങ്ങളും അനുമോദനങ്ങളും തന്നെയാണ് അവനെ മുന്നോട്ട് നയിക്കാറുള്ളത്. അലക്സിനെയും അത്തരത്തിലുള്ള ഒരുപാട് ഘടകങ്ങള്‍ സഹായിച്ചു പോന്നു. ഇടവകപ്പള്ളിയിലെയും, ക്ഷണംകിട്ടിയ മറ്റ് ദേവാലയങ്ങളിലെയും ഭക്തിഗാനങ്ങള്‍ ആലപിച്ചുകൊണ്ട് അലക്സ് തന്‍റെ കഴിവിനെ പരമാവധി  കൂര്‍ത്ത ഒരമ്പുപോലെ വാര്‍ത്തെടുത്തു. പിന്നീട് പല വേദികളിലും പല പരിപാടികളിലുമായി പ്രേക്ഷക ശ്രദ്ധ നേടി അലക്സിന്‍റെ പാട്ടുകള്‍ മാറുകയായിരുന്നു. മുംബൈയിലെ പഠന കാലത്തും, 1961 മുതലുള്ള ന്യൂഡല്‍ഹി കാലത്തും മലയാളി അസോസിയേഷനുകള്‍ സംഘടിപ്പിക്കുന്ന വേദികളില്‍ അലക്സ് ഒരു പ്രധാന അതിഥി തന്നെയായിരുന്നു. അലക്സിന്‍റെ പാട്ടുകള്‍ അന്ന് ആ തെരുവുകളെയും, നഗരങ്ങളെയും കീഴടക്കുമായിരുന്നു.
എന്നാല്‍ തീര്‍ത്തും വ്യത്യസ്തമായിരുന്നു അമേരിക്കയിലെത്തിയ ശേഷമുള്ള അലക്സിന്‍റെ സംഗീത ജീവിതം. ഓര്‍മ്മകളില്‍ പ്രിയപ്പെട്ട നാടിനെ എപ്പോഴും സ്വപ്നം കാണുന്ന റൊമാന്‍റിക് മലയാളിക്ക് അന്ന് അലക്സിന്‍റെ പാട്ടുകളോട് വല്ലാത്ത പ്രിയം തോന്നിത്തുടങ്ങുകയും, തുടര്‍ന്ന് അലക്സ് ഒരു ലക്ഷണമൊത്ത പാട്ടുകാരനായി വളരുകയും ചെയ്തു. അമേരിക്കയാണ് അലക്സിന്‍റെ പാട്ടുവഴികള്‍ക്ക് കുടപിടിച്ചതും, തണലേകിയതുമെന്ന് പറയേണ്ടി വരും.
ഡിട്രോയിറ്റിലെ കേരള ക്ലബ്, ചിക്കാഗോയിലെ മലയാളി അസോസിയേഷന്‍ തുടങ്ങിയ സംഘടനകള്‍ നടത്തിയിരുന്ന പൊതുപരിപാടികളിലും മറ്റും അലക്സ് പിന്നീട് നിത്യസാന്നിധ്യമാകാന്‍ തുടങ്ങി. സംഗീതസന്ധ്യ, രാഗസന്ധ്യ, സംഗീത സാഗരം, കലാസന്ധ്യ, അമൂല്യ രത്നങ്ങള്‍ എന്നിങ്ങനെ അനേകം പേരുകളില്‍ അമേരിക്കയിലും, സ്വദേശത്തും സംഘടിപ്പിച്ച പരിപാടികളിലെ മുഖ്യ ആകര്‍ഷണം തന്നെ അലക്സിന്‍റെ പാട്ടുകളായിരുന്നു.
തുടര്‍ന്ന് 1990കളില്‍ ഡിട്രോയിറ്റിലെ
പ്രസിദ്ധമായ ഗീതാഞ്ജലി റേഡിയോ പ്രോഗ്രാമിന്‍റെ തല്‍ക്കാലിക അവതാരകനാകാന്‍ അലക്സിനു ക്ഷണം ലഭിച്ചു. പിന്നീട് എല്ലാ ശനിയാഴ്ചകളിലും ലാസ് വേഗാസില്‍ അലക്സ് സംഘടിപ്പിച്ച 'സംഗീത്' ന്‍റെ മാറിമാറി വന്ന പരിപാടികള്‍ക്ക് വേണ്ടി കാതോര്‍ത്തിരിക്കാന്‍ പ്രേക്ഷകര്‍ ഉണ്ടായി. ഡിട്രോയിറ്റിലെത്തുന്ന കെ.ജെ. യേശുദാസ്, പി. ജയചന്ദ്രന്‍, പി. ലീല എന്നീ ഗായകര്‍ക്ക് വേണ്ടി വേദിയും വിരുന്നുമൊരുക്കിയും സ്നേഹം പങ്കുവച്ചും സംഗീതത്തിന്‍റെ ലോകത്ത് പതിയെ അലക്സ് മാപ്ലേടന്‍ ഒരു വലിയ ഘടകമായി മാറുകയായിരുന്നു.

അലക്സ് മാപ്ലേടന്‍ ചരിത്രത്തിലേക്ക്
നടന്നു കയറുമ്പോള്‍

ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം ചരിത്രത്തില്‍ ഇടം നേടുക എന്നുള്ളത് സുപ്രധാനമാണ്. 1981 ഏപ്രില്‍ 11 ന് നടന്ന മുഹമ്മദ് റാഫി നൈറ്റ് അലക്സിനു സമ്മാനിച്ചതും ആ സുപ്രധാന നേട്ടമായിരുന്നു. 1980ല്‍ സംഗീത ലോകത്തോട് വിടപറഞ്ഞ മുഹമ്മദ് റാഫിയുടെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ സ്വന്തമായി രചിച്ച് ചിട്ടപ്പെടുത്തിയ ഒരനുസ്മരണ ഗാനം സമര്‍പ്പിച്ചു കൊണ്ട് ഒരു സംഗീത സായാഹ്നം ഡിട്രോയില്‍ ഒരുക്കിയിരുന്നു. എന്നാല്‍ പിന്നീടാണ് അലക്സും കൂട്ടരും അറിഞ്ഞത്, ലോകത്തില്‍ തന്നെ മുഹമ്മദ് റാഫിയുടെ അനുസ്മരണം ആദ്യമായി നടത്തുന്നത് ഇവിടെ, ഈ എളിയ കലാകാരന്മാരായിരുന്നുവെന്ന്. അത് അലക്സിന്‍റെ ജീവിതത്തിലെ സ്മരണാര്‍ഹമായ നേട്ടമായിരുന്നു.
1984ലായിരുന്നു മറ്റൊരു പ്രധാന സംഭവം നടക്കുന്നത്. മെയ് 15ന് നടന്ന സിംഫണി ഇന്ത്യയില്‍ മ്യൂസിക് കണ്ടക്ടര്‍ ഉള്‍പ്പെടെ 50 പശ്ചാത്യ കലാകാരന്മാരെയും 10 ഇന്ത്യന്‍ കലാകാരന്മാരെയും കോര്‍ത്തിണക്കി ഹിന്ദിയിലെയും മലയാളത്തിലെയും ചില അനശ്വര ഗാനങ്ങള്‍ സിംഫണി സ്റ്റൈലില്‍ അലക്സിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരുന്നു.


പിന്നീട് 1986ല്‍ ശ്യാം എ തരന്നും എന്ന പേരില്‍ ഡിട്രോയിറ്റ് നഗരത്തിലെയും, സമീപ പ്രദേശങ്ങളിലെയും പാക്കിസ്ഥാനി സുഹൃത്തുക്കള്‍ക്ക് വേണ്ടി അലക്സും ഷൈലയും ചേര്‍ന്ന് പാടി. ഇതിന്‍റെ സന്തോഷം പ്രകടിപ്പിക്കാന്‍ അന്ന് ഇരുവര്‍ക്കും പാക്കിസ്ഥാനി സുഹൃത്തുക്കള്‍ നല്‍കിയത് വലിയ സ്വീകരണമാണ്.
പാട്ടുകളില്‍ പ്രകടമാകുന്ന പാശ്ചാത്യരീതി തന്നെയായിരുന്നു അലക്സിന്‍റെ പാട്ടുകളെ ആകര്‍ഷണീയമാക്കിയത്.  

പ്രസിദ്ധീകരണ രംഗത്തേക്ക്
പുതിയ കാല്‍വെയ്പ്പുകള്‍

കാലം മാറുന്നതിനനുസരിച്ചു കലാകാരനും മാറിയേ തീരൂ, അതുകൊണ്ട് പാട്ടുകളുടെ പ്രസിദ്ധീകരണം എന്ന നിലയിലേക്ക് അലക്സ് വളരുകയായിരുന്നു. ചെയ്യുന്നതെല്ലാം എവിടെയെങ്കിലും ഭദ്രമായി എടുത്ത് വയ്ക്കേണ്ടതുണ്ട് എന്ന സ്വയം തോന്നലും, ആസ്വാദകരുടെ അഭ്യര്‍ത്ഥനയും പാട്ടുകളുടെ പ്രസിദ്ധീകരണം എന്ന നിലയിലേക്ക് അലക്സിനെ വളര്‍ത്തി. എല്ലാ പ്രസിദ്ധീകരണങ്ങളിലെയും ഒറിജിനല്‍ പാട്ടുകള്‍ എല്ലാംതന്നെ പ്രേക്ഷകരെ വല്ലാതെ തൃപ്തിപ്പെടുത്തി പഴയകാല ഗാനങ്ങളെ പുതിയ മാതൃകയില്‍ ഉടച്ചു വാര്‍ത്ത് പുറത്തെടുത്തപ്പോള്‍ അത് വലിയൊരു സ്വീകാര്യമായ കലയായി മാറുകയായിരുന്നു.
1986ല്‍ അവിചാരിതമായി അലക്സ് തുടങ്ങിവച്ച റെക്കോര്‍ഡിംഗ്സ് ഇപ്പോള്‍ മുന്നൂറിലധികം ഹിന്ദി മലയാളം പാട്ടുകളില്‍ എത്തി നില്‍ക്കുന്നു. ചില സമാഹാരങ്ങള്‍ക്ക് വേണ്ടിയുള്ള മിനുക്കു പണികള്‍ ഇപ്പോള്‍ അലക്സ് തുടരുന്നുമുണ്ട്. ഇതിനോടകം തന്നെ 24 ഓഡിയോ സിഡികളും, 4 വീഡിയോ സിഡികളും അലക്സിന്‍റെ സമ്പാദ്യമായി നീക്കിയിരിപ്പുണ്ട്. 
സിനിമാ ഗാനരചയിതാക്കളുടെ ഗാനങ്ങള്‍ക്കൊപ്പം തന്നെ ഒ.എന്‍.വി, ഡോ. ചെറിയാന്‍ കുനിയന്തോടത്ത്, ഷാജി ഇല്ലത്ത് തുടങ്ങി അനേകം പേരുടേതാണ് ഗാനങ്ങളായി അലക്സ് തിരഞ്ഞെടുത്തിരിക്കുന്നത്.


വാണി ജയറാം, കെ.എസ്. ചിത്രയും, സുജാതയുമടക്കമുള്ള മലയാളത്തിന്‍റെ പ്രിയപ്പെട്ട ഗായികമാര്‍ക്കൊപ്പം ഹിന്ദിയിലും മലയാളത്തിലും യുഗ്മഗാനങ്ങള്‍ പാടാന്‍ അവസരം ലഭിച്ച മറ്റൊരാള്‍ ഉണ്ടോ എന്ന് പോലും സംശയിക്കത്തക്ക വിധത്തിലായിരുന്നു അലക്സിന്‍റെ വളര്‍ച്ച.
മലയാളത്തില്‍ 14ഉം ഹിന്ദിയില്‍ 10ഉം ഗാന സമാഹാരങ്ങള്‍ അലക്സ് മാപ്ലേടന് ഇപ്പോള്‍ സ്വന്തമായിട്ടുണ്ട്. അവയുടെ പേരുകള്‍ എല്ലാം തന്നെ ഉള്ളടക്കത്തോട് ചേര്‍ന്ന് നില്‍ക്കുന്നത് കൊണ്ട് തന്നെ പ്രേക്ഷകന് പെട്ടെന്ന് പാട്ടുകളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ സാധിക്കും. അഞ്ജലി, ആവണി ചന്ദ്രിക, നസ്രാണിപ്പാട്ടുകള്‍, വെണ്‍മുത്ത്, മരിയ ഗാനാര്‍ച്ചന, എന്‍റെ അഭയം, പ്യാര്‍ കര്‍ലേ, ഛല്‍കി ചാന്ദ്നി, മലയാള ശീലുകള്‍, ഈശ്വര ധ്യാനം, ഭക്തിഗീതങ്ങള്‍, ഹോം ഏജ്, മുഹമ്മദ് റഫി, ഏജ്ലെസ്  ഹിന്ദി മെലഡീസ്, മെമ്മറബിള്‍ ഹിന്ദി മെലഡീസ് എന്നിവയാണ് അലക്സ് മാപ്ലേടന്‍റെ പ്രധാനപ്പെട്ട ഗാന സമാഹാരങ്ങള്‍.
ഭൂമിയില്‍ നിന്നും എന്ത് നഷ്ടപ്പെട്ടാലും കലയും കലാകാരനും എന്നും അവശേഷിക്കും. ഹൃദയത്തില്‍ തൊടുന്ന അനേകം പാട്ടുകളെ ഇനിയും സൃഷ്ടിച്ച് പരിപാലിക്കാന്‍ അലക്സ് മാപ്ലേടന് ആയുര്‍ ആരോഗ്യങ്ങള്‍ ഉണ്ടാകട്ടെ. സംഗീതത്തിന്‍റെ സമസ്യഭാവങ്ങളിലും അദ്ദേഹം തിളങ്ങി നില്‍ക്കട്ടെ.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.