VAZHITHARAKAL

ഡോ.ബീന വള്ളിക്കളം: മാതൃകയാക്കാവുന്ന പെൺകരുത്ത്

Blog Image
ആരോഗ്യ സംരക്ഷണത്തിൻറെ ഹൃദയമാണ് ഒരു നേഴ്‌സ് 

ഒരിക്കലും കഠിനമാകാത്ത ഹൃദയം, ഒരിക്കലും തളരാത്ത മനോവീര്യം, ഒരിക്കലും വേദനിപ്പിക്കാത്ത സ്പര്‍ശനം. ഒരു ആരോഗ്യ പ്രവര്‍ത്തകയെ ഈ മൂന്ന് വാക്കില്‍ നിര്‍വചിക്കാം. എന്തെന്നാല്‍ ഒരു ലക്ഷ്യത്തിനായി മാത്രം പ്രവര്‍ത്തിക്കുകയും അവരുടെ സാന്നിദ്ധ്യം കൊണ്ട് ചില ജീവിതങ്ങള്‍ക്ക്  വെളിച്ചം നല്‍കാന്‍ നേഴ്സിംഗ് സമൂഹത്തിന് സാധിക്കും. ആ സമൂഹത്തിനുള്ളില്‍ നിന്നുകൊണ്ട് അവരുടെ എല്ലാ പ്രശ്നങ്ങളിലേക്കും, വിഷമങ്ങളിലേക്കും, സന്തോഷങ്ങളിലേക്കും കടന്നു ചെന്ന് സ്വയം മാതൃകയായ ഒരു വ്യക്തിത്വമുണ്ട്  ചിക്കാഗോയില്‍. ഡോ. ബീന വള്ളിക്കളം.

ദേവസ്യ - ബ്രിജിത്ത് അദ്ധ്യാപക ദമ്പതികളുടെ
സമര്‍പ്പിത ജീവിതം.

ഏതൊരു വ്യക്തിയുടെയും വിജയത്തിന്‍റെ തുടക്കം മാതാപിതാക്കളില്‍ നിന്ന് തുടങ്ങുന്നു എന്ന് കേള്‍ക്കുമ്പോള്‍ നമുക്കൊരു സന്തോഷമുണ്ടാവില്ലേ? കോഴിക്കോട് ചെമ്പ്രയില്‍ (കുളത്തുവയല്‍) അദ്ധ്യാപക ദമ്പതികളായ സി. വി. ദേവസ്യ ചിറയാത്തിന്‍റെയും (റിട്ടയേര്‍ഡ് ഹെഡ്മാസ്റ്റര്‍), കെ.വി. ബ്രിജിത്തിന്‍റേയും (റിട്ടയേര്‍ഡ് ഹെഡ്മിസ്ട്രസ്) മകളായി ജനനം. നാട്ടുകാരുടെ സ്വന്തം മാസ്റ്ററായ ദേവസ്യ മാസ്റ്ററുടെ കൈയൊപ്പ് നാടിന്‍റെ വളര്‍ച്ചയില്‍ എപ്പോഴും ഉണ്ടായിരുന്നു. നാട്ടുകാര്‍ക്ക് അപേക്ഷകള്‍ തയ്യാറാക്കി കൊടുക്കുവാനും, ഉപദേശങ്ങള്‍ തേടുവാനുമൊക്കെ നിരവധി ആളുകള്‍ വരുന്ന ഇടംകൂടിയായിരുന്നു വീട്. മികച്ച അദ്ധ്യാപകന്‍, വാഗ്മി എന്നീ നിലകളില്‍ പ്രശസ്തനായ ദേവസ്യ മാസ്റ്ററും, ബ്രിജിത്ത് ടീച്ചറും പകര്‍ന്നു നല്‍കിയ നന്മയുടെ പാഠങ്ങള്‍ തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ സ്വായത്തമാക്കിയതുപോലെ സ്വന്തം മക്കളും ഹൃദയത്തോട് ചേര്‍ത്തുപിടിച്ചു. നാല് പെണ്‍മക്കളും ആ പാഠങ്ങളുടെ നിറവിലാണ് ജീവിതത്തിന്‍റെ അടിത്തറ പടുത്തുയര്‍ത്തിയത്. ജീവിതത്തില്‍ അസുഖങ്ങളുടെ പരീക്ഷണഘട്ടങ്ങളിലൂടെ കടന്നുപോയപ്പോള്‍ അസാധാരണ ആത്മധൈര്യം കൈമുതലാക്കി അചഞ്ചല ദൈവവിശ്വാസം പ്രകടിപ്പിച്ച ആ മാതാപിതാക്കള്‍ മക്കള്‍ക്ക് ജീവിതത്തില്‍ എന്തിനെയും നേരിടാനുള്ള കരുത്താണ് നല്‍കിയത്.

പഠനവഴികളിലെ തിളക്കങ്ങള്‍
കുളത്തുവയല്‍ സെന്‍റ്ജോര്‍ജ് സ്കൂളിലായിരുന്നു ഡോ. ബീന വള്ളിക്കളത്തിന്‍റെ സ്കൂള്‍ വിദ്യാഭ്യാസം. ഒരു വ്യക്തിയുടെ വളര്‍ച്ചയുടെ പ്രാഥമിക ഘട്ടത്തില്‍ ലഭിക്കുന്ന പിന്തുണ പ്രധാനമായും യു.പി. ഹൈസ്കൂള്‍ പഠനകാലങ്ങളിലാണ്. ഇവിടെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും, സ്കൂളും, സ്കൂള്‍ പരിസരവും ബീനയുടെ വളര്‍ച്ചയുടെ നാഴികക്കല്ലായി. അമ്മാവന്‍ വെട്ടുവഴിയില്‍ വി.വി. തോമസിന്‍റെ (ദീര്‍ഘകാലം കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്‍റ് ആയിരുന്നു) മാര്‍ഗനിര്‍ദ്ദേശങ്ങളും ബീനയുടെ ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
സുഹൃത് ബന്ധങ്ങള്‍ക്ക് ഏറെ വില കല്‍പ്പിക്കുന്ന ബീന ഇന്നും തന്‍റെ സ്കൂള്‍തലം മുതലുള്ള സുഹൃത്തുക്കളും അദ്ധ്യാപകരുമായി വ്യക്തിബന്ധം കാത്തുസൂക്ഷിക്കുന്നു. സഹപാഠിയും ആത്മ സുഹൃത്തുമായ ഈരൂരിക്കല്‍ ഗീതാ സണ്ണി ചിക്കാഗോയില്‍ ഉണ്ടെന്നുള്ളത് ഏറെ സന്തോഷം നല്‍കുന്നു. 
എല്ലായിടത്തും ഒന്നാമതെത്താന്‍ ബീനയ്ക്ക് കഴിഞ്ഞത് മാതാപിതാക്കള്‍ നല്‍കിയ ഒരു ഉപദേശം കൂടിയായിരുന്നു. 'ആരെയും തോല്‍പ്പിക്കാനല്ല മറിച്ച് മറ്റുള്ളവര്‍ക്ക് മാതൃകയാവാനുള്ള അവസരങ്ങള്‍ വിനിയോഗിക്കുക' എന്ന വലിയ പാഠം.
പ്രസംഗം, ഉപന്യാസരചന, കഥ, കവിതാ രചന, നൃത്തം, സംഗീതം തുടങ്ങി സ്കൂള്‍ യുവജനോത്സവങ്ങളിലെ സ്കൂള്‍, സബ്ജില്ല, ജില്ലാ താരമായി വളര്‍ന്നപ്പോഴും പഠനത്തിലും ബീന ഒന്നാം സ്ഥാനത്ത് തന്നെ. എല്‍.പി, യു.പി. ക്ലാസുകളില്‍ എല്‍.എസ്.എസ്, യു.എസ്.എസ്. സ്കോളര്‍ഷിപ്പുകളില്‍ തുടങ്ങുന്ന അക്കാദമിക്ക് വിജയം, ജില്ലാതല പൊതുവിജ്ഞാന, ഗണിതശാസ്ത്ര ക്വിസ് മത്സരങ്ങളുടെ വിജയം, എട്ട്, പത്ത് ക്ലാസുകളില്‍ രൂപതാ തലത്തില്‍ മതബോധനം, സന്മാര്‍ഗപാഠം വിഷയങ്ങളില്‍ ഒന്നാം സ്ഥാനം, സയന്‍സ് വിഷയങ്ങളില്‍ ഒന്നാംസ്ഥാനം, ആകാശവാണി ദേശീയതലത്തില്‍ നടത്തിയ പ്രസംഗ മത്സര വിജയത്തിളക്കം ഇവയെല്ലാം പാഠ്യപാഠ്യേതര വിഷയങ്ങളുടെ പൊന്‍തൂവല്‍ ആയി മാറി. എസ്.എസ്.എല്‍.സിക്ക് ഉയര്‍ന്ന മാര്‍ക്ക് വാങ്ങി തൃശൂര്‍ സെന്‍റ് മേരീസ് കോളജില്‍ പ്രീഡിഗ്രി പഠനത്തിനായി ചേര്‍ന്നപ്പോള്‍ മനസ്സില്‍ മാതാപിതാക്കളെ പോലെ അദ്ധ്യാപനരംഗത്തേക്ക് കടക്കണമെന്നായിരുന്നു മോഹം. വിദ്യാര്‍ത്ഥിയെ ബഹുമാനിക്കുന്നതിലാണ് വിദ്യാഭ്യാസത്തിന്‍റെ രഹസ്യം എന്ന് പഠിപ്പിച്ച മാതാപിതാക്കളുടെ വഴി സ്വന്തം ജീവിതത്തിലും കൂട്ടാന്‍ തീരുമാനിച്ചതില്‍ അത്ഭുതമില്ല.

ജീവിതത്തിലെ വഴിത്തിരിവായി ആതുരസേവനം
ചില നിയോഗങ്ങള്‍, ചില ഉള്‍വിളികള്‍ നമ്മെ കൊണ്ടെത്തിക്കുന്നത് നമ്മള്‍ ഉദ്ദേശിക്കുന്ന ഇടത്തായിരിക്കില്ല. ഒരുപക്ഷെ അതിനേക്കാള്‍ വ്യത്യസ്തമായ ഒരിടത്തേക്ക് എന്ന് കാലം പറയും പോലെ ബീനയുടെ ജീവിതത്തിലും ഒരു പുതിയ ഇടം കാത്തിരിക്കുകയായിരുന്നു. സയന്‍സ് വിഷയങ്ങളില്‍ എണ്‍പത്തിയഞ്ച് ശതമാനം മാര്‍ക്ക് വാങ്ങി ഗണിത ശാസ്ത്രവും സ്റ്റാറ്റിസ്റ്റിക്സും  ഐച്ഛിക വിഷയമായി കോഴിക്കോട് പ്രോവിഡന്‍സ് കോളജില്‍ ബി.എസ്.സിക്ക് ചേര്‍ന്നു. അപ്പോഴാണ് ബി.എസ്.സി. നഴ്സിംഗ് പഠിക്കുവാന്‍  മെഡിക്കല്‍  പ്രവേശന പരീക്ഷയില്‍ സെലക്ഷന്‍ ലഭിച്ചത്. ജീവിതത്തിലെ ഒരു പ്രധാന വഴിത്തിരിവായി ആ സംഭവം. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ബി.എസ്.സി നേഴ്സിംഗ് പ്രോഗ്രാമില്‍ ഒന്നാം റാങ്കോടെ വിജയം. യാതൊരു ബോധ്യവുമില്ലാതെ, തയ്യാറെടുപ്പുമില്ലാതെ തുടങ്ങിയ പഠനം ഒരു ദൈവനിയോഗം പോലെ ആതുര സേവനമെന്ന മഹത്തായ വീഥിയിലേക്ക് ബീനയെ ക്ഷണിക്കുകയായിരുന്നു. ഹൃദയം കൊണ്ട് സ്വീകരിക്കുകയായിരുന്നു ബീന തന്‍റെ പുതിയ ദൗത്യത്തെ. മംഗലാപുരം ഫാ. മുള്ളേഴ്സ് കോളജ്, കണ്ണൂര്‍ കൊയിലി ഹോസ്പിറ്റല്‍ നഴ്സിംഗ് സ്കൂള്‍ എന്നിവിടങ്ങളില്‍ നിന്നും നേടിയ പ്രവര്‍ത്തന പരിചയം വളരെ വലുതായിരുന്നു. ലക്ചറര്‍, സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍, ഇടക്കാലത്ത് ആശുപത്രിയുടെ ചുമതലകള്‍ ഒക്കെ ഇരുത്തം വന്ന ഒരു ആരോഗ്യ പ്രവര്‍ത്തകയിലേക്ക് ബീനയെ മാറ്റി.


ജീവിതത്തിന്‍റെ മറ്റൊരു ട്വിസ്റ്റ്: അമേരിക്കയിലേക്ക്
ചങ്ങനാശേരി സ്വദേശി ചിക്കാഗോയിലുള്ള അനിയന്‍കുഞ്ഞ് വള്ളിക്കളവുമായുള്ള വിവാഹത്തോടെ അമേരിക്കന്‍ കുടിയേറ്റത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. സി.ജി.എഫ്.എന്‍.എസ് പരീക്ഷാ വിജയവും അന്നത്തെ കുടിയേറ്റ കടമ്പകളും കടക്കാന്‍ ഫാ. മാത്യു കുന്നത്തിന്‍റെ സഹായവും തുണയായി. അമേരിക്കയിലെത്തിയപ്പോഴും ബീനയെ സഹായിക്കുവാന്‍ സാമൂഹിക പ്രവര്‍ത്തകയായ മറിയാമ്മ പിള്ളയെ പോലെ ഒരാള്‍ ഉണ്ടായത് ഏറെ ഗുണം ചെയ്തുവെന്നും ബീന പറയുന്നു. ചിക്കാഗോയില്‍ ഒരു ജോലി ലഭിക്കുന്നതിനായുള്ള മറിയാമ്മ പിള്ളയുടെ സഹായം ഒരിക്കലും മറക്കുവാന്‍ സാധിക്കില്ല. ജീവിതത്തിന്‍റെ നിര്‍ണ്ണായക ഘട്ടങ്ങളില്‍ ലഭിക്കുന്ന സഹായങ്ങള്‍ എപ്പോഴും ഓര്‍മ്മിക്കണം എന്നാണ് ബീനയുടെ പക്ഷം.
ഗ്ലെന്‍വ്യു ടെറസ്, സ്വീഡിഷ് കവനെന്‍റ്, റെസ്റക്ഷന്‍ മെഡിക്കല്‍ സെന്‍റെര്‍, ലൂഥറന്‍ ജനറല്‍ ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലെ ജോലികള്‍ വൈവിദ്ധ്യങ്ങളുടെ ദിനങ്ങളാണ് സമ്മാനിച്ചത്. അദ്ധ്യാപികയാകാന്‍ ആഗ്രഹിച്ച് ആരോഗ്യ പ്രവര്‍ത്തകയും അദ്ധ്യാപികയും, കണ്‍സള്‍ട്ടന്‍റും, ട്രയിനറും ഒക്കെയായി മാറിയ ബീന വള്ളിക്കളം ഒരു കരിയറും അഭിനിവേശവും ഒരുമിച്ചാല്‍ ലഭിക്കുക ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങള്‍ ആണെന്ന് നമുക്ക് കാട്ടിത്തരികയാണ്. കഴിഞ്ഞ 21 വര്‍ഷമായി കുക്ക് കൗണ്ടി ഹെല്‍ത്തില്‍ ജോലി ചെയ്യുമ്പോള്‍ നിരവധി തസ്തികകളാണ് ബീനയെ തേടിയെത്തിയത്. കേസ് മാനേജര്‍, ലൈഫ് സപ്പോര്‍ട്ട് ട്രയിനിംഗ് സെന്‍റെര്‍ ഡയറക്ടര്‍, ഒ1ആ, ഖ1 വിസ കണ്‍സള്‍ട്ടന്‍റ്, എന്‍ഡോക്രൈനോളജി ആന്‍ഡ് ഡയബറ്റിസ് ക്ലിനിക് മാനേജര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ കുക്ക് കൗണ്ടി ഹെല്‍ത്ത് സിസ്റ്റത്തിലെ പ്രൊഫഷണല്‍ ഡവലപ്പ്മെന്‍റ് ആന്‍ഡ് എഡ്യൂക്കേഷന്‍ ഡയറക്ടറാണ്.


സീറോ മലബാര്‍ കമ്മ്യൂണിറ്റിയും കള്‍ച്ചറല്‍
അക്കാദമിയും

മനുഷ്യന്‍റെ ജീവിതത്തില്‍ അടിസ്ഥാനപരമായ മാറ്റമുണ്ടാക്കാന്‍ കഴിയുന്ന ചില വസ്തുതകള്‍ ഉണ്ട്. അതിലൊന്നാണ് സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍. മാതാപിതാക്കളില്‍ നിന്ന് പഠിച്ച ഈ പാഠങ്ങള്‍ക്ക് ഊടും പാവും നല്‍കാന്‍ ഭര്‍ത്താവ് അനിയന്‍ കുഞ്ഞ് വള്ളിക്കളം ബീനയെ സഹായിച്ചു. സീറോ മലബാര്‍ സഭാ വിശ്വാസികളായ ഇരുവരും കമ്മ്യൂണിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ ചിക്കാഗോയിലെ സാംസ്കാരിക സാമൂഹ്യ നിറ സാന്നിദ്ധ്യങ്ങളാണ്.
ബീന വള്ളിക്കളം രൂപം നല്‍കിയ ശ്രദ്ധേയമായ പ്രസ്ഥാനമാണ് സീറോ മലബാര്‍ കത്തീഡ്രലിന്‍റെ  കീഴിലുള്ള കള്‍ച്ചറല്‍ അക്കാദമി. രണ്ട് വ്യത്യസ്ത ടേമുകളിലായി ആറ് വര്‍ഷം അക്കാദമിയുടെ ഡയറക്ടറായി ബീന സേവനമനുഷ്ഠിച്ചു. എല്ലാ കലാ രൂപങ്ങളേയും ഒരു കുടക്കീഴില്‍ അവതരിപ്പിക്കുക, പഠിപ്പിക്കുക എന്നതായിരുന്നു അക്കാദമിയുടെ ലക്ഷ്യം. ജീവിതത്തിരക്കുകള്‍ക്കിടയില്‍ ഒരു സാംസ്കാരിക  മുന്നേറ്റം എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഈ പ്രസ്ഥാനത്തില്‍   സ്ഥിരോത്സാഹമുള്ള ഒരു പുതിയ ടീമിനെ പരിശീലിപ്പിച്ചെടുക്കുവാനും ബീന മറന്നില്ല. 2005 ല്‍ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് തന്‍റെ അറുപതാം ജന്മദിനത്തോടനുബന്ധിച്ച് അക്കാദമിയുടെ പ്രവര്‍ത്തനോദ്ഘാടനം നടത്തി. നിരവധി സാംസ്കാരിക പരിപാടികള്‍ക്ക് തുടക്കം കുറിക്കുകയും രക്ഷകര്‍ത്താക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അക്കാദമി ഒരു സാംസ്കാരിക മാതൃകയായി മാറുകയും ചെയ്തു. സീറോ മലബാര്‍ കത്തീഡ്രല്‍  പബ്ലിക് റിലേഷന്‍ ഓഫീസര്‍, മതബോധന  അദ്ധ്യാപിക, ചിക്കാഗോ സീറോ മലബാര്‍ രൂപത മീഡിയ സെല്‍ സെക്രട്ടറി, വിമന്‍സ് ഫോറം അംഗം എന്നീ നിലകളിലെല്ലാം സജീവമായ പ്രവര്‍ത്തനം കാഴ്ചവച്ച ബീന സഭയിലെ വനിതകള്‍ക്ക് ഒരു മാതൃക കൂടിയാവുന്നു.


അമേരിക്കന്‍ പഠനവും , നഴ്സിംഗ്
അംഗീകാരങ്ങളും

അമേരിക്കയില്‍ എത്തിയ ശേഷവും പഠനം തുടര്‍ന്ന ബീന നഴ്സിംഗ് ലീഡര്‍ഷിപ്പ് ആന്‍ഡ് അഡ്മിനിസ്ട്രേഷന്‍, അഡല്‍റ്റ് എഡ്യൂക്കേഷന്‍ എന്നിവയില്‍ മാസ്റ്റേഴ്സ് ബിരുദവും വിദ്യാഭ്യാസത്തില്‍ ഡോക്ടറേറ്റും സ്വന്തമാക്കി. ഹെല്‍ത്ത് കെയര്‍ മാനേജ്മെന്‍റില്‍ എം.ബി.എ പഠനം ഇപ്പോള്‍ തുടരുന്നു. ഡോക്ടറേറ്റ് നേടുക എന്ന തന്‍റെ ദീര്‍ഘകാല സ്വപ്നം പൂവണിഞ്ഞതിന്‍റെ നിറവിലാണിപ്പോള്‍ ഡോ. ബീന വള്ളിക്കളം.
ഔദ്യോഗിക ജീവിതത്തിനൊപ്പം നേഴ്സിംഗ് മേഖലയിലെ സംഘടനാ പ്രവര്‍ത്തനങ്ങളിലും ബീന സജീവമാണ്. ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിസിന്‍റെ (കചഅക) പ്രസിഡന്‍റ്, നൈനയുടെ (നാഷണല്‍ അസ്സോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നേഴ്സസ് ഇന്‍ അമേരിക്ക) വൈസ് പ്രസിഡന്‍റ്, പി.ആര്‍. ഒ, ന്യൂയോര്‍ക്ക്, ഡാളസ്, ഫ്ളോറിഡ, ചിക്കാഗോ എന്നിവിടങ്ങളില്‍ സംഘടിപ്പിക്കപ്പെട്ട നാഷണല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് ലീഡര്‍ഷിപ്പ് കോണ്‍ഫ്രന്‍സില്‍ പങ്കാളിത്തവും വിഷയാവതരണവും, കചഅകല്‍ വിദ്യാഭ്യാസം, സേവനം, ചാരിറ്റി എന്നീ മേഖലകളിലുള്ള പ്രവര്‍ത്തനങ്ങള്‍, കമ്യൂണിറ്റി ഔട്ട് റീച്ച് പ്രോഗ്രാം സംഘാടനം, ആരോഗ്യ മേള സംഘടിപ്പിക്കല്‍, അജച ഫോറത്തിന് തുടക്കം, എഡ്യൂക്കേഷന്‍ ഫാര്‍മക്കോളജി കോണ്‍ഫറന്‍സ് സംഘാടനം, ഹെല്‍ത്ത് കെയര്‍ മേഖലയില്‍ അല്ലാത്തവര്‍ക്കായുള്ള ഇജഞ ട്രയിനിംഗ് പ്രോഗ്രാമുകള്‍ എന്നിവയുടെ സംഘാടനം, സുവനീറുകളുടെ പ്രസിദ്ധീകരണം തുടങ്ങിയ വൈവിദ്ധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ബീന നേതൃത്വം കൊടുത്തു. കേരള ബി.എസ്.സി നഴ്സിംഗ് സ്റ്റുഡന്‍റ്സ് അസോസിയേഷന്‍, സ്റ്റുഡന്‍റ്സ് നേഴ്സിംഗ് അസോസിയേഷന്‍ എന്നിവയിലെ എക്സിക്യൂട്ടീവ് സ്ഥാനങ്ങള്‍ പഠനകാലത്ത് തന്‍റെ പ്രവര്‍ത്തന മികവിന് തേടിയെത്തിയ അംഗീകാരങ്ങള്‍ ആണ്.

 
സാമൂഹിക പ്രവര്‍ത്തനത്തിലെ പങ്കാളിത്തം
മാതാപിതാക്കള്‍ നല്‍കിയ സേവനപാഠം സാമൂഹിക സേവനരംഗത്തും ഡോ. ബീന വള്ളിക്കളത്തെ ഒരു പ്രതിരൂപമാക്കി മാറ്റി. ഫോമയുടെ തുടക്കം മുതല്‍ സജീവ സാന്നിദ്ധ്യം, റീജിയണല്‍ വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍, ദേശീയ വനിതാ ഫോറം അംഗം, നാഷണല്‍ വിമന്‍സ് ഫോറം വൈസ് ചെയര്‍പേഴ്സണ്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഡോ. സാറാ ഈശോയോടൊപ്പം കേരളത്തിലെ നേഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു സ്കോളര്‍ഷിപ്പ് പ്രോഗ്രാം ആരംഭിക്കുവാന്‍ കഴിഞ്ഞത് കേരളത്തിലെ നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ആവേശമായി മാറ്റുവാന്‍ സാധിച്ചു. ചിക്കാഗോയില്‍ നടന്ന ഫോമാ നേഴ്സസ് കോണ്‍ഫറന്‍സില്‍ നിരവധി വ്യക്തികളുടെ അഭിനന്ദനങ്ങള്‍ക്ക് പാത്രമാകുവാനും ഈ പ്രവര്‍ത്തനങ്ങളിലൂടെ ബീനയ്ക്ക് സാധിച്ചു. സാമൂഹിക പ്രവര്‍ത്തനരംഗത്ത് തന്‍റെ പിന്മുറക്കാരായി നിരവധി വനിതകള്‍ കടന്നു വരുന്നതില്‍ ബീനയ്ക്ക് സന്തോഷമുണ്ട്. ഇന്‍ഡോ അമേരിക്കന്‍ ഡമോക്രാറ്റിക് അസോസിയേഷന്‍റെ വാര്‍ഷിക സമ്മേളനങ്ങളിലെ സ്ഥിരം സാന്നിദ്ധ്യവും നിരവധി പരിപാടികളിലും പങ്കെടുക്കുന്ന ബീന വിവിധ പരിപാടികളുടെ അവതാരകയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരക്കേറിയ ജീവിതത്തിനിടയിലും സിനിമ, യാത്ര, കുടുംബത്തോടൊപ്പം വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുക, ഓരോ നാടിന്‍റേയും സാംസ്കാരിക പാരമ്പര്യങ്ങള്‍ മനസിലാക്കുക, അവ പങ്കു വയ്ക്കുക എന്നിവയെല്ലാം ഹോബികളാണ്. ഇന്ത്യന്‍ സമൂഹത്തിന്‍റെ നന്മ മറ്റു സംസ്കാരങ്ങളെ ഉള്‍ക്കൊള്ളലാണ്. അതു കൊണ്ടാണ് ഇന്ത്യന്‍ ജനതയ്ക്ക് ലോകത്തിന്‍റെ ഏത് ഭാഗങ്ങളില്‍നിന്നും അംഗീകാരങ്ങള്‍ തേടിയെത്തുന്നതെന്നും ബീന വള്ളിക്കളം പറയുന്നു.


താങ്ങും തണലുമായി കുടുംബം
പൈതൃകവഴിയുടെ നന്മകള്‍ ഒരു വ്യക്തിയുടെ വിവിധ തലമുറകള്‍ക്ക് തണലാകും എന്നതിന്‍റെ ഉദാഹരണമാണ് ബീനയുടെ കുടുംബം.
ഭര്‍ത്താവ് അനിയന്‍കുഞ്ഞ് വള്ളിക്കളം ചിക്കാഗോ സിറ്റിയില്‍ വ്യോമയാന വകുപ്പില്‍ ഓപ്പറേറ്റിംഗ് എഞ്ചിനീയറാണ്. മകന്‍ ജോ വള്ളിക്കളം ഫിനാന്‍സ്, എം.ഐ.എസ് (മാനേജ്മെന്‍റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ്) എന്നിവയില്‍ ഇരട്ട ബിരുദം പൂര്‍ത്തിയാക്കിയശേഷം സീനിയര്‍ അനലിസ്റ്റായി ജോലിചെയ്യുന്നു. നഴ്സിംഗില്‍ ബിരുദാനന്തര ബിരുദവും ഹെല്‍ത്ത്കെയര്‍ മാനേജ്മെന്‍റില്‍ ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയശേഷം മകള്‍ ട്രേസി മെന്‍റല്‍ ഹെല്‍ത്ത് നഴ്സ് ആയി ജോലിചെയ്യുന്നു. ഭര്‍ത്താവ് പബ്ലിക്ക് അക്കൗണ്ടന്‍റായ സാന്‍ഡി ചാവടിയില്‍ ഇജഅ.
ഭര്‍ത്താവ് അനിയന്‍കുഞ്ഞിന്‍റെ മാതാപിതാക്കള്‍ പരേതനായ വള്ളിക്കളം വര്‍ഗീസ് ജോസഫ്, ത്രേസ്യ വള്ളിക്കളം എന്നിവരാണ്. സഹോദരങ്ങള്‍ പരേതനായ സാബു & ജൈനമ്മ വള്ളിക്കളം, രാജന്‍ & സൂസന്‍ വള്ളിക്കളം, സണ്ണി & ടെസി വള്ളിക്കളം ജോഷി & ജൂബി വള്ളിക്കളം, സൂസന്‍ & ജോസ് ചാമക്കാല ഇജഅ എന്നിവരാണ്. ഈ വലിയ കുടുംബത്തെ അമേരിക്കയിലെത്തിച്ച മരുവത്തറ അലക്സ് അങ്കിള്‍, അച്ചാമ്മ ആന്‍റി എന്നിവരെ  ബീനയും കുടുംബവും നന്ദിയോടെ അനുസ്മരിക്കുന്നു.
ബീനയുടെ മൂത്ത സഹോദരി ഡോ. ലത ബാസ്റ്റിന്‍ (റിട്ട. പ്രൊഫസര്‍ കാര്‍ഷിക കോളജ്) ഭര്‍ത്താവ് ലൂക്കോസ് ജോസ് (റിട്ട. പ്രൊഫസര്‍ കാഞ്ഞങ്ങാട് നെഹൃ കോളജ്), രണ്ടാമത്തെ സഹോദരി സുമ, ഭര്‍ത്താവ് അഗസ്റ്റിന്‍ (ബേബി) ചെമ്പുകെട്ടിക്കല്‍ (ഇരുവരും റിട്ട. അദ്ധ്യാപകര്‍), ഇളയ അനുജത്തി ബിന്ദു, ഭര്‍ത്താവ് ബിജു കീമറ്റത്തില്‍ (ഇരുവരും അദ്ധ്യാപകര്‍). സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സ് & കസ്റ്റംസ് റിട്ട. ചെയര്‍മാന്‍ ഡോ. ജോണ്‍ ജോസഫ്, ചൈത്ര തെരേസ ജോണ്‍ കജട, അലന്‍ ജോണ്‍ കജട, ജോസി ചെറിയാന്‍ ഉഥടജ, ജോര്‍ജ് ആഞ്ചലോ ഇഋഛ, ബിസ്ലേരി ഇന്‍റര്‍ നാഷണല്‍ എന്നിവര്‍ അടുത്ത ബന്ധുക്കളാണ്. പുതുതലമുറയ്ക്ക് പാഠമായി ബന്ധുബലം ആത്മബലം ആണെന്ന പഴമക്കാരുടെ ചിന്താധാരകളെ നെഞ്ചേറ്റുകയും അതില്‍ അഭിമാനിക്കുകയുമാണ് ഡോ. ബീന വള്ളിക്കളം.
ഈ വലിയ കുടുംബത്തിന്‍റെ പിന്തുണയാണ് ബീന വള്ളിക്കളം എന്ന വ്യക്തിയുടെ വളര്‍ച്ചയുടെ കാതല്‍. അമേരിക്ക പോലെ ഒരു മഹാ സാമ്രാജ്യത്തില്‍ കോഴിക്കോട് ചെമ്പ്ര എന്ന ഗ്രാമത്തില്‍നിന്നും കടന്നുവന്ന ഒരു പെണ്‍കുട്ടിക്ക് തന്‍റേതായ ഒരു അടയാളപ്പെടുത്തല്‍ തന്‍റെ പ്രൊഫഷനിലും, സാമൂഹിക സാംസ്കാരിക ജീവിതത്തിലും ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചതിന് പിന്നില്‍ സ്ഥിരോത്സാഹവും മാതാപിതാക്കളുടെ ഹൃദയത്തില്‍ തൊട്ട അനുഗ്രഹവുമാണെന്ന്  പറയുമ്പോള്‍ അഭിമാനം.
ഡോ. ബീന വള്ളിക്കളം ഇനിയും അമേരിക്കന്‍ സമൂഹത്തില്‍ അടയാളപ്പെടുത്തലുകള്‍ നടത്തട്ടെ. അവയെല്ലാം നന്മയുടെ വഴിത്താരകളായി മാറട്ടെ.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.