VAZHITHARAKAL

ജോർജ്ജ് പണിക്കർ;പൊതുപ്രവർത്തനത്തിന്റെ സ്നേഹ സമവാക്യങ്ങൾ

Blog Image
"ഏതു കലയും നമ്മയുടെ  ചിന്തകൾക്ക് ചുറ്റുമുള്ള ഒരു വലയമാണ് "

പാരമ്പര്യത്തിൽ നിന്നുൾക്കൊണ്ട സഹാനുഭൂതിയും സ്നേഹവും കലാ ബോധവും കൊണ്ട് തന്റെ മുന്നിലുണ്ടായിരുന്ന വഴികളെ ഭംഗിയുള്ളതാക്കാൻ ശേഷിയുള്ള ചില മനുഷ്യരുണ്ട്. അവർക്ക് മുൻപിൽ ലോകമിങ്ങനെ തല താഴ്ത്തി നിൽക്കും. ഓരോ മുന്നേറ്റങ്ങളിലും അവർക്കൊപ്പം അവരുടേത് മാത്രമായ ഭൂതകാലം ഉണ്ടായിരിക്കും. അവിടെ പൂർവ്വികർ നൽകിയ വെളിച്ചം അവരെ മുന്നോട്ട് നടത്തും. അതിന്റെ താളത്തിൽ അവർ ലോകത്തോട് തന്നെ മത്സരിച്ചുകൊണ്ട് ജീവിക്കും.ജീവിതത്തെ ഒരു ചെറു പുഞ്ചിരിയോടെയും ,സ്നേഹത്തോടെയും നോക്കികാണുന്ന ഒരു സാമൂഹ്യ പ്രവർത്തകനാണ്  

ജോർജ് പണിക്കർ .

ഫൊക്കാനയുടെ അസിസ്റ്റന്റ്  .അസ്സോസിയേറ്റ് ട്രഷറർ .2024-2026 കാലയളവിൽ ഫൊക്കാനയുടെ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥി .  ഒരു പൊതു പ്രവർത്തകൻ ഒരു കലാകാരൻ കൂടി ആയിരിക്കണം എന്ന് അദ്ദേഹത്തിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു .ആ ജീവിതവഴികളിലൂടെ ഒരു യാത്ര .  

ജീവിതത്തിലെ വസന്തകാലങ്ങൾ
ജീവിതത്തിൽ പൈതൃകം കൊണ്ടു ഒരടയാളപ്പെടുത്തൽ സാധ്യമാണ് എന്ന് തെളിയിച്ച മനുഷ്യനാണ് ജോർജ് പണിക്കർ.തെക്കേപ്പുര വീട്ടിൽ നൈനാൻ പണിക്കരുടെയും മുള്ളികാട്ടിൽ വീട്ടിൽ തങ്കമ്മ പണിക്കരുടെയും മകനായി കൊല്ലം കുണ്ടറയിലാണ് ജോർജ് പണിക്കർ ജനിച്ചത്.വീടിന് തന്നെ തൊട്ടടുത്തുള്ള എസ്കെവി പ്രൈമറി എൽപി സ്കൂളിലാണ് ജോർജ് പണിക്കർ തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്‌.തുടർന്ന് എം ജി ഡി  ഹൈസ്കൂളിലും പിന്നീട് ഡിഗ്രി  ഇക്കണോമിക്സിലും, പിജി എക്കണോമിക്സിലും,സോഷ്യോളജിയിലും പൂർത്തിയാക്കുകയും ചെയ്ത  ജോർജ് പഠന കാലങ്ങളിൽ ഒരു തികഞ്ഞ കോൺഗ്രസ്‌ അനുഭാവിയായിരുന്നു. എന്നാൽ ഇടയ്ക്ക് വെച്ച്  സംഭവിച്ച കേരളത്തിലെ അടിയന്തിരാവസ്ഥ രാഷ്ട്രീയ പ്രവർത്തനത്തെ കാര്യമായി ബാധിച്ചിരുന്നു.പഠനത്തിന് ശേഷം ഒരു വർഷത്തോളം ബാംഗ്ലൂരിലെ ഒരു കോളേജിൽ അധ്യാപകനായി ജോലി ചെയ്ത ജോർജ്  പിന്നീട് സൗദി എയർലൈൻസിലേക്ക് മാറുകയും അവിടെ 4 വർഷത്തോളം ജോലി ചെയ്യുകയുമുണ്ടായി. തുടർന്നാണ് മൂത്ത സഹോദരൻ വഴി അമേരിക്കയിൽ എത്തിച്ചേരുന്നത്.

പാട്ടും ജീവിതവും
ഉയിരും ശ്വാസവും പോലെ

ശാസ്ത്രീയ  സംഗീതം പഠിയ്ക്കുകയും പഠിപ്പിക്കുകയും പാടുകയും ചെയ്ത തങ്കമ്മ പണിക്കർ ആ പാരമ്പര്യം തന്റെ എട്ട് മക്കളിൽ അഞ്ചാമനായ ജോർജിന് പകർന്നു നൽകിയിരുന്നു.  കുടുംബിനി ആയതോടെ തനിക്ക് നിർത്തേണ്ടി വന്ന സംഗീത പഠനം   തന്റെ മകനോട് നിലനിർത്താൻ ആവശ്യപ്പെട്ടു.യാഥാസ്ഥിതിക സിറിയൻ ഓർത്തഡോക്സ് കുടുംത്തിൽ ജനിച്ചിട്ടുപോലും സംഗീതം അമ്മയ്‌ക്കൊപ്പം എപ്പോഴും  കൂട്ടായിഒപ്പം ഉണ്ടായിരുന്നു . തന്നെ സംഗീതലോകത്തേക്ക്
എത്തിച്ചത് മാതാവ് ആയിരുന്നു എങ്കിലും കുണ്ടറ ജോർജുകുട്ടി ,തിരുവനന്തപുരം മനോഹർ എന്നെ ഗുരുക്കന്മാരുടെ ശിക്ഷണവും അനുഗ്രഹവും ഒപ്പമുണ്ടായിരുന്നു .അമ്മയുടെ പാട്ട് ഇടയ്ക്കെപ്പോഴോ ജോർജിന്റെ ശബ്ദത്തിലും കുടിയിരിക്കാൻ തുടങ്ങിയിരുന്നു. ഒരു പ്രൊഫഷണൽ  ഗായകനെന്ന നിലയിലേക്കാണ് അത് അദ്ദേഹത്തെ പിടിച്ചുയർത്തിയത്.  പാട്ട് ഏറ്റവും വലിയ അതിജീവനവും, സാമൂഹികമായ ഒരു പ്രവർത്തനവുമായി ജോർജ്  കണ്ടു. വിവിധ സംഘടനകളുടെ  ധനശേഖരണാർത്ഥം നിരവധി വേദികളിൽ ഗാനമേളകൾ അവതരിപ്പിച്ചിട്ടുള്ള ജോർജ് ചിക്കാഗോ മലയാളികൾക്കിടയിലും അറിയപ്പെടുന്ന ഗായകനാണ്‌.

സാമൂഹ്യ പ്രവർത്തനങ്ങളും
അമേരിക്കൻ ജീവിതവും

ഫൊക്കാന 1989 ൽ ചിക്കാഗോയിൽ നടന്ന രണ്ടാമത് ഫൊക്കാന കൺവൻഷൻ മുതൽ ഫൊക്കാനയുമായി ചേർന്ന് പ്രവർത്തിക്കുന്ന ജോർജ് പണിക്കർ ഫൊക്കാനയുടെ ഭൂരിഭാഗം കൺവൻഷന്റെയും ഭാഗമായിരുന്നു .  2022-2024 ഭരണസമിതിയിൽ അഡിഷണൽ അസോസിയേറ്റ് ട്രഷറർ, ചിക്കാഗോയിൽ നിന്നുള്ള പ്രമുഖ സീനിയർ നേതാവ് എന്നിങ്ങനെ അമേരിക്കൻ മണ്ണിൽ ജോർജ് പണിക്കർക്ക് സാമൂഹ്യ സേവനത്തിന്റെ ഒരു വലിയ സാധ്യതയാണ് തുറന്നു കിട്ടിയത്. ഇല്ലിനോയി മലയാളി അസോസിയേഷന്റെ മുൻ പ്രസിഡണ്ടും മലയാളികൾക്കിടയിൽ സാമൂഹ്യ- സാംസ്കാരിക-രാഷ്ട്രീയ-സാമുദായിക മേഖലകളിൽ അറിയപ്പെടുന്ന നേതാവുമായി ഈ സ്ഥാനങ്ങൾ അദ്ദേഹത്തെ മാറ്റി.ജോർജ് പണിക്കർ മികച്ച സംഘാടകനെന്നതിലുപരി ദേശീയ തലത്തിലുള്ള ട്രേഡ് യൂണിയൻ നേതാവുകൂടിയാണ്. അതുകൊണ്ട് തന്നെ ജോർജ് പണിക്കരുടെ ജീവിതത്തിൽ ഏറ്റവുമധികം നേട്ടങ്ങൾ നൽകിയത് അമേരിക്കയാണെന്ന് പറയേണ്ടി വരും. 'അമ്മ പകർന്നു നൽകിയ സംഗീതത്തിന് ചിക്കാഗോയിൽ ഒരു വേദി ലഭിച്ചതോടെ തന്റെ സംഗീത വഴികളും തുടർന്നിടുകയാണ് .അമേരിക്ക മുന്നേറ്റങ്ങളുടെ മാത്രം നഗരമായിട്ടാണ് ജോർജിനു   മുൻപിൽ നിലകൊണ്ടത്. ചിക്കാഗോയിലെ അറിയപ്പെടുന്ന ഒരു പ്രൊഫഷണൽ ഗായകൻ ആയി മാറുവാൻ അദ്ദേഹത്തിന് സാധിച്ചു .  നിരവധി വേദികളിൽ അദ്ദേഹം ഗാനമേളകൾ  അവതരിപ്പിച്ചിട്ടുണ്ട്. അതുവഴി അനേകം മലയാളികൾക്ക് നാടിന്റെ ശബ്ദം കേൾക്കാനും അദ്ദേഹം വഴിയൊരുക്കിയിട്ടുണ്ട്

.

യൂ. എസ്. പോസ്റ്റൽ സർവീസിൽ നിന്നു വിരമിക്കുന്നതിനു മുൻപ് തന്നെ   ജോർജ്   സജീവ സംഘടനാ – രാഷ്ട്രീയ പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ ആയിരുന്നു . എന്നാൽ നാട്ടിലായിരിക്കെ കുണ്ടറ സെന്റ് തോമസ് ഓർത്തഡോക്സ്   വലിയ പള്ളിയിലെ അംഗമെന്ന നിലയിൽ സഭയുടെ വളർച്ചക്കായി വലിയ ഇടപെടലുകൾ നടത്തി വന്നിരുന്ന അദ്ദേഹം സ്വന്തം കുടംബത്തിൽ നിന്നുള്ള വൈദികരും വൈദിക ശ്രേഷ്ടരുമായ  മുത്തച്ഛൻ പരേതനായ ഫാ.ഗീവർഗീസ് പണിക്കർ, മുൻ മദ്രാസ് ഭദ്രാസനാധിപൻ പരേതനായ സക്കറിയാസ് മാർ ദിവാനിയോസ്, കോട്ടയം  ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ഡിയോസ്കോറോസ് എന്നിവരിൽ നിന്നുള്ള പ്രചോദനം ഉൾക്കൊണ്ടുകൊണ്ട്  സഭയുടെ  പ്രവർത്തങ്ങനൾക്കൊപ്പം സജീവമായി . കുണ്ടറ സെന്റ്തോമസ് ഓർത്തഡോക്സ്   വലിയ പള്ളി യൂത്ത് ലീഗ് സെക്രട്ടറിയായിരുന്ന അദ്ദേഹം 1970 കളുടെ അവസാനം കൊല്ലം ഫാത്തിമ മാതാ കോളേജ് വിദ്യാർത്ഥിയായിരിക്കെ, അവിടെ മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ്  ക്രിസ്ത്യൻ  സ്റ്റുഡന്റ് മൂവ്മെന്റ് (MGOCSM) യൂണിറ്റ് സ്ഥാപിച്ചു.

സഭയുടെ സന്തത സഹചാരി
അമേരിക്കയിൽ എത്തിയ ശേഷവും സഭാകാര്യങ്ങളിൽ സജീവമായിത്തന്നെ ഇടപെട്ടിരുന്ന ജോർജ്   പണിക്കർ മലയാളികൾക്കിടയിൽ പ്രിയങ്കരനായിരുന്നു. 2007 മുതൽ 2012 വരെ മലങ്കര ഓർത്തഡോക്സ് സഭയുടെ ഭദ്രാസന  കൗൺസിൽ അംഗം, 2007  മുതൽ 2017 വരെ മലങ്കര അസോസിയേഷൻ അംഗം  എന്നീ സ്ഥാനങ്ങൾ ജോർജ്   പണിക്കർ അലങ്കരിച്ചിരുന്നു.  ഇല്ലിനോയി എൽമസ്റ്റ് സെയിന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി ഇടവകാംഗമായ ജോർജ് പണിക്കർ പള്ളിയുടെ സെക്രട്ടറിയായും മാനേജിംഗ്‌  കമ്മിറ്റി അംഗമായും നിരവധി വർഷങ്ങളിൽ സേവനം ചെയ്തു. ഇത് ദൈവത്തോടും ജനങ്ങളോടുമുള്ള അദ്ദേഹത്തിന്റെ നീതി ഉറപ്പാക്കി. ചിക്കാഗോ എക്യൂമെനിക്കൽ കൗൺസിൽ (CEC)മെമ്പർ ,സെക്രട്ടറി(2015 )എന്ന നിലയിലും  നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ജോർജ് പണിക്കർ CECയുടെ രജത ജൂബിലി ആഘോഷകമ്മിറ്റിയുടെ ജനറൽ കൺവീനർ കൂടിയായിരുന്നു.

1998 മുതൽ 2007 വരെ തുടർച്ചയായി 9 വർഷം അമേരിക്കൻ പോസ്റ്റൽ വർക്കേഴ്സ് യൂണിയന്റെ പ്രഥമ ഇന്ത്യൻ വംശജനായ യൂണിയൻ സ്റ്റ്യൂവാർഡ് ( യുണിയൻ പ്രതിനിധി) ആയിരുന്ന ജോർജ് പണിക്കർ യൂ എസ് പോസ്റ്റൽ സർവീസിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ സംഘടനയായ ഇന്ത്യൻ പോസ്റ്റൽ എംപ്ലോയീസ് അസോസിയേഷൻ  പ്രസിഡണ്ട്, മലയാളികളായ ഫെഡറൽ  ഗവൺമെൻറ് ജീവനക്കാരുടെ സംഘടനയായ ഫെഡറൽ എംപ്ലോയീസ് മലയാളി അസോസിയേഷൻ പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങളും അലങ്കരിച്ചിട്ടുണ്ട്. ഇല്ലിനോയി മുൻ  ഗവർണർ പാറ്റ് ക്യുനിന്റെ സ്ഥാനാരോഹണ ചടങ്ങിൽ ക്ഷണിക്കപ്പെട്ട രണ്ടു മലയാളികളിൽ ഒരാളായിരുന്നു ജോർജ് പണിക്കർ.

മഹാ പ്രളയത്തിലേക്കൊരു കൈത്താങ്ങ്
ജോർജ്   പണിക്കർ ഇല്ലിനോയി മലയാളി അസ്സോസിയേഷന്റെ  പ്രസിഡണ്ട് ആയിരുന്നപ്പോഴാണ് കേരളത്തിൽ രണ്ടു വർഷം മുൻപ്  മഹാ പ്രളയം ഉണ്ടായത്. അന്ന് ജനിച്ച നാടിനു കൈത്താങ്ങായി 25 ലക്ഷം രൂപ സമാഹരിച്ചു വിവിധ പ്രവർത്തനങ്ങൾ കേരളത്തിൽ സംഘടിപ്പിച്ചു . കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ  പ്രളയത്തിൽ ദുരിതമനുഭവിച്ച കുടുംബങ്ങൾക്ക് സഹായമായി നൽകി .സഹായം വേണ്ട കുടുംബങ്ങളെ തേടിപ്പിടിച്ച് അർഹരായവർക്ക് സഹായങ്ങൾ നേരിട്ട് നൽകാൻ സാധിച്ചതിൽ മലയാളി സമൂഹത്തിൽ നിന്നും നിരവധി അഭിനന്ദനങ്ങൾ ആണ് ജോർജ് പണിക്കരുടെ നേതൃത്വത്തിന് ലഭിച്ചത്  .2001-2002,  2018 -2020 എന്നീ കാലഘട്ടങ്ങളിൽ  ഇല്ലിനോയി മലയാളി അസോസിയേഷൻ (ഐ.എം.എ)ന്റെ പ്രസിഡണ്ട് പദവി അലങ്കരിച്ച ജോർജ് പണിക്കർ ഐ.എം.എയുടെ  സീനിയർ വൈസ് പ്രസിഡണ്ട്, സെക്രട്ടറി  എന്നീ പദവികളും വഹിച്ചിട്ടുണ്ട്.   അതിനു പുറമെ ഐ.എം.എ വഴിയും വ്യക്തിപരമായ നിലയിലും നിരവധി കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് -യു.എസ്.എ യുടെ ചിക്കാഗോ മേഖല പ്രഥമ വൈസ് പ്രസിഡണ്ട് കൂടിയാണ് ജോർജ്   പണിക്കർ.

നിരവധി കാരുണ്യ പ്രവർത്തനങ്ങൾ ജോർജ്  സമൂഹത്തിനു വേണ്ടി ചെയ്തിട്ടുണ്ട്. കേരളത്തിലെ മലയാളികൾക്ക് വേണ്ടിയും അമേരിക്കൻ മലയാളികൾക്ക് വേണ്ടിയുമെല്ലാം അദ്ദേഹം നിരന്തരം പ്രവർത്തിക്കുന്നുണ്ട്. ഒരുകാലത്ത്‌ താൻ അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടുകൾ ഇപ്പോഴും തന്റെ സമൂഹം അനുഭവിക്കേണ്ടി വരുന്നുണ്ട് എന്ന തിരിച്ചറിവിൽ നിന്നാണ് ജോർജിന്റെ കാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങുന്നത്. മറ്റുള്ളവർക്ക് വേണ്ടി ജീവിതം മാറ്റി വയ്ക്കുക എന്ന വലിയ കാര്യമാണ് ജോർജ്  തന്റെ ജീവിതത്തിൽ കൊണ്ടു വന്നിട്ടുള്ള ഏറ്റവും വലിയ നന്മ. അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ ഫോക്കാനയുടെ സജീവ പ്രവർത്തകനായിരുന്ന ജോർജ്   ഫൊക്കാനയുടെ വിവിധ കൺവെൻഷനുകളുടെ വിജയകരമായ നടത്തിപ്പിന് ചുക്കാൻ പിടിച്ചിട്ടുണ്ട്.  2002 ൽ ഡോ.എം. അനിരുദ്ധൻ ഫൊക്കാന പ്രസിഡന്റ്  ആയിരുന്നപ്പോൾ ചിക്കാഗോയിൽ നടന്ന കൺവെൻഷന്റെ ജോയിന്റ് കൺവീനർ ആയിരുന്നു ജോർജ് .

ഫൊക്കാന കേരളാ കൺവൻഷൻ
ചരിത്രവിജയം

ഏതൊരു സംഘടനയ്‌ക്കൊപ്പം പ്രവർത്തിക്കുമ്പോഴും സംഘടനയുടെ വളർച്ചയും സമൂഹത്തിന്റെ വളർച്ചയും ലക്‌ഷ്യം വയ്ക്കുന്ന ജോർജ്   പണിക്കർ ഫൊക്കാനയുടെ ഇത്തവണത്തെ2023 കേരളാകൺവൻഷന്റെ സജീവ   സാന്നിധ്യമായിരുന്നു.അസി .അസ്സോസിയേറ്റ് ട്രഷറർ എന്ന നിലയിൽ ഗോവ ഗവർണ്ണർ പി.എസ് ശ്രീധരൻ പിള്ള അതിഥിയായി എത്തിയ വേദിയിൽ ആശംസകളുമായി ജോർജ്   പണിക്കരും ഉണ്ടായിരുന്നു .ഫൊക്കാന കേരളാ  കൺവൻഷൻ വൻ വിജയമായതിന്റെ സന്തോഷത്തിലാണ് അദ്ദേഹം

.


ബിസിനസിന്റെ വഴിയേ
കലാപ്രവർത്തകർ നല്ല ബിസിനസുകാരല്ല എന്നൊരു വാദം പൊതുവേയുണ്ട് .പക്ഷെ ജോർജ് പണിക്കർ ബിസിനസ് രംഗത്തും ശോഭിച്ച വ്യക്തിത്വമാണ് . 24 വർ വര്ഷം ഗ്യാസ് സ്റ്റേഷൻ വിജയകരമായി നടത്തി .കൂടാതെ റിയൽ എസ്റ്റേറ്റ് രംഗത്തും സജീവമായിരുന്നു 1989
മുതൽ മികച്ച രീതിയിൽ റിയൽ എസ്റ്റേറ്റ് ബിസിനസിൽ പ്രവർത്തിക്കുകയും നിരവധി ആളുകളെ ഈ രംഗത്തേക്ക് കൊണ്ടുവരികയും ചെയ്തു  .അവരിൽ പലരും ഇന്ന് ഈ മേഖലയിൽ  വലിയ നിലയിൽ എത്തുകയും ചെയ്തതിൽ അദ്ദേഹത്തിന് അഭിമാനം ഉണ്ട് ."എന്നും സമൂഹത്തോടൊപ്പം" എന്ന ആപ്തവാക്യമാണ് തന്റെ ബിസിനസിന്റെയും മറ്റു പ്രവർത്തനങ്ങളുടെയും അടിത്തറ .ഈ ശുഭാപ്തി വിശ്വാസമാണ് അദ്ദേഹത്തെ മുന്നോട്ടു നയിക്കുന്നത്

ആത്മബന്ധങ്ങൾ
ജീവിത വഴികളിൽ പരിചയപ്പെടുന്ന എല്ലാവരെയും ഹൃദയത്തിന്റെ കോണിൽ സ്വീകരിക്കുന്ന ജോർജ് പണിക്കർ എല്ലാവരുമായും നല്ല ബന്ധം സൂക്ഷിക്കാറുണ്ട് .അതിൽ ഏറ്റവും പ്രധാനമായി അദ്ദേഹം കാണുന്നത് ഉമ്മൻ‌ചാണ്ടി സാറുമായി ആത്മബന്ധമാണ് .അടുത്ത ബന്ധു കൂടി ആയ അദ്ദേഹം തന്നെ സ്വാധീനിച്ച വ്യക്തികൂടിയാണെന്നു പറയുമ്പോൾ തന്നെ ഒട്ടുമിക്ക രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകരുമായി എക്കാലവും ഓർമ്മിക്കപ്പെടുന്ന ബന്ധങ്ങൾ സൂക്ഷിക്കുകയും ചെയ്യുന്നു .അല്ലെങ്കിലും ഹൃദയബന്ധങ്ങളാണ് ഒരു മനുഷ്യനെ ഈ ഭൂമിയിൽ ബന്ധിപ്പിച്ചുനിർത്തുന്ന ഏക ഘടകം എന്ന് അദ്ദേഹം പറയുന്നു .

2024-2026  ജനറൽ സെക്രട്ടറി സ്ഥാനാർത്ഥി
2024-2026 കാലയളവിൽ ഫൊക്കാനയുടെ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥിയായി ഡോ.കല ഷാഹിയുടെ പാനലിൽ പാനലിൽ മത്സരിക്കുന്നു .വിവിധ രംഗങ്ങളിൽ ശോഭിക്കുന്ന ഒരു ടീമിനെ അവതരിപ്പിക്കുന്ന പാനലിൽ പുതിയ കാഴ്ചപ്പാടോടെ ജോർജ് പണിക്കരും ഫൊക്കാനയ്‌ക്കൊപ്പം സജീവമാകുന്നു .

കുടുംബം
തന്റെ ഏതു യാത്രകൾക്കും ഒപ്പം നിൽക്കുന്ന കുടുംബമാണ് ജോർജ് പണിക്കരുടെ ശക്തി .ഭാര്യ മിനി ( ഡയറക്ടർ ഓഫ് നഴ്സിംഗ് പദവിയിൽ നിന്ന് വിരമിച്ചു.)യും ജോർജിനൊപ്പം  വേദികളിലും സജീവമാണ്. ജീവകാരുണ്യ പ്രവർത്തങ്ങളിൽ ഒപ്പം നിൽക്കുന്നതും മിനിയാണ് .ഒരിക്കൽ പോലും ജോർജിന്റെ  മുന്നേറ്റങ്ങൾക്ക് സാധാരണ കുടുംബങ്ങളിൽ എന്ന പോലെ മിനി തടസ്സം നിന്നിട്ടില്ല. കുടുംബ ജീവിതത്തിൽ രണ്ടുപേർക്കും ഒരേ കർത്തവ്യങ്ങൾ ഉള്ളതായി മിനി വിശ്വസിക്കുന്നു. പിതാവിന്റെ സംഗീതത്തിനും  പൊതു പ്രവർത്തനത്തിനും എല്ലാവിധ സഹകരണവും സ്നേഹവും നൽകിക്കൊണ്ട് മക്കൾ ജോമിൻ പണിക്കർ (പ്രമുഖ ഐ.ടി. കമ്പനിയിൽ സെയിൽസ് വിഭാഗം വൈസ് പ്രസിഡണ്ട്) , ജെസ്‌ലിൻ പണിക്കർ സക്കറിയ (കൗണ്ടി ഡിസ്ട്രിക്ട്  അറ്റോർണി). മരുമക്കൾ ഡോ.സിയ പണിക്കർ (പീഡിയാട്രീഷൻ). ഡോ.റിജോയി സക്കറിയ ( ഫാമിലി ഫിസിഷ്യൻ )എന്നിവരും ജോർജിനൊപ്പമുണ്ട്.

ജീവിതം ഒരു വലിയ സ്നേഹ ദ്വീപായി ജോർജിന്  മുൻപിൽ അണിഞ്ഞൊരുങ്ങി  നിൽക്കുകയാണ് അവിടെ പാട്ടും സ്നേഹവും ഇടകലർന്നൊഴുകുന്നു.അപ്പോഴും  ജീവിതത്തിൽ പുലർത്തേണ്ട എല്ലാ കർത്തവ്യങ്ങളും ഭംഗിയായി അദ്ദേഹം നിർവ്വഹിക്കുന്നു .
അതെ,ജോർജ് പണിക്കർ അമേരിക്കൻ മലയാളി സമൂഹത്തിനു ഒരു മുതൽക്കൂട്ടാണ് .
അദ്ദേഹം തന്റെ സർഗ്ഗ സപര്യകൾ തുടരട്ടെ .അവ സമൂഹത്തിനു നന്മകൾ പകരുന്നതാകട്ടെ .പ്രാർത്ഥനകളോടെ നമുക്ക് ആശംസകൾ നേരാം ...

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.