VAZHITHARAKAL

ജോർജി വർഗീസ് : നേതൃത്വ പാടവത്തിൻറെ ഉദാത്ത മാതൃക

Blog Image
"ജീവിതം കൊണ്ട് ചിലര്‍ അടയാളപ്പെടുത്തുന്ന പ്രവര്‍ത്തികള്‍ ഭൂമിയില്‍ പലപ്പോഴും അനശ്വരമായി തീരാറുണ്ട്. അവനവനില്‍ നിന്ന് മറ്റുള്ളവരിലേക്കുള്ള നീണ്ട വിശാലമായ സ്നേഹത്തിന്‍റെ അത്തരം അടയാളപ്പെടുത്തലുകളാണ് അവരെക്കുറിച്ചുള്ള പുസ്തകങ്ങളായി പിന്നീട് വായിക്കപ്പെടുന്നത്"

അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ഏറ്റവുമധികം മുഴങ്ങിക്കേട്ട ഒരു മനുഷ്യന്‍റെ നാമമുണ്ടെങ്കില്‍ അത് ജോര്‍ജി വര്‍ഗീസ് എന്നായിരിക്കും. അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയെ ഏറ്റവും ഭംഗിയില്‍ സമന്വയിപ്പിച്ചതും, അകന്നു നില്‍ക്കുന്നവരെയെല്ലാം ഫൊക്കാനയുടെ ഹൃദയത്തിലേക്ക് അടുപ്പിച്ചതും ജോര്‍ജി വര്‍ഗീസ് എന്ന നേതാവിന്‍റെ കൃത്യമായ ജീവിത നിരീക്ഷണങ്ങളായിരുന്നു. ഇത് ജോര്‍ജി വര്‍ഗീസിന്‍റെ ജീവിത കഥയാണ്. ഓരോ കാല്‍വെയ്പ്പുകളിലും അദ്ദേഹം നടന്നു തീര്‍ത്ത വഴിത്താരകളുടെ അടയാളപ്പെടുത്തലുകളാണ്.

കാഴ്ചകള്‍ മാറുന്ന കാലം
വൈ.എം.സി.എ. എന്ന ആഗോള പ്രസ്ഥാനമാണ് തിരുവല്ല കവിയൂര്‍ സ്വദേശിയായ ജോര്‍ജി വര്‍ഗീസിനെ പൊതു പ്രവര്‍ത്തന രംഗത്തേക്ക് കൊണ്ടുവരുന്നത്. മനുഷ്യ നന്മക്കും നീതിക്കും ഒപ്പം നിലനില്‍ക്കാനും, മനുഷ്യന് വേണ്ടി പ്രവര്‍ത്തിക്കാനും ജോര്‍ജി വര്‍ഗീസിനെ പഠിപ്പിച്ചത് വൈഎംസിഎ പ്രസ്ഥാനമാണ്. മറക്കാനാവാത്ത അത്തരം പൊതുപ്രവര്‍ത്തനങ്ങളുടെ അനുഭവമാണ് പിന്നീട് ഫൊക്കാനയിലേക്കുള്ള യാത്രയില്‍ അദ്ദേഹത്തിന് മുതല്‍ക്കൂട്ടായത്.  പാവപ്പെട്ടവരുടെയിടയില്‍  നേരിട്ട് പ്രവര്‍ത്തിച്ചത് ഏറ്റവും നല്ല അനുഭവ സമ്പത്തായി മാറുകയായിരുന്നു
കര്‍ഷകരുടെ മഹത്വം വിളിച്ചോതുന്ന കുട്ടനാടന്‍ മണ്ണിലെ ജീവിതമാണ് ജോര്‍ജി വര്‍ഗീസിനെ പൊതുപ്രവര്‍ത്തന രംഗത്തേക്ക് കൈപിടിച്ച് നടത്തിയത്. എം.എസ്.ഡബ്ല്യൂ.കഴിഞ്ഞതിനു ശേഷം ഹാരിസണ്‍ ആന്‍ഡ് ക്രോസ്സ്ഫീല്‍ഡ് എന്ന അന്തര്‍ദേശീയ കമ്പനിയില്‍ ലേബര്‍ ഓഫീസറായി ജോലി ആരംഭിച്ച ജോര്‍ജി വര്‍ഗീസ്  ചെറുപ്പം മുതല്‍ക്കേ ഹൃദയത്തില്‍ കൃത്യമായ രാഷ്ട്രീയ നിരീക്ഷണമുള്ള ഒരു മനുഷ്യനായിരുന്നു. കുട്ടനാട് പ്രദേശത്ത് അനേകം തൊഴിലാളികളെ സംഘടിപ്പിക്കുകയും തരിശായി കിടന്ന നൂറോളം ഏക്കര്‍ സ്ഥലം കൂട്ടു കൃഷി നടത്തി വന്‍ ലാഭമുണ്ടാക്കുകയും ചെയ്താണ് അദ്ദേഹം സാധാരണക്കാര്‍ക്കിടയില്‍ പ്രിയപ്പെട്ടവനായി മാറുന്നത്.


ജനിച്ച നാടിനു വേണ്ടി പലപ്പോഴും പോരാടാന്‍ ശ്രമിച്ചിട്ടുള്ള, തന്‍റെ സഹജീവികള്‍ക്കു വേണ്ടി സദാ പ്രവര്‍ത്തിക്കാന്‍ സന്നദ്ധനായിട്ടുള്ള ഒരു വ്യക്തിത്വത്തിനുടമയാണ് ജോര്‍ജി വര്‍ഗീസ്. ആ സന്നദ്ധത തന്നെയാണ് അദ്ദേഹത്തെ പൊതുപ്രവര്‍ത്തന രംഗത്തെ ഏറ്റവും നന്മയുള്ള മനുഷ്യനാക്കി മാറ്റുന്നതും. ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് നിരന്തരം സഹായം, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ വിദ്യാഭ്യാസത്തിന്‍റെ പുതു മേഖലയിലേക്ക് നയിക്കുക, സഹായം ആവശ്യപ്പെട്ടു വരുന്ന ഏതൊരാള്‍ക്കും അപ്പോള്‍ അത് നല്‍കുക എന്ന നയത്തിലൂടെയാണ് പൊതുശ്രദ്ധയിലേക്ക് വരുന്നത്. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്‍റെ പൊതു പ്രവര്‍ത്തനത്തെ വിലയിരുത്തേണ്ടത്. ഫൊക്കാനയുടെ പ്രസിഡന്‍റ് പദത്തിലേക്കുള്ള വരവ് ഈ സംഘടനയുടെ സുവര്‍ണ്ണ കാലഘട്ടത്തിലേക്കുള്ള ഒരു തിരിച്ചു പോക്കായിരുന്നു എന്നു പറയുന്നതില്‍ ഒട്ടും അതിശയോക്തിയില്ല.


ഫൊക്കാനയുടെ സുവര്‍ണ്ണ കാലഘട്ടം
അമേരിക്കന്‍ മലയാളികളെ തമ്മില്‍ ചേര്‍ത്തുനിര്‍ത്തുന്ന കാന്തമാണ് ഫൊക്കാന എന്ന അന്തര്‍ദ്ദേശീയ സംഘടന. ഫൊക്കാനയെ അത്തരത്തില്‍ വളര്‍ത്തിയെടുക്കുന്നതില്‍ ജോര്‍ജി വര്‍ഗീസ് എന്ന മനുഷ്യനും അദ്ദേഹത്തിന്‍റെ കൃത്യമാര്‍ന്ന മേല്‍നോട്ടവും ഗുണം ചെയ്തിട്ടുണ്ട്.പല ധ്രുവങ്ങളിലേക്ക് ചിതറിക്കിടന്നിരുന്ന സംഘടനാ പ്രവര്‍ത്തനങ്ങളെ ഒരൊറ്റ ബിന്ദുവിലേക്ക് തിരികെ കൊണ്ടുവരാന്‍ ജോര്‍ജി വര്‍ഗീസ് നടത്തിയ മുന്നേറ്റങ്ങളെ സ്മരിക്കാതെ ഒരു അമേരിക്കന്‍ മലയാളിക്കും കടന്നു പോകാന്‍ കഴിയില്ല. തന്‍റെ ജീവിതത്തിലെ പ്രധാനപ്പെട്ട സമയങ്ങളെല്ലാം തന്നെ അദ്ദേഹം ഈ  സംഘടനയ്ക്ക് വേണ്ടി മാറ്റിവെച്ചു,
സാവധാനമായിരുന്നു ഫൊക്കാനയിലെത്തിയ  ജോര്‍ജി വര്‍ഗീസിന്‍റെ വളര്‍ച്ച. എന്നാല്‍ അതിശയകരവും, അസൂയാത്മകവുമായിരുന്നു അത്.  ഫൊക്കാനയുടെ 2020  - 22 കാലയളവിലെ പ്രസിഡന്‍റായി ഫ്ളോറിഡയില്‍ നിന്നുള്ള ജോര്‍ജി വര്‍ഗീസ് കടന്നു വരുന്നതോടെയാണ് ഫൊക്കാനയുടെ ചരിത്രത്തില്‍ മാറ്റമുണ്ടായതെന്ന്  ഫൊക്കാനയെ സസൂഷ്മം വീക്ഷിക്കുന്ന ഏതൊരു അമേരിക്കന്‍  മലയാളികളും വിളിച്ചു പറയും. പഴയ പ്രതാപത്തിലേക്ക് ഈ സംഘടനയെ വളര്‍ത്തിയെടുക്കാന്‍ അദ്ദേഹം അഹോരാത്രം കഷ്ടപ്പെട്ടു. അത് വിജയം കണ്ടു.
ജോര്‍ജി വര്‍ഗീസിന്‍റെ കടന്നു വരവോട് കൂടി ഫൊക്കാന കൂടുതല്‍ പച്ചപിടിയ്ക്കുകയായിരുന്നു. അതിന്‍റെ പ്രവര്‍ത്തന മേഖലകള്‍ കൂടുതല്‍ സജീവമാവുകയായിരുന്നു. വിഘടിച്ചു നിന്ന പല നേതാക്കളേയും സംഘടനകളെയും ഫൊക്കാനയോട് ചേര്‍ത്ത് നിര്‍ത്താനുള്ള കഴിവ്  ജോര്‍ജി വര്‍ഗീസിനുണ്ടായിരുന്നു എന്നതായിരുന്നു യാഥാര്‍ത്ഥ്യം.

മനുഷ്യ നന്മകളുടെ സുല്‍ത്താന്‍
പ്രവര്‍ത്തനത്തിലെ സത്യസന്ധത തന്നെയാണ് മറ്റുള്ളവരില്‍ നിന്നും ജോര്‍ജി വര്‍ഗീസിനെ വ്യത്യസ്തനാക്കുന്നത്. സ്വന്തം ലാഭങ്ങള്‍ക്കോ നേട്ടങ്ങള്‍ക്കോ വേണ്ടി അദ്ദേഹം ഒരിക്കല്‍ പോലും തന്‍റെ പരിചയങ്ങളെയോ, സ്ഥാനങ്ങളെയോ ഉപയോഗിച്ചില്ലെന്ന് മാത്രമല്ല, സംഘടന കൊണ്ട് മറ്റുള്ളവര്‍ക്ക് നേടിക്കൊടുതത്തല്ലാതെ സ്വയം ഒന്നും നേടിയെടുക്കുകയും ചെയ്തിട്ടില്ല.
മറ്റുള്ളവരില്‍ നിന്നും ജോര്‍ജി വര്‍ഗീസിനെ വ്യത്യസ്തനാക്കുന്നതും ഈ ഘടകമാണ്.
കോവിഡ് എന്ന മഹാമാരിക്കെതിരെ പോരാടാന്‍ അമേരിക്കന്‍ മലയാളികളെ ഫൊക്കാനയിലൂടെ ശക്തരാക്കി മാറ്റിയത് ജോര്‍ജി വര്‍ഗീസിന്‍റെ മാനസിക ശക്തിയായിരുന്നു. നിരവധി സഹായ പ്രവര്‍ത്തനങ്ങളാണ് കോവിഡ് കാലത്ത് ഫൊക്കാന കേരളത്തിന്‍റെ വിവിധ ജില്ലകളില്‍ നടപ്പിലാക്കിയത്.
50 ലധികം വരുന്ന നാഷണല്‍ കമ്മിറ്റിയെയും  മറ്റു നേതൃത്വത്തെയും ഒന്നിച്ചു കൊണ്ടുപോവാന്‍ ഇരുത്തം വന്ന ഒരു  പൊതുപ്രവര്‍ത്തകന്‍റെ ഇച്ഛാ ശക്തിയ്ക്ക് മാത്രമേ കഴിയൂ.
അദ്ദേഹത്തിന്‍റെ  പ്രവര്‍ത്തന മികവ് ഫൊക്കാനയുടെ ഓരോ പ്രവര്‍ത്തനങ്ങളിലും വ്യക്തമായി പ്രതിഫലിച്ചിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളെക്കാള്‍ വിപുലമായി 50-ലധികം പ്രോഗ്രാമുകളാണ് കഴിഞ്ഞ വര്‍ഷം ഫൊക്കാന നടപ്പാക്കിയത്.
ഫൊക്കാനയുടെ കേരള കണ്‍വന്‍ഷന്‍ വന്നെത്തുമ്പോള്‍ അതിനെയും തന്‍റെ ജനങ്ങള്‍ക്ക് ഉപകാരപ്രദമാക്കാനുള്ള ശ്രമത്തിലാണ് ജോര്‍ജി വര്‍ഗീസ്. ഗോപിനാഥ് മുതുകാടിന്‍റെ മാജിക് പ്ലാനെറ്റില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ ഓട്ടിസം ബാധിച്ച കുട്ടികളേയും അവരുടെ രക്ഷിതാക്കളെയും ചേര്‍ത്തുപിടിക്കുകയാണ് ജോര്‍ജി വര്‍ഗീസും ഫൊക്കാനയും. കേരളാ കണ്‍വന്‍ഷന്‍ നടത്തുക എന്നതിനേക്കാള്‍ അതിനെ സമൂഹത്തിനു എങ്ങനെ ഗുണകരമാക്കാം എന്നതാണ് ഈ തീരുമാനത്തിന് പിന്നില്‍.

ജനകീയനായ ജോര്‍ജി വര്‍ഗീസ്
ഫൊക്കാനയിലെ തന്നെ ഏറ്റവും ജനകീയനായ നേതാവാണ് ജോര്‍ജി വര്‍ഗീസ്. ഫൊക്കാനയുടെ ചട്ടക്കൂട് തന്നെ സ്നേഹത്തില്‍ പടുത്തുയര്‍ത്തുകയും അവിടെ സ്നേഹവും കരുതലും രൂപപ്പെടുത്തുകയും ചെയ്യുക എന്നതാണ്. അത് ബലപ്പെടുത്തിയാണ് ഫൊക്കാനയിലേക്ക്  ജോര്‍ജി വര്‍ഗീസിന്‍റെ കടന്നുവരവ്. 
ഫൊക്കാനയുടെ മുഖപത്രമായ ഫൊക്കാന ടുഡെയുടെ എഡിറ്ററായി സംഘടനയുടെ മുഖ്യധാരയിലേക്ക് കടന്നുവന്ന് ഫൊക്കാന പ്രസിഡന്‍റിലേക്കുള്ള ദൂരം അത്ര ചെറുതല്ല. വേറിട്ട് നിന്നിരുന്നവരെ ഒപ്പം കൂട്ടി തുടങ്ങിയ തുടക്കം ഫലവത്തായി. മനുഷ്യന്‍ ഉള്ള ഇടങ്ങളിലെല്ലാം അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെന്നും അവ ചെറിയ ചര്‍ച്ചകളിലൂടെ പരിഹരിക്കാമെന്നും അദ്ദേഹത്തിന് കൃത്യമായ ബോധ്യമുണ്ട്.
നിരാലംബരുടെയും അശരണരുടേയും പക്ഷത്ത് നിലകൊള്ളുന്ന സംഘടനയാണ് ഫൊക്കാന. ഭിന്ന ശേഷിക്കാരായ നൂറിലധികം കുട്ടികളുടെയും അവരുടെ കുടുംബങ്ങളുടെയും സര്‍വതോമുഖമായ വളര്‍ച്ചക്കും പരിപാലനത്തിനും ചുക്കാന്‍ പിടിക്കാനുള്ള ഫൊക്കാനയുടെ തീരുമാനം നിര്‍ണായകമായിരുന്നു.
ഫൊക്കാനയില്‍ എന്തുകൊണ്ടും ജനകീയനാണ് ജോര്‍ജി വര്‍ഗീസ്. അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളെയും പദവിയെയും അത്രത്തോളം അമേരിക്കന്‍ മലയാളികളും കേരള ജനതയും ഹൃദയം കൊണ്ട് സ്വീകരിച്ചിട്ടുണ്ട്.
ഓരോ മനുഷ്യന്‍റെ വളര്‍ച്ചയ്ക്ക് പിറകിലും ഒരു സ്ത്രീ ഉണ്ടായിരിക്കും, ജോര്‍ജി വര്‍ഗീസിനൊപ്പം എല്ലാ പിന്തുണയുമായി അദ്ദേഹത്തിന്‍റെ ഭാര്യ ഡോ.ഷീലയുണ്ട്. അമേരിക്കന്‍ മലയാളി സംഘടനകളുടെയും, മറ്റു സാമൂഹിക പ്രവര്‍ത്തനങ്ങളുടെയും അമരക്കാരനാകുമ്പോള്‍ കുടുംബത്തിന്‍റെ വ്യക്തമായ പിന്തുണ അനിവാര്യമാണ്. ഡോ. ഷീലയും മക്കളും അത് കൃത്യമായി ജോര്‍ജി വര്‍ഗീസിന് നല്‍കുന്നുമുണ്ട്. അതുകൊണ്ട് തന്നെയാണ് സദാ സമൂഹത്തിനു വേണ്ടി മുന്നിട്ടിറങ്ങുവാന്‍ അദ്ദേഹത്തിന് കഴിയുന്നതും.

വൈവിദ്ധ്യ തലങ്ങളിലെ സാന്നിദ്ധ്യം
പ്രസംഗ കലയില്‍ പ്രഗല്‍ഭനായ ജോര്‍ജി വര്‍ഗീസ് കവിയൂര്‍ വൈഎംസിഎയുടെ സെക്രട്ടറി, പ്രസിഡന്‍റ് ഉള്‍പ്പെടെ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. തിരുവല്ല സബ് റീജിയന്‍റെ ചെയര്‍മാനുമായിരുന്നു അദ്ദേഹം. ഇന്‍ഡോര്‍ യൂണിവേഴ്സിറ്റിയില്‍ എംഎസ്ഡബ്ല്യുവില്‍ മൂന്നാം റാങ്കോടെ പാസാകുന്ന സമയത്ത് ജോര്‍ജി വര്‍ഗീസ് യൂണിവേഴ്സിറ്റി യൂണിയന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു. മാര്‍ത്തോമ്മ ഡയോസിസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ കൗണ്‍സില്‍ മെമ്പര്‍ ആയി മൂന്നു വര്‍ഷം പ്രവര്‍ത്തിച്ചിരുന്നു. ലോക മലയാളികളുടെ ആരാധനാ പുരുഷനായിരുന്ന ഫിലിപ്പോസ് മാര്‍  ക്രിസോസ്റ്റം തിരുമേനിയെക്കുറിച്ച് ജോര്‍ജി വര്‍ഗീസ് നിര്‍മ്മിച്ച് പുറത്തിറക്കിയ ഡോക്യുമെന്‍ററി അഭിവന്ദ്യ തിരുമേനിയെക്കൊണ്ട് തന്നെ തിരുവനന്തപുരത്തു വച്ച് പ്രകാശനം നടത്തിയത് ജീവിതത്തിലെ അസുലഭ നിമിഷങ്ങളിലൊന്നായിരുന്നു.

കാലം
കാത്തുവയ്ക്കുന്ന
കണ്ണുകള്‍

കാലത്തെ സൂക്ഷിച്ചു വയ്ക്കുന്ന കണ്ണുകളാണ് ജോര്‍ജി വര്‍ഗീസിന്‍റേത്. താന്‍ ജീവിച്ച ചുറ്റുപാടുകളെയും താന്‍ കടന്നുവന്ന വഴിത്താരകളെയും അറിഞ്ഞു പഠിക്കാനും അതനുസരിച്ചു പ്രവര്‍ത്തിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അതിന്‍റെ അടയാളമാണ് അമേരിക്കന്‍ മണ്ണില്‍ ആയിരുന്നിട്ടും സ്വന്തം നാടിനു വേണ്ടി ഇത്രത്തോളം പ്രവര്‍ത്തിക്കുവാന്‍ സാധിക്കുന്നത്. ഗോപിനാഥ് മുതുകാടിന്‍റെ തിരുവനന്തപുരത്തെ മാജിക് പ്ലാനറ്റില്‍ ഫൊക്കാനയുടെ കേരള കണ്‍വന്‍ഷന്‍ നടക്കുമ്പോള്‍ അവിടെ ജോര്‍ജി വര്‍ഗീസ് എന്ന മനുഷ്യസ്നേഹിയുടെ പുതിയ പദ്ധതികളും പ്രവൃത്തികളും നിലവില്‍ വരും. അന്ന് ജോര്‍ജി വര്‍ഗീസ് എന്ന പ്രിയപ്പെട്ട പ്രവാസി നായകനെ കേരളത്തിലെ ജനങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിക്കും. ലോക മലയാളികള്‍ക്കിടയില്‍ അദ്ദേഹവും ഫൊക്കാന എന്ന സംഘടനയും വാനോളം ഉയര്‍ത്തപ്പെടും.
ഇനിയും അനേകം കാലം കേരളത്തിലെ  ജനങ്ങള്‍ക്കു വേണ്ടിയും അവരുടെ നന്മയ്ക്കുവേണ്ടിയും സത്യത്തിനും നീതിക്കും വേണ്ടിയും അശരണരായവര്‍ക്കുവേണ്ടിയും ജോര്‍ജി വര്‍ഗീസ് എന്ന മനുഷ്യന്‍ നിലനില്‍ക്കട്ടെ. അദ്ദേഹത്തിന്‍റെ ഇടപെടലുകള്‍ അമേരിക്കയിലും കേരളത്തിലും കൃത്യമായ രാഷ്ട്രീയ ബോധത്തോടെ തുടര്‍ന്നുകൊണ്ടേയിരിക്കട്ടെ.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.