VAZHITHARAKAL

പാരമ്പര്യം വഴികാട്ടിയ കരുത്തുമായി ഹെറാൾഡ് ഫിഗെറാഡോ

Blog Image
"പാരമ്പര്യം ഒരു വഴി കാട്ടിയാണ്. കടന്നുപോയവരുടെ ജീവനുള്ള വിശ്വാസവും "

ഒരു പേരിൽ എന്തിരിക്കുന്നു എന്ന് പറയുന്ന മനുഷ്യരുണ്ട്. അവരോടായി ഒരു പേര് പറയട്ടെ .
"ഹെറാൾഡ് ഫിഗെറാഡോ "
ഒരു പേരിൽ ഒത്തിരി കാര്യങ്ങൾ അടങ്ങിയ ഒരു മനുഷ്യൻ. പോർച്ചുഗലിൽ നിന്ന് കേരളത്തിലേക്കും, കേരളത്തിൽ നിന്ന് അമേരിക്കൻ മണ്ണിലേക്കും പറിച്ചു നടപ്പെട്ട ഒരാൾ. ഈ  വഴിത്താരയിൽ വിശ്വാസവും പാരമ്പര്യവും തന്റെ ഓരോ അണുവിലും ഉൾക്കരുത്താണെന്ന് വിശ്വസിക്കുന്ന ഒരു സാമൂഹ്യ സ്നേഹി.
പ്രവർത്തനത്തിലെ കൗതുകങ്ങളിലൂടെ അമേരിക്കൻ മലയാളികൾക്കിടയിലും ശ്രദ്ധിക്കുന്ന പേരുകാരൻ ...
ഹെറാൾഡ് ഫിഗെറാഡോ ..

അഞ്ഞൂറ് വർഷം മുൻപ് പോർട്ടുഗലിൽ നിന്നും കേരളത്തിലേക്ക് കച്ചവടാർത്ഥം കുടിയേറിയ കുടുംബ ചരിത്രമാണ് ഹെറാൾഡ് ഫിഗെറാഡോയുടേത്. കേരളത്തിന്റെ ആതിഥേയത്വം സ്വീകരിച്ച് ജീവിക്കുന്ന ഹെറാൾഡും കുടുംബവും  മലയാളിക്ക് മാതൃകയാണ്. കാരണം തന്റെ പാരമ്പര്യവും വിശ്വാസവും  കാത്തുസൂക്ഷിക്കുവാൻ ,അതിൽ വിശ്വസിച്ച് മുന്നോട്ട് പോകാൻ പ്രേരിപ്പിക്കുന്ന സത്യസന്ധമായ ഒരു ജീവിതത്തെ  ഈ വഴിത്താരയിൽ നമുക്ക് കാണാം.

വാസ്കോഡഗാമയുടെ
പിന്മുറക്കാരൻ

അഞ്ഞൂറ് വർഷങ്ങൾക്ക് മുൻപ് പോർച്ചുഗലിൽ നിന്ന് കോഴിക്കോട്ടേക്കും അവിടെ നിന്ന് മദ്ധ്യ തിരുവിതാംകൂറിലേക്കും കുടിയേറിയ പോർച്ചുഗീസ് കുടുംബ വേരുകൾ ഉള്ള സിൽവസ്റ്റർ ഫിഗെറാഡോയുടേയും ആഗ്നസിന്റേയും മകനായി 1950 ഏപ്രിൽ 6 ന് കൊച്ചി തോപ്പുംപടിയിലാണ് ഹെറാൾഡിന്റെ ജനനം. പോർച്ചുഗലിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ മൂന്ന് ലക്ഷത്തോളം വരുന്ന പോർച്ചുഗീസ് കുടുംബങ്ങളിലെ കണ്ണി. പിതാവ് സിൽവസ്റ്റർ ഫിഗെറാഡോയ്ക്ക് കൊച്ചിയിൽ  പോർട്ട് ട്രസ്റ്റിൽ ആയിരുന്നു ജോലി.
ഹെറാൾഡിന്റെ പ്രാഥമിക വിദ്യാഭ്യാസം തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിലും, കോളേജ് വിദ്യാഭ്യാസം സേക്രഡ് ഹാർട്ട് കോളേജ് തേവര (പ്രീഡിഗ്രി,ബി.കോം )യിലും ആയിരുന്നു.
തുടർന്ന് അഞ്ച് വർഷം സീഫുഡ് ഇൻഡസ്ട്രിയിൽ ജോലി ചെയ്തു.

അമേരിക്കയിലേക്ക്
1978 ൽ എറണാകുളം പച്ചാളം സ്വദേശി പോർച്ചുഗീസ് വേരുകൾ ഉള്ള ജേക്കബ് ഫെർണാണ്ടസിന്റേയും, ട്രീസ  ഫെർണാണ്ടസിന്റേയും മകൾ അമേരിക്കയിൽ നഴ്സ് ആയ  മാർഗരറ്റിനെ (മെട്ടി) വിവാഹം കഴിക്കുന്നതോടെ ഹെറാൾഡ് അമേരിക്കയിലെത്തി . ഡൽഹി ഹോളി ഫാമിലി ഹോസ്പിറ്റലിൽ നേഴ്സിംഗ് പഠനം പൂർത്തിയാക്കി അമേരിക്കയിൽ 1976 ൽ എത്തുകയായിരുന്നു മാർഗരറ്റ്.

തന്റെ ഇന്നു കാണുന്ന വിജയങ്ങൾക്ക് പിന്നിലെ ഏക ചാലകശക്തി മാർഗരറ്റ് ആണെന്ന് തുറന്നു പറയുന്നതിന് ഹെറാൾഡ് ഫിഗെറാഡോയ്ക്ക് അഭിമാനം മാത്രമേ ഉള്ളു. ഒരു പക്ഷെ മാർഗരറ്റ് അമേരിക്കയിൽ വന്നില്ലായിരുന്നു എങ്കിൽ തന്റെ ജീവിതം കൊച്ചിയിൽ തന്നെ തളച്ചിടുമായിരുന്നു എന്ന് അദ്ദേഹം പറയുന്നു. അമേരിക്കൻ മണ്ണിലെ പല  കേരളീയ കുടുംബങ്ങളുടെയും വിജയത്തിനാധാരം നൈറ്റിംഗേൽ ഉയർത്തിപ്പിടിക്കുന്ന മെഴുകുതിരി വെളിച്ചമാണല്ലോ. അതുകൊണ്ടു തന്നെ മാർഗരറ്റിനോട് വലിയ കടപ്പാടുണ്ട്.

ബാങ്കിംഗ് മേഖലയിലേക്ക്
അമേരിക്കയിലെത്തിയ ശേഷം ഒരു ജോലിക്കുള്ള ശ്രമമായിരുന്നു. പഠിച്ചത് ബി കോം ആയതിനാൽ ബാങ്കിംഗ് മേഖലയിൽ ജോലി ലഭിക്കുന്നതിന് ശ്രമം. അതിനായി യു.എസ്. എഡ്യൂക്കേഷൻ ഇൻ ഫിനാൻസ് ആൻഡ് ബാങ്കിംഗ് കോഴ്സിനു ചേർന്നു. തുടർന്ന് ബാങ്കിൽ ജോലി ലഭിക്കുന്നു. വളരെ സന്തോഷത്തോടെയും ആസ്വദിച്ചും 43 വർഷങ്ങൾ ചെയ്ത ജോലി.

അമ്മ പഠിപ്പിച്ച
ആത്മീയ പാഠം

ജോലിയിലും ജീവിതത്തിലും ഹെറാൾഡിന്റെ കൃത്യനിഷ്ഠയ്ക്കും സത്യസന്ധതയ്ക്കും  പിന്നിലെ ചാലക ശക്തി അമ്മ ആഗ്നസ് ആണ് .
അമ്മയെക്കുറിച്ച് ഹെറാൾഡ് ഇങ്ങനെ പറയും " കോൺവെന്റ് വിദ്യാഭ്യാസം നേടിയ അമ്മ ഒരു നല്ല വീട്ടമ്മയായിരുന്നു. ഞങ്ങളുടെ പാരമ്പര്യത്തെക്കുറിച്ചും, വിശ്വാസത്തെക്കുറിച്ചും തികഞ്ഞ ബോധ്യമുണ്ടായിരുന്നു അമ്മയ്ക്ക്. വൈകുന്നേരം വീടുകളിൽ നടക്കുന്ന കുടുംബപ്രാർത്ഥനയ്ക്ക് അമ്മയായിരുന്നു നേതൃത്വം നൽകിയിരുന്നത്. അമ്മ ഞങ്ങൾ നാല് മക്കൾക്കും പകർന്നു നൽകിയ ആത്മീയ പാഠത്തിന്റെ കരുത്ത് ചെറുതല്ല. "
സെന്റ് ജോസഫിന്റെ ദിനമായ മാർച്ച് 19 ന് വീട്ടിലെ ധ്യാനമുറിയിൽ യൗസേപ്പ് പിതാവിനോടുള്ള അപേക്ഷകൾ എഴുതിവയ്ക്കുന്ന ശീലം ഇപ്പോഴും ഹെറാൾഡും കുടുംബവും തുടരുന്നു. അമ്മ പഠിപ്പിച്ച ഒരു ആധ്യാത്മിക സംസ്കാരം .അമ്മയോടൊപ്പമുള്ള ക്രിസ്മസ് ദിനങ്ങൾ മനസിൽ നിറഞ്ഞു നിൽക്കുന്നു. ഡിസംബർ 24 ക്രിസ്മസ് തലേ രാത്രി സമ്മാനങ്ങളുടേതായിരുന്നു. അമ്മയുടെ ദിവസം കൂടിയായിരുന്നു ക്രിസ്മസ്.ജൂലൈ അഞ്ചിന് അമ്മ ആഗ്നസിന്റെ നൂറ്റിപത്താം ജന്മദിനമായിരുന്നു. 33 വർഷം മുൻപ് 1989 ലായിരുന്നു അമ്മയുടെ മരണം. അമ്മയെക്കുറിച്ച് പറയുമ്പോൾ ഹെറാൾഡ് എന്ന മകന്റെ കണ്ഠം ഇടറിയോ..അതാണ് അമ്മ....

കുടുംബ സ്നേഹം എന്ന  കരുത്ത്
കുടുംബം എക്കാലവും നമുക്ക് കരുത്താണ്. സ്നേഹത്തിൽ ചാലിച്ച് ബലപ്പെടുത്തിയ ഒന്ന്. അന്നും ഇന്നും ഹെറാൾഡിന് കുടുംബം തന്നെയാണ് ഒന്നാമത്. ഇപ്പോൾ കൊച്ചുമകൻ ജോണിനോടൊപ്പം ചിലവഴിക്കുമ്പോൾ താനും ഒരു കൊച്ചു കുട്ടിയാകുന്നു. സ്കൂൾ കഴിഞ്ഞ് അവനെ കൂട്ടി കൊണ്ട് വരുന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ സന്തോഷം. എന്റെ കമ്യൂണിറ്റി , എന്റെ സുഹൃത്തുക്കൾ, എന്റെ അയൽപക്കങ്ങൾ എല്ലാവരോടും നിറഞ്ഞ ഇഷ്ടം. അതൊരു അനുഗ്രഹമാണ്. ഇതിനെല്ലാം ഒരു ഉറപ്പ് ലഭിക്കുന്നത് " ഭയപ്പെടേണ്ട.. ദൈവം നമ്മോടൊപ്പം " ഉള്ളതു കൊണ്ടാണ്.

കൊച്ചിയും അമേരിക്കയും
വൈവിദ്ധ്യങ്ങളിലെ സാമ്യം

കൊച്ചിയിൽ വളർന്ന നാളുകളിലേക്ക് നോക്കുമ്പോൾ കുടുംബവും സുഹൃത്തുക്കളും, വിവിധ സാംസ്കാരിക  വൈവിദ്ധ്യങ്ങളും കൂടിച്ചേർന്ന കാലം ഓർമ്മയിൽ വരും. ക്രിസ്ത്യാനികൾ, ഹിന്ദുക്കൾ, മുസ്ലീംങ്ങൾ, യഹൂദർ, ജൈനർ, സിഖുകാർ തുടങ്ങി എല്ലാവരും ഒരേ മനസ്സോടെ താമസിക്കുന്ന കൊച്ചി. അമേരിക്കയിലും അങ്ങനെ തന്നെ. വിവിധ സംസ്കാരങ്ങളിലും മതങ്ങളിലും പെട്ടവർ ഒരുമിച്ച് ജീവിക്കുന്നു. വംശീയ പാരമ്പര്യം ദൈവത്തിന്റെ ദാനമാണെന്ന് ഹെറാൾഡ് പറയുന്നു. ഒരു വംശം വലുതും മറ്റുള്ളത് ചെറുതുമല്ല. ഓരോ വംശത്തിനും അതിന്റേതായ മഹത്വമുണ്ട് എന്നതാണ് ഹെറാൾഡിന്റെ പക്ഷം.
അമേരിക്കയിൽ എത്രത്തോളം വ്യത്യസ്തതയുണ്ടെന്നു നോക്കു - കറുത്തവർ, വെളുത്തവർ, ബ്രൗൺ നിറമുള്ളവർ, ലാറ്റിനോകൾ, യൂറോപ്യൻ വംശജർ, ആഫ്രിക്കൻ- ഏഷ്യൻ വംശജർ എന്നിങ്ങനെ. എന്നിട്ടും നാം അമേരിക്കക്കാർ എന്ന ആശയത്തിൽ ഒന്നിച്ചു ചേരുന്നു.
അമേരിക്കയിൽ എത്തിയ കാലത്ത് ഇന്ത്യാക്കാർ വളരെ കുറവ്. എല്ലാവരും തുടക്കക്കാർ .താനുൾപ്പെടെ പലർക്കും വീട്ടുകാരെ സഹായിക്കണം. അങ്ങനെ നിരവധി ഉത്തരവാദിത്വങ്ങൾ. പക്ഷെ ജാതി മത ഭിന്നതകൾ അന്നും ഇന്നും ഉണ്ടായിരുന്നില്ല. നാല് പതിറ്റാണ്ടുകൾ കഴിഞ്ഞപ്പോഴേക്കും സ്ഥിതി മാറി . എല്ലാവരും നല്ല സ്ഥിതിയിലായി. ഇതിന് പ്രധാനമായും നേഴ്സിംഗ് സമൂഹത്തോടാണ് നന്ദി പറയേണ്ടതെന്ന് ഹെറാൾഡ് വീണ്ടും ആവർത്തിക്കുന്നു. കടന്നുവന്ന വഴികളുടെ ഓർമ്മപ്പെടുത്തൽ.ആ ഓർമ്മയിൽ വേണം എല്ലാവരും ജീവിതത്തെ ബലപ്പെടുത്താൻ .
ഇവിടെയെല്ലാം ഓരോ സമയത്തും ദൈവത്തിന്റെ നിർദ്ദേശങ്ങളാണ് നാം നടപ്പിലാക്കുന്നു. എന്തെല്ലാം ചെയ്യണം എന്ന് ദൈവം നമുക്കായി കുറിച്ചിടുന്നു. അത് നമ്മൾ തുടരുന്നു. അത്ര തന്നെ.

സമുദായ സംഘടന, സാമൂഹ്യ
 പ്രവർത്തനങ്ങൾ

അമേരിക്കയിൽ എത്തിയ നാൾ മുതൽ ഹെറാൾഡ് ഫിഗെറാഡോ സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായി.ചിക്കാഗോ ലാറ്റിൻ കാത്തലിക് കമ്യൂണിറ്റിക്ക് 1984 ൽ  തുടക്കം കുറിച്ചു. ഫൗണ്ടിംഗ് മെമ്പർ, ഇപ്പോൾ പ്രസിഡന്റ്, അമേരിക്കൻ കൊച്ചിൻ ക്ലബ് പ്രസിഡന്റ്,അലുമിനി അസോസിയേഷൻ ഓഫ് സേക്രഡ് ഹാർട്ട് കോളേജ് തേവര, കൊച്ചി ചിക്കാഗോ ചിപ്റ്റർ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. കൂടാതെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ യു.എസ്. എ , മിഡ് വെസ്റ്റ് മലയാളി അസോസിയേഷൻ ചിക്കാഗോ, കേരള അസോസിയേഷൻ ഓഫ് ചിക്കാഗോ,. ഇന്ത്യൻ കാത്തലിക്ക് ഓഫ് ചിക്കാഗോയുടെ പ്രവർത്തകൻ, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വൈസ് പ്രസിഡന്റ് എന്നീ നിലകളിലും സജീവമാണ് ഹെറാൾഡ്.ആദ്യകാലത്ത് കണ്ടുമുട്ടിയ എല്ലാവരുമായും ഇപ്പോഴും നിറഞ്ഞ ബന്ധം തുടരുന്നു. പണ്ട് കണ്ടുമുട്ടിയ കുട്ടികൾ വളർന്നു വരുമ്പോൾ വലിയ സന്തോഷമാണ്. സ്ത്രീകൾ നേഴ്സായി വന്നത് അമേരിക്കൻ മലയാളി സമൂഹത്തിന്റെ ഭാഗ്യമാണ് എന്ന് ഹെറാൾഡ് വീണ്ടും പറയുന്നു. മലയാളി കുടുംബങ്ങളുടെ ഉയർച്ചയ്ക്ക് പിന്നിൽ അവരുടെ കൈത്താങ്ങ് വിസ്മരിക്കാവുന്നതല്ല. കുടുംബത്തിന്റെ പിന്തുണ കൂടി ഉണ്ടെങ്കിൽ മാത്രമെ സാമുദായിക , സാമൂഹിക പ്രവർത്തനങ്ങളിലും സജീവമാകുവാൻ സാധിക്കു.

വേരുകൾ തേടി യാത്ര
റിട്ടയർമെന്റ് ജീവിതം യാത്രകൾക്കായി മാറ്റിവയ്ക്കുകയാണ് ഹെറാൾഡും,ആർ എൻ ആയി റിട്ടയർ ചെയ്ത  ഭാര്യ മാർഗരറ്റും. അമേരിക്ക മുഴുവനും കാണാനുള്ള ശ്രമമാണിപ്പോൾ. ഇരുപത്തിയൊന്ന് രാജ്യങ്ങൾ ഇതിനോടകം കണ്ടു കഴിഞ്ഞു .എന്നാൽ യാത്രകളിൽ ഏറ്റവും സന്തോഷം നൽകിയത് വിവാഹത്തിന്റെ ഇരുപത്തിയഞ്ചാം വർഷം 2003 ൽ പോർച്ചുഗലിലേക്ക് കുടുംബ വേരുകൾ അന്വേഷിച്ച് പോയ യാത്രയാണ്. പോർച്ചുഗലിലെ ഫിഗെറാഡോ സ്ട്രീറ്റ്, ഫെർണാണ്ടസ് സ്ട്രീറ്റ് ഒക്കെ പോയി കണ്ടു. തങ്ങളുടെ പൂർവ്വികരുടെ പാദസ്പർശമേറ്റ വഴികളിലൂടെ നടന്നു. ഇപ്പോഴുള്ള കുടുംബങ്ങളെ കണ്ടു.ലിസ്ബൺ ലൈബ്രറിയിൽ പോയി പഴയ റിക്കാർഡുകൾ ഒക്കെ തപ്പിയെടുത്തു. ആദ്യകാലത്ത് തങ്ങളുടെ പൂർവ്വികർക്ക് കൊച്ചിയിൽ ബേക്കറി കച്ചവടമായിരുന്നു എന്ന് അറിയുവാൻ കഴിഞ്ഞു. നിരവധി യാത്രകൾ നടത്തിയിട്ടുണ്ടെങ്കിലും പോർച്ചുഗലിലേക്ക് നടത്തിയ യാത്രയാണ് ഇന്നും ഓർമ്മയിൽ തങ്ങി നിൽക്കുന്നത്. നമ്മുടെ  വേരുകൾ ആണ് എന്നും നമ്മെ ബലപ്പെടുത്തുന്നതെന്ന് ഹെറാൾഡ് പറയുന്നു.

പുരസ്കാരങ്ങൾ
  ദൈവം നൽകുന്നതിനെ ഹൃദയം കൊണ്ട് സ്വീകരിക്കുന്നയാളാണ് ഹെറാൾഡ്. ജീവിതത്തിൽ ലഭിക്കുന്നതെല്ലാം ഈശ്വരന്റെ സമ്മാനങ്ങളാണെന്ന് വിശ്വസിക്കുന്ന അദ്ദേഹത്തെ തേടി നിരവധി പുരസ്കാരങ്ങൾ തേടിയെത്തിയിട്ടുണ്ട്. സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്ക് നേർക്കാഴ്ച്ച പത്രത്തിന്റെ പുരസ്കാരം, ചിക്കാഗോ ലാറ്റിൻ കാത്തലിക് കമ്മ്യൂണിറ്റി ലീഡർഷിപ്പ് അവാർഡ്, കേരള അസോസിയേഷൻ ഓഫ് ചിക്കാഗോ, കേരള കൾച്ചറൽ സെന്റർ ഓഫ് ചിക്കാഗോയുടെ പുരസ്കാരം എന്നിവയെ തനിക്ക് സമൂഹത്തിൽ നിന്നും ലഭിച്ച ആദരവായി അദ്ദേഹം കാണുന്നു.

 കുടുംബം എന്ന സമ്പത്ത്
പോർച്ചുഗലിൽ നിന്ന് കൊച്ചിയിലേക്ക് കുടിയേറിയ ഒരു കുടുംബത്തിന്റെ അമേരിക്കൻ കുടിയേറ്റത്തിന്റെ  കഥയിൽ സ്ഥിരോത്സാഹത്തിന്റേയും, കുടുംബത്തിന്റെ കെട്ടുറപ്പിന്റേയും കഥ പറയുമ്പോൾ പിതാവ്, മാതാവ്, ഭാര്യ, മകൾ,മരുമകൻ , കൊച്ചുമകൻ ഒക്കെ കടന്നുവരുന്ന നിമിഷങ്ങളിൽ നിന്നും നമുക്ക് വായിച്ചെടുക്കാവുന്ന ഘടകം ഹെറാൾഡ് ഫിഗെറാഡോ എന്ന മനുഷ്യന്റെ കുടുംബ സ്നേഹം ഒന്ന് മാത്രമാണ്. അച്ഛൻ സിൽവസ്റ്റർ, അമ്മ ആഗ്നസ് , ഭാര്യ മാർഗരറ്റ്, മകൾ മെൽഫ ,മരുമകൻ ബിക്കി, കൊച്ചുമകൻ ജോൺ എല്ലാവരും ഹെറാൾഡിന്റെ ജീവിത വഴിയിലെ വഴികാട്ടികളാണ്. പോർച്ചുഗലിലെ "ഫിഗെറാഡോ " എന്ന കുടുംബപ്പേരിനൊപ്പം ലോകം മുഴുവൻ യാത്ര ചെയ്യുമ്പോഴും കുടുംബം എന്ന തായ് വേരിന്റെ പ്രസക്തി ഈ വഴിത്താരയിൽ അദ്ദേഹം നമ്മെയെല്ലാം ഓർമ്മപ്പെടുത്തുന്നു. അതിലുപരി നാം കടന്നു വന്ന വഴികളെക്കുറിച്ചും അതിന് കാരണക്കാരായവരെക്കുറിച്ചും തികഞ്ഞ ബഹുമാനത്തോടെ സ്മരിക്കുകയാണ് അദ്ദേഹം തന്റെ ഓരോ വാക്കിലും...


ഹെറാൾഡ് ഫിഗെറാഡോ ഈ വഴിത്താരയിൽ കണ്ടുമുട്ടിയ വ്യത്യസ്തനായ മനുഷ്യനാണ്.
ഒരു പേരിൽ എന്തിരിക്കുന്നു എന്ന് ചോദിക്കുന്നവരോട് " ഈ പേരിൽ ഒരു നല്ല ഹൃദയം ഒളിഞ്ഞിരിപ്പുണ്ട് " എന്ന് നമുക്ക് ധൈര്യമായി പറയാം.
ഹെറാൾഡ്... യാത്ര തുടരുക.
ഈ വഴിത്താരയിൽ ഇനിയും നിങ്ങൾക്കായി അനേകം യാത്രകളും നന്മകളും കാത്തിരിക്കുന്നു .

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.