VAZHITHARAKAL

ആരോഗ്യ വിദ്യാഭ്യാസ രംഗത്തെ വിജയഗാഥ; കെ ജി മന്മഥൻ നായർ

Blog Image
' ഭാവി പ്രവചിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം അത് സൃഷ്ടിക്കുക എന്നതാണ് '

ഒരു  സംരംഭകന്‍ എന്നാല്‍ സ്ഥിരമായി വെല്ലുവിളികളെ സ്വീകരിക്കുന്നവന്‍ എന്നുകൂടി അര്‍ത്ഥമുണ്ട്. ആ വെല്ലുവിളികളെ അവര്‍ അവരുടെ അചഞ്ചലമായ വിശ്വാസം കൊണ്ട് കീഴ്പ്പെടുത്തി മുന്നോട്ടു പോവുകയും പൊതു സമൂഹത്തിന് വലിയ മാതൃകയായും ഭാവിതലമുറയ്ക്ക് തണലുമായി മാറാന്‍ സാധിച്ച ഒരു അപൂര്‍വ്വ വ്യക്തിത്വത്തെ ഈ വഴിത്താരയില്‍ നമുക്ക് കണ്ടുമുട്ടാം. കെ.ജി. മന്മഥന്‍ നായര്‍.

അമേരിക്കന്‍ മലയാളി സംഘടനാ ചരിത്രം എഴുതപ്പെട്ടാല്‍ അതില്‍ ആദ്യം എഴുതി ചേര്‍ക്കേണ്ട പേരുകാരില്‍ ഒരാളാണ് കെ.ജി. മന്മഥന്‍ നായര്‍. അത്രത്തോളം ജനകീയനായിരുന്ന, ഫൊക്കാനയുടെ എക്കാലത്തേയും മികച്ച നാഷണല്‍ കണ്‍വന്‍ഷന്‍ ഡാളസില്‍ സംഘടിപ്പിച്ച ജനകീയ നേതാവ്. തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ ചരിത്രമുള്ള അദ്ദേഹം ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ ലോകമെമ്പാടുമുള്ള വിദ്യാര്‍ത്ഥികള്‍ക്കായി പുതിയ വഴികള്‍ തുറന്നിടുകയാണിപ്പോള്‍. അതിന്‍റെ തിരക്കില്‍ ജീവിക്കുമ്പോഴും അദ്ദേഹം കടന്നുവന്ന വഴികളെ ഓര്‍മ്മിച്ചെടുക്കുന്നു ഈ വഴിത്താരയിലൂടെ....
ആലപ്പുഴ ജില്ലയില്‍ കാര്‍ത്തികപ്പള്ളി ചിങ്ങോലി പുരാതന കുടുംബമായ കാട്ടുപറമ്പില്‍ അദ്ധ്യാപകനായിരുന്ന ഗോപാല പിള്ളയുടെയും സരസ്വതിയമ്മയുടെയും നാല് മക്കളില്‍ മൂന്നാമനാണ് കെ. ജി. മന്മഥന്‍ നായര്‍. കാര്‍ത്തികപ്പള്ളി ഗണപതിവിലാസം എല്‍.പി. സ്കൂളില്‍ ഒന്നു മുതല്‍ നാല് വരെയും, സെന്‍റ് തോമസ് സ്കൂളില്‍ 5 മുതല്‍ 10 വരെയും. പ്രീഡിഗ്രിക്ക് ടി.കെ.എം.എം കോളേജിലും ഡിഗ്രിക്ക് ആലപ്പുഴ എസ്.ഡി. കോളേജിലും പഠനം. ഡാളസിലെ നോര്‍ത്ത് ടെക്സസ് യൂണിവേഴ്സിറ്റിയില്‍ മാനേജ്മെന്‍റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തില്‍ ബിരുദാനന്തര ബിരുദം. 1974-ല്‍ ജബല്‍പ്പൂരില്‍ എം.എ എല്‍.എല്‍.ബിക്ക് ചേര്‍ന്നു. വിജയകരമായി വക്കീല്‍ പഠനവും പൂര്‍ത്തിയാക്കി നാട്ടിലെത്തിയപ്പോഴേക്കും ജീവിതം പുതിയ വഴിത്തിരിവിലേക്ക് കടക്കുകയായിരുന്നു.


അദ്ധ്യാപകന്‍, അഭിഭാഷകന്‍
കേരളത്തിന്‍റെ സമാന്തര വിദ്യാഭ്യാസ മേഖലയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുകയും സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് അറിവിന്‍റെ വാതായനങ്ങള്‍ തുറന്നിടുകയും ചെയ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് കേരളത്തിലെ പാരലല്‍ കോളേജുകള്‍. പ്രത്യേകിച്ച് 1970-90 കാലഘട്ടങ്ങള്‍. ജബല്‍പൂരില്‍ നിന്നും കെ.ജി. മന്മഥന്‍ നായര്‍ തിരികെ എത്തി ആലപ്പുഴയില്‍ അഭിഭാഷകനായി പരിശീലനവും തുടങ്ങി. കൂടാതെ നാട്ടിലെ രണ്ടായിരത്തിലധികം വരുന്ന വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന നങ്ങ്യാര്‍കുളങ്ങര എസ്എച്ച് പാരലല്‍ കോളേജ് അദ്ധ്യാപകനായും സേവനം തുടങ്ങി. ഫിസിക്സ്, ഇംഗ്ലീഷ്, കമ്പനി ലോ എന്നിവയായിരുന്നു അദ്ദേഹത്തിന്‍റെ വിഷയങ്ങള്‍. പിതാവിന്‍റെ അദ്ധ്യാപകവൃത്തി മകനിലേക്കും  കടന്നു കൂടിയ കാലം അദ്ദേഹം നന്നായി ആസ്വദിച്ച സമയം കൂടിയായിരുന്നു.

പ്രണയം, വിവാഹം, അമേരിക്ക
നാട്ടിലെ ചെറുപ്പക്കാരനായ അദ്ധ്യാപകന് അക്കാലത്ത് അടുത്തറിയാവുന്ന പെണ്‍കുട്ടിയോട് തോന്നിയ ഒരിഷ്ടം വേഗം പ്രണയത്തിലേക്ക് വഴിമാറി. വീട്ടുകാരുടെ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു എങ്കിലും പിന്നീട് വിവാഹത്തിന് സമ്മതം കിട്ടി. കാര്‍ത്തികപ്പള്ളി പുതുവാക്കല്‍ നാരായണപ്പണിക്കരുടേയും, തങ്കമ്മ പണിക്കരുടേയും മകള്‍ രാധയെ 1980-ല്‍ വിവാഹം കഴിക്കുമ്പോള്‍ അമേരിക്കയില്‍ വേരുകള്‍ ഉള്ള ഒരു കുടുംബത്തിലേക്ക് മരുമകനായി വരാനുള്ള തയ്യാറെടുപ്പിലുമായിരുന്നു അദ്ദേഹം.

സിസ്റ്റം മാനേജര്‍ മുതല്‍ ബിസ്സിനസുകാരന്‍ വരെ
വിവാഹത്തോടെ ഡാളസില്‍ എത്തിയ മന്മഥന്‍ നായര്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുകയും മാനേജ്മെന്‍റ് സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കുകയും ചെയ്തു. കാമ്പസ് ഇന്‍റര്‍വ്യുവിലൂടെ ജെസിപെനി എന്ന സ്ഥാപനത്തില്‍ സിസ്റ്റം മാനേജരായി ജോലി ലഭിച്ചു. അമേരിക്ക മുഴുവന്‍ സ്ഥാപനങ്ങള്‍ ഉള്ള ജെസിപെനി അദ്ദേഹത്തിന് വലിയ വഴിത്തിരിവാണ് സമ്മാനിച്ചത്. എട്ടുവര്‍ഷം അവിടെ ജോലി ചെയ്തു. ഇക്കാലത്താണ് അമേരിക്കന്‍ മലയാളി സംഘടനാ രംഗത്ത് സജീവമാകുന്നത്.


കേരളാ അസ്സോസിയേഷനില്‍ നിന്നും ഫൊക്കാനാ പ്രസിഡന്‍റിലേക്ക്
ചെറുപ്പം മുതല്‍ സാമൂഹിക ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്ന മന്മഥന്‍ നായര്‍ അമേരിക്കയില്‍ എത്തിയപ്പോഴും അത് തുടര്‍ന്നു പോന്നു. ബന്ധങ്ങളുടെ ആഴവും പരപ്പുമാണ് മനുഷ്യരുടെ വികാസത്തിന്‍റെ ഒരു ഘടകമെന്ന് തിരിച്ചറിയുന്ന അദ്ദേഹം ആദ്യകാലം മുതല്‍ ഡാളസ് കേരളാ അസ്സോസിയേഷനില്‍ സജീവ പ്രവര്‍ത്തകനായി. 1992-ല്‍ സംഘടനയുടെ പ്രസിഡന്‍റുമായി. അക്കാലത്ത് മലയാളി സംഘടനകളുടെ ദേശീയ പ്രസ്ഥാനമായ ഫൊക്കാനയിലും സജീവമായി. 1988, 1990, 1992 ഫൊക്കാനാ കണ്‍വന്‍ഷനുകളില്‍ നിറഞ്ഞ സാന്നിദ്ധ്യമായി പ്രവര്‍ത്തനങ്ങള്‍. 1994-ല്‍ കേരളാ അസ്സോസിയേഷന്‍ ഫൊക്കാനയുടെ  കണ്‍വന്‍ഷന്‍ ഡാളസിലേക്ക് കൊണ്ടുവരാന്‍ ശ്രമം നടത്തി. അങ്ങനെ കെ.ജി.  മന്മഥന്‍ നായര്‍ ഫൊക്കാനയുടെ പ്രസിഡന്‍റായി.


ഫൊക്കാനയുടെ സുവര്‍ണ്ണ കാലം ചരിത്രമായ ഡാളസ് കണ്‍വന്‍ഷന്‍
ലോകത്തെക്കുറിച്ചും, അതില്‍ അധിവസിക്കുന്ന ജനങ്ങളെക്കുറിച്ചും ദര്‍ശനങ്ങള്‍ ഉള്ള മനുഷ്യര്‍ ചില ഭൂവിഭാഗങ്ങളില്‍ ഒത്തുകൂടുമ്പോള്‍ ചില നൂതനമായ ആശയങ്ങള്‍ക്ക് തുടക്കമിടും. മന്മഥന്‍ നായര്‍ ഫൊക്കാന പ്രസിഡന്‍റായപ്പോള്‍ 1994-1996 കാലം ഫൊക്കാനയുടെ സുവര്‍ണ്ണകാലമായിരുന്നു എന്ന് ചരിത്രം രേഖപ്പെടുത്തുന്നു. ഫൊക്കാന ഓണ്‍ലൈന്‍ എന്ന ഫൊക്കാനയുടെ പത്രത്തിന് തുടക്കം അന്നായിരുന്നു. യുവാക്കള്‍ക്കായി പ്രത്യേകം കണ്‍വന്‍ഷന്‍, ഡാളസ് സിറ്റിയെ തിരുവനന്തപുരം സിറ്റിയുമായി ബന്ധിപ്പിക്കുന്ന പ്രോഗ്രാം തുടങ്ങി നൂതനമായ നിരവധി ആശയങ്ങളുടെ നടത്തിപ്പായി മാറി ഡാളസ് ഫൊക്കാന കണ്‍വന്‍ഷന്‍. നാഷണല്‍ കണ്‍വന്‍ഷനില്‍ ഒരു ദിവസം 'ഇന്ത്യാ ഡേ' കണ്‍വന്‍ഷന്‍ ആയി പ്രഖ്യാപിച്ചു. ഡാളസിലെയും സമീപ പ്രദേശങ്ങളിലേയും എല്ലാ ഇന്ത്യന്‍ അസ്സോസിയേഷനുകളും കണ്‍വന്‍ഷന്‍റെ ഭാഗമായി. മുഖ്യമന്ത്രി ഇ. കെ. നായനാര്‍, മേഘാലയ ഗവര്‍ണര്‍ എം. എം. ജേക്കബ്, മന്ത്രി ടി.എം. ജേക്കബ്, പ്രഗത്ഭ മാധ്യമ പ്രവര്‍ത്തകരായ വി. കെ. മാധവന്‍ കുട്ടി, രാധാകൃഷ്ണന്‍, ശേഖരന്‍ നായര്‍, എന്‍. ആര്‍.എസ്. ബാബു തുടങ്ങിയ വലിയനിര തന്നെ കണ്‍വന്‍ഷന്‍റെ ഭാഗമായി. കേരള വ്യവസായ രംഗത്തെ അമേരിക്കയില്‍ പരിചയപ്പെടുത്തുകയും ഐ.ടി. രംഗത്തെ ചില സാധ്യതകള്‍ക്ക് തുടക്കമിടുകയും ചെയ്തു. അന്നത്തെ വ്യവസായ മന്ത്രി ടി.ശിവദാസ മേനോന്‍, കിന്‍ഫ്ര എം.ഡി. ഗോപാല പിളള, ഐ.ടി. വിദഗ്ദ്ധന്‍ വിജയരാഘവന്‍ തുടങ്ങിയവര്‍ കണ്‍വന്‍ഷന്‍റെ ഭാഗമാവുകയും ചെയ്തു. ഫൊക്കാനയുടെ ചരിത്രം രേഖപ്പെടുത്തുമ്പോള്‍ 1996-ലെ ഡാളസ് കണ്‍വന്‍ഷന്‍ ഒരു പ്രത്യേക ഭാഗമായി അടയാളപ്പെടുത്തുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് പ്രസിഡന്‍റ് മന്മഥന്‍ നായര്‍ അക്കാലത്ത് ഫൊക്കാനയില്‍ കൊണ്ടു വന്നതെന്ന് ചരിത്രം. ഡാളസ് കണ്‍വന്‍ഷന്‍ കഴിഞ്ഞ സമയത്ത് കണ്‍വന്‍ഷന്‍ നടത്തിയ ഹോട്ടലില്‍നിന്ന് തിരികെ ലഭിച്ച 8% തുക പബ്ലിക്ക് ആക്കുകയും ഏതാണ്ട് 18000 ഡോളര്‍ ഫൊക്കാനയുടെ അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്ത  പ്രസിഡന്‍റു കൂടിയാണ് അദ്ദേഹം.


1998-ല്‍ ട്രസ്റ്റി ബോര്‍ഡ് അംഗം, 2000-ല്‍ ചെയര്‍മാന്‍, ഫൊക്കാനയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ഫൊക്കാനാ ഫൗണ്ടേഷന്‍ ആരംഭിച്ചതും അദ്ദേഹമായിരുന്നു. അഞ്ച് തവണയോളം ഫൊക്കാന ഇലക്ഷന്‍ കമ്മീഷണറുടെ ചുമതല വഹിച്ചിട്ടുണ്ട്. 1998 മുതല്‍ 2006 വരെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അദ്ദേഹം ഫൊക്കാനയുടെ പിളര്‍പ്പില്‍ അസ്വസ്ഥനാണ്. ചില വ്യക്തികളുടെ പിടിവാശിയും സത്യസന്ധത ഇല്ലായ്മയും ലോകം മുഴുവന്‍ അറിയപ്പെടേണ്ട ഒരു സംഘടനയുടെ വളര്‍ച്ച മുരടിപ്പിക്കുവാന്‍ മാത്രമെ ഉപകരിച്ചുള്ളു എന്ന് അദ്ദേഹം പറയുന്നു.
ലയണ്‍സ് ക്ലബ്, NFIA
സംഘടനാ പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്തുന്നതിന്‍റെ ഭാഗമായി 1997-ല്‍ ഡാളസില്‍ ലയണ്‍സ് ക്ലബിന് രൂപം നല്‍കി. ഡാളസില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തനമാരംഭിച്ച ലയണ്‍സ് ക്ലബ്ബിന് മികച്ച പ്രവര്‍ത്തനത്തിനുള്ള പുരസ്ക്കാരവും നേടിക്കൊടുക്കുവാന്‍ കെ.ജി. മന്മഥന്‍ നായര്‍ക്ക് സാധിച്ചു. 
നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസ്സോസിയേഷന്‍റെ ജനറല്‍ സെക്രട്ടറിയായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അമേരിക്കയിലെ ഇന്ത്യന്‍ ജനതയുടെ ഒത്തുചേരല്‍ കൂടിയായിരുന്നു ഈ സംഘടന പ്രവര്‍ത്തനത്തിന്‍റെ ശൈലി. 2003 മുതല്‍ ചഎകഅയില്‍ സജീവമായി. അമേരിക്കന്‍ രാഷ്ട്രീയ ധാരയിലേക്ക് യുവതലമുറയെ എത്തിക്കുവാനുള്ള വഴികാട്ടിയായിരുന്നു ഈ സംഘടന. അമേരിക്കന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്‍റെ ജനറല്‍ സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.


സമ്പൂര്‍ണ്ണ ബിസ്സിനസിലേക്ക്
ആരോഗ്യ പരിരക്ഷ ഒരു നാടിന്‍റെ നന്മ എന്ന് വിശ്വസിക്കുന്ന കെ.ജി. മന്മഥന്‍ നായര്‍ ഡാളസില്‍ 1997-ലും 2001-ലും ഹെല്‍ത്ത് കെയര്‍ ബിസിനസിന് തുടക്കമിട്ടു. ഇപ്പോള്‍ വിവിധ ഹെല്‍ത്ത് കെയര്‍ കമ്പനികളുടെ പ്രസിഡന്‍റു കൂടിയാണ്. ടെക്സാസ് സീനിയര്‍ ഹോം ഹെല്‍ത്ത് കെയര്‍, അറ്റ്ലസ് ഹോം ഹെല്‍ത്ത് കെയര്‍ സര്‍വീസസ്, അലൈഡ് ഹോം ഹെല്‍ത്ത് കെയര്‍ സര്‍വ്വീസസ്, അമേരിക്കന്‍ ഹെല്‍ത്ത് കെയര്‍ സര്‍വ്വീസസ് എന്നിങ്ങനെ അദ്ദേഹത്തിന്‍റേതായും, അദ്ദേഹം നേതൃത്വം നല്‍കുന്നതുമായ ഹെല്‍ത്ത് കെയര്‍ സംരംഭങ്ങള്‍ വിജയത്തിന്‍റെ പാതയില്‍ മുന്നേറുകയാണ്. കൂടാതെ ന്യു പീക്ക് ടെക്നോളജീസ് എന്ന പേരില്‍ ഭാരതത്തിലും, കെ.ജി.എം ഗ്രൂപ്പ് എന്ന നിലയിലും അദ്ദേഹത്തിന്‍റെ ബിസിനസ് ശൃംഖല വളരുന്നു
ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തുടക്കം
ഉന്നത വിദ്യാഭ്യാസം, മെഡിക്കല്‍, ആരോഗ്യ പരിപാലന പ്രവര്‍ത്തനങ്ങള്‍, നൂതന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ മനുഷ്യ മൂലധന സാധ്യതകള്‍ നിക്ഷേപിക്കുകയും വികസിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കെ.ജി. മന്മഥന്‍ നായര്‍ ആരോഗ്യ വിദ്യാഭ്യാസരംഗത്തിന് തുടക്കമിടുന്നത്. ലോകത്തിന്‍റെ ഏതു ഭാഗത്തുനിന്നും തങ്ങളുടെ നാട്ടില്‍ ആരോഗ്യ വിദ്യാഭ്യാസത്തിന് ചെലവാകുന്ന തുകയില്‍ നിന്നും വളരെ കുറച്ച് ചെലവില്‍ അമേരിക്കയിലും, ഇംഗ്ലണ്ടിലും എം.ബി.ബി.എസ് പഠനം, മറ്റ് നേഴ്സിംഗ് ആരോഗ്യ പഠനങ്ങള്‍ സാധ്യമാക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
ഇന്‍റര്‍നാഷണല്‍ അമേരിക്കന്‍ യൂണിവേഴ്സിറ്റി കോളേജ് ഓഫ് മെഡിസിന്‍ (സെന്‍റ് ലൂസിയ, വെസ്റ്റ് ഇന്‍ഡീസ്), അമേരിക്കന്‍ യൂണിവേഴ്സിറ്റി ഓഫ് സെന്‍റ് വിന്‍സെന്‍റ് സ്കൂള്‍ ഓഫ് മെഡിസിന്‍ (സെന്‍റ് വിന്‍സെന്‍റ്, വെസ്റ്റ് ഇന്‍ഡീസ്), സൗത്ത് വെസ്റ്റ് കിംഗ്സ്റ്റണ്‍ യൂണിവേഴ്സിറ്റി (യു.എസ്.എ), ഇന്‍റര്‍നാഷണല്‍ അമേരിക്കന്‍ യൂണിവേഴ്സിറ്റി ഓഫ് ബാര്‍ബഡോസ് സ്കൂള്‍ ഓഫ് മെഡിസിന്‍ (ബാര്‍ബഡോസ്, വെസ്റ്റ് ഇന്‍ഡീസ്) എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴി ഏതാണ്ട് മൂവായിരത്തിലധികം കുട്ടികളാണ് എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കി അമേരിക്ക, കാനഡ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നത്. 2013 മുതല്‍ ഓണ്‍ ലൈന്‍ പഠന സംവിധാനവും ഏര്‍പ്പെടുത്തി സൗത്ത് വെസ്റ്റ് കിംഗ്സ്റ്റണ്‍ യൂണിവേഴ്സിറ്റി ചില പ്രത്യേക കോഴ്സുകളും ആരംഭിച്ചു. നേഴ്സുമാര്‍ക്ക് ഉള്ള ട്രെയിനിംഗ് പ്രോഗ്രാമുകള്‍, ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ പഠനം തുടങ്ങിയവയിലെ ട്രെയിനിംഗ് പ്രോഗ്രാമുകള്‍ കൃത്യമായി നടത്തിവരുന്നു.
ബ്രിട്ടീഷ് റോയല്‍ യൂണിവേഴ്സിറ്റി എന്ന പേരില്‍ കരീബിയനില്‍ സ്ഥാപിക്കുന്ന യൂണിവേഴ്സിറ്റിയിലെ എം.ബി.ബി.എസ് പഠനം കുട്ടികള്‍ക്ക് വളരെ ഫലപ്രദമാണ്. അഞ്ചര വര്‍ഷം കൊണ്ട് ഇന്‍റേണ്‍ഷിപ്പ് ഉള്‍പ്പെടെയുള്ള പ്രോഗ്രാം നല്‍കുമ്പോള്‍ ആകെ അവര്‍ ഇന്ത്യയില്‍ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പഠിക്കുന്നതിന്‍റെ 60% മാത്രമേ കെ.ജി ഗ്രൂപ്പ് ഫീസായി സ്വീകരിക്കുന്നുള്ളു. ലണ്ടനിലെ കെന്‍റ് നഗരത്തില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന മെഡിക്കല്‍ കോളേജില്‍ മെഡിസിന്‍ മാത്രമല്ല വിവിധങ്ങളായ ആരോഗ്യ വിദ്യാഭ്യാസ കോഴ്സുകള്‍ ആരംഭിക്കും. ഇന്ത്യയില്‍ എം.ബി.ബി.എസ്. കഴിഞ്ഞ് രണ്ടര വര്‍ഷം പ്രാക്ടീസ് ഉള്ള ഒരു ഡോക്ടര്‍ക്ക് ഇംഗ്ലണ്ടില്‍ പി.ജി പ്രോഗ്രാം ചെയ്യുവാനും ജോലിക്കുമുള്ള സൗകര്യങ്ങള്‍ ചെയ്തു നല്‍കും. ഐ.ഇ. എല്‍.റ്റി.എസ് പാസ്സായ നേഴ്സുമാര്‍ക്കും ജോലി നല്‍കാനുളള ഒരു പാക്കേജും അദ്ദേഹം അവതരിപ്പിക്കുന്നു.
മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തെ ലഘൂകരിച്ച് സാധാരണക്കാരായ ജനങ്ങളുടെ കുട്ടികള്‍ക്കും ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് നേട്ടങ്ങള്‍ ഉണ്ടാക്കുവാന്‍ സഹായിക്കുകയാണ് കെ.ജി. മന്മഥന്‍ നായര്‍ ചെയ്യുന്നത്
നൂതന ആയുര്‍വേദ സെന്‍റര്‍
ആയുര്‍വേദത്തിന്‍റെ ദീര്‍ഘവും വിസ്മയിപ്പിക്കുന്നതുമായ ചരിത്രത്തെ അതേ അന്തഃസത്തയോടു കൂടി കെ.ജി.എം. ഗ്രൂപ്പ് ലോകത്തിന്‍റെ മുന്‍പില്‍ അവതരിപ്പിക്കുകയാണ്. അയ്യായിരം വര്‍ഷം പഴക്കമുള്ള ഈ ജീവശാസ്ത്രം ഒരു നിധിയാണെന്ന് വിശ്വസിക്കുന്ന അദ്ദേഹം അമേരിക്കയില്‍ ആദ്യത്തെ ആയുര്‍വേദിക് യൂണിവേഴ്സിറ്റി ആരംഭിക്കുന്നതിന്‍റെ പ്രവര്‍ത്തനങ്ങളിലാണ് ഇപ്പോള്‍. ധന്വന്തരി യൂണിവേഴ്സിറ്റി എന്ന പേരില്‍ ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു വലിയ പ്രസ്ഥാനമായി ഈ യൂണിവേഴ്സിറ്റിയെ മാറ്റാനാണ് ശ്രമം. പ്രകൃതിയോട് പൂര്‍ണ്ണമായി യോജിച്ച് ജീവിക്കാനുള്ള ഒരു വഴി തുറന്നിടുകയും, ജനങ്ങള്‍ ആയുര്‍വേദ ജീവിത ശൈലി നയിക്കുവാനുമുള്ള പരിപൂര്‍ണ്ണ ആയുര്‍വേദ സെന്‍റര്‍ എന്ന ലക്ഷ്യത്തിലേക്ക് നടന്നടുക്കുകയാണ് കെ.ജി. മന്മഥന്‍ നായര്‍. ആയുര്‍വേദ കണ്‍സള്‍ട്ടന്‍സി, വിവിധ ആയുര്‍വേദ പഠന ഡിഗ്രികള്‍, എല്ലാത്തരം ആയുര്‍വേദ ചികിത്സകളും കേരളീയ സാഹചര്യങ്ങള്‍ സൃഷ്ടിച്ച് ലോകത്തിന് സമ്മാനിക്കാന്‍ ശ്രമിക്കുകയാണ് അദ്ദേഹം.
പുരസ്കാരങ്ങള്‍
കെ.ജി. മന്മഥന്‍ നായരുടെ സാമൂഹിക സംഭാവനകള്‍ മാനിച്ച് അദ്ദേഹത്തിന് നിരവധി പുരസ്ക്കാരങ്ങള്‍  നേടിക്കൊടുത്തിട്ടുണ്ട്. ലയണ്‍സ് സൈറ്റ് ആന്‍ഡ് ടിഷ്യൂ ഫൗണ്ടേഷന്‍റെ ഡോ. വില്യംസ് എസ്. ഹാരിസ് മെമ്മോറിയല്‍ ഗോള്‍ഡ് അവാര്‍ഡ്, ഫൊക്കാനയുടെ 'മാന്‍ ഓഫ് ദ ഇയര്‍' അവാര്‍ഡ്, ലയണ്‍സ് ക്ലബില്‍ നിന്നുള്ള 'മെല്‍വിന്‍ ജോണ്‍സ് ഫെല്ലോഷിപ്പ് അവാര്‍ഡും' മറ്റു ചില പുരസ്ക്കാരങ്ങളും ഉള്‍പ്പെടുന്നു. പ്രഥമ സെന്‍റ് ലൂസിയ ഇന്‍വെസ്റ്റ്മെന്‍റ് ഫോറത്തില്‍ അതിഥി പ്രഭാഷകനാകാനും അദ്ദേഹത്തിന് അവസരം ലഭിച്ചിട്ടുണ്ട്.
കുടുംബം
ഒരു അദ്ധ്യാപകന്‍റേയും സ്നേഹ നിധിയായ അമ്മയുടേയും ശിക്ഷണത്തില്‍ വളര്‍ന്ന കെ.ജി മന്മഥന്‍ നായര്‍ക്ക് കുടുംബം, തന്‍റെ ഒപ്പം നില്‍ക്കുന്നവര്‍ എല്ലാം പ്രിയപ്പെട്ടവര്‍ തന്നെ. അവര്‍ക്കായി ഹൃദയം നല്‍കി കാത്തുസൂക്ഷിക്കുമ്പോള്‍ തന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് കാവല്‍ക്കാരായി ഭാര്യ രാധ, മകന്‍ മനീഷ് നായര്‍, മകള്‍ നര്‍ത്തകിയും കൂടിയായ ആശ മന്മഥനും അദ്ദേഹത്തിനൊപ്പം ഉണ്ട്.
സാമൂഹിക പ്രവര്‍ത്തനങ്ങളുടെ വഴികളും പാഠങ്ങളും അമേരിക്കന്‍ മലയാളി സംഘടനകള്‍ പഠിക്കേണ്ടത് മന്മഥന്‍ നായരുടെ ശൈലിയിലൂടെയാണന്ന് പറഞ്ഞാല്‍ അതിശയോക്തിയില്ല. ഒരു സംഘടനയെ എങ്ങനെ നയിക്കണമെന്നും സംഘടനാ പ്രവര്‍ത്തകരെ എങ്ങനെ ഒപ്പം നിര്‍ത്തി മുന്നോട്ടു കൊണ്ടുപോകണമെന്നും കൃത്യമായ കാഴ്ച്ചപ്പാടുള്ള വ്യക്തികൂടിയാണ് അദ്ദേഹം.
മന്മഥന്‍ നായര്‍ നടക്കുന്ന വഴികള്‍ ലോക നന്മകള്‍ക്ക് വേണ്ടിയുള്ളതാണ്. നമ്മുടെ ഭാവി തലമുറയ്ക്ക് വേണ്ടിയുള്ളതാണ്. അദ്ദേഹത്തിന്‍റെ ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാളെ ലോകത്തിന് മാതൃകയായിത്തീരണം. അതിനായുള്ള അദ്ദേഹത്തിന്‍റെ സംരംഭങ്ങള്‍ക്കൊപ്പം നമുക്ക് കൂടാം. കാരണം ഈ വഴിത്താരയില്‍ സ്നേഹത്തിന്‍റെയും കരുതലിന്‍റേയും പുഞ്ചിരിയുമായാണ് കെ.ജി. മന്മഥന്‍ നായര്‍ നില്‍ക്കുന്നത്. ലോക മലയാളത്തിന് അദ്ദേഹത്തെ പിന്തുടരാം. ഒപ്പം കൂടാം. ഒരു നഷ്ടവും ഉണ്ടാവില്ല. കാരണം ഈ വലിയ പ്രസ്ഥാനം അദ്ദേഹം പടുത്തുയര്‍ത്തിയത് ഓരോ മനുഷ്യരുടേയും ഹൃദയങ്ങളിലാണ്. 
സ്നേഹാശംസകള്‍!
കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍
Info@iau.edu.lc

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.