VAZHITHARAKAL

കെ.എം ഈപ്പൻ :മാധ്യമ പ്രതിഭ

Blog Image
' പത്രപ്രവര്‍ത്തനത്തിന്  ഒരിക്കലും നിശബ്ദത പാലിക്കുവാന്‍ കഴിയില്ല. അതാണ് അതിന്‍റെ ഏറ്റവും വലിയ ഗുണവും ഏറ്റവും വലിയ തെറ്റും'

ഏറ്റവും  ഉയര്‍ന്ന പ്രൊഫഷണലിസം ആവശ്യപ്പെടുന്ന ജോലികളാണ് ആതുരസേവനവും പത്രപ്രവര്‍ത്തനവും. രണ്ടു ജോലികളും പരിപൂര്‍ണ്ണ ഉത്തരവാദിത്വം ആവശ്യപ്പെടുന്നു എന്നതാണ് പരമാര്‍ത്ഥം. കാരണം ഈ രണ്ട് പ്രവര്‍ത്തനങ്ങളിലും അന്തര്‍ലീനമായിരിക്കുന്ന ഭാവം സത്യസന്ധതയും നന്മയുമാണ്. ഏറ്റെടുക്കുന്ന ജോലി കൃത്യമായും കാര്യക്ഷമതയോടെയും ചെയ്യേണ്ട കടമ തന്നെ ഏറ്റവും പ്രധാനം. ആതുരസേവന രംഗത്തെ പ്രവര്‍ത്തന വിജയത്തിന് ശേഷം മാദ്ധ്യമ പ്രവര്‍ത്തനത്തിലേക്ക് കടക്കുകയും അവിടെ പകരക്കാരില്ലാത്ത വിജയവും കരസ്ഥമാക്കിയ ഒരാളുണ്ട് ചിക്കാഗോയില്‍- ശ്രീ. കെ.എം. ഈപ്പന്‍.


കേരളാ എക്സ്പ്രസ് പത്രത്തിന്‍റേയും 
ഓണ്‍ലൈനിന്‍റേയും സ്ഥാപകന്‍

താന്‍ നടന്നു തീര്‍ത്ത എണ്‍പത് വര്‍ഷങ്ങളുടെ നിറവിലാണ് അദ്ദേഹം ഇപ്പോള്‍. ഇനിയും വരാനിരിക്കുന്ന ലോകത്തെക്കുറിച്ച് ചിന്തിക്കുകയും അതിനനുസരിച്ച് ജീവിതം തന്നെ ചിട്ടപ്പെടുത്തുകയും ചെയ്യുന്ന കേരളാ എക്സ്പ്രസിന്‍റെ അമരക്കാരന്‍ കെ.എം. ഈപ്പന്‍ ഈ വഴിത്താരയില്‍ മാതൃകയാകുന്നത് വരുംതലമുറയ്ക്കു കൂടിയാണ്.
മങ്ങാട്ട് കുടുംബത്തിന്‍റെ ജീവിത സമരങ്ങള്‍
80ന്‍റെ നിറവില്‍ കാലം ഈ മനുഷ്യനോട് സംവദിക്കുമ്പോള്‍ പോരാട്ടങ്ങളുടെയും നിലനില്‍പ്പിന്‍റെയും ഒരുപാട് കഥകളാണ് ലോകമറിയുന്നത്. മാര്‍ത്തോമ്മാ കുടുംബാംഗമായ  ചെറുകോലില്‍ ആലുംപാടം വീട്ടില്‍ തങ്കമ്മയുടെയും കാര്‍ത്തികപ്പള്ളി മാളിയേക്കല്‍ ഓര്‍ത്തഡോക്സ് കുടുംബത്തിലെ വര്‍ഗീസ് കുഞ്ഞൂഞ്ഞിന്‍റെയും മകനായിട്ടാണ് 1942 ഡിസംബര്‍ 31ന് ഒരു മഞ്ഞുകാലത്ത് രാത്രിയില്‍ കെ.എം. ഈപ്പന്‍ ജനിച്ചത്.


അപ്പന്‍  വര്‍ഗീസ് കുഞ്ഞൂഞ്ഞ് വീട്ടിലെ പ്രയാസങ്ങള്‍ ഞെരുക്കിയപ്പോള്‍ ബ്രിട്ടീഷ് പട്ടാളത്തിലേക്ക് ആളെ എടുക്കുന്ന വാര്‍ത്ത അറിഞ്ഞ് പട്ടാളത്തില്‍ ചേരാന്‍ തീരുമാനിച്ചു.  ജീവിത സാഹചര്യങ്ങള്‍ വര്‍ഗ്ഗീസ് കുഞ്ഞുഞ്ഞിനെ പട്ടാളത്തില്‍ ചേരാന്‍ നിര്‍ബന്ധിതനാക്കി. രണ്ടാം ലോക മഹായുദ്ധത്തില്‍ ജപ്പാനെതിരെ നടന്ന യുദ്ധത്തിനിടെ ഉണ്ടായ അപകടത്തില്‍ ശരീരത്തിന് മുറിവുണ്ടാകുകയും തിരികെ പോരേണ്ടി വരികയും ചെയ്തു. സൈന്യത്തില്‍ ചേരുന്നതിന് മുന്‍പുതന്നെ വര്‍ഗ്ഗീസ് കുഞ്ഞുകുഞ്ഞ് ഭാര്യയും രണ്ടര വയസ്സുള്ള മകന്‍ ഈപ്പച്ചനും ഒപ്പം തന്‍റെ പിതാവും മാതാവും മൂന്ന് സഹോദരങ്ങളും ഒരു സഹോദരിയുമായി കാര്‍ത്തികപ്പള്ളിയില്‍ നിന്ന് മാവേലിക്കരയിലുള്ള പുന്നമൂട്ടില്‍ വന്ന് കൂട്ടുകുടുംബമായി താമസിച്ചു. ഈപ്പച്ചന്‍റെ കാലമായപ്പോള്‍ ആദ്യം വാടകയ്ക്ക് താമസിച്ച ഭവനം സ്വന്തമായി വാങ്ങിക്കുകയും പില്‍ക്കാലത്ത് അത്യാധുനിക സംവിധാനങ്ങളോടുകൂടി 1500 പേര്‍ക്ക് ഇരിക്കാവുന്ന ഗ്രേസ് കണ്‍വന്‍ഷന്‍ സെന്‍ററിന് രൂപകല്‍പ്പന ചെയ്ത് 2018 മെയ് 6-ന് പ്രവര്‍ത്തനം തുടങ്ങിയത് മറ്റൊരു നാഴികക്കല്ലായി. പുന്നമൂട്ടിലെ വീടിന് മങ്ങാട്ട് എന്ന് പേരുമിട്ടു അക്കാലത്ത് വര്‍ഗ്ഗീസ് കുഞ്ഞുകുഞ്ഞ്. ഭാര്യ തങ്കമ്മ നേഴ്സിംഗ് പഠനം പൂര്‍ത്തിയാക്കിയിരുന്നെങ്കിലും വര്‍ഗ്ഗീസ് കുഞ്ഞൂഞ്ഞ് ജീവിത പ്രയാസങ്ങള്‍ക്കിടയിലും ജോലിക്കയച്ചില്ല. തേയില, കാപ്പി തുടങ്ങിയവയുടെ ചെറിയ ബിസ്സിനസും അല്പം വസ്തു കച്ചവടവുമൊക്കെയായി ജീവിതത്തെ തന്‍റെ വരുതിയില്‍ നിര്‍ത്തിയ അദ്ദേഹം പുതിയകാവ് സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളിയിലെ വിശ്വാസിയായിരുന്നു.

പ്രാര്‍ത്ഥനയുടെ ലോകം
മങ്ങാട്ട് വീട് ആത്മീയ വളര്‍ച്ചയുടെ പാഠശാലയായിരുന്നു. കുടുംബ പ്രാര്‍ത്ഥനയില്‍ ബൈബിള്‍ വായിക്കുന്നത് ഈപ്പച്ചനെന്ന കുഞ്ഞുമോനായിരുന്നു. എസ്.എം.ആര്‍.വി. എല്‍.പി. സ്കൂള്‍, മാവേലിക്കര ഗവ. ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ പഠനം. അക്കാലത്തായിരുന്നു വിമോചന സമരത്തിന്‍റെ കാലം. മാവേലിക്കരയില്‍ നടന്ന സമര പ്രകടനത്തില്‍ ഈപ്പച്ചനും പങ്കാളിയായി. ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം തമിഴ്നാട്ടിലെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ലിഗ്നൈറ്റ് കോര്‍പ്പറേഷനില്‍ ജോലി വേക്കന്‍സി ഉണ്ടെന്നറിഞ്ഞ് അവിടേക്ക് പോയി. തൊഴിലാളി ടെന്‍റിലെ ഇടുങ്ങിയ സ്ഥലത്ത് കിടന്നുറങ്ങിയ സമയത്ത് എസ്.എസ്.എല്‍.സിക്ക് ഫസ്റ്റ് ക്ലാസ് വാങ്ങിയാല്‍ ഡോക്ടര്‍ ആക്കാമെന്ന് പറഞ്ഞ അമ്മാച്ചനെ ഓര്‍മ്മവന്നു. വിശാഖപട്ടണത്ത് റെയില്‍വേയില്‍ എഞ്ചിനീയറായ അദ്ദേഹത്തിന് ആ രാത്രിയില്‍ തന്നെ കത്തെഴുതി. ഈപ്പന് ജോലി വേണമെന്ന നിര്‍ബന്ധത്തിനിടയില്‍ റെയില്‍വേയില്‍ ഒരു ജോലിക്ക് ശ്രമിക്കാം എന്നായി അമ്മാച്ചന്‍.


മനോരമ വീക്കിലിയും പട്ടാള സെലക്ഷനും
എംപ്ലോയിമെന്‍റ് എക്സ്ചേഞ്ചിലെ നടപടികള്‍ പൂര്‍ത്തിയാക്കി തിരികെ പോരാനിറങ്ങി. കുറച്ചുദൂരം നടന്നപ്പോള്‍ വഴിയില്‍ നീളമുള്ള ക്യൂ. ധാരാളം ചെറുപ്പക്കാര്‍ ക്യൂ നില്‍ക്കുന്നു. എന്താ കാര്യം എന്ന് അന്വേഷിച്ചപ്പോഴാണ് മനസിലായത്. ഇവരെല്ലാം മിലിട്ടറിയിലേക്കുള്ള റിക്രൂട്ട്മെന്‍റില്‍ സെലക്ഷന്‍ ലഭിച്ചവരാണ്. ഇവിടെ അവരുടെ മെഡിക്കല്‍ ടെസ്റ്റ് നടക്കുകയാണ്. അപ്പോള്‍ തികച്ചും അപ്രതീക്ഷിതമായി മഴ ചാറാന്‍ തുടങ്ങി. ക്യു നിന്നവരെല്ലാം തൊട്ടടുത്ത കെട്ടിടങ്ങളുടെ സൈഡിലേക്ക് കയറിനിന്നു. ഈപ്പച്ചനും അക്കൂട്ടത്തില്‍ ഒരു കെട്ടിടത്തിന്‍റെ ഗോവണിയുടെ ചുവട്ടിലേക്ക് ചേര്‍ന്നുനിന്നു.
കുറച്ചുകഴിഞ്ഞപ്പോള്‍ ഒരു ഓഫീസര്‍ അതുവഴിവന്നു. ഗോവണി കയറുവാന്‍ തുടങ്ങുമ്പോള്‍ താഴെ നില്‍ക്കുന്ന ഈപ്പനെ ശ്രദ്ധിക്കുകയും മുകളിലേക്ക് കയറാന്‍ തുടങ്ങിയ  അദ്ദേഹം തിരിഞ്ഞ് താഴേക്ക് ഇറങ്ങിവന്നു.
'അത് ഈ ആഴ്ചത്തെ മനോരമ ആഴ്ചപ്പതിപ്പാണോ?' എന്നു ചോദിച്ചുകൊണ്ട് അയാള്‍ കൈനീട്ടി. വീക്കിലി വാങ്ങിക്കൊണ്ട് അദ്ദേഹം മുകളിലേക്ക് കയറിപ്പോയി.
ഒടുവില്‍ ഒന്നരമണിക്കൂറിനുശേഷം അദ്ദേഹം വീക്കിലിയുമായി ഇറങ്ങിവന്നു. 'പട്ടാളത്തില്‍ ചേരാന്‍ വന്നതാണോ?' അദ്ദേഹം ചോദിച്ചു. 'ആഗ്രഹമുണ്ട്' ഈപ്പന്‍ പറഞ്ഞു.
അദ്ദേഹം ഈപ്പനെ ആകെയൊന്ന് നോക്കിയശേഷം മറ്റൊരു ഉദ്യോഗസ്ഥനെ വിളിച്ച് ഇദ്ദേഹത്തിന്‍റെ ഹൈറ്റും വെയ്റ്റും എടുക്കാന്‍ നിര്‍ദ്ദേശിച്ചു. മെഡിക്കല്‍ ചെക്കപ്പ് മുറിയിലെത്തിച്ചു. ചെക്കപ്പ് നടത്തിക്കൊണ്ടിരുന്ന ഡോക്ടറോട് ഈപ്പനെ റിക്രൂട്ടിംഗ്  ഓഫിസറുടെ നിര്‍ദേശ പ്രകാരമാണ് ഇവിടെ കൊണ്ടുവന്നതെന്ന് പറഞ്ഞു. യാതൊരു വിധ ചെക്കപ്പും നടത്താതെ ഡോക്ടര്‍ അനുകൂലമായ മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും എഴുതി നല്‍കി.
ഈപ്പന്‍ എന്ന ഇരുപത് വയസുകാരന് എല്ലാം ഒരു സ്വപ്നം പോലെയാണ് അപ്പോള്‍ തോന്നിയത്. ഈപ്പനെ ഇ.എം.ഇ. ഡിപ്പാര്‍ട്ട്മെന്‍റിലേക്കാണ് സെലക്റ്റ് ചെയ്തത്.
അപ്പോള്‍  ഈപ്പന്‍ ഒരു അപേക്ഷ നടത്തി. എന്നെ നേഴ്സിങ്ങ് വിഭാഗത്തിലേക്ക് വിടാമോ? ആ ഓഫീസര്‍ സമീപത്ത് നിന്ന ഉദ്യോഗസ്ഥന്‍റെ കയ്യില്‍നിന്ന് ഈ ഏഴു പേരുടെ ലിസ്റ്റ് വാങ്ങി ഇ.എം.ഇ. എന്നത് വെട്ടി എ.എം.സി. (ആര്‍മി മെഡിക്കല്‍ കോര്‍പ്പസ്) എന്നെഴുതി. സ്വപ്നമാണോ, യാഥാര്‍ത്ഥ്യമാണോ എന്നൊന്നും ഉറപ്പിക്കാനാവാതെ പകച്ചുനില്‍ക്കുകയാണ് ഈപ്പന്‍.
സന്ധ്യയോടെ ട്രെയിന്‍ വന്നു. അങ്ങനെ ഒരു കമ്പാര്‍ട്ട്മെന്‍റില്‍ ഏഴ് എ.എം.സി ട്രെയ്നികള്‍ ലക്നോവിലേക്ക് യാത്രയാരംഭിച്ചു.


കഠിനമായ പരിശീലനങ്ങള്‍
ശാരീരിക ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുള്ള കഠിനമായ പരിശീലനങ്ങള്‍ ആയിരുന്നു ആദ്യ ആറുമാസത്തെ ട്രെയിനിംഗില്‍ പ്രധാനമായിട്ടുള്ളത്. പാസിംഗ് ഔട്ട് പരേഡോടെ ആ കടമ്പ വിജയകരമായി മറികടന്നു. ആദ്യം ലക്നോവില്‍ തന്നെയുള്ള സൈനിക ഹോസ്പിറ്റലില്‍. പിന്നെ യുപിയില്‍ തന്നെയുള്ള മറ്റൊരു സൈനിക ആശുപത്രിയായ ആഗ്രയില്‍. അവസാനം ബറേലി സൈനിക ഹോസ്പിറ്റലില്‍. ഈപ്പന്‍ സ്പെഷ്യലൈസ് ചെയ്തത് ഒപ്താല്‍മോളജിയും സൈക്കിയാട്രിയുമായിരുന്നു. നേഴ്സിംഗ് പരിശീലനം പൂര്‍ത്തിയായതോടെ സൈനിക സേവനത്തിലേക്ക്. ആദ്യനിയമനം നേഫയിലായിരുന്ന പതിനേഴാം ജാട്ട് റെജിമെന്‍റ് എന്ന ഇന്‍ഫന്‍ററി ബറ്റാലിയനില്‍.


സൈനിക ജീവിതത്തിന്‍റെ ആരംഭഘട്ടം
1965-ലെ കാശ്മീര്‍ യുദ്ധസമയത്ത് കെ.എം. ഈപ്പന്‍ ജാട്ട് റെജിമെന്‍റിന്‍റെ ഇന്‍ഫന്‍ററി ബറ്റാലിയനിലായിരുന്നു.  അതിശൈത്യമുള്ള മേഖലയില്‍ ടെന്‍റിലാണ് താമസം. ഇടക്കിടക്ക് പരുക്കുപറ്റുന്നവരെ കൊണ്ടുവരും അവര്‍ക്ക് പ്രഥമശുശ്രൂഷ നല്‍കി കാഷ്വാലിറ്റിയുടെ തീവ്രതയനുസരിച്ച് കൂടുതല്‍ ചികിത്സകള്‍ക്കായി അയയ്ക്കുക എന്നതാണ് ദൗത്യം.
ഗ്രേസമ്മ; കെ.എം ഈപ്പന്‍റെ സൗഭാഗ്യം
1965 കാലഘട്ടം. വീട്ടില്‍നിന്നും അപ്പന്‍റെ ഒരു കത്ത്. 'ജനുവരി 16-ന് നിന്‍റെ കല്യാണമാണ്. കുറി ഇതോടൊപ്പം അയയ്ക്കുന്നു. നീ തക്കസമയത്ത് വരണം.' ഇത്രയുമാണ് കത്തിന്‍റെ ചുരുക്കം. സത്യത്തില്‍ കത്ത് വായിച്ച് ഈപ്പന്‍ ഞെട്ടി. 22 വയസ് ആയതേ ഉള്ളു. കറ്റാനം കാട്ടുമുക്കില്‍ ഗീവര്‍ഗീസ് സാമുവല്‍ (പൊന്നപ്പന്‍) കുഞ്ഞമ്മ ദമ്പതികളുടെ മകള്‍ ഗ്രേസമ്മ ആയിരുന്നു ആ പെണ്‍കുട്ടി. ഗ്രേസമ്മയുടെ പിതാവും ഈപ്പന്‍റെ പിതാവ്  കുഞ്ഞുഞ്ഞും സുഹൃത്തുക്കള്‍ ആയിരുന്നു. ഗീവര്‍ഗീസിന് ആറ് പെണ്‍മക്കള്‍. മൂത്ത മകള്‍ റോസമ്മ നേഴ്സിംഗ് പഠനത്തിലായതിനാല്‍ രണ്ടാമത്തെ മകളെ വിവാഹം കഴിപ്പിക്കാന്‍ തീരുമാനിക്കയായിരുന്നു. എന്നാല്‍ ഈപ്പന്‍റെ അമ്മ തങ്കമ്മ മറ്റൊരു ആലോചനയുടെ പിറകെ ആയിരുന്നു. അറുന്നൂറ്റിമംഗലത്ത് വലിയ സാമ്പത്തിക ശേഷിയുള്ള ഒരു കുടുംബം. ആലോചിച്ചപ്പോള്‍ ഇരു കൂട്ടര്‍ക്കും ഇഷ്ടമായി. വിവാഹം ഉറപ്പിച്ചു. അങ്ങനെയാണ് കത്തെഴുതിയത്. ആസാമില്‍ നിന്ന് ലീവെടുത്ത് മാവേലിക്കരയ്ക്ക് തിരിച്ചു. അതിനിടയില്‍ ആ വിവാഹ ആലോചനയില്‍ ചില തടസ്സങ്ങള്‍ പെട്ടെന്ന് ഉണ്ടാവുകയും ഈപ്പന്‍റെ പിതാവ് ഈ വിവാഹം നടത്തേണ്ട എന്ന് തീരുമാനിച്ചു. ഇതൊന്നും അറിയാതെ ഈപ്പന്‍ നാട്ടിലേക്കുള്ള യാത്രയിലും ആയിരുന്നു. വിവാഹം മുടങ്ങിയ വിവരം ഗ്രേസമ്മയുടെ വീട്ടുകാരും അറിഞ്ഞു. രണ്ടാമത് ഒന്നു കൂടി വിവാഹാലോചന നടത്താന്‍ ഗ്രേസമ്മയുടെ പിതാവ് പൊന്നപ്പന് മടി തോന്നിയില്ല. 1966 ജനുവരി 17-ന് മാവേലിക്കര പുന്നമൂട് ഓര്‍ത്തഡോക്സ് പള്ളിയില്‍ കെ.എം. ഈപ്പന്‍ ഗ്രേസമ്മയെ വിശുദ്ധ വിവാഹത്തില്‍ സ്വന്തമാക്കി. ഈപ്പന്‍ ഗ്രേസമ്മ ദമ്പതികള്‍ക്ക് അഞ്ച് മക്കള്‍. ആദ്യമുണ്ടായത് രണ്ട് പെണ്‍മക്കള്‍. ആലീസ്, ആനീസ്. പിന്നീട് മൂന്ന് ആണ്‍മക്കള്‍. അനീഷ്, അജിത്ത്, ടൈറ്റസ്.
ഈപ്പന്‍റെ ജീവിതത്തിന്‍റെ നാളിതുവരെയുള്ള ജീവിത വിജയത്തിന് പിന്നില്‍ ഗ്രേസമ്മയാണെന്ന് അദ്ദേഹം പറയും. കാരണം ജീവിതത്തിന്‍റെ രണ്ടാം ഘട്ടത്തിലെ യാത്രയില്‍ ഒപ്പം ഉണ്ടായിരുന്ന ഗ്രേസമ്മയുടെ പിന്തുണ ജീവിതത്തില്‍ വലിയ സന്തോഷമാണ് നല്‍കിയത്.


ജീവിതം മാറ്റിമറിച്ച ഗള്‍ഫ്
പട്ടാള ജീവിതത്തിനിടയില്‍ പുന്നമൂട്ടില്‍ കുറച്ച് ഭൂമി വാങ്ങി വീട് പണി നടക്കുന്ന കാലം. റിട്ടയര്‍മെന്‍റില്‍ കിട്ടിയ തുകയാണ് വീടുപണിയുടെ ആശ്വാസം. വീടുപണിയാനെത്തിയ ഒരാള്‍ക്ക് ഗള്‍ഫില്‍ പോകാന്‍ അവസരം കിട്ടി. ബോംബെയില്‍ എന്‍.ഒ.സി ആവശ്യത്തിനായി ഒപ്പം വരാമോ എന്ന് അയാള്‍ ചോദിച്ചു. വരാമെന്ന് സമ്മതിച്ചു. ബോംബെയ്ക്ക് പോയപ്പോള്‍ തന്‍റെ സട്ടിഫിക്കറ്റുകളും എടുക്കാന്‍ ഈപ്പന്‍ മറന്നില്ല. തന്നെയുമല്ല ഗള്‍ഫ് മോഹം മനസിലുണ്ടായിരുന്നു താനും. ഒപ്പം വന്നയാള്‍ക്ക് എല്ലാ സൗകര്യവും ചെയ്ത് ഗള്‍ഫിലേക്ക് യാത്രയാക്കി നാട്ടിലേക്ക് വരാന്‍ കാത്തിരിക്കവെ ആ ട്രാവല്‍ ഏജന്‍സിയില്‍ ഒന്നുകൂടി എത്തി തന്‍റെ സട്ടിഫിക്കറ്റുകള്‍ നല്‍കി.
ഒമാനിലേക്ക് വേക്കന്‍സി ഉണ്ടെന്നും അഭിമുഖത്തിന് വിളിക്കുമ്പോള്‍ വരണമെന്നും ട്രാവല്‍ ഏജന്‍സിയില്‍ നിന്ന് അറിയിപ്പ് വന്നു. അങ്ങനെ സെലക്ഷന്‍ കിട്ടി. മിനിസ്ട്രി ഓഫ് ഒമാനില്‍ ഒമാന്‍ നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ എന്ന കമ്പനിയുടെ ക്ലിനിക്കില്‍ നേഴ്സായി ജോലി. ഡ്രൈവര്‍മാരായ ജോലിക്കാര്‍ക്കായി ഒരു ക്ലിനിക്ക്. അങ്ങനെയിരിക്കെ ഒരു കുവൈറ്റ് കമ്പനിയുടെ വേക്കന്‍സിയില്‍ അപേക്ഷിച്ചു. സ്റ്റോറേജ് ടാങ്ക് ഉണ്ടാക്കുന്ന കമ്പനി. അവിടെ ജോലി കിട്ടിയത് വലിയ അനുഗ്രഹമായി. കടങ്ങള്‍ ഒക്കെ വീട്ടിത്തുടങ്ങി. അങ്ങനെയിരിക്കെ ഒമാന്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ കമ്പനിയില്‍ പരിശോധനയ്ക്ക് വന്നു. പെട്രോളിയം ഡെവലപ്പ്മെന്‍റ് ഒമാനിലേക്ക് (ഗവ. കമ്പനി) മാറ്റത്തിന് അദ്ദേഹം സഹായിച്ചു. എല്ലാ തരത്തിലും വലിയ മാറ്റങ്ങള്‍ ഉണ്ടായ ജീവിതമായിരുന്നു അവിടുത്തേത്. സാമ്പത്തികമായും മേന്മകള്‍ ലഭിച്ച കാലം. 1984 വരെ ഗള്‍ഫ് ജീവിതം തുടരുമ്പോള്‍ ദൈവം പുതിയ വഴികള്‍ തുറന്നു വെയ്ക്കുന്നുണ്ടായിരുന്നു.


അമേരിക്കയിലേക്ക്
ഗ്രേസമ്മയുടെ മൂത്ത സഹോദരി റോസമ്മ അക്കാലത്ത് നേഴ്സിംഗ് ജോലിയില്‍ അമേരിക്കയിലെത്തിയിരുന്നു. അത് മറ്റൊരു വഴിത്തിരിവായി മാറി. അവരുടെ സഹായത്തോടെ അമേരിക്കയിലേക്ക്. 1986-ല്‍ ജനുവരി 1-ന് ചിക്കാഗോയിലെത്തി. ഇല്ലിനോയി മസോണിക്ക് ഹോസ്പിറ്റലില്‍ ജോലി. ഇവിടെയെല്ലാം ജോലി ചെയ്യുമ്പോഴും തന്‍റെ വിശ്വാസപൂര്‍ത്തീകരണത്തിനായി കുടുംബസമേതം പ്രാര്‍ത്ഥനകള്‍ ഒക്കെയായി മുന്നോട്ട്. നാട്ടില്‍നിന്ന് വരുന്ന പലര്‍ക്കും ഈപ്പന്‍ കുടുംബം സഹായിയായി. മാത്രവുമല്ല അതിഥി സല്‍ക്കാരത്തില്‍ മുന്‍പന്തിയിലായിരുന്നു.
കേരളാ എക്സ്പ്രസിന്‍റെ പിറവി
1991-ല്‍ ചിക്കാഗോയില്‍നിന്ന് ഒരു പത്രം എന്തുകൊണ്ട് പ്രസിദ്ധീകരിച്ചു കൂടാ എന്ന ചിന്ത കുടുംബാംഗങ്ങളില്‍ പലരും പങ്കുവെച്ചു. ചെറിയ തോതില്‍ പബ്ലിഷിംഗ് പരിപാടികള്‍കൂടി ആരംഭിച്ചു കൊണ്ട് കേരളാ എക്സ്പ്രസ് പത്രം ചിക്കാഗോയില്‍ നിന്നും 1992 ജനുവരി ഒന്നുമുതല്‍ പ്രസിദ്ധീകരണം തുടങ്ങി. ആരംഭകാലത്ത് നാട്ടില്‍ നിന്നും ആഴ്ചതോറും വാര്‍ത്തകള്‍ സെറ്റ് ചെയ്ത് കൊറിയര്‍ വഴി ചിക്കാഗോയില്‍ എത്തിച്ച് പത്രം പ്രിന്‍റിംഗ്.
അമേരിക്കന്‍ വാര്‍ത്തകള്‍ ടൈപ്പ് ചെയ്ത് പത്രത്തിനായി ഒരുക്കാന്‍ ഗ്രേസമ്മയും പഠിച്ചതോടെ പത്രത്തിന്‍റെ ജോലികള്‍ കൂടുതല്‍ എളുപ്പമായി. അക്കാലത്ത് ഒരു ഇറാക്കി പൗരന്‍ നടത്തിയിരുന്ന പ്രസ്സ് വില്‍പനയ്ക്ക് ഉണ്ടെന്നറിയുകയും അത് വാങ്ങുകയും ചെയ്തു. അങ്ങനെ ഗ്രേസ് പ്രിന്‍റിംഗ് കമ്പനിക്ക് തുടക്കമായി. ഈ സമയത്ത് ഐ.എം.എ എന്നൊരു സംഘടന പരേതരായ ജോയി ചെമ്മാച്ചേലും, മറിയാമ്മ പിള്ളയും കൂടി ആരംഭിക്കുന്നു. സംഘടനയുടെ ഉദ്ഘാടനത്തിന് ഒരു സൂവനീര്‍ പുറത്തിറക്കി. ഗ്രേസ് പ്രിന്‍റിംഗ് കമ്പനിക്ക് വലിയ തുടക്കമായിരുന്നു അത്. ഇന്ന് അത്യന്താധുനിക സൗകര്യത്തില്‍, അന്‍പതിനായിരം ചതുരശ്ര വിസ്തീര്‍ണ്ണമുള്ള വലിയ കെട്ടിടത്തില്‍ അന്‍പതിലധികം അമേരിക്കന്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഒരു  വലിയ പ്രസ്ഥാനമായി ഗ്രേസ് പ്രിന്‍റിംഗ് പ്രവര്‍ത്തിക്കുന്നു.  


കേരളാ എക്സ്പ്രസ്സ്  മുപ്പത്തിരണ്ട് വര്‍ഷങ്ങള്‍
ഒരു പ്രാദേശിക ഭാഷാ പത്രം അമേരിക്കയില്‍ മുപ്പത്തിരണ്ട് വര്‍ഷങ്ങള്‍ പിന്നീടുമ്പോള്‍ അതിന് പിന്നിലെ കരുത്ത് കെ.എം. ഈപ്പന്‍ എന്ന പ്രതിഭയുടെ സ്ഥിരോത്സാഹത്തിന് ദൈവം നല്‍കിയ സമ്മാനമാണെന്ന് പറയണം. കേരളാ എക്സ്പ്രസ്സ് തുടങ്ങുമ്പോള്‍ മറ്റൊരു ലക്ഷ്യം കൂടി ഉണ്ടായിരുന്നു. മലയാള ഭാഷയുടെ ഉന്നമനത്തിന് വേണ്ടി സ്ഥിരമായി എന്തെങ്കിലും ചെയ്യുക എന്നതായിരുന്നു അത്. 1992-ല്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ തുടങ്ങിയ പ്രസിദ്ധീകരണം കാലം മാറുന്നതനുസരിച്ച് കെട്ടിലും മട്ടിലും മാറ്റത്തിന് വിധേയമായെങ്കിലും ഉള്ളടക്കത്തില്‍ എല്ലാ മാന്യതയും നിലനിര്‍ത്തി മുന്നോട്ട് പോകുന്നു എന്നതാണ് അമേരിക്കന്‍ മലയാളികള്‍ക്ക് കേരളാ എക്സ്പ്രസ്സിനോടുള്ള സ്നേഹം വര്‍ദ്ധിക്കുവാന്‍ കാരണം.
സഹധര്‍മ്മിണി ഗ്രേസമ്മ ഈപ്പന്‍, മക്കളായ അനീഷ് ഈപ്പന്‍ (ഓഫീസ് അഡ്മിനിസ്ട്രേഷന്‍), അജിത് ഈപ്പന്‍ (സര്‍ക്കുലേഷന്‍ മാനേജര്‍), ടൈറ്റസ് ഈപ്പന്‍ (മാനേജിംഗ് എഡിറ്റര്‍), ആലീസ് മാത്യു, ആനീസ് ജോസ് എന്നിവര്‍ക്കൊപ്പം മരുമക്കളായ ജോസഫ് മാത്യു (മാനേജിംഗ് എഡിറ്റര്‍), കെ.ഒ. ജോസ് (മാനേജിംഗ് എഡിറ്റര്‍) തുടങ്ങിയവരുടെയെല്ലാം അകമഴിഞ്ഞ സഹകരണം കേരളാ എക്സ്പ്രസ്സിന്‍റെ വളര്‍ച്ചയ്ക്കു പിന്നിലുണ്ട്.

ഈപ്പച്ചായനും ജോസ് കണിയാലിയും
ചില ബന്ധങ്ങള്‍ ദൈവ നിയോഗമാണെന്ന് ഈപ്പച്ചായന്‍ വിശ്വസിക്കുന്നു. 2000-ല്‍ കേരളാ എക്സ്പ്രസ്സിന്‍റെ എക്സിക്യുട്ടീവ് എഡിറ്ററായി സേവനം തുടങ്ങിയ ജോസ് കണിയാലി എന്ന സാമൂഹ്യ പ്രവര്‍ത്തകന്‍റെ സേവനം പത്രത്തിന് വലിയ മുതല്‍ക്കൂട്ടായി. പത്രത്തിന്‍റെ കെട്ടിലും മട്ടിലും മാറ്റം വരുത്തുവാന്‍ ജോസ് കണിയാലി നല്‍കിയ നിര്‍ദ്ദേശം ഈപ്പന്‍ പൂര്‍ണ്ണ മനസോടെ സ്വീകരിച്ചത് പത്രം പുതിയ വഴിത്തിരിവിലേക്ക് കടക്കുവാന്‍ കാരണമായി. ഇന്നും തുടരുന്ന ഈ ആത്മബന്ധമാണ് പത്രത്തിന്‍റെ വളര്‍ച്ചയുടെ പ്രധാന കാരണമെന്ന് ഈപ്പച്ചായനും സമ്മതിക്കുന്നു. മലയാള ഭാഷയില്‍ ലോകത്തിലാദ്യം ഇന്‍റര്‍നെറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ച പത്രം കേരളാ എക്സ്പ്രസ്സാണ്. കേരളത്തില്‍ കോട്ടയത്ത് പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ മാണി സാമുവേല്‍ (കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍), തോമസ് വടക്കേല്‍ (ന്യൂസ് എഡിറ്റര്‍) എന്നിവരുടെ നേതൃത്വത്തിലുളള എഡിറ്റോറിയല്‍ ബോര്‍ഡും മികച്ച സേവനമാണ് നല്‍കുന്നത്. കോട്ടയം ഓഫീസിന്‍റെ തുടക്ക കാലത്ത് ഓഫീസ് നിയന്ത്രിക്കുവാന്‍ നാട്ടിലുണ്ടായിരുന്ന ഈപ്പച്ചന്‍റെ അനുജന്‍ പാസ്റ്റര്‍ കെ.എം. തീമോത്തിയുടെ പ്രവര്‍ത്തനപാടവം പ്രശംസനീയമാണ്. പില്‍ക്കാലത്ത് പാസ്റ്റര്‍ തീമോത്തിയും കുടുംബവും അമേരിക്കയിലേക്ക് കുടിയേറി ചിക്കാഗോയില്‍ താമസിക്കുന്നു.


ഈപ്പച്ചായന്‍ = സമ്പൂര്‍ണ്ണ മനുഷ്യന്‍
സേവന ജീവിതമാണ് എന്‍റെ സ്വര്‍ഗ്ഗം എന്ന് പറയുന്ന ഒരു വലിയ മനുഷ്യന്‍. നാല് തലമുറകളുടെ തലതൊട്ടപ്പന്‍. കുടുംബമാണ് എന്തിന്‍റേയും ഓജസ്സ് എന്ന് വിശ്വസിക്കുന്ന കുടുംബസ്നേഹി. മറ്റുള്ളവര്‍ക്ക് വേണ്ടി സ്വന്തം ജീവിതവും സന്തോഷവും മാറ്റിവയ്ക്കുന്നവര്‍ ഇക്കാലത്ത് വിരളമായിരിക്കുമ്പോള്‍ എണ്‍പതിന്‍റെ നിറവിലെത്തിയ ഈപ്പച്ചായന്‍ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാകുന്നത് ഈ സ്നേഹത്തണല്‍ കൊണ്ട് മാത്രമാണ്. ഗ്രേസമ്മയേയും കുടുംബത്തേയും ചേര്‍ത്ത് പിടിക്കുമ്പോള്‍ അദ്ദേഹം മലയാളത്തിന്‍റെ കൈയ്യില്‍ക്കൂടി മുറുകെ പിടിക്കുന്നു. നമുക്ക് വേണ്ടി... മലയാളത്തിന് വേണ്ടി...
ഈ യാത്ര തുടരട്ടെ. അമേരിക്കന്‍ മലയാളികള്‍ ഒപ്പമുണ്ട്. എന്നും എപ്പോഴും...

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.