VAZHITHARAKAL

കോര ചെറിയാൻ: മാധ്യമ പ്രവർത്തനത്തിലെ വേറിട്ട ശൈലി

Blog Image
"ഇന്ന് നമ്മള്‍ സഹിക്കുന്ന പോരാട്ടങ്ങള്‍ നാളെ നമ്മള്‍ ചിരിക്കുന്ന നല്ല പഴയ ദിവസങ്ങള്‍ ആയിരിക്കും "

നിങ്ങളുടെ ഭാവനയ്ക്ക് വിഹരിക്കുവാന്‍ കഴിയുന്ന ഒരു സ്ഥലം സൃഷ്ടിക്കാന്‍ തയ്യാറുള്ള വാക്കുകള്‍കൊണ്ട് മണല്‍ കോട്ടകള്‍ നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്ന ആളുകളില്‍ ഒരാളാകാന്‍ കഴിഞ്ഞാല്‍ നിങ്ങള്‍ വളരെ ഭാഗ്യവാനായിരിക്കും. ജീവിതത്തിന്‍റെ വ്യത്യസ്ത തലങ്ങളില്‍ വിഹരിക്കുവാന്‍, അവിടെ സ്നേഹത്തിന്‍റെയും, കരുണയുടേയും, ആത്മവിശ്വാസത്തിന്‍റെയും വിത്തുകള്‍ പാകുവാന്‍ അവസരം ലഭിക്കുന്ന വ്യക്തി മഹാഭാഗ്യവാനായിരിക്കും. ജീവിതത്തിലെ സൗഭാഗ്യങ്ങള്‍ക്ക് സ്നേഹത്തിന്‍റെയും, നന്മയുടെയും മുഖം നല്‍കിയ ഒരു മനുഷ്യസ്നേഹിയെ നമുക്ക് പരിചയപ്പെടാം, കോര ചെറിയാന്‍.
അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിചിതനായ ഈ പേരിന് പിന്നിലെ മനുഷ്യന്‍ ഹൃദയത്തില്‍ നിന്നുള്ള ഓരോ ജോലിയും ആത്യന്തികമായി തുല്യ മൂല്യമുള്ളതാണെന്ന് വിശ്വസിക്കുന്ന വ്യക്തികൂടിയാണ്. പൈലറ്റ് ജോലി പടിവാതില്‍ക്കലെത്തി സാഹചര്യങ്ങളുടെ മാറ്റം കൊണ്ട് പുതിയ ജീവിത വഴികളിലേക്ക് ചേക്കേറിയ കോര ചെറിയാന്‍ നടന്ന് കയറിയ മേഖലകള്‍ ചെറുതല്ല. മാദ്ധ്യമപ്രവര്‍ത്തകന്‍ ഒരു സാമൂഹ്യപ്രവര്‍ത്തകന്‍ കൂടിയാണ് എന്ന തിരിച്ചറിവില്‍ ഇക്കാലമത്രയും അദ്ദേഹം എഴുതിയ ലേഖനങ്ങളുടെ കണക്കെടുത്താല്‍ ആയിരത്തോളം വരും. തന്‍റെ മുന്നിലെത്തുന്ന നിസ്സഹായരായ മനുഷ്യരുടെ പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരമായി പ്രവര്‍ത്തിക്കുവാന്‍ സാധിക്കുന്നത് എഴുത്തു വഴികളിലെ പ്രിയതരമായ നിമിഷമാണെന്ന് കണ്ടെത്തുന്ന കോര ചെറിയാന്‍ പഴയ തലമുറയിലേയും, പുതു തലമുറയിലേയും മനുഷ്യ സമൂഹത്തിന് ഒരു ചൂണ്ടുപലകയാണ്. ഓരോ വാക്കിലും പുഞ്ചിരി സമ്മാനിച്ചു കൊണ്ട് തന്‍റെ ജീവിത കഥ പങ്കുവയ്ക്കുകയാണ് അദ്ദേഹം.


കോട്ടയം ജില്ലയില്‍ വാകത്താനം പള്ളിക്കപ്പറമ്പില്‍ പി.സി. കോര (കുറുവച്ചന്‍)യുടെയും ആച്ചിയമ്മ കോരയുടെയും ആറാമത്തെ മകനാണ് കോര ചെറിയാന്‍. പുരാതന കര്‍ഷക കുടുംബത്തില്‍ ജനിച്ചതു കൊണ്ട് മണ്ണിനോടു തോന്നിയ സ്നേഹം മണ്ണില്‍ പണിയെടുക്കുന്ന മനുഷ്യനോടും തോന്നിയത് സ്വാഭാവികം മാത്രം.
ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ വാകത്താനം ജെറുസലേം മൗണ്ട് ഹൈസ്കൂളില്‍ പഠനം. പഠന കാലയളവില്‍ മികച്ച വിദ്യാര്‍ത്ഥിയായും, സ്കൂളില്‍ പാഠ്യേതര വിഷയങ്ങളില്‍ മിടുക്കനായും മാറിയ കോര ചെറിയാന്‍ അദ്ധ്യാപകര്‍ക്ക് പ്രിയപ്പെട്ട വിദ്യാര്‍ത്ഥിയുമായിരുന്നു. പത്താം ക്ലാസ് ഉന്നത നിലയില്‍ പാസ്സായി പാലാ സെന്‍റ് തോമസ് കോളജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്ന് മൂന്നുമാസം കഴിഞ്ഞപ്പോളാണ് എയര്‍ ഇന്ത്യയില്‍ കമ്മ്യൂണിക്കേഷന്‍ ടെക്നോളജി പഠിക്കുവാന്‍ അവസരം കിട്ടി ഡല്‍ഹിയിലേക്ക് വണ്ടികയറുന്നത്.
വാകത്താനത്ത് നിന്ന് ഡല്‍ഹിയിലേക്ക്
പ്രീഡിഗ്രി പഠനത്തിന്‍റെ തുടക്കത്തില്‍ തന്നെ കേരളം വിടേണ്ടിവന്നത് നിയോഗമായിരുന്നു എന്ന് കോര ചെറിയാന്‍ പറയുന്നു. കാരണം ഹൃദയത്തില്‍ നിന്നുള്ള ഓരോ ജോലിയും ആത്യന്തികമായി തുല്യ മൂല്യമുള്ളതാണെന്ന് അദ്ദേഹം വിശ്വസിക്കുന്നതുകൊണ്ട് ഡല്‍ഹി എന്നത് ജീവിത വഴിത്തിരിവുകളുടേതായിരിക്കുമെന്ന് അദ്ദേഹം മനസില്‍ കണ്ടിരുന്നു.
ഡല്‍ഹി യൂണിവേഴ്സിറ്റിയുടെ കീഴില്‍ കമ്മ്യൂണിക്കേഷന്‍ ടെക്നോളജിയില്‍ പഠനം ഒരു വഴിത്തിരിവായിരുന്നു. വാകത്താനത്തിന്‍റെ മേഘ പാളികള്‍ക്കിടയിലൂടെ മിന്നായം പോലെ പറന്നു പൊയ്ക്കൊണ്ടിരുന്ന വിമാനങ്ങളെ കൗതുക പൂര്‍വ്വം വീക്ഷിച്ചിരുന്ന ഒരു സാധാരണ കുട്ടിയില്‍ നിന്ന് വിമാനങ്ങളുടെ പ്രവര്‍ത്തനങ്ങളിലേക്കും, ആശയ വിനിമയങ്ങളുടെ ലോകത്തേക്കും വളരാന്‍ ഇടയായ ഡല്‍ഹി ജീവിതത്തിനിടയില്‍ ജേര്‍ണലിസം കോഴ്സിനും ചേര്‍ന്നു.
കമ്മ്യൂണിക്കേഷന്‍ ടെക്നോളജി പഠനം പൂര്‍ത്തിയാക്കിയ ഉടന്‍ തന്നെ എയര്‍ ഇന്ത്യയില്‍ ഓപ്പറേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റില്‍ ജോലി ലഭിച്ചു. അന്‍പത്തിയാറ് രൂപയായിരുന്നു ശമ്പളം. പുതു ജീവിതത്തിന്‍റെ തുടക്കം.
സ്വതന്ത്രമാദ്ധ്യമ പ്രവര്‍ത്തനത്തിന്‍റെ തുടക്കവും
യു.എന്‍.ഐയിലെ ജോലിയും

എയര്‍ ഇന്ത്യയില്‍ ജോലി തുടങ്ങിയ സമയത്താണ് മാദ്ധ്യമ പഠനത്തില്‍ കമ്പമുണ്ടാകുന്നത്. എയര്‍ ഇന്ത്യയില്‍ എല്ലാ ദിവസവും ജോലിക്ക് പോകേണ്ടിയിരുന്നില്ല. ഈ സമയത്താണ് ചെറുപ്പത്തിലേ മനസില്‍കൂടിയ എഴുത്തുവഴികള്‍ പൊടി തട്ടിയെടുത്തത്. ഡല്‍ഹിയിലെ സ്വതന്ത്ര ജീവിതത്തിലെ മറ്റൊരു ഏടായി മാറിയ മാദ്ധ്യമ പഠനം. ഡല്‍ഹി യൂണിവേഴ്സിറ്റിയുടെ കീഴില്‍ ജേര്‍ണലിസം ഡിപ്ലോമ കരസ്ഥമാക്കി സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കിട്ടുന്നതിന് മുന്‍പേ യു.എന്‍.ഐയില്‍ റിപ്പോര്‍ട്ടറായി ജോലിയും ലഭിച്ചു. ഹൃദയത്തില്‍ നിന്നുള്ള ഓരോ ജോലിയും ആത്യന്തികമായി തുല്യ മൂല്യമുള്ളതാണെന്ന് വിശ്വസിക്കുന്ന കോര ചെറിയാന്‍ എയര്‍ ഇന്ത്യയിലെ ജോലിക്കൊപ്പം ഡല്‍ഹിയിലെ പ്രാദേശിക വാര്‍ത്തകളുടെ എഴുത്തിലേക്കും സഞ്ചരിച്ചുതുടങ്ങി. ശമ്പളമായി നൂറ് രൂപ മാസംതോറും ലഭിക്കുമായിരുന്നു. നൂറ്റി അന്‍പത്തിയാറ് രൂപയ്ക്ക് അന്നത്തെ ഡല്‍ഹി ജീവിതം വളരെ സുഖമുള്ളതായിരുന്നുവെന്ന് കോര ചെറിയാന്‍ സാക്ഷ്യപ്പെടുത്തുന്നു. എയര്‍ ഇന്ത്യയിലും, യു.എന്‍.ഐയിലും കൃത്യതയോടെ ജോലി ചെയ്തു വരവെയാണ് ജീവിതത്തിലെ മറ്റൊരു മാറ്റത്തിന് അദ്ദേഹം തയ്യാറെടുക്കുന്നത്.
ഡല്‍ഹി ജീവിതത്തില്‍ നിന്ന് അമേരിക്കയിലേക്ക്
സമുദ്രത്തെ വരെ വഴിതിരിച്ചു വിടാന്‍ നമ്മുടെ ഭാവനയ്ക്ക് കഴിയുമെങ്കിലും നമ്മെ വഴിതിരിച്ച് വിടുന്നത് ചില നിയോഗങ്ങളാണ്. ഡല്‍ഹിയിലെ ജീവിതത്തിനിടയില്‍ 1971-ല്‍ ഒരു വിവാഹാലോചന വരുന്നു. കണ്ണൂര്‍ ഇരിട്ടി സ്വദേശിയും കുടിയേറ്റ കര്‍ഷകരായ കെ.എം. മാത്യുവിന്‍റേയും, മറിയാമ്മ മാത്യുവിന്‍റേയും മകള്‍ ഏലിയാമ്മ കോര ചെറിയാന്‍റെ ജീവിത സഖിയാകുന്നു. ഡല്‍ഹി ഓള്‍ ഇന്ത്യാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നേഴ്സായിരുന്നു ഏലിയാമ്മ. 1974-ല്‍ ഏലിയാമ്മ ചെറിയാന്‍ അമേരിക്കയിലേക്ക് പോയി. 1975 ഫെബ്രുവരിയില്‍ കോര ചെറിയാനും അമേരിക്കയിലെ ഫിലഡല്‍ഫിയായിലേക്ക്. അമേരിക്കന്‍ സ്വാതന്ത്യത്തിന്‍റെ ആദ്യമണി മുഴങ്ങിയ ചരിത്രഭൂമിയിലേക്ക്.
പുതിയ ജോലി, പുതിയ ജീവിതം; വ്യത്യസ്തകളുടെ ആഘോഷങ്ങള്‍
എയര്‍ ഇന്ത്യയിലെ ജോലിയില്‍ തുടര്‍ന്നിരുന്നുവെങ്കില്‍ പൈലറ്റ് വരെ ആകുമായിരുന്ന ജോലി. പൈലറ്റ് ജോലിയില്‍നിന്ന് മാറിയാലും മാദ്ധ്യമ പ്രവര്‍ത്തനത്തിന്‍റെ അനന്തസാധ്യതകള്‍ ഉള്ള ഡല്‍ഹി ജീവിതത്തിന് സ്ഥിരമായി അവധി നല്‍കിയാണ് അവസരങ്ങളുടെയും വ്യത്യസ്തതകളുടേയും ലോകമായ അമേരിക്കയിലേക്ക് കോര ചെറിയാന്‍ കടന്നുവരുന്നത്. അമേരിക്കയിലെ ഏതെങ്കിലും വിമാനകമ്പനികളില്‍ ഒരു ജോലിക്ക് ശ്രമിച്ചെങ്കിലും അമേരിക്കന്‍ പൗരനല്ലാത്തതിനാല്‍ വിമാന കമ്പനികളിലെ ജോലി ബാലികേറാമലയായി.
മനുഷ്യന്‍ എപ്പോഴും വ്യത്യസ്തനാകേണ്ട ഒരിടമുണ്ട്. അവനവന്‍റെ ഹൃദയത്തെക്കുറിച്ചുളള ആഴത്തിലുള്ള വിശ്വാസം. അവിടെ ആത്മവിശ്വാസത്തിന്‍റെ ഒരു കോട്ട നിര്‍മ്മിച്ചാല്‍ ഒരു സമുദ്രത്തിനും അത് ഇല്ലാതാക്കുവാന്‍ സാധിക്കുകയില്ല. 1975 മുതല്‍ 1977 വരെ വിവിധ കമ്പനികളില്‍ വിവിധ ജോലികള്‍ ചെയ്തു. അപ്പോഴും ഒരു സ്ഥിര ജോലിയെക്കുറിച്ചുള്ള ചിന്ത അലട്ടിക്കൊണ്ടിരുന്നു എങ്കിലും സാധ്യതകളുടെ അമേരിക്കന്‍ ലോകം വലിയ ആശ്വാസമായിരുന്നു.
മെഡിക്കല്‍ രംഗത്തേക്ക് അപ്രതീക്ഷിതം,
സുരക്ഷിതം

വിവിധ കമ്പനികളില്‍ വിവിധ ജോലികള്‍ ചെയ്ത് മുന്നോട്ടു പോകുമ്പോഴാണ് 1977-ല്‍ ഗൊയ്ഡാഡ് മേഴ്സി കോളജില്‍ റെസ്പിറേറ്ററി തെറാപ്പിസ്റ്റ് പ്രിലിമിനറി കോഴിസിന് ചേരുന്നത്. രണ്ടു വര്‍ഷത്തെ പഠനം. ജീവിതത്തിന്‍റെ മറ്റൊരു വഴിത്തിരിവ്. തുടര്‍ന്ന് സെന്‍റ് ക്രിസ്റ്റഫര്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ ജോലി. 1979 വരെ അവിടെ തുടര്‍ന്നു. 1987-ല്‍ ഫിലാഡല്‍ഫിയ ഹോസ്പിറ്റല്‍ എംപ്ലോയിസ് യൂണിയന്‍ അംഗമായി. ഇക്കാലത്ത് യൂണിയന്‍ വൈസ് പ്രസിഡന്‍റ് ആയിരുന്ന എമാ വുഡ്സിനൊപ്പം പല ആശുപത്രികളും സന്ദര്‍ശിക്കുവാന്‍ അവസരം ലഭിച്ചു. വളരെ വ്യത്യസ്തമായ മനുഷ്യരുടെ ഇടങ്ങളിലേക്കുള്ള ഒരു യാത്ര കൂടിയായിരുന്നു അതെന്ന് കോര ചെറിയാന്‍ സാക്ഷ്യപ്പെടുത്തുന്നു.
1986-ല്‍ ഫിലാഡല്‍ഫിയ ആനമന്‍ ആശുപത്രിയില്‍ ജോലിക്ക് കയറി. ഒരു രണ്ടാം ജോലി എന്ന നിലയില്‍ ഫിലാഡല്‍ഫിയ സിറ്റിലൈന്‍ ഓസ്റ്റിയോപതിക് ആശുപത്രിയില്‍കൂടി ജോലി ചെയ്യുവാന്‍ തുടങ്ങി. എന്നാല്‍ 1994 ആയപ്പോഴേക്കും മുഴുവന്‍ സമയ ജോലിയായി ഓസ്റ്റിയോപതിക് ആശുപത്രിയിലേക്ക് മാറി. ജീവിതത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ഈശ്വരന്‍റെ ദാനമാണെന്ന് വിശ്വസിക്കുന്ന കോര ചെറിയാന് ആശുപത്രി ജീവിതം വലിയ അനുഭവങ്ങളാണ് സമ്മാനിച്ചത്. അതുകൊണ്ടു തന്നെ പുതിയതായി ആശുപത്രി മേഖലയില്‍ ലഭിക്കുന്ന ഒരു അവസരത്തേയും അദ്ദേഹം നഷ്ടപ്പെടുത്തിയിരുന്നില്ല. 
ഫിലാഡല്‍ഫിയ ജഫര്‍സണ്‍ യൂണിവേഴ്സിറ്റിയുടെ ഭാഗമായ സൗത്ത് ഫിലാഡല്‍ഫിയ മെതഡിസ്റ്റ് ഹോസ്പിറ്റലില്‍ പാര്‍ട്ട് ടൈം ജോലികൂടി ചെയ്യുവാന്‍ ലഭിച്ച അവസരത്തേയും അദ്ദേഹം രണ്ടു കൈയും നീട്ടി സ്വീകരിച്ചു. അവിടെ ജോലിയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചപ്പോള്‍ ഓസ്റ്റിയോപതിക് ആശുപത്രിയിലെ ജോലി ഉപേക്ഷിച്ച് മെതഡിസ്റ്റ് ഹോസ്പിറ്റലില്‍ ഫുള്‍ടൈം ജോലിയിലേക്ക് മാറി. 2022 ഒക്ടോബറില്‍ റിട്ടയര്‍ ചെയ്യുന്നതു വരെ അവിടെ തുടര്‍ന്നു.
കോവിഡ് കാലം - റിട്ടയര്‍മെന്‍റ് കാലം
2019-ന്‍റെ അവസാന കാലത്താണ് അമേരിക്കയില്‍ കോവിഡ് വ്യാപകമാകുന്നത്. 2020-ന്‍റെ തുടക്കത്തോടെ കോവിഡ് ലോകമെമ്പാടും വ്യാപകമാകുന്നു. അമേരിക്കയിലും സ്ഥിതി രൂക്ഷമായി. അമേരിക്കയിലെ ആദ്യകാല  കോവിഡ് രോഗികളെ ട്രീറ്റ് ചെയ്യേണ്ട അവസ്ഥയില്‍ കോവിഡ് രോഗ തീവ്രതയെക്കുറിച്ച് ഒരു ധാരണ ഉണ്ടായി. ആദ്യത്തെ കോവിഡ് രോഗിയെ കണ്ട സന്ദര്‍ഭവും വേദനാജനകമായിരുന്നു. ഏത് രോഗത്തിനും നമ്മുടെ പ്രായത്തെ കീഴ്പ്പെടുത്തുവാന്‍ സാധിക്കും. കോവിഡും അങ്ങനെതന്നെ എന്ന തിരിച്ചറിവ് ഉണ്ടായ നിമിഷമായിരുന്നു. അതുകൊണ്ട് 2020 ഡിസംബറില്‍ അവധിയില്‍ പ്രവേശിച്ചു. തുടര്‍ന്ന് 2022 ഒക്ടോബര്‍ റിട്ടയര്‍മെന്‍റ് ജീവിതത്തിലേക്ക്.
ഓര്‍മ്മകളിലെ അമേരിക്കന്‍ ജീവിതം, നന്മകള്‍
ഒരു വ്യക്തിയുടെ ജീവിത ചിത്രം വരയ്ക്കുന്നതിനിടയില്‍ അദ്ദേഹത്തിന്‍റെ നന്മകളുടെ ചിത്രം കൂടി നാം കാണേണ്ടതുണ്ട്. ഒരുപക്ഷെ, നാളെയുടെ കാലങ്ങളില്‍ ജീവിത പ്രയാസങ്ങളില്‍ പെട്ടു ഉഴലുന്നവര്‍ക്ക് വഴികാട്ടിയാകാവുന്ന ചില നിമിഷങ്ങളെക്കൂടി ഓര്‍മ്മിച്ചെടുക്കുകയാണ് കോര ചെറിയാന്‍.
1975-ല്‍ ഫിലാഡല്‍ഫിയായില്‍ മാത്രമല്ല അമേരിക്കന്‍ മണ്ണില്‍ മലയാളി സാന്നിദ്ധ്യം വളരെ കുറവായിരുന്നു.
ആദ്യകാലത്ത് ഫിലാഡല്‍ഫിയായില്‍ എത്തിയ പലര്‍ക്കും വേണ്ട സഹായങ്ങള്‍ നല്‍കാന്‍ കോര ചെറിയാനും കുടുംബവും ഏറെ ശ്രദ്ധിച്ചിരുന്നു. കൂടാതെ നിരവധി കുടുംബങ്ങളെ അമേരിക്കയില്‍ എത്തിക്കുവാനും വന്നവര്‍ക്ക് വേണ്ട സഹായം ചെയ്യുവാനും സാധിച്ചു. പലരെയും സ്പോണ്‍സര്‍ ചെയ്തു. അക്കാലത്ത് എത്തുന്നവര്‍ക്ക് പ്രധാന കടമ്പയായത് ഇംഗ്ലീഷ് ഭാഷ ആയിരുന്നു. അതുകൊണ്ടുതന്നെ മലയാളികള്‍ ചില പെറ്റി കേസുകളില്‍ അകപ്പെടുക സ്ഥിര കാഴ്ചയായിരുന്നു. അവര്‍ക്കൊക്കെ ട്രാന്‍സലേറ്റര്‍ ആയി കോടതിയിലും, പോലീസ് സ്റ്റേഷനിലുമൊക്കെ പോകുന്ന ജോലി കോര ചെറിയാന്‍ സ്വയമായി ഏറ്റെടുത്തു. മറ്റൊരു രാജ്യത്ത് എത്തുന്ന ഏതൊരു വ്യക്തിയുടെയും ജീവിതത്തെ ബാധിക്കുന്ന ഭാഷ എന്ന പ്രശ്നത്തിന് ഒരു നേരിയ പരിഹാരമായി അക്കാലത്ത് മാറാന്‍ സാധിച്ചത് മറ്റൊരു നിയോഗമായി അദ്ദേഹം വിലയിരുത്തുന്നു.
ആദ്ധ്യാത്മികപ്രവര്‍ത്തനങ്ങള്‍
ഒരു വ്യക്തിയുടെ മനസ്സിന്‍റെ ശുദ്ധിയുടെ താക്കോല്‍ അയാളിലെ ആത്മീയതയാണ്. വാകത്താനത്ത് നിന്ന് അമേരിക്കയിലേക്ക് ചേക്കേറി തിരക്കിട്ട ജീവിതത്തിലായപ്പോഴും പള്ളിയും, പ്രാര്‍ത്ഥനയും എപ്പോഴും നടവഴികളില്‍പ്പോലും  കോര ചെറിയാന്‍ ഒപ്പം കൊണ്ടുനടന്നിരുന്നു. മലയാളികള്‍ അക്കാലത്ത് ഇംഗ്ലീഷ് പള്ളികളിലായിരുന്നു ആരാധനയ്ക്കായി  പോയിരുന്നത്. ആ സമയത്ത് ഫിലാഡല്‍ഫിയായില്‍ ഒരു മലയാളം ദേവാലയത്തിന് തുടക്കം കുറിക്കാനുള കോര ചെറിയാന്‍റെ ശ്രമം വിജയിച്ചു. റവ. ഫാ. കെ.എ. മത്തായി എന്ന പുരോഹിതനെ ന്യൂയോര്‍ക്കില്‍ നിന്നും ഫിലാഡല്‍ഫിയായില്‍ കൊണ്ടുവന്ന് മലയാളം സര്‍വ്വീസ് 1976-ല്‍ ആരംഭിച്ചു. ആ സമയത്ത് അമേരിക്കയിലെ രണ്ടാമത്തെ മലയാളം ആരാധന ക്രമമുള്ള സ്ഥലമായിരുന്നു ഫിലാഡല്‍ഫിയ.
നാല്പതോളം മലയാളി കുടുംബങ്ങളെ കൂട്ടിയിണക്കി സുഹൃത്തുക്കളായ  ടി.ഡി. തോമസ്  വി.സി. ജോര്‍ജ്, ടി. തോമസ് എന്നിവരുടെ സഹായത്തോടെ  1980-ല്‍ രണ്ടാമത്തെ പള്ളിയായ സെന്‍റ് മേരീസ് മലങ്കര ഓര്‍ത്തഡോക്സ് പള്ളിക്ക് യശശ്ശരീനായ റവ. എം.ഇ. ഇടിക്കുളയുടെ സഹായത്തോടെ തുടക്കമിട്ടു.
2013-ല്‍ ഫിലാഡല്‍ഫിയായ്ക്ക് സമീപമുള്ള സൊയര്‍ലെസ് ഹില്‍സ് എന്ന സ്ഥലത്ത് സൗത്ത് ന്യൂജേഴ്സി മലയാളി കുടുംബങ്ങളെ ചേര്‍ത്തു നിര്‍ത്തി സെന്‍റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്സ് പള്ളി ആരംഭിച്ചു. ഈ പള്ളി വാങ്ങുന്നതിനുവേണ്ടി ഭൂരിഭാഗം പണവും മുടക്കി ബാങ്ക് ലോണ്‍ ലഭിക്കുന്നതിന് വേണ്ടി കോ സൈന്‍ ചെയ്തതും അദ്ദേഹം തന്നെ ആയിരുന്നു.
ജീവിതത്തിന്‍റെ വഴിത്തിരിവുകളില്‍ നന്മ കാത്തുവയ്ക്കുന്നത് ഈശ്വരനാണെന്ന് തുറന്നു പറയുന്ന അദ്ദേഹം പക്ഷെ, അധികാര സ്ഥാനങ്ങളില്‍ ഭ്രമം കാട്ടിയിരുന്നില്ല. പള്ളിയുമായി ബന്ധപ്പെട്ട് നിരവധി പദവികള്‍ ലഭ്യമായിരുന്നു എങ്കിലും അദ്ദേഹം അതൊന്നും സ്വീകരിച്ചിരുന്നില്ല.
ആധ്യാത്മിക പ്രവര്‍ത്തനങ്ങള്‍
ഒരു വ്യക്തിയുടെ മാനസിക സന്തോഷം എന്നു പറയുന്നത് പ്രവൃത്തികളില്‍ നിന്ന് ലഭിക്കുന്ന നന്മകളാണ്. അതിന് നമ്മെ പ്രാപ്തനാക്കുന്നത് ഈശ്വരനാണ്. ഈശ്വരന്‍റെ സാന്നിദ്ധ്യമാണ് നമ്മുടെയൊക്കെ മനസ്സിന്‍റെ ശക്തി എന്ന് വിശ്വസിക്കുന്ന കോര ചെറിയാന്‍ എക്യുമിനിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമിട്ടു. 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫിലാഡല്‍ഫിയായിലെ വിവിധ ക്രിസ്ത്യന്‍ വിഭാഗങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് സുഹൃത്തുക്കളായ പി.വി. ചെറിയാന്‍, ജോസഫ് മാണി, ചില പുരോഹിതന്മാര്‍ എന്നിവരുടെ സഹായത്തോടെ എക്യുമിനിക്കല്‍ ഫെലോഷിപ്പ് ആരംഭിച്ചു. ചെറുതും വലുതുമായ നിരവധി പദവികള്‍ ഇവിടെയെല്ലാം ഏറ്റെടുത്തു എങ്കിലും ആത്മീയ ശാന്തിക്കായിരുന്നു അദ്ദേഹം മുന്‍തൂക്കം നല്‍കിയത്. സമുദായ ഏകീകരണം, മലയാളികളുടെ ഒത്തു ചേരല്‍, അതുവഴി സാമൂഹ്യ ബന്ധങ്ങള്‍ ഉണ്ടാക്കുക, വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മലയാളികളെ ഒന്നിപ്പിക്കുക, എല്ലാവരുമായി ഒരു സാമൂഹികബന്ധം ഉണ്ടാക്കുക, അതുവഴി ഒരു വലിയ സാംസ്കാരിക ഐക്യത്തിന് മലയാളി സമൂഹത്തെ സജ്ജമാക്കുക എന്നതായിരുന്നു ലക്ഷ്യം. അമേരിക്കന്‍ സംസ്കാരത്തെ ഉള്‍ക്കൊള്ളുകയും ഭാരതീയ സംസ്കാരത്തിന്‍റെ അന്തഃസത്ത ജീവിതത്തിന്‍റെ ഭാഗമാക്കുകയും ചെയ്തു. ഒരു പുതിയ തലമുറ എന്ന ലക്ഷ്യമായിരുന്നു ഈ പ്രവര്‍ത്തനങ്ങളുടെയെല്ലാം ലക്ഷ്യം എന്ന് അദ്ദേഹം പറയുന്നു. അതിന് ഏറ്റവും അഭികാമ്യം ആത്മീയമായി ലഭിക്കുന്ന ഉണര്‍വ്വ് തന്നെയാണന്ന് അദ്ദേഹം ഇപ്പോഴും വിശ്വസിക്കുന്നു.
ഒരു ആത്മഹത്യ വാര്‍ത്തയില്‍ നിന്ന് ജീവകാരുണ്യ പ്രവര്‍ത്തനത്തിലേക്ക്.
1999-ല്‍ കോട്ടയത്ത് ഒരു അമ്മ തന്‍റെ മൂന്ന് മക്കള്‍ക്ക് വിഷം നല്‍കി ആത്മഹത്യാശ്രമം നടത്തിയ വാര്‍ത്ത കോര ചെറിയാനോട് പറയുന്നത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ്. ഗൃഹനാഥന്‍ ഉപേക്ഷിച്ചുപോയ ഒരു കുടുംബത്തിന് ബാങ്ക് ലോണ്‍ അടയ്ക്കാന്‍ നിവൃത്തിയില്ലാതിരുന്ന ഒരു സാഹചര്യത്തില്‍ തന്‍റെ മുന്‍പില്‍ മരണം മാത്രമാണ് ഏകമാര്‍ഗ്ഗം എന്ന് തിരിച്ചറിഞ്ഞ ഒരമ്മ തന്‍റെ പറക്കമുറ്റാത്ത മൂന്ന് പെണ്‍ മക്കള്‍ക്ക് വിഷം നല്‍കി ഒപ്പം മരിക്കാന്‍ തയ്യാറായ നിമിഷം. ജീവിതത്തില്‍ മനുഷ്യന് മാത്രം സംഭവിക്കുന്ന ചില നിമിഷങ്ങള്‍. 
കോട്ടയം മെഡിക്കല്‍ കോളജില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ആ അമ്മയ്ക്കും മക്കള്‍ക്കും അപ്പോള്‍ തന്നെ സഹായവുമായി എത്തിയത് കോര ചെറിയാനായിരുന്നു. എസ്.ബി.ഐ. ബാങ്ക് മാനേജര്‍ ആയിരുന്ന ചെറിയാന്‍ വര്‍ഗ്ഗീസുമായി സംസാരിച്ച് ആ കുടുംബം ബാങ്കിലേക്ക് അടയ്ക്കാനുണ്ടായിരുന്ന മുഴുവന്‍ തുകയും കോര ചെറിയാന്‍ അടയ്ക്കുകയും ആ കുടുംബത്തിന്‍റെ മുഴുവന്‍ ചുമതല ഏറ്റെടുക്കുകയും ചെയ്തു. കുട്ടികളുടെ പഠനം, ചെലവ് എന്നിവയ്ക്കായി ഒരു തുക ബാങ്ക് മുഖേന എത്തിക്കുകയും ചെയ്തു. ആ പെണ്‍കുട്ടികള്‍ ഇന്ന് നേഴ്സായും, ഡിസൈനറായും, ഫുഡ് ടെക്നോളജിസ്റ്റായും ജോലി ചെയ്യുന്നു. അവരുടെ ജീവിതം സുരക്ഷിതമായി വളരുമ്പോള്‍, ഒരുകാലത്ത് സങ്കടംകൊണ്ട് കണ്ണുനിറഞ്ഞ ഒരമ്മ ഇന്ന് സന്തോഷത്തിന്‍റെ കണ്ണുനീര്‍ പൊഴിക്കുമ്പോള്‍ കോര ചെറിയാന്‍റെ ജീവിത വഴിത്താരയിലെ അനര്‍ഘ സുന്ദര നിമിഷമായി ആ നിമിഷങ്ങള്‍ മാറുകയാണ്. 
തുടര്‍ന്ന് നിരവധി കുടുംബങ്ങളിലേക്കും ആ സഹായങ്ങള്‍ തുടരാന്‍ കാരണമായി. ചില സംഭവങ്ങള്‍ നന്മയ്ക്കുള വഴികള്‍ നമുക്കായി തുറക്കുമെന്ന് പറയുന്നത് എത്ര ശരിയാണ്. ഭിന്നശേഷിക്കാരായ ചില ആളുകളുടെ കുടുംബങ്ങള്‍ക്കായി ബാങ്ക് വഴി മാസംതോറും സഹായം എത്തിക്കുന്നു. കൂടാതെ നിരവധി കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായം നല്‍കി ജീവിതത്തിന്‍റെ പുതുവഴികളിലേക്ക് കൈപിടിക്കുകയാണ് കോര ചെറിയാന്‍ എന്ന മനുഷ്യസ്നേഹി.
പത്രപ്രവര്‍ത്തനം, എഴുത്ത്, വായന
ഡല്‍ഹിയില്‍ തുടങ്ങിയ പത്രപ്രവര്‍ത്തനം അമേരിക്കയില്‍ എത്തിയപ്പോള്‍ മുതല്‍ വീണ്ടും സജീവമായത് ജീവിതത്തിരക്കുകള്‍ക്കിടയില്‍ വലിയ ആശ്വാസമായി. കഴിഞ്ഞ ഇരുപത് വര്‍ഷമായി അമേരിക്കയിലെ എല്ലാ മലയാള മാദ്ധ്യമങ്ങളിലും വിവിധ വിഷയങ്ങളെക്കുറിച്ച് കോര ചെറിയാന്‍ എഴുതുന്നുണ്ട്. ഉക്രൈന്‍ റഷ്യ യുദ്ധം വിഷയങ്ങള്‍ സമഗ്രചര്‍ച്ചകള്‍ക്ക് വിധേയമാക്കി നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടു. ആഗോള തലത്തില്‍ മനുഷ്യനെ ബാധിക്കുന്ന വിഷയങ്ങള്‍ക്കാണ് എപ്പോഴും അദ്ദേഹം പ്രാധാന്യം നല്‍കുക. പത്രപ്രവര്‍ത്തനം ഒരു പരിപൂര്‍ണ്ണ സാമൂഹ്യ പ്രവര്‍ത്തനം കൂടിയാണ് എന്ന തിരിച്ചറിവ് എഴുതിത്തുടങ്ങിയ കാലം മുതല്‍ കോര ചെറിയാനുണ്ട്. അതുകൊണ്ട് തന്നെ എഴുതിയ ലേഖനങ്ങളില്‍ ഭൂരിഭാഗവും മലയാളത്തിലെ പ്രശസ്തമായ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. മാതൃഭൂമി, കേരള നാട്, ജനയുഗം വാരിക തുടങ്ങിയ അച്ചടി മാധ്യമങ്ങള്‍ ഓണ്‍ലൈന്‍ പത്രങ്ങള്‍ തുടങ്ങി ഇരുപത്തിയേഴിലധികം മാദ്ധ്യമങ്ങളില്‍ കോര ചെറിയാന്‍ സജീവമാണ്.
എഴുത്ത് ഹൃദയശുദ്ധിയോടെ
ഒരു വ്യക്തിയുടെ ശക്തി അയാളുടെ വാക്കുകളാണ്. എഴുത്ത് എപ്പോഴും ഹൃദയശുദ്ധിയോടെയാവണം എന്നതാണ് കോര ചെറിയാന്‍റെ പക്ഷം. അതുകൊണ്ട് എന്തെഴുതിയാലും സത്യസന്ധമായി എഴുതുവാനും, വിലയിരുത്തുവാനും ശ്രമിക്കും. കാരണം വാക്കുകള്‍ക്ക് സമുഹത്തെ തിരുത്തുവാനും നന്മയിലേക്ക് നയിക്കുവാനും സാധിക്കും. അതുകൊണ്ടാണ് ഹൃദയശുദ്ധിയോടു കൂടി വേണം എഴുത്തിനെ സമീപിക്കണം എന്ന് പറയുന്നത്. തന്‍റെ ലേഖനങ്ങള്‍ വായിച്ച് വിശദമായ അഭിപ്രായങ്ങള്‍ അറിയിക്കുന്ന നിരവധി സുഹൃത്തുക്കള്‍ ഉണ്ട്. എഴുത്തിലെ ശരിയും തെറ്റുമെല്ലാം അവര്‍ വിലയിരുത്തും. അതുകൊണ്ട് ശ്രദ്ധയോടെയാണ് എഴുത്ത്. നല്ല എഴുത്തിന് സമുദ്ധമായ വായനയും ആവശ്യമാണ്. വൈക്കം മുഹമ്മദ് ബഷീര്‍, തകഴി, കേശവദേവ്, എംടി മുതല്‍ പുതുതലമുറയിലെ എഴുത്തുകാരുടെ പുസ്തകങ്ങള്‍ വായിക്കാറുണ്ട്.
ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ ജേര്‍ണലിസം അദ്ധ്യാപകനായിരുന്ന ജനക് ശര്‍മ്മ നല്‍കിയ ഒരു ഉപദേശം കോര ചെറിയാന്‍ ഓര്‍മ്മിക്കുന്നു. 'നാം എഴുതുന്നതിനെ വായിച്ച് വായനക്കാര്‍ നല്‍കുന്ന അഭിപ്രായം, അത് നല്ലതോ ചീത്തയോ ആയിക്കോട്ടെ അവയെ എഴുത്തുകാരന്‍ മാനിക്കണം. അതാണ് എഴുത്തിലെ സത്യസന്ധത'.
ചില ലേഖനങ്ങള്‍ ഒക്കെ എഴുതി പ്രസിദ്ധീകരിക്കുമ്പോള്‍ വായനക്കാരുടെ ഭാഗത്തു നിന്നും വളരെ മോശമായ പ്രതികരണങ്ങള്‍ ഉണ്ടാകാറുണ്ട്. അതിന്‍റേതായ പ്രാധാന്യത്തോടെ അവയെ സ്വീകരിക്കാറുണ്ട്. അപ്പോഴൊക്കെ ജനക് ശര്‍മ്മ എന്ന അദ്ധ്യാപകനെ ഓര്‍മ്മിക്കുമെന്ന് അദ്ദേഹം പറയുന്നു.
നാട്ടില്‍ ഉള്ള കാലം മുതല്‍ക്കേ മിക്കവാറും ദിനപത്രങ്ങള്‍ എല്ലാം വായിക്കുമായിരുന്നു. അമേരിക്കയില്‍ എത്തിയശേഷം ന്യൂയോര്‍ക്ക് ടൈംസ്, ടൈംസ് ഓഫ് ഇന്ത്യ, ഫിലാഡല്‍ഫിയ എന്‍ക്വയര്‍ എന്നീ പത്രങ്ങള്‍ മുപ്പത്തിയഞ്ച് വര്‍ഷമായി സ്ഥിരമായി വായിക്കാറുണ്ട്. കാരണം അക്ഷരങ്ങളുടെ ലോകം എന്നും കോര ചെറിയാന് വലിയ ആശ്വാസമാണ് നല്‍കുന്നത്.
സംഘടനകള്‍ ആവശ്യം
അമേരിക്കയില്‍ എത്തിയിട്ട് കാലങ്ങള്‍ ഏറെയായിട്ടും ഒരു മലയാളി സംഘടനകളിലും അദ്ദേഹം സജീവമല്ല. പക്ഷെ, എല്ലാ മലയാളി സംഘടനകള്‍ക്കും വേണ്ട സഹായ സഹകരണങ്ങള്‍ ചെയ്തുനല്‍കും. അവരുടെ  പ്രോഗ്രാമുകളില്‍ പങ്കെടുക്കും. മലയാളി സംഘടനാ പ്രവര്‍ത്തനങ്ങള്‍ എല്ലാം അമേരിക്കന്‍ മണ്ണില്‍ ആവശ്യമാണ്. മലയാളി ജാതി മത ചിന്തകള്‍ക്ക് അതീതമായി പ്രവര്‍ത്തിക്കുന്നതിന് കാരണം ഇത്തരം സംഘടനകളുടെ  പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ്. മലയാളി സംഘടനകള്‍ കൊണ്ട് ഉണ്ടാകുന്ന സാംസ്കാരിക സമന്വയം പ്രത്യേകം എടുത്തു പറയേണ്ടതാണ്.
യാത്രകള്‍
എഴുത്ത്, വായന, ജോലി എന്നിവ പോലെ തന്നെ കോര ചെറിയാന് യാത്രകളും. യൂറോപ്പ്, ലണ്ടന്‍, മറ്റ് വിദേശ രാജ്യങ്ങള്‍ ഒക്കെ സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയിലെ യാത്രകള്‍ കൂടുതല്‍ സന്തോഷം നല്‍കുന്നു. ഇന്ത്യ മുഴുവന്‍ കണ്ടു തീര്‍ക്കുക എന്നത് ഒരാഗ്രഹമാണ്. കാരണം ഇന്ത്യ വൈവിദ്ധ്യങ്ങളുടെ രാജ്യമാണ്. ഇത്രത്തോളം വൈവിദ്ധ്യമാര്‍ന്ന ജന സമൂഹം ലോകത്ത് വേറെ ഉണ്ടെന്ന് തോന്നുന്നില്ല. അത്രത്തോളം വൈവിദ്ധ്യതയാണ് ഓരോ യാത്രികനും ഇന്ത്യ സമ്മാനിക്കുന്നത്.
കുടുംബം, ശക്തി
ഏതൊരു വ്യക്തിയുടെയും ജീവിതത്തിന്‍റെ വിജയം കുടുംബം നല്‍കുന്ന പിന്തുണയാണ്. കോര ചെറിയാന്‍റെ ജീവിതവും മറിച്ചല്ല. കണ്ണൂര്‍ ഇരിട്ടിയില്‍ നിന്നും ഒപ്പം കൂടിയ ഏലിയാമ്മ ചെറിയാന്‍ (റിട്ട. ആര്‍.എന്‍). മകള്‍ ഡോ. ജൂലി, ഭര്‍ത്താവ്  പ്രിന്‍സ്, മക്കള്‍ മൈക്കിള്‍, ജോഷ്വ, ക്രിസ്റ്റീന, ജെനി (നേഴ്സ്), ഭര്‍ത്താവ് ബെഞ്ചമിന്‍, മക്കള്‍ ഐസയ, ലിയ. ഡോ. ജെസ്റ്റിന്‍ ചെറിയാന്‍, ഭാര്യ ഡോ. ഷീബ. മക്കളും മരുമക്കളും കൊച്ചുമക്കളും അടങ്ങുന്ന കുടുംബം കോര ചെറിയാന്‍റെ സാംസ്കാരിക, സാമുഹ്യ ജീവിതത്തിന്‍റെ ചവിട്ടുപടിയാകുന്നു. ഈ വഴിത്താരയില്‍ അവര്‍ താങ്ങും തണലുമാകുന്നു.
കോര ചെറിയാന്‍ ഒരു മാതൃകയാണ്. ജീവിതത്തിന്‍റെ ഏത് പ്രതിസന്ധി ഘട്ടത്തിലും ആത്മവിശ്വാസത്തോടെ മുന്നേറിയാല്‍ വിജയം നമുക്കു തന്നെയായിരിക്കും എന്ന് പഠിപ്പിക്കുന്ന മാതൃക. ഈ വഴിത്താരയില്‍ അദ്ദേഹം നമുക്കായി പകര്‍ന്നു നല്‍കുന്നതും അതു തന്നെയാണ്.
അത്യാപത്തില്‍ ഒരു കുടുംബത്തിന് എങ്ങനെ തണലാകണമെന്നു മുതല്‍ ജീവിതത്തിന്‍റെ സമസ്ത മേഖലയിലും എങ്ങനെ ഇടപെടലുകള്‍ നടത്തണമെന്നും തന്‍റെ പ്രവര്‍ത്തനത്തിലൂടെ പറഞ്ഞു നല്‍കുന്ന ജീവിത പാഠം.
കോര ചെറിയാന്‍ ഈ യാത്ര തുടരട്ടെ... ഈ വഴിത്താരയില്‍ അദ്ദേഹത്തിന്‍റെ നന്മകള്‍ എന്നും കൂട്ടായിരിക്കട്ടെ. ഹൃദയം നിറഞ്ഞ പ്രാര്‍ത്ഥനകള്‍

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.