VAZHITHARAKAL

പൊതുരംഗത്തെ സൗമ്യ ഭാവം:മാത്യു ചെരുവില്‍

Blog Image
'ഒരു മനുഷ്യന് മറ്റൊരാള്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും മഹത്തായ സമ്മാനം ആ വ്യക്തിയുടെ ജീവിതം ഏറ്റവും നന്മയുള്ളതാക്കുക എന്നതാണ്  .'

ഒരുപാട് മനുഷ്യരെ ഒന്നിച്ചു നിര്‍ത്തുക എന്നുള്ളത് ഏറെ പ്രയാസമുള്ള ഒരു ജോലിയാണ്. കാലില്‍നിന്ന് മണ്ണ് ചോര്‍ന്നൊലിച്ചു പോകുമ്പോഴും ചുറ്റുമുള്ള മനുഷ്യരെ ചേര്‍ത്തുപിടിക്കാനും, അവര്‍ക്കിടയില്‍ ഒരിക്കലും വിഭാഗീയത രൂപപ്പെടാതിരിക്കാനും ശ്രമിക്കാന്‍ കഴിവുണ്ടാകുന്നത് വിരളമാണ്. അങ്ങനെയാണ് യഥാര്‍ത്ഥ നേതാക്കള്‍ രൂപപ്പെടുന്നത്. അത്തരത്തില്‍ ഒരു രൂപപ്പെടലിന്‍റെ കഥയാണിത്.
നന്മകള്‍ രൂപപ്പെടുന്നത് നല്ല ഭൂമിയില്‍ നിന്നാണ്
ചിട്ടയായ ജീവിതവും, ഏതു പ്രതിസന്ധികള്‍ക്കിടയിലും ചിരിച്ചുകൊണ്ട് നില്‍ക്കാനുള്ള കഴിവും ചരിത്രത്തില്‍നിന്ന് ഉള്‍ക്കൊണ്ട മനുഷ്യനാണ് മാത്യു ചെരുവില്‍. അദ്ദേഹത്തിന്‍റെ ജീവിതം തലമുറകള്‍ക്ക് പകര്‍ത്താന്‍ തക്ക ഭംഗിയുള്ളതും ഇഴയടുപ്പമുള്ളതുമാണ്.


കോട്ടയം ജില്ലയിലെ കൂടല്ലൂരില്‍ ചെരുവില്‍ ജോസഫ് - മേരി ദമ്പതികളുടെ പത്തു മക്കളില്‍ അഞ്ചാമനായിട്ടാണ് മാത്യു ജനിച്ചത്. അപ്പന്‍ ജോസഫ് ഒരു കര്‍ഷകനായിരുന്നു. അതുകൊണ്ടുതന്നെ മണ്ണിനോടും മനുഷ്യനോടും എന്തെന്നില്ലാത്ത ഒരു നന്മ അദ്ദേഹത്തിന്‍റെ മക്കള്‍ക്കും ലഭിച്ചിരുന്നു. മാത്യു ചെരുവില്‍ എസ്.എസ്.എല്‍.സിക്ക് പഠിക്കുന്ന സമയത്താണ് കൃഷിക്കാരനായിരുന്ന ജോസഫ് കണ്ണൂരിലേക്ക് കുടിയേറിയത്. പയ്യാവൂരിലെ ചരിത്രം കണ്ട ഏറ്റവും നല്ല കൃഷിക്കാരനായി പിന്നീട്  അദ്ദേഹം മാറി. വിത്തില്‍നിന്ന് രൂപം കൊള്ളുന്നത് നട്ടുനനച്ച് വളര്‍ത്തുന്നവന്‍റെ ഹൃദയം കൂടിയാണെന്ന് ജോസഫ് വിശ്വസിച്ചിരുന്നു. ആ വിശ്വാസം മക്കളിലേക്കും അദ്ദേഹം പകര്‍ന്നു നല്‍കിയിരുന്നു.
മാത്യുവിന്‍റെ ചെറുപ്പകാലം കഷ്ടപ്പാടിന്‍റേതായിരുന്നു. സാമ്പത്തികമായി പരാധീനതകള്‍ ഉണ്ടായിരുന്നതുകൊണ്ട്തന്നെ മാതാപിതാക്കള്‍, സഹോദരങ്ങള്‍ എല്ലാവരും നന്നായി പണിയെടുത്തു. മക്കളെയെല്ലാം പഠിപ്പിക്കാന്‍ ജോസഫിന് വലിയ ആഗ്രഹമായിരുന്നു. കാലത്തിനൊത്ത് തന്‍റെ പരമ്പരകളും മാറണമെന്ന് അദ്ദേഹം അതിയായി ആഗ്രഹിച്ചിരുന്നു. ഒന്നാംക്ലാസ് മുതല്‍ 5 വരെ കൂടല്ലൂര്‍ സെന്‍റ് ജോസഫ് സ്കൂളിലാണ് മാത്യു പഠിച്ചത്. തുടര്‍ന്ന് 5 മുതല്‍ എസ്.എസ്.എല്‍.സി. വരെ  കിടങ്ങൂര്‍ സെന്‍റ് മേരീസ് ഹൈസ്കൂളിലും പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം ക്ലാസിലെ നന്നായി പഠിക്കുന്ന ഒരു കുട്ടിയായിരുന്നു. എന്നാല്‍ എസ്.എസ്.എല്‍.സി കഴിഞ്ഞ് ആറ് മാസത്തി ശേഷം മാത്യു ഇന്ത്യന്‍ എയര്‍ ഫോഴ്സില്‍ ചേര്‍ന്നു. തുടര്‍ന്ന് ഡല്‍ഹിയില്‍ ജോയിന്‍ ചെയ്യുകയും പുതിയ ജീവിതം ആസ്വദിച്ചു തുടങ്ങുകയും ചെയ്തു. തന്‍റെ ജീവിതത്തിലെ ഏറ്റവും നല്ല തീരുമാനമായിരുന്നു ഇന്ത്യന്‍ എയര്‍ഫോഴ്സിലേക്കുള്ള കൂടുമാറ്റം എന്ന് അദ്ദേഹം ഇപ്പോഴും വിശ്വസിക്കുന്നു. ചിട്ടയായ ജീവിതവും ശൈലികളും ആ ജോലി മാത്യുവിനെ പഠിപ്പിച്ചു. ഒരു വരുമാനം ഉണ്ടായെങ്കിലും  തന്‍റെ പഠനം വിടാന്‍ മാത്യു തയ്യാറായില്ല. കറസ്പോണ്ടന്‍റ് കോഴ്സ് വഴി പ്രീഡിഗ്രിയും ഡിഗ്രിയും അദ്ദേഹം കരസ്ഥമാക്കി. ഡിഗ്രി പഞ്ചാബ് യൂണിവേഴ്സിറ്റിയില്‍ നിന്നായിരുന്നു അദ്ദേഹം എടുത്തത്. ഏതാണ്ട് 9 വര്‍ഷം എയര്‍ ഫോഴ്സില്‍ മാത്യു ജോലി ചെയ്തു. 1969-1978 കാലഘട്ടത്തിലായിരുന്നു എയര്‍ ഫോഴ്സില്‍ മാത്യു ഉണ്ടായിരുന്നത്.


ജീവിതത്തിലെ അവിസ്മരണീയമായ രണ്ട് കാലഘട്ടങ്ങള്‍
മാത്യു ചെരുവിലിന്‍റെ ജീവിതം എടുത്താല്‍ അതിനെ രണ്ട് കാലഘട്ടങ്ങളായി നമുക്ക് തരംതിരിക്കാവുന്നതാണ്. ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ ചേരുന്നത് വരെയുള്ള കാലവും അതിന് ശേഷമുള്ള കാലവും. 9 വര്‍ഷത്തെ സേവനത്തിനുശേഷം ഭാരത് പെട്രോളിയത്തിലേക്കാണ് മാത്യു മാറിയത്.  അവിടെ ജോലി ചെയ്തുകൊണ്ട് തന്നെ പൊളിറ്റിക്കല്‍ സയന്‍സില്‍ അദ്ദേഹം മാസ്റ്റേഴ്സ് എടുത്തു. കൂടാതെ ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ഒരുവര്‍ഷ ഡിപ്ലോമയും ആ ജോലിക്കിടയില്‍ അദ്ദേഹം കരസ്ഥമാക്കി. ജോലികള്‍ക്കിടയിലും തന്‍റെ പഠനം അവസാനിപ്പിച്ചില്ല എന്നതാണ് മാത്യുവിന്‍റെ ജീവിതത്തെ ഇത്രയും ഭംഗിയുള്ള ഒരു നിലയിലേക്ക് ഉയര്‍ത്താന്‍ കാരണമായത്. വിദ്യാഭ്യാസമാണ് എപ്പോഴും ഒരു മനുഷ്യന്‍റെ ഏറ്റവും വലിയ സമ്പത്ത് എന്ന തിരിച്ചറിവ് തന്നെയായിരുന്നു അദ്ദേഹത്തെ ഇത്തരത്തില്‍ ഒരു തീരുമാനത്തിലേക്ക് എത്തിച്ചത്. അതുകൊണ്ടുതന്നെ ജീവിതത്തില്‍ എവിടെയും അദ്ദേഹത്തിന് തലതാഴ്ത്തി നില്‍ക്കേണ്ട അവസ്ഥ വന്നിട്ടില്ല. തന്‍റെ ജീവിത ലക്ഷ്യങ്ങളില്‍ ഒരിക്കല്‍ പോലും അദ്ദേഹം കാലിടറി വീണിട്ടില്ല. വിദ്യയുള്ളവന് ചുറ്റും എപ്പോഴും വെളിച്ചം ഉണ്ടാകും, അവനൊരിക്കലും ഇരുട്ടിലേക്ക് കടന്നു പോകില്ല. ആ വെളിച്ചമാണ് മാത്യുവിന്‍റെ ജീവിതത്തില്‍ എല്ലാകാലവും ഉണ്ടായിട്ടുള്ളത്. എയര്‍ ഫോഴ്സില്‍ ഉള്ള സമയത്ത് പഠിക്കാന്‍ പ്രേരിപ്പിച്ച  ജോര്‍ജ്, മാത്യു തുടങ്ങിയ സുഹൃത്തുക്കളും മാത്യുവിന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യമായിരുന്നു.
1980-ലായിരുന്നു അദ്ദേഹത്തിന്‍റെ വിവാഹം. നാട്ടിലുള്ള കസിന്‍റെ സുഹൃത്തായിരുന്ന മേഴ്സിയായിരുന്നു തന്‍റെ ജീവിതപങ്കാളി. കര്‍ത്താവ് എഴുതിവെച്ചതുപോലെ തന്നെ മാത്യുവും മേഴ്സിയും ഒന്നിച്ച് ഒരു പുതിയ ജീവിതം ആരംഭിച്ചു. ഡല്‍ഹിയില്‍ നേഴ്സായി  ജോലിയുള്ള മേഴ്സിയെ പരിചയപ്പെടണം എന്ന് അയല്‍ക്കാരനായ സുഹൃത്ത് പറഞ്ഞിരുന്നു. അന്നത്തെ കാലമല്ലേ. പ്രവാസത്തില്‍ മലയാളികളെ കണ്ടു കിട്ടുക എന്നത് ഒരു ഭാഗ്യമാണ്. അങ്ങനെ പരിചയപ്പെട്ടു. ആ പരിചയം പിന്നീട് വിവാഹത്തിലേക്കും ജീവിതത്തിന്‍റെ മറ്റൊരു ഭംഗിയുള്ള കുന്നിന്‍ ചെരുവിലേക്കും  മാത്യുവിനെ പിടിച്ചു നടത്തി. കരിങ്കുന്നം സ്വദേശിയായ ഏബ്രഹാമിന്‍റേയും മറിയക്കുട്ടിയുടേയും മകളായിരുന്നു മേഴ്സി. ഭംഗിയുള്ള ഒരു ദാമ്പത്യകാലം ആയിരുന്നു അവര്‍ക്കിടയിലേക്ക് കടന്നുവന്നത്. രണ്ടുപേരും പരസ്പരം മനസ്സിലാക്കിയും ബഹുമാനിച്ചും ജീവിതത്തെ മനോഹരമാക്കി മാറ്റി. ഇപ്പോഴും ഒരു പിണക്കവും ഇല്ലാതെ പോകുന്ന പവിത്രമായ ബന്ധം.


അദ്ധ്യാപനത്തോടുള്ള അഭിനിവേശവും അമേരിക്കന്‍ കുടിയേറ്റവും
വിവാഹത്തിനുശേഷമാണ് മാത്യു അമേരിക്കന്‍ മണ്ണില്‍ എത്തുന്നത്. 1983 ജൂലൈയില്‍ മേഴ്സി ഡിട്രോയിറ്റില്‍ എത്തുകയും ഒരു ആശുപത്രിയില്‍ ജോലിക്ക് കയറുകയും ചെയ്തു. തുടര്‍ന്ന് 6 മാസം കഴിഞ്ഞ് മാത്യു ചെരുവിലും അമേരിക്കയില്‍ എത്തി. ഒരു സ്കൂളില്‍ അധ്യാപകന്‍റെ വേക്കന്‍സി കണ്ട് അപ്ലൈ ചെയ്യാന്‍ തീരുമാനിച്ചു. പക്ഷെ ജോയിന്‍ ചെയ്യാന്‍ ചെന്നപ്പോള്‍ ടീച്ചിംഗ് ലൈസന്‍സ് വേണമെന്നായി. ജോയിന്‍ ചെയ്തുകൊണ്ട്  വെയിന്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ടീച്ചിംഗ് ലൈസന്‍സ് എടുത്തു.
ലോകത്തിന്‍റെ ഏതൊരു കോണിലേക്ക് പോയാലും മനസ്സില്‍ എപ്പോഴെങ്കിലും കടന്നു കൂടിയിട്ടുള്ള ചില ഇഷ്ടങ്ങള്‍ ചില കാലഘട്ടങ്ങളില്‍ പുറത്തേക്ക് വരും. അധ്യാപനം തനിക്ക് ഒരുപാട് ഇഷ്ടമുള്ള ജോലി, മനസ്സറിഞ്ഞ് താന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ജോലി, ഒരു നല്ല പുതിയ തലമുറയെ വാര്‍ത്തെടുക്കണം. കുട്ടികളെ നല്ല രീതിയില്‍ വളര്‍ത്താന്‍ ലോകത്തെ സഹായിക്കണം. മാത്യുവിന്‍റെ അധ്യാപന ലക്ഷ്യത്തിന് അങ്ങനെ ഒരുപാട് കാരണങ്ങള്‍ ഉണ്ടായിരുന്നു.
1984-ല്‍ ഡിട്രോയിറ്റ് പബ്ലിക് സ്കൂളില്‍ അദ്ധ്യാപകനായി മാത്യു ജോലി തുടര്‍ന്നു. 14 വര്‍ഷം കുട്ടികളുമൊത്ത് ജീവിതം ചിലവഴിച്ചു. കണക്കും ഇംഗ്ലീഷുമായിരുന്നു മാത്യുവിന്‍റെ വിഷയങ്ങള്‍. അത് കുട്ടികള്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ തന്നെ അദ്ദേഹം ഭംഗിയായി  അവതരിപ്പിച്ചു. എയര്‍ഫോഴ്സില്‍ നിന്നും അധ്യാപകനായത് ശരിക്കും കൗതുകം ഉണര്‍ത്തുന്ന കാര്യമായിരുന്നു. തന്‍റെ ജീവിതത്തില്‍ ആസ്വദിച്ച് ചെയ്ത രണ്ട് ജോലികളായിരുന്നു അധ്യാപനവും രാജ്യ സേവനവും എന്ന് മാത്യു ഇപ്പോഴും ലോകത്തോട് വിളിച്ചു പറയുന്നു.
ഈ കാലഘട്ടത്തിലാണ് അമേരിക്കയില്‍ വെച്ച് പരിചയപ്പെട്ട തോമസ് കര്‍ത്തനാള്‍ എന്ന സുഹൃത്തിന്‍റെ ഒരു വെന്‍ഡിംഗ്  ബിസിനസിനെ കുറിച്ച് മാത്യു അറിയുന്നത്. അതോടൊപ്പം കൂടുന്നോ എന്ന തോമസിന്‍റെ ചോദ്യം കൂടിയായപ്പോള്‍ 1996-ല്‍ മാത്യു ആ ബിസിനസ്സിനൊപ്പം  കൂടി. 14 വര്‍ഷത്തെ അദ്ധ്യാപക വൃത്തി  അവസാനിക്കുകയും അന്നുമുതല്‍ ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയുമായിരുന്നു മാത്യു ചെയ്തത്.


പൊതു പ്രവര്‍ത്തനത്തിലേക്കും, സമൂഹത്തിന്‍റെ മുഖ്യധാരയിലേക്കുമുള്ള യാത്ര
1984 മുതല്‍ ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷനില്‍ തോമസിനൊപ്പം പ്രവര്‍ത്തിച്ച  പരിചയം മാത്യുവിന്‍റെ ജീവിതത്തെ മറ്റൊരു തലത്തിലേക്കാണ് ഉയര്‍ത്തിയത്. സംഘടനാപരമായും, സാമൂഹികപരമായും ഇടപെടാനുള്ള ഒരുവേദി അവിടെ മാത്യുവിന് തുറന്നു കിട്ടി. 1984-ല്‍ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍ മെമ്പറായി മാറിയ മാത്യു 1987-ല്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 4 തവണ ഇതേ സ്ഥാനം തന്നെ വഹിക്കുകയും, 5 തവണ സെക്രട്ടറിയായും വൈസ് പ്രസിഡണ്ടായും പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. 1992-ലാണ് മാത്യു അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയില്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നത്. ചിക്കാഗോ ഫൊക്കാന കണ്‍വന്‍ഷനില്‍ പങ്കെടുത്ത് സംഘടനയില്‍ സജീവമായി. തുടര്‍ന്ന് 1996-ല്‍ ജോ. സെക്രട്ടറിയായും 2002 മുതല്‍ 2004 വരെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. അക്കാലത്ത് ജോര്‍ജ് കോശിയായിരുന്നു ഫോക്കാനയുടെ പ്രസിഡണ്ട്.  2004- 2006 കാലഘട്ടത്തില്‍ ഫോക്കാനയുടെ ട്രസ്റ്റിബോര്‍ഡ് വൈസ് ചെയര്‍മാന്‍ ആയി മാത്യുവിനെ തെരഞ്ഞെടുത്തിരുന്നു.
എന്നാല്‍ 2006 - 2008 ലെ ഫൊക്കാനയുടെ പിളര്‍പ്പ് മാത്യുവിനെ മാനസികമായി ഒരുപാട് തളര്‍ത്തി. ഫൊക്കാന പിളര്‍പ്പില്‍ വലിയ ദുഃഖം മാത്യുവിനുണ്ടായിരുന്നു. എല്ലാവരും ഒരുമിച്ച് നിന്നിരുന്നു എങ്കില്‍ നന്നായിരുന്നുവെന്ന് അദ്ദേഹത്തിന് പലപ്പോഴും തോന്നി. ഒരു കാരണവുമില്ലാത്ത പിളര്‍പ്പായിരുന്നു ഫോക്കാനയുടേത് എന്ന് അദ്ദേഹം വിശ്വസിക്കുന്നു. മനുഷ്യന് പരസ്പര സ്നേഹം മതിയെന്നും മറ്റെല്ലാം അതില്‍നിന്ന് ഉണ്ടാകുന്നതാണെന്നും അദ്ദേഹം പറയുന്നു. ഒരുപാട് തകരാതിരിക്കുവാന്‍  ശ്രമിച്ചെങ്കിലും, ചിലതൊക്കെ ഭൂമിയില്‍ മുന്നേ കൂട്ടി നിശ്ചയിച്ചതിനാല്‍ അതെല്ലാം സംഭവിക്കുകയായിരുന്നു. അങ്ങനെയാണ് പുതിയതായി രൂപംകൊണ്ട ഫോമയിലേക്ക് മാത്യു മാറുന്നത്. അങ്ങനെ ആദ്യത്തെ ഫോമ അഡ്വൈസറി കൗണ്‍സില്‍ ചെയര്‍മാന്‍ ആയി മാത്യുവിനെ  തെരഞ്ഞെടുത്തു. തുടര്‍ന്ന് 2019 മുതല്‍ ജൂഡീഷ്യല്‍ കൗണ്‍സില്‍ ചെയര്‍മാനായി  ഫോമയില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചു വരുന്നു.


കാലംകരുതിവെച്ച നന്മകളെ കണ്ടു മുട്ടുമ്പോള്‍
ഒരു മനുഷ്യന്‍റെ ജീവിതത്തെ രൂപപ്പെടുത്തുന്നതില്‍ ആധ്യാത്മികതയ്ക്ക് വലിയ പങ്കുണ്ട്. ഡിട്രോയിറ്റ് സെന്‍റ് മേരീസ് ക്നാനായ കാത്തലിക് പള്ളിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച മാത്യു ചെരുവില്‍ ഇപ്പോള്‍ പാരിഷ് കൗണ്‍സില്‍ മെമ്പര്‍ ആയും പ്രവര്‍ത്തിക്കുന്നു.
1993-ല്‍ കെ.സി.എസ് അസോസിയേഷന്‍റെ ഫൗണ്ടിംഗ് മെമ്പറായി മാത്യു ചെരുവില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത് സാമുദായിക രംഗത്തും സജീവമാകുവാന്‍ സഹായിച്ചു. ഡിട്രോയിറ്റ് കെ. സി. എസ്. യൂണിറ്റ് ഉണ്ടാക്കി. തുടര്‍ന്ന് ഗഇഇചഅ ജോയിന്‍റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. അക്കാലത്ത് മാത്യു ചെരുവില്‍ 1995-ല്‍ ഗഇഇചഅ-യുടെ പ്രസിഡണ്ടായിരുന്ന ജോസ് കണിയാലിയുമായി നല്ല സൗഹൃദം ഉണ്ടാക്കി. ഈ സൗഹൃദം പിന്നീടുള്ള ഒരുപാട് പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്.
 മാത്യു അമേരിക്കയില്‍ എത്തിയ ശേഷം 1993-ല്‍ ഒരു വോളി ബോള്‍ ടീം ഉണ്ടാക്കി. ഡിട്രോയിറ് ഈഗിള്‍സ് എന്നായിരുന്നു അതിന്‍റെ പേര്. നിരവധി ചെറുപ്പക്കാരെയാണ് ഈ ടീമിലേക്ക് മാത്യുവിന് കൊണ്ടുവരാന്‍ കഴിഞ്ഞത്. ക്രമേണ ഈ സംഘം മലയാളികളുടെ ഒരു കൂട്ടായ്മ കൂടിയായി മാറി. തനിക്കറിയാവുന്ന എല്ലാ ചെറുപ്പക്കാരെയും ഒരുമിച്ച് നിര്‍ത്തി കുടുംബ ബന്ധങ്ങള്‍ ഊട്ടി ഉറപ്പിക്കാനും, ശനി, ഞായര്‍ ദിവസങ്ങളില്‍ കോച്ചിംഗ് നടത്തി ചെറുപ്പക്കാര്‍ തമ്മില്‍ ഒരു ബന്ധം ഉണ്ടാക്കുവാനും മാത്യു ചെരുവിലിനു സാധിച്ചു. അങ്ങനെ അന്തര്‍ദ്ദേശീയ ജിമ്മി ജോര്‍ജ് വോളിബോള്‍ മത്സരം എന്ന വലിയ പ്രസ്ഥാനത്തിലേക്ക് അമേരിക്കയിലെ വിവിധ സ്ഥലങ്ങളിലുള്ള ക്ലബുകളും  യുവാക്കളും വളര്‍ന്നു വന്നു.
അമേരിക്കന്‍ മലയാളികള്‍ക്കിടയിലെ  ഏറ്റവുംവലിയ ഒരു വിനോദമായിരുന്നു ചീട്ടുകളി. 1998-ല്‍ 56 ചീട്ടുകളി സംഘം ഡിട്രോയിറ്റില്‍ തുടങ്ങി. വെറുതെ സമയം കളയാന്‍ വേണ്ടി തുടങ്ങിയ ചീട്ടുകളി പിന്നീട് ടൂര്‍ണമെന്‍റായി വളര്‍ന്നു. 56 ചീട്ടുകളി ഇന്‍റര്‍ നാഷണല്‍ ടൂര്‍ണമെന്‍റുകള്‍ മാത്യുവിന്‍റെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ സംഘടിപ്പിച്ചു. 1998-ല്‍ ചീട്ടുകളി മത്സരം ദേശീയ തലത്തില്‍ വരെ തുടങ്ങി. അന്ന് ആകെ 16 ടീം ഉണ്ടായിരുന്നു മത്സരത്തിന്. ഇന്നിപ്പോള്‍ 80 ടീം വരെയുണ്ട്. ഒരു കളി എന്നതിനുമപ്പുറം വലിയ കൂട്ടായ്മ വളര്‍ത്തുക എന്നതായിരുന്നു അപ്പോഴത്തെ മാത്യുവിന്‍റെ ലക്ഷ്യം. ജീവിതത്തില്‍ എന്തെങ്കിലും എപ്പോഴും ചെയ്ത് കൊണ്ടിരിക്കുക എന്നാണ് മാത്യു ചിന്തിക്കുന്നത്. എപ്പോഴും ആക്ടീവായിരിക്കുക, എപ്പോഴും ബിസിയാവുക ഇതാണ് അദ്ദേഹത്തിന്‍റെ പോളിസി. നോര്‍ത്ത് അമേരിക്കയിലെ ചെറുപ്പക്കാരായ മലയാളികളെ  ഒരു കുടക്കീഴില്‍ അണിനിരത്തുവാന്‍  അമേരിക്ക മുഴുവന്‍ ഉള്ള വോളിബോള്‍ ടീമുകളെ ഉള്‍പ്പെടുത്തി നടത്തുന്ന ഗഢഘചഅ (കേരളാ വോളി ബോള്‍ ലീഗ് ഓഫ് നോര്‍ത്ത് അമേരിക്ക)യുടെ സ്ഥാപകന്‍ കൂടിയാണ് മാത്യു. 5 വര്‍ഷം ഗഢ ഘചഅ-യുടെ ചെയര്‍മാന്‍ സ്ഥാനം ഇദ്ദേഹം അലങ്കരിച്ചിട്ടുണ്ട്. കെ. വി.എല്‍.എന്‍.എയുടെ നേതൃത്വത്തിലാണ് ദേശീയ ജിമ്മി ജോര്‍ജ് വോളി ബോള്‍ മത്സരം നടത്തുക. ഒരുപാട് ഉത്തരവാദിത്തങ്ങള്‍ ഒന്നിച്ചു നിറവേറ്റുക എന്നതാണ് മാത്യുവിന്‍റെ സ്വാഭാവ രീതി.
സൗമ്യതകളില്‍ സാമ്യതകള്‍ ഇല്ലാത്ത മനുഷ്യന്‍
സൗമ്യതയാണ് മാത്യുവിനെ മറ്റു മനുഷ്യരില്‍ നിന്ന് മാറ്റിനിര്‍ത്തുന്ന ഒരേ ഒരു ഘടകം. ഏതു മനുഷ്യരോടും സൗമ്യഭാവത്തില്‍ ഇടപെടാനാണ് അദ്ദേഹത്തിന് ഇഷ്ടം. അതിന് ഒരിക്കലും വലിപ്പച്ചെറുപ്പങ്ങള്‍ അദ്ദേഹം നോക്കാറില്ല. ആ സൗമ്യത തന്നെയായിരിക്കും അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ അദ്ദേഹത്തെ ഏറെ പ്രിയപ്പെട്ട മനുഷ്യനാക്കി മാറ്റാന്‍ കാരണമായതും. എല്ലാവരോടും വളരെ സൗമ്യതയോടെയാണ് അദ്ദേഹം  സംസാരിക്കാറുള്ളത്. ആരോടും ഒരു ദേഷ്യവും സൂക്ഷിക്കില്ല. എന്ത് കാര്യത്തെയും അദ്ദേഹത്തിന് കൃത്യമായി നടത്തിക്കൊണ്ട് പോകാന്‍ കഴിയും. എല്ലാ മനുഷ്യരോടും നല്ല ബന്ധങ്ങളാണ് മാത്യു സൂക്ഷിക്കുന്നത്. ആരെയും ഒന്നുകൊണ്ടും മുഷിപ്പിക്കാറില്ല, അതുകൊണ്ട് തന്നെ ഈ പെരുമാറ്റം അമേരിക്കന്‍ മണ്ണില്‍ മാത്യു ചെരുവിലിനു കൃത്യമായ ഒരു ഐഡന്‍റിറ്റി രൂപപ്പെടുത്തി നല്‍കി. സംഘടനാ രംഗത്തും സൗമ്യത സൂക്ഷിക്കുന്നത് കൊണ്ട് തന്നെ ശത്രുക്കള്‍ ഇല്ല എന്നത് മാത്യുവിന്‍റെ നേട്ടമാണ്.
യാത്രകള്‍, സന്തോഷങ്ങള്‍
യൂറോപ്പ് തുടങ്ങിയ  വിവിധ രാജ്യങ്ങള്‍ മാത്യു സന്ദര്‍ശിച്ചിട്ടുണ്ട്. സഹോദരന്‍ ജര്‍മ്മനിയില്‍ ആയിരുന്നത് കൊണ്ട് തന്നെ അവിടെയ്ക്കും മാത്യു യാത്രകള്‍ നടത്തി. ഇറ്റലി, സ്വിറ്റ്സര്‍ലന്‍ഡ്, ലണ്ടന്‍, മെക്സിക്കോ തുടങ്ങിയ നിരവധി സ്ഥലത്ത് യാത്ര ചെയ്ത മാത്യു ഉടന്‍ പോര്‍ച്ചുഗലിലേക്ക്  ഒരു യാത്ര പോകാനാണ് ഇപ്പോള്‍ പദ്ധതിയിടുന്നത്.
ഇന്ത്യയില്‍ വരുമ്പോഴും വിവിധ സ്ഥലങ്ങളില്‍ കുടുംബത്തോടൊപ്പം യാത്രകള്‍ പോകും. യാത്ര ജീവിതത്തിനു നല്‍കുന്ന സന്തോഷം വലുതാണെന്ന് അദ്ദേഹം പറയുന്നു.
കുടുംബം
കുടുംബം പ്രകൃതിയുടെ മാസ്റ്റര്‍പീസുകളില്‍ ഒന്നാണ്. നമ്മള്‍ എവിടെപോയാലും തിരികെ വരുന്നത് വീട്ടിലേക്കാണ്. അതുപോലെ നമുക്ക് ജീവിതത്തിലെ പരീക്ഷണ ഘട്ടങ്ങളുടെ സമയത്ത് നമ്മളെ താങ്ങിനിര്‍ത്തുന്നത് കുടുംബമാണ്. അതുകൊണ്ട് കുടുംബമാണ് അദ്ദേഹത്തിന് എല്ലാം. മേഴ്സി ഒപ്പം കൂടിയ നാള്‍ മുതല്‍ ജീവിതത്തിനു പുതിയ അര്‍ത്ഥ തലങ്ങള്‍ വന്നു എന്ന് പറയുമ്പോള്‍ ജീവിതത്തിന്‍റെ നന്മകള്‍ക്ക് കാവലിരിക്കുന്ന ഒരു വലിയ കുടുംബനാഥനെ നമുക്ക് കാണാം.
മൂന്നു മക്കളാണ് മാത്യു - മേഴ്സി ദമ്പതികള്‍ക്കുള്ളത്. മൂത്തമകള്‍ ഡിമ്പിള്‍ വാഷിംഗ്ടണ്‍ ഡി.സിയില്‍ നേഴ്സ് ആയി ജോലി ചെയ്യുന്നു. രണ്ടാമത്തെയാള്‍ ഡയാന ബിസിനസ് അഡ്മിനിസ്ടേഷനില്‍ അസി. മാനേജരായി  ജോലി ചെയ്യുന്നു. മകന്‍ ഡേവിഡിന്‍റെ വിവാഹം ജൂണ്‍ 2-നാണ് നടക്കാന്‍ പോകുന്നത്. മരുമക്കളായ മനോജ്, ജെറി എന്നിവര്‍  തന്‍റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഒപ്പമുണ്ട്. കൊച്ചുമക്കളായ സോഫിയ, ആസ്റ്റണ്‍ എന്നിവര്‍ മക്കളെപോലെ തന്നെ മാത്യുവിന്‍റെ ജീവിതത്തിലേ ഏറ്റവും വലിയ പ്രകാശമാണ്. അതെ, പിന്തുണ ആവശ്യമുള്ളപ്പോള്‍ കുടുംബം നിങ്ങളുടെ പുറകില്‍ നില്‍ക്കുന്നവരാണ്; നിങ്ങള്‍ ജീവിത വിജയങ്ങള്‍ ആഘോഷിക്കുമ്പോള്‍ അവര്‍ നിങ്ങളെ ഹൃദയത്തോട് ചേര്‍ത്ത് ആശ്വസിപ്പിക്കുന്നവരാണ്; ഇതാണ് മാത്യു ചെരുവിലിന്‍റെ കുടുംബ നയം.
നമ്മുടെ വീട് എത്ര വലുതാണെന്നത് പ്രശ്നമല്ല; അതില്‍ സ്നേഹം ഉണ്ടായിരിക്കുക എന്നതാണ് പ്രധാനം. ആ സ്നേഹത്തെ സമൂഹത്തിന്‍റെ നന്മകളിലേക്ക് പറിച്ചുനട്ട ഒരു വ്യക്തി.
കഷ്ടപ്പാടില്‍നിന്നും കയറിവന്ന മാത്യു ചെരുവില്‍ ഇന്നിപ്പോള്‍ ലോകത്തെ ഒന്നാം നമ്പര്‍ രാജ്യത്ത് എല്ലാവിധ സന്തോഷങ്ങളോടും നന്മകളോടും കൂടി ജീവിക്കുന്നു. ഈ സൗമ്യതയും നന്മയും എന്നും തുടരട്ടെ. 
പ്രാര്‍ത്ഥനകള്‍ ...


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.